Follow the News Bengaluru channel on WhatsApp

തലശ്ശേരി ആർച്ച് ബിഷപ്പ് പ്ലാമ്പാനിയും റബ്ബർ രാഷ്ട്രിയവും

ജോമോന്‍ സ്റ്റീഫന്‍

ജോമോന്‍ സ്റ്റീഫന്‍

റബ്ബറിൻ്റെ വില 300 രൂപയാക്കിയാല്‍, വരാന്‍ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വലിയ വിവാദമായി കഴിഞ്ഞു.കേരള ക്രൈസ്തവ സഭകളിലെ ഏറ്റവും ശക്തമായ സിറോ മലബാര്‍ സഭയിലെ ഒരു പ്രമുഖനാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നത് പ്രസ്താവനയുടെ ആഴവും ഗൗരവവും വര്‍ധിപ്പിക്കുന്നു. ഒപ്പം പുതിയ ചില രാഷ്ടിയ മാനങ്ങളും.

കണ്ണൂര്‍ ജില്ലയിലെ മലയോര ക്രൈസ്തവരുടെ കര്‍ഷക പ്രതിഷേധ ജ്വാലയില്‍ പ്രസംഗിക്കുമ്പോഴാണ് ബിജെപി യിലേക്ക് ഒരു പാലം പണിയാനുള്ള കൊളുത്തും കയറും, പാംപ്ലാനി മെത്രാന്‍ നീട്ടി എറിഞ്ഞത്.
ഏറ്റവും രസകരം എന്തെന്നാല്‍, പരമ്പരാഗത കുടിയേറ്റ കൃഷിക്കാരും കോണ്‍ഗ്രസ് അനുകൂലികളുമായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക പ്രതിഷേധ ജ്വാലയിലാണ് ബിഷപ്പ് ബിജെപിക്ക് അനുകൂലമാണ് എന്ന് വിവക്ഷിക്കാവുന്ന പ്രസ്താവന നടത്തിയത് എന്നതാണ് ..!

കേരളീയ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ബലാബലത്തില്‍ വളരെ നിര്‍ണായകമായ സമൂഹവും അനിഷേധശക്തിയുമാണ് സിറോ മലബാര്‍ കത്തോലിക്കര്‍. വിദ്യാഭ്യാസ, ആതുര മേഖലയിലെ നിര്‍ണായക സാന്നിധ്യം.ആളും അര്‍ത്ഥവും കൊണ്ട് പ്രബലരായ സമൂഹം.എക്കാലവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വോട്ടു ബാങ്കായി കരുതപ്പെട്ടിരുന്ന ഈ സമൂഹത്തിന്റെ നേതൃതലത്തില്‍ അടുത്തയിടെ ചില ചാഞ്ചാട്ടങ്ങള്‍ പ്രകടമാണ്. ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസക്തി കുറഞ്ഞതും സംഘപരിവാര്‍ ശക്തിയാര്‍ജിച്ചതുമെല്ലാം സഭക്കുള്ളിലെ നിലപാടുകളിലും ചലനങ്ങളിലും പ്രതിഫലിക്കുന്നുണ്ട് എന്ന് സാരം.

തലശ്ശേരി ആർച്ച് ബിഷപ്പ് പ്ലാമ്പാനി

കേരളത്തിലെ മലയോര മേഖലകളില്‍ കൃഷിക്കാരായവരില്‍ ഗണ്യമായ ഒരു വിഭാഗം ക്രിസ്ത്യാനികളാണ്. റബ്ബർ അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ്, കര്‍ഷകരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടു എന്നത് വസ്തുതയാണ്. പക്ഷെ കാര്‍ഷിക വിലയിടിവ് റബ്ബറിനെ മാത്രം ബാധിച്ചിട്ടുള്ളതല്ലല്ലോ. നെല്ല്, നാളികേരം, ഇഞ്ചി, കുരുമുളക്, ഏലം ഈ കര്‍ഷകരെല്ലാം പ്രതിസന്ധി നേരിടുന്നുണ്ട്. ഇവരുടെ പ്രശ്‌നങ്ങളില്‍ മെത്രാന് ഉല്‍ക്കണ്ഠയില്ലേ എന്ന് സഭ മക്കള്‍ തന്നെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

