Follow the News Bengaluru channel on WhatsApp

അമൃത് വർഷവും ഹനുമണ്ണയും ഞങ്ങളും

കഥ 🟡 വല്ലപ്പുഴ ചന്ദ്രശേഖരന്‍

സ്വര്‍ണ്ണഖനി പട്ടണത്തിനു കുറച്ചകലെ രാഗിപ്പപറമ്പുകളും പച്ചക്കറിത്തോട്ടങ്ങളും മാന്തോപ്പുകളുമുള്ള ഒരു ഹള്ളിയില്‍ സ്വാതന്ത്ര്യപ്പുലരിയിലാണ് ഹനുമണ്ണ ജനിച്ചത്.
വിളവുണ്ടാകുമ്പോള്‍ വിലയിടിഞ്ഞും വിലകൂടുമ്പോള്‍ വിളവില്ലാതെയും പ്രാരാബ്ദങ്ങളുടെ തുടര്‍വിത്തിറക്കുന്ന പരമ്പരകളില്‍ തിമ്മരായപ്പ ഗൌഡരുടെയും കെഞ്ചമ്മയുടെയും ഇളയമകനാണ് ഹനുമന്തപ്പ ഗൌഡ, ഞങ്ങള്‍ ബഹുമാനപൂര്‍വ്വം വിളിക്കുന്ന ഹനുമണ്ണ.

ചെറുപ്പത്തില്‍ ഗ്രഹണിയും സ്ഥിരം ആസ്തമയും പിന്നെ ഹൃദ്രോഗവും ഇപ്പോള്‍ കോറോണ ബമ്പറും അടിച്ചിട്ടുണ്ട്. ഓം ശ്രീ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ മുതലാളി പണ്ണീര്‍ലാല്‍ ഭോജന്‍ലാല്‍ എന്ന സേട്ടുജിയ്ക്കു കൊടുത്ത് തീര്‍ക്കാനാകാതെ കൂട്ടിപ്പെരുക്കിയ കടസമ്പാദ്യങ്ങളുണ്ട്. ബോണസ്സായി എഴുപത്തിയഞ്ചിന്റെ അവശതകളും.

കരാര്‍ പൗരകാര്‍മ്മികരുടെ (1 ) സമരത്തില്‍ വീര്‍പ്പുമുട്ടിയ മാന്‍ഹോള്‍ കവര്‍ ചീറ്റിത്തെറുപ്പിക്കുന്ന അഴുക്കുവെള്ളത്തിലൂടെ നടന്നുപോകുന്നവരുടെ ശാപവാക്കുകളും ശ്രദ്ധിച്ച് വീടിനു മുമ്പിലിട്ട പ്ലാസ്റ്റിക് കസേരയിരിക്കുകയാണ് ഹനുമണ്ണ. മാനേജരുടേയും മകന്റേയും ഭീഷണി പോരാതെ, സേട്ടുജി തന്നെ അന്ത്യശാസനത്തിനെത്തുമെന്ന ഭീതിയും ആകുലതകളുമായാണ് ഹനുമണ്ണയുടെ വേവലാതിപൂണ്ട ഈ ഇരുപ്പ്. ഹനുമണ്ണയ്ക്കു
സംഭവിക്കുന്നത് ഞങ്ങളെയും ബാധിക്കുമെന്ന വ്യാകുലതകള്‍ ഞങ്ങള്‍ക്കുമുണ്ട്.

ഒരു ദിവസംപോലും പിരിഞ്ഞിരിക്കാത്ത തന്റെ ഗൗരിയെ കൊറോണ കൊണ്ടുപോയതോടെയാണ് ഹനുമണ്ണ ഇത്തരത്തിലായതെന്നു ഞങ്ങള്‍ക്കറിയാം. ഓക്‌സിജന്‍ ലഭിക്കാതെ കൂട്ടമരണവാര്‍ത്തകളറിഞ്ഞവര്‍ ഉറ്റവര്‍ക്ക് കിടക്കകള്‍ക്കും സിലിണ്ടറുകള്‍ക്കും നെട്ടോട്ടമോടുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ തിരക്കിലേക്കാണ് ശ്വസിക്കുവാന്‍ ബുദ്ധിമുട്ടുതുടങ്ങിയ ഹനുമണ്ണയും ഗൗരമ്മയേയുമായി ഞങ്ങളെത്തിയത്.

കാത്തുനിന്നാല്‍ എന്തും സംഭവിക്കാമെന്ന ഭീതിയിലായിരുന്നു മദീനാ ഹോട്ടലിലെ റഹിം
തരപ്പെടുത്തിയ കാറില്‍ കോവിഡ് മരണഭീതിതരോടൊപ്പം മറ്റ് ആശുപത്രികളിലേക്കുള്ള പലായനത്തില്‍ ഞങ്ങളും ചേര്‍ന്നത്. കൊറോണ അത്യാസന്നവേളയിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി
ആതുരസേവനങ്ങള്‍ വിറ്റുകൊണ്ടിരുന്ന സ്വകാര്യ ആശുപത്രിളൊന്നില്‍ തിരക്കിനനുസരിച്ചുയരുന്ന പ്രീമിയം റേറ്റിനാണ് കിടക്കകള്‍ ലഭ്ച്ചത്.

