Follow the News Bengaluru channel on WhatsApp

സിനിമ പ്രവർത്തനം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്

അനില്‍ ആന്റോ | ഡോ. കീർത്തി പ്രഭ

 

ടോക് ടൈം 

🟡

അനില്‍ ആന്റോ | ഡോ. കീർത്തി പ്രഭ

അനില്‍ ആന്റോ എന്ന പേര് സിനിമപ്രേമികള്‍ക്ക് അത്ര പരിചിതമാവില്ല. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലെ നീരാളി ജോസിനെയും ലാല്‍ ജോസിന്റെ ഇമ്മാനുവല്‍ എന്ന സിനിമയിലെ ടോണിയെയും ഒരുപക്ഷെ നിങ്ങളോര്‍ക്കുന്നുണ്ടാവും. ശ്രദ്ധേയമായ ഈ രണ്ടു വേഷങ്ങള്‍ക്ക് ശേഷം ഏഴു വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത് വീണ്ടും ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത ആര്‍ ജെ മഡോണ എന്ന സിനിമയില്‍ നമ്മളിതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത അതിവിചിത്രങ്ങളായ ചിന്തകളിലും പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്ന വിന്‍സെന്റ് ഫെല്ലിനി എന്ന മുഴുനീള സോഷ്യോപാത് കഥാപാത്രമായി വന്ന് മികച്ച നടനുള്‍പ്പെടെ നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങളുടെ നിറവില്‍ നില്‍ക്കുകയാണ് അനില്‍ ആന്റോ.

ചിത്രീകരണം പൂര്‍ത്തിയായതും ചിത്രീകരണം പുരോഗമിക്കുന്നതുമായ നിരവധി സിനിമകള്‍ കൈ നിറയെപ്പിടിച്ചു കൊണ്ട് സിനിമയില്‍ സജീവമാകുന്നതിന്റെ സന്തോഷം അദ്ദേഹം ന്യൂസ് ബെംഗളൂരുവിനോടും പങ്കുവച്ചു. അനില്‍ ആന്റോയ്ക്ക് മികച്ച നടനടക്കം നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പില്ലോ നത്തിംഗ് ബട്ട് ലൈഫ് എന്ന ഷോര്‍ട്ട് ഫിലിമിന്റെയും അദ്ദേഹം അഭിനയിച്ച നിരവധി വിദേശ ഷോര്‍ട്ട് ഫിലിമുകളുടെയും വിശേഷങ്ങളും അനുഭവങ്ങളും വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. സിനിമയില്‍ ഒരു സ്ഥാനം ലഭിക്കുന്നതിനുമുമ്പ് വിട്ടുനിന്ന ഒരു നടനെ സംബന്ധിച്ച് തിരിച്ചുവരവ് ഒരു പോരാട്ടമായിരുന്നിട്ടുകൂടി മുഴുനീള വേഷങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചതിന്റെ അത്ഭുതവും സന്തോഷവും അനില്‍ ആന്റോയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. സംഭാഷണങ്ങളില്‍ നിന്നും…

സെക്കന്‍ഡ് ഷോ, ഇമ്മാനുവല്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തതിനു ശേഷം പിന്നീടുള്ള തിരിച്ചു വരവില്‍ അനില്‍ ആന്റോ എന്ന നടന്‍ മുഖ്യധാര സിനിമകളില്‍ നിന്ന് മാറി മറ്റൊരു സിനിമാ വഴി തിരഞ്ഞെടുത്തിട്ടുണ്ടോ.എന്തുകൊണ്ടാണ് അങ്ങനെ ഒരു മാറ്റം വേണമെന്ന് തോന്നിയത്? അതോ അത് സ്വാഭാവികമായി സംഭവിച്ചതാണോ?
തിരിച്ചുവരവിൽ മുഖ്യധാര സിനിമകളിൽ നിന്നും മാറി മറ്റൊരു വഴി തിരഞ്ഞെടുത്തതല്ല.ആ രണ്ട് സിനിമകൾ ചെയ്തു കഴിഞ്ഞ് ജോലിയുടെ ഭാഗമായി ന്യൂസിലാന്റിൽ ആയിരുന്ന സമയത്താണ് ആനന്ദ് കൃഷ്ണരാജ് എന്ന സംവിധായകൻ എന്നെ വിളിക്കുന്നത്.ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞ സമയത്ത് അദ്ദേഹം ചെയ്ത ഡിപ്ലോമ ഫിലിമിൽ ഞാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ആർ ജെ മഡോണ എന്ന പുതിയ സിനിമയിലെ വിൻസന്റ് ഫെല്ലിനി എന്ന സോഷ്യോപാത്ത് ആയിട്ടുള്ള ഒരു ആന്റഗോണിസ്റ്റ് കഥാപാത്രത്തെക്കുറിച്ച് ആനന്ദ് എന്നോട് സംസാരിച്ചു. എനിക്ക് അത് വളരെ ഇന്ററെസ്റ്റിംഗ് ആയിട്ട് തോന്നി. ഒരു സൈക്കോ സർവൈവൽ മിസ്റ്ററി ത്രില്ലർ സിനിമ.പിന്നീട് ആ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഞങ്ങൾ തമ്മിൽ ചർച്ച ചെയ്തു.ആർ ജെ മഡോണയിലെ വിൻസെന്റ് ഫെല്ലിനി എന്ന കഥാപാത്രത്തിന് 2022 ലെ ഇസ്താംബുൾ ഫിലിം അവാർഡ്സിൽ എനിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. അതേ സിനിമയ്ക്ക് വെർജിൻ സ്പ്രിംഗ് ഇന്റർനാഷണൽ ഫിലിം അവാർഡ്‌സിൽ മികച്ച സംവിധായകനുള്ള അവാർഡും യു എസ് എ യിലെ ഇൻഡിഫെസ്റ്റ് ഇന്റർനാഷണൽ ഫിലിം അവാർഡ്സിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡും നൈറ്റ്‌ ഓഫ് ദ റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സൈക്കോളജിക്കൽ ത്രില്ലർ സിനിമയ്ക്കുള്ള അവാർഡും ലഭിച്ചു.

