Follow News Bengaluru on Google news

ജീവിതം പലതിനോടുമുള്ള പോരാട്ടങ്ങള്‍ തന്നെയാണ്: പ്രശാന്ത് അലക്‌സാണ്ടര്‍ സംസാരിക്കുന്നു

പ്രശാന്ത് അലക്‌സാണ്ടര്‍ | ഡോ. കീർത്തി പ്രഭ

പുരുഷപ്രേതം എന്ന സിനിമയുടെ ട്രെയിലര്‍ കണ്ടത് സംവിധായകന്‍ ജിയോ ബേബിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ആണ്. അദ്ദേഹം കാണണമെന്ന് പറഞ്ഞതുകൊണ്ട് മാത്രം കണ്ട സിനിമയാണത്. വൃത്താകൃതിയിലുള്ള ചതുരം’, ‘ആവാസവ്യൂഹം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്തിന്റെ മൂന്നാമത്തെ സിനിമ.വെറും കാഴ്ച എന്നതിനപ്പുറം കുറച്ചധികം ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാവും എന്ന് തന്നെയാണ് കൃഷാന്ത് എന്ന പേര് കേട്ടപ്പോള്‍ തോന്നിയത്. ഇതൊരു ഫണ്‍ സിനിമയാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയധികം ചിന്തിപ്പിക്കുന്ന ആസ്വാദന സാദ്ധ്യതകള്‍ ആ സിനിമയില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല. അതിലേറെ അദ്ഭുതപ്പെടുത്തിയത് പ്രശാന്ത് അലക്‌സാണ്ടര്‍ എന്ന നടനാണ്. കുറച്ചധികം നാളുകളായി സിനിമയിലും ടെലിവിഷനിലും അവിടവിടെയായി കണ്ട ഒരു മുഖം വന്ന് ഇങ്ങനെയൊരു പ്രകടനം നടത്തും എന്ന് കരുതിയതേയില്ല. സര്‍വീസ് കഥകള്‍ അതിശയോക്തി കലര്‍ത്തി പറയുന്ന പ്രശാന്തിന്റെ സൂപ്പര്‍ സെബാസ്റ്റ്യനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സെബാസ്റ്റ്യന്റെ വലംകൈയായ പോലീസ് ഉദ്യോഗസ്ഥനായി ജഗദീഷ് അവതരിപ്പിക്കുന്ന ദിലീപ് എന്ന കഥാപാത്രവും ഉണ്ട്. പൊലിപ്പിച്ചുപറയുന്ന സാഹസിക കഥയിലൂടെ തുടങ്ങി അവരുടെ സ്റ്റേഷന്‍ പരിധിയില്‍ അജ്ഞാതനായ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തുന്നതിലൂടെ പുരോഗമിക്കുന്നതാണ് കഥ.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സങ്കീര്‍ണതകളും നമ്മളധികം കണ്ട് പരിചയിച്ചിട്ടില്ലാത്ത നമ്മുടെ നിയമവ്യവസ്ഥകളിലെ ചില നടപടിക്രമങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതകളും അവരുടെ മാനസിക സംഘര്‍ഷങ്ങളും എല്ലാം അടങ്ങുന്ന ചില മനുഷ്യരുടെ നിഗൂഢമായ അവസ്ഥകളെ വളരെ ലളിതമായി ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് കൃഷാന്ത്. പുരുഷപ്രേതം ഒരു ക്രൈം ത്രില്ലര്‍ ആണോ ഹൊറര്‍ സിനിമയാണോ ആക്ഷേപഹാസ്യമാണോ വെറുമൊരു വിനോദ കഥയാണോ തുടങ്ങി ഈ സിനിമയെ പല രീതിയില്‍ ആസ്വദിക്കാനുള്ള സാധ്യതകള്‍ കൂടി കൃഷാന്ത് മുന്നോട്ടുവെക്കുന്നുണ്ട്.

