Follow the News Bengaluru channel on WhatsApp

അയണ്‍മാന്‍

ചെറുകഥ 🟡 നവീൻ എസ്

മോണിങ്ങ് അസംബ്ലിയിൽ നിന്നും ലോഗോഫ് ചെയ്ത്, ഉപ്പ്മാവും ചായയുമായി ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നപ്പോഴാണ് കാളിങ്ങ് ബെല്ലടിച്ചത്.

എണീക്കാതെ വേറെ വഴിയില്ല.

ഉച്ച വരെ തുടരെ മീറ്റിങ്ങുകളാണെന്ന് മുൻകൂറായി പറഞ്ഞിട്ടാണ് ഭാര്യ മാസ്റ്റർ ബെഡ്‌റൂമിനകത്ത് കയറി വാതിലടച്ചത്. രണ്ടാമത്തേ റൂമിലുള്ള മകൾക്കിത് രണ്ടാം പിരിയേഡാവും. കാര്യമായ മീറ്റിങ്ങുകളാെന്നുമില്ലാത്തതിനാൽ, ഡൈനിങ് ടേബിളാണ് ഇന്നത്തെ എന്റെ ഓഫീസ് സ്പേസ്.

വർക്ക്-ഫ്രം-ഹോമും ഓൺലൈൻ ക്ലാസും “ന്യൂ-നോർമൽ” ആയതോടെ, രണ്ടു മുറി ഫ്ലാറ്റിനെ, ആവശ്യാനുസരണം, ഓഫീസും സ്കൂളും വീടുമായി മുറിച്ചും കൂട്ടിയുമുപയോഗിക്കുകയാണ് ഞങ്ങൾ മൂവരും.

ഡോർ ബെൽ വീണ്ടും ശബ്ദിച്ചു.

വാതിലിന്റെ സെക്യൂരിറ്റി ക്യാമറാ സ്ക്രീനിൽ തെളിഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് മുഖം രാജ്കുമാറിന്റേതാണ്.

ഞാൻ വാതിൽ തുറന്നപ്പോൾ അവൻ രണ്ടടി പുറകോട്ട് മാറി നിന്ന്, മാസ്ക് സ്വൽപം കൂടി ഉയർത്തി വെച്ച്, ഭവ്യത പ്രകടിപ്പിച്ചു.

“സാബ്…അയൺ മാനാണ്”

– മാസ്കിട്ടത് കാരണം എനിക്ക് മനസിലായില്ലെന്ന് കരുതിയാവണം; അവൻ സ്വയം പരിചയപ്പെടുത്തി.

‘അയൺ മാൻ’ – അപാർട്ട്മെന്റിലെ തേപ്പുകാരന് രസികനായ ഏതോ റസിഡന്റിട്ട പേര് രാജ്കുമാറിനും ബോധിച്ച മട്ടാണ്.

ലോക്ഡൗൺ പിൻവലിച്ച ശേഷവും, ഡെലിവെറി ബോയ്സും വിരുന്നുകാരും ജോലിക്കാരുമുൾപ്പടെ പുറത്ത് നിന്നുള്ളവരെ അപാർട്ട്മെന്റ് കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നതിലുള്ള വിലക്ക് തുടരാനാണ് അസോസിയേഷൻ തീരുമാനമെന്ന് ഇന്നലെ വാട്ട്സാപ്പ് ഗ്രൂപ്പിൽ കണ്ടിരുന്നു. പിന്നെ, ഇയാളെങ്ങനെ അകത്ത് കയറിയാവോ?

“ഇസ്തിരിപ്പെട്ടിയും മറ്റ് ചില സാധനങ്ങളും എടുക്കാനുണ്ടെന്നും പറഞ്ഞ് പ്രത്യേക പെർമിഷനെടുത്ത് കയറിയതാണ്”

– എന്റെ ചിന്തയെ വായിച്ചെടുത്ത പോലെ; കുമാർ വിശദീകരിച്ചു.