ആർ ജെ മഡോണയ്ക്ക് ശേഷം ശ്രീകാന്ത് ശ്രീധരൻ എന്ന എഴുത്തുകാരനും സംവിധായകനും വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ട്രാൻസ്ജെൻഡർ പൊളിറ്റിക്കൽ സബ്ജക്ട് എന്നോട് പറയുന്നു. അദേർസ് എന്ന ആ സിനിമ ഫസ്റ്റ്കോപ്പി ആയി ഇപ്പൊ റിലീസിന് തയ്യാറെടുക്കുന്നു.അദേഴ്സിലെ നായിക ഒരു ട്രാൻസ്‌ജെൻഡർ ആണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്.പിന്നെ ന്യൂസിലാൻഡിൽ ചെയ്ത പപ്പ എന്ന സിനിമയും റിലീസിന് ഒരുങ്ങുന്നുണ്ട്. ഞാൻ 2014 ലാണ് സിനിമയിൽ അവസാനം അഭിനയിച്ചത്. അതിന് ശേഷം ഏഴു വർഷങ്ങൾ കഴിഞ്ഞുള്ള ഈ ഒരു തിരിച്ചുവരവിൽ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ലഭിക്കാനുള്ള ഒരു സാധ്യതയെ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്തോ ഒരു അനുഗ്രഹം കൊണ്ട് ഈയൊരു തിരിച്ചുവരവിൽ മുഴുനീള അന്റഗോണെസ്റ്റിന്റെ വേഷം ആർ ജെ മഡോണയിലെ കഥാപാത്രത്തിലൂടെ എനിക്ക് ലഭിച്ചു.അതിന് ശേഷം അദേർസ് എന്ന സിനിമയിൽ ഒരു ഡോക്ടർ കഥാപാത്രമായി ലീഡ് റോൾ ലഭിക്കുന്നു.അതുപോലെ പപ്പ എന്നുള്ള സിനിമയിൽ പപ്പ എന്ന് പറയുന്ന ടൈറ്റിൽ റോൾ ആണ് ഞാൻ ചെയ്തത്.ആ സിനിമ ഒരു ഇന്റെൻസ് ഫാമിലി ഡ്രാമയാണ്. തിരിച്ചു വരവിൽ ലഭിച്ച മൂന്ന് സിനിമയിലുമായി ലീഡ് റോളും, ടൈറ്റിൽ റോളും, ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രവും ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കാണുന്നു.അതിന് ശേഷം ഭാവന തിരിച്ചു വരുന്ന ന്റിക്കാക്കൊരു പ്രേമെണ്ടാർന്നു എന്ന സിനിമയിലും ഭാഗമായി.അതൊക്കെ മുഖ്യധാര സിനിമകൾ തന്നെയാണ്.ഒരുപക്ഷെ സൂപ്പർതാരങ്ങളോ എസ്റ്റാബ്ലിഷ്ഡ് നടീനടന്മാരോ ഒന്നും ഭാഗമല്ലാത്ത സിനിമകൾ മുഖ്യധാര സിനിമകളല്ല എന്നൊരു ധാരണ മീഡിയയ്ക്കും ജനങ്ങൾക്കും ഉണ്ട് എന്നെനിക്കു തോന്നുന്നു.അത്തരം നടീനടൻമാർ ഉള്ള സിനിമകൾ മാത്രമേ തിയേറ്ററിൽ പോയി കാണാൻ ആളുകൾ താല്പര്യപ്പെടുന്നുള്ളൂ എന്നതും ആ ധാരണയുണ്ടാകാൻ ഒരു കാരണമാണ്.
എന്റെ തിരിച്ചു വരവിൽ ഇതൊക്കെ സ്വഭാവികമായി സംഭവിച്ചതാണ്.നല്ല കോണ്ടെന്റ് ഉള്ള സിനിമകൾ എന്റടുത്തു വന്നു.അതിലൊക്കെ എനിക്ക് ലഭിച്ചത് തഴക്കം വന്ന അഭിനേതാക്കൾ ചെയ്യേണ്ട കഥാപാത്രങ്ങൾ ആയിരുന്നു.പക്ഷെ എന്തുകൊണ്ടോ ഈ സംവിധായകർക്കും അത്തരം അഭിനേതാക്കളിലേക്കെത്താനുള്ള പരിമിതികൾ ഉള്ളത് കൊണ്ട് അവർക്ക് അവൈലബിൾ ആയിട്ടുള്ള ബെസ്റ്റ് ആക്ടർ എന്നുള്ള രീതിയിൽ ആയിരിക്കണം എന്നെ പരിഗണിച്ചത്.
വാൾട്ട് ഡിസ്നി പിക്ചേഴ്സ് നിർമ്മിച്ച് ജെറ്റ്ലീ ഒക്കെ കഥാപാത്രങ്ങളായ മുലൻ എന്ന
അമേരിക്കൻ ഫാന്റസി ആക്ഷൻ ഡ്രാമ ചിത്രത്തിലും അതുപോലെ ഇംഗ്ലീഷ് ഹ്രസ്വചിത്രങ്ങളിലും വിദേശ വെബ്സീരീസുകളിലും ഒക്കെ ഭാഗമായിട്ടുണ്ട് അനിൽ.അത്തരം വലിയ പ്രൊജക്റ്റുകളുടെ ഭാഗമാകാൻ കഴിഞ്ഞത് എങ്ങനെയാണ്?വിദേശികളുമായുള്ള സിനിമ പ്രവർത്തന അനുഭവങ്ങൾ പങ്കു വെക്കാമോ?
ന്യൂസിലാണ്ടിലെ സ്റ്റാർ നൗ ഇന്റർനാഷണൽ കാസ്റ്റിംഗ് ഏജൻസിയിൽ ഞാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.അവർ മുലൻ എന്ന സിനിമയ്ക്ക് വേണ്ടി വേൾഡ് വൈഡ് 12000 ആളുകളെ ഓഡിഷൻ ചെയ്തതിൽ 11 പേരെയാണ് ന്യൂസിലാൻഡിലെ ഭാഗം ചെയ്യാനായി തിരഞ്ഞെടുത്തത്. ന്യൂസിലാൻഡിലെ ക്യുമിയോ എന്ന സ്റ്റുഡിയോയിൽ ആയിരുന്നു എന്റെ പോർഷൻ ചിത്രീകരിച്ചത്.വളരെ വലിയൊരു അനുഭവമായിരുന്നു അത്. ആദ്യം ഞാൻ ചെയ്ത വർക്കുകൾ കണ്ടതിനുശേഷം അവർ എന്നെ ഓഡിഷനും മേക്കപ്പ് ടെസ്റ്റിനും കോസ്റ്റ്യും ടെസ്റ്റിനും വിളിച്ചു. ഓരോ ടെസ്റ്റ് കഴിയുമ്പോഴും യുകെയിലുള്ള ഡയറക്ടർ ആയ നിക്കി ഗാരൊവിന് അവർ സ്കൈപ്പ് വഴി വീഡിയോസ് അയച്ചുകൊടുക്കും.അങ്ങനെ എന്നെ തിരഞ്ഞെടുക്കുന്നു. ഷൂട്ടിംഗിന് പോയപ്പോൾ അവർ വളരെ പ്രിപ്പയെർഡും ഡിസിപ്ലിൻഡും ആണെന്ന് മനസിലായി.വളരെയധികം പ്രഫഷണൽ ആയിട്ടുള്ള ഒരു അന്തരീക്ഷം ആയിരുന്നു. ഇത്രയധികം സന്നാഹങ്ങളും ഇത്രയധികം കാസ്റ്റും ക്രൂവും ഉള്ള ഒരു സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന പിൻ ഡ്രോപ്പ് സൈലൻസ് ആണ് എന്നെ അദ്ഭുതപ്പെടുത്തിയത്. അച്ചടക്കത്തോടെയും ക്ഷമയോടെയുമാണ് ഓരോ കാര്യങ്ങളും അവർ ചെയ്യുന്നത്.ഓരോരുത്തരും അവരവരുടെ ജോലികൾ കൃത്യമായി ചെയ്യുന്നതുകൊണ്ട് മറ്റൊരാളുടെ ജോലിഭാരം കൂടുന്നതുമില്ല. വളരെ നല്ല രീതിയിൽ ഹോംവർക്കും റിഹേഴ്സലും ഒക്കെ കഴിഞ്ഞിട്ടാണ് ഓരോരുത്തരും ലൊക്കേഷനിലേക്ക് വരുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് അന്തരീക്ഷം വളരെ സ്ട്രെസ് ഫ്രീ ആണ്.

