Follow the News Bengaluru channel on WhatsApp

ജയ ജയ ജയ ജയ ഹേ

സിനിമാസ്വാദനം 🟡 ഡോ. കീർത്തി പ്രഭ

ചില സിനിമകൾ കണ്ടു കഴിയുമ്പോൾ അതിനിയും ഒരുപാട് പേർ കാണേണ്ടതാണ് എന്ന ആഗ്രഹം കൊണ്ട് അതേക്കുറിച്ച് എഴുതാൻ തോന്നും. പക്ഷെ ജയ ജയ ജയ ജയഹേയേ ക്കുറിച്ച് ഒരു റിവ്യൂ എഴുതാൻ സത്യത്തിൽ ഭയം തോന്നുന്നു. സിനിമ കാണാൻ വരുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകരെ ഈ എഴുത്ത് മൂലം നഷ്ടപ്പെടുത്തുമോ എന്ന ഭയം.പെണ്ണിന്റെ മാസ്സ് പ്രകടനം ആണെന്നും അവൾക്ക് വേണ്ടി അങ്ങേയറ്റം വാദിക്കുന്ന സിനിമ ആണെന്നും നമ്മുടെയെല്ലാം ഉള്ളിന്റെയുള്ളിൽ നിന്നും അടർത്തിമാറ്റാൻ ആവാത്ത വിധം വ്യാപിച്ചു പോയ പുരുഷനിയന്ത്രിതമായ ഒരു വ്യവസ്ഥിതിയുടെ മുഖം അത് മുമ്പുണ്ടായ മറ്റൊന്നിനേക്കാളും തുറന്ന് കാണിക്കുന്നുണ്ട് എന്നും അറിയുമ്പോൾ അത് കാണാൻ തന്നെ ഈഗോ കാരണം മടിക്കുന്നവരുണ്ട്. എന്നാലും പറയാതെ വയ്യ ജയയെക്കുറിച്ച്. ജയയെ കാണാൻ ആളുകൾ തിയേറ്ററുകളിൽ തിങ്ങി നിറയുന്ന കാഴ്ച സത്യത്തിൽ പ്രതീക്ഷയാണ്. ചില കാലങ്ങൾ മാറണമെന്ന ബോധ്യം മനുഷ്യരിൽ ഉണ്ടാവുന്നുണ്ട് എന്ന പ്രതീക്ഷ.

മുദ്ദ്ഗൗ, അന്താക്ഷരി ഒക്കെ നമുക്ക് നൽകിയ വിപിൻ ദാസിന്റെ എഴുത്തിലും സംവിധാനത്തിലും ഉണ്ടായ സിനിമയാണ് ജയ ജയ ജയ ജയഹേ.ഒരു മനുഷ്യന്റെ മനസ്സ് ഏറ്റവും ആർദ്രമായി മനസിലാക്കാൻ പറ്റുന്നത് കലാകാരന്മാർക്കാണ് എന്ന് ഇതുപോലെയുള്ള ഓരോ സിനിമയും എത്ര മനോഹരമായാണ് തെളിയിക്കുന്നത്. സ്ത്രീപക്ഷവാദം എന്നത് പുരുഷവർഗ്ഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കലാണെന്നും ഒരു സ്ത്രീയുടെ തെറ്റുകൾക്ക് മുകളിൽ സൃഷ്ടിക്കുന്ന പുകമറയാണെന്നും തെറ്റിദ്ധരിക്കുന്നവർക്ക് ഈ സിനിമ ഒരു ഉത്തരമാണ്. ആൺ മേൽക്കോയ്മ വ്യവസ്ഥിതിയിൽ ഒരു പുരുഷൻ ഉണ്ടാക്കുന്ന ടോക്സിസിറ്റിയേക്കാൾ അതിലകപ്പെട്ട് ടോക്സിക് സ്വഭാവം കാണിക്കുന്ന സ്ത്രീകളുണ്ട്. ഇതൊന്നും എഴുതിയും പറഞ്ഞും ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിക്കില്ല.അല്ലെങ്കിൽ അതിനേക്കാളേറെ ഒരു ദൃശ്യം സംസാരിക്കും. അതാണ് ജയജയജയ ജയഹേ.