ജോലിക്ക് വരുന്നില്ലെങ്കിലും, മെയ്ഡിന്റെ ശമ്പളം ഞങ്ങൾ മുടക്കിയിരുന്നില്ല. ഈ മെട്രോ നഗരത്തിൽ, അത്യാവശ്യം പൊരുത്തപ്പെട്ട് പോവാൻ സാധിക്കുന്ന ഒരു ജോലിക്കാരിയെ കണ്ടെത്താനുള്ള വൈഷമ്യം എന്ന സ്വാർത്ഥതയെ, ദുരിതകാലത്ത് സഹജീവിയോടുള്ള കരുതൽ എന്ന നന്മയാൽ ഞങ്ങൾ വിദഗ്ധമായി മറച്ചു പിടിച്ചു.

പക്ഷെ കുമാറിന്റെ കാര്യമങ്ങനെയല്ല; അയാൾ മാസ ശമ്പളക്കാരനല്ല. പതിവുകാരിൽ ചിലർ, ഇസ്തിരിയിട്ടതിന്റെ കൂലി മാസം കൂടുമ്പോൾ ഒരുമിച്ചാണ് നൽകുകയെങ്കിലും അയാളുടെ വരുമാനത്തിന് സ്ഥിരതയില്ല. ചെയ്യുന്ന പണിക്കനുസൃതമാണ് അയാളുടെ കൂലി. അടച്ചിടൽ കാലത്ത് ഇസ്തിരിയിടലൊരു അവശ്യ സേവനമല്ലാതായതോടെ കുമാറിന്റെ വരുമാനവും മുടങ്ങി. പൂട്ട് പാതി തുറന്നെങ്കിലും, അസോസിയേഷൻ കനിയാത്തത് കൊണ്ട് ഉടനെയൊന്നും അയാൾക്ക് ജോലിക്ക് വരാനാകില്ല. പിന്നെ പുതിയ ഇസ്തിരിക്കാരെ കിട്ടാൻ അത്രയൊന്നും പ്രയാസമില്ലല്ലോ. അത് കൊണ്ട് ചെയ്യാത്ത ജോലിക്ക് അയാൾക്ക് കൂലിയുമില്ല.

രാജ്കുമാർ ശരിക്കും ബംഗാളിയാണ്. അയാളുടെ ഏതോ തലമുറയിൽപ്പെട്ടവരെ, ബീജാപ്പൂർ സുൽത്താൻമാരുടെ കാലത്ത്, കരിമ്പ് പാടങ്ങളിലേക്ക് പണിക്ക് കൊണ്ട് വന്നതാണത്രേ. പിൽക്കാലത്ത്, അയാളുടെ അപ്പൂപ്പനടങ്ങുന്ന ഒരു സംഘം പണിയന്വേഷിച്ചു കോളാർ സ്വർണ്ണഖനിയിലേക്ക് പുറപ്പെട്ടു പോയതാണ്. പക്ഷെ, അവരുടെ യാത്ര ബംഗളുരുവിൽ അവസാനിച്ചു. പിന്നീട് രാജ്കുമാർ ജനിച്ചപ്പോൾ, സിനിമാ നടൻ രാജ്കുമാറിന്റെ കടുത്ത ആരാധകനായ അയാളുടെ അച്ഛൻ, അദ്ദേഹത്തിന്റെ പേരും നൽകി. അങ്ങനെ ഊരും പേരും കൊണ്ട് രാജ്കുമാർ ഇവിടുത്തുകാരനായി.

– ഇസ്തിരിയിട്ട തുണി വാങ്ങാനായുള്ള കാത്തു നിൽപിനിടയിൽ പലവട്ടം കേട്ടു പഴകിയ കഥയാണ്.

തേക്കാനുള്ള തുണി കുമാർ വീട്ടിൽ വന്നു വാങ്ങിക്കും. തേച്ചു കഴിഞ്ഞാൽ തിരിച്ചു കാെണ്ട് തരികയും ചെയ്യും. അതാണ് പതിവ്. എന്നാലും, അപാർട്ട്മെന്റിന്റെ ബേസ്മെന്റിലെ കാറ്റും വെളിച്ചവുമെത്താത്ത, അയാളുടെ കുടുസ്സു മുറിയിലേക്ക് ഞാൻ ഇടയ്ക്കൊക്കെ പോകാറുണ്ട്.