പുരുഷ പ്രേതം എന്ന പേരിലുമുണ്ട് ഒരു കഥ. 2022 നവംബര്‍ 15 വരെ ഒരു മൃതദേഹം പരിശോധിക്കുന്ന പ്രക്രിയയെ പ്രേത പരിശോധന എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. പക്ഷേ അതിനുശേഷം ഇന്‍ക്വസ്റ്റ് എന്ന ശാസ്ത്രീയ പദത്തിലേക്ക് പ്രേത പരിശോധനയെ പുനര്‍നാമകരണം ചെയ്തു. വിഷയം കൊണ്ടും ആസ്വാദന സാധ്യതകള്‍ കൊണ്ടും അതുണ്ടാക്കുന്ന ചിന്താസാധ്യതകള്‍ കൊണ്ടും അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഛായാഗ്രഹണം കൊണ്ടും ഓരോ ഫ്രെയിമുകള്‍ കൊണ്ടും കൃഷാന്തിന്റെ മറ്റ് രണ്ട് സിനിമകളെ പോലെയോ അല്ലെങ്കില്‍ അതിനേക്കാള്‍ ഏറെയോ തെളിഞ്ഞു നില്‍ക്കുന്നുണ്ട് പുരുഷ പ്രേതം.

സൂപ്പര്‍ സെബാസ്റ്റ്യന്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയ്ക്കുള്ളില്‍ മറഞ്ഞു നിന്ന് പെട്ടെന്നൊരു ദിവസം മറ നീക്കി പുറത്തുവന്ന് അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ ഉദാഹരണങ്ങളായി ജോജു ജോര്‍ജ് അടക്കമുള്ള ചില താരങ്ങള്‍ നമുക്കു മുമ്പിലുണ്ട്. അതുപോലൊരു പ്രതീക്ഷയ്ക്ക് തുടക്കം കുറിക്കുകയാണ് പ്രശാന്ത് അലക്‌സാണ്ടര്‍ എന്ന നടനും. സിനിമാ ജീവിതത്തെക്കുറിച്ചും പ്രതീക്ഷകളെ കുറിച്ചും സൂപ്പര്‍ സെബാസ്റ്റ്യനെക്കുറിച്ചും പ്രശാന്ത് അലക്‌സാണ്ടര്‍ ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് സംസാരിക്കുകയാണ്.

ടോക് ടൈം 

🟡

പ്രശാന്ത് അലക്‌സാണ്ടര്‍ | ഡോ. കീർത്തി പ്രഭ

മലയാള സിനിമയില്‍ ഇന്ന് മുന്‍നിരയിലുള്ള ചില അഭിനേതാക്കളൊക്കെ വര്‍ഷങ്ങളായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായും ചെറിയ ചെറിയ വേഷങ്ങളും ചെയ്ത് വളര്‍ന്നു വന്നവരാണ്. അത് എല്ലാ രീതിയിലും ഒരു പോരാട്ടം ആണെന്ന് തന്നെ വിശ്വസിക്കുന്നു. പ്രശാന്ത് അലക്‌സാണ്ടര്‍ എന്ന നടനും അതുപോലൊരു കഥ പറയാനുണ്ടാവും. അത് ഞങ്ങളോട് പങ്കു വെക്കാമോ?