ഓരോ സിനിമ കാണുമ്പോളും തുടക്കത്തിൽ സ്‌ക്രീനിൽ എഴുതി കാണിക്കുന്ന പേരുകളിലെ സ്ത്രീ സാന്നിധ്യത്തേക്കുറിച്ച് ആലോചിക്കാറുണ്ട്. ചിലപ്പോഴൊന്നും ഒരു സ്ത്രീയുടെ പേര് പോലും കാണാറില്ല.ഭരണ രാഷ്ട്രീയ മേഖലകളിൽ പോലും സ്ത്രീകളുടെ എണ്ണം ഇന്നും എത്ര കുറവാണ്. എന്താണ് അവരെ പുറകോട്ട് വലിക്കുന്നത്.ഈ ജോലികൾ ചെയ്യാൻ സ്ത്രീകൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ അതോ അവരുടെ ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാൻ ചുറ്റോട് ചുറ്റിലും ഒരുപാട് കണ്ണുകൾ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്കൊണ്ടോ.

കാന്താരയും ജയ ജയ ജയ ജയഹേയും അടുത്തടുത്ത ദിവസങ്ങളിൽ ആണ് കണ്ടത്. രണ്ടും താരതമ്യം ചെയ്യാൻ പറ്റാത്ത വിധം വിഭിന്നമാണ്. കാന്താര ഉണ്ടാക്കിയ ഒരു മായാലോകവും അദ്ഭുതവും അല്ല ജയജയജയഹേ ഉണ്ടാക്കിയത്. എഴുത്തിലൊന്നും തീരുന്ന വിസ്മയമല്ല കാന്താര. റിഷഭ് ഷെട്ടി സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും ഉണ്ടാക്കിയ കാന്തിക വലയത്തിൽ നിന്നും ജയ ചിരിപ്പിച്ചു കൊണ്ടുണ്ടാക്കിയ വേദനകളിൽ നിന്നും പുറത്തേക്കൊരു യാത്ര അത്ര എളുപ്പമല്ല.

സ്കൂളിൽ നിന്നും പോവുന്ന ടൂറിൽ ഭാഗമാവണമെന്ന് അറിയിക്കുമ്പോൾ, ഏറെ താല്പര്യമുള്ള കോഴ്സ് ഏത് നാട്ടിലാലായാലും പഠിക്കണമെന്ന ആഗ്രഹമറിയിക്കുമ്പോൾ മക്കളുടെ ലിംഗം നോക്കി തീരുമാനം എടുക്കാതെ മനസു നോക്കി തീരുമാനം എടുക്കാൻ കഴിയുന്നൊരു നാൾ എപ്പോഴാണുണ്ടാവുക? എല്ലാ കുഞ്ഞുമക്കളുടെയും ആഗ്രഹങ്ങൾക്ക് ഒരേ നിറമാണെന്നും ആ നിറങ്ങളെ ഒരു വേർതിരിവിലും അകപ്പെടുത്തി മങ്ങലേൽപ്പിക്കരുതെന്നു നാം തിരിച്ചറിയുന്ന നാൾ, അത്തരമൊരു നാളെയിലേക്ക് ഇനിയും എത്ര ദൂരം സഞ്ചരിക്കണം? മരം കേറിയും ഗ്രൗണ്ടിൽ തിമിർത്തും ആൺകുട്ടികൾ ബാല്യവും കൗമാരവും ചുറ്റുപാടുകളോട് ചേർന്ന് ആസ്വദിക്കുമ്പോൾ വീടകങ്ങളിൽ പാവക്കുട്ടികളുമായി ഒതുങ്ങേണ്ടി വരുന്ന പെൺകുഞ്ഞുങ്ങൾ ഇന്നും ഉണ്ട്. ജയയുടെ കഥ ഇതെല്ലാം പറയുന്ന സങ്കടപ്പെടുത്തുന്ന ഒരു കാഴ്ചയാണ്.