കോവിഡുമായുള്ള മല്‍പ്പിടുത്തത്തോട് തോറ്റ് ഗൗരമ്മ പോയി. ജീവന്‍ തിരിച്ചു ലഭിച്ച ഹനുമണ്ണ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ഗല്ലിയിലും ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ നെടുവീപ്പുകളിലൂടെ മൂകനായി തിരിച്ചെത്തിയാതോടെ ആശുപത്രി ചിലവുകള്‍ക്കായി ഈടിന്റെ പുറത്ത് സേട്ടുജി വീണ്ടും നല്‍കിയ ‘സഹായത്തിന്റെ’വിശ്വസിക്കാനാകാത്ത കണക്കുകള്‍ ഹനുമണ്ണയറിഞ്ഞു.

തമ്മന്തീരെ (2) ഗൌരിയോടൊപ്പം കൊറോണ എന്നെയുംകൊണ്ടുപോയില്ലല്ലോ. എന്തുവന്നാലും ഈ വീടും സ്ഥലവും കൈവിടരുതെന്ന അപ്പയുടെ ഉപദേശം എന്റെ ഗൗരി എപ്പോഴും
ഓര്‍മ്മിപ്പിച്ചു. ആധാരവും ഈടുവെച്ചതറിഞ്ഞ് അവള്‍ സങ്കടപ്പെട്ടപ്പോള്‍ നമ്മുടെ വീട്, എന്റെ ജോലി, മാസാമാസം കിട്ടുന്ന വാടകയൊക്കെ ധാരാളമല്ലേ ഗൗരീ സേട്ടുവിന്റെ കടം തീര്‍ക്കാന്‍?
ശേഷം നിന്നെ ഞാനീ ഗല്ലിയിലെ റാണിയാക്കുമെന്ന് ഞാനവളെ ആവേശത്തോടെ സമാധാനിപ്പിച്ചു. ഇനി….? ഹനുമണ്ണയ്ക്കു താങ്ങാനായില്ല.

സേട്ടുജിയുടെ വരവ് ഹനുമണ്ണയ്ക്കു മാത്രമല്ല വാടകക്കാരായ ഞങ്ങള്‍ക്കും ഇനി നല്ല ദിനങ്ങളാകില്ല. ഉത്തരപ്രദേശത്തില്‍ റജിസ്ടര്‍ ഓഫീസും അഹമ്മദാബാദില്‍ ഹെഡ്ഡാഫീസും
ഡല്‍ഹിയില്‍ അഡ്മിനിസ്‌റ്റ്രേറ്റു ഓഫീസും എല്ലാ സംസ്ഥാനങ്ങളിലും
ബ്രാഞ്ചുകളുള്ള ലോജിസ്റ്റിക് കമ്പനിലെ അദ്ധ്വാനമില്ലാത്ത ബുക്കിംഗ്, ഡെലിവറി ക്ലാര്‍ക്കുമാരായി സ്വന്തം നാട്ടില്‍ നിന്ന് ദൈവം കനിഞ്ഞനുഗ്രഹിച്ചെത്തിയവരാണ് ഞങ്ങള്‍.

പരിമിത പ്രകാശമനുവധിക്കുന്ന ഗൊഡൌണില്‍ സേവനവര്‍ഷങ്ങളുടെ രോദനങ്ങളുയര്‍ത്തുന്ന കസേരമേശകളും കടലാസൂകൂമ്പാരങ്ങളും കയറ്റിറക്കു ശബ്ദകോലാഹലങ്ങളുമായി അവസാനത്തെ ലോറിയും പോയ്ക്കഴിയുംവരെയുള്ള ജോലിയും ആസ്ഥാനനഗരത്തിലെ വേതനത്തോട് നാടുമുഴുവന്‍ അളക്കാനാകുന്ന കമ്പനിയുടെ ശമ്പളക്കോല്‍ അംഗീകരിച്ചവരുമാണ് ഞങ്ങള്‍.

