Follow the News Bengaluru channel on WhatsApp

പുതിയ അഭിനേതാക്കളുടെ ഭാവപകർച്ചകൾ ഏറെ അത്ഭുതപ്പെടുത്തുന്നു, നല്ല സിനിമക്കായി ഒപ്പം നിൽക്കുന്ന നിർമ്മാതാവാണ് യഥാർത്ഥ താരം ; സംവിധായകൻ തരുൺ മൂർത്തി മനസ്സ് തുറക്കുന്നു

തരുൺ മൂർത്തി | ഡോ. കീർത്തി പ്രഭ

ടോക് ടൈം 

🟡

തരുൺ മൂർത്തി | ഡോ. കീർത്തി പ്രഭ

നിലവിലുള്ള വ്യവസ്ഥകളുടെ സങ്കടപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ ന്യൂനതകൾക്കു നേരെ ഒരു ഒച്ച് ഇഴയുന്നതുപോലെ ഇഴഞ്ഞുകൊണ്ട് നിശബ്ദമായി വെടിയുണ്ടകൾ ഉതിർക്കുന്ന,വലിയ ബഹളങ്ങളും ആഘോഷങ്ങളും ഇല്ലാത്ത ഒരു കുഞ്ഞു വലിയ സിനിമയാണ് സൗദി വെള്ളക്ക. സൗദി വെള്ളക്കയുടെ സംവിധായകനായ തരുൺ മൂർത്തിക്കും ഉണ്ട് ഇതുപോലെ ഒരുപാട് വിശേഷണങ്ങൾ. ‘ദ ആക്സിഡന്റൽ ഡയറക്ടർ’,’ ‘സന്തോഷവും സങ്കടവും ഉള്ള മനുഷ്യൻ’. തരുൺ ഈ വിശേഷണങ്ങൾ തന്നോട് ചേർത്ത് കൊണ്ട് നടക്കുന്നതെന്തിനാണെന്ന് പറയുന്നുണ്ട് ഈ അഭിമുഖത്തിൽ. ഒരു രചനയെ സിനിമാരൂപത്തിലെത്തിക്കാൻ തന്റെ വഴികളിൽ താങ്ങും തണലുമായി നിന്ന ഒരുപാട് മനുഷ്യരെ നന്ദിയോടെ ഓർക്കുന്നുണ്ട് തരുൺ. ഓപ്പറേഷൻ ജാവയും സൗദി വെള്ളക്കയും കടന്ന് ഇനിയുമൊരുപാട് ചിത്രങ്ങൾ തരുണിന്റെ തൂലികയിൽ നിന്നും സൃഷ്ടിക്കപ്പെടാനുണ്ട്. വന്ന വഴികളും വരാൻ പോകുന്ന കാഴ്ചകളും ഇന്നിന്റെ സന്തോഷങ്ങളും ആകസ്മികതകളും ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് തരുൺ മൂർത്തി.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ തന്നെ തിയേറ്ററില്‍ റിലീസ് ചെയ്യണം എന്ന് തീരുമാനിച്ച ഓപ്പറേഷന്‍ ജാവയുടെ വിജയത്തില്‍ നിന്നും പുതുമുഖങ്ങളുമായി സൗദി വെള്ളക്കയില്‍ എത്തി നില്‍ക്കുകയാണ്. സിനിമയില്‍ ഒരിടം നേടണം എന്ന ആഗ്രഹത്തോടെ എത്തുന്ന ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയ്ക്ക് ഇത്തരം പരീക്ഷണങ്ങള്‍ക്കുള്ള ആത്മവിശ്വാസം തരുണിന് ലഭിച്ചത് ഈ രണ്ട് സിനിമകളുടെയും ഏത് പ്രത്യേകത കൊണ്ടാണ്?

ഞാന്‍ എഴുതിയ സ്‌ക്രിപ്റ്റില്‍ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. മറ്റെന്തിനേക്കാളുമുപരി സ്‌ക്രിപ്റ്റ്‌നോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ആ സിനിമ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കാം എന്നായിരുന്നു ചിന്തിച്ചത്. എസ്റ്റാബ്ലിഷ്ഡ് അഭിനേതാക്കള്‍ അല്ലാതെ പുതിയ മുഖങ്ങള്‍ പറയേണ്ട ഒരു കഥയായിരുന്നു അത്. എങ്കില്‍ മാത്രമേ പ്രേക്ഷകര്‍ക്ക് ആ കഥാപാത്രങ്ങളുമായി ഒരു കണക്ടിവിറ്റി ഉണ്ടാവുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിച്ചു. പക്കാ കമേര്‍ഷ്യല്‍ ഫോര്‍മുലകള്‍ ഉള്ള ഒരു പരീക്ഷണം തന്നെയായിരുന്നു ഓപ്പറേഷന്‍ ജാവ. സൗദി വെള്ളക്ക വളരെ സിമ്പിള്‍ ആയിട്ടുള്ള ത്രെഡില്‍ നിന്നുണ്ടായ സിനിമയാണ്. എസ്റ്റാബ്ലിഷ് ആയിട്ടുള്ള ആക്ടേര്‍സ് അഭിനയിച്ചാല്‍ ക്ലൈമാക്‌സ് അടക്കം എല്ലാം പ്രേക്ഷകന് മുന്‍കൂട്ടി പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റിയേക്കാം. അതൊക്കെ ബ്രേക്ക് ചെയ്യുക എന്നത് കൂടിയായിരുന്നു പുതുമുഖങ്ങളിലേക്ക് വരാനുള്ള കാരണം.