ഡോ. കീര്‍ത്തി പ്രഭ

ഒരുപാട് സിനിമകൾ ചെയ്ത് തഴക്കം വന്ന ഒരു അഭിനേത്രി അല്ലാതിരുന്നിട്ട് കൂടി ജയയെന്ന കഥാപാത്രത്തിലേക്ക് ദർശനയ്ക്ക് എങ്ങനെ ഇത്ര ഗാഢമായി ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു എന്ന് മുന്നിലെ വലിയ സ്ക്രീനിലേക്ക് നോക്കി ആരാധനയോടെ ആലോചിക്കുകയായിരുന്നു. ബേസിലിന്റെ രാജേഷ് പ്രതീക്ഷയ്ക്കും അപ്പുറത്തേക്ക് പോയത് കൊണ്ട് ഇരുന്ന സീറ്റിന്റെ കുഷ്യൻ ആണ് കീറിയത്. അത്രത്തോളം ചൊറിച്ചിലുണ്ടാക്കുന്ന കഥാപാത്രമായിരുന്നു രാജേഷ്. അസീസ് നെടുമങ്ങാടും സുധീർ പറവൂറും സമകാലിക ഫേസ്ബുക് വാട്സ്ആപ് അമ്മാവന്മാരെ ഒന്ന് പൊലിപ്പിച്ചു. ആദ്യമൊക്കെ ചൊടിപ്പിച്ചു എങ്കിലും വല്ലാതെ ഇഷ്ടം തോന്നിയ ഒരാളാണ് ജയയുടെ സഹോദരനായ ആനന്ദ് മന്മദന്റെ കഥാപാത്രം.

സ്വന്തം ഇഷ്ടങ്ങളെ ഒന്ന് സ്വപ്നം കാണാൻ പോലും അനുവദിക്കാതിരുന്നിട്ടും ഇത്രയും കാലം നിന്റെ ഇഷ്ടത്തിന് നീ ജീവിച്ചു എന്ന് പറയുന്ന ജയയുടെ അമ്മയുടെ വാക്കുകൾ ഈ സമൂഹത്തിൽ നിന്ന് മുഴങ്ങി കേൾക്കുന്ന ഒരു അശരീരിയാണ്.ടോക്സിക് ബന്ധങ്ങൾ, ടോക്സിക് പേരെന്റിങ്, ബോഡി ഷേയ്മിങ്,ഗാർഹിക പീഡനം, അമ്മാവനിസം തുടങ്ങി സമൂഹത്തിൽ നമ്മളറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒരുപാട് ക്രൂരതകളെ നമ്മുടെ നേർക്ക് തന്നെ വലിച്ചു കീറി എറിഞ്ഞു തരുന്നുണ്ട് വിപിൻദാസിന്റെ സിനിമ.

ഇനിയുമൊരുപാടൊന്നും ജയയെക്കുറിച്ച് പറയുന്നില്ല. ചിലത് കണ്ട് തന്നെ അനുഭവിക്കണം. നീതി, സമത്വം, സ്വാതന്ത്ര്യം എന്ന മഞ്ജു പിള്ളയുടെ ജഡ്ജി കഥാപാത്രത്തിന്റെ വാക്കുകളിൽ അവസാനിപ്പിക്കുന്നു ജയയെക്കുറിച്ചുള്ള എഴുത്ത്. മനുഷ്യൻ സമൂഹ ജീവിയാണെങ്കിൽ ഈ സിനിമ കാണേണ്ടത് ഒരു കടമയാണ്.

🟡

#NBCinema
#NBReviews


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.