കുറഞ്ഞവാടകയ്ക്കായുള്ള വീടന്വേഷണമാണ് തിരക്കേറിയ കോളനിയില്‍ ഒരു ഗല്ലിയിയുടെ ഗതിതടഞ്ഞു നില്ക്കുന്ന, പണിതീര്‍ന്നു ചായം പൂശിക്കൊണ്ടിരുന്ന ഹനുമണ്ണയുടെ ഫ്‌ലാറ്റിലെ ഒഴിഞ്ഞു പോകാത്ത വാടകക്കാരായി ഞങ്ങള്‍ മാറുകയായിരുന്നു. പിന്നീട് ഞങ്ങള്‍1 BHK
ഹനുമണ്ണമാന്‍ഷന്‍ എന്ന് പേരിട്ടു. പച്ചക്കറി മാംസം സ്വര്‍ണ്ണം തകരപ്പാട്ട തുടങ്ങി എല്ലാ
കിണ്ടാമണ്ടികളുടെയും മൊത്ത – ചില്ലറ വില്‍പ്പന വ്യാപാരങ്ങളും വെളിച്ചമിരുട്ടാക്കിയ ഇടുങ്ങിയ ബാറുകളും അല്‍പ്പസമയാവശ്യങ്ങള്‍ക്കുള്ള കൊച്ചു ലോഡ്ജുകളുമായ നഗര രാത്രികള്‍ക്ക് ളെ നിദ്ര നല്‍കാത്ത പ്രദേശത്തിനടുത്താണ് ഞങ്ങളുടെ കോളനി.
വാടക സേട്ടൂജിയെ ഏല്‍പ്പിക്കാനുള്ളതാണെന്ന് പറഞ്ഞപ്പോഴാണ് ഹനുമണ്ണമാന്‍ഷന്‍ ഉയര്‍ന്നന്നുവന്ന ചരിത്രവും ഹനുമണ്ണയുടെ മുഷിഞ്ഞ ജീവിതപ്പേജുകളും ഞങ്ങള്‍ വായിക്കുന്നത്.

ഏഴാം ക്ലാസുകടക്കാനാകാതെ അപ്പയുടെ സഹായിയായി. കാളവണ്ടിയില്‍ ചരക്കിനു മുകളില്‍ പേട്ട (3) യിലെ നിലക്കാത്ത ജനപ്രവാഹവും പ്രഭാപൂരമായ നഗരനിരത്തുകളും മദീനാഹോട്ടലില്‍ അപ്പ വാങ്ങിച്ചു തന്നിരുന്ന അതിരുചിയുള്ള ബിരിയാണിയും മറ്റുപല അത്ഭുതങ്ങളുടേയും കൌമാര തിളക്കങ്ങള്‍ക്ക് യുവത്വത്തില്‍ നിറം മങ്ങി. വിയര്‍പ്പില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ കിട്ടിയ വിലക്കുവിറ്റുപോന്നിരുന്ന അപ്പയുടെയും കൂട്ടുകാരുടെയും ദയനീയമാര്‍ന്ന മുഖങ്ങളും ദരിദ്രജീവിതങ്ങളുമാണ് പേട്ടയില്‍ എന്തെങ്കിലും ചെയ്ത് ജീവിക്കാം എന്ന തീരുമാനത്തില്‍ ഹനുമണ്ണ എത്തിയത്.

ഗൗരവമ്മ ജീവിതസഖിയായി. മകള്‍ സീതമ്മ നടന്നുതുടങ്ങി. നഗരത്തിലേക്ക് തന്നെ പറിച്ചുനടുന്ന വിവരം അതുവരെ കാത്തുനിന്ന ഹനുമണ്ണ അപ്പയോടു പറഞ്ഞു.
‘നമ്മള്‍ ഹള്ളിക്കാര്‍ക്ക് പേട്ടെ ചരക്കുവിറ്റുപോരാനുള്ള താല്ക്കാലിക
താവളമാണ്. ജീവിതം ദുരിതമായിരിക്കും. സഹായത്തിനാരുമുണ്ടാകില്ല. നീ എന്തു ചെയ്യും”?

ഊരുജാത്ര (4)ക്കു മാത്രം പുറത്തിറങ്ങിയിട്ടുള്ള ഗൗരമ്മയും സീതുവിനേയും നീ കഷ്ടപ്പെടുത്തും ‘ തിമ്മരായപ്പ ആവുന്നതും തടയാന്‍ ശ്രമിച്ചു.”പേട്ടയിലുള്ള അപ്പയുടെ പഴയ വീടു മാത്രം മതി. പച്ചക്കറി ലേലംചെയ്യുന്ന ഏജന്റിന്റെ കൂടെ പണിക്കു പോകും” പോകുമെന്നുറപ്പിച്ച ഹനുമണ്ണ അപ്പയുടെ ആശങ്കകള്‍ക്കെല്ലാം വഴികണ്ടെത്തിയിരുന്നു. നനഞ്ഞൊലിക്കുന്ന വീട്ടിലെ തുടര്‍ന്നുള്ള ദുരിതജീവിതം സഹിക്കാനാവാതെ താനും മക്കളും ഹള്ളിയിലേക്ക് തന്നെ
തിരിച്ചുപോകുമെന്ന് ഗൗരമ്മ വാശിപിടിച്ചതോടെ താമസത്തിനും വാടകയ്ക്കുമായി ചെറിയൊരു വീടുപണിയാനും അതിനുള്ള വഴികളുമൊക്കെ ബഷീര്‍ഖാൻ ഉപദേശിക്കുകയായിരുന്നു.

