ബെംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദമുണ്ടാക്കി 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബസ് ഡ്രൈവർക്ക് കോടതി 20 വര്‍ഷം തടവിന് ശിക്ഷ വിധിച്ചു. ബസ് ഡ്രൈവറും മംഗളൂരു കാവൂരിനടുത്ത് മരക്കടയില്‍ താമസക്കാരനുമായ ദയാനന്ദ ധനന്നാവറെ(30)യാണ് മംഗളൂരു അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതി ശിക്ഷിച്ചത്.

ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ഇയാൾ 2022 ജനുവരി 27ന് ഔട്ടിങ്ങിനായി തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ജനുവരി 28ന് പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഹമ്പന്‍കട്ടയിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് വീട്ടില്‍ ഇറക്കിവിടുകയുമായിരുന്നു. വിവരം മാതാപിതാക്കളോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ദയാനന്ദ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി ധൈര്യത്തോടെ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

ജസ്റ്റിസ് രാധാകൃഷ്ണയാണ് വിധി പ്രസ്താവിച്ചത്. 20 വര്‍ഷം തടവിന് പുറമെ ‘ 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴയടച്ചില്ലെങ്കില്‍ നാല് മാസം കൂടി തടവ് അനുഭവിക്കണം. പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതില്‍ ഒരു ലക്ഷം രൂപ വിദ്യാഭ്യാസത്തിനായി ഉടന്‍ അനുവദിക്കാനും ബാക്കി രണ്ട് ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കില്‍ എഫ്ഡിയില്‍ സൂക്ഷിക്കാനും ജഡ്ജി ഉത്തരവിട്ടു.