വീട്ടിൽ പണ്ട് കനലുപയോഗിക്കുന്ന ഇസ്തിരിപ്പെട്ടി ഉണ്ടായിരുന്നു. അടുപ്പിൽ ചിരട്ടകൾ കൂട്ടിയിട്ട് ചിമ്മിണി ഒഴിച്ച് കത്തിക്കും. കനലുകൾ കാെടിലു കാെണ്ടെടുത്ത് പെട്ടിയിലിടും. പെട്ടിക്ക് ചൂട് അധികമാണെങ്കിൽ, മുറിച്ച വാഴയിലയിൽ കയറ്റി വെച്ച് രണ്ട് മൂന്ന് തവണ ശീ…ശീ… കേൾപ്പിക്കണം. എത്ര തന്നെ ശ്രദ്ധിച്ചാലും, തൂവെള്ള യൂണിഫോം ഷർട്ടിൽ വീഴുന്ന കരിക്കട്ട പൊടികൾ…

– ഒരു വലിയ ഇസ്തിരിപ്പെട്ടി പാേലെ ചുട്ടുപൊള്ളുന്ന ആ മുറിയിൽ ചെന്ന് നിൽക്കുമ്പോൾ, ഇങ്ങനെ കുറെ ഇസ്തിരിപെട്ടിയോർമ്മകൾ തികട്ടി വരും. ഈ മഹാനഗരത്തിൽ നിന്നും, എന്റെ ഭൂതകാലമുറങ്ങുന്ന നാട്ടിൻപുറം വരെ നീളുന്ന ഓർമ്മകളുടെ ഊടുവഴികൾ വിരളമാണ്. ഭാര്യ കളിയാക്കുന്നത് പാേലെ, ഒരൽപം നാെസ്റ്റാൾജിയത്തിന്റെ അസുഖമുള്ള കൂട്ടത്തിലാണ് ഞാൻ.

ചെവിക്കു പിന്നിൽ ചൊറിഞ്ഞു കൊണ്ട്, മുന്നോട്ടൽപം വളഞ്ഞാണ് കുമാറിന്റെ നിൽപ്; ആവശ്യക്കാരന്റെ സ്ഥായീഭാവം.

അയാളോട് ഒരു നിമിഷം നിൽക്കാൻ പറഞ്ഞ് ഞാൻ അകത്തേക്ക് പോയി.

മകളുടെ ലാപ്പ്ടോപ് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന ടീച്ചറുടെ കണ്ണിൽ പെടാതെ പോയി അലമാര തുറന്നു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ഉടനെ, ഡോർ സ്റ്റൈപ്പ് ബാങ്കിങ്ങിന്റെ സാധ്യത ഉപയോഗപ്പെടുത്തി സംഘടിപ്പിച്ച അഞ്ഞൂറിന്റെ ഒരു കെട്ട് അതേ പോലിരിക്കുന്നു. സാധുവായ നോട്ടാണെങ്കിലും വൈറസിനെ പേടിച്ച് മിക്കവരും കൈ കൊണ്ട് തൊടാൻ മടിക്കുന്നു. സകലർക്കും ഗൂഗിൾ-പേ, ഫോൺ-പേ അതുമല്ലെങ്കിൽ പേടീയെം മതി. ഏതായാലും, ഡിജിറ്റൽ ബാങ്കിങ്ങിനെ ജനകീയമാക്കാൻ നോട്ട് നിരോധനത്തിന് സാധിച്ചില്ലെങ്കിലും, കോവിഡ് അക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്. കെട്ടിൽ നിന്നും രണ്ട് നോട്ട് ഞാൻ വലിച്ചെടുത്തു.

“അയ്യോ സാബ്… ഇതിനല്ല ”

ഞാൻ നീട്ടിയ നോട്ടുകൾ വാങ്ങാതെ അയാൾ വീണ്ടും തല ചൊറിയുന്നു.

“ഓഫീസിൽ പോകാൻ തുടങ്ങിയില്ലല്ലോ. അത് കൊണ്ട് ഇസ്തിരിയിടാൻ ഡ്രസ് ഒന്നുമില്ല.”

“അതറിയാം സാബ്… പിന്നെ..ഞാൻ വന്നത്… അത്..”

“എന്താണ്…പിന്നെ…പറയു”

എന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

“അത്..സാബ്…മോൾക്ക് ഇപ്പോൾ മൊബൈലിലാണ് ക്ലാസ്. ഇത് വരെ എന്റെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷെ, അതിപ്പോ ഇങ്ങനെയായി”

എന്റെ മുഖത്തിന് നേരെ നീട്ടിപ്പിടിച്ച ആ മൊബൈലിന്റെ കറുത്ത സ്ക്രീൻ, എട്ടുകാലി വല നെയ്ത പോലെ, ചിന്നിച്ചിതറിയിരുന്നു.

