Follow News Bengaluru on Google news

ഫിലിം ഫെസ്റ്റുകളും വടക്കുനോക്കിയന്ത്ര വിവാദവും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : നാൽപ്പത്തിയാറ്

ചെറുപ്പത്തില്‍ പതിവായി എല്ലാതരം സിനിമകളും  കാണുമായിരുന്നെങ്കിലും അല്പം മുതിര്‍ന്നപ്പോള്‍ കലാസിനിമകളോടായി താത്പര്യം. ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ ആ താത്പര്യം വര്‍ദ്ധിച്ചു. ദേശീയ അവാര്‍ഡ് നേടിയ സംസ്‌കാരയുടെ സംവിധായകനായ പട്ടാഭിരാമറെഡ്ഢിയുടെ വീട്ടിലെ നിത്യസന്ദര്ശകനായപ്പോള്‍ കന്നഡത്തിലെ ആര്‍ട്ട് സിനിമകളെകുറിച്ചറിയാന്‍ അവസരം ലഭിച്ചു. പട്ടാഭിരാമറെഡിയെ  കാണാന്‍ ലങ്കേഷ്, ഗിരീഷ് കാസറവള്ളി തുടങ്ങിയ സിനിമാക്കാര്‍ അവിടെ പതിവായി വരാറുണ്ടായിരുന്നു. ഡീപ്പ് ഫോക്കസ് എന്ന കനപ്പെട്ട സിനിമാപ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ജോര്‍ജ്കുട്ടിയെ നന്ദനയാണ് പരിചയ പ്പെടുത്തിത്തന്നത്. ഡീപ്പ് ഫോക്കസിലൂടെ ലോകസിനിമയെക്കുറിച്ച് കുറെയേറെ കാര്യങ്ങള്‍ മനസിലാക്കി. അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ പി വി .മോഹനന് ലോകസിനിമയെക്കുറിച്ച് നല്ല അവഗാഹമുണ്ടായിരുന്നു. മോഹനന്‍ ചൊക്കസാന്ദ്ര യിലായിരുന്നു താമസം. ആര്‍ട്ട് സിനിമയ്ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായിരുന്നു സുചിത്ര ഫിലിം സൊസൈറ്റി.

ജയനഗര്‍ കോംപ്ലക്‌സിലെ  തിയേറ്ററില്‍ അവര്‍ ഫിലിം ഫെസ്റ്റുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് അവിടെ പോകും .പല ലോകക്ലാസിക്കുകളും കണ്ടത് അവിടെനിന്നാണ്. ഐന്‍സ്‌റ്റൈന്റെയും തര്‍ക്കോവിസ്‌ക്കിയുടേയുമൊക്കെ സിനിമകള്‍ അതിശയപ്പെടുത്തി. ഇന്ത്യന്‍ മാസ്‌റ്റേഴ്‌സ് ആയ സത്യജിത് റേ, മൃണാള്‍ സെന്‍, ഋത്വിക് ഘട്ടക്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ ചിത്രങ്ങളുടെ ആഴം കണ്ടു. അതിനിടെ നാട്ടില്‍ നിന്നെത്തിയ സുഹൃത്ത് അനന്തന്‍ കല്ലാച്ചിയും മോഹനനും ഞാനും ഒരു ടീമായി ലോകക്ലാസിക്കുകളെക്കുറിച്ച് സംസാരിക്കാനും വിലയിരുത്താനും ആരംഭിച്ചു. ബാംഗ്ലൂരിലെ ജാലഹള്ളി അയ്യപ്പന്‍ ടെംപിള്‍ കമ്മ്യൂണിറ്റി ഹാളില്‍ ഒരാഴ്ച നീണ്ടുനിന്ന മലയാളം ഫിലിം ഫെസ്റ്റ് ഞങ്ങള്‍ സംഘടിപ്പിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്ന മോഹനനാണ് നാട്ടില്‍ നിന്ന് ഫിലിം പ്രിന്റുകള്‍ കൊണ്ടുവന്നത്. ധാരാളം പേര്‍ സിനിമകള്‍ കാണാനെത്തിയിരുന്നു. ടിക്കറ്റ് വച്ചായിരുന്നു പ്രദര്‍ശനം. എന്നിട്ടും ഞങ്ങള്‍ക്ക് നഷ്ടം വന്നു. പ്രൊജക്ടറും നാട്ടില്‍നിന്ന് വാടകയ്ക്ക് എടുത്തതായിരുന്നു.

