Follow the News Bengaluru channel on WhatsApp

ഇൻസ്റ്റലേഷൻ

ചെറുകഥ 🟡 നവീൻ എസ്

“സാറിവിടെ നിന്നോളി…ഞാമ്പോയി വണ്ട്യായിട്ട് വരാ..”

പ്രീപെയ്ഡ് ടാക്സി കൌണ്ടറില്‍ നിന്നും വാങ്ങിയ റസീറ്റ് ചെറുപ്പക്കാരന് നല്‍കിയിട്ട് കുമാരേട്ടന്‍ ടാക്സി സ്റ്റാന്‍ഡിന് നേരെ ഓടി.

കൊയിലാണ്ടിക്കാരനായ കുമാരേട്ടന്‍ ടാക്സി ഓടിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടാവുന്നു. ഡ്രൈവിങ്ങില്‍ കമ്പം കയറി ചെറുപ്പത്തിലേ ബോംബെക്ക് നാട് വിട്ട അപ്പുണ്ണി ഡ്രൈവറുടെ മകന്‍ ഡ്രൈവറായില്ലെങ്കിലേ അദ്ഭുതമുള്ളുവെന്നാണ് നാട്ടുകാരുടെ പക്ഷം. ആകെയുള്ള വീടും പറമ്പും കെട്ടിച്ചയച്ച പെണ്മക്കളുടെ പേരില്‍ എഴുതി വെച്ചിട്ട് അച്ഛന്‍ പോയപ്പോള്‍, ഇരുപതാം വയസ്സില്‍ കുമാരേട്ടനും വീടു വിട്ടിറങ്ങി. ഓഹരിയായി കിട്ടിയ ഒരു തുണ്ട് തരിശു നിലം വിറ്റ് വാങ്ങിയ എഴുപത് മോഡല്‍ അംബാസഡര്‍ കാറായിരുന്നു ഏക സമ്പാദ്യം. നീണ്ടു നിവര്‍ന്നു കിടന്ന റോഡുകളിലായിരുന്നു പിന്നീടങ്ങോട്ടുള്ള അയാളുടെ ജീവിതം. കേരളത്തിനകത്തും പുറത്തുമായി ഒരുപാട് സഞ്ചരിച്ചു. ഒടുവില്‍ തൊള്ളായിരത്തി എമ്പത്തെട്ടില്‍ കരിപ്പൂര്‍ വിമാനത്താവളം വന്നപ്പോള്‍ കുമാരേട്ടനും വണ്ടിയും അവിടുത്തുകാരായി.

 

കുമാരേട്ടന്‍ കാറുമായി എത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ മാറി നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഡിക്കി തുറന്ന് പെട്ടി അകത്തേക്ക് വെക്കാന്‍ തുടങ്ങുമ്പോഴാണ് “ഏയ്‌….” എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ട് അയാൾ ഓടി വന്നത്.

“പെട്ടി താഴെ വെക്കെടോ….” അതൊരലര്‍ച്ചയായിരുന്നു.

കയ്യിലെടുത്ത പെട്ടി കുമാരേട്ടന്‍ താഴെ വെച്ചു പോയി.

“ഈ പാട്ട വണ്ടീലൊന്നും ഞാൻ കേറില്ലാ…”

“സാറെ…..കാണുമ്പോലല്ല. വണ്ടി നല്ല കണ്ടീശനാ…ഞാനങ്ങനെ കൊണ്ട് നടക്കുന്നതാ. പിന്നെ, ഇതിലിപ്പോ ഏസീം പാട്ട്വോക്കെണ്ട് സാറേ…”

കാശുണ്ടായിട്ടല്ല, സ്റ്റാന്‍ഡിലെ മറ്റുള്ളോരു ഏറെ നിര്‍ബന്ധിച്ചിട്ടാണ്, ഇന്‍ഷുറന്‍സ് അടക്കാന്‍ വെച്ചതും കടം വാങ്ങിയതും കൂടെ ചേര്‍ത്ത്, കഴിഞ്ഞ മാസം ഏസീം സ്റ്റീരിയോ പ്ലയറും വെപ്പിച്ചത്.

