Follow the News Bengaluru channel on WhatsApp

‘അംബേദ്കറുടെ ആശയലോകം’ സമകാലിക പ്രസക്തിയും സാധ്യതകളും – വല്ലപ്പുഴ ചന്ദ്രശേഖരന്‍

കെ.ആര്‍ കിഷോര്‍ എഴുതിയ 'അംബേദ്കറുടെ ആശയലോകം' എന്ന പുസ്തകത്തിന്റെ വായനാനുഭവം

വിജ്ഞാനത്തിനായുള്ള തപസ്യയിലൂടെ, അറിവ് അഗ്‌നിയാണെന്നും അത് അനന്തരതലമുറകളില്‍ പകര്‍ന്നുകൊണ്ട് സമത്വത്തിലൂടെ മുന്നേറുന്ന സമൂഹമായിരിക്കണം ഇന്ത്യന്‍ജനത എന്ന ലക്ഷ്യത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുകയും സൈദ്ധാന്തിക രചനകളും പഠനങ്ങളും സമരപോരാട്ടങ്ങളുമായി സംഭവബഹുലമായ ജീവിതം നയിച്ച അതികായനായിരുന്നു ഡോ. ഭീംറാവു റാംജി അംബേദ്കര്‍.

എന്നാല്‍, ‘ ഇന്ത്യന്‍ഭരണഘടനയുടെ ശില്ലി ‘, ‘അധ:സ്ഥിത ജനതയുടെ വിമോചകന്‍ ‘ എന്ന ഏതാനും പരസ്യവാചകങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു എന്നല്ലാതെ അംബേദ്കറുടെ യഥാര്‍ത്ഥ മഹത്വം വിദ്യാസമ്പന്നരില്‍ പോലും എത്താതിരിക്കാനുള്ള ഒരന്തരീക്ഷമാണ് ഇവിടെ നിലനിന്നിരുന്നത്. മാത്രമല്ല, ദുര്‍ബലവിഭാഗങ്ങളുടെ വിമോചനത്തിനുവേണ്ടി പോരാടിയ അംബേദ്കറെ ഇതുവരെയുള്ള ഭരണകൂടങ്ങള്‍ തങ്ങളുടെ വര്‍ഗഭരണത്തിന് അനുയോജ്യമായ ഒരു നിരുപദ്രവകരമായ പ്രതീകമാക്കി മാറ്റാനാണ് ശ്രമിച്ചിട്ടുള്ളത്. ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യാനുള്ള മഹത്ചിന്തകളെ പശ്ചാത്തലത്തിലേക്ക് തള്ളിവിടുകയും ഭരണഘടനയുടെ ശില്പിയായി മാത്രം ഉയര്‍ത്തിക്കാട്ടുന്നതും അദ്ദേഹത്തിന്റെ പൈതൃകത്തോട് കാണിക്കുന്ന കടുത്ത അനീതിയാണ്.

ഡോ. ഭീംറാവു റാംജി അംബേദ്കര്‍

 

മാനവസമത്വത്തിനെതിരായി സവര്‍ണ്ണ ബ്രാഹ്മണ്യം രൂപപ്പെടുത്തിയ ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനായി അന്ത്യംവരെ സമരംചെയ്ത അംബേദ്കറുടെ ആശയങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ കാലികമായി എങ്ങിനെ വര്‍ത്തിക്കുകയും നിലനില്ക്കുകയും ചെയ്യുന്നു എന്ന അന്വേഷണങ്ങള്‍ വ്യക്തമായ സമീപനത്തോടെ ലളിതമായും സംക്ഷിപ്തവുമായും വായനക്കാരിലേക്ക് എത്തിക്കുക എന്ന അഭിനന്ദനീയദൗത്യമാണ് ശ്രീ.കെ.ആര്‍ കിഷോര്‍ തന്റെ ‘അംബേദ്കറുടെ ആശയലോകം’ എന്ന പുസ്തകരചനയിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്.

രാഷ്ട്രീയഗതിമാറ്റങ്ങളിലെ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സമകാലിക അവസ്ഥകളില്‍ അംബേദ്കറുടെ ആശയങ്ങളുടെ ‘തുറന്നെഴുത്തുകള്‍’ആമുഖത്തില്‍ ഗ്രന്ഥകാരന്‍ കരുതുന്നതുപോലെ അംബേദ്കര്‍ കൂടുതല്‍ ജനകീയനായിക്കൊണ്ടിരിക്കുന്ന കാലത്ത് ഈ കൃതിയുടെ പ്രസക്തി തീര്‍ച്ചയായും വര്‍ദ്ധിക്കുകയാണ്എന്ന് ഉറപ്പിച്ചുപറയാം.