1992 ല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ബാംഗ്ലൂരില്‍ വന്നപ്പോള്‍ നാനയ്ക്ക് വേണ്ടി കവര്‍ ചെയ്യാന്‍ ഞാന്‍ നിയുക്തനായി. അക്കാലത്ത് കേന്ദ്ര ഗവണ്മെന്റ് സംഘടിപ്പിക്കുന്ന ഒരേയൊരു ഫെസ്റ്റിവല്‍ മാത്രമെ ഉണ്ടായിരുന്നുളളൂ. അതിനാല്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സിനിമാപ്രവര്‍ത്തകരും സിനിമാനിരൂപകന്മാരുമെത്തും. ശരിയ്ക്കും സിനിമോത്സവം തന്നെ. കാവേരി പ്രശ്‌നം മൂലം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് ഫെസ്റ്റിവല്‍ നടന്നത്. എസ്. രമേഷ് ആയിരുന്നു കര്‍ണാടകത്തിലെ സിനിമാമന്ത്രി. കേരളത്തില്‍ നിന്നു ഒ കെ ജോണി ഉള്‍പ്പെടെ പതിനഞ്ചോളം സിനിമാനിരൂപകരെത്തിയിരുന്നു. സംവിധായകരും മറ്റും വേറെയും. ജോണിയുടെയും സംഘത്തിന്റെയും അണ്‍ ഒഫിഷ്യല്‍ ആതിഥേയന്‍ ഞാനായിരുന്നു. അവരെയൊക്കെ പരിചയപ്പെടാനും ഏഴുദിവസം അവരോടൊപ്പം ചെലവഴിക്കാനും കഴിഞ്ഞു. മെജസ്റ്റിക്കിലെ സന്തോഷ് കോംപ്ലെക്‌സിലായിരുന്നു ഫെസ്റ്റ്. ഞാന്‍ പങ്കെടുത്ത ആദ്യ ഫെസ്റ്റായിരുന്നു അത്. ഫിലിംഫെസ്റ്റുകള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയാണ്. സിനിമ കാണലും സിനിമാക്കാരെ പരിചയപ്പെടലും ചര്‍ച്ചയും സൗഹൃദങ്ങളും പ്രണയങ്ങളും അങ്ങനെ ഫിലിംഫെസ്റ്റുകള്‍  അവിസ്മരണീയമാകുന്നു. ഹൈദരബാദ് ഫെസ്റ്റിലും ഞാന്‍ പങ്കെടുത്തിരുന്നു. 2006 മുതല്‍ ആരംഭിച്ച ബാംഗ്ലൂര്‍ ഫെസ്റ്റില്‍ മുടങ്ങാതെ പങ്കെടുക്കാറുണ്ട്. ഇത്തവണ കോവിഡ് മൂലം ഫെസ്റ്റ് നടന്നിട്ടില്ല.

ബാംഗ്ലൂര്‍ ഫെസ്റ്റ് ശരിയ്ക്കും ഉത്സവം തന്നെയാണ്. രണ്ടുനിലകളില്‍ പന്ത്രണ്ടു സ്‌ക്രീനുകളുള്ള പടുകൂറ്റന്‍ മാള്‍ ആയ ഓറിയോണിലാണ് കഴിഞ്ഞ ആറേഴുവര്‍ഷമായി ഫെസ്റ്റ് നടക്കുന്നത്. അഞ്ചുമിനിറ്റുകൊണ്ട് ചെന്നെത്താവുന്ന മെട്രോ ദൂരത്തിലാണ് ആ മാള്‍ എന്നത് എനിക്കേറെ സൗകര്യപ്രദവുമാണ്. വര്‍ഷത്തില്‍ ഒരാഴ്ച ലോകസിനിമയ്ക്കായി മാറ്റിവെക്കുന്ന ഫിലിം ഫെസ്റ്റുകള്‍ ജീവിതത്തിന്റെ ഭാഗമായിട്ട് മൂന്നുപതിറ്റാണ്ടായി. അന്യഥാ സംഘര്‍ഷപൂരിതമാകുന്ന മനസിനെ റിഫ്രഷ് ചെയ്യാനും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനും ഫിലിംഫെസ്റ്റുകള്‍ കുറച്ചൊന്നുമല്ല സഹായകമാവുന്നത്.