തരുൺ മൂർത്തി

കാസ്റ്റിംഗ് ഒരു പുതിയ സംവിധായകനെ സംബന്ധിച്ച് എത്രമാത്രം ചാലഞ്ചിങ് ആണ്?

കാസ്റ്റിംഗ് എല്ലാവര്‍ക്കും ചലഞ്ചിങ് ആണ്. ഒരു തിരക്കഥ ഏറ്റവും ഭംഗിയായിട്ട് പ്രേക്ഷകന് മുന്നില്‍ എത്തിക്കാനുള്ള ഒരു ടൂള്‍ ആണ് അഭിനേതാക്കള്‍ എന്ന് പറയുന്നത്. അവരെ കൃത്യമായിട്ട് കണ്ടെത്തുക സ്‌ക്രീനില്‍ ഒരു ബാലന്‍സിങ് ഉണ്ടാക്കുക എന്നത് പ്രധാനമാണ്. എന്റെ രണ്ട് സിനിമകളിലും എല്ലാം പുതുമുഖങ്ങള്‍ ആയിരുന്നില്ല. എക്‌സ്പീരിയന്‍സ്ഡ് അഭിനേതാക്കളും പുതുമുഖങ്ങളും തമ്മിലുള്ള ഒരു സ്‌ക്രീന്‍ ബാലന്‍സ് ഉണ്ടാക്കുകയും പ്രധാനമാണ്. പുതിയ അഭിനേതാക്കളെ കണ്ടെത്താന്‍ കഠിനമായ ശ്രമം നടത്തേണ്ടതുണ്ട്. അതിനുവേണ്ടി ഞങ്ങള്‍ക്ക് അബു വാളയംകുളം എന്ന കാസ്റ്റിംഗ് ഡയറക്ടറും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മറ്റാളുകളും എന്റെ ഡയറക്ഷന്‍ ടീമില്‍ ഉള്ള ആളുകളും ഞാനും എന്റെ അച്ഛനും എല്ലാമുണ്ട്. സിനിമ ഏറ്റവും പെര്‍ഫെക്ട് ആയി പ്രേക്ഷകരിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനും ഒരു കഥ പൂര്‍ണമായി ആസ്വദിക്കാന്‍ പറ്റുന്ന രീതിയില്‍ അവരിലേക്കെത്തിക്കാനും നമ്മുടെ വിശ്വാസങ്ങളെ തൃപ്തിപ്പപ്പെടുത്തുന്ന രീതിയിലുള്ള ഒരു അന്വേഷണമുണ്ട്. സത്യത്തില്‍ അത് ചലഞ്ചിങ് അല്ല പുതിയ അഭിനേതാക്കളെ കണ്ടെത്തുന്ന ആ പ്രോസസ്സ് ഞങ്ങള്‍ എന്‍ജോയ് ചെയ്യുകയാണ്. പുതിയ മുഖങ്ങളും പുതിയ അഭിനേതാക്കളുടെ താളങ്ങളും അവരുടെ ഡയലോഗ് ഡെലിവറിയുടെ രീതികളുമൊക്കെ കണ്ടെത്തുക എന്നത് ഇന്ററസ്റ്റിംഗ് ആണ്. അവര് വരുന്നതോടുകൂടി നമുക്കും സ്‌ക്രിപ്റ്റിനും എല്ലാം ഒരു ജീവന്‍ വെക്കുകയാണ്. അങ്ങനെ ചില ആര്‍ട്ടിസ്റ്റുകള്‍ വരുന്നതോടുകൂടി ചിലപ്പോള്‍ സ്‌ക്രിപ്റ്റിന് ഒരു പുതിയ മാനം കൈവരുന്നതായും തോന്നിയിട്ടുണ്ട്. ചലഞ്ചിങ്ങ് ആയിട്ട് ഞാന്‍ അതിനെ കാണുന്നില്ല, കാസ്റ്റിംഗ് എന്ന് പറയുന്നത് വളരെ ആസ്വദിച്ചു ചെയ്യുന്ന ഒരു യാത്രയാണ് എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും. ഞാനും എന്റെ കാസ്റ്റിംഗ് ഡയറക്ടറും മറ്റെല്ലാവരും കൂടി ചേര്‍ന്ന് നടത്തുന്ന നാലഞ്ച് മാസത്തെ ഒരു പ്രോസസ് ആണത്. സത്യത്തില്‍ നടീ നടന്മാര്‍ ഞങ്ങളെ തേടി വരികയല്ല ഞങ്ങള്‍ അവരെ തേടി പോകുകയാണ് ചെയ്യുന്നത്.

 

സൗദി വെള്ളക്കയിൽ നിന്ന്

താങ്കളുടെ സിനിമയില്‍ അഭിനയിച്ച നടീനടന്മാര്‍ പറയുന്ന ഒരു കാര്യമാണ് എത്ര ചെറിയ വേഷമാണെങ്കിലും മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചിരിക്കണം എന്നത്. അതിന് മുഖ്യധാരയിലോ അല്ലാതെയോ നില്‍ക്കുന്ന എല്ലാ അഭിനേതാക്കളും ചിലപ്പോള്‍ വഴങ്ങി എന്നു വരില്ല. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ട് അഭിനേതാക്കളെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടോ. സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചിരിക്കണം എന്ന നിര്‍ബന്ധം എന്തൊക്കെ ഗുണങ്ങളാണ് ഒരു സിനിമയ്ക്ക് ഉണ്ടാക്കുക?

സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചാല്‍ അഭിനയിക്കുന്നതിനു മുമ്പേ ഒരു പ്രേക്ഷകന്‍ എന്ന രീതിയില്‍ അഭിനേതാക്കള്‍ക്ക് ആ സിനിമയെ പൂര്‍ണമായും വിലയിരുത്താനും ആസ്വദിക്കാനും അതില്‍ എതൊക്കെ ഭാഗങ്ങള്‍ അവരെ ആഴത്തില്‍ സ്വാധീനിച്ചു എന്നുമൊക്കെ അറിയാന്‍ സാധിക്കും. താന്‍ അഭിനയിക്കുന്ന സീനിനും മുമ്പും ശേഷവും എന്ത് നടക്കും എന്നുള്ള കൃത്യമായ ധാരണ അഭിനേതാവിന് ഉണ്ടെങ്കില്‍ അവരുടെ പെര്‍ഫോമന്‍സിന് വളരെയധികം ഗുണം ചെയ്യും. സിനിമയുടെ ഫ്ലോ എങ്ങനെയാണെന്നറിയാനും ഏത് ഇമോഷണല്‍ ഗ്രേഡിലാണ് താന്‍ അഭിനയിക്കേണ്ടത് എന്ന് മനസ്സിലാക്കാനും തിരക്കഥ പൂര്‍ണ്ണമായും വായിക്കുന്നത് ഒരു അഭിനേതാവിനെ വളരെയധികം സഹായിക്കും. ഈ കാരണങ്ങളൊക്കെ കൊണ്ടാണ് സ്‌ക്രിപ്റ്റ് പൂര്‍ണമായും വായിക്കാന്‍ കൊടുക്കുന്നത്. ഞാന്‍ ചെയ്ത രണ്ട് സിനിമകളിലും അത് ആവശ്യവുമായിരുന്നു. ഇനി ചെയ്യാന്‍ പോകുന്ന സിനിമകളിലും ആവശ്യമെങ്കില്‍ മുഴുവന്‍ സ്‌ക്രിപ്റ്റ് വായിക്കാന്‍ നല്‍കും. പക്ഷേ ആ ഒരു പ്രക്രിയ അഭിനേതാക്കള്‍ക്ക് സിനിമയുമായി കൂടുതല്‍ ഇഴുകിച്ചേരാന്‍ അവസരം ഉണ്ടാക്കും എന്നത് തീര്‍ച്ചയാണ്.

കുറച്ചുമുമ്പ് വരെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ എന്ന് പറയുമ്പോള്‍ അതില്‍ എന്റര്‍ടെയിനിങ്ങ് ആയിട്ട് കാര്യമായി ഒന്നും ഉണ്ടാവില്ല എന്ന് തോന്നല്‍ ആളുകള്‍ക്ക് ഉണ്ടാകുമായിരുന്നു. പക്ഷേ ഇന്ന് ആ ട്രെന്‍ഡ് മാറിയിട്ടുണ്ട്. കാമ്പുള്ള സിനിമകള്‍ കണ്ടാല്‍ തിരിച്ചറിഞ്ഞ് അതിനു പ്രമോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ തന്നെ ശ്രമിക്കുന്നുണ്ട്. അതിന് സോഷ്യല്‍ മീഡിയയുടെയും OTT യുടെയും പങ്ക് എത്രത്തോളം ആണെന്നാണ് അഭിപ്രായം?

ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമകളിൽ എന്റർടൈനിങ് ആയി ഒന്നും ഉണ്ടാവില്ല എന്ന ചിന്തയ്ക്ക് ഇന്നും വലിയ മാറ്റം ഒന്നും വന്നിട്ടില്ല. സൗദി വെള്ളക്കയുടെ കാര്യത്തിൽ ഞാൻ അത് ഫേസ് ചെയ്തതുമാണ്. ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പടം തിയേറ്ററിലേക്ക് എത്തുമ്പോൾ തന്നെ ഫെസ്റ്റിവൽ പടമാണല്ലേ, ആളുകൾ കാണാൻ വരില്ല, മടുപ്പായിരിക്കും തുടങ്ങിയ സംസാരങ്ങൾ ഞാൻ കേട്ടിട്ടുണ്ട്.ഓപ്പറേഷൻ ജാവ പോലുള്ള ഹിറ്റ്‌ ആയ സിനിമയ്ക്ക് ശേഷം വരുന്ന പടം ആയിട്ട് പോലും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം എന്ന പേരുള്ളത് കൊണ്ട് പല തിയേറ്ററുകളിലും സൗദി വെള്ളക്ക പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.ഞങ്ങളെ സംബന്ധിച്ച് രണ്ടാമത്തെ സിനിമ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുന്നു എന്നതൊക്കെ അഭിമാന മുഹൂർത്തങ്ങളാണ്. പക്ഷെ നിർഭാഗ്യവശാൽ അത് ഇവിടുത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോൾ ഒരധികപ്പറ്റായിട്ട് തോന്നിപ്പോയിട്ടുണ്ട്. അങ്ങനെയുള്ള സിനിമകളും തിയേറ്ററിൽ വന്ന് കാണാം എന്ന് ചിന്തിക്കുന്നവർ വളരെ കുറവാണ്. ആ കാണുന്ന കുറച്ചു പേർ സിനിമയെപ്പറ്റി നല്ലത് പറഞ്ഞാൽ അത് കേട്ട് സിനിമ കാണാൻ വരുന്ന വേറെയും കുറച്ചു പേരുണ്ടാവാം. ബാക്കി അറുപതു ശതമാനത്തോളം വരുന്ന പ്രേക്ഷകർക്കും സിനിമ എന്ന് പറയുന്നത് അതിന്റെ കോണ്ടെന്റ് അല്ല.കോണ്ടെന്റിനെക്കാളുപരി അവർക്ക് വിശ്വാസം ഉള്ള എന്തെങ്കിലും ഒരു ഘടകം ആ സിനിമയിൽ ഉണ്ടായിരിക്കണം എന്നതാണ്. ചിലപ്പോൾ അതൊരു അഭിനേതാവ് ആവാം, സംവിധായകൻ ആവാം അതുപോലുള്ള എന്തെങ്കിലുമാവാം. സൗദി വെള്ളക്കയിൽ അങ്ങനൊരു എലമെന്റ് ഉണ്ട് എന്ന് തോന്നുന്നില്ല. ഓപ്പറേഷൻ ജാവ എന്ന സിനിമ ഒരു വിജയം ആയിരുന്നെങ്കിൽ കൂടി ആ ഒരു സിനിമ കണ്ടു മാത്രം ജനം എന്റെ പേരിൽ വിശ്വസിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. സൗദി വെള്ളക്കയിലെ നടന്മാരോ ടെക്നീഷ്യൻസോ സിനിമയുമായി ബന്ധപ്പെട്ട മറ്റ് ആളുകളോ ഒന്നും തന്നെ അവരുടെ പേര് കണ്ടു കൊണ്ട് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ മാത്രം ഹൈ പ്രൊഫൈൽ ഉള്ളവരല്ല. എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ഒരു പ്രൊഡക്ഷൻ കമ്പനി ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾക്ക് ഇത്രയും തിയേറ്ററുകൾ കിട്ടിയത്. ഒരു പുതിയ പ്രൊഡക്ഷൻ ഹൗസോ പുതിയ സംവിധായകനോ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾക്ക് ഇത്രയും തിയേറ്ററുകൾ കിട്ടില്ലായിരുന്നു.