“അയാള്‍ടെ ഏസീം പാട്ടും….”

ചെറുപ്പക്കാരന്‍ മുഖം വെട്ടിച്ച് കൌണ്ടറിന് നേരെ നടന്നു.

“എനിക്കാ പാട്ട കാറ് വേണ്ടാ. സെഡാന്‍ ഏതെങ്കിലും വേണം.”

“സര്‍…അത്…പ്രീപെയ്ഡ് ടാക്സി ആവുമ്പോ അതിങ്ങനെ ഒരു ഓര്‍ഡറിലാ ബുക്ക് ആവുന്നെ. ഒരു തവണ ചെയ്താ പിന്നെ വണ്ടി മാറ്റാനാവൂല്ല.”

കൌണ്ടറില്‍ ഇരിക്കുന്ന പയ്യന്‍ നിസ്സഹായത പ്രകടിപ്പിച്ചു.

“ഓക്കെ… എന്നാ വേണ്ട. എന്‍റെ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തെക്ക്. എനിക്ക് നിങ്ങൾടെ വണ്ടി വേണ്ട…പോരേ.”

“വേണ്ട സാറേ…ക്യാന്‍സല്‍ ചെയ്യണ്ടാ… സാറിന് എന്‍റെ വണ്ടീല്‍ പോകാം.”

തിരിഞ്ഞു നടക്കാനൊരുങ്ങിയ ചെറുപ്പക്കാരന് മുന്നിലേക്ക് ഹുസൈന്‍ കയറി നിന്നു.

“ഏതാ തന്‍റെ കാര്‍?”

ചെറുപ്പക്കാരന്‍ നെറ്റി ചുളിച്ചു.

“ഏറ്റിയോസാ.. പുത്യേ വണ്ട്യാ”

ചെറുപ്പക്കാരനൊന്ന് അമര്‍ത്തി മൂളി.

“സമീറെ….സാറിന്‍റെ റസീറ്റിലാ വണ്ടി നമ്പറൊന്ന് മാറ്റി കൊട്ത്താ.”
കാര്‍ എടുക്കാനായി പോകുന്നതിനിടയില്‍ ഹുസൈന്‍ വിളിച്ചു പറഞ്ഞു.

“എന്താ കുമാരേട്ടാ…ഇതിപ്പോ എത്രാമത്തെ തവണയാ…”

ഒരു തളര്‍ന്ന ചിരി പാസാക്കിയതല്ലാതെ ഹുസ്സൈന്‍റെ ചോദ്യത്തിന് അയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല.

ഹുസൈന്‍ ചോദിച്ചത് ശര്യാണ്. ഈ ആഴ്ചയില്‍ തന്നെ ഇതിപ്പോ നാലാമത്തെ തവണയാണ്. ദൂരേക്കുള്ള ഓട്ടം കിട്ടാറേയില്ല. കൂടിപ്പോയാല്‍ കിട്ടുക കൊണ്ടോട്ടിക്കോ രാമനാട്ടുകരക്കോ ഉള്ള ബസ്‌ സ്റ്റാന്‍ഡ്‌ ഓട്ടമാണ്. അതും കൊണ്ട് എത്ര നാള്‍ പിടിച്ചു നില്‍ക്കാനാവും.

 

തണലില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ചായ്ച്ചു വെച്ച മുന്‍സീറ്റില്‍ കുമാരേട്ടന്‍ കണ്ണുകളടച്ച്‌ ചാരി കിടന്നു.

