Follow the News Bengaluru channel on WhatsApp

വൈറ്റ്നെർ

ചെറുകഥ 🟡 നവീൻ എസ്

🟡ഒന്ന് 

“മച്ചാനേ ഞാൻ പറഞ്ഞേ….നടക്കൂല. ക്യാഷ് സെറ്റാക്കീട്ട് നീയിനി വിളിച്ചാ മതി.”

“ഡാ….പ്ലീസ്….എ…നിക്ക്….ഇദ്..ലാസ്റ്റാ…”

“ഓസിന് തരാൻ ഇതെന്റെ പൊരേലിണ്ടാക്കണതല്ല പുന്നാര മോനേ. ഇല്ലേ നീയൊര് പണി ചെയ്യ്. പഴേ വൈറ്റ്നറിന്‍റെ പരിപാടി തന്നെ നോക്ക്. അദ് വേണേമ്മള് ഫ്രീയായെത്തിക്കാട്ടാ…”

ഒരു കൂട്ടച്ചിരിയോടെ അങ്ങേത്തലക്കൽ കാൾ കട്ടായിട്ടും, ഇപ്പുറത്ത് അവൻ വാക്കുകൾക്കായി പരതി കൊണ്ടിരുന്നു. ഒടുവിൽ മൊബൈൽ വലിച്ചെറിഞ്ഞ് കിടക്കയിലേക്ക് കമിഴ്ന്നു.

അതേ; എല്ലാത്തിന്‍റെയും തുടക്കം വൈറ്റ്നറിലായിരുന്നു. അസൈൻമെന്റെഴുത്തിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. അറ്റം പൊട്ടിച്ച ഒരു വൈറ്റ്നർ നീട്ടി വലിക്കാൻ പറഞ്ഞപ്പോൾ ഒന്നുമാലോചിക്കാതെ ആഞ്ഞു വലിച്ചു. മൂക്കിനകത്തേക്കു തുളഞ്ഞു കയറിയ രൂക്ഷഗന്ധം ഉണ്ടാക്കിയ അസ്വസ്ഥത വിട്ട് പതിയെ ഒരു മയക്കം അനുഭവപ്പെടാൻ തുടങ്ങി. ശരീരത്തിന് ഒട്ടും കനമില്ലാതാവുന്നത് പോലെ. കടലാസ്സിനെ മാത്രമല്ല മനസ്സിനെയും വെളുപ്പിക്കാൻ വൈറ്റ്നെറിനാകുമെന്ന് തിരിച്ചറിഞ്ഞതോടെ അതൊരു ശീലമായി. വീടിനെയും ക്ലാസ്സ് മുറികളെയും അമ്മയെയും ടീച്ചറെയുമൊക്കെ മറന്ന് പാറിപ്പറന്ന പല പല ദിനങ്ങൾ.

കട്ടിലിനടിയിലെ കാർഡ് ബോർഡ് പെട്ടി നിറയെ ഒഴിഞ്ഞ വൈറ്റ്നെറുകൾ കണ്ടെത്തിയത് അനിയത്തിയാണ്. അമ്മക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ചോദിച്ചപ്പോൾ കളക്ഷനാണെന്ന് പറഞ്ഞു. കുട്ടിക്കാലത്ത് തീപ്പെട്ടിക്കൂടും ഗോലികളും പേനയുടെ അടപ്പുകളും തുടങ്ങി സകല ലൊട്ടുലൊടുക്കുകളുടേയും ശേഖരണമുണ്ടായത് കൊണ്ട് അവർ എളുപ്പം വിശ്വസിച്ചു.

 

കോളേജ് കാലമായപ്പോഴേക്കും ലഹരി ഒരു സുലഭ വസ്തുവായിരുന്നു. പൊടിയായും ഗുളികയായും സിറിഞ്ചായും പല രൂപത്തിലും കിട്ടിക്കൊണ്ടിരുന്നു; വലിയ വില കൊടുക്കണമെന്നു മാത്രം. ‘അസൈൻമെൻറ് ഫീ’ , ‘സെമിനാർ ഫീ’, ‘സപ്ലി ഫീ’ – എന്നിങ്ങനെ പല പേരുകളിൽ ആവശ്യമുന്നയിക്കുമ്പോഴൊക്കെ, കോളേജിനെ പ്രാകിയിട്ടാണെങ്കിലും, അമ്മ മുടങ്ങാതെ കാശ് അയച്ചിരുന്നു. പഠനം കഴിഞ്ഞു വീട്ടിലിരിക്കുന്നതിനാൽ ഇപ്പോൾ അത് പറ്റില്ല. ചോദിക്കാനും പറയാനും നിൽക്കാതെ വീട്ടിലുള്ള കാശെടുക്കുകയാണ് പതിവ്. ഇന്നാകട്ടെ വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒരു ചില്ലിക്കാശ് കിട്ടിയില്ല. വേറെ വഴിയൊന്നുമില്ല. അവന്‍റെ വിറയാർന്ന വിരലുകൾ വിണ്ടു കീറിയ മൊബൈൽ സ്‌ക്രീനിൽ പരതി.