നമ്മുടെ സിനിമയ്ക്ക് ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. അത് വർഷങ്ങൾ കൊണ്ട് ഉണ്ടായി വരേണ്ട ഒരു കാര്യവുമാണ്. ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമകൾ കാണാൻ തയ്യാറാവുന്നവരുടെ എണ്ണം ചെറിയൊരു ശതമാനം കൂടിയിട്ടുണ്ട്. എന്നിരുന്നാലും ഭൂരിഭാഗം ആളുകളും ഇത്തരം സിനിമകൾ തിയേറ്ററുകളിൽ ചെന്ന് കാണാൻ ഒന്ന് മടിക്കുന്നവർ തന്നെയാണ്.

ഓപ്പറേഷന്‍ ജാവ-2021

ഓപ്പറേഷന്‍ ജാവയാണോ സൗദി വെള്ളക്കയാണോ ഇമോഷണലി തരുണിനെ ഏറ്റവും അധികം പിടിച്ചിരുത്തിയത്?

സൗദി വെള്ളക്കയാണ് ഇമോഷണലി എന്നെ ഏറ്റവും കൂടുതൽ പിടിച്ചിരുത്തിയത്.അതൊരു പ്രേക്ഷകൻ എന്നുള്ള രീതിയിൽ മാത്രമല്ല, ആ പ്രോജക്റ്റിലെ എന്റെ ഇൻവോൾമെന്റ് പോലും വളരെയധികം വൈകാരികത നിറഞ്ഞതായിരുന്നു. സ്ക്രിപ്റ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ഇതിൽ അഭിനയിക്കാൻ വരുമെന്ന് പറഞ്ഞ ഒരു നടിയുടെ മരണവും പിന്നീട് ആ നടിക്ക് വേണ്ടി തന്നെ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നതും ആ സിനിമയുടെ യാത്രയിൽ ഞങ്ങൾക്ക് വേണ്ടപ്പെട്ട ഒരുപാട് ആളുകളുടെയും ആ സിനിമയിലെ ചില അഭിനേതാക്കളുടെയും മരണങ്ങളും ഒക്കെ ചേർന്ന് സൗദി വെള്ളക്ക തുടക്കം മുതലിങ്ങോട്ട് വൈകാരികമായി ഒരുപാട് സ്പർശിച്ചിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ് കോപ്പി ആയതിനു ശേഷം റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പും ആ കാത്തിരിപ്പിന്റെ ഓരോ ദിവസങ്ങളിലുമുണ്ടാകുന്ന ഫ്രസ്ട്രേഷൻസും ഡിപ്രഷൻസും എക്സൈറ്റ്മെന്റുകളും നിറഞ്ഞ ഒരു ഇമോഷണൽ യാത്രയായിരുന്നു സൗദി വെള്ളക്ക. ഇനിയൊരു സിനിമയ്ക്കും അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. കാരണം സൗദി വെള്ളക്കയുടെ യാത്ര ഓവർ ഇമോഷണൽ ആയിരുന്നു എന്ന് തന്നെ പറയാം, അതുകൊണ്ട് തന്നെ സന്തോഷവും സങ്കടവും ഒക്കെ അതിന്റെ അങ്ങേയറ്റത്താണ് ഞങ്ങൾ അനുഭവിച്ചത്. എനിക്ക് മാത്രമല്ല എന്റെ കൂടെയുള്ള അസിസ്റ്റന്റ് ഡയരക്റ്റർസിനും അസോസിയേറ്റ്സിനും നിർമാതാവിനും ഈ സിനിമയുമായി ബന്ധപ്പെട്ട മറ്റെല്ലാവർക്കും നല്ലൊരു സിനിമ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാനുള്ള ആ കാത്തിരിപ്പും പ്രയാസങ്ങളും ഒരുപോലെ അനുഭവപ്പെട്ടിരുന്നു.