“ലോക്ഡൗണിന്റെ സമയത്ത് പണി അന്വേഷിച്ചിറങ്ങിയപ്പോൾ പോലീസ് ഓടിച്ചതാ.”

– അയാൾ വേദനിച്ച് ചിരിക്കുന്നു.

ഒരു പഴയ ഫോണിരിപ്പുണ്ട്. മെമ്മറി കുറഞ്ഞതിനാൽ ഹാങ്ങായി തുടങ്ങിയപ്പോൾ പുതിയതൊന്ന് വാങ്ങിയിരുന്നു; വേറെ തകരാറൊന്നുമില്ലാത്തതാണ്. അത് തപ്പിയെടുക്കണം.

“ഓക്കെ … അത് ശരിയാക്കാം.. കുമാർ പോയിട്ട് ശനിയാഴ്ച്ച വാ ”

അയാൾ തൊഴുതു മടങ്ങി.

പഴയ മൊബൈൽ കുമാറിന് കൊടുക്കുന്നതിൽ ഭാര്യക്ക് സന്തോഷമേ കാണൂ. ആഗോളതാപനമെന്നൊക്കെ കേട്ടാൽ പൊള്ളുന്ന കൂട്ടത്തിലാണ് കക്ഷി. പുതിയ ഫോൺ വാങ്ങുമ്പോൾ, എക്സ്ചേഞ്ച് ഓഫറിൽ, പഴയതിന് വെറും ആയിരം രൂപയേ കിട്ടുവെന്നറിഞ്ഞതോടെ ഞാൻ കൊടുക്കാതിരുന്നതാണ്. ഇ-വേസ്റ്റെന്നൊക്കെ പറഞ്ഞ് അവളന്ന് കുറെ ക്ലാസെടുത്തിരുന്നു. ഇപ്പാേഴേതായാലും മറ്റൊരാൾക്ക് ഉപകാരമാവുമല്ലോ.

അടുത്ത ശനിയാഴ്ച്ച കുമാർ വന്നപ്പോഴാണ് മൊബൈലിന്റെ കാര്യം ഞാൻ പിന്നീടോർക്കുന്നത്. കാര്യമായ തിരച്ചിൽ നടത്തിയിട്ടാണ് സാധനം കിട്ടിയത്. കുറച്ച് നേരം ചാർജിലിട്ട്, ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം, തിരിച്ചു തരേണ്ടെന്ന് പറഞ്ഞിട്ടാണ് അയാൾക്ക് കൊടുത്തത്.

അഞ്ചരയിഞ്ച് സ്ക്രീൻ സൈസുള്ള ആ ഫോണിനെ, രണ്ട് കൈയ്യും ചേർത്ത് പിടിച്ച്, ഒരു കുഞ്ഞിനെയെന്ന പോലെയാണ് അയാൾ ഏറ്റുവാങ്ങിയത്. നന്ദി പറഞ്ഞ്, അൽപദൂരം നടന്ന ശേഷം അയാൾ തിരിച്ചു വന്നു.

“സാബ്, ഒന്നു ചോദിക്കട്ടെ. ഇതിന് എത്ര വില കാണും”

ഞാൻ ചിരിച്ചു.

“എത്രയായാലും തരാനിപ്പോ കൈയ്യിലില്ല. പക്ഷെ, അത്രയും തുകയാവുന്നത് വരെ നിങ്ങളുടെ വസ്ത്രങ്ങൾ ഞാൻ സൗജന്യമായി തേച്ചു തരും. ദയവു ചെയ്ത് വേണ്ടെന്ന് പറയരുത്. ”

വസ്ത്രമാെന്നിന് അഞ്ചു രൂപ മാത്രം ഈടാക്കുന്ന അയാൾ ആ കടം വീട്ടാൻ എത്ര കാലമെടുക്കുമെന്നാണ് പെട്ടെന്നാേർത്തതെങ്കിലും, ഞാൻ തലയാട്ടി.

