Follow the News Bengaluru channel on WhatsApp

മാധ്യമപ്രവര്‍ത്തകന്റെ സാഹിത്യപരീക്ഷണങ്ങള്‍

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : നാൽപ്പത്തിയേഴ്

മാധ്യമപ്രവര്‍ത്തകന്‍ സാഹിത്യകാരനല്ല. എന്നാല്‍ സാഹിത്യം അയാളുടെ കൂടെയുണ്ട്. ഒരു ശരാശരി മാധ്യമപ്രവര്‍ത്തകന്റെ സാഹിത്യത്തിന് ഉയര്‍ന്ന നിലവാരം ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും സാഹിത്യവുമായും സാഹിത്യകാരുമായും എനിക്കു കുറെയൊക്കെ അടുപ്പമുണ്ട്.

ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം, സര്‍ഗധാര സാംസ്‌കാരിക സമിതി, ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ കലാവിഭാഗം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലൂടെയാണ് സാഹിത്യലോകവുമായി ബന്ധമുണ്ടാക്കാനായത്. 1998- ല്‍ ജോസഫ് വന്നേരിയുടെയും സുധാകരന്‍ രാമന്തളിയുടെയും നേതൃത്വത്തില്‍ രൂപംകൊണ്ട നഗരത്തിലെ എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും കൂട്ടായ്മയാണ് റൈറ്റേഴ്‌സ് ഫോറം. ആ കൂട്ടായ്മയില്‍ കമ്മിറ്റി അംഗമായി പ്രാരംഭം മുതലെ പ്രവര്‍ത്തിച്ചിരുന്നു. ആദ്യ കുറെ വര്‍ഷങ്ങള്‍ ആ കൂട്ടായ്മയ്ക്ക് മലയാളസാഹിത്യത്തിന്റെ മുഖ്യധാരയുമായി കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. അംഗങ്ങളുടെ രചനകളും നഗരത്തിലെ സാംസ്‌കാരിക പ്രശ്‌നങ്ങളുമാണ് ചര്‍ച്ചയ്‌ക്കെടുത്തിരുന്നത്. ചിത്രപ്രദര്‍ശനങ്ങളും നടത്തിയിരുന്നു. കേരളത്തില്‍ നിന്ന് എഴുത്തുകാരെ ക്ഷണിച്ചുകൊണ്ടുവരാനുള്ള ബന്ധമോ സാമ്പത്തികശേഷിയോ കൂട്ടായ്മയ്ക്കുണ്ടായിരുന്നില്ല. ചെറിയൊരു കൂട്ടായ്മയായാണ് മുന്നോട്ടുപോയത്. ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ വി. പീതാംബരം രക്ഷാധികാരിയായിരുന്നു.
കോര്‍പറേഷന്‍ സര്‍ക്കിളിന് സമീപമുളള വി.പി ടവേഴ്‌സിലാണ് ഫോറം പലപ്പോഴും യോഗം ചേര്‍ന്നിരുന്നത്. പീതാംബരത്തിന്റേതായിരുന്നു ആ കെട്ടിടം. പീതാംബരം മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വി.പി അവാര്‍ഡ് ഏര്‍പ്പെടുത്തി. ആ അവാര്‍ഡ് ദാനമായിരുന്നു പിന്നീട് ഏതാനും വര്‍ഷം പ്രധാന പരിപാടി. 2005 ല്‍ ഞാന്‍ ആ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറിയായി. കവിയും സുഹൃത്തുമായ എന്‍.എ.എസ്. പെരിഞ്ഞനം ആയിരുന്നു പ്രസിഡണ്ട്. അദ്ദേഹത്തിന്റെയും സുധാകരന്‍ രാമന്തളി, പി.വി .മോഹനന്‍, ജയചന്ദ്രന്‍ ജെ.എം എന്നിവരുടെയും സഹായത്തോടെ ഫോറത്തിന്റെ പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. ഫോറത്തെ മലയാളസാഹിത്യത്തിന്റെ മുഖ്യധാരയുമായി ബന്ധപ്പെടുത്താനുള്ള പരിശ്രമവും ആരംഭിച്ചു.