പാണ്‍ബ്രോക്കര്‍ ബോര്‍ഡുവെച്ച ഹുണ്ടികക്കടയും അതിനോടുചേര്‍ന്ന വീട്ടിലായിരുന്നു യുവാവായ സേട്ടുജിയും പിതാജിയുമൊക്കെ വലിയ കുടുംബമായി താമസിച്ചിരുന്നത്.
കൃഷിയിടത്തിന്റെ ഒരു കഷണം വിറ്റു അപ്പ സമ്മാനിച്ച സ്വര്‍ണ്ണനിമിഷങ്ങള്‍ ഓര്‍ത്ത് ഗൗരമ്മ സശ്രദ്ധം പൊതിഞ്ഞു നല്‍കിയ മൂക്കുത്തിയും കമ്മലും മാലയും കുഞ്ഞുത്രാസുവഴി സേട്ടുജിയുടെ പണയപ്പെട്ടില്‍ എത്തിയതോടെ പണയപ്പരിശീലനം വിജമായി. തറപ്പണി
കഴിഞ്ഞ വീട് അന്ധംവിട്ടുനിന്നപ്പോള്‍ രാജസ്ഥാന്‍ ശില്‍പ്പചാതുരിയിലുള്ള
സമ്പൂര്‍ണ്ണ സുരക്ഷിതപ്പെട്ടിയിലേക്ക് വീടിന്റെ ആധാരവും ചേര്‍ത്തി സേട്ടുജി
പൂട്ടിവെച്ചു.

ഞങ്ങളുടെ തുച്ഛമായ വാടക, പലിശയ്ക്കുപോലും തികയുന്നില്ലെന്ന സേട്ടുജിയുടെ കര്‍ശനമായ മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുമ്പോളാണ് മകള്‍ സീതമ്മയുടെ മധുവെ (5). വരദക്ഷിണ മണ്ഡപം ‘ഒടവെ ‘(6) സീരെ(7) ഹള്ളി ബന്ധുക്കള്‍ക്ക് തുണിമണി സല്‍ക്കാരം.

സേട്ടുജിയ്ക്കു മുമ്പില്‍ കുനിഞ്ഞുനിന്നപ്പോള്‍ ഭൂമിയുടെ നടപ്പുവിലയുടെ മര്‍മ്മമറിയുന്ന സേട്ടുജി ഹനുമണ്ണയെ സഹായിക്കാമെന്നു സമ്മതിച്ചു.

സ്വര്‍ണ്ണഖനിപട്ടണത്തില്‍ നിന്നാണ് സീതമ്മയുടെ ഭര്‍ത്താവ്. ടാക്‌സി ഡ്രൈവര്‍. പുതിയൊരു കാര്‍ വേണം. അടവുകള്‍ അയാള്‍
തീര്‍ക്കുമെന്നുറപ്പ്. മകളുടെ സുഭദ്ര ജീവിതമല്ലേ വലുത്. സേട്ടുജിയുടെ വാഹന്‍ ഫൈനാന്‍സില്‍ നിന്ന് കാര്‍ എത്തി. ബാധ്യത മറന്നവനും അലസനുമായിരുന്ന അയാള്‍ അടവുകള്‍ മുട്ടിച്ചു. കാറ് സേട്ടുജി പിടിച്ചെടുത്തു. ഹനുമണ്ണയുടെ കണക്കുകള്‍ അപ്പോഴും തെറ്റി. സ്ത്രീധനം പോര. സമ്മര്‍ദ്ദം ഭീഷണി ശകാരം. മര്‍ദ്ധനവും തുടങ്ങിയപ്പോള്‍ ഞങ്ങളോടാണ് സീതമ്മ പറഞ്ഞത്.
”അങ്കിളുമാരുടെ ഒരു വീടിന്റെ വാടക വേണമെന്നാണ് പറയുന്നത്. അപ്പയെ പറഞ്ഞു സമ്മതിപ്പിക്കണം.”

സീതു അപ്പവരും അമ്മവരും എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് ഇല്ലെങ്കിൽ അയാളെന്നേയും കുഞ്ഞിനേയും ഇറക്കിവിട്ടാലോ? എന്നെ കൊന്നാലോ? എന്ന സീതമ്മയുടെ മറുചോദ്യം വന്നപ്പോൾ അതിനും സമ്മതിച്ചു.