ന്യൂസിലാൻഡിലെ വൗ നൗ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി സിംഗ് സൗണ്ടിൽ ചെയ്ത
ആറ് മിനിറ്റ് ദൈർഘ്യം ഉള്ള കുൽപ്പ എന്ന പേരുള്ള ഒരു ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലും എനിക്ക് അവസരം ലഭിച്ചു.നമ്മുടെതല്ലാത്ത ഒരു ഭാഷയിൽ സിംഗ് സൗണ്ടിൽ അഭിനയിക്കുക എന്നത് ഒരു ചാലഞ്ച് ആയിരുന്നു. ഞാനും ജസിക്ക നിയറി എന്ന് പേരായ ഒരു അപ്കമിങ് ഹോളിവുഡ് ആക്ട്രെസ്സും ആയിരുന്നു അതിൽ അഭിനയിച്ചത്.വൗ നൗ പ്രൊഡക്ഷൻ ഹൗസിലെ ക്രിയേറ്റീവ് ഡയറക്ടർ ആയിരുന്ന സിബി മാത്യു എന്ന എഴുത്തുകാരനും സംവിധായകനും ആയിരുന്നു ചിത്രം സംവിധാനം ചെയ്തു.ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ടതും ഒത്തിരി പുരസ്കാരങ്ങൾ ലഭിച്ചതും ആയ ഒരു ഹ്രസ്വ ചിത്രമായിരുന്നു അത്.അതിലെ പെർഫോമൻസ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വൗ നൗ പ്രൊഡക്ഷൻസ് തന്നെ ചെയ്ത സിക്സ് എക്സ്കവേഷൻസ് എന്ന വെബ് സീരീസിലേക്ക് എന്നെ വിളിക്കുന്നത്. അതിനകത്ത് ഇന്ത്യക്കാരനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി അഭിനേതാക്കളൊക്കെ റഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. അതും വളരെ വലിയൊരു അനുഭവമായിരുന്നു. അതിന്റെ ഒരു എപ്പിസോഡിന് വേണ്ടിയിട്ടായിരുന്നു എന്നെ വിളിച്ചത്. പക്ഷേ ആ കഥാപാത്രം അവർക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് അതിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും എപ്പിസോഡുകളിലേക്ക് കൂടി എന്റെ കഥാപാത്രത്തെ അവർ ഡെവലപ്പ് ചെയ്തു.
പിന്നീട് ന്യൂസിലാൻഡിൽ വെച്ച് തന്നെയാണ് തൃശ്ശൂർ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ വിദ്യാർത്ഥിയായ ഷിബു ആൻഡ്രൂസ് എന്ന സംവിധായകൻ ചെയ്ത ഷോർട്ട് മൂവിയിൽ ഞാൻ അഭിനയിക്കുന്നത്. അതിനുശേഷം അദ്ദേഹം ഒരു ഫീച്ചർ ഫിലിം ചെയ്യാമെന്ന് പറയുകയും തീവ്രമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പപ്പ എന്ന സിനിമ ന്യൂസിലാൻഡിൽ വച്ച് തന്നെ പൂർത്തിയാക്കുകയും ചെയ്തു.
നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ആർ ജെ മഡോണ എന്ന സിനിമയിലൂടെ 2022 ലെ ഇസ്‌താംബുൾ ഫിലിം അവാർഡ്സിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.തിളങ്ങുന്ന നേട്ടമുണ്ടാക്കിയ ആ സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തേക്കുറിച്ചും പറയാമോ?
ഏഴു വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിൽ തന്നെ വളരെ വ്യത്യസ്തമായിട്ടുള്ള സൈക്കോ സർവൈവൽ മിസ്റ്ററി ത്രില്ലർ മൂവിയായ ആർ ജെ മഡോണയിലെ സോഷ്യോപാത്‌ ക്യാരക്ടർ കിട്ടുക എന്നത് തിരിച്ചു വരവ് തന്നെ ഒരു സ്ട്രഗിൾ ആയി നിലനിൽക്കുന്ന എന്നെപ്പോലുള്ള അഭിനേതാവിനെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ്.വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള തഴക്കം വന്ന ഒരു അഭിനേതാവ് ചെയ്യേണ്ട കഥാപാത്രമാണത്. ആ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ ആനന്ദ് കൃഷ്ണരാജിന്റെ റിയർ വ്യൂ എന്ന പേരുള്ള ഒത്തിരി അംഗീകാരങ്ങൾ ലഭിച്ച ഒരു ഹൊറർ ഷോർട്ട് ഫിലിമിൽ ഞാൻ അഭിനയിച്ചിരുന്നു. അതിലെ എന്റെ പ്രകടനം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ സംവിധാന രീതിയും അഭിനേതാക്കളെ കഥാപാത്രത്തിലേക്ക് കൊണ്ടുവരുന്ന രീതിയും എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. അങ്ങനെയാണ് ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത ആർജെ മഡോണയിലെ ഈ കഥാപാത്രം എന്നിലേക്ക് വരുന്നത്. എസ്റ്റാബ്ലിഷ്ട് ആവുന്നതിനു മുമ്പ് തന്നെ സിനിമയിൽ നിന്ന് വിട്ടു നിന്ന, സിനിമ ഇൻഡസ്ട്രിയുമായി ബന്ധമൊന്നുമില്ലാത്ത ഒരു മിഡിൽ ക്ലാസ് കർഷക കുടുംബാന്തരീക്ഷത്തിൽ നിന്ന് വന്ന എന്നെപ്പോലെ ഒരു അഭിനേതാവിന് ഇതുപോലെ ഒരു മുഴുനീള, സിനിമയുടെ നെടുംതൂണ് തന്നെയായ വ്യത്യസ്ത മുഖങ്ങളും ഭാവങ്ങളും ഉള്ള ഒരു സോഷ്യോപാത്ത് ക്യാരക്ടർ ചെയ്യാൻ പറ്റി എന്നത് വളരെ വലിയ ഒരു അവസരം ആയിട്ട് തന്നെയാണ് ഞാൻ കാണുന്നത്. സാധാരണ നമ്മൾ കണ്ടിട്ടുള്ള സൈക്കോ കഥാപാത്രങ്ങളെപ്പോലെ വളരെ പരുക്കനും ദുസ്വഭാവിയും അല്ലാതെ ഒരു ജന്റിൽമാൻ ലൈഫ് സ്റ്റൈൽ നയിക്കുന്ന ഒരു കഥാപാത്രമാണ് വിൻസന്റ് ഫെല്ലിനി. സംഗീതവും വരയും വായനയും ഒക്കെ ഇഷ്ടപ്പെടുന്ന വർഷങ്ങളായി റേഡിയോ മാത്രം ഒരു ആസ്വാദന ശീലമായിട്ടുള്ള ഒറ്റപ്പെട്ട ഒരു കാട്ടുപ്രദേശത്തെ വിന്റെജ് വില്ലയിൽ താമസിക്കുന്ന എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ഒരു മധ്യവയസ്കനായ ജൻറ്റിൽ മാൻ. വർഷങ്ങളായിട്ട് സ്ത്രീ സാന്നിധ്യവും ആളുകളും ആയിട്ടുള്ള ഇടപഴകലുകളും ഇല്ലാത്ത അദ്ദേഹത്തിന്റെ വീട്ടിലേക്ക് അവിചാരിതമായി ഒരു കാമുകനും കാമുകിയും കടന്നുവരുന്നു. മോഷണത്തിന് വേണ്ടി വന്നതാണെന്ന് കരുതി ആദ്യം ഇയാൾ കാമുകനെ അടിച്ചു വീഴ്ത്തുന്നു. ആ കാമുകിയുടെ ശബ്ദത്തിൽ നിന്ന് താൻ സ്ഥിരം കേട്ടുകൊണ്ടിരിക്കുന്ന ഒരു റേഡിയോ പ്രോഗ്രാമിലെ റേഡിയോ ജോക്കിയാണെന്ന് അവൾ എന്ന് അയാൾ തിരിച്ചറിയുന്നു. തന്നെ വളരെ ആകർഷിച്ചിരുന്ന റേഡിയോ ജോക്കിയായ ആ പെൺകുട്ടിയുമായി ചിലവഴിക്കുന്ന, അവളുമായി പങ്കുവെക്കുന്ന പലതരത്തിലുള്ള ഇമോഷൻസ് കൂടിച്ചേർന്ന ഒരു ദിവസം ആണ് സിനിമ.