നാനയ്ക്കുവേണ്ടി ഷൂട്ടിങ്ങുകള്‍ കവര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് താരങ്ങളെയും സംവിധായകരെയുമൊക്കെ പരിചയപ്പെടാനായത്. ബാംഗ്ലൂര്‍, മൈസൂര്‍, ഹൈദരബാദ് നഗരങ്ങളില്‍ ഷൂട്ടിംഗ് നടക്കുമ്പോഴാണ് പ്രധാനമായും ലൊക്കേഷനുകളില്‍ പോയിരുന്നത്. ലൊക്കേഷനില്‍ രണ്ടോ മൂന്നോ ദിവസം ചിലവഴിക്കും. ചില ലൊക്കേഷനില്‍ ഒന്നിലേറെ തവണ പോകും. താരങ്ങളുടെ പ്രത്യേക അഭിമുഖങ്ങളെടുക്കും.

ബട്ടര്‍ ഫ്‌ളൈ, കാലാപാനി, ഒന്നാമന്‍, കാക്കക്കുയില്‍, പിന്‍ഗാമി, കാസനോവ എന്നിവയാണ് ലൊക്കേഷനില്‍ പോയി കവര്‍ ചെയ്ത പ്രധാന മോഹന്‍ലാല്‍ ചിത്രങ്ങള്‍. ജോണി വാക്കര്‍, സൈന്യം, വേഷം, ശിക്കാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും പാരലല്‍ കോളേജ്, മാഫിയ, സംഘഗാനം (സുരേഷ് ഗോപി ), അറേബ്യ, റെഡ് ഇന്ത്യന്‍സ് (ബാബു ആന്റണി), ഉത്തമന്‍ (ജയറാം)  ഇങ്ങനെ ഒരു നിലാപക്ഷി (കുഞ്ചാക്കോ ബോബന്‍) ചന്ദ്രനുദിക്കുന്ന ദിക്കില്‍(ദിലീപ് ) ഒളിപ്പോര്  (ഫഹദ് ഫാസില്‍) കൂടാതെ ഏതാനും തമിഴ്, കന്നഡ ചിത്രങ്ങളുടെ ഷൂട്ടിങ്ങുകളാണ് കവര്‍ ചെയ്തത്. ബാംഗ്ലൂരിലെ സ്ഥിരതാമസക്കാരായിരുന്ന മോനിഷ, ബാബു ആന്റണി തുടങ്ങിയവരെയാണ് ആദ്യം പരിചയപ്പെട്ടത്. പിന്നീട് സൂപ്പര്‍ താരങ്ങളടക്കമുള്ള അഭിനേതാക്കളും സംവിധായകരും മറ്റ് അണിയറ പ്രവര്‍ത്തകരും പരിചയക്കാരായി. ശ്രീനിവാസന്‍, ലക്ഷ്മി ഗോപാലസ്വാമി, പ്രിയാമണി, സിന്ധുമേനോന്‍, മമത മോഹന്‍ദാസ്, വിനയപ്രസാദ്, നിത്യമേനോന്‍ തുടങ്ങിയവരെ ചില പ്രോഗ്രാമുകളില്‍ വെച്ചാണ് പരിചയപ്പെട്ടത്. ഈയ്യിടെയായി ഷൂട്ടിംഗ് കവര്‍ ചെയ്യുന്നത് കുറവാണെങ്കിലും സിനിമകളെയും സിനിമക്കാരെയും കുറിച്ച് എഴുതാറുണ്ട്.

