Follow the News Bengaluru channel on WhatsApp

ശ്രീധന്യ കാറ്ററിങ് സർവീസ്

സിനിമാസ്വാദനം 🟡 ഡോ. കീർത്തി പ്രഭ

അധികമായി കൊഴുപ്പ് കലർത്താത്ത,തിന്ന് വയറു മടുക്കാത്ത ഒരു ബിരിയാണി തിന്നു ഇന്നലെ.ജിയോ ബേബിയുടെ മേൽനോട്ടത്തിൽ ശ്രീധന്യ കാറ്ററിങ് സർവീസ് വക ഉണ്ടാക്കിയത്. മാസ്സും കൂട്ടിപ്പറച്ചിലുകളും ഒന്നുമില്ലാതെയും ഒരു സിനിമ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കി എടുക്കാമെന്നു കാണിച്ചു തരുന്നു ഈ സിനിമാമാക്കൂട്ടം.

ഒരടുക്കളയ്ക്ക് നേരെ വച്ച ക്യാമറയാണ് ജിയോ ബേബി എന്ന കലാകാരനെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതനാക്കിയത്.ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ അത്രയും വലിയൊരു പ്രഹരമാണ് പാട്രിയാർക്കിയൽ വ്യവസ്ഥയ്ക്ക് കൊടുത്തത്. അതേ ജിയോ ബേബി വീണ്ടും ഒരു അടുക്കളക്കാഴ്ചയുമായി വന്നപ്പോൾ ഈ ജിയോന്റെ ക്യാമറ ഇനിയും അടുക്കളയിൽ നിന്ന് പുറത്തെടുത്തില്ലേ എന്നാണ് ആദ്യം ഓർത്തത്. ശ്രീധന്യ കണ്ടു കഴിഞ്ഞപ്പോൾ ഈ ക്യാമെറയെവിടെ വെക്കണം എന്ന് നീ പഠിപ്പിക്കേണ്ട എന്ന് പുള്ളി മുഖത്തടിച്ചു പറഞ്ഞ പോലെ ആയിപ്പോയി. കാരണം ഈ ഒരു പ്രത്യേക സാമൂഹിക അവസ്ഥയിൽ ജിയോ ബേബിയുടെ ക്യാമറ ഇരിക്കേണ്ടിടത്തു തന്നെയാണ് ഇരിക്കുന്നത്. ഈ സിനിമ എന്തുകൊണ്ട് തിയേറ്ററിൽ വിജയം ഉണ്ടാക്കിയില്ല എന്നൊരു സംശയം ഇപ്പോഴും ഉണ്ട്. സത്യത്തിൽ തിയേറ്റർ വിജയം ഒന്നും ഇല്ലാതിരുന്നപ്പോൾ സിനിമ വെറും തട്ടിക്കൂട്ട് ആയിരിക്കും എന്ന് വരെ ചിന്തിച്ചു പോയിട്ടുണ്ട്.ഓ ടി ടി പ്ലാറ്റ്ഫോമുകൾ ഒരു സിനിമയെ ജനകീയവൽക്കരിക്കുന്നതിൽ, അത് പറയുന്ന രാഷ്ട്രീയം കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതിൽ എത്ര വലിയ പങ്കാണ് വഹിക്കുന്നത്. പരിചയമുള്ള മുഖങ്ങളോ താരക്കൊഴുപ്പുകളോ വലിയ ബാനറുകളോ ഇല്ലാതിരുന്നത് കൊണ്ടാവാം ശ്രീധന്യയ്ക്ക് തിയേറ്ററിൽ കാഴ്ചക്കാരില്ലാതിരുന്നത്. പക്ഷേ ഒരു നല്ല സിനിമ അങ്ങനെയൊന്നും തോറ്റു പോകില്ല എന്ന് തെളിയിക്കുകയാണ് ശ്രീധന്യയുടെ ആമസോൺ പ്രൈംമിലെ റിലീസ്.