എല്ലാരും പറയുന്നത് പോലെ കാര്‍ മാറ്റാതെ വേറെ വഴിയില്ലെന്ന് കുമാരേട്ടനും നന്നായറിയാം. മൂന്നു സെന്‍റ് സ്ഥലം വാങ്ങിച്ച് വീട് കെട്ടാനായി സൊസൈറ്റിയിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങി കുടിശ്ശികയായി കിടക്കുമ്പോഴാണ് മോളെ കെട്ടിക്കാനായി സെക്രട്ടറിയുടെ കയ്യും കാലും പിടിച്ചു ഒരു ലക്ഷം കൂടെ വാങ്ങിച്ചത്. അതിന്‍റെ മാസത്തവണ പോയിട്ട് പലിശ പോലും അടക്കാന്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സെക്രട്ടറി പറയുകയും ചെയ്തു:

“വീടും പറമ്പ്വേ ഇങ്ങള കയ്യിലുള്ളു കുമാരേട്ടാ. അതിന്‍റെ ബുക്കും പേപ്പറും ഞാള കയ്യിലാ. അതോർമ്മണ്ടായാ നന്ന്.”

ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും പറഞ്ഞതിന്‍റെ കാര്യ ഗൗരവം കുമാരേട്ടന് നന്നായി അറിയാം. അത് കൊണ്ട് ഇനി ലോണെന്നും പറഞ്ഞ് സൊസൈറ്റിയുടെ പടി ചവിട്ടാന്‍ പറ്റില്ല. അല്ലെങ്കിൽ പിന്നെ ഹുസ്സൈനും ബാബുവുമൊക്കെ എടുത്ത പോലെ ‘മോഡി ലോൺ’ കിട്ടാനുള്ള വഴി നോക്കണം. പത്തു ലക്ഷം വരെയുള്ള ലോണിന് ഈടൊന്നും വെക്കണ്ടത്രേ. മാത്രവുമല്ല, തിരിച്ചടക്കാൻ പറ്റിയില്ലെങ്കിൽ എഴുതി തള്ളിക്കോളുമെന്നാണ് കേട്ടത്.

പുതിയ കാര്‍ വാങ്ങിയാലും കുമാരേട്ടൻ അമ്പാസഡർ വിൽക്കില്ല. പണ്ട് വീട് വിട്ടിറങ്ങിയ കാലത്ത് കുറെ കാലം ആ കാറായിരുന്നു അയാളുടെ വീട്. അതിൽ ഓടിത്തീര്‍ത്ത പകലുകളും അതിനകത്ത് തന്നെ ഉറങ്ങിത്തീര്‍ത്ത രാവുകളും എത്രയാണെന്ന് അയാള്‍ക്ക്‌ തന്നെ നിശ്ചയമില്ല. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു ചിങ്ങത്തില്‍ കല്യാണിയമ്മയെ ആ കാറിന്‍റെ മുന്‍സീറ്റില്‍ ഇരുത്തിയാണ് കുമാരേട്ടന്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നത്. പിന്നീട് അവരെയും മക്കളെയും കൊണ്ട് നാടാകെ ചുറ്റിയതും ആ കാറിലാണ്. കഴിഞ്ഞ കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് പനി പിടിച്ചു തളര്‍ന്ന് കിടന്ന കല്യാണിയമ്മയെയും കൊണ്ട് ആശുപത്രികള്‍ തോറും കയറി ഇറങ്ങിയതും ഒടുവില്‍ തണുത്ത് വിറങ്ങലിച്ച അവരുടെ ശരീരം വീട്ടിലേക്കു കൊണ്ട് വന്നതും അതേ കാറിലാണ്. ആ കാറിനെ അയാള്‍ക്ക് ഉപേക്ഷിക്കാനാവില്ല.