സെക്കൻഡ് ഷോയിൽ ഞാൻ ചെയ്തത് നാല് ചെറുപ്പക്കാരായ കൂട്ടുകാരുടെ ഇടയിലുള്ള ഒരു കഥാപാത്രമാണ്. അതുപോലെ ഇമ്മാനുവലിൽ ഒരു ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് ആയിട്ടാണ് അഭിനയിച്ചത്. അത്തരം കഥാപാത്രങ്ങൾ ചെയ്ത ഞാനെന്ന നടനെ സംബന്ധിച്ചിടത്തോളം വിൻസന്റ് ഫെല്ലിനിയെ പോലെ വളരെയധികം പക്വതയും ആഴവുമുള്ള ഒരു കഥാപാത്രം ചെയ്യാൻ സാധിച്ചത് വളരെ വലിയ ഒരു അനുഭവം തന്നെയാണ്.
സിനിമയിലേക്ക് എത്തുന്നതിനു മുന്‍പേയുള്ള അഭിനയ മോഹങ്ങള്‍ എന്തൊക്കെയായിരുന്നു?
എന്റെ ഏറ്റവും വലിയ ഇൻസ്പിരേഷൻ മമ്മൂക്കയാണ്. മമ്മൂക്കയുടെ തനിയാവർത്തനം, അരപ്പട്ട കിട്ടിയ ഗ്രാമത്തിൽ, സുകൃതം,ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകളെല്ലാം വലിയ പ്രചോദനമായിട്ടുണ്ട്. എനിക്കും ഒരു സിനിമാനടൻ ആകണം എന്നുള്ള ആഗ്രഹം തോന്നിയതും അദ്ദേഹത്തിന്റെ സിനിമകളും കഥാപാത്രങ്ങളും കണ്ടിട്ടാണ്. പക്ഷേ ആ സമയത്ത് എനിക്ക് എങ്ങനെ സിനിമയിലേക്ക് എത്തിപ്പെടും എന്നതിനെപ്പറ്റി യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.അതിനുവേണ്ടി ഒരുപാട് പ്രൊഡക്ഷൻ മാനേജേഴ്സ്നെയും സംവിധായകരെയും സഹസംവിധായകരെയും ഒക്കെ പോയി കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ ഒരു നല്ല കഥാപാത്രത്തിനുള്ള അവസരം ലഭിക്കാഞ്ഞതുകൊണ്ട് അതൊന്നും നടന്നില്ല. പിന്നീട് ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തു. ഭൂരിപക്ഷം ഓഡിഷനുകളിലും ഇൻ ആവാറുണ്ടെങ്കിലും സിനിമ ആവുമ്പോഴേക്കും പല കാരണങ്ങൾ കൊണ്ട് എനിക്ക് അതിൽ അഭിനയിക്കാൻ പറ്റാറില്ല. പിന്നീട് ഞാൻ മഹേഷ് മിത്ര എന്ന ഒരു തിരക്കഥാകൃത്തുമായി പരിചയപ്പെടുകയും ഐ വി ശശി സാറിന്റെ വെള്ളത്തൂവൽ എന്ന സിനിമയിലേക്ക് അദ്ദേഹം എന്നെ കാസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ എന്തോ കാരണങ്ങൾ കൊണ്ട് ആ പ്രോജക്ട് അന്ന് നടന്നില്ല. പിന്നീട് വർഷങ്ങൾക്കുശേഷം രജത് മേനോനെ ഒക്കെ കഥാപാത്രങ്ങളാക്കികൊണ്ട് ആ സിനിമ സംഭവിച്ചു.