എല്ലാമാസവും ജാഫറുടെ വാടക കൃത്യമായി എത്തിച്ചതോടെ നല്‍കിയിരുന്ന സേട്ടുജി പലിശ നിലച്ചു. ആസ്തമകൂടിയപ്പോള്‍ അതികാലത്തെ ലേലംവിളിപ്പണിയും സ്ഥിരവരുമാനവും നിന്നു.
വീട്, വിവാഹം, കാറ്, കൊറോണക്കടങ്ങള്‍ എത്രയാണെന്ന് ഹനുമണ്ണ മറന്നു. ഗൗരമ്മയും അവര്‍ സൂക്ഷിച്ചിരുന്ന മുഷിഞ്ഞു മടങ്ങിയ കുഞ്ഞുപുസ്തകവും നഷ്ടമായി. കൂടുതല്‍ വാടക ഹനുമണ്ണ ആവശ്യപ്പെടാറില്ലെങ്കിലും എപ്പോഴെങ്കിലും വര്‍ദ്ധിപ്പിക്കുവാനുള്ള വരുമാനം മാത്രമാണ് ലോറിക്കമ്പനിയില്‍ നിന്നു ഞങ്ങള്‍ക്കുള്ളത്. സര്‍ക്കാര്‍ കോളേജില്‍ പഠിച്ചിറങ്ങിയ മക്കള്‍ക്ക്
സ്വകാര്യ കമ്പനികളില്‍ നിന്നും ശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ ഹനുമണ്ണയെ സഹായിക്കുവാനായെങ്കിലും സേട്ടു പലിശസമുദ്രത്തിലേക്ക് അതെല്ലാം ഏതാനും തുള്ളികളാണ്. വരുമാനം നിലക്കുന്ന വിശ്രത്തിലേക്ക് പോകുവാന്‍ കമ്പനി പറഞ്ഞു കഴിഞ്ഞു. സ്വന്തം വീടെന്ന സ്വപ്നം മക്കളിലേക്ക് ഞങ്ങള്‍ കൈമാറുകയാണ്.

എപ്പോഴെങ്കിലും വന്നന്വേഷിച്ചു പോകുന്ന സീതമ്മയ്ക്ക് ഹനുമണ്ണയോടൊപ്പം താമസിച്ചു ശുശ്രൂഷിക്കുവാന്‍ ഭര്‍ത്താവിന്റെ അനുവാദവുമില്ല . ഇപ്പോള്‍ എന്തിനും. വാടകക്കാരായ
ഞങ്ങളാണുള്ളത്.ഇഷ്ടഭക്ഷണം മുദ്ദ(8)യാണ്. സുജാതയ്ക്കും ജാഫറിന്റെ ബീവി മൈമുനയ്ക്കും
അതുണ്ടാക്കാനറിയില്ല. മൈമുന ഉണ്ടാക്കുന്ന കോഴി ബിരിയാണിയും പത്തിരിയുമാണ് അല്‍പ്പമെങ്കിലും കഴിക്കാറുള്ളത്.

ചിന്തകളിലുറങ്ങിയിരുന്ന ഹനുമണ്ണ സുജാത കൊടുത്ത വെള്ളം കുടിച്ചുതീര്‍ക്കുന്നതിനിടയിലാണ് സേട്ടുജിയുടെ വരവറിയിച്ചുകൊണ്ട് വാര്‍ഡുമെമ്പര്‍ ഗോപാലയ്യയും ചെറുസംഘവുമെത്തിയത്. സീതുവിനെപ്പോലെ കുഞ്ഞുനാളില്‍ ഞങ്ങളെ അങ്കിള്‍മാരെന്നു വിളിച്ചുവലുതായി, അപ്പനെ അനുസരിക്കാതെ കൃത്യമായി സ്‌ക്കൂളില്‍
പോകാതെ ഗല്ല്‌ലിയിലൂടെ നീണ്ടകുറിതൊട്ടു ചറ്റിനടക്കുന്ന തല്ലിനും അക്രമങ്ങള്‍ക്കും കൂലിവാങ്ങി മെരവണിഗെഗള്‍(9) ക്കും മറ്റും പോകുന്ന മഞ്ചുവിന്റെ ചില സുഹൃത്തുക്കളും സംഘത്തിലുണ്ട്. ഹനുമണ്ണയുടെ ശിക്ഷകളോ ഞങ്ങളുടെ ഉപദേശങ്ങളോ മഞ്ചുവിനെ തിരുത്താനായില്ല. പോലിസ് സ്റ്റേഷനുകളില്‍ കേസ്സുകളും ചിത്രങ്ങളും ജയില്‍ സന്ദര്‍ശങ്ങളുമായി അവന്‍ പ്രസിദ്ധനാവുകയാണ്.

കൊറോണക്കാലത്താണ് ഞങ്ങളവന്റെ ശത്രുക്കളായത്. ജാഫറൊഴിച്ചെല്ലാവരേയും കോവിഡ് പുണര്‍ന്നതോടെ മദീനാ ഹോട്ടലില്‍ നിന്നായിരുന്നു റഹിം ഭക്ഷണം പാക്കു ചെയ്‌തെത്തിച്ചിരുന്നത്. ആ ഭക്ഷണം കഴിക്കരുതെന്നും അതില്‍ ബീഫുണ്ടെന്നും ഇനിയും
കൊണ്ടുവന്നാല്‍ ജാഫറും റഹിം അനുഭവിക്കുമെന്നായിരുന്നു മഞ്ചുവിന്റെ
ഭീഷണി.

