Follow News Bengaluru on Google news

ജീവിതം സുന്ദരമാക്കാനുള്ള വഴി

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം നാൽപ്പത്തിയഞ്ച്

ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടത്താം എന്നതിനെപ്പറ്റി വളരെ പ്രശസ്തമായ ഒരു സെൻ ബുദ്ധിസ്റ്റ് കഥയുണ്ട്. ‘സന്തോഷവാനായ ഗുരു’ എന്നറിയപ്പെടുന്ന സെൻ പുരോഹിതനെ തേടി വിദൂര ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ വരാറുണ്ടായിരുന്നു. മനോഹരമായ ഒരു ഗ്രാമത്തിൽ അതി മനോഹരമായ ആശ്രമത്തിലായിരുന്നു ഗുരുവിന്റെ താമസം. ആളുകൾക്ക് അവിടെ വന്ന് താമസിക്കാനും ദിവസങ്ങളോളം ശാന്തമായ അന്തരീക്ഷത്തിൽ കഴിയാനുമുള്ള അവസരം ഗുരു നൽകിവന്നു. ദീർഘമേറിയ പ്രഭാഷണങ്ങളല്ല, ലളിതമായ കഥകളും ചിന്താഭാരം നൽകുന്ന ചെറുചോദ്യങ്ങളും അടങ്ങുന്നതായിരുന്നു ഗുരുവിന്റെ സംഭാഷണരീതി.

ഒരിക്കൽ, അതി വിദൂരമായ ഗ്രാമത്തിൽ നിന്നും ഒരാൾ ഗുരുവിനെ തേടിയെത്തി. ജീവിതം ദുഃഖങ്ങൾ മാത്രം നിറഞ്ഞതാണ് എന്നായിരുന്നു അയാളുടെ പരാതി. ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകൾ, പകലും രാത്രിയും നീളുന്ന അധ്വാനത്തിനു ശേഷവും ഉറക്കം ലഭിക്കാത്ത അവസ്ഥ, ആശങ്കകൾ നിറഞ്ഞ ജീവിതനിമിഷങ്ങൾ, എത്ര സൂക്ഷിച്ചു ചിലവിട്ടാലും ഒന്നിനും തികയാതാകുന്ന ധനം, ഭാവിയെപ്പറ്റിയുള്ള അരക്ഷിതാവസ്ഥ അങ്ങനെ തന്റെ മനോവ്യഥകൾ ഒന്നൊന്നായി അയാൾ ഗുരുവിനോട്‌ പങ്കുവച്ചു. “ഈ ദുഖങ്ങളെല്ലാം മറന്ന്, ജീവിതം സന്തോഷത്തിലാക്കാൻ എന്ത് ചെയ്യണം ഗുരോ?” അയാൾ ആരാഞ്ഞു. ഗുരു ഒരു നിമിഷം മൗനത്തിലാഴ്ന്നു.

“തന്റെ അടിത്തട്ടിലെ കാഴ്ചകളെല്ലാം തെളിനീരാൽ കാട്ടിത്തരുന്ന സുന്ദരിയായ പനിനീർ പുഴയിലൂടെയാണ് ഈ ആശ്രമത്തിലേക്ക് താങ്കൾ വന്നത്. നിങ്ങളാ സുന്ദര കാഴ്ചകളെല്ലാം കണ്ടുവോ?” ഗുരു ചോദിച്ചു. “ഇല്ല ഗുരോ, യാത്രയിൽ ആയതിനാൽ എത്രയും വേഗം ഇങ്ങോട്ട് എത്തിച്ചേരണമെന്നുള്ള ചിന്ത മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു”. അയാൾ മറുപടി പറഞ്ഞു.

“മലയോരത്ത് വർണ്ണംപടർത്തി നിൽക്കുന്ന പൂപ്പാടങ്ങളുടെ നിറച്ചാർത്ത് കാണുകയും അവ പൊഴിക്കുന്ന മോഹഗന്ധം ശ്വസിക്കുകയും ചെയ്തുവോ”? ഗുരു വീണ്ടും ചോദിച്ചു. “ഇല്ല ഗുരോ, എന്റെ മനസ് ആശങ്കകളുടെ കൂടാരമായിരുന്നു. കുറേ പൂക്കളുള്ള പാടം എന്നതിൽ കവിഞ്ഞു ഒരാകാംക്ഷയും എനിക്കത് തന്നില്ല”. പതിഞ്ഞ ശബ്ദത്തിൽ അയാളുടെ മറുപടിയെത്തി.

“ഒരായിരം മരങ്ങളുടെ തണുപ്പും ഒരു നൂറു മനുഷ്യരുടെ കഥകളും ചൊല്ലി വൻമലകളെയാകെ തഴുകി കടന്നുവരുന്ന ഇളം കാറ്റുണ്ടിവിടെ. ആ കാറ്റിൽ തണുത്തുറഞ്ഞപ്പോൾ എന്റെ പരിചാരകൻ നൽകിയ ചൂട് ചായയിൽ മനസ്സ് നിറഞ്ഞു ചിരിപൊഴിക്കാൻ നിങ്ങൾക്ക് കഴിഞ്ഞുവോ”? ഗുരു വീണ്ടും ചോദിച്ചു.

“ഇങ്ങനെയുള്ള ചോദ്യങ്ങൾക്കൊണ്ട് എന്നെ പരീക്ഷിക്കാതെ എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച് ജീവിതം സുന്ദരമാക്കാനുള്ള വഴി പറഞ്ഞു നൽകിയാലും ഗുരോ”. അതിഥി അക്ഷമയോടെ മറുപടി നൽകി.