“ഓക്കേ മച്ചാനെ…മനസ്സിലായി…കെടന്നു സീനാക്കല്ലേ. ചില്ലിക്കാശില്ലാതെ സ്റ്റഫ് ഒപ്പിക്കാം. പക്ഷെല് ഞാൻ പറേണ പോലെ ചെയ്യണ്ടി വരും.”

🟡രണ്ട് 

ആദ്യത്തെ മുട്ടിൽ തന്നെ അവൾ വാതിൽക്കലേക്കോടി. അയാളാണ് എന്ന് അത്രക്കുറപ്പായിരുന്നു. മുഖത്തിന് നേരെ നീണ്ട ചൂണ്ടുവിരലറ്റത്ത് തൂങ്ങിയാടുന്ന സ്വർണ്ണമാല കണ്ട് അവളുടെ മഷിയെഴുതിയ കണ്ണുകൾ വിടർന്നു. കണ്ണിറുക്കി കാണിച്ചു കൊണ്ട് അയാളാ മാല അവളുടെ കഴുത്തിലിട്ടു കൊടുത്തു.

“ന്ത്നാപ്പോ ഇദൊക്കെ…”

അവൾ അയാളുടെ വീതിയേറിയ നെഞ്ചിലമർന്നു.

“നീയാ താലി ചരടിൽ നിന്നൂരി ഇതിലിട്”

അയാളവളെ കൂടുതൽ ചേർത്ത് നിർത്തി.

————*

ഇപ്പോൾ ആശുപത്രി കിടക്കയിലുള്ള അയാളുടെ കാൽക്കലായി അവളിരിക്കുകയാണ്. അയാൾ കണ്ണുകൾ വലിച്ചു തുറന്ന്, പതിയെ ചുണ്ടുകളനക്കി. വേഗം അടുക്കലേക്ക് നീങ്ങിയിരുന്ന് അവൾ മുഖം താഴ്ത്തി.

“രണ്ടാളേം നല്ലോണം പഠിപ്പിക്കണട്ടോ….”

“മ്മ്….”

തികട്ടി വന്ന തേങ്ങലിനെ അവൾ പിടിച്ചു നിർത്തി.

“പിന്നെ…മ്മടെ മോളെ കെട്ടിച്ച് വിടുമ്പോ, ഇദിടീച്ച് കൊട്ത്ത്ട്ട് അച്ഛന്റെ വകയാന്ന് ഓളോട് പറേണം….”

മുഖത്തിനരികിൽ തൂങ്ങിയാടുന്ന മാല വിറക്കുന്ന ചൂണ്ട് വിരലിൽ കൊരുക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാളുടെ തൊണ്ടയിടറിപ്പോയി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതോടെ ഉറക്കെ കരഞ്ഞു കൊണ്ട് അവൾ നേഴ്സിനെ വിളിക്കാനോടി.

————*

“ന്താപ്പാ…. നട്ടപ്പകല് ഇരുന്നൊറങ്ങ്വാ?”

ഞെട്ടി കണ്ണ് തുറന്നത് രഘുവേട്ടന്റെ ചിരിക്കുന്ന മുഖത്തേക്കാണ്.

“അല്ലല്ല…ഓരോന്ന് ഓർത്തങ്ങനെ മയങ്ങിപ്പോയി…”

കണ്ണിനരികിലൂടെ ഒലിച്ചിറങ്ങിയ നനവ് തുടച്ച് അവൾ കസേരയിൽ നിവർന്നിരുന്നു.

അയാളുടെ മുഖത്തെ ചിരി മാഞ്ഞു.

“ഓർക്കാൻ പിന്നെമ്പാടുണ്ടല്ലോ…”

ദീർഘമായൊന്ന് നിശ്വസിച്ച്, അയാൾ കീശയിൽ നിന്നൊരു കടലാസെടുത്ത് നീട്ടി.