പിന്നെ കുറെ കാലത്തേക്ക് അയാളെ കണ്ടില്ല. കേസുകൾ കുറഞ്ഞതോടെ അപാർട്ട്മെന്റിലും ഇളവുകൾ കൂട്ടി. വീട്ടു ജോലിക്കാരികൾ വന്നു തുടങ്ങി. ഡെലിവറി ബോയ്സ് ഗേറ്റിൽ നിന്നും റിസപ്ഷനിലേക്കും പിന്നെ വാതിൽക്കലേക്കും എത്തി തുടങ്ങി. എന്നിട്ടും, ഇസ്തിരിയിടാൻ വസ്ത്രമുണ്ടോ എന്നന്വേഷിച്ച് കുമാർ മാത്രം വന്നില്ല. വർക്ക്-ഫ്രം-ഹോം തുടരുന്നതിനാൽ ഞാൻ അന്വേഷിച്ചതുമില്ല.

ആറു മാസങ്ങൾക്ക് ശേഷമാണ് അയാളുടെ മുഖം വീണ്ടും വാതിൽക്കലെ ക്യാമറാ സ്ക്രീനിൽ തെളിഞ്ഞത്. ഒറ്റ നോട്ടത്തിൽ എനിക്കയാളെ തിരിച്ചറിയാനായില്ല; മുഖം അത്രമേൽ മാറിപ്പോയിരുന്നു.

വാതിൽ തുറന്നപ്പോഴും, അയാൾ അനങ്ങാതെ തല കുമ്പിട്ട് നിൽക്കുകയായിരുന്നു. തിങ്ങി വളർന്ന ചെമ്പൻ മുടിയും അയഞ്ഞ ഷർട്ടും അയാളുടെ രൂപം കൂടുതൽ മെല്ലിച്ചതാക്കി.

“കുമാർ” – ഞാൻ വിളിച്ചു.

അനക്കമില്ല; എനിക്കു സംശയമായി.

“അ… അയൺമാനല്ലേ..”

തീരെ പതിയെ മുഖമുയർത്തിയെങ്കിലും, അയാളുടെ കണ്ണുകൾ എന്റെ മുഖത്ത് പതിയുന്നുണ്ടായിരുന്നില്ല. പോക്കറ്റിൽ നിന്നുമെടുത്ത പൊതി അതീവ ശ്രദ്ധയോടെ അയാളെനിക്കു നീട്ടി.

“ഇതെന്താണ്…ഓ…മൊബൈലാണോ”

അയാൾ വീണ്ടും തല കുനിച്ചു നിൽക്കുകയാണ്.

വാക്കു തന്ന പോലെ, കടം വീട്ടാഞ്ഞതിലുള്ള വിഷമമാവും അയാൾക്കെന്നെനിക്ക് തോന്നി.

“എന്താ മോളുടെ ഓൺലൈൻ ക്ലാസൊക്കെ കഴിഞ്ഞാേ? ഇതിനി മടക്കി വേണ്ടെന്ന് അന്നേ പറഞ്ഞതല്ലേ. മോൾക്ക് തന്നെ കാെടുത്തോളു. ഇനിയും ആവശ്യമുണ്ടാകും. പണത്തിന്റെ കാര്യമൊന്നും ഇപ്പോഴോർക്കേണ്ട കുമാർ”

ഞാൻ പൊതി അയാൾക്ക് നേരെ നീട്ടി.

“വേണ്ട സാബ്..ഇനിയവൾക്കിത് ആവശ്യമില്ല.”

അയാളുടെ നേർത്ത ശബ്ദം ചിലമ്പിച്ചിരുന്നു.

എന്താണ് പറ്റിയതെന്നറിയാനുള്ള എന്റെ നിർബന്ധത്തിന് മുന്നിൽ, അത്രയും നേരം അയാൾ അടക്കിപ്പിടിച്ചു വെച്ചതൊക്കെ അണപൊട്ടിയാെഴുകി.