അടുപ്പിച്ച് രണ്ടു വട്ടം നെഞ്ച് വേദന വന്നതോടെ ഇനി ഡ്രൈവിംഗ് തീരെ വേണ്ടെന്ന് സൈമണ്‍ ഡോക്ടര്‍ തീര്‍ത്ത് പറഞ്ഞതാണ്. ഇടക്കിടെ കാലിൽ നീര് കെട്ടി ആക്സിലേട്ടറും ക്ലച്ചും ചവിട്ടാന്‍ പറ്റാതാവുമ്പോൾ മരുമകന്‍ സതീശനാണ് വണ്ടിയെടുക്കാറ്. ഇനിയും അവനൊരു സ്ഥിരം പണിയാവാത്തതിന്റെ പ്രയാസം അവന്‍റെ അമ്മയും തന്‍റെ ഇളയ പെങ്ങളുമായ സുശീലക്കുണ്ടെന്ന് കുമാരേട്ടനറിയാം. പുതിയ വണ്ടി വന്നാൽ അവന്‍ ഓടിക്കട്ടെ. മാസം ഒരു തുക ശമ്പളമായി കൊടുക്കുകയും ചെയ്യാം. എന്നിട്ട് വേണം, മുറ്റത്ത് തലയെടുപ്പോടെ കിടക്കുന്ന അമ്പാസഡറിനെയും നോക്കി, ഉമ്മറത്തെ ചാരു കസേരയില്‍ നീണ്ടു നിവര്‍ന്നങ്ങനെ കിടക്കാൻ.

“ഇങ്ങളെന്താ നട്ടുച്ചക്ക് കിനാവ് കണ്ട് കെടക്കാ?”

സതീശനാണ്.

“അല്ലെടോ…ചാരിക്കിടന്നങ്ങ് മയങ്ങിപ്പോയി.”

കുമാരേട്ടന്‍ സീറ്റില്‍ നിവര്‍ന്നിരുന്നു.

“ഇന്നും കയ്യിക്കിട്ടിയ ഓട്ടം പോയല്ലേ? ഞാന്‍ സ്റ്റാന്‍ഡില്‍ കേറിട്ടാ വരുന്നേ.”

സതീശന്‍ ഡോർ തുറന്ന് സൈഡ് സീറ്റില്‍ കയറി ഇരുന്നു.

“ഇങ്ങളേതായാലും ഈ പാട്ട വണ്ടി വിക്കൂല. എന്നാപ്പിന്നെ ഇത് വെച്ചിട്ട് തന്നെ പത്ത് കാശുണ്ടാക്കാനുള്ള ഒരു വഴി ഞാന്‍ പറയട്ടെ”

തന്‍റെ വണ്ടിയെ ഇകഴ്ത്തിയുള്ള പറച്ചിൽ കേട്ട് അയാളുടെ മുഖം കറുത്തു.

“മറ്റന്നാള്‍ കൊച്ചീല് ബിനാലെ തുടങ്ങാ.. നമ്മക്ക് അവടെ വരെയൊന്നു പോവാ.”

അയാളുടെ ഭാവമാറ്റമൊന്നും ‘മൈൻഡാക്കാതെ’ സതീശന്‍ പറഞ്ഞു.

“ബിനാല്യോ…അതെന്താത്?”

കുമാരേട്ടന്‍ ആ വാക്ക് ആദ്യമായി കേള്‍ക്കുകയായിരുന്നു.

“അതൊരു വല്യ ഉത്സവാ…നമ്മടെ തൃശൂര്‍ പൂരൊക്കെല്ലേ; അതേ പോലെ. ലോകത്തിന്‍റെ പല ഭാഗത്ത്ന്നും കൊറേ വിദേശ്യളൊക്കെ വരും.”

സുഹൃത്തു പറഞ്ഞ് കേട്ട കാര്യങ്ങൾ സതീശന്‍ അതേ പോലെ അവതരിപ്പിച്ചു.

“ആശ്ശെരി…അല്ലെടോ ഈ വിദേശ്യളൊക്കെ കൊണ്ടോവാന്‍ ഇംഗ്ലീഷറിയണ്ടേ… ഞാനവിടെ ചെന്നിട്ടെന്ത്‌ കാട്ടാനാ? അത്വല്ല എന്നെ അവടെ ഓടാന്‍ അവടത്തെ ടാക്സിക്കാരൊക്കെ സമ്മയ്ക്ക്യോ?”