എല്ലാവരുടെയും ജീവിതം പലതിനോടുമുള്ള പോരാട്ടങ്ങള്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് ഞാന്‍ സിനിമയുടെ ഭാഗമായി ഇരുപത് വര്‍ഷം നില്‍ക്കുന്നു എന്നത് വലിയൊരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യുന്നു എന്നതിനേക്കാളും സംതൃപ്തി മറ്റൊന്നുമില്ല. ഞാന്‍ ഇത്രയും നാളും ചെയ്ത എല്ലാ വേഷങ്ങളും എനിക്ക് ഏറെ സംതൃപ്തി നല്‍കിയതും മുന്നോട്ട് പോകാനുള്ള ഊര്‍ജമായി പരിണമിച്ചതും ആണ്. അതുകൊണ്ട് ഒരു പോരാട്ടം എന്ന് പറയാതെ ഒരു യാത്രയായിരുന്നു എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. രസകരമായ കാഴ്ചകള്‍ കണ്ട് നല്ല നല്ല അനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര. വേദനിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പാഠമായി കണ്ടിട്ടുമുണ്ട്. സിനിമയില്‍ അവസരങ്ങളില്ലാതിരുന്ന നേരങ്ങളിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ തിരിച്ചറിവുകളിലേക്ക് എത്തിയിരുന്നത്. എന്റെ യാത്ര ഒരു പ്രചോദനമായി കാണേണ്ടവര്‍ക്ക് കാണാം. എനിക്കും ഒരുപാട് പേര്‍ ഈ യാത്രയില്‍ പ്രചോദനമായിട്ടുണ്ട്. സത്യത്തില്‍ ഓരോ വ്യക്തിക്കും ഏതെങ്കിലും ഒക്കെ രീതിയില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറാന്‍ കഴിയും. എന്റെ യാത്രയുടെ പകുതി പോലും എത്തിയിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇഷ്ടപ്പെട്ട ഈ മേഖലയില്‍ മാനസിക സംഘര്‍ഷങ്ങളില്ലാതെ, സന്തോഷത്തോടെ ജോലി ചെയ്യാന്‍ കഴിയണം എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഒരു ആശയം വിനിമയം ചെയ്യുക അല്ലെങ്കില്‍ ആസ്വാദനം എന്നതിനപ്പുറം സിനിമ മറ്റൊന്നുമല്ല എന്ന അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കും. പരോക്ഷമായി കാര്യങ്ങള്‍ പറയുന്ന സിനിമകളും ചില ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവശേഷിപ്പിച്ച് അതെന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കേണ്ടത് പ്രേക്ഷകരുടെ ചിന്തകള്‍ക്ക് വിട്ടുകൊടുക്കുന്ന സിനിമകളും പ്രേക്ഷകന്റെ ആസ്വാദനനിലവാരം എങ്ങനെയാണ് വര്‍ദ്ധിപ്പിക്കുക. പുരുഷ പ്രേതവും അത്തരം ചില ചോദ്യങ്ങളും ദുരൂഹതകളും പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്നുണ്ടല്ലോ?

ആശയവിനിമയം എന്ന് പറയുന്നതിനോടൊപ്പം തന്നെ സിനിമ പഠനം കൂടിയാണ്. ഇന്ന് സിനിമയെ ആസ്വാദനത്തിനപ്പുറം കാണുന്ന പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നുണ്ട്. കണ്ടു തീരുന്ന സിനിമകള്‍ ആസ്വദിക്കുന്നതിനോടൊപ്പം തന്നെ സിനിമ ചിന്തിക്കാനും പഠിക്കാനും കൂടി ഉള്ളതാണെന്ന് മനസ്സിലാക്കുന്നവര്‍ ഇന്ന് ഒരുപാടുണ്ട്. ആസ്വാദനവും ആശയവിനിമയവും ചിന്തയും പഠനവും കാഴ്ചയും അറിവും എല്ലാമാണ് സിനിമ. സിനിമയുടെ സാധ്യതകള്‍ക്ക് അതിര്‍വരമ്പുകളില്ല. അത് തുറന്നു തരുന്ന ലോകം വിശാലമാണ്. സിനിമ മാത്രമല്ല പുസ്തകങ്ങളും മറ്റു കലാസൃഷ്ടികളും എല്ലാം പഠനം തന്നെയാണ്. പല കാര്യങ്ങളും പഠിക്കാന്‍ സിനിമ നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ആശയം കൊണ്ട് മാത്രമല്ല ക്യാമറ ആങ്കിളുകളും ലൈറ്റിങ്ങും പൊളിറ്റിക്സും എല്ലാം ആളുകള്‍ സിനിമയിലൂടെ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ഈ സിനിമയുടെ ഓരോ മേഖലയെപ്പറ്റിയും വിശദമായ റിവ്യൂസ് പല പ്രേക്ഷകരും എഴുതുന്നുണ്ട്. അതിനര്‍ത്ഥം ഈ സിനിമ ഒരു പഠനം കൂടിയായി മാറിയിട്ടുണ്ട് എന്നതാണ്. തങ്ങളുടെ സിനിമകള്‍ കാലങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കണം, അതൊരു സ്റ്റഡി മെറ്റീരിയല്‍ ആയി മാറണം എന്നതൊക്കെയാണ് കൃഷാന്തിന്റെയും ടീമിന്റെയും കാഴ്ചപ്പാട്. അതായത് പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞ് കണ്ടാലും പ്രസക്തമായ ഒരു വിഷയമാണ് തങ്ങളുടെ സിനിമ കൈകാര്യം ചെയ്യേണ്ടത് എന്ന് അവര്‍ ആഗ്രഹിക്കുന്നു.അതുകൊണ്ട് തന്നെ സിനിമ ഒരു പഠനം കൂടിയായി മാറ്റാന്‍ അവര്‍ ശ്രമിക്കും. പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സിനിമ വെറും ആസ്വാദനത്തിനും കാഴ്ചയ്ക്കും അപ്പുറം ഈ സിനിമയെ പഠിക്കുകയും ചെയ്യും.