ദേവി വര്‍മയിലേക്ക് എത്തിയ കഥ. ഒരു പുതിയ മുഖത്തെ തരുണിന്റെ സ്വപ്നമായ ഒരു സിനിമയുടെ ലീഡിങ് റോള്‍ ഏല്‍പ്പിക്കുക എന്ന വെല്ലുവിളി എങ്ങനെയാണ് നിങ്ങള്‍ രണ്ടുപേരും മറികടന്നത്?

ദേവി വര്‍മ്മയിലേക്ക് എത്തിയത് ഒരു നിമിത്തമായി തന്നെ ഞാന്‍ വിശ്വസിക്കുന്നു. ആദ്യം ദേവി വര്‍മ്മയ്ക്ക് പകരം ഈ സിനിമ ചെയ്യാനിരുന്നത് സൗദി ഗ്രേസി എന്ന ഒരു ആര്‍ട്ടിസ്റ്റാണ്. അവരുടെ മേക്കപ്പ് ടെസ്റ്റ് അടക്കം എല്ലാ കാര്യങ്ങളും തീരുമാനമായതിനുശേഷം ആ അമ്മയ്ക്ക് കോവിഡ് വരികയും അത് വളരെ സീരിയസായ ന്യൂമോണിയയിലേക്ക് മാറുകയും വെന്റിലേറ്ററിലേക്ക് മാറ്റിയതിനു ശേഷം പിന്നീട് അവര്‍ മരണപ്പെടുകയും ചെയ്തത്.’ മോനെ എനിക്ക് വേണ്ടി ഈ സിനിമ ചെയ്യണം’ എന്നാണ് ആ അമ്മ മരിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞത്. പിന്നീട് സൗദി പള്ളിമുറ്റത്ത് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു പോയിട്ടുണ്ട്. കൊച്ചിയിലും കേരളത്തലെല്ലായിടത്തുമുള്ള 60 വയസ്സിന് മുകളിലുള്ള നാടകകലാകാരിമാരെ അന്വേഷിച്ച് നടന്നിട്ടും ആരും നമുക്ക് യോജിക്കുന്ന രീതിയില്‍ വരുന്നില്ല എന്ന ധര്‍മ്മസങ്കടത്തില്‍ ഇരിക്കുമ്പോഴാണ് യാദൃശ്ചികമായി എന്റെ ഒരു സുഹൃത്തിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ദേവി വര്‍മ്മ എന്ന അമ്മയെ ഞാന്‍ കണ്ടത്. അതിനുശേഷം അമ്മയെ ഞാന്‍ കണ്ടപ്പോള്‍ രൂപം കൊണ്ട് എനിക്ക് വളരെയധികം അട്രാക്ടീവ് ആയിട്ട് തോന്നി. അമ്മയുടെ പുരികം ആണ് ആദ്യം എന്റെ എന്നെ മനസ്സില്‍ പതിഞ്ഞത്. പിന്നീട് സംസാരിച്ചപ്പോള്‍ അമ്മയ്ക്ക് ഈ കഥാപാത്രം ചെയ്യാന്‍ പറ്റും എന്നുള്ള ഒരു ആത്മവിശ്വാസം എന്നിലുണ്ടായി. 85 വയസ്സുള്ള ഒരു അമ്മയാണ്. അതിന്റേതായ ഒരു കരുതല്‍ നമ്മള്‍ അവര്‍ക്ക് കൊടുക്കേണ്ടതുണ്ട്. അമ്മയും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുകയും ഷൂട്ടിംഗ് സമയത്തുള്ള ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും സഹിച്ചു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. സത്യത്തില്‍ അതൊരു വെല്ലുവിളി ആയിട്ടല്ല തോന്നിയത് അമ്മയെ എനിക്ക് കിട്ടിയത് ഒരു നിമിത്തമായിട്ട് കരുതുന്നു.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രദർശനം കാണാനെത്തുന്ന ദേവി വര്‍മ്മ

ഇന്ത്യന്‍ നിയമവ്യവസ്ഥയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന സിനിമയാണ് സൗദി വെള്ളക്ക. ഇത്തരം ഒരു പ്രമേയം സിനിമയാക്കുന്നതിലൂടെ നീതി നിര്‍വഹണം നടത്തുന്നവര്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ എന്തെങ്കിലും വലിയ മാറ്റം ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ?