വി.പി അവാര്‍ഡ് ദാനം ഉള്‍പ്പെടെയുള്ള വാര്‍ഷികാഘോഷത്തിനു അത്തവണ അക്ബര്‍ കക്കട്ടില്‍, മാങ്ങാട് രത്‌നാകരന്‍ എന്നീ പ്രമുഖ എഴുത്തുകാരെ അതിഥികളായി കൊണ്ടുവന്നു. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി പ്രമുഖ ചലച്ചിത്രനടി ലക്ഷ്മി കൃഷ്ണമൂര്‍ത്തിയെ ആയിരുന്നു അവാര്‍ഡിന് തെരഞ്ഞെടുത്തത്. പി.വി മോഹനനും തുടര്‍ന്ന് ജയചന്ദ്രന്‍ ജെഎമ്മും ജനറല്‍ സെക്രട്ടറിമാരായപ്പോള്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുമയും നിലവാരവും കൈവന്നു. സാഹിത്യത്തിനു പുറമെ സിനിമയെയും ചിത്രകലയെയും കുറിച്ച് ഗൗരവമുള്ള സംവാദങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ചിത്രകാരന്മാരെ ഒന്നിപ്പിക്കാനും ചിത്രകല, ശില്‍പ്പകല തുടങ്ങിയവയെപ്പറ്റി സംവാദങ്ങള്‍ സംഘടിപ്പിക്കാനും മുന്‍കൈയെടുത്തത് ജയചന്ദ്രനായിരുന്നു. പ്രശസ്ത ചിത്രകാരന്മാരായ ആര്‍ട്ടിസ്റ്റ് വിജയനും ഷഫീഖ് പുനത്തിലുമൊക്കെ അന്നത്തെ പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. മുപ്പതിലേറെ പ്രതിഭാശാലികളായ ചിത്രകാരന്മാരും ശില്പികളും കൂട്ടായ്മയിലുണ്ടായിരുന്നു. അവരെക്കുറിച്ചുള്ള വിവരങളും ചിത്രങ്ങളുമടങ്ങിയ അതിമനോഹരമായ ബ്രോഷര്‍ ജയചന്ദ്രന്‍ തയ്യാറാക്കിയിരുന്നു. കെ .പി. രാമനുണ്ണി, പി. സുരേന്ദ്രന്‍, അംബികാസുതന്‍ മാങ്ങാട്, വിജയകൃഷ്ണന്‍, ജി.പി .രാമചന്ദ്രന്‍ തുടങ്ങിയവരെ ഫോറത്തിന്റെ വേദിയിലെത്തിച്ചത് പി .വി മോഹനനായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട്,സിവിക് ചന്ദ്രന്‍, കല്പറ്റ നാരായണന്‍ എന്നിവരെ മറ്റൊരു കൂട്ടായ്മയുടെ ബാനറില്‍ ബാംഗ്ലൂരിലെ വേദിയിലെത്തിച്ചതും മോഹനന്‍ തന്നെയാണ്. പിന്നീട് മോഹനന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ നിന്ന് ശാന്തം മാസിക ആരംഭിച്ചു.

ശാന്തകുമാരന്‍ തമ്പി ഫൗണ്ടേഷന്റെയും ശാന്തം മാസികയുടെയും പിന്നിലൊരു കഥയുണ്ട്. മോഹനന്റെ ബാല്യകാലസുഹൃത്തായിരുന്നു മസ്‌കറ്റില്‍ ബിസിനസ്സുകാരനായിരുന്ന ശാന്തകുമാരന്‍ തമ്പി ദീര്‍ഘകാലം പ്രവാസിയായിരുന്ന തമ്പിച്ചേട്ടന് വാര്‍ധക്യത്തിലെത്തിയപ്പോള്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ ഒരു നോവലാക്കണമെന്ന ആഗ്രഹം ജനിച്ചു. ചില കുറിപ്പുകള്‍ പലപ്പോഴായി അദ്ദേഹം എഴുതിവെച്ചിരുന്നു. അക്കൂട്ടത്തില്‍ ഏതാനും കവിതകളുമുണ്ടായിരുന്നു.

പട്ടാളച്ചിട്ടകളും ശീലങ്ങളുമൊക്കെയുള്ള ആളായിരുന്നു തമ്പിച്ചേട്ടന്‍. മോഹനന്‍ അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി. നോവലെഴുതാന്‍ അനുയോജ്യമായ ഒരിടം തേടി നടക്കുകയായിരുന്നു തമ്പിച്ചേട്ടന്‍. ബാംഗ്ലൂര്‍ നഗരപ്രാന്തത്തില്‍ ഞാന്‍ കാണിച്ചുകൊടുത്ത ഫാംഹൗസ് അദ്ദേഹത്തിനു ഇഷ്ടമായി. അദ്ദേഹം പറയുന്നതു എഴുതിയെടുക്കാന്‍ ജേണലിസം വിദ്യാര്‍ത്ഥിയായ രഘുപ്രസാദിനെ ചുമതലപ്പെടുത്തി. പാചകത്തിനും ഒരാളെ ഏര്‍പ്പാടുചെയ്തു. നോവല്‍രചന ആരംഭിച്ചു. അതിനിടയില്‍ തമ്പിച്ചേട്ടന്റെ കവിതകള്‍ മോഹനന്‍ എഡിറ്റു ചെയ്തു.