തലശേരിയുള്‍പ്പടെയുള്ള വടക്കേ മലബാറിനോട് ചേര്‍ന്ന് കിടക്കുന്ന കൂര്‍ഗ്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു, ഹാസൻ എന്നി പ്രദേശങ്ങളില്‍ റബ്ബർ കൃഷി ധാരാളം വ്യാപിച്ചിട്ടുണ്ട്. സിറോ മലബാര്‍ സഭയുടെ ബെൽത്തങ്ങടി, മാണ്ഡ്യ, ഭദ്രാവതി എന്നി രൂപതകളും (Diocese) സിറോ മലങ്കര സഭയുടെ, പുത്തൂര്‍ രൂപതയും ഈ സ്ഥലങ്ങളിലാണ്. കൃഷിക്കാര്‍ പലരും ക്രൈസ്തവരാണുതാനും. ഈ പ്രദേശങ്ങളിലെ ലോകസഭ എം.പിമാര്‍ എല്ലാവരും ബി.ജെ.പിക്കാരന്. എന്നിട്ടു അവിടെ റബ്ബറിനു വില കൂടിയോ..? ഇല്ലല്ലോ ….!

ഇന്ന് ഇന്ത്യയില്‍ ആസാമിലും കര്‍ണാടകയിലും വലിയ തോതില്‍ റബ്ബര്‍ കൃഷി ചെയ്യുണ്ട്. കൂടാതെ മലേഷ്യ, ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിലൊക്കെ റബ്ബര്‍ കൃഷി വ്യാപകമായിട്ടുണ്ട്. അവിടങ്ങളില്‍ ഉത്പാദന ചിലവ്, കേരളത്തെ അപേക്ഷിച്ചു വളരെ കുറവാണ്. അതുകൊണ്ട് അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വില വളരെ താഴെയാണ്. ഉത്പാദന ചിലവ് കുറച്ച് ലോക വിപണിയുമായി മത്സരിക്കാന്‍ കഴിയാത്ത ഒരു ഉത്പന്നത്തിനും ഭാവി ഉണ്ടാവുകയില്ല എന്നത് പരമ സത്യം.

കേരള റബ്ബറിന്റെ യഥാര്‍ത്ഥ പ്രശ്‌നവും ഇത് തന്നെയല്ലേ..?

ഒരു സര്‍ക്കാരിനും ഒരു പരിധിയില്‍ കവിഞ്ഞ് ഒരു ഉത്പന്നത്തിന്റെയും വില നിലവാരം പിടിച്ചു നിറുത്തുവാന്‍ കഴിയില്ല. ആയതിനാല്‍,റബ്ബർ വിലയിടിവിന്റെ യഥാര്‍ത്ഥ കാരണത്തെ അഡ്രസ് ചെയ്യാതെ, കേവലം ഉപരിവിപ്ലവമായി എന്തെങ്കിലും രാഷ്ട്രീയ പ്രസ്താവന നടത്തി കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നത്തെ, തല്‍ക്കാലത്തേക്ക് വഴി തിരിച്ചുവിടാന്‍ കഴിയും എന്നതിലുപരി വലിയ അര്‍ത്ഥമൊന്നും പാംപ്ലാനി മെത്രാന്റെ പ്രതികരണത്തില്‍ നിന്നും വായിച്ചെടുക്കുവാന്‍ ആകുന്നില്ല.എന്നാല്‍ മറ്റു പല ലക്ഷ്യങ്ങളും, താല്പര്യങ്ങളും ഈ വിവാദ പ്രസ്താവനക്ക് ഹേതുവായിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണണം.

റബ്ബര്‍ വിലയിടിവ് -വസ്തുത എന്ത് ?

ഇന്ത്യയിലെ റബ്ബറിന്റെ ആവശ്യമനുസരിച്ചുള്ള ഗുണനിലവാരമുള്ള ഉത്പാദനം നടക്കുന്നില്ല എന്ന വസ്തുത നിലനില്‍ക്കുന്നു.