ഈ പുസ്തകത്തിന്റെ സ്വതന്ത്രവായനാനുഭവവും അതോടൊപ്പമുയര്‍ന്നുവന്ന ചില അഭിപ്രായങ്ങളുമാണ് ഞാനിവിടെ പങ്കുവെക്കുന്നത്.

‘വിവിധ ശ്രേണികളുമായി കിടക്കുന്ന ജനതയ്ക്കു ഭിന്നതാല്‍പര്യങ്ങളുണ്ടാവുമെന്നും, അവയെല്ലാം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമ്പോള്‍, അതിനുള്ളിലെ ഉപരിവര്‍ഗ്ഗത്തിന്റെ മൃഗീയതകള്‍ ദുര്‍ബ്ബലവിഭാഗങ്ങള്‍ സഹിക്കേണ്ടിവരുമെന്നും ന്യായമായും സംശയിക്കാം” അംബേദ്കറുടെ ഈ വാക്കുകളും അവയിലെ മൂല്യങ്ങളും നിരാകരിക്കുന്നതിതില്‍ വന്നുചേര്‍ന്നിട്ടുള്ള സാമൂഹ്യ അപചയങ്ങള്‍ പുസ്തകം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തിന്റെ അമൃത് വര്‍ഷത്തിലും ദളിത് – ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഇന്നും ശക്തിയായി തുടരുകയാണല്ലോ .

ഉന്നതജാതിക്കാരുടെ കുടിവെള്ളമുപയോഗിച്ചു ദാഹശമനം വരുത്തിയ ‘അപാരകുറ്റത്തി’ന് രാജസ്ഥാനിലെ ഗ്രാമത്തില്‍ ഒരു ദളിത് വിദ്യാര്‍ത്ഥി സ്‌കൂള്‍ പ്രിന്‍സിപ്പാളുടെ ക്രൂരമര്‍ദ്ധനമേറ്റ് മരണമടഞ്ഞു. കര്‍ണ്ണാടക ചിക്കബല്ലാപ്പൂരിലെ ഗുഡിബംണ്ഡെയിലെ ഒരു ദളിത് കുടുംബത്തിന് ക്ഷേത്രം സെക്രട്ടറി വിവാഹാനുമതി നിഷേധിച്ചു. തമിഴ്‌നാട്ടില്‍ ദളിതര്‍ ക്ഷേത്രം ആശുദ്ധിയാക്കിയെന്ന പേരില്‍ ശുദ്ധികലശവും പുത്തന്‍ ചായമടിച്ചതിന്റെ ചെലവുകളും പിഴയായി നല്‍കേണ്ടിവന്നു. മതം മാറുന്ന പട്ടികജാതി വര്‍ഗക്കാര്‍ക്ക് സംവരണാനുകൂല്യം നിഷേധിക്കണമെന്ന് വിശ്വഹിന്ദുപരിഷത് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. ഇക്കഴിഞ്ഞ ദിവസം യുപിയില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. ജാതിശ്രേണിമേധാവിത്ത ചിന്താധാരകളും സാമൂഹിക വൈവിധ്യങ്ങളോടുള്ള വിരോധവും  സ്പര്‍ദ്ധകളുമാണ് മേൽപ്പറഞ്ഞതിനെല്ലാം ഹേതുക്കൾ.

