Follow the News Bengaluru channel on WhatsApp

കേരളസമാജത്തിലെ പ്രശ്‌നങ്ങളും ഒരു പോലീസുകാരന്റെ തിരോധാനവും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : നാൽപ്പത്തിമൂന്ന്

ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ കോടിക്കണക്കിന് രൂപ വിലവരുന്ന പ്ലോട്ടും അതിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചില സ്വകാര്യ വ്യക്തികള്‍ സൂത്രത്തില്‍ തട്ടിയെടുത്ത് സാധാരണക്കാരുടെ കൂട്ടായ്മയായ സമാജത്തെ വഴിയാധാരമാക്കിയതിനെക്കുറിച്ച് നടത്തിയ അന്വേഷണവും അതിന്റെ അടിസ്ഥാനത്തില്‍ കേരളശബ്ദത്തിലെഴുതിയ ലേഖനപരമ്പരയും എന്റെ മാധ്യമജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട സംഭവമാണ്. അതുപോലെ നടുവണ്ണൂരിനടുത്ത കോട്ടൂരിലെ ഭാസ്‌കരന്‍ നായര്‍ എന്ന പോലീസുകാരന്റെ ദുരൂഹമായ തിരോധനത്തെക്കുറിച്ചുള്ള അന്വേഷണ പരമ്പരയും.

ബാംഗ്ലൂര്‍ മലയാളികളുടെ മാതൃസംഘടനയാണ് കേരളസമാജം. കുറെ നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് നഗരഹൃദയമായ ഇന്ദിരാനഗറില്‍ സമാജത്തിന് സ്വന്തമായി സ്ഥലവും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടായത്. ബാംഗ്ലൂര്‍ നഗരസഭ സൗജന്യമായി നല്‍കിയ ഭൂമിയില്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരിക്കെ കേരള ഗവണ്മെന്റ് അനുവദിച്ച ധനസഹായത്തോടുകൂടിയാണ് സ്‌കൂള്‍കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. എന്നാല്‍ ചില സ്വകാര്യവ്യക്തികള്‍ കള്ളരേഖകളുണ്ടാക്കി സ്ഥലവും വിദ്യാഭ്യാസസ്ഥാപനങ്ങളും തട്ടിയെടുക്കുകയായിരുന്നു. വര്‍ഷങ്ങളോളം കേസ്സ് നടത്തിയിട്ടും സമാജത്തിന് വിജയിക്കാനായില്ല. സ്വകാര്യവ്യക്തികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി വന്‍ ലാഭമുണ്ടാക്കിയപ്പോള്‍ സമാജം അക്ഷരാര്‍ത്ഥത്തില്‍ തെരുവിലായിരുന്നു. സമാജത്തില്‍ പിളര്‍പ്പുണ്ടാക്കി കോടതിയുടെ സഹായത്തോടെ രണ്ടുതരം വോട്ടര്‍മാരെ സൃഷ്ടിച്ചാണ് അധികാരത്തിന്റെ ഉന്നതങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന വ്യക്തികള്‍ സ്വത്തുക്കളെല്ലാം അവരുടെ വരുതിയിലാക്കിയത്. ആ കൊടുംചതിയ്‌ക്കെതിരെ ഉണ്ടായ ജനകീയസമരങ്ങളും നിയമപോരാട്ടങ്ങളും വിജയിച്ചിരുന്നില്ല .