ബാംഗ്ലൂരിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയതോടെയാണ് ജോലിയന്വേഷിച്ച് കുമാർ ബീജാപൂരേക്ക് പോയത്. അവിടെ, കരിമ്പ് വിളവെടുപ്പ് കാലമായിരുന്നതിനാൽ ബന്ധുക്കളുടെ സഹായത്തോടെ ജോലി കിട്ടി. മാസം തികഞ്ഞപ്പോൾ കൂലി കിട്ടിയെങ്കിലും, ബാങ്കുകൾ കൃത്യമായി പ്രവർത്തിക്കാത്തത് കാരണം വീട്ടിലേക്ക് കാശയക്കാൻ അയാൾക്ക് സാധിച്ചിരുന്നില്ല. വീട്ടിലാണെങ്കിൽ ഭക്ഷണത്തിനുള്ള സാധനങ്ങൾ മുഴുവനും തീർന്നിരുന്നു. അയാളുടെ ഭാര്യ എത്ര കേണപേക്ഷിച്ചിട്ടും, പറ്റ് കൂടുതലുണ്ടെന്ന് പറഞ്ഞ്, കടക്കാരൻ സാധനങ്ങൾ കടമായി നൽകിയില്ല. ഭക്ഷണവുമായി വരുന്ന അമ്മയേയും കാത്ത്, മുറ്റത്ത് തന്നെ വിശന്നിരിക്കുന്ന ഇളയ കുട്ടികൾക്ക് മുന്നിലേക്ക്, കാലി സഞ്ചിയുമായി കയറി ചെല്ലുമ്പോൾ അവരാകെ തകർന്നു പോയിരുന്നു. അപ്പോഴാണ്, മൂത്ത മകൾ പുറത്ത് പോകാൻ തയ്യാറായി ഇറങ്ങി വന്നത്. മൊബൈൽ റീച്ചാർജ്ജ് ചെയ്യാനായി അച്ഛൻ നൽകിയിരുന്ന അമ്പത് രൂപാ നോട്ട് അവൾ ഭദ്രമായി ചുരുട്ടി പിടിച്ചിരുന്നു. ഉണ്ടായതെല്ലാം പറഞ്ഞ ശേഷം, തൽക്കാലം ആ രൂപ തരാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും, റീച്ചാർജ് ചെയ്തില്ലെങ്കിൽ ക്ലാസ് നഷ്ടപ്പെടുമെന്ന് പറഞ്ഞു അവളത് കൊടുക്കാൻ കൂട്ടാക്കിയില്ല. അങ്ങനെ വഴക്കായി; പിടിവലിയായി. ഒടുവിൽ, ബലമായി പിടിച്ചു വാങ്ങിയ ആ രൂപയ്ക്ക് അരിയും പച്ചക്കറിയുമായി തിരികെ വന്ന അമ്മയ്ക്ക് മുന്നിൽ, പാദസരമണിഞ്ഞ രണ്ട് കാലുകൾ പതിയെ ഇളകിയാടി.

കേട്ടത് വിശ്വസിക്കാനാകാതെ തരിച്ചു നിന്നു പോയ എന്നോടായി അയാൾ ഇത്രയും കൂടി പറഞ്ഞു :

“സാബ്, ഞാനുമെന്റെ ഭാര്യയും ദിവസവും ഉണരുന്നത് തന്നെ, ചത്തു കളയാനുള്ള നല്ല പത്ത് കാരണങ്ങളും കൊണ്ടാണ്. എത്രയോ വട്ടം വീണു പോയിട്ടും പിടിച്ചു നിവരാൻ ശ്രമിക്കുകയാണ്. അപ്പോഴാണ് അവൾ… അതും ഇങ്ങനൊരു കാര്യത്തിന്… ഞങ്ങളൊന്നും സ്കൂളിൽ പോയിട്ടില്ല സാബ്. അത് കൊണ്ടാണ് ചോദിക്കുന്നത്; ഈ കനപ്പെട്ട പുസ്തകങ്ങളൊക്കെ പഠിപ്പിക്കുന്നത്, ജീവിതത്തിൽ ഇങ്ങനെ എളുപ്പം തോറ്റു കൊടുക്കാനാണോ?”

എന്റെ മറുപടിക്ക് കാക്കാതെ അയാൾ തിരിഞ്ഞു നടന്നു. അല്ലെങ്കിലും, അയാൾക്ക് നൽകാൻ എന്റെ പക്കൽ മറുപടിയൊന്നുമുണ്ടായിരുന്നില്ല.

ഇടനാഴിയിൽ, അയാൾ സൃഷ്ടിച്ച ശൂന്യതയിലേക്ക് നോക്കി നിൽക്കവെ, ആ പൊതി എന്റെ കൈയ്യിലിരുന്ന് ഒരു ഇസ്തിരിപ്പെട്ടി കണക്കെ ചുട്ടുപൊള്ളാൻ തുടങ്ങി.

🟣


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.