ഞാൻ അങ്ങനെ വലിയ സോഷ്യലി കമ്മിറ്റഡ് ആയിട്ടുള്ള ഒരു വ്യക്തി ഒന്നുമല്ല. കോടതിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളൊന്നും പേഴ്സണലി എനിക്ക് ഉണ്ടായിട്ടുമില്ല. കോടതി എന്ന് പറയുമ്പോൾ എനിക്കും ഈ പറഞ്ഞതുപോലെ സിനിമ സംബന്ധമായിട്ടുള്ള അറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്ത് 70 വയസ്സുള്ള ഒരു സ്ത്രീയും 71 വയസ്സുള്ള ഒരു പുരുഷനും തമ്മിൽ 15 വർഷം നീണ്ട, സൗദി വെള്ളക്കയിലെതിന് സമാനമായ ഒരു കേസ് നടന്നു എന്നത് ഒരു പത്രക്കുറിപ്പിലൂടെയാണ് എന്റെ കൺമുന്നിൽ എത്തിയത്. ഈ വിഷയം അഡ്വക്കേറ്റ് ആയ എന്റെ കസിൻ സുരേഷിനോട് പറഞ്ഞപ്പോൾ അവൻ ആദ്യം എന്നോട് പറഞ്ഞത് നിങ്ങളീ സിനിമയിൽ ഒന്നും കാണുന്ന കോടതിയല്ല യഥാർത്ഥ കോടതി എന്നാണ്. സിനിമയിൽ ഇതുവരെ കണ്ടുകൊണ്ടിരുന്ന കോടതികൾ എല്ലാം തന്നെ വളരെയധികം തെറ്റായിട്ടും യാഥാർത്ഥ്യത്തിൽ നിന്ന് വിരുദ്ധമായിട്ടും ചിത്രീകരിച്ചിരിക്കുന്നവയാണ് എന്നും അതൊക്കെ പൊളിച്ചഴുതാൻ പറ്റുന്ന ഒരു സിനിമ ആയിരിക്കും ഇത്, നീ ഇത് ചെയ്യൂ എന്നും ആദ്യം പറയുന്നത് അവനാണ്. അതിന്റെ കൂട്ടത്തിൽ ധനുഷ് വർഗീസ് എന്ന ഈ സിനിമയുടെ സ്ക്രിപ്റ്റ് അസോസിയേറ്റിനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സമാനമായ ചില കോടതി അനുഭവങ്ങളും അറിയാൻ കഴിഞ്ഞു. ഈ സംസാരങ്ങളിലൂടെയെല്ലാം എനിക്ക് പുതിയ കോടതി അനുഭവങ്ങളും പുതിയ പുതിയ കോടതി കാഴ്ചകളും അറിയാൻ കഴിഞ്ഞു.ധനുഷ് വർഗീസ് ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടുപോയി കോടതികളും വക്കീലന്മാരെയും ഒക്കെ കാണിച്ചു തന്നിട്ടുണ്ട്. അതിൽ നിന്നൊക്കെ ഇതുവരെ ഞാൻ കാണാത്ത കോടതി അനുഭവങ്ങൾ എനിക്ക് കിട്ടിത്തുടങ്ങി. അതിനുശേഷം ഈ സിനിമ ചെയ്യാമെന്നുള്ള ഒരു ഉറച്ച തീരുമാനത്തിലേക്ക് വന്നു. കോടതി അനുഭവങ്ങൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ യാത്രകൾ മുഴുവൻ കലർപ്പില്ലാത്ത വഴികളിൽക്കൂടിയായിരുന്നു.അതുകൊണ്ട് തന്നെ ഞങ്ങളുടെ എഴുത്തിലും യഥാർത്ഥ കോടതി സാഹചര്യങ്ങൾ വന്നു വീഴുകയായിരുന്നു. ഒരിക്കലും ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കെതിരെയോ ഇന്ത്യൻ നിയമവ്യവസ്ഥയുടെ ജീർണ്ണതകൾക്കെതിരെയോ ഉള്ള ഒരു പ്രതികാരമൊന്നുമല്ല ഈ സിനിമ. ഇങ്ങനെ ഒരു സിനിമ കൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നും പ്രതീക്ഷിക്കുന്നില്ല.പക്ഷേ സൗദി വെള്ളക്ക എന്ന സിനിമയ്ക്ക് ശേഷം കണ്ട ഒരുപാട് ആർട്ടിക്കിളുകളിൽ കാലങ്ങളായി കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ ഇത്തരം ഒരു അവബോധം ഉണ്ടാക്കാൻ സാധിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം മാത്രം.

ഓപ്പറേഷന്‍ ജാവയ്ക്കു മുന്‍പുള്ള സിനിമ മോഹങ്ങളും പരിചയങ്ങളും

ഓപ്പറേഷന്‍ ജാവയ്ക്ക് മുമ്പ് സിനിമ പരിചയങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. സിനിമാമോഹങ്ങള്‍ ഒരുപാടുണ്ടായിരുന്നു. സിനിമയില്‍ ഒരുപാട് ബന്ധങ്ങളോ കൈപിടിച്ച് കയറ്റാന്‍ ആളുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് തനിയെ നടന്നു വന്ന ഒരാളാണ് ഞാന്‍. സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു ആദ്യം മുതലുള്ള ആഗ്രഹം. ഒരു ഘട്ടത്തില്‍ അഭിനയിക്കാനുള്ള കാലിബര്‍ എനിക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അതില്‍ നിന്നും പിന്‍വലിഞ്ഞു. പക്ഷേ ഏതെങ്കിലും രീതിയില്‍ സിനിമയുടെ ഭാഗമാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ എഴുതിത്തുടങ്ങി. എഴുത്തുകളുമായി പല സംവിധായകരുടെയും അടുത്ത് ചെന്നു. ചില സംവിധായകര്‍ ആ തിരക്കഥകളില്‍ ചിലത് സിനിമയാക്കാമെന്നു പറഞ്ഞുവെങ്കിലും അതിനും ഒരുപാട് കാലതാമസം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് ഈ കാലതാമസം ഉണ്ടാകുന്നു എന്നൊരു ചിന്ത മനസ്സിലുണ്ടായി. ഒരു ഡിസിഷന്‍ മേക്കിങ് പവര്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ ആഗ്രഹങ്ങളൊക്കെ നടക്കൂ എന്ന് മനസ്സിലായി. ആ പവര്‍ ഉള്ളത് ഒരു സംവിധായകനാണ് എന്ന തിരിച്ചറിവില്‍ നിന്നും സംവിധായകനാകാന്‍ ഇറങ്ങിയ ആളാണ് ഞാന്‍. അല്ലാതെ എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഒരു സംവിധായകന്‍ ഇല്ലായിരുന്നു.