1998 99കാലയളവ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം സമാജം തുടര്‍ന്നു പോരുമ്പോഴാണ് സമരപരമ്പര്യമുള്ള സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുധാകരന്‍ രാമന്തളി ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്നത്. സമരനേതൃത്വം അദ്ദേഹമേറ്റെടുത്തു. അതോടൊപ്പം നിയമയുദ്ധം തുടരാനും തീരുമാനിച്ചു. നിയമവിദഗ്ദ്ധനും സുപ്രീംകോടതിയിലെ അഭിഭാഷകനുമായ രഞ്ജിത് ശങ്കര്‍, സുധാകരന്‍ രാമന്തളി, സത്യന്‍ പുത്തൂര്‍ പിന്നെ ഞാനും ഉള്‍പ്പെടുന്ന പ്രത്യേക സമിതി രൂപീകരിച്ചു. കോടതികള്‍ക്ക് പുറത്തും വിപുലമായ സ്വാധീനമുള്ള അതിസമര്‍ത്ഥനായ ക്രിമിനല്‍ അഡ്വക്കേറ്റാണ് രഞ്ജിത് ശങ്കര്‍. ലണ്ടനില്‍ നിന്നും ക്രിമിനോളജിയില്‍ ഉപരിപഠനവും പ്രത്യേകപരിശീലനവും നേടിയിട്ടുള്ള ആള്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമാജത്തിന്റെ പഴയരേഖകള്‍ തേടിപ്പിടിക്കാന്‍ ഞങ്ങള്‍ പരിശ്രമമാരംഭിച്ചു. സര്‍ക്കാര്‍ ഓഫിസുകളിലും കോടതിയുടെ കീഴിലുളള സ്ഥാപനങ്ങളിലും പൊലീസിന്റെ ഉന്നതാധികാര സങ്കേതങ്ങളിലുമൊക്കെ രഞ്ജിത് ശങ്കര്‍ക്ക് നല്ല പിടിയുണ്ടായിരുന്നു. സംശയമുള്ള സ്ഥലങ്ങളിലൊക്കെ രഞ്ജിത് സമാജത്തിന്റെ രേഖകള്‍ പരതി. ഇന്ദിരാനഗറിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളസമാജത്തിന്റേതാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. രേഖകളൊക്കെ കണ്ടെടുത്തശേഷം കോടതിയെ സമീപിക്കുകയായിരുന്നു ലക്ഷ്യം. അന്വേഷണത്തോടൊപ്പം കേരളശബ്ദത്തില്‍ കേരളസമാജവും പ്രശ്‌നങ്ങളും എന്ന ലേഖനപരമ്പര ഞാനെഴുതിത്തുടങ്ങുകയും ചെയ്തു. പരമ്പരയുടെ രണ്ടുലക്കം പുറത്തുവന്നപ്പോള്‍ തന്നെ എനിക്കെതിരെ ഭീഷണി ഉയര്‍ന്നു. വക്കീല്‍നോട്ടിസ് വന്നു. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന മുന്നറിയിപ്പുണ്ടായി (രഞ്ജിത് ശങ്കറുടെ നേതൃത്വത്തില്‍ ഞങ്ങള്‍ നടത്തുന്ന രഹസ്യനീക്കങ്ങളെപ്പറ്റി സ്‌കൂള്‍ മാനേജ്‌മെന്റിന് അറിവുണ്ടായിരുന്നില്ല). കേരളശബ്ദം മാനേജിംഗ് എഡിറ്റര്‍ ഡോക്ടര്‍ രാജകൃഷ്ണന് ബാംഗ്ലൂരില്‍ നിന്ന് നിരന്തരം ഫോണ്‍കോളുകള്‍ പോയി. എന്നെ കുറ്റപ്പെടുത്തിയ സ്‌കൂള്‍ പ്രതിനിധികളുടെ ആവശ്യം ഞാന്‍ എഴുതുന്നത് മുഴുവന്‍ കളവാണെന്നും അതിനാല്‍ പരമ്പര ഉടനെ നിര്‍ത്തിവെക്കണമെന്നുമായിരുന്നു. ‘കേരളശബ്ദത്തിന്റെ പ്രധാന ലേഖകരിലൊരാളായ കുമാര്‍ തെറ്റായ കാര്യങ്ങള്‍ എഴുതുന്ന ആളല്ല. കുമാര്‍ എഴുതട്ടെ. അതിനുശേഷം നിങ്ങള്‍ക്ക് പറയാനുള്ളതും കൊടുക്കാം’ഡോക്ടര്‍ അവരോട് പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമസ്ഥതാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ കേരളശബ്ദത്തിലേക്ക് അയച്ചുതന്ന രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതില്‍ പലതും വ്യാജമാണെന്ന് എനിക്ക് മനസിലായി. രേഖകള്‍ വ്യാജമാണെന്ന് തെളിവുകള്‍ സഹിതം ഞാന്‍ അടുത്തലക്കത്തിലെഴുതിയപ്പോള്‍ വിവാദം കടുത്തു.

