Follow the News Bengaluru channel on WhatsApp

വാർത്തയും വർത്തമാനവും

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം നാൽപ്പത്തിയാറ്

വളരെ വിചിത്രമായ കാര്യങ്ങളാണ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്. വെറുതെ പത്രമെടുത്തൊന്ന് മറിച്ചു നോക്കിയാൽ മതി. ഇത്രയും വൈവിദ്ധ്യം നിറഞ്ഞ ചിന്തകളുടെ ഉത്പന്നമാണ് മനുഷ്യനെന്നു പൂർണ്ണമായും ബോധ്യമാകും വിധമുള്ള വാർത്തകളാണ് അതിൽ നിറയെ. അങ്ങനെ ഈ അടുത്ത കാലത്ത് ശ്രദ്ധയിൽപ്പെട്ട കുറച്ചു വാർത്തകളും അവയ്ക്കുള്ള പ്രതികരണങ്ങളുമാണ് ഈ ആഴ്ച പ്രോമിത്യൂസ് പങ്കുവെക്കുന്നത്

വാർത്ത 1 – പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഫോണ്‍ തരാത്തതിനു വീട്ടുകാരോടു പിണങ്ങി സ്വയം കൈകള്‍ കെട്ടിയിട്ടതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

വർത്തമാനം : മനുഷ്യമനസ്സ് എങ്ങനെയാണു പെരുമാറുന്നതെന്നു പറയാനാവില്ല. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം മുറിവേൽപ്പിക്കാനോ മറ്റുള്ളവരെ മുറിവേൽപ്പിക്കാനോ അത് പ്രേരിപ്പിക്കാം. ഒരു നിമിഷം അത് സർവ്വംസഹയും മറ്റൊരു നിമിഷം പ്രതികാരദുർഗ്ഗയുമാകും. സങ്കടത്തോടെ കരയുകയും പരിഹാസത്തോടെ ചിരിക്കുകയും ചെയ്യും. പ്രായമോ ലിംഗഭേദമോ ഇല്ലാതെ സങ്കൽപ്പലോകം തീർത്ത് അതിൽ വിരാജിക്കും. വിദ്യാഭ്യാസത്തിനൊപ്പം മനസിനെ നിയന്ത്രിക്കാനും കരുതാനുമുള്ള പാഠങ്ങൾ കൂടി സമൂഹം ആർജ്ജിക്കേണ്ടതുണ്ട്. നമുക്ക് ചുറ്റും കാണുന്ന കാഴ്ചകളെ മനഃശാസ്ത്രത്തിന്റെ കണ്ണിൽകൂടി വിലയിരുത്തേണ്ടതുണ്ട്.

വാർത്ത 2. ബിരിയാണിയില്‍ പങ്ക് ചോദിച്ചതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മരണവെപ്രാളത്തില്‍ ഭാര്യ കെട്ടിപ്പിടിച്ചതോടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു. ചെന്നൈയിലെ അയിനാവാരത്ത് 74 വയസുള്ള ക******* ഭാര്യ പ*****(70) എന്നിവരാണ് ബിരിയാണിയെ ചൊല്ലി വഴക്കിട്ട് ഇങ്ങനെ മരിച്ചത്.

വർത്തമാനം:- വയസ് വച്ചു കണക്കു കൂട്ടുമ്പോൾ ഏറക്കുറെ 40-50 വർഷം ഒരുമിച്ച് കഴിഞ്ഞവരാണ്. ഒരു മനുഷ്യായുസ് ജീവിച്ചു തീർത്തവരാണ്. ഒരൽപ്പം ക്ഷമയോടെ കേൾക്കാനോ സൗമ്യമായ വാക്ക് നൽകി ചിരിക്കാനോ അനുഭവങ്ങൾ പഠിപ്പിച്ചില്ല. പരസ്പരം മനസിലാക്കാൻ ഇത്രയും വർഷങ്ങൾക്ക് ശേഷവും കഴിഞ്ഞിട്ടില്ല. പ്രായം വെറുമൊരു അക്കം മാത്രമാണെന്നു പറയുന്നത് വെറുതെയല്ല. പക്വത അറിവിലൂടെയും അനുഭവങ്ങളിലൂടെയും സ്വയം ഉണ്ടാകുന്നതല്ല. ആർജ്ജിക്കുന്നതാണ്. അനുഭവങ്ങളെ പാഠശാലകളാക്കുക

വാർത്ത 3:- മദ്യം കഴിച്ച് കാട്ടാനക്കൂട്ടം ഫിറ്റായി കുഴഞ്ഞുവീണു. ഒഡിഷയിലെ ഖെന്‍ജോര്‍ ജില്ലയില്‍ ഷില്ലിപാഡ കശുമാവ് കാട്ടിലാണ് 24 കാട്ടാനകള്‍ മദ്യപിച്ചു ലക്കുകെട്ടു വീണുപോയത്. ഗ്രാമവാസികള്‍ കാട്ടില്‍ വലിയ കലങ്ങളില്‍ തയാറാക്കിയിരുന്ന ചാരായമായ മഹുവ എന്ന മദ്യം അകത്താക്കിയാണ് കാട്ടാനക്കൂട്ടം കിറുങ്ങി വീണത്. ആനകളെ എഴുന്നേല്‍പിച്ചുവിടാന്‍ വനപാലകര്‍ ചെണ്ടകൊട്ടിയും പടക്കംപൊട്ടിച്ചും ഏറെ നേരം പാടുപെടേണ്ടിവന്നു.

