Follow the News Bengaluru channel on WhatsApp

കാന്താര

സിനിമാസ്വാദനം 🟡 ഡോ. കീർത്തി പ്രഭ

ലോകം മുഴുവൻ ശ്രദ്ധിക്കുന്നുണ്ട് കാന്താരയെ. എല്ലാം കൊണ്ടും ഒരു ഭീമൻ സിനിമ. റിഷഭ് ഷെട്ടി നായകനും സംവിധായകനും എഴുത്തുകാരനുമായ സിനിമ. സിനിമ കണ്ടു തുടങ്ങി പകുതിയിൽ അധികമായിട്ടും കേട്ടറിഞ്ഞ അത്രയും അത്ഭുതങ്ങൾ ഇതിൽ എന്താണ് എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു വാണിജ്യ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും കൂടിച്ചേർന്ന ഒരു കാഴ്ച. ഇടയ്ക്ക് ചില ഉദ്വേഗങ്ങൾ ഉണ്ടാക്കിയെങ്കിലും മാസും മസാലയും ബോഡി ഷെയ്മിങ് തമാശകളും, ലൈംഗിക ചുവയുള്ള തമാശകളും കച്ചവട സിനിമയിലെ സ്ഥിരം ക്ലീഷേകളും ഒത്തുചേർന്ന ഒരു കാഴ്ചയായിരുന്നു പകുതിയിലധികവും. തമാശകൾ ഒക്കെ കുറച്ച് അരോചകമായിരുന്നു എന്ന് തന്നെ പറയാം.

എന്തിനാണ് ഇതു കാണാൻ ഈ തിയേറ്ററിങ്ങനെ നിറഞ്ഞിരിക്കുന്നത്, വലിയ ആരവമായ ഒരു സിനിമ, കളക്ഷൻ റെക്കോർഡുകൾ ഉണ്ടാക്കിയ ഒരു സിനിമയോട് നീതിപുലർത്തി എന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണോ ഞാനടക്കം ഈ ആളുകളത്രയും ഇവിടെ കൂടിയിരിക്കുന്നത് എന്ന് തോന്നിപ്പോയി. പക്ഷേ ക്ലൈമാക്സ് എത്തിയപ്പോഴാണ് ഈ ആൾക്കൂട്ടത്തിന്റെ കാരണം മനസ്സിലായത്. അവസാനത്തെ ഇരുപത് മിനുട്ടിൽ ക്യാമറയുടെ മുന്നിലും പിന്നിലുമായി റിഷഭ് ഷെട്ടിയുടെ വർണനകളുടെ അതിരുകൾ കടന്നു നിന്ന പകർന്നാട്ടങ്ങളുടെ മായാജാലങ്ങളിൽ മിഴിച്ചു നിന്നുപോയി. ഇതെന്താണ് എന്ന് അദ്ഭുതപ്പെട്ട് വരാഹമൂർത്തിയുടെ അലർച്ച സ്‌ക്രീനിൽ ഉണ്ടാക്കിയ ചുഴിയിൽ അകപ്പെട്ട പോലെ ഒരവസ്ഥ.ഇതുവരെ കാണാത്ത ആ സിനിമാറ്റിക് അനുഭവം ആണ് കാന്താരയെ ഒരു വിജയമാക്കുന്നത്.

 

വടക്കു നാട്ടിൽ ജനിച്ച് വളർന്നതുകൊണ്ട് തെയ്യം എന്ന കലാരൂപത്തെ കണ്ട അനുഭവങ്ങളുമായി ചേർത്ത് കാന്താരയിലെ ഭൂതക്കോലങ്ങളുടെ ആടിത്തിമർക്കൽ ആസ്വദിക്കാൻ പറ്റി എനിക്ക്.ഉഡുപ്പിയുടെ നാടൻ പ്രദേശങ്ങളിൽ അണിയിച്ചൊരുക്കിയ ഈ കാഴ്ച വടക്കൻ കേരളത്തിലെ തെയ്യവുമായി സാദൃശ്യമുള്ള ദക്ഷിണ കർണാടകയിലെ ദൈവക്കോലങ്ങളുടെ പകർന്നാട്ടങ്ങളെ നാളിതുവരെ അനുഭവവേദ്യമാക്കിയിട്ടില്ലാത്ത അനുഭൂതികളുടെ കാഴ്ചയാക്കുന്നു.