”വിശക്കുമ്പോള്‍ ഭക്ഷണമാരുതരുന്നു, അതിലെന്തുകഴിക്കണമെന്നത്തിനുക്കെ ഞങ്ങള്‍ക്ക് നിന്റെ ഉപദേശമൊന്നും വേണ്ട” എന്ന് ജാഫറും ”നിന്റെ താത്ത (10) ഉണ്ടുറങ്ങിയതും ഈ വീടു തന്നെ നമുക്ക്തന്നതും ബഷീര്‍ഖാന്റെ കുടുംബവുമായിരുന്നെടാ. ജീവന്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നവരെ തമ്മിലടിപ്പിക്കുന്ന നിന്നെ കണ്ടു പോകരുത് ”ശല്യം സഹിക്കാനാവാതെ
ഹനുമണ്ണയും അവന്റെ നേരെ തിരിഞ്ഞു.
”എങ്കിലേയ് താത്തേടെ സ്വത്തിലെനിക്കും അവകാശമുണ്ട്. അക്കയ്ക്കു കൊടുക്കുന്നപോലെ ഒരു വീടിന്റെ വാടക എനിക്കും കിട്ടണം” എന്ന് ഹനുമണ്ണയോടും ”നിന്നെ കാണാനായിത്തന്നെ ഞാന്‍ വരും” എന്നുറക്കെ ജാഫറിനോടും പറഞ്ഞിറങ്ങിയ മഞ്ചു കൂട്ടുകാരോടൊപ്പം നേരെപോയത്
മദീനാ ഹോട്ടലിലേക്കായിരുന്നു.

ബഷീര്‍ഖാന്റെ ഉപ്പാപ്പ തുടങ്ങിയ മദീന ഹോട്ടല്‍ സ്ഥലത്തെ കോഴിബിരിയാണിയ്ക്കു പ്രസിദ്ധമാണ്. ഹള്ളികളില്‍ നിന്നും വരുന്നവര്‍ പലരും കോഴിബിരിയാണി കഴിക്കാനിവിടെയെത്തും. അഭിമാനപൂര്‍വ്വം ബഷീര്‍ഖാന്‍ ചിലപ്പോള്‍ പറയാറുണ്ട്. പൂര്‍വ്വീകര്‍ ടിപ്പുവിന്റെ കുശിനിപ്പണിക്കാരായിരുന്നത്രെ! കോട്ടയും അടുത്തുതന്നെയുണ്ട്. ആരാധകനായ ബഷീര്‍ഖാന്‍ ടിപ്പുവിന്റെ ഒരു ചിത്രവും ഹോട്ടലില്‍ തൂക്കിയിട്ടിട്ടുണ്ട്

റഹീം ഹോട്ടലില്ലാത്ത സമയത്തായിരുന്നു മഞ്ചുവും സംഘവും എത്തിയത്. പലരുമായും ആലോചിച്ച് ഇത്തരം പരിപാടികളില്‍ മുന്‍പരിചയമുള്ള സംഘം ഞൊടിയിടയില്‍ ഹോട്ടലിന്റെ മുന്‍വശവും ചില്ലലമാരകളും അടിച്ചു തകര്‍ത്ത്. ബഹളം കേട്ട് മുകളില്‍ നിന്നോടിയെത്തിയ ബഷീര്‍ഖാനെ തലക്കടിച്ചുവീഴ്ത്തിയാതോടെ അട്ടഹാസവുമായി മഞ്ചുവും സംഘവും സ്ഥലംവിട്ടു.

ദീര്‍ഘകാല ചികിത്സയിലും അനങ്ങുന്ന കണ്ണുകളും ചുണ്ടുകളുമുള്ള ചലിപ്പിക്കാനാകാത്ത ശരീരവുമായാണ് ബഷീര്‍ഖാന്‍ തിരിച്ചുവന്നത്. സുഹൃത്തിന്റെ അവസ്ഥ കാണാന്‍ ഹനുമണ്ണയ്ക്കായില്ല.അതോടെ മകന്‍ സ്ഥിരം ജയില്‍ ജീവിതത്തിലേക്ക് തിരിച്ചുപോയതില്‍ സമാധാനമുണ്ടെങ്കിലും കോളനിയില്‍ അവനൊരു രാഷ്ട്രീയ പരിവേഷം ‘റജിസ്റ്ററായതില്‍’ ഹനുമണ്ണ ഭയപ്പെടുന്നു.

പ്രതീക്ഷിച്ചിരുന്ന സേട്ടുജിയുടെ കാര്‍ ഇടുങ്ങിയ ഗല്ലിയുടെ വഴിമുടക്കിക്കൊണ്ട് ഹനുമണ്ണമാന്‍ഷനില്‍ എത്തുംമുമ്പെയാണ് വലിയ ഓടവെള്ളക്കുഴിയിലിറങ്ങി ഓഫായത്. കരുതിവെച്ചിരുന്ന ക്രോധം അതോടെ പൊട്ടിത്തെറിച്ചു. ഹനുമണ്ണമാന്‍ഷനിലുള്ളവര്‍ക്കും ഗല്ലിയിലുള്ളവര്‍ക്കുമായി ഡ്രൈവറുടെ നേരെ സേട്ടുജി അലറി.