ഇന്ത്യയിലെ മൊത്തം റബ്ബർ ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും കേരളത്തില്‍ നിന്നുമാണ്. അതുകൊണ്ട് തന്നെ റബ്ബറിന്റെ വിലയിടിവ് എന്നപ്രശ്നം ഇന്ത്യയില്‍ കേരളത്തിന്റെ തന്നെ ഒരു തനതായ പ്രശ്നം എന്ന നിലയിലാണ് രൂപപ്പെട്ട് വരുന്നത്.

മുന്‍പ്രധാന മന്ത്രിയായിരുന്ന വാജ്‌പേയ് തുടങ്ങി വെച്ച് മന്‍മോഹന്‍ സിങ്ങ് പൂര്‍ത്തിയാക്കിയ ആസിയന്‍ കരാറാണ് റബ്ബർ വിലയിടിയാന്‍ പ്രധാന കാരണമെന്നു വസ്തുനിഷ്ഠമായി പരിശോദിച്ചാല്‍ മനസ്സിലാകും, പക്ഷെ ഈ സത്യം കര്‍ഷകരോട് തുറന്നു പറയാന്‍ പലരും മടിക്കും.

അനിയന്ത്രിത ഇറക്കുമതിമൂലം ആഭ്യന്തര വിപണിയില്‍ റബ്ബർ കുന്നുകൂടിയതോടെ വന്‍കിട കമ്പനികളടക്കം വാങ്ങല്‍ നിര്‍ത്തി വിപണിയില്‍നിന്ന് പിന്മാറി. ഉല്പാദന ചെലവ് വര്‍ധിക്കുകയും, വിപണി വില കുത്തനെ ഇടിയുകയും ചെയ്യുന്ന പ്രതിഭാസമാണ് നിലനില്‍ക്കുന്നത് . 200 രൂപയെങ്കിലും വില കിട്ടിയാലെ ഈ രംഗത്ത് തുടരാനാകൂവെന്ന് കര്‍ഷകര്‍ പറയുന്നു.

റബ്ബർ വില പിടിച്ചു നിറുത്തുവാന്‍ കര്‍ഷകരും അവരുടെ സംഘടനകളും പല നിര്‍ദേശങ്ങളൂം മുന്നോട്ട് വെച്ചിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൊതുവിപണിയില്‍ ഇടപെടണം. സബ്‌സിഡി പരിധി ഇരുന്നൂറാക്കി ഉയര്‍ത്തണം. തോട്ടം വൃത്തിയാക്കല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കൂടാതെ റബ്ബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയും മറ്റും ഇറക്കുമതി നിയന്ത്രിക്കണമെന്ന കര്‍ഷക ആവശ്യം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊള്ളുന്നുമില്ല.

ആസിയാന്‍ കരാറിന്റെ മറവില്‍, മനോരമയുടെ എം.ആർ.എഫ്, ജെ.കെ ടയേഴ്‌സ്, അപ്പോളോ, സിയറ്റ് എന്നീ മുന്‍നിര ടയര്‍ കമ്പനി ഉടമകള്‍ മലേഷ്യ ഉള്‍പ്പെടെയുള്ള വിദേശ വിപണിയില്‍ നിന്നും റബ്ബര്‍ കുറഞ്ഞ വിലയില്‍ ഇറക്കുമതി ചെയ്ത് കേരളത്തിലെ പാവപ്പെട്ട റബ്ബർ കര്‍ഷകരുടെ കൃഷിയെയും വരുമാനത്തെയും ഒരു വഴിക്കാക്കി ശതകോടികളുടെ ലാഭം നേടി.

ഇന്ത്യന്‍ വിപണിയിലെ റബ്ബർ വില താഴേക്ക് കൊണ്ടുവന്ന ടയര്‍ കമ്പനി ഉടമകള്‍, ഇന്ത്യന്‍ കര്‍ഷകന്റെ നടുവൊടിച്ചു. എന്നാല്‍ സ്വാഭാവിക ഇന്ത്യന്‍ റബ്ബറിന്റെ വിലയിടിഞ്ഞപ്പോള്‍ ടയര്‍ വില കുറക്കുവാന്‍ അവര്‍ തയ്യാറായതുമില്ല. പകരം ടയര്‍ കമ്പനികള്‍ പരസ്പരം ഒത്തുകളിച്ച് വില കൂട്ടി. കൃത്രിമമായി ടയറുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതിന് കഴിഞ്ഞ വര്‍ഷം 1700 കോടി രൂപയാണ് പ്രധാന ടയര്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിഴ ചുമത്തിയത്. അതില്‍ 620 കോടി മനോരമയുടെ എം.ആർ.എഫിന് മാത്രം ചുമത്തിയ പിഴയായിരുന്നു.

