Follow the News Bengaluru channel on WhatsApp

മനുഷ്യവംശത്തിൻ്റെ അനുഭവങ്ങളെ ചെന്ന് തൊടാനുള്ള സ്ഥാനമാണ് ഭാഷ: ഡോ. സുനിൽ പി ഇളയിടം (വീഡിയോ)

ബെംഗളൂരു: കേവലം ഒരു ഉപകരണമോ പ്രാഥമിക ഉപാധിയായോ ആയി കാണുന്നതിനുമപ്പുറം മനുഷ്യവംശത്തിന്റെ അനുഭവങ്ങളെ തൊടാനുള്ള ഒരു സ്ഥാനമാണ് ഭാഷയെന്ന് ഡോ. സുനില്‍ പി ഇളയിടം. മലയാളം മിഷന്‍ ഏര്‍പ്പെടുത്തിയ മലയാണ്മ മാതൃഭാഷാ പുരസ്‌കാരം നേടിയ കര്‍ണാടക ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക് സ്‌നേഹാദരമര്‍പ്പിക്കാന്‍ ബെംഗളൂരു കെ.എം.സി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊലിമ -2023 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷ സാധാരണക്കാരനോട് സംവദിക്കുന്നതാവണം. ഭാഷയുടെ വികാസമെന്നത് നിരവധി സംഘര്‍ഷ പരിണാമ പക്രിയയയിലൂടെയാണ് സാധ്യമാകുന്നതെന്നും ഭാഷയ്ക്കകത്ത് ഉച്ചാരണ സംഘര്‍ഷങ്ങളോ വ്യാകരണ സംഘര്‍ഷങ്ങളോ ഉണ്ടായിവരുന്നത് അതിന്റെ കുറവായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വൈരുദ്ധ്യങ്ങള്‍- സംഘര്‍ഷങ്ങള്‍ എന്നത് ഭാഷയെ സംബന്ധിച്ച് പ്രധാനമാണെന്ന് തിരിച്ചറിയുകയും
ഏകമാനമായ ഒരു ഒറ്റ പ്രതലത്തിലേക്ക് കൊണ്ടു പോകാതെ നല്ല ഭാഷ അതാണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്യാതെ വേണം നാം മാതൃഭാഷാ ബോധത്തെ കൊണ്ടു പോകേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയിലേക്ക് നാം മടങ്ങുന്നു എന്നതിന്റെ അര്‍ഥം നമ്മള്‍ ഗൃഹാതുരമായി ഏതോ ഭൂതകാലത്തിലേക്കോ കാല്‍പ്പനികതയിലേക്കോ മടങ്ങുന്നു എന്നല്ല, മറിച്ച് നമുക്ക് ആന്തരികമായ ആഴം വരുന്നു എന്നാണ്. ഈ ആന്തരികമായ ആഴത്തെ തേടിയുള്ള, അവനവന്‍ തന്നെ ഒരാധികാരികത നല്‍കുവാനുള്ള, അവരവരുടെ ഉന്മയെ കൂടുതല്‍ ആധികാരികമാക്കാനുള്ള മനുഷ്യവംശത്തിന്റെ പ്രധാനപ്പെട്ട ഉപാധികളിലൊന്നിലാണ് മാതൃഭാഷയെന്ന സങ്കല്‍പ്പം നിലനില്‍ക്കുന്നത് എന്ന് കൂടി നമ്മള്‍ കാണേണ്ടതുണ്ട്. മാതൃഭാഷയ്ക്ക് വേണ്ടിയുള്ള ശ്രമം -നമ്മളെ ലഘുവായ, നാടിനോടുള്ള ഗൃഹാതുരതാത്പര്യങ്ങള്‍ എന്നിവയൊക്കെയുണ്ടെങ്കിലും അതിനെയൊക്കെ കടന്നു പോകുന്ന വലിയ സാധ്യതകളെ, ആശയങ്ങളെ മാതൃഭാഷയെന്ന ആശയം ഉള്‍ക്കൊള്ളുന്നുണ്ട്. അതിലേക്ക് പടിപടിയായി വികസിപ്പിക്കാന്‍, നമ്മുടെ മാതൃഭാഷാ പഠനത്തെ വികസിപ്പിക്കാന്‍ കൂടി നമ്മള്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാഷയ്ക്ക് വേണ്ടി മലയാളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലിയ കാര്യമാണെന്ന് നിങ്ങളെ പോലെ ഞാനും കരുതുന്നുവെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളം മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മികച്ച ഭാരവാഹിക്കുള്ള ‘ഭാഷാ മയൂരം’ പുരസ്‌കാരം നേടിയ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡണ്ട് കെ ദാമോദരന്‍ മാസ്റ്റര്‍, മികച്ച അധ്യാപിക-അധ്യാപകര്‍ക്കുള്ള ‘മലയാളം മിഷന്‍ ബോധി’ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ കര്‍ണാടക ചാപ്റ്ററിലെ അധ്യാപികയായ മീരാ നാരായണന്‍, മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിലെ മികവിനായി ഏര്‍പ്പെടുത്തിയ ‘ഭാഷാ പ്രതിഭാ’ പുരസ്‌കാരം നേടിയ ‘ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്‍’ പ്രതിനിധി ഷിജു അലക്സ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മലയാളം മിഷന്‍ ജനറല്‍ സെക്രട്ടറി ടോമി ആലുങ്കല്‍ സ്വാഗതം പറഞ്ഞു. കര്‍ണാടക ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിലു സി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഷാഹിന ലത്തീഫ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. മലയാളം മിഷൻ തമിഴ്നാട് അക്കാദമിക് കോർഡിനേറ്റർ ജയരാജ്, എ.ഐ.കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ്, ലോക കേരള സഭാംഗങ്ങളായ കെ.പി.ശശീധരന്‍,  സി. കുഞ്ഞപ്പന്‍, ആര്‍.വി. ആചാരി, ടി.എം. ശ്രീധരന്‍, മധു കലമാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലയാളം മിഷനിലെ പഠിതാക്കളായ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജെയ്സൺ ലൂക്കോസ് നന്ദി പറഞ്ഞു. ജോമേൻ സ്റ്റീഫൻ, ബുഷ്റ വളപ്പിൽ, നൂർ മുഹമ്മദ്, അനൂപ് കുറ്റ്യേരിമ്മൽ എന്നിവർ നേതൃത്വം നൽകി.

പ്രഭാഷണം കേള്‍ക്കാം :

 

‘ഭാഷാ മയൂരം’ പുരസ്‌കാരം നേടിയ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡണ്ട് കെ ദാമോദരന്‍ മാസ്റ്ററെ ആദരിക്കുന്നു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.