പുരുഷപ്രേതം എന്ന സിനിമ താങ്കളിലേക്ക് വന്നു ചേര്‍ന്നതിനെക്കുറിച്ച്

കൃഷാന്തിന്റെ ആദ്യത്തെ സിനിമ വൃത്താകൃതിയിലെ ചതുരത്തില്‍ ഞാന്‍ ഒരു രംഗം അഭിനയിച്ചിരുന്നു. ഒരു സുഹൃത്ത് വഴി കൃഷാന്തിനെ പരിചയപ്പെടുകയും വൃത്താകൃതിയിലെ ചതുരം എന്ന സിനിമയിലേക്ക് ഞാന്‍ എത്തുകയും ആയിരുന്നു. ആ സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ കൃഷാന്ത് പുരുഷപ്രേതത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ തന്നെ മുമ്പ് അനുഭവപ്പെട്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു സബ്ജക്ട് ആണ് എന്ന് എനിക്ക് മനസ്സിലായിരുന്നു.

സൂപ്പര്‍ സെബാസ്റ്റ്യന് ലഭിച്ച അഭിനന്ദനങ്ങള്‍ തുടക്കം തൊട്ട് ഇന്ന് വരെ

പുരുഷപ്രേതം 2023 മാര്‍ച്ച് 24ആം തീയതി വെളുപ്പിന് 12 മണിക്ക് റിലീസ് ആവുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും മാര്‍ച്ച് 23 ആം തീയതി 11 മണിക്ക് തന്നെ റിലീസ് ആവുകയായിരുന്നു. ഒടിടി റിലീസ് ആയതുകൊണ്ടും നേരം വെളുത്തു കഴിഞ്ഞാലേ ആളുകള്‍ ഈ സിനിമ കാണുകയുള്ളൂ അത് കഴിഞ്ഞ് മാത്രമേ റെസ്‌പോണ്‍സുകള്‍ വരികയുള്ളൂ എന്നും കരുതി ഞാന്‍ നേരത്തെ കിടന്നുറങ്ങി. പക്ഷേ ഞാന്‍ വെളുപ്പിന് 5 മണിക്ക് എഴുന്നേറ്റ് ഫോണില്‍ നോക്കിയപ്പോള്‍ തന്നെ അതില്‍ ഒരുപാട് അഭിനന്ദന മെസ്സേജുകള്‍ ഉണ്ടായിരുന്നു. അതായത് ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്ന് രാത്രിയില്‍ തന്നെ സിനിമ കണ്ട് പലരും മെസ്സേജുകള്‍ അയച്ചിട്ടുണ്ട്. ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ഒക്കെ കുറിച്ചിട്ടുണ്ട്. അത് വളരെ സന്തോഷം നല്‍കിയ ഒരു കാര്യമായിരുന്നു. ഈ സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് വാട്‌സാപ്പിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നേരിട്ട് വിളിച്ചും മെസ്സേജുകള്‍ അയച്ച എല്ലാവര്‍ക്കും പരമാവധി മറുപടി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. കാരണം എന്റെ ജീവിതത്തില്‍ ആദ്യമായിട്ട് സംഭവിക്കുന്ന ഒരു വലിയ കാര്യമാണ് ഇത്. അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാവരെയും ഞാന്‍ പ്രമുഖരായിട്ട് തന്നെ കാണുന്നു എങ്കിലും, സിനിമാ മേഖലയില്‍ നിന്ന് ഏറ്റവും ആദ്യം വിളിച്ചത് സംവിധായകന്‍ വി കെ പ്രകാശ് ആയിരുന്നു. മമ്മൂക്ക എനിക്ക് മെസ്സേജ് അയച്ചിരുന്നു. വിജയരാഘവന്‍ സാര്‍ നേരിട്ട് വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. വിജയരാഘവന്‍ സാര്‍ അഭിനയത്തെപ്പറ്റി അഭിപ്രായങ്ങളും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു. മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയില്‍ എന്നെ നേരിട്ട് അറിയാവുന്ന ഒട്ടനേകം ടെക്‌നീഷ്യന്‍സും അഭിനേതാക്കളും യാതൊരു പിശുക്കും കാണിക്കാതെ തന്നെ നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. എന്നെപ്പോലൊരാളെ ഇത്രയും ആളുകള്‍ ഇക്കാലം അത്രയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞത് വളരെ ആവേശം പകര്‍ന്ന കാര്യങ്ങളായിരുന്നു.