റബ്ബര്‍ രാഷ്ട്രീയത്തിന്റെ മറുപുറം

വര്‍ഷങ്ങളായി റബ്ബര്‍ കര്‍ഷകര്‍ വിലയുടെ ഇടിവ് മൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വില കൂടുവാനുള്ള സാധ്യതകള്‍ കുറവാണ്. മാത്രവുമല്ല ഈ വിഷയം കേന്ദ്ര ഗവണ്‍മെന്റ് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. സമീപഭാവിയില്‍ കേന്ദ്രഭരണത്തില്‍ ഒരു മാറ്റം വരുവാനുള്ള സാധ്യത കുറവാണ് എന്ന വിശ്വാസം അല്ലെങ്കില്‍ തോന്നല്‍ ഭരണം കൈയാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സന്ധി ചെയ്യുകയും ചങ്ങാത്തം കൂടി പല കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി നേടിയെടുക്കുവാന്‍ കഴിയും എന്ന ഒരു തോന്നല്‍ ക്രൈസ്തവ നേതൃത്വത്തിന് ഉണ്ടായേക്കാം.

ആദര്‍ശങ്ങള്‍ പ്രസംഗിച്ചത് കൊണ്ട് മാത്രം അണികളെ തൃപ്തിപ്പെടുത്തുവാന്‍ കഴിയില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമായി നിലകൊള്ളുകയും, എന്നാല്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കും ലാഭങ്ങള്‍ക്കും അധികാരത്തിന്റെ തണല്‍ ഉപയോഗപ്പെടുമെന്നുള്ള യുക്തി അനുയായികളെ തൃപ്തിപ്പെടുത്തുവാന്‍ കഴിയും എന്ന കണക്കു കൂട്ടലായിരിക്കാം ഒരുപക്ഷെ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയ്ക്ക് കാരണം.

വര്‍ഷങ്ങളായി വില കുറഞ്ഞുകൊണ്ടിരിക്കുന്ന റബ്ബറിന്റെ ഇറക്കുമതി പ്രോത്സാഹിപ്പിച്ചും റബറിന് താങ്ങുവില നിശ്ചയിക്കാതെയും വളത്തിന്റെയും പാചക വാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഒക്കെ വില കുത്തനെ കൂട്ടിയും റബ്ബര്‍ കര്‍ഷകരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കാത്ത കേന്ദ്രത്തിലെ വിവിധ സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളോടുള്ള പ്രതിഷേധ സൂചകമായിട്ടുള്ള പ്രസ്താവനയാണ് ബിഷപ്പ് നടത്തിയതെങ്കില്‍, കൂടുതല്‍ സ്വീകാര്യത ലഭിച്ചേനെ.

പ്രസ്താവന, ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബിജെപി നേതാക്കളെ കണ്ട ശേഷം എന്ന് റിപോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു . കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബിഷ്പ്പ് ഹൗസില്‍ ബിജെപി നേതാക്കള്‍ പാംപ്ലാനിയെ കണ്ടത്. ഇതിന് പിന്നാലെയാണ് റബ്ബര്‍ വില വര്‍ധിപ്പിച്ചാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന
പ്രസ്താവന ബിഷപ്പ് പാംപ്ലാനി നടത്തിയത്. എന്നുവെച്ചാല്‍ കണക്കു കൂട്ടിയുള്ള നീക്കം തന്നെ. തൊട്ടു പിന്നാലെ, പിന്തുണച്ചുകൊണ്ട് താമരശ്ശേരി ബിഷപ്പും രംഗത്തുവന്നു.