‘ചൂഷണം സമൂഹത്തില്‍ സാധ്യമാകുന്നത് ഭൗതിക സാഹചര്യങ്ങളിലൂടെയാണെന്നും അതിനു ഭൗതിക മാറ്റം വരുത്താതെ സാമൂഹിക ചൂഷണം സഹകരണത്തിലൂടെയും ധാര്‍മിക സദാചാരത്തിനിടയും പരിഹരിക്കപ്പെടുമെന്ന വാദം കേവലം ആശയവാദമാണെന്നും, ജനാധിപത്യ സംസ്‌കാരം വളര്‍ന്നു വികസിക്കുന്നതോടെ രക്തച്ചൊരിച്ചില്‍ ഇല്ലാതെ തന്നെ സാമൂഹിക വിപ്ലവങ്ങള്‍ സാധ്യമാകുന്നുവെന്ന് കമ്യൂണിസ്റ്റുകാരും തെളിയിച്ചുകൊണ്ടിരിക്കുന്ന സമീപകാലത്ത്, അംബേദ്കറുടെ കമ്യൂണിസ്റ്റ് വിമര്‍ശനം യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ല” കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ വര്‍ഗസമരപ്രത്യയശാസ്ത്രവും ജാതിവ്യവസ്ഥിതിക്കെതിരായ അംബേദ്കറുടെ പ്രത്യയശാസ്ത്രവും തമ്മിലുള്ള ആശയഭിന്നതകളും വിവിധതലത്തില്‍ ചര്‍ച്ചചെയ്യന്ന ‘അംബേദ്കറും കമ്മ്യുണിസവും’ എന്ന അദ്ധ്യായം ഈ പുസ്തത്തിലെ പ്രാധാന വിഷയമാണ്.

പാര്‍ടിയുടെ നിലപാടുകളും, സ്വയംവിമര്‍ശനങ്ങളും, 1964 ലെ സി.പി.എം. പാര്‍ടി പരിപാടികളും, ഔദ്യോഗിക രേഖകകളുമടങ്ങുന്ന ഒന്നുരണ്ടു വസ്തുതകള്‍ ഞാനിവിടെ സൂചിപ്പിക്കട്ടെ.

കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല വീക്ഷണങ്ങള്‍ക്ക് മുപ്പതുകളുടെ ആരംഭംവരെയെങ്കിലും ഒരു സെക്ടേറിയന്‍ ചായവ് ഉണ്ടായിരുന്നു. 1935 ല്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഏഴാം കോണ്‍ഗ്രസില്‍ ജോര്‍ജ് ദിമിത്രോവ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ”ഇന്ത്യയുടെ പ്രത്യേക സ്വഭാവത്തില്‍ പെട്ടതാണ് ജാതീവ്യവസ്ഥയും വര്‍ഗീയവിഭജനവും. ഓരോ രാജ്യത്തിന്റെയും സവിശേഷതകളുടെ ഫലമായുള്ള പരിത:സ്ഥിതികള്‍ പ്രത്യേകം കണക്കിലെടുക്കാതെ വിട്ടുകളഞ്ഞത് ശരിയല്ല” എന്നു പറഞ്ഞിട്ടുണ്ട്.

ജാതിരഹിത ഇന്ത്യന്‍ സമൂഹത്തെ സ്വപ്നം കാണുകയും ആ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച മഹാനായ അംബേദ്കര്‍ക്ക് ആദരണീയസ്ഥാനം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ടി എന്നും നല്‍കിയിട്ടുണ്ട്. എന്നാല്‍, കമ്മ്യൂണിസ്റ്റുകാരോടുള്ള അംബേദ്കറുടെ വിരോധവും കടുത്തതായിരുന്നു. ”കമ്മ്യൂണിസ്റ്റുകാരെ സൂക്ഷിക്കണമെന്നും അവര്‍ ചക്കരക്കഷണത്തില്‍ അന്യോന്യം ആക്രമിക്കുന്ന ഉറുമ്പുകളെപ്പോലെയാണ്” എന്ന് അനുയായികളോട് പറയുന്ന തരത്തിലുള്ളതായിരുന്നു അത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേരുന്ന അയിത്തജാതിക്കാര്‍ക്കെതിരെ ജാതിവിലക്ക് കല്‍പ്പിക്കുകയോളം ആഴത്തിലുള്ളതായിത്തീര്‍ന്നു അംബേദ്കറുടെ കടുത്ത കമ്മ്യൂണിസ്റ്റുവിരോധം. വിലക്കിനിരയായവരുടെ കൂട്ടത്തില്‍ അംബേദ്കറുടെ ആദ്യകാല സമരങ്ങളിലെ കൂട്ടാളിയായിരുന്ന ആര്‍.ബി.മോറെ ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരായി ജാതിയോ സമുദായമോ നോക്കാതെ എല്ലാ തൊഴിലാളികളെയും ജാതി വര്‍ഗീയ പ്രശ്‌നത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ നവീനങ്ങളായ വീക്ഷണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഒന്നിപ്പിക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ആവശ്യപ്പെട്ടത്. കമ്മ്യൂണിസ്റ്റു വിപ്ലവമനസ്ഥിതിയോട് അംബേദ്കര്‍ അനുഭവം കാട്ടിയിരുന്നില്ല. മാത്രമല്ല തൊഴിലാളിവര്‍ഗ്ഗഐക്യം എന്ന മുദ്രാവാക്യം തന്നെ വഞ്ചനാപരമാണെന്നും അത് ദളിത് ഐക്യത്തെ ദ്രോഹിക്കുന്നതാണെന്നും അംബേദ്കര്‍ അഭിപ്രായപ്പെട്ടു. 1937 -ല്‍ മാസൂറില്‍ നടന്ന ദളിത് സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ‘കമ്യൂണിസ്റ്റുകാരുമായി ബന്ധം നിലനിര്‍ത്താന്‍ എനിക്കൊരിക്കലും സാധ്യമല്ല. ഞാന്‍ അവരുടെ വഴങ്ങാത്ത ശത്രുവാണ്. ”അംബേദ്കര്‍ പ്രഖ്യാപിച്ചു. എന്നാൽ കമ്യൂണിസ്റ്റ്കാരോട് അഗാധമായ അവിശ്വാസവും ശത്രുതയുമുണ്ടായിരുന്നെങ്കിലും പൊതുവായ പ്രശ്‌നങ്ങളില്‍ യോജിച്ച സമരങ്ങള്‍ അന്ന് അദ്ദേഹം തള്ളിക്കളഞ്ഞില്ല. (പ്രമുഖ മാക്‌സിസിസ്റ്റുചിന്തകന്‍ പി. പി. സാന്‍സ്ഗിരി. ‘അംബേദ്കറും ജാതി വ്യവസ്ഥയും എന്ന പുസ്തകം-ചിന്ത പബ്ലിഷേര്‍സ്)