രാവണപ്രഭു, സായ് വർ തിരുമേനി, വിനോദയാത്ര തുടങ്ങിയ സിനിമകളിലൊക്കെ ജൂനിയർ ആർട്ടിസ്റ്റ് ആയി ഞാൻ അഭിനയിച്ചിരുന്നു. ഒരു നടൻ എന്ന രീതിയിൽ ഇതിനപ്പുറത്തേക്ക് ഒരു സ്വീകാര്യത ലഭിക്കണമെങ്കിൽ നമുക്കൊരു അഡ്രസ് ഉണ്ടാകണം എന്ന തിരിച്ചറിവിലാണ് സംവിധായകൻ സിബി മലയിൽ ചെയർമാൻ ആയിട്ടുള്ള കൊച്ചിയിലെ നിയോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വീക്കെൻഡ് ആക്ടിംഗ് കോഴ്സിന് ചേർന്നത്. അവിടെവച്ച് എന്റെ ബാച്ചിൽ ഉണ്ടായിരുന്ന സംവിധായക വിദ്യാർഥികളുടെ ഡിപ്ലോമ ഫിലിമുകളിലും ഷോർട്ട് ഫിലിമുകളിലും ഒക്കെ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിലൊരു ഷോർട്ട് ഫിലിമിലെ പെർഫോമൻസ് കണ്ടിട്ടാണ് ശ്രീനാഥ് രാജേന്ദ്രൻ എന്നെ സെക്കൻഡ് ഷോയിലേക്ക് വിളിക്കുന്നത്. അതിനുശേഷം നിയോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഫാക്കൽറ്റി ആയിരുന്ന സിബി ജോസ് ചാലിശ്ശേരി സാറാണ് ഇമ്മാനുവൽ എന്ന സിനിമയിലേക്ക് വിളിക്കുന്നത്.
താങ്കൾ കേന്ദ്രകഥാപാത്രമായ പില്ലോ നതിങ് ബട്ട്‌ ലൈഫ് എന്ന ഹ്രസ്വചിത്രം ഒരുപാട് ദേശീയ അന്തർദേശീയ അവാർഡുകൾ നേടി ശ്രദ്ധിക്കപ്പെട്ടിരുന്നു.ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം തിരിച്ചറിയാതെ പല വഴികളിലൂടെ സഞ്ചരിച്ച് ഒരു ഘട്ടത്തിൽ തങ്ങളുടെ സ്വപ്നവും കഴിവും തിരിച്ചറിഞ്ഞ് ആ രീതിയില്‍ മുന്നേറുന്നവരുടെ കഥയാണ് ചിത്രം. അനിലിന്റെ അനുഭവങ്ങളുമായി എന്തെങ്കിലും സാദൃശ്യമുണ്ടോ അതിന്?
തീർച്ചയായിട്ടും സാദൃശ്യമുണ്ട്. മുമ്പേ തന്നെ സെറ്റ് ചെയ്തു വച്ചിട്ടുള്ള ചില ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്ന ഒരു പരമ്പരാഗത എജുക്കേഷണൽ സിസ്റ്റം ആണ് ഇന്ത്യയിലേത് എന്ന് തോന്നിയിട്ടുണ്ട്. പ്രൈമറി ക്ലാസുകളിലെ ടീച്ചർമാർ കുട്ടികളോട് ആരാകണം എന്ന് ചോദിക്കുമ്പോൾ എൻജിനീയർ, ഡോക്ടർ, ടീച്ചർ ഇങ്ങനെ വളരെ പരിമിതമായ ഉത്തരങ്ങൾ മാത്രം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്റെ ഒന്നും കുട്ടിക്കാലത്ത് ഇതിനപ്പുറത്തേക്ക് ഒരു പ്രൊഫഷൻ ചിന്തിക്കാൻ സാധിച്ചിരുന്നില്ല. ഒരു ബ്യൂട്ടീഷൻ ആകണമെന്നോ ഒരു അനസ്തസിസ്റ്റ് ആകണമെന്നോ ഒരു പെയിന്റർ ആകണമെന്നോ ഒരു എഴുത്തുകാരൻ ആകണമെന്നോ ഒരു സിനിമ നടൻ ആകണമെന്നോ ചിന്തിക്കാനുള്ള ഒരു എക്സ്പോഷർ അന്ന് നമുക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് രണ്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ മോനോട് അവന്റെ ടീച്ചർ ആരാകണമെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ഐ വാണ്ട്‌ ടു ബികം ആൻ ആക്ടർ എന്നാണ്. മീഡിയ അത്രമാത്രം ഇന്നത്തെ ജനറേഷനെ സ്വാധീനിക്കുന്നുണ്ട്.അവർ യൂട്യൂബ് കാണുന്നുണ്ട് ഒടിടി പ്ലാറ്റ്ഫോംസ് കാണുന്നുണ്ട് അങ്ങനെ ഒരു വലിയ മീഡിയ എക്സ്പോഷർ അവർക്ക് ലഭിക്കുന്നുണ്ട്. നമ്മുടെയൊന്നും കുട്ടിക്കാലത്ത് അങ്ങനെയില്ല. എപ്പോഴെങ്കിലും തിയേറ്ററിലോ ദൂരദർശനിലോ വരുന്ന സിനിമകളോ വായനശാലകളിലും സ്കൂളുകളിലും പ്രദർശിപ്പിക്കുന്ന സിനിമകളോ പള്ളികളിലും അമ്പലങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കാണിക്കുന്ന സിനിമകളോ ആണ് നമുക്ക് കാണാൻ സാധിച്ചിരുന്നത്. ആ സിനിമകളിലെയെല്ലാം അഭിനേതാക്കളുടെ പ്രകടനങ്ങൾ ഞങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. അതിനപ്പുറത്തേക്ക് ആക്ടിംഗ് എന്നത് ഒരു പ്രൊഫഷനായി സ്വീകരിക്കുന്നത് ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കാലഘട്ടമായിരുന്നു അത്.
പക്ഷേ ഇപ്പോഴത്തെ കുട്ടികൾക്ക് ചെറിയ ക്ലാസ്സ് മുതൽ തന്നെ പല പ്രൊഫഷനുകളെ പറ്റി ധാരണയുണ്ട്. എന്നിരുന്നാൽ പോലും അവർക്ക് നിനക്ക് ആരാകണം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സ്വന്തമായി ഉറച്ചു പറയാൻ സാധിക്കുന്നുണ്ട് എന്ന് പറയാൻ കഴിയില്ല. ഒരു പ്രൊഫഷണൽ കോഴ്സ് തെരഞ്ഞെടുത്ത് പഠനം പകുതി എത്തുമ്പോൾ ആയിരിക്കും ചിലപ്പോൾ കുട്ടികൾ മനസ്സിലാക്കുന്നത് എന്റെ ടാലെന്റ്റ് ഇതിൽ അല്ലല്ലോ എന്ന്. പക്ഷേ പിന്നീട് അതിൽ നിന്ന് മാറി ചിന്തിക്കാനുള്ള ഒരു അവസരം പല സമ്മർദ്ദങ്ങൾ കൊണ്ടും അവർക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരു പ്രൊഫഷണൽ കോഴ്സ് തുടങ്ങിയതുകൊണ്ട് അത് പൂർത്തിയാക്കുന്നു, പൂർത്തിയാക്കിയത് കൊണ്ട് അതേ പ്രൊഫഷണിൽ ജോലി ചെയ്യുന്നു, ഒരു ജോലി കിട്ടിയാൽ അത് നഷ്ടപ്പെടാതിരിക്കാൻ അതിന്റെ കംഫേർട്ട് സോണിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നു എന്ന ഒരു രീതി സമൂഹത്തിൽ വേരുറച്ചു പോയിട്ടുണ്ട്.മനസ്സിന് ഇഷ്ടമുള്ളതും മനസ്സിനെ സന്തോഷിപ്പിക്കുന്നതുമായ ജോലിയും പ്രവർത്തികളുമല്ല ഭൂരിഭാഗം ആളുകളും ചെയ്യുന്നത്. നമ്മുടെ ആത്മാവിന്റെ വിളി നമ്മൾ മനസ്സിലാക്കുന്നത് വളരെ വൈകിയായിരിക്കും.