ഒരു സ്ത്രീപക്ഷ സിനിമ എന്ന് നെറ്റിയിൽ ഒട്ടിച്ചു വച്ചിട്ടില്ലെങ്കിലും കാതടപ്പിക്കുന്ന സംഭാഷണങ്ങളില്ലാതെ ക്യാമറയും കൊണ്ട് ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് നെട്ടോട്ടമോടാതെ തല പുകഞ്ഞു ചിന്തിക്കാതെ ബഹളങ്ങളില്ലാതെ ശക്തമായ പെൺപോരുകൾ ഇത്ര ലാളിത്യത്തോടെ മുമ്പ് കണ്ടിട്ടില്ല. സ്ത്രീപക്ഷം പറയാൻ ഒരുപാടൊന്നും ആലോചിക്കേണ്ടെന്നും ഒരു കലാസൃഷ്ടിക്ക് രാഷ്ട്രീയവും സാമൂഹികവുമായ പ്രതിബദ്ധത ഉണ്ടാവാൻ ഒരുപാട് അടുക്കും ചിട്ടകളും ഒന്നും പാലിക്കേണ്ടതില്ലെന്നും ജിയോ ബേബി ഈ സിനിമയിലൂടെ കാണിച്ചു തന്നു. ഈ പറഞ്ഞതൊക്കെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ നമുക്ക് ചുറ്റും നടക്കുന്നതും നടക്കേണ്ടുന്നതുമായ യഥാർഥ്യങ്ങൾ പച്ചയായി കാണിക്കുക തന്നെ ധാരാളമാണ് ജിയോ ബേബിക്ക്.

ചിത്രത്തിലെ മുഖങ്ങൾ പരിചയമില്ലെങ്കിലും സംഭാഷണങ്ങളും കാഴ്ചകളും ജീവിതത്തിൽ നിന്ന് അടർത്തി മാറ്റിയെടുത്ത് കുറച്ച് അജിനോമോട്ടോ ചേർത്ത് രുചി കൂട്ടി വിളമ്പിയതല്ല ജിയോ ബേബി. അതൊന്നും ചേർക്കാതെ തന്നെ ജീവിതത്തിന്റെ ഉപ്പും എരിവും പുളിയും ഒക്കെ മതി നാവിനെ ലഹരി പിടിപ്പിക്കാൻ എന്ന് പ്രേക്ഷകരെ അനുഭവിപ്പിക്കുന്ന സിനിമകൾ ഇതുപോലെ ഉണ്ടായി വരുന്നത് സിനിമ എന്ന കല നമ്മൾ അനുഭവിക്കാത്ത ഒരു ഒരു മായാലോകം സൃഷ്ടിക്കുന്നു എന്നതിനപ്പുറത്തേക്ക് വളരുന്നുണ്ട് എന്നാണ് പറയുന്നത്.

ഡോ. കീർത്തി പ്രഭ

ഇനി ശ്രീധന്യയിലെ പെണ്ണുങ്ങളെ കുറിച്ചാണ്. ഏതു പാതിരാത്രിയിലും വണ്ടി റിപ്പയർ ചെയ്യാൻ വരുന്ന മെക്കാനിക്ക് ആയ പെൺകുട്ടി, രാവും പകലെന്നും ഇല്ലാതെ തന്റെ ക്യാമറയുമായി യാത്ര ചെയ്ത് വ്ലോഗ്ഗിംഗ് എന്ന തന്റെ പ്രൊഫഷനും പാഷനും ആസ്വദിക്കുന്ന പെൺകുട്ടി, ഗുഡ്സ് വണ്ടി ഓടിക്കുന്ന ചേച്ചി,ചെറിയൊരു ജോലി പോലും വലിയ മലമറിക്കലുകളായി മണിക്കൂറുകൾ കൊണ്ടാടുന്ന ആൺ കൂട്ടങ്ങളെ നോക്കി മകളുടെ പിറന്നാളിന്റെ വിരുന്നുകാർക്കുള്ള ചോറും ബീഫും യാതൊരുവിധ മലക്കം മറിയലുകളും ഇല്ലാതെ വച്ചു വിളമ്പി ഒരു പ്രതിസന്ധിയെ ഏറ്റവും ഭംഗിയുള്ള ചിരിയിലൂടെ അതിജീവിച്ച ധന്യ, ഈ പെണ്ണുങ്ങളെയൊക്കെ എങ്ങനെ പ്രണയിക്കാതിരിക്കും.