ജാതിവ്യവസ്ഥയുടെ ഉന്മൂലനസമരങ്ങളോടുള്ള പാര്‍ടിയുടെ നിലപാട് 1946ല്‍ തന്നെ ഇ.എം എസ് നമ്പൂതിരിപ്പാട് വ്യകതമാക്കിയിട്ടുണ്ട്. പുലയമഹാസഭയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന വമ്പിച്ച സമ്മേളനത്തെ തുടര്‍ന്ന് എഴുതിയ ഒരു ലേഖനത്തില്‍ ‘പുലയമഹാസഭയെയും അതുപോലുള്ള മറ്റധഃകൃത ബഹുജനസംഘടനകളെയും സഹോദരസംഘടനകളായി പാര്‍ട്ടി കണക്കാക്കുന്നു. അവരുടെ അവശതകള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ അവരെ എതിര്‍ക്കുന്നത് ഈ സമുദായങ്ങളെ പൊതുജനകീയപ്രസ്ഥാനത്തില്‍ നിന്നകറ്റുന്നതിനു തുല്യമായിരിക്കുമെന്നും പാര്‍ട്ടി വിശ്വസിക്കുന്നു. അംബേദ്കറുടെ നേതൃത്വത്തിലുള്ള പട്ടികജാതി ഫെഡറേഷന്റെ ഇടയില്‍ ബോംബെ സംസ്ഥാനത്തില്‍ മാത്രമല്ല ഇന്ത്യയില്‍ എല്ലായിടത്തും അംബേദ്കര്‍ക്ക് വമ്പിച്ച സ്വാധീനമുണ്ട്. എന്നാല്‍ അവര്‍ സാമുദായികാടിസ്ഥാനത്തില്‍ സംഘടിച്ചാല്‍ മാത്രം പോരാ വര്‍ഗ്ഗാടിസ്ഥാനത്തില്‍ കൂടി സംഘടിക്കേണ്ടതാണ് -(‘ Ems സമ്പൂര്‍ണ്ണ കൃതികള്‍ സഞ്ചിക 7 P-78-81)