പില്ലോ നത്തിംഗ് ബട്ട് ലൈഫ് എന്ന ഷോർട്ട് ഫിലിമിലെ കഥാപാത്രം വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരാളാണ്. അയാൾ ആരാണ് അയാൾക്ക് എന്താണ് ആകേണ്ടത് എന്നറിയാതെ പലതും ആകാൻ ശ്രമിച്ച് ഒന്നും ആകാതെ പോയി അവസാനം ആത്മഹത്യക്ക് ശ്രമിക്കുന്ന ഒരു കഥാപാത്രമാണത്.ആ ആത്മഹത്യ ശ്രമത്തിനിടയിൽ അദ്ദേഹം ഒരു അശരീരി കേട്ട് ആത്മഹത്യയിൽ നിന്ന് പിന്മാറുന്നു.താൻ ഇതുവരെ തിരിച്ചറിയാതിരുന്ന തന്റെ ടാലന്റ് എന്താണെന്ന് അന്ന് അയാൾ മനസ്സിലാക്കുകയും അതാണ് എന്റെ വഴി എന്ന് തിരിച്ചറിഞ്ഞ് അതിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. തീർച്ചയായിട്ടും എന്റെ അനുഭവവും ഏതാണ്ട് അങ്ങനെ തന്നെയാണ്. സ്കൂൾ കോളേജ് വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് പലതരം ജോലികൾ ഒക്കെ ചെയ്ത് കഴിഞ്ഞ് വിവാഹശേഷമാണ് എനിക്കൊരു നടൻ ആകണം എന്ന തിരിച്ചറിവുണ്ടായത്. മറ്റൊരു ജോലിയും എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല.നടൻ ആയില്ലെങ്കിൽ എനിക്ക് എന്നെ തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ടായി. അതുകൊണ്ടുതന്നെ പില്ലോ നത്തിംഗ് ബട്ട് ലൈഫിലെ ന്യൂട്ടൺ എന്ന കഥാപാത്രത്തിന് എന്റെ ജീവിതാവസ്ഥയുമായിട്ടും എന്റെ തീരുമാനങ്ങളുമായിട്ടും വലിയ സാമ്യമുണ്ട്.

പോർട്ട്‌ ബ്ലയർ, ഗുൽബർഗ് എന്നീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ താങ്കൾക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിത്തന്ന പില്ലോ നതിങ് ബട്ട്‌ ലൈഫിലെ ന്യൂട്ടൺ എന്ന കഥാപാത്രവും ന്യൂസിലാൻഡിലെ വൗ നൗ പ്രൊഡക്ഷൻസ് സിംഗ് സൗണ്ടിൽ ചെയ്ത കുൽപ്പ എന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രം നേടിത്തന്ന പുരസ്‌കാരങ്ങളും താങ്കളുടെ തിരിച്ചു വരാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചോ?
തീർച്ചയായും.പില്ലോ നതിങ് ബട്ട്‌ ലൈഫ് വെനീസ്, ഫ്ലോറൻസ്, ന്യൂയോർക് ഉൾപ്പെടെയുള്ള 23 ഓളം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ ലഭിച്ച ഹ്രസ്വചിത്രമാണ്.
2020 ൽ പോർട്ട്‌ ബ്ലെയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും 2021 ൽ കാലബുറാഗി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പില്ലോ നതിങ് ബട്ട്‌ ലൈഫിലെ അഭിനയത്തിന് ഞാൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഈ അംഗീകാരങ്ങളും കുൽപയിൽ വർക്ക് ചെയ്ത അനുഭവങ്ങളും പുരസ്‌കാരങ്ങളും സത്യത്തിൽ എന്റെ തിരിച്ചു വരവിന് ആക്കം കൂട്ടി.
ആര്‍ജെ മഡോണ എന്ന സിനിമയ്ക്കും അതുപോലെ താങ്കള്‍ അഭിനയിച്ച പല ഹ്രസ്വ ചിത്രങ്ങള്‍ക്കും നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.പ്രധാനപ്പെട്ട പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ ഒരു മുഖ്യധാര സിനിമയ്ക്കും അതിന്റെ ഭാഗമാകുന്ന കലാകാരന്മാര്‍ക്കും ലഭിക്കുന്ന പരിഗണനയും അംഗീകാരവും ആര്‍ ജെ മഡോണ പോലുള്ള സിനിമകള്‍ക്ക് ലഭിക്കുന്നില്ല. എന്താണ് അതിന് കാരണം എന്നാണ് താങ്കള്‍ക്ക് തോന്നുന്നത്?
ഏതൊരു പ്രൊഫഷണിലാണെങ്കിലും കരിയറിയാണെങ്കിലും പുതിയ ഒരാൾക്ക് സ്വീകാര്യത ലഭിക്കാൻ കാലതാമസം ഉണ്ടാകും. ഉദാഹരണമായി പുതിയ ഒരു അഭിനേതാവിന് മമ്മൂട്ടിക്കോ മോഹൻലാലിനോ പൃഥ്വിരാജിനോ കൊടുക്കുന്ന പരിഗണനയും അംഗീകാരവും കിട്ടണം എന്ന് പറഞ്ഞാൽ ചിലപ്പോൾ അത് സംഭവിക്കില്ല.വർഷങ്ങളുടെ പരിചയം കൊണ്ട് തെളിയിക്കപ്പെട്ടിട്ടുള്ള കഴിവിന്റെയും അവർ മൂലം അവരുടെ സിനിമകൾക്ക് കിട്ടിയിട്ടുള്ള വിജയങ്ങളുടെയും പ്രതിഫലനമാണ് അവർക്ക് കിട്ടുന്ന സ്വീകാര്യത. ഒരു അഭിനേതാവ് ചെയ്യുന്ന കഥാപാത്രങ്ങൾ ആളുകളുടെ മനസ്സിൽ തങ്ങി നിൽക്കുകയും അദ്ദേഹം അഭിനയിച്ച സിനിമകൾ വിജയിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം കൂടുതൽ സ്വീകാര്യനാവുന്നു.അഭിനയിച്ച ആദ്യ സിനിമ തന്നെ കൊമേർഷ്യലി വലിയ വിജയം ആവുന്ന ചില സാഹചര്യങ്ങളിൽ അതിലെ അഭിനേതാവിന് ഒരു വലിയ പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കാൻ ചിലപ്പോൾ സാധിച്ചേക്കും. അതുകൊണ്ടുതന്നെ അവരുടെ അടുത്ത സിനിമ വരുമ്പോൾ അത് കാണുവാൻ ഒരുപാട് ആളുകൾ താൽപര്യപ്പെടും.സത്യത്തിൽ അത് കൊമേർഷ്യൽ സിനിമകളിൽ പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമാണ്. പക്ഷേ കണ്ടന്റ് ഓറിയന്റഡ് ആയിട്ടുള്ള സമാന്തര സിനിമകളിൽ അഭിനയിക്കുന്ന നടീ നടന്മാർക്ക് എത്ര തന്നെ നല്ല വേഷം ചെയ്താൽ പോലും അതുപോലെ ഒരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കാൻ സാധിച്ചു എന്നു വരില്ല.താൻ മുടക്കിയ പണം തിരിച്ചുകിട്ടണമെങ്കിൽ ജനങ്ങളാൽ അംഗീകരിക്കപ്പെട്ട ജനസമ്മതിയുള്ള സംവിധായകനോ നടീ നടന്മാരോ ബാനറോ ആ സിനിമയുടെ ഭാഗമാകണമെന്ന് സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്നവർ സ്വാഭാവികമായും ആഗ്രഹിക്കും.ആർ ജെ മഡോണയിൽ മഡോണയായി അഭിനയിക്കാൻ സമ്മതിച്ചിരുന്ന എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നടി താരതമ്യേനെ പുതിയ നടന്മാരും സംവിധായകനും ഒക്കെ ആയതു കൊണ്ട് ഷൂട്ടിംഗിന് രണ്ടാഴ്ച മുമ്പ് അഡ്വാൻസ് തിരിച്ചു തന്ന് പിൻവാങ്ങിയിരുന്നു. സിനിമയിൽ ഇതിനകം ഒരു സ്ഥാനം നേടിയ അഭിനേതാക്കൾക്ക് പോലും പുതിയ ഒരു കാസ്റ്റ് ആൻഡ് ക്രൂവിന്റെ കൂടെ വർക്ക് ചെയ്യാൻ താല്പര്യക്കുറവുണ്ട് എന്നല്ലേ അത് കാണിക്കുന്നത്.

