Follow the News Bengaluru channel on WhatsApp

റിമൈന്റർ

ചെറുകഥ 🟡 നവീൻ എസ്

“പത്തൊക്കെ ഏത് കാലത്തെ ചാർജ്ജാ സാറേ…ഇങ്ങളിദേത് ലോകത്താ?”

തടിച്ച ശരീരത്തിന്റെ അൽപം മാത്രം കമ്പിയിലും ബാക്കി മുഴുവൻ ചുറ്റും തിങ്ങി നിൽക്കുന്ന സ്ത്രീകളിലുമായി ചാരി വെച്ച് നിൽക്കുന്ന കണ്ടക്ടർ പല്ലുകൾ മുഴുക്കെ കാട്ടി ഇളിച്ചു. കീശയിൽ നിന്നും ഒരു പത്ത് രൂപ നോട്ട് കൂടിയെടുത്ത് നീട്ടുമ്പോൾ ഓർത്തു നോക്കി – എത്ര കാലമായി കാണും ബസ്സിൽ കേറിയിട്ട്? വീട്ടിൽ തന്നെ കാറുകൾ രണ്ടാണ്; പുറമെ ഓഫീസ് ക്യാബും. നിലവിലെ ബസ് ചാർജ്ജാെക്കെ പിന്നെങ്ങനെ അറിയാനാണ്. അല്ലെങ്കിലും, ഓഹരി സൂചികയിലെ ഏറ്റക്കുറച്ചിലുകളല്ലാതെ മറ്റൊന്നിന്‍റെയും വില വ്യതിയാനങ്ങൾ കാര്യമായി ശ്രദ്ധയിൽ പെടാറില്ല. “പെട്രോൾ വില വർധന എന്നെ ബാധിക്കില്ല; കാരണം ഞാനെപ്പോഴും നൂറ് രൂപക്കാണ് പെട്രോൾ അടിക്കാറ്” എന്ന വാട്ട്സാപ്പ് തമാശ തന്നെ ഏറെ പണിപ്പെട്ടാണ് ഞാൻ മനസിലാക്കിയെടുത്തതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പമ്പിൽ കയറി ആയിരത്തിനോ രണ്ടായിരത്തിനോ അടിക്കാൻ പറയുന്നതല്ലാതെ എത്ര ലിറ്റർ കയറിയെന്നൊന്നും നോക്കാറില്ല എന്നതാണ് സത്യം.

സർവ്വീസ് ചെയ്ത് വൈകിട്ട് ആറിനു മുമ്പെ കാർ ഓഫീസിലെത്തിക്കാൻ കാലത്ത് പിക്ക് ചെയ്യാൻ വന്നവനോട് പ്രത്യേകം പറഞ്ഞതാണ്. പറഞ്ഞ സമയം കഴിഞ്ഞും കാണാതായതോടെയാണ് വിളിച്ച് നോക്കിയത്. പണി തീർന്നില്ല; നാളെ തരാമെന്ന്. ചൂടായപ്പോൾ അവരുടെ വക കുറെ ‘ടെക്നിക്കൽ’ ന്യായീകരണങ്ങളും. എരിവും പുളിയും കൂട്ടി മാരുതിയുടെ കസ്റ്റമർ കെയറിലേക്കയച്ച കംപ്ലയിന്‍റ് മെയിൽ പോയെന്ന് ഒന്ന് കൂടെ ഉറപ്പ് വരുത്തിയിട്ടാണ് ലാപ്പ്ടോപ്പ് ഷട്ട് ഡൗൺ ചെയ്തത്. കഷ്ടകാലം വരുമ്പോൾ ഒരുമിച്ചാവുമെന്ന് പറയാറില്ലേ. ഓൺലൈൻ ടാക്സിക്കാരുടെ മിന്നൽ പണിമുടക്ക് കാരണം ഓഫീസ് ക്യാബ് സ്ത്രീ ജീവനക്കാർക്ക് വിട്ടു കൊടുക്കേണ്ടി വന്നു. ഏതായാലും റോയിയുടെ കൂടെ ബസ് സ്റ്റാൻഡ് വരെ പോകാൻ തോന്നിയത് നന്നായി; ബസില്‍ സീറ്റ് കിട്ടി.