 

പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ കണ്ണൂരിലെ കൈരളി ബുക്‌സ് തയ്യാറായി. അവതാരിക ഞാനാണെഴുതിയത്. കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ഏതാണ്ടു ഒരു മാസംകൊണ്ട് നോവല്‍രചന പൂര്‍ത്തിയായി. മോഹനന്‍ അതു എഡിറ്റു ചെയ്യുന്നതിനിടയിലാണ്
തമ്പിച്ചേട്ടന്‍ മരണമടഞ്ഞത്. നോവല്‍ പ്രസിദ്ധീകരിക്കുന്നത് കൂടാതെ ചില കാര്യങ്ങള്‍ ചെയ്യാന്‍ തമ്പിച്ചേട്ടന്‍ മോഹനനെ ഏല്‍പ്പിച്ചിരുന്നു. അതിനായി ആവശ്യമുളള പണം നല്‍കാന്‍ മക്കളായ പ്രിന്‍സ് തമ്പി, പ്രവീണ്‍ തമ്പി എന്നിവര്‍ക്ക് നിര്‌ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അതിനുവേണ്ടി 2008ല്‍ ശാന്തകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ രൂപീകരിച്ചു. ഫൗണ്ടേഷന്റെ പേരില്‍ ശാന്തം മാസിക തുടങ്ങി. ബാംഗ്ലൂരില്‍ സാംസ്‌കാരികസമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു.

 

ഓരോ സമ്മേളനത്തിലും പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുത്തു. കെ.പി. രമേഷായിരുന്നു ശാന്തം മാസികയുടെ എഡിറ്റര്‍. പാലക്കാട് ഒരു സാംസ്‌കാരിക കേന്ദ്രം തുടങ്ങണമെന്നും തമ്പിച്ചേട്ടന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വദേശം പാലക്കാടാണ്. ഗള്‍ഫില്‍ നിന്ന് മടങ്ങിയശേഷം അദ്ദേഹം പാലക്കാടാണ് താമസിച്ചിരുന്നത്. ശാന്തം മാസികയുടെ ജോലികള്‍ ചെയ്യുന്നതിനുള്ള സൗകര്യത്തിനായി മോഹനന്‍ പാലക്കാട്ടേക്ക് മാറ്റി. പാലക്കാട് സാഹിത്യോത്സവവും ആരംഭിച്ചു. കേരളത്തില്‍ അങ്ങനെയൊരു സംരംഭം ആദ്യമായിരുന്നു. സാഹിത്യോത്സവത്തിന്റെ സംഘാടനത്തിനു മോഹനനോടൊപ്പം ഞാനുമുണ്ടായിരുന്നു.

ശാന്തം മാസികയും പാലക്കാട് ഫെസ്റ്റും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. രണ്ടും കൂടുതല്‍ മികവുറ്റതാക്കാന്‍ പരിശ്രമിക്കുന്നതിനിടയിലാണ് മോഹനന്‍ രോഗബാധിതനായത്. വൃക്കരോഗം അദ്ദേഹത്തിന്റെ ജീവനപഹരിക്കുകയും ചെയ്തു. മോഹനന്റെ അഭാവത്തില്‍ ശാന്തം മാസികയും പാലക്കാട് ഫെസ്റ്റും ഒരുപോലെ നിലച്ചുപോയി. ദീപ്തി വെല്‍ഫെയര്‍ അസോസിയേഷനില്‍ പ്രസിഡണ്ട്, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിക്കുമ്പോഴാണ് കേരളത്തില്‍ നിന്ന് എഴുത്തുകാരെ ക്ഷണിക്കാനാരംഭിച്ചത്. ഓരോ വര്‍ഷവും വിപുലമായി സംഘടിപ്പിക്കുന്ന ഓണോത്സവത്തില്‍ പ്രമുഖ എഴുത്തുകാര്‍ മുഖ്യാതിഥികളായെത്തി. കെ .ഇ .എന്‍ കുഞ്ഞഹമ്മദ്, പി കെ .ഗോപി ,ആലങ്കോട് ലീലാകൃഷ്ണന്‍, വി. മധുസൂദനന്‍ നായര്‍, അക്ബര്‍ കക്കട്ടില്‍, മണമ്പൂര്‍ രാജന്‍ ബാബു, മുരുകന്‍ കാട്ടാക്കട, സോമന്‍ കടലൂര്‍, പവിത്രന്‍ തീക്കുനി തുടങ്ങി ഒട്ടേറെ പ്രമുഖ എഴുത്തുകാര്‍ ദീപ്തിയുടെ വേദിയില്‍ എത്തിയിട്ടുണ്ട്. അതുപോലെ കുറെയേറെ എഴുത്തുകാരെ സര്‍ഗധാരയുടെ വേദിയിലെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവരില്‍ പലരുമായും അടുത്ത സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.