സിനിമ എപ്പോഴും ഒരു കൂട്ടായ്മയാണ്. പുരുഷപ്രേതം എന്ന സിനിമ ഇത്രയേറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ അതിന്റെ ഏതൊക്കെ ഘടകങ്ങള്‍ സഹായിച്ചിട്ടുണ്ട്?

തീര്‍ച്ചയായും സിനിമ ഒരു കൂട്ടായ്മയാണ്. സിനിമയില്‍ ജോലിചെയ്യുന്ന എല്ലാവരും അവര്‍ ചെയ്യുന്ന ജോലിക്കപ്പുറം സിനിമയ്ക്കുവേണ്ടി സര്‍ഗാത്മകമായി കോണ്‍ട്രിബ്യൂട്ട് ചെയ്യുമ്പോള്‍ ആ സൃഷ്ടി കൂടുതല്‍ മനോഹരമാകും. അത്തരത്തിലുള്ള സര്‍ഗാത്മകമായ സംഭാവനകള്‍ സിനിമ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്നതില്‍ ആ സിനിമയുടെ യഥാര്‍ത്ഥ നായകന്റെ, അതായത് സംവിധായകന്റെ മികവ് പ്രധാനമാണ്.കൃഷാന്ത് അത്തരത്തിലുള്ള മികച്ച ഒരു നായകനാണ്. ഈ സിനിമയ്ക്ക് വേണ്ടി വളരെയധികം ഹോംവര്‍ക്കുകളും റിസര്‍ച്ചുകളും നടത്തുകയും കൂടെ ജോലി ചെയ്യുന്ന ഓരോരുത്തരുടെയും കഴിവുകള്‍ പ്രത്യേകം പ്രത്യേകം മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിച്ച് ആ കഴിവുകളെല്ലാം വേണ്ടവിധത്തില്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കൃഷാന്തിന് സാധിച്ചിട്ടുണ്ട്. ഒരു സിനിമയ്ക്ക് സംവിധായകനോളം നന്നാവാനേ സാധിക്കുകയുള്ളൂ. പുരുഷപ്രേതം എന്ന സിനിമ അതിന്റെ ഓരോ നിമിഷത്തിലും ഗംഭീരമായ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കില്‍ അത് സംവിധായകന്‍ കൃഷാന്തിന്റെ മിടുക്കാണ്. ക്യാമറ, മേക്കപ്പ്, ആര്‍ട്ട്, കോസ്റ്റ്യൂമ്‌സ്, സ്‌ക്രിപ്റ്റ്, അഭിനേതാക്കള്‍ അങ്ങനെ ഈ സിനിമയുടെ എല്ലാ ഭാഗങ്ങളെപ്പറ്റിയും ജനങ്ങള്‍ എടുത്തെടുത്ത് പറയുന്നുണ്ട്. സിനിമയുടെ എല്ലാ മേഖലകളും മികച്ചു നിന്നു എന്നത് തന്നെയാണ് അതിന്റെ കാരണം.

നിര്‍മ്മാതാവിനെ കണ്ടെത്തുക എന്നത് പുരുഷപ്രേതം എന്ന സിനിമയെ സംബന്ധിച്ച് അത്ര എളുപ്പത്തില്‍ സാധ്യമായിട്ടുണ്ടാവില്ല. നിര്‍മ്മാതാവിലേക്കുള്ള യാത്രകള്‍ എങ്ങനെയൊക്കെയായിരുന്നു?

