Follow the News Bengaluru channel on WhatsApp

നിയമവ്യവസ്ഥയ്ക്ക് ഉണർത്തുപാട്ട് പോലൊരു സിനിമ

സിനിമാസ്വാദനം 🟡 ഡോ. കീർത്തി പ്രഭ

അൽപ്പം വൈകിയാണ് സൗദി വെള്ളക്ക കാണാൻ കഴിഞ്ഞത്. കുഞ്ഞു കഥയും കുഞ്ഞു കുഞ്ഞു മുഹൂർത്തങ്ങളും മുഖ്യധാരയിൽ തിളങ്ങിനിൽക്കുന്നതല്ലാത്ത താരങ്ങളെയും ചേർത്തിണക്കി ഒരു വലിയ സമകാലിക യാഥാർത്ഥ്യം തുറന്നു കാണിക്കുകയാണ് തരുൺ മൂർത്തി എന്ന സംവിധായകന്റെ സൗദി വെള്ളക്ക എന്ന മലയാള സിനിമ. സാധാരണ മനുഷ്യരുടെ അതിസാധാരണമായ നന്മകളും അതിലേറെ സാധാരണമായ ചെറുത്തുനിൽപ്പുകളും നിസ്സഹായവസ്ഥകളും കൂടുതൽ സങ്കീർണ്ണതകളൊന്നുമില്ലാതെ ദൃശ്യവൽക്കരിക്കാൻ സാധിച്ചിട്ടുണ്ട് സംവിധായകന്. വാണിജ്യ വിഭവങ്ങളും മസാലക്കൂട്ടുകളുമിട്ടിളക്കാതെ മനുഷ്യഭാവങ്ങളെ തീവ്രതയൊട്ടും ചോരാതെ പ്രേക്ഷകരിലേക്ക് തുളച്ചു കയറ്റാൻ സാധിക്കുമെന്ന് തെളിയിക്കുന്ന സിനിമകൾ അടുത്തകാലങ്ങളിലായി നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പണത്തിനും താരക്കൊഴുപ്പുകൾക്കുമൊക്കെ അപ്പുറത്ത് കലാമൂല്യത്തിനും ഉള്ളടക്കത്തിനും മുൻഗണന കൊടുത്തുകൊണ്ട് വലിയ മുതൽമുടക്കുകളില്ലാതെ പ്രേക്ഷക സ്വീകാര്യതയും സാമൂഹിക പ്രസക്തിയുമുള്ള സിനിമകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന കലാകാരന്മാർ ഇതുപോലെ ഉയർന്നു വരുന്നത് സിനിമ സ്വപ്നം കാണുന്ന ഒരുപാട് കലാകാരന്മാർക്ക് പ്രതീക്ഷ കൂടിയാണ്.

ആദ്യഭാഗം ഒരു വലിച്ചു നീട്ടൽ അനുഭവപ്പെട്ടുവെങ്കിലും കഥയുടെ കാമ്പും രാഷ്ട്രീയവും ആ വലിച്ചു നീട്ടലുണ്ടാക്കിയ നീരസം അലിയിച്ചു കളഞ്ഞു.ഒരുപാട് നാളുകളായി പലരും അനുഭവിച്ചു കാണുന്ന മാധ്യമങ്ങളിലൂടെ അറിയുന്ന, വാർത്തകളിൽ കാണുന്ന സാധാരണ മനുഷ്യരുടെ ഗതികേടുകളെ അതിമാനുഷികതകളില്ലാതെ പറയുകയാണ് കൊച്ചിയിലെ സൗദി എന്ന കുഞ്ഞ് പ്രദേശത്തെ വെള്ളക്കക്കഥ.നമ്മുടെ നിയമവ്യവസ്ഥയുണ്ടാക്കുന്ന ദുർഗതികൾ മുമ്പും സിനിമാരൂപത്തിൽ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഹൃദയം ഭേദിക്കുന്ന, നിസ്സഹായതയുടെ അങ്ങേയറ്റത്തിൽ കിടന്ന് ശ്വാസം മുട്ടുന്ന കാഴ്ച മുമ്പ് കണ്ടിട്ടില്ല.ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് ഉണർത്തു പാട്ടുപോലൊരു സിനിമ.

ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയാണ് സൗദി വെള്ളക്ക. 2022 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ഈ ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഐഷ റാവുതറായത് ദേവി വർമ എന്ന അഭിനേത്രിയാണ്. കാര്യമില്ലാതെ ആളുകളോട് തർക്കിച്ചു കയറുന്ന കഥാപാത്രമായി ആദ്യഭാഗങ്ങളിൽ ചൊടിപ്പിച്ചുവെങ്കിലും പിന്നീടങ്ങോട്ട് ഇത്രയേറെ നിസ്സഹായമായി പോകുന്ന മുഖം എവിടെയും കാണാൻ ഇടവരരുതേ എന്ന് ആഗ്രഹിച്ചു പോയി. അതൊരു ആഗ്രഹമായി മാത്രം അവശേഷിക്കുമെന്ന് അറിയാം. കാരണം നിയമവ്യവസ്ഥയുടെ നൂലാമാലകളിലും കെടുകാര്യസ്ഥതകളിലും പെട്ട് തളർന്നു പോകുന്ന നിരപരാധികളായ മനുഷ്യരുടെ വേദനകൾ ചവിട്ടിയല്ലാതെ നീതിയിലേക്കുള്ള വഴി ആത്മാർത്ഥമായി
കാണിച്ചു തരുന്നവരുടെ വംശമേ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.13 വർഷമായിട്ടും തീർപ്പുണ്ടാകാതെ ഒരു ചെറിയ കോടതി കേസ് അനാവശ്യമായി വലിച്ചിഴച്ച് ജീവിതം അതിൽ മാത്രമായി തളച്ചിടേണ്ടി വരുന്ന മനുഷ്യരെയാണ് 140 മിനുട്ടിൽ സൗദി വെള്ളക്ക കാണിക്കുന്നത്.ആ വേദന ഹൃദയത്തോട് സംവാദിച്ചുകൊണ്ടേയിരുന്നത് കൊണ്ട് സിനിമയിൽ ഇഴച്ചിൽ ഉണ്ട് എന്ന് പറയുന്നതിനോട് എന്തുകൊണ്ടോ യോജിക്കാൻ കഴിയുന്നില്ല. നിയമ സംവിധാനങ്ങൾ സാധാരണക്കാരനോട് കാണിക്കുന്ന അനാവശ്യമായ നീട്ടി വലിക്കൽ തന്നെയല്ലേ ഈ സിനിമയുടെ ഇഴച്ചിലും.

സൗദി വെള്ളക്ക ഓർക്കുമ്പോൾ ഐഷാ റാവുത്തറിന്റെ മരവിച്ച മുഖം ഒരു വിങ്ങൽ പോലെ മുന്നിൽ വന്നു നിൽക്കുകയാണ്. ദേവി വർമ്മയുടെ ചലനങ്ങളും ഭാവങ്ങളും അത്രയേറെ മികവുറ്റതാണെന്ന് ഇതിൽ കൂടുതൽ എങ്ങനെ പറയാൻ കഴിയും. ലുക്മാന്റെ അഭിലാഷും ബിനു പാപ്പുവിന്റെ ബ്രിട്ടോയും സുജിത് ശങ്കറിന്റെ സത്താറും ധന്യ അനന്യയുടെ നസീമയും കൺ മുന്നിൽ നിന്ന് മായുന്നില്ല.എന്തൊരു ചൊടിപ്പാണ് നസീമയ്ക്ക്, എന്തൊരു സാധുവാണ് സത്താർ, എത്ര ഊർജമാണ് ബ്രിട്ടോയ്ക്ക്,എന്തൊരു സ്നേഹമാണ് അഭിലാഷിന്റെ മുഖത്ത്. മനുഷ്യനിലെ സഹവർത്തിത്തം ഇങ്ങനെയൊക്കെയാണ് എന്ന് ഓർമ്മിപ്പിക്കാൻ തികഞ്ഞ ആസ്വാദനക്കാഴ്ചകൾക്കപ്പുറത്തേക്ക് ഇത്തരം കഥകളും നിരന്തരമായി ഉണ്ടാവണം. ഒരു ഗ്രാമത്തിന്റെ മുഴുവൻ രക്ഷകനാകുന്നതും അലങ്കാരബഹുലമായ ജീവിതത്തിനിടയിൽ കോടിക്കണക്കിനു വരുന്ന സമ്പാദ്യങ്ങൾ പാവങ്ങൾക്ക് വിതരണം ചെയ്യുന്നതും ഒരു വ്യക്തിക്ക് വേണ്ടി ജീവിതകാലം മുഴുവൻ ത്യാഗനിർഭരമായ ജീവിതം നയിക്കുന്നതും ഒക്കെയാണ് നന്മകൾ എന്ന് പറഞ്ഞ് പഠിപ്പിച്ചതിന്റെ ആഘാതത്തിൽ വീണു കിടക്കുന്ന സമൂഹത്തിലേക്ക് ഇതുപോലുള്ള സാധാരണ മനുഷ്യരുടെ കുഞ്ഞ് നന്മകൾ വിതറിയിടുമ്പോൾ അതെന്തുമാത്രം ലാളിത്യവും സംതൃപ്തിയുമാണ് ഉണ്ടാക്കുന്നത്. സഹവർത്തിത്തം മനുഷ്യരുടെ നഷ്ടപ്പെടുത്താൻ പാടില്ലാത്ത മൂല്യമാണെന്ന് തിരക്കുകളിലേക്കും സാങ്കേതികതകളിലേക്കും വേഗത്തിൽ നടന്നു പോകുന്ന സമൂഹത്തെ നമ്മളെപ്പോഴും ഓർമ്മപ്പെടുത്താറുണ്ട്. പക്ഷേ നമ്മുടെ ബോധമണ്ഡലത്തിൽ ഉള്ള സഹവർത്തിത്തം പലപ്പോഴും മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി അയാളെ നിയന്ത്രിക്കുന്നതിലേക്ക് ചെന്നെത്തുന്ന ഒരു കടിഞ്ഞാണ് പോലെ പ്രവർത്തിക്കുകയാണ്. പരസ്പരധാരണയോടെ പുലരേണ്ടുന്ന അവസ്ഥയാണ് അതെന്ന് ഓർമ്മിപ്പിക്കുന്നുണ്ട് സൗദി വെള്ളക്ക.