എത്ര സ്വാഭാവികതയോടെയാണ് ജിയോ ബേബി തന്റെ സ്ത്രീപക്ഷം പറയുന്നത്. ശ്രീധന്യ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ കണ്ട ചില പെണ്ണുങ്ങളെക്കുറിച്ചും പറയാൻ തോന്നുന്നു.എന്റെ ദന്തൽ ക്ലിനിക്കിൽ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതും ലാബ് വർക്കുകൾ കളക്ട് ചെയ്യുന്നതും സാധാരണയായി പുരുഷന്മാർ മാത്രമായിരുന്നു. കുറച്ചുനാളുകളായി ആ സ്ഥാനത്ത് സ്ത്രീകളെയും കാണാറുണ്ട്. ആദ്യമൊക്കെ കാണുമ്പോൾ ആഹാ ഇതൊക്കെ ഇവർക്കും ചെയ്യാൻ പറ്റും എന്ന് അത്ഭുതത്തോടെ നോക്കിയിരുന്നു.പിന്നീടങ്ങോട്ട് അതൊരു ശീലമായി. ശ്രീധന്യയിലെ പെൺകാഴ്ചകളും കണ്ടയുടനെ ഇതുപോലെ ഒന്ന് പിടിച്ചു കുലുക്കിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അതൊരു സ്വാഭാവികമായ കാഴ്ചയാണ് അല്ലെങ്കിൽ കാഴ്ച ആവണം എന്ന ചിന്തയിലേക്ക് മനസ്സ് പാകപ്പെട്ടിരുന്നു.

സങ്കീർണമായ സാഹചര്യങ്ങളോ സംഭാഷണങ്ങളോ കഥാപാത്രങ്ങളോ ഒന്നുമില്ലാതെ തന്നെ ഒരു സിനിമയ്ക്ക് അതിന്റെ രാഷ്ട്രീയം പറയാൻ സാധിക്കുന്നുണ്ട് എങ്കിൽ ജീവിതത്തിലെ ഒരുപാട് സങ്കീർണതകൾ ഇതേ ലാഘവത്തോടെ നമുക്ക് മറികടക്കാനും സാധിക്കില്ലേ.

കാമുകനോടൊത്ത് രാത്രി യാത്ര ആസ്വദിക്കുന്ന പെണ്ണിനെ നമ്മൾക്കുള്ളിലെ സദാചാര വൈകൃതങ്ങൾ അവിഹിതം എന്ന കണ്ണിലൂടെ കാണുമ്പോൾ ആ രാത്രിയെ മറ്റെന്തിനേക്കാളും ഭംഗിയായി പകർത്തിയത് വിശാലമായ ഭാവനയൊന്നുമല്ല.പകരം നമ്മൾ കാണാൻ ശ്രമിക്കാത്ത,കണ്ടാൽ നമ്മളുണ്ടാക്കിയ വ്യാജസംസ്‍കാര നിർമിതികളെ ഭയപ്പെടുത്തുന്ന ഊഷ്മളമായ ബന്ധങ്ങൾ ഒരു കലാകാരന്റെ ഉള്ളിലെ മനുഷ്യന് മനസിലാക്കാൻ സാധിച്ചത് കൊണ്ടാണ്.അങ്ങനെ എത്ര ബന്ധങ്ങളും നിലപാടുകളുമാണ് ശ്രീധന്യ ഒന്നരമണിക്കൂർ കൊണ്ട് പറഞ്ഞു തീർത്തത്.

നിലപാടുകൾ ഉറക്കെ വിളിച്ചു പറയുന്ന ആവേശമുണർത്തുന്ന പെൺ കാഴ്ചകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അതൊക്കെ നമ്മളിൽ നിന്നും ഒരുപാട് ദൂരെ നിൽക്കുന്ന ഭാവനകളായി മനസ്സിൽ എവിടെയെങ്കിലും ഒക്കെ കുറച്ചുനാൾ പറ്റിപ്പിടിച്ച് പിന്നീട് അങ്ങോട്ട് ഇറങ്ങിപ്പോകാറാണ് പതിവ്. പക്ഷേ സ്ത്രീധന്യയിലെ പെണ്ണുങ്ങൾ അങ്ങനെയൊന്നും ഇറങ്ങിപ്പോകുന്ന കൂട്ടത്തിലല്ല. ഒറ്റനോട്ടം കൊണ്ടുപോലും ഉള്ളിൽ തറച്ചു നിന്നവരാണ്.