കുമാരേട്ടന്‍ സംശയങ്ങളുടെ കെട്ടഴിച്ചു.

“ഇങ്ങള് വല്യ വല്യ കാര്യങ്ങളൊന്നും ആലോയ്ച്ച് തല പുണ്ണാക്കണ്ട. എന്‍റെ കൊറേ ചങ്ങായിമാരവിടണ്ട്. അതൊക്കെ അവര് നോക്കിക്കോളും. ഇങ്ങള് നാളെ ഉച്ചക്ക് പോവാന്‍ റെഡ്യായിക്കോളി.”

സതീശന്‍ കാറില്‍ നിന്നിറങ്ങി നടന്നു.

അവർ എത്തുമ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു. പഴയൊരു കെട്ടിടത്തിനു മുന്നിലായി വണ്ടി നിര്‍ത്തിയിട്ട് സതീശന്‍ അകത്തേക്ക് കയറിപ്പോയി. കുമാരേട്ടന്‍ കാറില്‍ നിന്നിറങ്ങിയില്ല. കുറച്ചു നേരം കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്ന സതീശനും വേറെ മൂന്നു പേരും കെട്ടിടത്തിന്‍റെ ഉമ്മറത്ത്‌ നിന്നു സംസാരിക്കുന്നത് കുമാരേട്ടന് കാണാം. സംസാരത്തിനിടയില്‍ ഇടക്കിടെ അവര്‍ കാറിനു നേരെ നോക്കുന്നുമുണ്ട്. ഒടുവിൽ എല്ലാവർക്കും കൈ കൊടുത്ത് പിരിഞ്ഞ ശേഷം സതീശന്‍ കാറിനരികിലേക്ക് വന്നു.

“ഒരുവിധം പറഞ്ഞൊറപ്പിച്ചിണ്ട്. ദിവസം ഒരായിരം ഉറുപ്പ്യ കിട്ടും. എന്താ പോരെ?”

കുമാരേട്ടൻ ഇരിക്കുന്ന വശത്തെ ജനാലയിലേക്ക് സതീശൻ മുഖം അടുപ്പിച്ചു.

“ഓ…മതി…മതി. പക്ഷെല് സതീശാ, ദെവസം എത്ര കിലോമീറ്റെറോടും എത്ര ഡീസല് കത്തുമെന്നൊക്കെയറിയാണ്ടേ ആയിരത്തിനങ്ങോറപ്പിച്ചാ ശെര്യാവ്വോ?”

“ഓഹ്…ഇന്‍റെ മാമാ…ഇങ്ങളെ ഈ മുടിഞ്ഞ സംശയോന്ന് നിര്‍ത്ത്വോ. എല്ലാ ചെലവും കയ്ഞ്ഞിട്ടാ ആയിരം പറഞ്ഞേ. ഇപ്പൊ ഇങ്ങക്ക് സമാധാനായോ? ”

കുമാരേട്ടന്‍റെ മുഖം തെളിഞ്ഞു.

“ഇങ്ങളിപ്പോ തല്‍ക്കാലം ആ മുറീല് പോയി ഇരുന്നോളി. ഇനിക്ക് കൊറച്ച് പണീം കൂടെണ്ട്”

സതീശന്‍ കാണിച്ച മുറിയിലേക്ക് അയാൾ കയറി. അരണ്ട വെട്ടം മാത്രമുള്ള മുറി നിറയെ കൂട്ടിയിട്ടിരിക്കുന്ന തോരണങ്ങളും മുളയുമെല്ലാമായി ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു. ഒഴിഞ്ഞ ഒരു മൂലയില്‍ ബാഗ്‌ കൊണ്ട് പോയി വെച്ച് അയാൾ ചുവരിലേക്ക് ചാരി ഇരുന്നു.