സിനിമയെക്കുറിച്ചുള്ള മറ്റൊരു വിമർശനം കേട്ടത് പല കഥാപാത്രങ്ങൾക്കും 13 വർഷം കഴിഞ്ഞിട്ടും രൂപത്തിൽ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ല എന്നതാണ്.ഒന്നാലോചിച്ചു നോക്കിയേ,പത്തു വയസ്സുള്ള ഒരു കുട്ടി ഇരുപത് ഇരുപത്തഞ്ച് വയസ്സ് ആകുമ്പോഴേക്കും തീർച്ചയായും രൂപത്തിലും ഭാവത്തിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും,പക്ഷേ 30 വയസ്സ് കഴിഞ്ഞാൽ സാധാരണ ജീവിതം നയിക്കുന്ന പലർക്കും പത്തിരുപത് വർഷം കൊണ്ടൊന്നും മുടി നരയ്ക്കുന്നത് പോലുള്ള ചെറിയ മാറ്റങ്ങൾ അല്ലാതെ വലിയൊരു രൂപമാറ്റം ഉണ്ടാകുന്നില്ല. അതു മനസ്സിലാക്കാൻ സിനിമാതാരങ്ങൾ മാത്രമല്ല ഉദാഹരണങ്ങൾ, നമുക്ക് ചുറ്റിൽ തന്നെയുണ്ടാകും അങ്ങനെയുള്ള ആളുകൾ. മുപ്പതഞ്ചു വയസ്സുള്ള ഒരാൾക്ക് അമ്പത് വയസ്സ് ആവുമ്പൊളേക്കും മറ്റ് കാരണങ്ങളൊന്നുമില്ലായെങ്കിൽ വലിയ രീതിയിൽ പ്രകടമായ മാറ്റങ്ങൾ സംഭവിക്കണമെന്നില്ല. പലകാരണങ്ങൾ കൊണ്ടും മാറ്റങ്ങൾ സംഭവിക്കുന്നവർ ഉണ്ടാകാം, എന്നാൽ മാറ്റങ്ങൾ സംഭവിക്കാത്ത വരും ഉണ്ട്.ബ്രിട്ടോയുടെ എനർജി 13 വർഷം കഴിഞ്ഞിട്ടും ഒരേ ലെവലിൽ നിൽക്കുന്നു എന്ന പരാതിയൊക്കെ വെറുതെയല്ലേ?

ഡോ. കീർത്തി പ്രഭ

നമ്മുടെ പ്രേക്ഷകർക്ക് ഇതൊക്കെ മതി എന്ന മുൻധാരണയിൽ ഗുണമേന്മയില്ലാത്ത കലാസൃഷ്ടികൾ ഉണ്ടാക്കപ്പെടുന്നിടത്ത് പ്രേക്ഷകർ ഇത്രയൊക്കെ ഉണ്ട് എന്ന് മനസിലാക്കി വ്യക്തമായ രാഷ്ട്രീയവും കലാമൂല്യവുമുള്ള സിനിമകൾ സംഭവിക്കപ്പെടുമ്പോൾ അവിടെ ഉയരുന്നത് പ്രേക്ഷകന്റെ മൂല്യവും കലാകാരന്റെ മൂല്യവുമാണ്. മാറ്റങ്ങൾ ഉണ്ടാകേണ്ട വ്യവസ്ഥിതികളെക്കുറിച്ചുള്ള ബോധ്യവും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും അടുത്തടുത്ത് സമാധാനപരമായി ജീവിക്കേണ്ടുന്നതിന്റെ മനോഹാരിതയും ഇതുപോലെ വിവരിക്കപ്പെടുമ്പോൾ മാറ്റങ്ങളെയും വേദനകളെയും സ്നേഹത്തെയും അതിന്റെ പൂർണ്ണമായ രീതിയിൽ ഉൾക്കൊള്ളാനുള്ള മാനസിക വളർച്ചയും കൂടിയാണ് പ്രേക്ഷകനിൽ ഉണ്ടാകുന്നത്.

ഇത്രയൊക്കെ ഉള്ളൂ മനുഷ്യർ എന്നല്ല ഇത്രയും ഉണ്ട് മനുഷ്യൻ എന്ന് സ്വന്തം മനസ്സിനോട് തന്നെ ഏറ്റവും ഭംഗിയായി പറയാൻ സാധിക്കുന്ന ഒരാൾക്ക് എന്തുമാത്രം സൗന്ദര്യമുണ്ടായിരിക്കും.🟤


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.