പ്രധാനപ്പെട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകരിക്കപ്പെട്ട പല സിനിമകളും ഇവിടെ തിയേറ്ററുകളിൽ റിലീസ് ആവുകയോ ആളുകൾ അറിയുകയോ ചെയ്യുന്നില്ല.
അതേസമയം ജനപ്രിയരായ നടീനടന്മാർ അഭിനയിച്ച കൊമേർഷ്യൽ അല്ലാത്ത പല സിനിമകളും കാണാൻ ആളുകൾ താൽപര്യപ്പെടുന്നുണ്ട്. അവരെന്താണ് വ്യത്യസ്തമായി ചെയ്യുന്നത് എന്നറിയാൻ ആഗ്രഹമുള്ള ഒരു വലിയ പ്രേക്ഷക സമൂഹം അവർക്കുണ്ട്. അതുകൊണ്ടുതന്നെയാണ് പൊന്തൻമാടയും വിധേയനും അംബേദ്കറും വാനപ്രസ്ഥവും പുഴുവും എല്ലാം ആളുകൾ കൗതുകത്തോടെ കണ്ടത്. കാരണം അതിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നമുക്ക് വളരെ ഇഷ്ടമുള്ള നടന്മാർ ഉണ്ടായിരുന്നു.നമുക്ക് ഏറെ ഇഷ്ടമുള്ള ഒരു നടൻ വളരെ വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്യുന്നത് കാണാൻ നമ്മൾ ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നുണ്ട്. ഒരു നടൻ എന്ന രീതിയിൽ അങ്ങനെയൊരു സ്വീകാര്യത ലഭിക്കുന്ന രീതിയിലേക്ക് വളരുക എന്നുള്ളത് എന്റെ മാത്രം ഉത്തരവാദിത്തമാണ്. ഞാൻ അതിലേക്കുള്ള ശ്രമങ്ങൾ തുടരും.
ഒരു സിനിമ ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്രമേളകളിൽ ഒക്കെ തെരഞ്ഞെടുക്കപ്പെടണമെങ്കിൽ ആ സിനിമ സൃഷ്ടിക്കപ്പെടുന്ന രീതിയും അത്തരം സിനിമകളുടെ ശൈലിയും മുഖ്യധാര സിനിമകളിൽ നിന്നും വേറിട്ട് നിൽക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?ആ വ്യത്യസ്തകളെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
തീർച്ചയായും വ്യത്യസ്തതകൾ ഉണ്ട്.ആർ ജെ മഡോണ എന്ന സിനിമയുടെ സംവിധായകൻ ആനന്ദ് കൃഷ്ണരാജ് തന്നെ ആയിരുന്നു അതിന്റെ എഴുത്തുകാരനും നിർമ്മാതാവും എഡിറ്ററും.നിർമ്മാതാവും ആനന്ദ് തന്നെ ആയിരുന്നത് കൊണ്ട് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മനസിലുള്ള സിനിമ ചെയ്യാനായി യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല.വേറൊരു നിർമാതാവ് ആയിരുന്നെങ്കിൽ സിനിമയ്ക്ക് ഒരു കമെർഷ്യൽ സ്വഭാവം വരുത്താൻ അദ്ദേഹത്തിൽ സമ്മർദം ചെലുത്തുമായിരുന്നു.ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ സംവിധായകർ മുൻഗണന കൊടുക്കുന്നത് അവർക്ക് പറയാനുള്ളത് പറയുക എന്നതിനാണ്.ഒരു വാണിജ്യ സിനിമയിൽ തീർച്ചയായും നിർമാതാവിന്റെയും അതിൽ അഭിനയിക്കുന്ന നടീ നടന്മാരുടെയും ഇടപെടൽ ഉണ്ടാവാം. അവരെല്ലാം തന്നെ മുൻഗണന കൊടുക്കുന്നത് സിനിമ ആളുകൾ കാണണമെന്നും സിനിമയിൽ നിന്നും പണം കിട്ടണം എന്നതിനുമാണ്.അതുകൊണ്ട് തന്നെ പ്രേക്ഷകനെ ത്രസിപ്പിക്കാനും എക്സൈറ്റഡ് ആക്കാനും വേണ്ടിയുള്ള സിനിമാറ്റിക് അവതരണ രീതിയായിരിക്കും ഇത്തരം സിനിമകൾക്ക്.ഉള്ള പക്ഷേ ഒരു സമാന്തര സിനിമയെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം അവർക്ക് പറയാനുള്ള വിഷയം അവർ ഉദ്ദേശിക്കുന്ന രീതിയിൽ പ്രേക്ഷകരോട് പറയുക എന്നതാണ്.ഉള്ളടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് കഥയോട് നീതി പുലർത്തി അനുയോജ്യരായ നടീ നടന്മാരെക്കൊണ്ട് കാര്യങ്ങൾ കുറച്ചു കൂടി റിയലിസ്റ്റിക് ആയി അവതരിപ്പിക്കാനാണ് സമാന്തര സിനിമകൾ ശ്രമിക്കുന്നത്.
പപ്പ, അദേഴ്‌സ്,ന്റെ ഇക്കാക്കാക്ക് ഒരു പ്രേമണ്ടാർന്നു തുടങ്ങിയ അനിൽ ആന്റോയുടെ ഒരുപാട് സിനിമകൾ റിലീസിന് ഒരുങ്ങുന്നുണ്ട്. അവയുടെ വിശേഷങ്ങൾ പങ്കുവെക്കാമോ?
ഷിബു ആൻഡ്രൂസ് സംവിധാനം ചെയ്ത പപ്പ, ശ്രീകാന്ത് ശ്രീധരൻ സംവിധാനം ചെയ്ത അദേഴ്‌സ്,ആദിൽ മൈമൂനത് അഷറഫ് സംവിധാനം ചെയ്ത ന്റെ ഇക്കാക്കൊര് പ്രേമംണ്ടാർന്നു,അജയ് ദേവലോക സംവിധാനം ചെയ്യുന്ന ആറാം തിരുകൽപ്പന എന്ന ഷൈൻ ടോം നിത്യ മേനോൻ മൂവി, ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമ, ദീപു അന്തിക്കാട് സംവിധാനം ചെയ്ത നവംബറിൽ റിലീസിന് ഒരുങ്ങുന്ന നാലാം മുറ എന്ന ബിജുമേനോൻ ചിത്രം എന്നിവയാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. പപ്പയും അദേഴ്സും ഞാൻ ലീഡ് റോൾ ചെയ്യുന്ന വ്യത്യസ്തമായ കണ്ടെന്റുകളുള്ള സിനിമകളാണ്.പപ്പാ ഒരു ഫാമിലി മൂവിയാണ്.വളരെ സന്തുഷ്‍ടമായി മുന്നോട്ട് പോകുന്ന ഒരു ന്യൂക്ലിയർ ഫാമിലിയിൽ ചില സംശയങ്ങളും ആശങ്കകളും വരുത്തി വെക്കുന്ന അസ്വസ്ഥതകളാണ് സിനിമ കൈകാര്യം ചെയ്യുന്നത്.വളരെ ചലഞ്ചിങ് ആയിട്ടുള്ള ആ വേഷം ഷിബു ആൻഡ്രൂസ് എന്ന സംവിധായകന് എന്നെ ഏൽപ്പിക്കാൻ തോന്നിയത് ഒരു ഭാഗ്യമായി കരുതുന്നു.