ഗ്രഹാം സ്റ്റെയിന്‍സ് മുതല്‍ ഫാ.സ്റ്റാന്‍ സ്വാമി വരെ

കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സും കുടുംബവും

ഇന്ത്യയില്‍ ജീവിക്കുന്ന ക്രൈസ്തവരുടെ മനസ്സുകളില്‍ ഇന്നും എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കനലാണ് ഗ്രഹാം സ്റ്റെയിന്‍സിനേയും കുടുംബത്തെയും ഒറീസ്സയില്‍ ഹൈന്ദവ തീവ്ര വാദികള്‍ ചുട്ടു കൊന്നത്.
1999 ജനുവരിയില്‍ 22ന് ഒറീസയിലെ ബാരിപാഡയില്‍ വെച്ച് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനം നടത്തിയ ആ കുടുംബത്തെ ഇല്ലായ്മ ചെയ്ത ആ സംഭവം നടന്നത്. പിന്നീട് വടക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ , കര്‍ണാടകയില്‍ ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള നിരവധിയായ ആക്രമണങ്ങള്‍ ഉണ്ടായി.
ചില ബിഷപ്പുമാര്‍ ഏതെല്ലാം മറന്നു പോയെങ്കിലും ക്രൈസ്തവരും സഭ വിശ്വാസികളും അത്ര പെട്ടന്ന് മറക്കില്ല.
2007 ല്‍ ക്രിസ്തുമസിന് കണ്ടമാലില്‍….
സിസ്റ്റര്‍ റാണി മരിയയുടെ ഓര്‍മ്മകള്‍ ….
ചത്തീസ്ഗഡില്‍ ക്രിസ്തുമസ് ആഘോഷത്തിനായി തയാറെടുക്കുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം …..

2022 ല്‍ മാത്രം, ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ 207 ആക്രമണങ്ങള്‍ അരങ്ങേറിയതായി യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു.സി.എഫ്) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഫാ.സ്റ്റാന്‍ സ്വാമി

കള്ളകേസില്‍ കുടുക്കി, ഭരണകൂടം ജയിലില്‍ അടച്ചു അങ്ങനെ മരണപ്പെട്ട വന്ദ്യ വയോധികന്‍ ഫാ.സ്റ്റാന്‍ സ്വാമി അവസാന ഉദാഹരണം മാത്രം .
പാര്‍ക്കിന്‌സണ്‍ രോഗം ബാധിച്ചു അവശനായ ഫാ.സ്റ്റാന്‍ സ്വാമിക്ക് , ആഹാരം കഴിക്കാന്‍ ഒരു സ്പൂണ്‍ പോലും കൊടുക്കാതിരുന്ന ഒരു ഭരണകൂട സംവിധാനത്തെയാണ് ബിഷപ്പ് മാടി മാടി വിളിക്കുന്നത്…..

നിലപാടില്‍ മാറ്റമില്ലെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
നിലപാടില്‍ മാറ്റം വരുത്താതെ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്നതായിരുന്നു അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞത് സഭയുടെ തീരുമാനമല്ലെന്നും മലയോര കര്‍ഷകരുടെ തീരുമാനമാണെന്നും കര്‍ഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണെന്നും ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി. കര്‍ഷകനെ ഏത് മുന്നണി പിന്തുണച്ചാലും അവര്‍ക്കു പിന്തുണ നല്‍കുമെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് പറഞ്ഞു. താന്‍ പറഞ്ഞത് ബിജെപിയെ സഹായിക്കാം എന്നല്ല എന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ് ഇപ്പോള്‍ കര്‍ഷകരെ സഹായിക്കാനുള്ള നയം രൂപീകരിക്കാന്‍ സാധിക്കുന്നതെന്നും മലയോര കര്‍ഷകര്‍ അത്രയേറെ ഗതികേടിന്റെ വക്കിലാണെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആവര്‍ത്തിച്ച് പറയുന്നു.

റബ്ബര്‍ രാഷ്ട്രീയത്തില്‍ കേരളം വീഴുമോ ?