1964 ഒക്ടോബറില്‍ ചേര്‍ന്ന സി.പി.ഐ (എം) ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പാര്‍ട്ടി പരിപാടിയില്‍ പറയുന്നു. ”ജാതീയമര്‍ദനം അവസാനിപ്പിക്കുന്നതിലും ബൂര്‍ഷ്വാ-ഭൂപ്രഭു വ്യവസ്ഥ പരാജയപ്പെട്ടിരിക്കുകയാണ്. പട്ടികജാതിക്കാരാണ് ഏറ്റവുമധികം കെടുതികള്‍ അനുഭവിക്കുന്നത്. അയിത്താചരണവും വിവേചനത്തിന്റെ മറ്റുരൂപങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടും ദളിതര്‍ അവയ്ക്ക് വിധേയരാകുകയാണ്. സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നു എന്ന നിലയില്‍ ദളിതരുടെ മുന്നേറ്റത്തിന് ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. ജാതി അടിസ്ഥാനത്തില്‍ വിഭജിതമായ സമൂഹത്തില്‍ പിന്നോക്ക ജാതിക്കാരുടെ അവകാശങ്ങള്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു”. 21-ാം പാര്‍ടി കോണ്‍ഗ്രസ് തുടര്‍ന്നും വ്യക്തമാക്കിയിട്ടുണ്ട്.

സിതാറാം യെച്ചൂരി 1997ല്‍ പി.സുന്ദരയ്യ അനുസ്മരണം പ്രഭാഷണത്തിലെ ഏതാനും ഭാഗം ഗ്രന്ഥകാരൻ ഈ പുസ്തകത്തില്‍ ഉദ്ധരിച്ചിക്കുന്നതിൽ നിന്ന്. ”ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പാതയിലുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് അവരുടെ ലക്ഷ്യസാക്ഷാത്കാരത്തിനായി അദ്ധ്വാനിക്കുന്നവരുടെ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. ജാതിയെ വര്‍ഗ്ഗത്തിനെതിരായി പ്രതിഷ്ഠിക്കുന്ന മിഥ്യാവാദത്തെ തള്ളിക്കളയണം. P – 79

അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികവേളയില്‍ സി.പി.എം പോളിറ്റ് ബ്യൂറോഅംഗം ബി. വി. രാഘവുലു ‘അംബേദ്കര്‍ ചിന്തയുടെ സമകാലിക പ്രസക്തി ‘എന്ന ലേഖനത്തിലെ ഏതാനും വരികളും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കാം.

‘അംബേദ്കറുടെ അടിസ്ഥാന പ്രത്യയശാസ്ത്രവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും തികച്ചും വിപരീത ധ്രുവങ്ങളാണെങ്കിലും, ജാതി വിവേചനം തിരിച്ചറിയുകയോ ചെറുക്കുകയോ ചെയ്യുന്നതിലല്ല കമ്മ്യൂണിസ്റ്റുകാരുടെ ദൗര്‍ബല്യം. ജാതി ഉന്മൂലനത്തിനും വര്‍ഗഉന്മൂലനത്തിനുമുള്ള സമരങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധം മനസ്സിലാക്കുന്നതിലാണ്. വര്‍ഗങ്ങളുടെ ഉന്മൂലനം ജാതിവ്യവസ്ഥയെ സ്വയമേവ ഉന്മൂലനം ചെയ്യുമെന്ന ഏകമാന ചിന്തയിലുമാണ് അത് കിടക്കുന്നത് അംബേദ്കറുടെ ആശയങ്ങള്‍ വികസിപ്പിച്ച്, ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടുന്നതിലും ദളിതരുടെയും മറ്റ് ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമത്തിനായാണ് കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് പോകുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ദളിതരുടെയും മറ്റ് ദുര്‍ബല വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു മുന്നോട്ട്‌കൊണ്ടുപോകാനും കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു വിഭാഗം ദളിത് ബുദ്ധിജീവികള്‍ക്ക് ഇപ്പോളും തങ്ങളുടെ മാര്‍ക്സിസം വിരുദ്ധത കുടഞ്ഞുകളയാനാവുന്നില്ല. തുടരുന്ന ജാതി അസമത്വങ്ങളും മുതലാളിത്ത വ്യവസ്ഥയും തമ്മിലുള്ള രൂഢമൂലമായ ബന്ധം അവരില്‍ പലരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ‘ (People Democracy19th may2016)

‘ആധുനിക ഇന്ത്യയുടെ രൂപകല്‍പ്പന’ എന്ന അദ്ധ്യായം ചൂടേറിയ വിവാദങ്ങളും ചര്‍ച്ചകളുമായി മുന്നേറുന്ന സമീപകാല സംവരണ വിവാദങ്ങളുമായി കണ്ണി ചേരുന്നതാണ്. സംവരണം എന്ന വിഷയത്തില്‍