പുറപ്പെടാറായപ്പോഴേക്കും ബസിൽ കാല് കുത്താനിടയില്ലാത്ത തിരക്കായി. ഞാൻ ഇരിക്കുന്ന സീറ്റിനോട് ചേർന്നാണ് ആ സ്ത്രീ നിൽക്കുന്നത്. കൈയെത്തിച്ച് മുകളിലെ കമ്പിയിൽ പിടിക്കാൻ മാത്രം ഉയരമില്ലാത്തതിനാൽ എന്‍റെ സീറ്റിനരികിലെ കമ്പിയിൽ ചുറ്റിപ്പിടിച്ചാണ് നിൽപ്പ്. ഇടത് കൈയ്യിലെ വലിയ സഞ്ചിയിൽ ഭാരമുള്ളതെന്തോ ആവണം; ബാലൻസ് തെറ്റി ഇടക്കിടെ എന്‍റെ മേലേക്ക് ചായുന്നുണ്ട്. യുണിഫോം കണ്ടിട്ട് ഏതോ പെട്രോൾ പമ്പിലെ ജോലിക്കാരിയാണ്. പാതിയിലേറെ നരച്ചു കഴിഞ്ഞ മുടിയിൽ വാടിക്കരിഞ്ഞ മുല്ലപ്പൂമാല ഞാന്നു കിടക്കുന്നു. വിയർപ്പിന്‍റെയും പെട്രോളിന്‍റെയും മുല്ലപ്പൂവിന്‍റെതും ചേർന്ന് രൂക്ഷമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട്.

എന്റെ മുഖത്തോടുരുമ്മി കിടക്കുന്ന അവരുടെ ഹാന്‍റ്ബാഗിൽ കിടന്ന് മൊബൈൽ കരഞ്ഞു വിളിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. ഏതോ ക്രിസ്തീയ ഭക്തി ഗാനമാണ്. ദൈവങ്ങളുടേയും, പിന്നെ ‘മുകളിൽ’ പിടിപാടുളളവരുടെയും കെട്ടിടങ്ങൾ ഒഴിവാക്കി നിർമ്മിക്കപ്പെട്ട വളവുകളും തിരിവുകളുമേറെയുള്ള റോഡിലൂടെ ബസ്സങ്ങനെ ആടിയുലഞ്ഞ് നീങ്ങുകയാണ്. കമ്പിയിലെ പിടി വിട്ടാൽ നിലതെറ്റി വീഴുമെന്ന് ഉറപ്പുള്ളതിനാൽ, അവർ നിസ്സഹായതയോടെ ബാഗിലേക്ക് നോക്കി കൊണ്ടിരുന്നു. അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയതും ഒരുവിധത്തിൽ ബാഗ് തുറന്ന് അപ്പോഴും നിലവിളിച്ചു കൊണ്ടിരുന്ന മൊബൈൽ പുറത്തെടുത്തു. അതോടെ ഉച്ഛസ്ഥായിയിലായ നിലവിളി കേട്ട സത്യ കൃസ്ത്യാനികൾ കുരിശ് വരക്കുകയും പാപികൾ നെറ്റി ചുളിക്കുകയും ചെയ്തു.

“മോനേ അമ്മച്ചി ബസിലാടാ…ഇപ്പോ വരാടാ. ഓ…ഒണ്ട്…വാങ്ങിച്ചിട്ടൊണ്ട്. നീയൊന്ന് സമാധാനപ്പെട്…. ”

മുന്നറിയിപ്പില്ലാതെ ബസ് മുന്നോട്ടെടുത്തതും ബാലൻസ് തെറ്റി പുറകോട്ട് മറിഞ്ഞു കൊണ്ട് അവർ ന്യൂട്ടന്റെ ഒന്നാം നിയമം സാക്ഷ്യപ്പെടുത്തി.

“അയ്യോ… സോറി… സോറി…”

കമ്പിയിൽ പിടിച്ച് വലിഞ്ഞെണീക്കുന്നതിനിടയിൽ അവർ ആരോടെന്നില്ലാതെ ഉരുവിട്ട് കൊണ്ടിരുന്നു. തെറിച്ചു പോയ ഫോൺ രണ്ടു മൂന്നു കഷ്ണങ്ങളായി ആരോക്കെയോ എടുത്ത് കൊടുത്തു.