ഒരു അഭിമുഖത്തിന്റെ കഥ

മുഖ്യധാരയില്‍ നിന്ന് വേറിട്ട് ആര്‍ട്ട് സിനിമകളെടുക്കുന്ന ഏതാനും സംവിധായകരുടെ ഒരു ലോബി കുറെക്കാലം മലയാളത്തിലുണ്ടായിരുന്നു.അവാര്‍ഡ് സിനിമാക്കാര്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അവാര്‍ഡിന് തങ്ങള്‍ മാത്രമാണ് യോഗ്യര്‍ എന്നാണ് അവര്‍ കരുതിയിരുന്നത്. ഇവരുടെ സിനിമകള്‍ പലപ്പോഴും തിയ്യേറ്ററുകളിലെത്തില്ല. എത്തിയാല്‍ തന്നെ പ്രേക്ഷകര്‍ കാണില്ല. ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ളവര്‍ക്കേ തങ്ങളുടെ സിനിമകള്‍ മനസിലാവുകയുള്ളൂ എന്നാണ് അവരൊക്കെ അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരുന്നത്. കാണികള്‍ക്ക് മനസ്സിലാവാത്തതും ഇഷ്ടപ്പെടാത്തതും മാത്രമാണോ നല്ല സിനിമ എന്ന സംശയം എനിക്കു മുമ്പേയുണ്ടായിരുന്നു. സാധാരണജനങ്ങള്‍ക്ക് മനസ്സിലാവുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എത്രയോ സിനിമകളുണ്ടല്ലോ. എന്നാല്‍ ജനങ്ങള്‍ കാണാത്ത സിനിമയ്ക്കാണ് ഓരോ വര്‍ഷവും അവാര്‍ഡുകള്‍ കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ 1989ല്‍ ഈ സമ്പ്രദായത്തിന് ഒരു മാറ്റം സംഭവിച്ചു. വിഖ്യാത സംവിധായകനായ എം.എസ്. സത്യുവായിരുന്നു അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍. അടൂരിന്റെ മതിലുകള്‍, ലെനിന്‍ രാജേന്ദ്രന്റെ വചനം,വി .ആര്‍ .ഗോപിനാഥിന്റെ ഉണ്ണിക്കുട്ടന് ജോലികിട്ടി എന്നീ അവാര്‍ഡ് ചിത്രങ്ങള്‍ മത്സരത്തിനുണ്ട്. അതില്‍ ഏതിനായിരിക്കും അവാര്‍ഡ് എന്ന ചര്‍ച്ചയാണ് ബുദ്ധിജീവി സി

എം. എസ്. സത്യു

നിമാക്കാര്‍ക്കിടയില്‍ നടന്നിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകസിനിമാരംഗത്ത് അറിയപ്പെടുന്ന ഇന്ത്യന്‍ മാസ്‌റ്റേഴ്‌സില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ സിനിമ കണ്ടില്ലെന്നു നടിക്കാന്‍ ഏതു അവാര്‍ഡ് കമ്മിറ്റിയ്ക്ക് സാധിക്കും. അടൂരിന്റെ മതിലുകള്‍ക്ക് തന്നെ അവാര്‍ഡ് എന്ന് സിനിമാനിരൂപകര്‍ പത്രങ്ങളിലെഴുതി. വിശ്വ വിശ്രുതനായ എഴുത്തുകാരന്‍ വൈക്കം മുഹമദ് ബഷീറിന്റ കൃതിയെ അവലംബിച്ചുള്ള സിനിമ എന്ന സവിശേഷതയും മതിലുകള്‍ക്കുണ്ടായിരുന്നു. പക്ഷെ അവാര്‍ഡ് കമ്മിറ്റി ഈ ചിത്രങ്ങളെയൊക്കെ തഴഞ്ഞു. ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രം എന്ന സിനിമയാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്.

ശ്രീനിവാസനോടൊപ്പം

കമ്മിറ്റി പരിഗണിക്കുമെന്ന വിശ്വാസം ശ്രീനിവാസനുണ്ടായിരുന്നില്ലെങ്കിലും പ്രൊഡ്യൂസര്‍ മുന്‍ കൈയെടുത്താണ് അവാര്‍ഡിനയച്ചത്. വടക്കുനോക്കി യന്ത്രത്തിനാണ് അവാര്‍ഡ് എന്ന വാര്‍ത്ത    പുറത്തുവന്നതോടെ ബുദ്ധിജീവികള്‍ ബഹളം വെച്ചു. അതൊരു വിവാദമായി കത്തിപ്പടര്‍ന്നു. സത്യുവിന് സിനിമയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നായിരുന്നു ബുദ്ധിജീവികളുടെ വാദം. സത്യു താമസിച്ചിരുന്ന ഹോട്ടലിന് നേരെ കല്ലേറുണ്ടായി. പത്രപംക്തികളില്‍ വിവാദം കത്തികയറിക്കൊണ്ടിരുന്നു. സത്യു ബാംഗ്ലൂരിലായിരുന്നു താമസം. ഞാന്‍ അദ്ദേഹത്തെപോയി കണ്ട് വിശദമായി സംസാരിച്ചു. അവാര്‍ഡിന്റെ മാനദണ്ഡമെന്താണ്, വടക്കുനോക്കി യന്ത്രത്തിന്റെ സവിശേഷതകളെന്ത്, അടൂരിന്റെ മതിലുകള്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ പോരായ്മയെന്ത് എന്നൊക്കെ അദ്ദേഹം വിശദമായി പറഞ്ഞുതന്നു..’എന്തുകൊണ്ട് വടക്കുനോക്കി യന്ത്രം?’  എന്ന അഭിമുഖ റിപ്പോര്‍ട്ട് നാന പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനും വിവാദത്തിനും ശേഷം സത്യുവിന്റെ ഭാഗത്തുനിന്നുള്ള ആദ്യ വിശദീകരണമായിരുന്നു അത്. അതാകട്ടെ ശ്രദ്ധേയവും കണ്‍വിന്‍സിങ്ങുമായിരുന്നു. സിനിമാക്കാര്‍ക്കിടയില്‍ ആ അഭിമുഖം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു എന്നുമാത്രമല്ല അവാര്‍ഡിനെക്കുറിച്ചുള്ള ഒരു പുനര്‍ചിന്തയ്ക്ക് കാരണമാവുകയും ചെയ്തു. അത്രയേറെ സമഗ്രവും ചിന്തനീയവുമായിരുന്നു സത്യുവിനെ വിശദീകരണം.