” വിദ്യാഭ്യാസപരമായും സാമൂഹികമായും ഉണ്ടാവുന്ന വര്‍ഗപരമായ പിന്നോക്കാവസ്ഥയെയാണ് സംവരണത്തിനു പരിഗണിക്കുന്നതെന്നും പിന്നോക്കാവസ്ഥമാത്രം നിലനില്‍ക്കുന്നവര്‍ക്കോ ദാരിദ്ര്യപരിഹാരമായോ സംവരണം ആവശ്യപ്പെടുന്ന പുതിയ രാഷ്ട്രീയ സാഹചര്യം വര്‍ത്തമാനകാലത്ത് ഉയര്‍ന്നുവരുന്നുണ്ട്. പിന്നോക്കാവസ്ഥ ഏതായാലും അതു പരിഹരിക്കപ്പെടേണ്ടതാണ് എന്ന വിഷയത്തില്‍ തര്‍ക്കമില്ല” ലേഖകന്‍ നിലനില്‍ക്കുന്ന സംവരണ സംവിധാനത്തെ കൃത്യമായി വിലയിരുത്തുന്നുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എല്ലാവര്‍ക്കും 10% സംവരണം ഉറപ്പാക്കുന്ന ഭരണഘടനയുടെ 163 മൂന്നാം ഭേദഗതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പുതിയ സംവരണ നിയമം സുപ്രീം കോടതി ഭിന്നവിധിയിലൂടെ ഈയിടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സംവരണത്തിന്റെ ഉപഭോക്താക്കള്‍ നല്ലൊരു വിഭാഗം. ഉന്നതജാതി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ തട്ടിയെടുക്കാനാണ് സാധ്യത . സാമ്പത്തിക സംവരണങ്ങള്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതും വരുമാനപരിധി താഴ്ത്തി നിശ്ചയിച്ചുള്ളതുമായിരിക്കണം സംവരണത്തിന്റെ വിഹിതം തങ്ങള്‍ക്ക് ലഭിക്കണമെന്ന് തോന്നുന്ന ഒരു നിയോജകമണ്ഡലമുണ്ട് – ഹിന്ദു മേല്‍ജാതിക്കാര്‍ – തെരഞ്ഞെടുപ്പുകാലത്ത് ഏറെ പ്രസക്തിയുള്ള സമ്മാനമാണിത്. ഇതില്‍ വ്യക്തമായ ഒരു രാഷ്ട്രീയ നാടകമുണ്ട്.

ഈ അദ്ധ്യായത്തിലൂടെ കടന്നുപോകുമ്പോള്‍, ഭരണഘടന തയ്യാറായവേളയില്‍ അംബേദ്കര്‍ നടത്തിയ ഒരു അഭിപ്രായം പ്രമുഖ ഭരണഘടനാവിദഗ്ദന്‍ ഡോ: എം.വി.പൈലി ‘ഉദ്ധരിക്കുന്നത് ശ്രദ്ധിക്കാം. ‘പുതിയ ഭരണഘടനയ്ക്ക് കീഴില്‍ കാര്യങ്ങള്‍ തകരാറിലാവുകയാണെങ്കില്‍ അതിന് കാരണം നമുക്ക് ഒരു പ്രയോഗക്ഷമമല്ലാത്ത ഭരണഘടന ഉണ്ടായതുകൊണ്ടായിരിക്കയില്ല എന്നെനിക്ക് തീര്‍ച്ചയുണ്ട്. മനുഷ്യന്‍ കുഴപ്പക്കാരനായതുകൊണ്ടാണെന്നു മാത്രമേ അപ്പോള്‍ പറയാന്‍ കഴിയുകയുള്ളൂ.’ ഇന്ത്യന്‍ ഭരണഘടന. P-17

 

ഭരണഘടനാ ജനാധിപത്യം നിലനില്‍ക്കുമ്പോഴും ചാതുര്‍വ്വര്‍ണ്ണ്യ ജാതിക്രമം മനുഷ്യരെ ഹീനരായി പുറംതള്ളിയ മനുസ്മൃതിയാണ് തങ്ങളുടെ യഥാര്‍ത്ഥ ഭരണഘടനയെന്നു ഉദ്‌ഘോഷിക്കുകയും ഭരണഘടന മാറ്റിയെഴുതാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവര്‍ ഇന്ന് സജീവമാണ് എന്നത് അംബേദ്കറുടെ ഈ സുചകങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

‘ശുദ്രര്‍ ആരായിരുന്നു? ധിഷണാത്മകമായ ഈ വിഷയം ‘അംബേദ്കറുടെ ആശയലോക’ത്തില്‍ ഉള്‍പ്പെടുത്തിയത് തികച്ചും പ്രസക്തമാണ്.