‘ബേവക്കൂഫ്…ദേക്ക്ഗര്‍ ഗാഡി ചലാനെഹി സക്ത്‌തേ ക്യാ? സംഘം കുഴിയില്‍ നിന്നും കാര്‍ തള്ളിക്കയറ്റി. ദോത്തിയിലും കുര്‍ത്തയിലും ഷൂസിലും അഴുക്കാകുമെന്നു കരുതിയാകണം സേട്ടുജി കാറികനത്തുതന്നെ ഇരുന്നു.

ഹനുമണ്ണയെയും തൊട്ടുനില്‍ക്കുന്ന ജാഫറിനെ ശ്രദ്ധിച്ചതോടെ ജപ്തി ഓര്‍ഡറെന്നു പറഞ്ഞ് ഒരു പേപ്പര്‍ വീശിക്കാണി ച്ചുകൊണ്ടു കന്നടയിലും ഹിന്ദിയിലും സേട്ടുജി ആക്രോശിച്ചു.
“ഒരാളെയും ഇവിടെ കണ്ടുപോകരുത്. ഇതെന്റെ കെട്ടിടമാണ്. ഇനി
ഞാനാകില്ല പോലീസും കൂടെ പലരും പലതുമുണ്ടാകും.”
തന്റെ സര്‍വ്വവും വിഴുങ്ങാന്‍ നില്‍ക്കുന്ന ഭീമാകാരരൂപത്തോട് ഒന്നും ഉരിയാടാനാകാതെ ഹനുമണ്ണ കണ്ണടച്ചിരുന്നപ്പോള്‍ ജാഫറാണ് സേട്ടുജിയ്ക്ക് മറുപടി പറഞ്ഞത്.

”ഉടമസ്ഥന്‍ പറയുമ്പോള്‍, അതും ഞങ്ങള്‍ക്കു സൗകര്യപ്പെടുമ്പോള്‍, വീടുകാലിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ആരുമില്ലെന്ന് കരുതി ഞങ്ങളെ പേടിപ്പിക്കയൊന്നും വേണ്ട. വേലയെറക്കാന്‍ വന്നാല്‍ ഞങ്ങള്‍ക്കും വഴികളുണ്ടാകും ‘

കൊടുക്കുക പിരിച്ചെടുക്കുക കുരുക്കിലാക്കുകള്‍ക്ക് സമര്‍ത്ഥരായ സ്‌റാഫും ഏജന്റുകളുമുള്ള  സംവിധാനങ്ങളോടാണ് ജാഫര്‍ കൊമ്പുകാര്‍ത്തത്. കെട്ടിടനികുതി കുടിശികയുടെ പേരില്‍
വസ്തുകണ്ടുകെട്ടാനുള്ള ഉത്തരവുകലുണ്ട്., അനുവദമില്ലാതെ പണിത തിരഞ്ഞെടുക്കുന്ന’കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള നിയമായുധങ്ങളുണ്ട്. അത് ‘കൃത്യനിഷ്ഠയോടെ’ ലളിതമായി നടപ്പാക്കുന്നവരും സേട്ടുജിയ്ക്കുണ്ട്. ഇതെത്ര കണ്ടിരിക്കുന്നു എന്ന് ജാഫറിനെ പുശ്ചത്തോടേയും അപ്പോള്‍, എല്ലാം പറഞ്ഞപോലെയെന്നു ഗോപാലയ്യയോടും നോട്ടത്തില്‍ പറഞ്ഞ സേട്ടുജി ഡ്രൈവറോട് ഉറക്കെ ആജ്ഞാപിച്ചു. ”ചലോ”

സംഭവം കണ്ടുനിന്ന ഗല്ലിജനങ്ങളും സേട്ടുജിയുടെ പരിവാരങ്ങളും പിരിഞ്ഞു പോയി. കാര്‍ പുറകോട്ടുനീങ്ങി മറഞ്ഞതോടെ സേവനം ഏറ്റെടുത്ത ഗോപാലയ്യ തളര്‍ന്നിരിക്കുന്ന ഹനുമണ്ണയുടെ അടുത്തെത്തി. ”ഹനുമണ്ണവരേ…കൊടുത്ത സേട്ടുജി കിട്ടാനും വഴി നോക്കില്ലേ? വേഗം തീരുമാനിച്ചോളു.ഇവനെയെല്ലാം ഇറക്കാന്‍ ഞങ്ങള്‍ക്ക് ഒരു മിനിറ്റ് മതി ‘ ജാഫറിനോടും അല്‍പ്പം നീരസത്തോടെ എന്റെയും നേരെ തിരിഞ്ഞു.