“സന്തോഷം ഇല്ലാതാകുന്ന ജീവിതാനുഭവങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു ജീവിക്കുന്നു എന്നതാണ് താങ്കളുടെ പ്രശ്നം. ആ അനുഭവങ്ങൾക്കിടയിൽ സന്തോഷം പകരുന്ന ഒരായിരം നിമിഷങ്ങൾ നഷ്ടപ്പെടുകയാണ്. ഇനിയെങ്കിലും ജീവിതത്തിലെ ഓരോ നിമിഷത്തെയും ആസ്വദിക്കാനും അവ നൽകുന്ന നല്ലഅനുഭവങ്ങളിൽ സന്തോഷിക്കാനും ശ്രമിക്കൂ. മറ്റ് പ്രശ്നങ്ങൾ നേരിടാനുള്ള മനക്കരുത്ത് അങ്ങനെ ലഭിക്കും”. ഗുരു ഉപദേശിച്ചു.

നമ്മിൽ പലരും പരദേശിയായ അതിഥിയെപ്പോലെ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം സന്തോഷം പൂർണ്ണമായും ഇല്ലാതാകുന്നുവെന്ന പരാതിയുള്ളവരാകും. എന്നാൽ ഒന്ന് ചിന്തിച്ചു നോക്കു ഒരു ദിവസത്തിൽ എപ്പോഴും നമുക്ക് പ്രശ്നങ്ങൾ മാത്രമാണോ ഉണ്ടാകാറുള്ളത് ? 24 മണിക്കൂറും 365 ദിവസങ്ങളിലും ദുരിതങ്ങൾ മാത്രമാണോ ജീവിതം നമുക്ക് സമ്മാനിക്കുന്നത്. ഒരിക്കലുമല്ല. ഈ ലോകത്ത് ആർക്കും തന്നെ നിരന്തരമായി ‘പ്രശ്നങ്ങൾ മാത്രം’ നേരിടേണ്ടി വരുന്ന തരത്തിൽ ഒരു ജീവിതമില്ല. എല്ലാവർക്കും സുഖദുഃഖസമ്മിശ്രമായ ജീവിതമാണ് ലഭിക്കുന്നത്. എന്നാൽ നാം ആശങ്കകളെ മാത്രം തലയിൽ കൊണ്ട് നടക്കുകയും അവർക്കിടയിൽ ലഭിക്കുന്ന നിരവധി നല്ല നിമിഷങ്ങളെ ആസ്വദിക്കാൻ ശ്രമിക്കാതെ വിട്ടു കളയുകയും ചെയ്യുന്നു. നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഈ വിട്ടു കളയലാണ്.

ടെൻഷന്റെ പരകോടി പകരുന്ന ജോലിത്തിരക്കുകൾക്കിടയിലും നമ്മെനോക്കി പുഞ്ചിരിക്കുന്ന നിരവധിപേരില്ലേ ? സൗഹൃദത്തിന്റെ സ്നേഹക്കുരുക്കിൽ നമുക്കായി സമയം കണ്ടെത്തുന്നവരില്ലേ? ഒരു നിമിഷമെടുത്ത് അവർക്കൊരു പുഞ്ചിരി മടക്കി നൽകാനായാൽ എത്ര വലിയ ടെൻഷനിലും അൽപ്പം ആശ്വാസം നമുക്കുണ്ടാകും. ലോൺ, ചിട്ടി, സ്‌കൂട്ടർ കാർ, വീട് എന്നിങ്ങനെ നിരവധി ചിന്തകൾക്കിടയിലും രുചിനിറഞ്ഞൊരു ഉച്ചഭക്ഷണം കഴിക്കാൻ സമയം കണ്ടെത്താൻ കഴിയില്ലേ ? ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള നിർത്താത്ത ഓട്ടത്തിനിടയിലും പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കാൻ കുറച്ചു സമയംകണ്ടെത്താൻ നമുക്ക് കഴിയില്ലേ. അതും സാധ്യമാണ്. അങ്ങനെ ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ നിരവധി അനുഭവങ്ങൾക്കിടയിൽ ആശങ്ക പകരുന്നവ മാത്രമെടുത്ത് ജീവിതം ആകെ സങ്കടത്തിലായിപ്പോയി എന്ന് പരിതപിക്കാതെ അവയ്ക്കിടയിൽ ലഭിക്കുന്ന നല്ല നിമിഷങ്ങളെ കണ്ടെത്താനും അവ ആസ്വദിച്ച് സന്തോഷിക്കാനും ശീലിച്ചാൽ ജീവിതം കൂടുതൽ സന്തോഷങ്ങൾ കൊണ്ട് നമുക്ക് മറുപടി നൽകും. ചെറിയ സന്തോഷങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജം വലിയ പ്രശ്നങ്ങളെ നേരിടാനുള്ള മനശക്തി പ്രദാനം ചെയ്യും. മാത്രമല്ല അവ ഉള്ളിൽ നിറക്കുന്ന ക്രീയാത്മക ചിന്ത നമ്മിൽ നവോന്മേഷം പകരുകയും ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് പരദേശി അതിഥിയെപോലെ ആശങ്കയുടെ മുൾകിരീടമണിയാതെ ജീവിതത്തിലെ കൊച്ചു കൊച്ചു നന്മകളിൽ സന്തോഷിക്കാൻ ശീലിക്കൂ.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.