ഭക്തിയെ മറയാക്കി ആദ്യത്തെ നുണപ്രചരിപ്പിക്കാനായി. മനുഷ്യനെ വിഘടിപ്പിക്കാനും വിഭജിക്കാനും ദുര്‍ബ്ബലരാക്കാനും അതിലൂടെ ചൂഷണം ചെയ്യാനുമുള്ള കൗശലങ്ങളുടെ ഭണ്ഡാരമാണ് വേദങ്ങളെന്നാണ് അംബേദ്കറുടെ നിലപാട്. ജാതി, ദൈവസൃഷ്ടിയാണെന്നും അത് അലംഘനീയമാണെന്നും സ്ഥാപിക്കുന്നതിലൂടെ ഈ ചാതുര്‍വര്‍ണ്ണ്യം ഇക്കാലമത്രയും നിലനിര്‍ത്താന്‍ കഴിഞ്ഞത് അതിബൗദ്ധികമായ ആസൂത്രണത്തിലൂടെയാണ്.

‘ശൂദ്രര്‍ ആരായിരുന്നു’ എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ അംബേദ്കര്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാം.”ശൂദ്രര്‍ ആരായിരുന്നുവെന്നും എങ്ങനെയാണവര്‍ നാലാം വര്‍ണമാകാന്‍ ഇടയായതെന്നും കണ്ടെത്താനുള്ള ഏതുശ്രമവും ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലെ ചാതുര്‍വര്‍ണ്യത്തിന്റെ ഉത്ഭവം മുതല്‍ തുടങ്ങണം. ശൂദ്രര്‍ നാലാം പരിണാമത്തിന്റെ ഫലമായിരുന്നുവോ, അതല്ല, വിപ്ലവത്തിലൂടെ സംഭവിച്ചതായിരുന്നുവോ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്”

ചാതുര്‍വര്‍ണ്യവും അതിനും താഴത്തുള്ള അസ്പൃശ്യതയുടെയും സങ്കീര്‍ണ്ണമായ അയിത്താചാരങ്ങളുമായി ബന്ധപ്പെട്ട് അംബേദ്കറുടെ പഠനങ്ങള്‍ പ്രതിപാദിക്കുന്ന അശുദ്ധിയും അയിത്തവും, അയിത്തജാതിക്കാര്‍, ജാതിനശീകരണം എന്നീ അദ്ധ്യായങ്ങളില്‍ ഈ വിഷയങ്ങള്‍ ഗഹനമായി നിരീക്ഷിക്കുന്നുണ്ട്. ‘മനുഷ്യര്‍ മനുഷ്യരോടു ചെയ്യുന്ന അതിപൈശാചികമായ മനുഷ്യരാഹിത്യമാണ് ജാതി’ എന്നു പറയുന്ന അംബെദ്കര്‍ സകല അഭിവാഞ്ചകളേയും നിയന്ത്രിക്കുന്നത് സാമ്പത്തിമാണെന്ന സോഷ്യലിസ്റ്റ് ധാരണകളൊട് വിയോജിച്ചുകൊണ്ട് ‘മനുഷ്യ സമുദായത്തിന്റെ ഒരേയൊരു ശക്തി സാമ്പത്തികമാണെന്ന് ഒരു വിദ്യാര്‍ത്ഥിയ്ക്കും അംഗീകരിക്കാനാവില്ല’ (P-117) എന്ന അംബേദ്കറുടെ നിലപാടുകള്‍ ‘ജാതി നശീകരണം’ എന്ന അദ്ധ്യായത്തിലൂടെ ഗ്രന്ഥകാരന്‍ സ്പഷ്ടമാക്കുന്നു.

അംബേദ്കറുടെ ഒട്ടനവധി ഉദ്ദരണികളും സംജ്ഞകളുമായി സംപുഷ്ടമാണ് ഈ ഗ്രന്ഥം. മാത്രമല്ല, കൂടുതല്‍ ആഴത്തിലുള്ള അംബേദ്കര്‍ വായനകളിലേക്കും സാമൂഹ്യവിപ്ലവചിന്തകള്‍ക്കും ഈ പുസ്തകം പ്രചോദനമാണ്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.