ഉണര്‍ന്നപ്പോള്‍ നേരം നന്നായി വെളുത്തിരുന്നു. മുറിയില്‍ സതീശനെ കണ്ടില്ല. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഇന്നലെ നിര്‍ത്തിയിട്ടിടത്ത് കാറും കാണുന്നില്ല. ഭയം പിടി മുറുക്കി തുടങ്ങിയതോടെ അയാൾ മുറിയിൽ നിന്നിറങ്ങി നടന്നു. അപ്പോഴേക്കും ചുറ്റിലും തിരക്കായിരുന്നു. സതീശനെയും കാറിനെയും പറ്റി പലരോടും അന്വേഷിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. കുറെ അലഞ്ഞതിന് ശേഷമാണ് സതീശനുമായി തലേന്ന് സംസാരിച്ച് നിന്നവരില്‍ ഒരാളെ ആൾക്കൂട്ടത്തിൽ നിന്ന് തിരിച്ചറിഞ്ഞത്. ഏതോ വിദേശിയുമായി സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന അയാള്‍ ആദ്യമൊന്നും കുമാരേട്ടനെ ശ്രദ്ധിച്ചതേയില്ല. പക്ഷെ കുമാരേട്ടൻ വിട്ടില്ല. ഒടുവിൽ സഹികെട്ട്, അന്വേഷണങ്ങള്‍ക്ക്‌ ചെവി നല്‍കിയ അയാള്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക് കുമാരേട്ടന്‍ ഓടുകയായിരുന്നു. ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നിലെത്തിയ അയാള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

നിലത്ത് നിന്നും അല്പമുയരത്തില്‍ കെട്ടിയ തറയിലാണ് കാറ് നിര്‍ത്തിയിരിക്കുന്നത്. ഊരി മാറ്റിയ ചക്രങ്ങള്‍ നാലും കാറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മേൽക്കൂരയിൽ കെട്ടിത്തൂക്കിയിരിക്കുന്നു. ബോണറ്റ് തുറന്നു വെച്ചിട്ടുണ്ട്. കടും നിറത്തിലുള്ള ചായങ്ങളടിച്ച ബോഡിയിലാകെ എന്തൊക്കെയോ എഴുതിയും വരച്ചും വെച്ചിരുന്നു. “OBSOLETE (കാലഹരണപ്പെട്ടത്)” എന്നെഴുതിയ തകര ബോർഡ് കണ്ണാടിയിൽ തൂക്കിയിട്ടുണ്ട്.

അത് തന്‍റെ കാറ് തന്നെയാണോയെന്ന് ഒരിക്കല്‍ കൂടി ഉറപ്പ് വരുത്താനുള്ള ശക്തി ഇല്ലായിരുന്നു. വേച്ചു വേച്ചു തിരികെ നടക്കുമ്പോൾ നെഞ്ചിനകത്തെന്തോ കൊളുത്തി വലിക്കുന്നത് പോലെ കുമാരേട്ടന് തോന്നി. അയാൾ മണലിലേക്ക് കമിഴ്ന്നു വീണു. “മരണം” എന്ന ഇൻസ്റ്റലേഷന് ചുറ്റും ആളുകൾ കൂടിത്തുടങ്ങി.🟡

 

📝

നവീന്‍ എസ്.

കോഴിക്കോട്ടുകാരനാണ്. നിലവിൽ, ബെംഗളൂരുവിൽ ക്രെഡിറ്റ് റേറ്റിങ്ങ് അനലിസ്റ്റായി ജോലി ചെയ്യുന്നു.

ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങൾ എന്നിവയെഴുതാറുണ്ട്.

‘ഒരു വായനക്കാരനെഴുതിയ കഥകൾ’, ‘ഗോ’സ് ഓൺ കൺട്രി (കഥാ സമാഹാരങ്ങൾ ), ഗുൽമോഹർ തണലിൽ (കവിതാ സമാഹാരം) എന്നിവയാണ് പുസ്തകങ്ങൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.