ഗോത്ര സംബന്ധമായ ആചാരങ്ങളെ കുറിച്ചോ ഐതിഹ്യങ്ങളെ കുറിച്ചോ ഉള്ള അറിവ് പകരുന്നതോ സാമൂഹിക പ്രതിബദ്ധതയോടെ കഥ പറയുന്നതോ ആയ ഒരു ചലച്ചിത്ര ആഖ്യാനമല്ല കാന്താര.”എന്നെ ചതിച്ചത് ഞാൻ മറന്നാലും എന്റെ കൂടെയുള്ള ഗുളികൻ ഒരിക്കലും അത് മറക്കില്ല.അവരവരുടെ കർമഫലം ഈ ഭൂമിയിൽ തന്നെ അനുഭവിച്ച് പോയേ പറ്റൂ.അതിന് ഗുളികൻ ദൈവം കാത്തു നിന്ന് പകരം ചോദിക്കും “.അന്ധവിശ്വാസങ്ങൾക്കെതിരെ ശബ്ദിക്കേണ്ട ഒരു കാലത്തെ ഇതുപോലുള്ള സംഭാഷണങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന നിഗമനവും തെറ്റെന്നു പറയാനാവില്ല.ഈ ആരോപണങ്ങൾക്കൊക്കെ അപ്പുറത്ത് സിനിമയിൽ ചില നന്മകൾ കാണാൻ സാധിക്കണമെങ്കിൽ അന്ധമായ വിശ്വാസങ്ങളുടെ പടുകുഴിയിലേക്ക് എളുപ്പത്തിൽ വഴുതി വീഴുന്ന മനസ് ഉപേക്ഷിച്ചു കൊണ്ട് വേണം തിയേറ്ററിലേക്ക് കയറാനും അവിടെ നിന്നിറങ്ങാനും.ആത്മാവിൽ നിറയുന്ന ദൈവം പ്രകൃതിയുടെ കാതൽ തന്നെയാണെന്നും നമുക്കുള്ളിലെ സ്നേഹത്തിന്റെ ഭാവം ആണെന്നും മനസിലാക്കുമ്പോൾ അത് എളുപ്പത്തിൽ സാധിക്കുകയും ചെയ്യും.

അധികാരത്തിന്റെയും കയ്യൂക്കിന്റെയും ബലം കൊണ്ട് ജനിച്ച മണ്ണിൽ നിന്നും ചവിട്ടി പുറത്താക്കപ്പെടുന്നവരുടെ സങ്കടങ്ങളോട് കാന്താരയിലൂടെ അലിഞ്ഞുചേരാം. ധനത്തിന്റെയും അധികാരത്തിന്റെയും കുലമഹിമയുടെയും ചൂഷണങ്ങൾക്ക് വിധേയരായി, ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളായി മനുഷ്യരിലുള്ള സകല വിശ്വാസങ്ങളും നഷ്ടപ്പെട്ട് ദൈവങ്ങളിൽ അഭയം പ്രാപിക്കാൻ നിർബന്ധിക്കപ്പെടുന്നവരുടെ നിസ്സഹായതകൾ പകർത്തിയത് കാന്താരയെ മനസ്സോടടുപ്പിച്ചു നിർത്തുന്നു.

ഡോ. കീർത്തി പ്രഭ

സത്യത്തിൽ ആദിവാസി സമൂഹം വ്യാപകമായി നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ഒരു പരിഹാരം കൂടി കാന്താര തുറന്നു വയ്ക്കുന്നുണ്ട്. കഥയുടെ അവസാനം കേവലമായ ചില വിശ്വാസങ്ങളിൽ മാത്രം കണ്ണ് നട്ടിരിക്കുന്നവർക്ക് മുമ്പിൽ വലിയൊരു യാഥാർഥ്യം തുറന്ന് വെക്കുമ്പോൾ അന്ധവിശ്വാസങ്ങൾക്ക് കുട പിടിക്കുന്നു എന്ന ആരോപണങ്ങളെ മാറ്റി നിർത്താവുന്നതാണ്. ഉദ്യോഗസ്ഥരും അധികാരികളും കുന്താപുര എന്ന കാട്ടുപ്രദേശത്തെ സകല സാധാരണക്കാരും അവസാന നിമിഷം ഒന്നിച്ചു നിന്ന് ഒരു വലിയ അനീതിയുടെ രക്തച്ചൊരിച്ചിലിൽ മതിമറന്ന് സന്തോഷിക്കുന്നു. ആ ഒരുമയുണ്ടാക്കിയ സന്തോഷം ആടിത്തിമിർത്ത് കൊണ്ട് വരാഹമൂർത്തി കാടിനുള്ളിലേക്ക് ഓടി മറയുന്നത് അടിമപ്പെട്ടു പോയ ചില വിശ്വാസങ്ങൾ പിടിമുറുക്കിയ ഐതിഹ്യങ്ങൾക്ക് ഒരു യാഥാർത്ഥ്യത്തിന്റെ മുഖവും എന്നുമെന്നും അടിച്ചമർത്തപ്പെടുന്നവരുടെ യാതനകൾക്ക് ഒരു പ്രതീക്ഷയുടെ മുഖവും വലിയ അലർച്ചകളോടെ തുറന്നുകാട്ടിക്കൊണ്ടാണ്.

കുടിയേറ്റങ്ങളും കുടിയിറക്കങ്ങളും എല്ലാം പല സിനിമകളിലും വിഷയമായിട്ടുണ്ടെങ്കിലും കഥ പറയുന്ന അന്തരീക്ഷവും അവതരണവും കാന്താര കാണുന്നവരിൽ വ്യത്യസ്തമായതെന്തോ അനുഭവിപ്പിക്കുന്നു.

ഈ ഒരൊറ്റ സിനിമ മതി നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ റിഷഭ് ഷെട്ടിയെ എക്കാലവും അടയാളപ്പെടുത്താൻ.കുഴൽ വാദ്യത്തിന്റെ താളവും ചിലമ്പൊച്ചയും വരാഹരൂപത്തിന്റെ അലർച്ചയും മനസിലേക്ക് ഇടിച്ചു കയറി വന്നുണ്ടാക്കിയ വിസ്മയ ലോകം അത്ര പെട്ടന്നൊന്നും ഇറങ്ങിപോകില്ല🟤


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.