അവാര്‍ഡ് വിവാദം കെട്ടടങ്ങാന്‍ അതു കാരണമാവുകയും ചെയ്തു. ഇതിനു രണ്ട് അനുബന്ധങ്ങളുണ്ട്. ആദ്യത്തെ അനുബന്ധം ആദ്യം പറയാം. ഇന്റര്‍വ്യൂ പുറത്തുവന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ എം .ടി.വാസുദേവന്‍ നായര്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരില്‍ വന്നു. പേരു പറഞ്ഞു പരിചയപ്പെട്ടപ്പോള്‍ എം.ടി യില്‍ നിന്നുണ്ടായ അപ്രതീക്ഷിത പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി.’ഓ സത്യുവിനെ ഇന്റര്‍വ്യൂ ചെയ്ത വിദ്വാന്‍ നീയാണല്ലേ’ ഇതായിരുന്നു എംടിയുടെ പ്രതികരണം. ആള്‍ എംടി ആണെന്നോര്‍ക്കണം. അപരിതര്‍ പരിചയപ്പെട്ടാല്‍ അത്ര പെട്ടെന്നൊന്നും അദ്ദേഹം പ്രതികരിക്കില്ല. മുഖത്തെ ഗൗരവം മാറി ചെറുതായൊന്ന് ചിരിച്ചുകിട്ടാന്‍ നന്നേ പ്രയാസപ്പെടണം. എംടി എഴുത്തുകാരന്‍ മാത്രമായിരുന്നില്ല,കേരളമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്ന സിനിമാക്കാരനും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായിരുന്നു. ആ എംടിയാണ് എന്റെ ഇന്റര്‍വ്യൂ വായിച്ചു എന്ന അര്‍ത്ഥത്തില്‍ പ്രതികരിച്ചത്. എംടിയെക്കുറിച്ചും ഒരു പരാമര്‍ശം ആ ഇന്റര്‍വ്യൂയില്‍ ഉണ്ടായിരുന്നു …രണ്ടാമത്തെ അനുബന്ധവും  രസകരമാണ് .വടക്കുനോക്കി യന്ത്രവും അവാര്‍ഡ് വിവാദവുമൊക്കെ കഴിഞ്ഞു പത്തുപന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ശ്രീനിവാസനെ പരിചയപ്പെടുന്നത്. മൂന്നാമത്തേയോ നാലാമത്തെയോ കൂടിക്കാഴ്ചയിലാണ് മറ്റുവിഷയങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ വടക്കുനോക്കി യന്ത്രം കടന്നുവന്നത്. ‘നിങ്ങളായിരുന്നോ ആ ഇന്റര്‍വ്യൂ എടുത്തത്. സംഗതി ഗംഭീരമായിരുന്നു ‘ശ്രീനിവാസന്‍ പറഞ്ഞു. സിനിമയുമായും സിനിമാക്കാരുമായുള്ള ബന്ധം കോവിഡ് കാലത്തും തുടരുന്നുണ്ട്. സത്യുവുമായുള്ള അഭിമുഖവും അതിനു എംടിയില്‍ നിന്നും ശ്രീനിവാസനില്‍ നിന്നും ഉണ്ടായ പ്രതികരണങ്ങളും  മറക്കാനാവില്ല. പ്രായം തൊണ്ണൂറുകഴിഞ്ഞെങ്കിലും യുവാവിന്റെ ചുറുചുറുക്കോടെ സത്യു സാര്‍ പതിവായി ബംഗളുരു ഫിലിം ഫെസ്റ്റിനെത്താറുണ്ട്. കഴിഞ്ഞ വര്‍ഷവും കണ്ടിരുന്നു.

ജാതകത്താളിലെ ജീവിതമുദ്രകൾ മുൻ അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്തോളൂ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.