അദേഴ്സ് ശ്രീകാന്ത് ശ്രീധരൻ എഴുതി സംവിധാനം ചെയ്യുന്ന ഒരു ട്രാൻസ്ജെൻഡർ പൊളിറ്റിക്കൽ മൂവിയാണ്. എഡ്ജ് ഓഫ് ദി സീറ്റ്‌ റോഡ് ത്രില്ലർ ആയ അദേഴ്സിൽ ഒരു കാർഡിയോളജിസ്റ്റിന്റെ കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. ഒരു രാത്രി യാത്രയിൽ ഒരു സ്ത്രീയെ പിക്ക് ചെയ്യുന്നതും അതിനുശേഷം ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അതെങ്ങനെ അവസാനിക്കുന്നു എന്നതുമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം.
പപ്പയും അദേഴ്‌സും വളരെയധികം പ്രതീക്ഷയോടു കൂടിയാണ് ഞാൻ നോക്കുന്നത്. കണ്ടന്റിലും പെർഫോമൻസിലും ശ്രദ്ധ കിട്ടാൻ സാധ്യതയുള്ള കഥാപാത്രങ്ങളാണ് ഇവ രണ്ടും.
ഡോ. കീർത്തി പ്രഭ
ഒരു ആസ്വാദനം എന്നതിനപ്പുറം സിനിമ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണല്ലോ. പലപ്പോഴും മുഖ്യധാരസിനിമകള്‍ക്ക് മാത്രം ആസ്വാദകരുണ്ടാവുകയും മലയാള സിനിമയെ ദേശീയമായും അന്തര്‍ദേശീയമായും അടയാളപ്പെടുത്തുന്ന സമാന്തര സ്വതന്ത്ര സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസ് പോലും അസാധ്യമാകുന്നതുമായ സാഹചര്യമുണ്ട്. ഒരു കലാസൃഷ്ടി ജനകീയമാകുന്നത് പലപ്പോഴും സാധാരണക്കാരനിലേക്ക് ഇറങ്ങിച്ചെന്ന് അവന് ആസ്വദിക്കാവുന്ന തരത്തില്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ്. സിനിമ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒരു കലാരൂപം ആയതുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന സമാന്തര സിനിമകള്‍ക്ക് ഒരു നവീനമായ ജനകീയ മുഖം നല്‍കേണ്ടത് അത്യാവശ്യമാണ് എന്ന പ്രസ്താവനയോട് താങ്കള്‍ എങ്ങനെയാണ് പ്രതികരിക്കുക.
സിനിമ പ്രവർത്തനം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. അപ്രിയമാണെങ്കിൽ കൂടി ചില തുറന്ന് പറച്ചലുകൾ ആണ് സമാന്തര സിനിമകളെ ദേശത്തോടൊപ്പവും ചരിത്രത്തോടൊപ്പവും ചേർത്തുവെക്കുന്നത്. ഇത്തരം ചിത്രങ്ങൾ ഒന്നും പലപ്പോഴും ജനപ്രിയമാകാണമെന്നില്ല. സാമാന്തര സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസ് അസാധ്യമാകുന്ന ഒരു സാഹചര്യത്തിന് കാരണക്കാര്‍ ഒരര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ തന്നെയല്ലേ. തിയേറ്ററില്‍ പോയി കാണണം എന്ന് നമ്മളെ തോന്നിപ്പിക്കുന്ന സിനിമകള്‍ മാത്രമേ നമ്മള്‍ കാണാന്‍ താല്പര്യപ്പെടുന്നുള്ളൂ. രണ്ട് പതിറ്റാണ്ട് മുമ്പ് ഉണ്ടായിരുന്നത് പോലെ തിയേറ്ററും ദൂരദര്‍ശനും വി സി ഡി യും വി സി ആറും മാത്രമല്ല, ഇന്ന് നമ്മുടെ മുന്നിലുള്ള ആസ്വാദന സാധ്യതകള്‍ക്ക് അതിരുകളില്ല. അതുകൊണ്ട് തന്നെ പണ്ടത്തെപ്പോലെ രണ്ടും മൂന്നും മാസങ്ങള്‍ ഒന്നും ഇന്നത്തെ സിനിമകള്‍ തിയേറ്ററില്‍ ഓടുന്നില്ല.സിനിമ ഇറങ്ങി കുറച്ചു കഴിയുമ്പോള്‍ തന്നെ മറ്റു പ്ലാറ്റ്‌ഫോമുകളില്‍ അവ ലഭ്യമാകാന്‍ തുടങ്ങി.പ്രേക്ഷകരെ സംബന്ധിച്ച് ഒരു വൗ ഫാക്ടര്‍ ഉള്ള സിനിമകള്‍ മാത്രമേ തിയേറ്ററില്‍ പോയി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നുള്ളൂ.സമാന്തര സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടില്ലെങ്കിലും പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ അവ ലഭ്യമാവും എന്ന് അറിയാവുന്നതു കൊണ്ടും അത്രയൊന്നും തന്നെ തങ്ങളെ ത്രസിപ്പിക്കാന്‍ അത്തരം സിനിമകള്‍ക്ക് കഴിയില്ല എന്ന മുന്‍വിധിയുള്ളതുകൊണ്ടും അത്തരം സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസ് എന്നത് പലപ്പോഴും അസാധ്യമാകുന്നു.ടെക്‌നോളജിയുടെ വളര്‍ച്ചയുടെ ഭാഗമായി നടക്കുന്ന ഒരു കാര്യം കൂടിയാണത്.സമാന്തര സിനിമകള്‍ക്ക് ജനകീയ മുഖം കൊടുക്കണം എന്ന് പറയുന്നത് പലപ്പോഴും അസാധ്യമാണ്.അത്തരം സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ തന്നെ നമ്മളില്‍ എത്ര പേര് അത് പോയി കാണാന്‍ തയ്യാറാകും എന്നതാണ് എന്റെ ചോദ്യം.

🟣🟣
#NbCinema
#NbTalkTime


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.