”ദാ… കാശടച്ചേന്റെ രശീതി. മാനേജര്ടടുത്ത് ചെന്ന് ഒപ്പിട്ടു കൊട്ത്ത് മാലയിങ്ങ് വാങ്ങിച്ചോ. നെന്റെയീ ഒഴിഞ്ഞ കഴ്ത്തില് അദ് കെടക്കുന്നെ കണ്ടാലെ ഇനിക്കൊരു സമാധാനൊള്ള്.”

അകത്തെവിടെ നിന്നോ വന്ന വിളിയുടെ പുറകെ രഘുവേട്ടൻ കയറി പോയി.

”വെറും ചങ്ങായിയല്ലട്ടോ, ഇന്റെ ഒടപ്പെറന്നോനാ രഘുവേട്ടൻ” എന്നാണ് അയാളെപ്പഴും പറയാറ്. അവളെയും വിളിച്ചിറക്കി അയാൾ നേരെ ചെന്നതും രഘുവേട്ടന്റെ അടുക്കലേക്കാണ്. സഹകരണ ബാങ്കിലെ ശിപായിയായിരുന്ന രഘുവേട്ടന്റെ പരിചയങ്ങളിലൂടെയാണ് അവർക്ക് താമസിക്കാനൊരു വീടും അയാൾക്കൊരു ജോലിയും തരപ്പെട്ടത്.

അവളെണീറ്റ് മാനേജരുടെ കാബിന് നേരെ നടന്നു.

🟡മൂന്ന് 

രണ്ടു കൂറ്റൻ കന്മതിലുകൾക്കിടയിൽ ഞെരുങ്ങിക്കിടക്കുന്ന റോഡിന്‍റെ ഒരറ്റത്തായി ബൈക്ക് നിർത്താൻ പുറകിലിരുന്ന സുഹൃത്ത് ആവശ്യപ്പെട്ടു.

“ഫുൾ സ്പീഡിൽ ഓടിച്ചോണം. അങ്ങേ സൈഡീ നമ്മടെ ടീമ്സ്ണ്ട്. ഇങ്ങട്ടുള്ള വണ്ടികള് അവര് ബ്ലോക്ക് ചെയ്തോളും. നോക്ക്, എന്തുണ്ടായാലും വണ്ടി നിർത്തിയേക്കരുത്.”

തീരെ ഇടുങ്ങിയ വഴിയിൽ, അല്പം ദൂരെയായി, നടന്നു പോകുന്ന സ്ത്രീയെ കണ്ടപ്പോൾ അവനൊന്നു പരുങ്ങി.

“വണ്ടി എട്ക്കെടാ മൈരേ…”

ഹെൽമെറ്റ് ചില്ലുകൾ താഴ്ന്നു. വിറക്കുന്ന കൈയ്യിനുള്ളിൽ ആക്സറേറ്റർ തിരിഞ്ഞു. ബൈക്ക് ചീറിപ്പാഞ്ഞു. സുഹൃത്തിന്‍റെ കൈ സ്ത്രീക്ക് നേരെ നീളുന്നതും അവർ റോഡിലേക്ക് കമിഴ്ന്നടിച്ചു വീഴുന്നതും ഒരു മിന്നായം പോലെ റിയർവ്യൂ മിററിൽ അവൻ കണ്ടു.

🟡നാല് 

ബാങ്കിൽ നിന്നുമിറങ്ങുമ്പോൾ അവളേറെ സന്തോഷവതിയായിരുന്നു. കഴുത്തിലണിഞ്ഞ മാലയിൽ തിരുപ്പിച്ചു കൊണ്ട് സ്വയം പുഞ്ചിരിച്ചു. വിവാഹത്തിന് ശേഷം അയാൾ ആദ്യമായും അവസാനമായും നൽകിയ സമ്മാനമാണ് ആ സ്വർണ്ണ മാല. ചികിത്സക്കായി മറ്റെല്ലാം വിറ്റു പെറുക്കിയിട്ടും ആ മാല തൊടാൻ അയാളനുവദിച്ചില്ല.