കുറൂളി ചെക്വോന്‍, പത്രമെഴുത്താണിയുടെ ഹൃദയമിടിപ്പുകള്‍ എന്നീ പുസ്തകങ്ങള്‍ക്ക് പി.കെ. ഗോപിയും ‘വിസ്മയമീ ജീവിതങ്ങള്‍’ക്ക് ആലങ്കോട് ലീലാകൃഷ്ണനുമാണ് അവതാരികയെഴുതിയത്. അതുപോലെ എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതും പ്രമുഖ എഴുത്തുകാരാണ്. ശിഷ്ട വൃത്താന്തം (കെ .ഇ .എന്‍),കുറൂളി ചെക്വോന്‍ (പി.കെ. ഗോപി) വിസ്മയമീ ജീവിതങ്ങള്‍ (സത്യന്‍ അന്തിക്കാട്),സത്രീ തീ മെഴുകുതിരി (ലോഹിതദാസ്) പത്രമെഴുത്താണിയുടെ ഹൃദയമിടിപ്പുകള്‍ (പവിത്രന്‍ തീക്കുനി) തെരഞ്ഞെടുത്ത രചനകള്‍ (ബിആര്‍പി ഭാസ്‌കര്‍). ഈ പ്രകാശനങ്ങളെല്ലാം വ്യത്യസ്ത കാലയളവില്‍ ബംഗളുരുവിലാണ് നടന്നത്. കേരളസമാജം ഇന്നലെ ഇന്നു നാളെ എന്ന പുസ്തകം അക്കാലത്ത് നിയമസഭാ സ്പീക്കറായിരുന്ന ജി .കാര്‍ത്തികേയനും എന്നെക്കുറിച്ചുള്ള അക്ഷരങ്ങള്‍ സാക്ഷി എന്ന പുസ്തകം ഉമയനെല്ലൂര്‍ കുഞ്ഞുകൃഷ്ണപിള്ളയുമാണ് പ്രകാശനം ചെയ്തത്. ഇതിനിടയില്‍ സ്‌നേഹസാന്ദ്രം രവിനിവേശം എന്ന നോവല്‍ എഴുതി. അത് കേരളശബ്ദത്തില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുകയും ചെയ്തു.കോവിഡ് പ്രതിസന്ധി കാരണം അല്പം വൈകി ഇക്കൊല്ലം ജൂലായിലാണ് പുസ്തകമാക്കിയത് .കണ്ണൂരിലെ കൈരളി ബുക്സ് ആണ് പ്രസാധകർ. ബെംഗളൂരു നഗരത്തിന്റെ പശ്ചാത്തലത്തിലുള്ള രസകരമായ ഒരു കഥയാണ് നോവലിന്റെ ഇതിവൃത്തം. കേരളശബ്ദത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ നിരവധി വായനക്കാരെ ആകർഷിച്ച നോവലാണ്‌ .പുസ്തകമായപ്പോഴും നല്ല സ്വീകാര്യത ലഭിച്ചു .ബംഗളുരുവിൽ തന്നെ നാലഞ്ചു വേദികളിൽ നോവൽ ചർച്ച ചെയ്തിരുന്നു .സോഷ്യൽ മീഡിയയിലും ഒട്ടേറെ വായനക്കാർ നോവലിനെ പ്രകീർത്തിച്ചുകൊണ്ട് കുറിപ്പുകളെഴുതി . റൈറ്റേഴ്സ് ആൻഡ്‌ ആർട്ടിസ്റ്റ്സ് ഫോറത്തിൽ ഈ നോവൽ പരിചയപ്പെടുത്തി അവതരിപ്പിച്ച ഷൈനി അജിത്തിന്റെ സുദീർഘമായ ആസ്വാദനക്കുറിപ്പ് നവംബർ ലക്കം സന്ദേശം മാസികയിൽ വന്നിരുന്നു. ഫിസ്റ്റ് ഇന്ത്യ അവാർഡ് ഉൾപ്പെടെ ഒന്നുരണ്ട്‌ പുരസ്കാരങ്ങളും സ്‌നേഹസാന്ദ്രം രവിനിവേശത്തിന്‌ ലഭിച്ചു. എഴുത്തുജീവിതം അങ്ങനെ തുടർന്നുപോകുന്നു.

ജാതകത്താളിലെ ജീവിതമുദ്രകൾ മുൻ അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്തോളൂ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.