അതിനിടയിലാണ് ഒരു സുപ്രധാനരേഖ രഞ്ജിത്തും ഞങ്ങളും ബാംഗ്ലൂര്‍ ഡവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ ) ഓഫീസില്‍ നിന്ന് കണ്ടെടുത്തത്. മറ്റൊരു ഫയലില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു ആ സുപ്രധാന രേഖ. (ചില ബിഡിഎ ഉദ്യോഗസ്ഥര്‍ പലവിധത്തിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൈവശപ്പെടുത്തിയവരെ  സഹായിച്ചുപോന്നിരുന്നു). ഇന്ദിരാനഗറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നില്‍ക്കുന്ന സ്ഥലം ബിഡിഎ( അക്കാലത്ത്  സിഐടിബി) കേരളസമാജത്തിന് അനുവദിച്ചതാണെന്ന് തെളിയിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററായിരുന്നു അത്. മറ്റുചില കത്തുകളും അവിടെനിന്ന് ഞങ്ങള്‍ക്ക് കിട്ടി. അലോട്ട്‌മെന്റ് ലെറ്ററും കത്തുകളും ഫയലിലുണ്ടെന്നുള്ള സാക്ഷ്യപത്രം ബിഡിഎ ഓഫീസറില്‍ നിന്ന് രഞ്ജിത് ഒപ്പിട്ടുവാങ്ങി. രേഖകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ കൈപ്പറ്റുകയും ചെയ്തു. അടുത്തലക്കത്തില്‍ അലോട്ട്‌മെന്റ് ലെറ്ററിന്റെയും കത്തുകളുടെയും ഫോട്ടോസ്റ്റാറ്റ് കേരളശബ്ദം പ്രസിദ്ധീകരിച്ചു. ഒറിജിനല്‍ അലോട്ട്‌മെന്റ് ലെറ്റര്‍ കണ്ടെടുത്തത് ഞങ്ങളെ സംബന്ധിച്ചേടത്തോളം വന്‍വിജയമായിരുന്നു. പിന്നീടുളള നിയമപോരാട്ടത്തിന് ആ രേഖകള്‍ പ്രയോജനപ്പെട്ടു. ജനകീയപ്രക്ഷോഭവും തുടരുന്നുണ്ടായിരുന്നു. അധികം വൈകാതെ സ്ഥലവും വിദ്യാഭ്യസ സ്ഥപനങ്ങളും സമാജത്തിന് തിരിച്ചുകിട്ടി. ഏറെ സന്തോഷകരമായ ആ വാര്‍ത്തയും ഞാന്‍ റിപ്പോര്‍ട്ടുചെയ്തു. ലേഖനപരമ്പര പിന്നീട് കേരളസമാജം ഇന്നലെ ഇന്ന് നാളെ എന്നപേരില്‍ പുസ്തകമായി. കേരളസമാജം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ച്  സുഹൃത്തും കേരളശബ്ദത്തിന്റെ സ്ഥിരം വായനക്കാരനുമായിരുന്ന, അന്നത്തെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സാറാണ് അത് പ്രകാശനം ചെയ്തത് …

എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന നടുവണ്ണൂര്‍ കാട്ടൂര്‍ സ്വദേശി നാരായണന്‍ നായരുടെ സഹോദരന്‍ പോലീസുകാരനായ ഭാസ്‌കരന്‍ നായരെ 1982 ലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത്. പോലീസ് കുറേക്കാലം അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടിയില്ല. അനുജനെ കണ്ടെത്താനുളള അന്വേഷണം ത്വരിതപ്പെടുത്താനായി നാരായണന്‍ നായര്‍ നിരന്തരം സര്‍ക്കാര്‍ ഓഫിസുകളിലും പോലീസ് സ്‌റ്റേഷനുകളിലും കയറിയിറങ്ങിക്കൊണ്ടിരുന്നു. അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഭാസ്‌കരന്റെ തിരോധനത്തെപ്പറ്റി വീണ്ടും അന്വേഷിച്ചത്. പക്ഷെ പ്രയോജനമുണ്ടായില്ല. നാരായണന്‍ നായരുടെ ജീവിതലക്ഷ്യം തന്നെ അനുജനെ കണ്ടെത്തുക എന്നതായിരുന്നു. മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കുമെല്ലാം അദ്ദേഹം അപേക്ഷ അയച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരിക്കല്‍ നാരായണന്‍ നായര്‍ എന്നെ കാണാന്‍ വന്നു. 1998 ലായിരുന്നു അത്. അപ്പോഴേക്കും ഭാസ്‌കരനെ കാണാതായിട്ട് പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ഭാസ്‌കരന്റെ തിരോധാനത്തിന് കാരണക്കാര്‍ ആരാണെന്നു നാരായണന്‍ നായര്‍ക്ക് അറിയാം. അതൊക്കെ പോലീസിലറിയിക്കുകയും പോലീസവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവൊന്നും ലഭിച്ചില്ല. നാരായണന്‍നായര്‍ സ്വയം ഒരു കുറ്റാന്വേഷകനാണ്. അദ്ദേഹം രണ്ടുമൂന്നു തവണ എന്നെ കാണുകയും ഭാസ്‌കരന്റെ തിരോധാനത്തെപ്പറ്റി മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തു. രണ്ടു മൂന്നു ഫയലുകളും കൈമാറി. അതൊക്കെ സൂക്ഷ്മമായി പഠിച്ചപ്പോള്‍ ആ സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് എനിക്ക് തോന്നി. ഇത്തരം അന്വേഷണങ്ങള്‍ക്ക് എപ്പോഴും കൂടെവരുന്ന നാട്ടിലെ സുഹൃത്തുക്കളായ ശശാങ്കന്‍,എ.എം. രാഘവന്‍ എന്നിവരും മറ്റുരണ്ടുപേരും എന്റെ കൂടെ കോട്ടൂരേക്ക് വന്നു. ഒരു സിബിഐ സംഘത്തെപ്പോലെയായിരുന്നു ഞങ്ങളുടെ നീക്കം. പ്രതികള്‍ എന്നുസംശയിക്കുന്നവരുടെ വീടുകളിലും ഞങ്ങള്‍ കയറിച്ചെന്നു. ഞങ്ങള്‍ സിബിഐക്കാരോ മറ്റോ ആണെന്നാണ് അവരൊക്കെ ധരിച്ചത്. ആ സംശയം മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചുമില്ല. എന്റെ ചോദ്യം ചെയ്യലും ആ മട്ടിലായിരുന്നു. ഭാസ്‌കരന്റെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു അധ്യാപകനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം കരച്ചിലിന്റെ വക്കിലെത്തി. അത്ര ‘ഭീകര’മായിരുന്നു ഞങ്ങളുടെ പ്രകടനം!. ഒരു പോലീസുകാരന്റെ ദുരൂഹ തിരോധാനം എന്ന തലക്കെട്ടില്‍ കവര്‍സ്‌റ്റോറിയയാണ്  കേരളശബ്ദം ആ പരമ്പര ആരംഭിച്ചത്. കേരളശബ്ദത്തില്‍ വന്നതോടെ ആ സംഭവം ഒരിക്കല്‍ കൂടി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഗവണ്മെന്റ് വീണ്ടും അന്വേഷണത്തിന് ഉത്തരം വിട്ടു.

പ്രതികളിലേക്ക് എത്താന്‍ കഴിയുന്ന ഒട്ടേറെ സൂചനകള്‍ കേരളശബ്ദം പരമ്പരയിലുണ്ടായിരുന്നു. പക്ഷെ പോലീസിന് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ഭാസ്‌കരന്‍നായര്‍ ബംഗളുരുവിലെ ലോഡ്ജില്‍ വെച്ച് ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലെത്തിയാണ് ക്രൈം ബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചത്. നാരായണന്‍ നായര്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേരള ഗവണ്മെന്റ് തീരുമാനിച്ചിരുന്നെങ്കിലും ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ കാരണം ആ തീരുമാനം നടപ്പായില്ല. ഭാസ്‌കരന്‍നായരുടെ  തിരോധാനം ഇപ്പോഴും ദുരൂഹമായിത്തന്നെ തുടരുകയാണ്. ഈ കുറിപ്പെഴുതുമ്പോള്‍, കോട്ടൂരില്‍ വിശ്രമജീവിതം നയിക്കുന്ന നാരായണന്‍നായരെ ഞാന്‍ വിളിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹവുമായി സംസാരിക്കുന്നത്. അസുഖം മൂലം കുറെക്കാലം അദ്ദേഹം കിടപ്പിലായിരുന്നു. ഭാസ്‌കരന്‍ പോലീസിന്റെ തിരോധാനത്തിന് കാരണക്കാരെന്നു നാരായണന്‍ നായര്‍ ചൂണ്ടിക്കാട്ടിയിരുന്ന മൂന്നുപേര്‍ ഇതിനകം മരണമടഞ്ഞു. എന്നിരുന്നാലും കേസ്സ് തെളിയാത്തതില്‍ അദ്ദേഹം നിരാശനാണ്. അനുജന്റെ തിരോധാനം തന്നെയാണ് ഇപ്പോഴും ഈ മുന്‍ വ്യോമസേനാഉദ്യോഗസ്ഥന്റെ മനസുനിറയെ. സിബിഐ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിക്കുന്നുണ്ട്.
(തുടരും)

ജാതകത്താളിലെ ജീവിതമുദ്രകൾ മുൻ അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്തോളൂ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.