വർത്തമാനം:- മനുഷ്യർക്കായാലും മൃഗങ്ങൾക്കായാലും ലഹരി അപകടകരമായ വസ്തുവാണ്. അതിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതുണ്ട്. ആനകളെ മയക്കാൻ കഴിവുള്ള മദ്യത്തിന് മനുഷ്യനെ കൊല്ലാൻ എത്ര എളുപ്പമായിരിക്കും. നിർബന്ധങ്ങളോ നിരോധനങ്ങളോ ലഹരിയോടുള്ള ആളുകൾക്കുള്ള താൽപ്പര്യത്തെ പൂർണമായും ഇല്ലാതാക്കില്ല. അതിന് ഫലപ്രദമായ ബോധവത്കരണം തന്നെയാണ് വേണ്ടത്. പക്ഷെ കതിരിൽ വളം വെക്കാതെ ഉചിത സമയത്ത് ആരംഭിക്കണമെന്ന് മാത്രം.

വാർത്ത 4:- വീടിനു ദോഷം മാറാന്‍ സ്വര്‍ണക്കുരിശ് നിര്‍മിച്ചു തരാമെന്നുപറഞ്ഞ് വീട്ടമ്മയില്‍നിന്ന് 21 പവന്‍ സ്വര്‍ണം തട്ടിയെടുത്ത രണ്ടു സ്ത്രീകളെ അറസ്റ്റു ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച പത്തനംതിട്ട പള്ളിക്കല്‍ സ്വദേശിനി ദേ*** (35), കൊല്ലം കലയപുരം സ്വദേശിനി സു*** (45) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

വർത്തമാനം :- എല്ലാ വിശ്വാസവും ഒരു തരത്തിൽ അന്ധവിശ്വാസമാണെന്ന് പറയാറുണ്ട്. മരത്തിലോ സ്റ്റീലിലോ ഉണ്ടാക്കിയ കുരിശിനെക്കാൾ എന്ത് ശ്രേഷ്ഠതയാകും 21 പവൻ സ്വർണ്ണത്തിൽ തീർത്ത കുരിശിനുണ്ടാകുക? അതിന് ശ്രേഷ്ഠതയുള്ളത് വിശ്വാസിയുടെ ചിന്തകളിൽ മാത്രമാണ്. അത്തരം ചിന്തകളാണ് കുമ്പസാരം മുതൽ നരബലി വരെ ചെയ്യിക്കുന്നത്. അത്തരം വിശ്വാസക്കൂട്ടങ്ങളാണ് റോഡ് തടഞ്ഞു ആഘോഷങ്ങൾ നടത്തുന്നതും വംശഹത്യക്കും ജിഹാദുകൾക്കും വഴി തെളിക്കുന്നതും. വിശ്വാസത്തെ വിദ്യാഭ്യാസംകൊണ്ട് തളയ്ക്കാൻ നാം ശ്രമിക്കണം.

വാർത്ത 5 :- മറ്റൊരു സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടിയെ പ്രണയിച്ച മകളെ കുളത്തിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ബല്ലാരി ജില്ലയില്‍ മകളെ കൊന്നതിന് ഓം** ഗൗഡ എന്നയാളാണ് അറസ്റ്റിലായത്.

വർത്താനം :- മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെങ്കിൽ ജാതി മനസിനെ കാർന്നു തിന്നുന്ന മാറാവ്യാധിയാണ്. വ്യാധിയുടെ വ്യാപ്തിക്കനുസരിച്ച് അതിന് ചികിത്സവേണം. ചിലപ്പോൾ വസ്തി, മറ്റുചിലപ്പോൾ വമനം, അതുമല്ലങ്കിൽ നസ്യമോ അതിലും ശക്തമായ മറ്റേതെങ്കിലുമോ. മനുഷ്യനെ ജാതിയുടെ കണ്ണിലൂടെയല്ലാതെ കാണാനുള്ള ബോധം പകർത്താൻ കഴിയുന്ന എന്തും പരീക്ഷിക്കാം.

ജാതി, തലമുറകളിൽ നിന്നും തലമുറകളിലേക്ക് അദൃശ്യമായി പകരുന്ന വ്യാധിയാണ്. ബഹുഭൂരിപക്ഷത്തെയും ഇപ്പോൾ വരെ നമുക്കതിന്റെ പിടിയിൽ നിന്നും കരകയറ്റാൻ കഴിഞ്ഞിട്ടില്ല. ഇനി വരുന്ന തലമുറകൾക്കെങ്കിലും ജാതിയുടെ വേലിക്കെട്ടുകളില്ലാതെ ജീവിക്കാൻ കഴിയുന്ന ലോകത്തിനായി പ്രത്യാശിക്കാം.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.