“അണ്ണാവരേ”(11) പ്രശ്‌നങ്ങളുണ്ടാക്കരുത്. വീടൊഴിഞ്ഞാല്‍ സേട്ടുജി കുറച്ച് ബക്ഷീഷു തരും. ഞാന്‍ പറഞ്ഞിട്ടുണ്ട് ‘ അടുത്തേക്കു നീങ്ങി സ്വരം കുറച്ചുകൊണ്ട് ”പറഞ്ഞേക്കാം. ഇവന്റെയൊക്കെ കൂടെനിന്ന് വിവരക്കേട് കാണിച്ചാല്‍ കുടുംബം ബുദ്ധിമുട്ടിലാവും. നല്ല വീട് ഞാന്‍ ശരിയാക്കിത്തരാം. അണ്ണാവരു നമ്മുടെ ഗല്ലിക്കാരനല്ലേ? പിന്നെ ഒരുകാര്യം, മകള്‍ അവന്റെ മകനോടൊപ്പം മുട്ടിയുരുമ്മി നടക്കുന്നത്ഒന്നു നിര്‍ത്തണം. ഞങ്ങള്‍ക്കാര്‍ക്കും അതിഷ്ടമല്ല. അപകടം വരുത്തിവേക്കരുത്. കാര്യങ്ങളൊക്കെ അറിയാമല്ലോ?

വാടകക്കാരേയും അയല്‍പക്കക്കാരേയും ശ്രദ്ധിക്കണമെന്ന് ഹനുമണ്ണയെ
ഓര്‍മ്മിപ്പിക്കുന്നതും ഗല്ലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന പരാതിക്കാരുടെ കൂട്ടത്തില്‍ ഗോപാലയ്യയെ ഉച്ചത്തില്‍ കുറ്റപ്പെടുത്തുന്നതും ജാഫറിനോടുള്ള പകയ്ക്കുയുടെ കാരണങ്ങങ്ങളാണ്.

അച്ഛന്റെ കൊടിയുടെ നിറം മാറ്റിയ മകന് സേട്ടുജിയുടെ വിലപ്പെട്ട സഹായങ്ങളും പ്രത്യുപകാരങ്ങളും. അതെ, ഞങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നു! സേട്ടുജിയോട് പൊരുതുവാനുള്ള ശേഷി ഹനുമണ്ണയ്ക്കുണ്ടോ? ഞങ്ങള്‍ക്കുണ്ടോ? ഇനിയും പഞ്ചവര്‍ഷ ഇടവേളകളില്‍ ചൂണ്ടുവിരലില്‍ ചുട്ടികള്‍ സ്വീകരിച്ച് ലക്ഷം കോടികളുടെ പൂജ്യങ്ങളെണ്ണി ഹനുമണ്ണയും ഞങ്ങളും അമ്യത് വര്‍ഷ് ആഘോഷിച്ചുകൊണ്ടിരിക്കട്ടെ…….🟡

1 -ശുചീകരണ തൊഴിലാളികള്‍, 2 -സഹോദരന്മാര്‍, 3 -നഗരം 4 -ഗ്രാമത്തിലെ ഉത്സവം, 5 -വിവാഹം, 6-സ്വര്‍ണാഭരണം, 7 -പുടവ, 8 -രാഗിമാവുകൊണ്ടുണ്ടാക്കുന്ന കര്‍ണ്ണാടകത്തിലെ പ്രധാനപ്പെട്ട ഭക്ഷണം. 9 -പ്രകടനങ്ങള്‍ (ജാഥകള്‍), 10 മുത്തച്ഛന്‍, 11 -ജേഷ്ഠ സഹോദരന്‍

 

#NBLiterature, #ShortStories


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. വല്ലപ്പുഴ ചെറുകഥക്ക് വിഷയമാക്കിയത് കാലിക പ്രസക്തിയുള്ള വിഷയമാണ്. കഥയിലേതൂപോലുള്ള അനേകം ഹനുമണ്ണമാരെ അമൃതവർഷം ആഘോഷിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് കാണാൻ കഴിയും. പതിതരായ, സങ്കടകടലിൽ നീന്തിത്തുടിക്കുന്ന മനുഷ്യ ജീവതങ്ങളുടെ ദുരനുഭവം കാണാനുള്ള അകക്കണ്ണ് പല എഴുത്തുകാർക്കും കൈമോശം വന്നിരിക്കുന്നു. നമ്മുടെ ജീവിത പരിസരത്ത് കൺമുന്നിൽ തന്നെ പലവിധ കെടുതികൾ വ്യവസ്ഥിതികളുടെ മനുഷ്യത്വരഹിതമായ വ്യവസ്ഥാപനം ജനജീവിതം കുരുക്കി മുറുക്കുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്. കർഷകരുടെ ദുരനുഭവം പുതിയതല്ല. കെ ജി ഫ് ലെ ഒരു കർഷക കുടുംബം വിളകൾക്ക് ഒരിക്കലും മതിയായ വില ലഭിക്കാത്തതുകൊണ്ട് പേട്ടയിലേക്ക് കുടിയേറുന്നതും കുടുംബം ശിഥിലമായി സർവ്വ നാശത്തിലേക്ക് കൂപ്പുകുത്തുന്നതും ആണ്കഥാവിഷയത്തിന് ആധാരം. ജീവിതഗന്ധിയായ കഥക്ക് നന്ദി.

Leave A Reply

Your email address will not be published.