ഒറ്റക്കുള്ള ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാനുള്ള പരക്കം പാച്ചിലിൽ കൈകൾ പലവട്ടം ആ മാലയിലേക്ക് നീണ്ടതാണ്. പക്ഷെ, അയാളുടെ അവസാന വാക്കുകൾ അവളെ പിന്തിരിപ്പിച്ചു. എന്നിട്ടും, മകന്‍റെ പഠന ചെലവുകൾ വിദ്യാഭ്യാസ വായ്പയിലും ഒതുങ്ങാതെ വന്നപ്പോൾ അവൾ രഘുവേട്ടന്റെ മുന്നിലെത്തി.

“ഇദ് വേണോ മോളേ… ഓനെണക്ക് നല്ലപ്പം വാങ്ങി തന്നതല്ലേ…”

”ന്താക്കാനാ രഘ്വേട്ടാ… ചെക്കന്റെ പഠിപ്പ് നടക്കണ്ടെ. പിന്നെ വിക്ക്വൊന്നല്ലല്ലോ; ഇങ്ങളെട്ത്ത് ഏൽപ്പിക്ക്യല്ലേ. ഇനിക്കാവ്മ്പോ വന്ന് തിരിച്ചെട്ക്കാം”

അവളൊരു വരണ്ട ചിരി ചിരിച്ചു.

“ന്തേലൊരു വഴിണ്ടാർന്നേല് ഇദ് ഞാൻ സമ്മയ്ക്കൂല്ലായിരുന്നു.”

“അദൊന്നും സാരല്ല. ഇങ്ങളിതൊന്ന് വെച്ച് വേഗം കാശെട്ത്ത് തരീ. പൈസ ഇന്നന്നെ കിട്ടണോന്നും പറഞ്ഞ് ഒരുത്തനാട കയറ് പൊട്ടിക്കാ. ബാങ്കടക്കേണെന്റെ മുന്നേ ഇനിക്കതോന്റെ ഏട്ടിയെമ്മിലിട്ട് കൊട്ക്കണം.”

ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചിട്ടാണ്, അവൾ മാല ഊരി രഘുവേട്ടന്റെ കൈയ്യിൽ വെച്ച് കൊടുത്തത്.

അതൊരു പണയ ഉരുപ്പടിയായിരുന്ന കാലമത്രയും ഉള്ളുരുകുകയായിരുന്നു. ഇന്ന്, സ്വരുക്കൂട്ടി വെച്ചതും കുറി പിടിച്ചതും ചേർത്ത് അത് തിരികെ എടുത്തപ്പോൾ ലോകം തന്നെ കീഴടക്കിയത് പോലെ അവൾക്ക് തോന്നി.

പക്ഷെ, ഒറ്റ നിമിഷത്തിൽ എല്ലാം മാറി മറിഞ്ഞു. കമിഴ്ന്നടിച്ചുള്ള വീഴ്ച്ചയിൽ ബോധം മറയും മുമ്പെ, ഏതോ വിരലിൽ തൂങ്ങിയാടുന്ന പൊട്ടിയ മാല അവൾ കണ്ടതാണ്. എന്നിട്ടും, ബോധം തെളിഞ്ഞപ്പോൾ അവളുടെ വിരലുകൾ കഴുത്തിൽ പരതി.

🟡അഞ്ച് 

കടല്‍ക്കാറ്റിന്റെ കുളിരും ലഹരിയുടെ ചൂടും നുകർന്ന്, ഉറക്കത്തിനും ഉണർവിനുമിടയിൽ ചാഞ്ചാടി കൊണ്ട്, ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ മലര്‍ന്നു കിടക്കുകയായിരുന്ന അവനെ, പോക്കെറ്റിൽ കിടന്ന ഫോണിന്റെ നിർത്താതെയുള്ള വിറയലാണ് ഉണർത്തിയത്. എടുത്ത് നോക്കിയപ്പോൾ അനിയത്തിയാണ്. തികട്ടിക്കയറി വന്ന ഒരു തെറിവാക്ക് പല്ലുകൾക്കിടയിലിട്ട് ഞെരിക്കുന്നതിടയിൽ സ്ക്രീനിലെ ചുവന്ന വൃത്തത്തിൽ അവന്റെ തള്ളവിരലമർന്നു.

അതേ സമയം, നേരം വളരെയേറെ വൈകിയിട്ടും തിരികെയെത്താത്ത അമ്മയേയും ചേട്ടനേയും ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടിൽ ഒറ്റക്കായിപ്പോയ പെൺകുട്ടി പരിഭ്രമിച്ചു തുടങ്ങിയിരുന്നു.

നവീൻ എസ് എഴുതിയ കൂടുതൽ കഥകൾ ഇവിടെ വായിക്കാം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.