ബിജെപിയുടെ രാഷ്ട്രീയത്തിന് മുന്‍പില്‍ കേരളം മുട്ട് മടക്കുന്നത് അത്ര എളുപ്പമല്ല എന്ന് മുന്‍കാല അനുഭവങ്ങളും ചരിത്രവും ഓര്‍മിപ്പിക്കുന്നു. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍, വോട്ട് ബാങ്ക് രാഷ്ട്രീയം, സാമൂദായിക പിന്‍ബലം, പ്രീതി പെടുത്തല്‍, പ്രീണനം , ഭരണകൂട ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ എന്നിവയിലൂടെയെല്ലാം വ്യക്തമായ അജണ്ടകള്‍ നടപ്പാക്കി ബിജെപി കേരളത്തില്‍ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു വരാന്‍ പരിശ്രമം നടത്തുന്നുണ്ട്.

ആര്‍എസ്എസ്- ബിജെപിയൊക്കെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി വരുന്നു എന്നത് എന്തിനെന്ന് ക്രൈസ്തവര്‍ക്കു നന്നായി അറിയാം, കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല എന്നും ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പുള്ളിപുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല, അത് ജനങ്ങള്‍ക്ക് മനസിലാകും എന്നും അവര്‍ പറഞ്ഞു വെക്കുന്നു.

റബ്ബർ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ കത്തോലിക്ക സഭക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ വന്നു കഴിഞ്ഞു .

സിറോ മലബാര്‍ സഭയുടെ മുന്‍ വ്യക്താവ് ഫാദര്‍ പോള്‍ തേലക്കാട്, ഇന്ത്യന്‍ കറന്‍സ് ചീഫ് എഡിറ്റര്‍ ഫാദര്‍ സുരേഷ് മാത്യു , റോമിലെ ജെസ്യുട്ട് ആസ്ഥാനത്തെ ഫാദര്‍ എം.കെ.ജോര്‍ജ് എന്നിവര്‍ ഇതിനകം തന്നെ പ്രതികരിച്ചിട്ടുണ്ട്.

തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ ‘നോട്ടിന് വോട്ട്’ എന്ന രീതിയിലുള്ള പ്രസ്താവന അപകടകരമാമെന്നും ഇന്ത്യയിലെ സ്ഥിതി മനസ്സിലാക്കാതെയാണ് അദ്ദേഹം ബിജെപിയെ സഹായിക്കാന്‍ പോകുന്നതെന്നും ഫാദര്‍ സുരേഷ് മാത്യു കുറ്റപ്പെടുത്തി. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെ ഉത്തരേന്ത്യയില്‍ നടക്കുന്നത് വലിയ ആക്രമണമാണ്. സംഘപരിവാറിനോട് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഭയുടെ പഠനം മനസിലായിട്ടില്ല.
ദില്ലിയില്‍ കര്‍ഷക സമരം നടത്തിയവര്‍ ഒരിക്കല്‍ പോലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞില്ലെന്നത് ഓര്‍മ്മിക്കണമെന്നും ഫാദര്‍ സുരേഷ് മാത്യു പറഞ്ഞു.

മുപ്പത് വെള്ളി കാശിന് യൂദാസ് യേശുവിനെ ഒറ്റിയത് പോലെ മുന്നൂറു രൂപയ്ക്കു ഒരു സമുദായത്തെ ഒറ്റി കൊടുക്കാം എന്ന ധാരണ വേണ്ട എന്നതരത്തിലുള്ള ശക്തമായ പ്രതികരണങ്ങളും വിമര്‍ശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഫലിച്ചു കഴിഞ്ഞു. ബിജെപി അനുകൂല പ്രസ്താവന നടത്തിയത് ഒരു ക്രൈസ്തവ മതമേലധ്യക്ഷനാണെകിലും കേരളീയ പൊതു സമൂഹവും ഈ വിഷയം വളരെ ഗൗരവമായി കാണുന്നുണ്ട്.

വിവിധ മത ന്യുനപക്ഷങ്ങളും ഭൂരിപക്ഷ സമുദായവും വളരെ സൗഹാര്‍ദ്ധതയോടെ, ജീവിച്ചു വരുന്ന മതേതര ഭൂമികയില്‍, ഭിന്നതയുടെയും വെറുപ്പിന്റെയും അന്യമത വിദ്വേഷത്തിന്റെയും ആശയം പേറുന്ന വിത്തുകള്‍ വിതറാന്‍ ശ്രമിക്കുന്നത് എത്ര ഫല പ്രദമാകും എന്ന് കാലം തെളിയിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.