സിനിമയില്‍ ഒരു ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെന്ന് പല അഭിപ്രായങ്ങള്‍ കണ്ടു. ആ ഇഴച്ചില്‍ നമ്മുടെ നിയമവ്യവസ്ഥയെ തന്നെയാണ് കാണിക്കുന്നത് എന്നുള്‍പ്പെടെ ഒരുപാട് തരത്തില്‍ പ്രേക്ഷകര്‍ അതിന് വ്യാഖ്യാനം നല്‍കിയിട്ടുമുണ്ട്.അതുപോലെ വന്നിട്ടുള്ളതാണ് 13 വര്‍ഷം കഴിഞ്ഞിട്ടും ചില കഥാപാത്രങ്ങള്‍ക്ക് ശാരീരികമായി മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നുള്ള വിമര്‍ശനങ്ങള്‍. ചിലപ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ മനസ്സില്‍ കരുതിയിട്ടില്ലാത്ത ചില വ്യാഖ്യാനങ്ങള്‍ സിനിമയ്ക്ക് വന്നുചേരുമ്പോള്‍ അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

സിനിമയുടെ സെക്കൻഡ് ഹാഫിൽ ഒരു ലാഗ് എന്നത് ഇതിന്റെ സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നതായിരുന്നു. എഡിറ്റിംഗ് സമയത്ത് ഞങ്ങൾ ഒരുപാട് വട്ടം ഇരുന്ന് ആലോചിച്ചിട്ടാണ് ആ ലാഗ് വേണം എന്ന തീരുമാനത്തിലെത്തിയത്. ആ ലാഗ് ഇല്ലെങ്കിൽ ഈ സിനിമ ഒരിക്കലും അതിന്റെ പൂർണ്ണതയിൽ എത്തില്ല.സിനിമയുടെ സ്ക്രീൻ ബാലൻസ് തന്നെ ചിലപ്പോൾ തെറ്റിപ്പോകുമായിരുന്നു. ആ ഇഴച്ചിലിലൂടെ
13 വർഷം കേസ് നീണ്ടു പോകുന്നു എന്നത് പ്രേക്ഷകനെ ഫീൽ ചെയ്യിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ സിനിമ ഒരു പരാജയം ആയിരിക്കും. എത്ര കളക്ഷൻ ഉണ്ടായാലും എത്ര പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചാലും ഒരു സംവിധായകൻ എന്ന നിലയ്ക്ക് എന്നെ അത് തൃപ്തിപ്പെടുത്തില്ലായിരുന്നു. ചില ഹ്യൂമർ സീനുകൾ മനപ്പൂർവ്വം കൂട്ടിച്ചേർത്തത് വൈകാരികതയുടെ അതിപ്രസരത്തെ ഒന്ന് താഴേക്ക് കൊണ്ടുവരാൻ വേണ്ടിയായിരുന്നു.അത് എഴുത്തുകാരനും സംവിധായകനും എഡിറ്ററിനും മാത്രം അറിയാൻ കഴിയുന്ന ഒരു പ്രോസസാണ്. നിഷാദ് യൂസഫ് എന്ന ഈ സിനിമയുടെ എഡിറ്ററുമായിട്ട് ഓപ്പറേഷൻ ജാവ മുതലുള്ള ബന്ധമാണ്. ഞാനെന്ത് ചിന്തിക്കുന്നു എന്ന് അദ്ദേഹത്തിനും അദ്ദേഹം എവിടെ ചിന്തിക്കുന്നു എന്ന് എനിക്കും വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു ആത്മബന്ധം ഞങ്ങൾ തമ്മിലുണ്ട്. എന്റെ സങ്കല്പത്തിൽ ഒരു എഡിറ്റർ എപ്പോഴും നല്ലൊരു ഡയറക്ടർ ആവണം ഒരു ഡയറക്ടർ എപ്പോഴും നല്ലൊരു എഡിറ്ററും ആവണം. ഈ കോൺസെപ്റ്റ് ഞങ്ങൾക്കിടയിൽ വളരെ നല്ല രീതിയിൽ വർക്ക് ഔട്ട്‌ ആയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പല തീരുമാനങ്ങളും ഞങ്ങൾ രണ്ടുപേരുടെയും എഡിറ്റിംഗ് ടേബിളിൽ ഒരേ പോലെ സംഭവിക്കാറുണ്ട്. അത്തരമൊരു കണക്ഷൻ ഇല്ലായിരുന്നെങ്കിൽ പല കാര്യങ്ങളും ഞങ്ങൾക്ക് പരസ്പരം അംഗീകരിക്കാൻ കഴിയാതെ വരുമായിരുന്നു. ഇങ്ങനെയൊരു നീട്ടി വലിക്കൽ വേണമോ വേണ്ടയോ എന്നൊക്കെ ഞങ്ങൾ ഒരുപാട് ചർച്ചചെയ്ത് എടുത്ത തീരുമാണ്. അവിടെ ഞങ്ങളെല്ലാവരും ഒരുപോലെ പറഞ്ഞതും വിശ്വസിച്ചതും സെക്കൻഡ് ഹാഫിൽ ആ ലാഗ് ഇല്ല എങ്കിൽ അത് സിനിമയുടെ എയ്സ്തെറ്റിക്സിനെ ബാധിക്കും എന്ന് തന്നെയാണ്.