പെണ്ണിന്റെ സാമൂഹിക ഇടപെടലുകളും സ്വാതന്ത്ര്യവും അഴിഞ്ഞാട്ടം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഒരു സാമൂഹിക അവസ്ഥയുടെ പൊട്ടക്കിണറിൽ നിന്ന് ശ്രീധന്യ കാറ്ററിങ് സർവീസ് കാണുമ്പോൾ കുറച്ചു പേർക്കെങ്കിലും അവിടെനിന്ന് നടുനിവർത്തി പുറംലോകം കാണണം എന്ന് തോന്നും.കാരണം ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേതു പോലെ ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ട് കരണം നോക്കി പുകയ്ക്കുന്ന രാഷ്ട്രീയമല്ല ശ്രീധന്യ പറയുന്നത്. ആ അടുക്കള കപടമഹോന്നതൻമാരുടെ കവിളിൽ ഓർക്കാപ്പുറത്ത് കൊടുത്ത അസ്സൽ അടി പലരെയും വിറളി പിടിപ്പിച്ചിട്ടുണ്ടാവണം, പലരിലെയും ദുരഭിമാനത്തെ വലിച്ചു പുറത്തെടുത്ത് ചവിട്ടി തേച്ചിട്ടുണ്ടാവണം. പക്ഷേ അന്ന് ഇളക്കിവിട്ട ഈഗോകളെ മുഴുവൻ അതേ പൊതുബോധങ്ങൾക്ക് എതിരെ നടന്നു കൊണ്ട് തന്നെ ശ്രീധന്യ മയപ്പെടുത്തുന്നുണ്ട്.

ഈ ഫുട്ബോൾ ആരവങ്ങൾക്കിടയിൽ ശ്രീധന്യയെക്കുറിച്ച് എഴുതുമ്പോൾ മറ്റൊരു കാര്യം കൂടി കുറച്ച് സങ്കടത്തോടെ ഓർക്കുകയാണ്. രാത്രികാല ആഘോഷങ്ങൾ മുഴുവൻ ആണിനാണെന്ന പൊതുബോധത്തിൽ പെണ്ണിന്റെ രാത്രി യാത്രകളെയും ആഘോഷങ്ങളെയും വിലക്കുന്നവർക്ക് ചെയ്യുന്ന തെറ്റിനെക്കുറിച്ച് ബോധ്യമുണ്ടാവാൻ ഒരുപാട് പുരോഗമന വർഷങ്ങൾ കടന്നു മുന്നോട്ട് പോകണം എന്നില്ല. ഇതുപോലുള്ള ഒരു സിനിമ കണ്ടാൽ മതി.

ഒരു ദിവസത്തെ കഥയിൽ ഒരായിരം ജീവിതങ്ങൾ വച്ചു വിളമ്പി ഒരുപാട് രുചികൾ പരിചയപ്പെടുത്തിത്തന്ന മുഴുക്കുടിയനായ സംവിധായകന് വിപ്ലവാഭിവാദ്യങ്ങൾ. സിനിമയാണെന്ന് കരുതി ഇങ്ങനെയൊക്കെ നാച്ചുറൽ കുടിയനായിട്ട് അഭിനയിച്ചാൽ മികച്ച കുടിയനുള്ള അവാർഡും മികച്ച സംവിധായകനുള്ള അവാർഡും ഒരുമിച്ച് ജിയോ ബേബിക്ക് തന്നെ മേടിച്ചോണ്ട് പോകാം.എന്തു ഭംഗിയാണ് ജിയോ നിങ്ങളുടെ ചിന്തകൾക്കും കാഴ്ചകൾക്കും. ശ്രീധന്യ എനിക്ക് പറഞ്ഞു തീരാത്ത വിശേഷമാണ്. കണ്ടു തന്നെ അറിയേണ്ട അനുഭവങ്ങൾ ചിലതുള്ളതുകൊണ്ട് പറയാതെ ഒതുക്കുന്നു.

🟤


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.