”ആ സാറായിരുന്നോ…ഞാന്‍ കണ്ടില്ലായിരുന്നു”

കമ്പിയില്‍ പിടിച്ച് നിലയുറപ്പിക്കുന്നതിനിടയിൽ എന്നെ നോക്കി അവർ വെളുക്കെ ചിരിച്ചു.

ചെരിഞ്ഞൊന്ന് നോക്കിയപ്പോൾ അരികിലിരിക്കുന്നയാൾ ഉറങ്ങുകയാണ്. അതോടെ അവർ എന്നോട് തന്നെയാണ് സംസാരിക്കുന്നത് എന്നുറപ്പായി.

“സാറിനെന്നെ മനസ്സിലായില്ലേ? ഞാനാ കോളേജ് പടിക്കലെ ഇൻഡ്യൻ ഓയിൽ പമ്പിലെയാ…സാറ് സ്ഥിരം അവിടുന്നല്ലേ പെട്രോളടിക്കുന്നേ.”

സാമാന്യം ഉറക്കെയാണവരുടെ സംസാരം. ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നത് കണ്ട് ഞാനൊന്നു പരുങ്ങി. മറുപടി ഒരു ചിരിയിലൊതുക്കി.

“അല്ല ഇന്ന് കാറെടുത്തില്ലേ?”

അവര്‍ വിടാന്‍ ഭാവമില്ല.

“ഇല്ല സർവ്വീസിന് കൊടുത്തതാ.”

തുടര്‍ന്നുള്ള സംഭാഷണം ഒഴിവാക്കുവാനായി ഞാൻ പോക്കെറ്റില്‍ നിന്നും മൊബൈലെടുത്ത് എന്തോ പരതി തുടങ്ങി.

അവർ പറഞ്ഞത് ശരിയാണ്. ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ആ പമ്പിൽ കയറാറുണ്ട്. എന്നാലെന്തോ അവരുടെ മുഖം തീരെ ഓർത്തെടുക്കാനാവുന്നില്ല. ഇടക്കിടെ മാറുന്ന ഡീപികളും പ്രൊഫൈൽ പിക്കുകളുമല്ലാതെ മുഖങ്ങളൊന്നും ഇപ്പോൾ മനസ്സിൽ തങ്ങാറില്ല.

“മോനുള്ള ക്രിക്കറ്റ് കിറ്റാ സഞ്ചീല്. ഓനാ ഈ വിളിച്ചോണ്ടിരിക്കുന്നെ. ഇന്നേം നോക്കി ഇപ്പം പടിക്കല് നിക്കുന്നുണ്ടാകും ചെക്കൻ”

അടുത്ത സ്റ്റോപ്പില്‍ ബസ് നിന്നപ്പോൾ കമ്പിയില്‍ പിടിച്ചിരുന്ന കൈയ്യൊന്ന് നിവർത്തിക്കൊണ്ട് അവര്‍ പറഞ്ഞു. അന്നേരം, അവരുടെ വട്ടമുഖത്തെ വിയർപ്പുത്തുള്ളികളൊന്നാകെ വെട്ടിത്തിളങ്ങുന്നത് പോലെ താേന്നി.

“നല്ല കനൊണ്ട് സാധനത്തിന്; അത്രന്നെണ്ട് വെലേം. ആവതുണ്ടായിട്ടൊന്ന്വല്ല സാറേ. ഇതന്നെ അടുത്ത മാസത്തെ ശമ്പളത്തിന് കൊറച്ച് അഡ്വാൻസായി വാങ്ങീട്ടാ തെകഞ്ഞേ. അച്ഛൻ ഇല്ലാണ്ട വളർന്ന കുട്ടിയാ. എന്നാ ഓനും അയിന്‍റെ തരം വിട്ട് പെരുമാറീട്ടില്ല. ഇന്‍റെ ബുദ്ധിമുട്ട് കണ്ടാവണം ചെറുപ്പത്തിലെ വലുതായ പോലെയാ ചെക്കൻ. സാറിനറിയോ, ഇതാ ഓനിന്നോട് ആദ്യായിട്ട് ആവശ്യപ്പെട്ട ഒര് കാര്യം. അതന്നെ കഴിഞ്ഞാഴ്ച്ച ഓന്‍റെ പിറന്നാളായിട്ട് ഞാനത്രേം നിർബന്ധിച്ചിട്ടാ. പിന്നെ മാഷന്മാരും ഓന്‍റെ കൂട്ടാരന്മാരൊക്കെ പറേണത് ഓൻ നല്ലോണം കളിക്കുന്നാ; ജില്ലാ ടീമിലേക്കൊക്കെ കിട്ടീണ്ടത്രേ. എന്തോ അറീല്ല….എന്നെ കൊണ്ട് ചെയ്യാമ്പറ്റ്ന്നേ ചെയ്ത് കൊട്ക്കന്നെ.”

അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ബസ് വീണ്ടും നീങ്ങിത്തുടങ്ങി. കാറ്റിൽ എന്‍റെ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾക്ക് അപ്പോൾ മാത്രം വിടർന്ന മുല്ലപ്പൂവിന്‍റെ സുഗന്ധം.

ഞാൻ ഓര്‍ക്കുകയായിരുന്നു; കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ഒന്നാം ക്ലാസുകാരൻ മകൻ ആവശ്യപെടുന്നതാണ് ഒരു കളർ പെൻസിൽ ബോക്സ്. വരുന്ന ഞായറാഴ്ച്ച ഏതോ ഡ്രോയിങ്ങ് കോമ്പറ്റീഷനുണ്ട്. ദിവസവും രാവിലെ കാറിൽ കയറി പുറപ്പെടും വരെ പുറകിൽ വന്ന് ഓർമ്മപ്പെടുത്തും. എന്നാലും, അവന്റെ കാത്തിരിപ്പിനാൽ തളർന്ന കണ്ണുകൾ ഹെഡ്ലൈറ്റ് വെട്ടത്തിൽ തിളങ്ങുന്നത് കാണുമ്പോഴേ ഓർമ്മ വരികയുള്ളു. മേലധികാരികളാലും സഹപ്രവർത്തകരാലും സ്ഥിരമായി പുകഴ്ത്തപ്പെടുന്ന ഓർമ്മശക്തിയെ ഓർത്ത് എനിക്ക് ചിരി വന്നു. വാങ്ങിയില്ലെന്ന് പറഞ്ഞാലും കാറിന്‍റെ ഡാഷ് ബോർഡ് മുഴുവൻ തപ്പിയാലെ വിശ്വാസമാവുകയുള്ളു. നിറഞ്ഞ കണ്ണുകളോടെ കിടപ്പ് മുറിയിലേക്ക് പോകുന്ന അവനെ ആശ്വസിപ്പിക്കാൻ നിൽക്കാതെ ഞാൻ വാതിലടക്കും.

സ്ക്രോൾ ചെയ്ത് തള്ളിയ അനേകം വാട്സപ്പ് സന്ദേശങ്ങൾക്കിടയിൽ നിന്നും, ഭാര്യയുടെ ഫോണെടുത്ത് മകൻ അയച്ച റിമൈന്‍റെറുകൾ പരതിയെടുത്തു.
അടുത്ത സ്റ്റോപ്പിൽ നിർത്താനായി ബസ് സ്ലോ ചെയ്തപ്പോൾ ഞാൻ പതുക്കെ എണീറ്റു.

“സാറിന്‍റെ സ്ഥലം ഇവിടാണോ?”

സീറ്റിലേക്ക് ഊർന്നിറങ്ങുന്നതിനിടയിൽ അവർ ചോദിച്ചു.

“അല്ല…ഇവിടൊരാളെ കാണണം”

ടൗണിലേക്കുള്ള ബസും കാത്ത് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മകന്‍റെ തിളങ്ങുന്ന കണ്ണുകളായിരുന്നു മനസ്സ് നിറയെ. മുഖത്തേക്ക് വീശിയ തണുത്ത കാറ്റിന് അപ്പോൾ മാത്രം വിടർന്ന മുല്ലപ്പൂവിന്‍റെ സുഗന്ധമായിരുന്നു.

നവീൻ എസ് എഴുതിയ കൂടുതൽ കഥകൾ ഇവിടെ വായിക്കാം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.