നിർമ്മാതാവ് സന്ദീപ് സേനനോടൊപ്പം

പണം മുടക്കാന്‍ ഒരാള്‍ എന്നത് ഏതൊരു സിനിമാസ്വപ്നത്തെ സംബന്ധിച്ചും പ്രധാന ആശങ്കയാണ്. തരുണിന്റെ എല്ലാ സിനിമ കാഴ്ചപ്പാടുകളെയും അംഗീകരിച്ചുകൊണ്ട് ആ ആശങ്കയെ മറികടക്കാന്‍ സഹായിച്ചവരെപ്പറ്റി?

സൗദി വെള്ളക്ക പോലൊരു സിനിമ സംഭവിക്കാനുള്ള പ്രധാന കാരണം തന്നെ അതിന്റെ സത്ത മനസ്സിലാക്കിയിട്ടുള്ള ഒരു നിർമ്മാതാവ് ഉണ്ടായതു കൊണ്ടാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെയുള്ള ഒരു വലിയ സിനിമ മലയാളികൾക്ക് സമ്മാനിച്ച ഉർവശി തിയേറ്റർസും സന്ദീപ് സേനൻ എന്ന നിർമ്മാതാവും ഉള്ളതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്.ഈ സിനിമയും തിരക്കഥയും വളരെയധികം കമേർഷ്യൽ വാല്യൂവും സാമൂഹിക മൂല്യങ്ങളും മോറൽ വാല്യൂസും എയ്സ്തെറ്റിക്സും ഉള്ളതാണെന്നും നമ്മുടെ കയ്യിൽ നിന്ന് ഇങ്ങനെയൊരു സിനിമ വന്നാൽ അഭിമാനമാണെന്നും സിനിമയുടെ ഓരോ ഘട്ടങ്ങളിൽ കാണുമ്പോഴും സന്ദീപേട്ടൻ പറഞ്ഞിരുന്നു. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം നിന്റെ രണ്ടാമത്തെ സിനിമ ഇതുതന്നെ ആയിരിക്കണം എന്ന് ധൈര്യം തന്ന് ഞങ്ങൾ കൂടെയുണ്ട് എന്ന് സന്ദീപേട്ടൻ പറഞ്ഞിടത്താണ് ഈ സിനിമ തുടങ്ങുന്നത്. സിനിമയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ ചില മരണങ്ങൾ ഉണ്ടായപ്പോൾ ചിലർ വിശ്വാസങ്ങൾക്കനുസരിച്ച് സിനിമ നിർമ്മിക്കുന്നതിൽ നിന്നും പിന്നോട്ടു പോയേനെ. പക്ഷേ നീ ആഗ്രഹിക്കുന്നത് പോലെ ഈ സിനിമ ചെയ്യൂ എന്ന് പറഞ്ഞ് ഒപ്പത്തിനൊപ്പം നിന്ന ഒരു മൂത്ത സഹോദരനെ പോലെ ഞാൻ കാണുന്ന ആളാണ് സന്ദീപേട്ടൻ. ഓപ്പറേഷൻ ജാവയുടെ ഡിസ്ട്രിബ്യൂട്ടർ ആയ ശ്രീപ്രിയ കമ്പയിൻസിന്റെ ഹരിച്ചേട്ടനും ഈ സിനിമയുണ്ടാകാൻ വേണ്ടി ചുക്കാൻ പിടിച്ച ആളാണ്. ഇവർ രണ്ടുപേരും മുൻകൈയെടുത്ത് ഒപ്പത്തിനൊപ്പം അവസാനം വരെ നിന്നത് കൊണ്ടാണ് താരങ്ങൾ ഇല്ലാത്തതിന്റെ പേരിലുള്ള മാറ്റിനിർത്തലുകളും വിതരണത്തിൽ വന്ന തടസ്സങ്ങളും തീയറ്ററുകളുടെ എണ്ണം കുറഞ്ഞപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളും ധൈര്യപൂർവ്വം തരണം ചെയ്യാൻ കഴിഞ്ഞത്. അതിനിടയിൽ വലിയ താരങ്ങളുടെ സിനിമകൾ വന്നപ്പോഴൊക്കെ കൂടെയുണ്ട് എന്ന് പറഞ്ഞ് ചേർന്ന് നിന്നത് സംവിധായകനും നിർമ്മാതാവും തമ്മിലുള്ള ഒരു ആത്മബന്ധം കാരണമാണ്. അത് ഈ സിനിമയ്ക്ക് വളരെയധികം ഗുണം ചെയ്തിട്ടുമുണ്ട്. അവരോട് രണ്ടുപേരോടും എനിക്ക് ഒരുപാട് കടപ്പാടുണ്ട്. ഈ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരും നടന്മാരെ പറ്റിയും സംവിധായകനെ പറ്റിയും സംഗീത സംവിധായകനെ പറ്റിയും എഡിറ്ററെ പറ്റിയും സിനിമാറ്റോഗ്രാഫറെ പറ്റിയും സംസാരിക്കുമ്പോൾ നിർമാതാക്കളെ വിട്ടു പോകാറുണ്ട്. സത്യത്തിൽ അവർ വലിയൊരു റിസ്കാണ് എടുത്തത്. എല്ലാവർക്കും പെട്ടെന്ന് പണം ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന ഇന്നത്തെ കാലത്ത് അവർ കാണിച്ചത് വലിയൊരു ധൈര്യം തന്നെയാണ്. സത്യത്തിൽ നിർമ്മാതാവാണ് ഈ സിനിമയിലെ താരം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.