2018 ല്‍ ഒരു സുഹൃത്തിനോടെന്ന പോലെ കൃഷാന്ത് എന്നോട് പറഞ്ഞതാണ് പുരുഷപ്രേതം എന്ന സിനിമയുടെ കഥ. അതിലെ പ്രധാന കഥാപാത്രം ഞാന്‍ ചെയ്യണം എന്ന് കൃഷാന്ത് പറഞ്ഞപ്പോള്‍ അന്നത്തെ സിനിമാ സാഹചര്യം വച്ച് എന്നെപ്പോലൊരാള്‍ മുഖ്യ കഥാപാത്രമായാല്‍ ആ സിനിമയുടെ കച്ചവടസാദ്ധ്യതകള്‍ വളരെ കുറയും എന്നെനിക്ക് തോന്നി. മാറ്റാരെയെങ്കിലും നോക്കിക്കൂടെ എന്ന് കൃഷാന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് എന്നെപ്പോലെ ഒരാള്‍ മതി എന്ന കാര്യം വ്യക്തമായി. നല്ല മുടക്കുമുതല്‍ ആവശ്യമുള്ള സിനിമ ആണെന്ന് ബോധ്യം ഉള്ളത് കൊണ്ട് അതിനൊരു നിര്‍മാതാവിനെ കണ്ടെത്തുക എന്ന് ഉത്തരവാദിത്തം ഞാനും കൂടെ ഏറ്റെടുത്തു. അതിന് വേണ്ടിയുള്ള യാത്ര ആയിരുന്നു പിന്നീട്. പത്തിരുപതു വര്‍ഷമായി സിനിമാ മേഖലയില്‍ ഉള്ളത് കൊണ്ട് എനിക്ക് പല നിര്‍മാതാക്കളെയും പരിചയം ഉണ്ട്. പക്ഷെ ഞാന്‍ നായകനാകുന്ന ഒരു പടത്തിന്റെ ബിസിനസ് സാധ്യതകള്‍ കുറവായിരിക്കും എന്ന് അറിഞ്ഞു കൊണ്ട് അവരുടെ അടുത്ത് ഇക്കാര്യം സംസാരിക്കാന്‍ എനിക്ക് മടി ഉണ്ടായിരുന്നു. എങ്കിലും ഞാന്‍ പല രീതിയിലും പലരോടും ഞാന്‍ ഇതെക്കുറിച്ച് സംസാരിച്ചു. പലര്‍ക്കും ആദ്യമൊന്നും അത് കണ്‍വിന്‍സിങ് ആയിട്ട് തോന്നിയില്ല. അതു കഴിഞ്ഞ് ലോക്ക് ഡൌണ്‍ ഉണ്ടായപ്പോള്‍ ആളുകളുടെ സിനിമ ആസ്വാദന രീതികള്‍ പാടെ മാറി. തിയേറ്ററുകള്‍ മാത്രമല്ലാതെ ഒടിടി പ്ലാറ്റ് ഫോര്‍മുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാം എന്നും അതിലൂടെ എല്ലാവര്‍ക്കും സിനിമകള്‍ കാണാം എന്നുമുള്ള സാദ്ധ്യതകള്‍ തുറന്നു വെക്കുകയും ചെയ്തു. ആ സമയത്ത് ഓപ്പറേഷന്‍ ജാവ പോലുള്ള സിനിമകള്‍ റിലീസ് ചെയ്തു. അതിലൂടെ എന്റെ കരിയറിനും ഒരു അനക്കം കിട്ടി തുടങ്ങി. ഓപ്പറേഷന്‍ ജാവയുടെ വിജയം ഒരു നടന്‍ എന്നുള്ള രീതിയില്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. മുന്‍നിര താരങ്ങള്‍ അല്ലാത്ത പല അഭിനേതാക്കളെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തില്‍ സിനിമകള്‍ ഉണ്ടായിത്തുടങ്ങി. അതൊക്കെ പുരുഷ പ്രേതം എന്ന സിനിമയ്ക്കും എന്റെ നായക വേഷത്തിനും വീണ്ടും ഒരു സാധ്യത തുറന്നു തന്നു. ആ സമയത്ത് ഞങ്ങള്‍ മൂന്ന് നിര്‍മാതാക്കളോട് സംസാരിക്കുകയും അവര്‍ മൂന്ന് പേരും ഈ സിനിമ ചെയ്യാന്‍ തയ്യാറാവുകയും ചെയ്തു. പക്ഷെ മറ്റ് ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ ജിയോ ബേബിയെ കണ്ട് സംസാരിക്കുകയും അദ്ദേഹം ഈ സിനിമയുടെ ഭാഗമാകാം എന്ന് പറയുകയും ചെയ്തു. പക്ഷെ കുറച്ചധികം പണം കൂടി ആവശ്യമാണ് എന്ന് വന്നപ്പോള്‍ യുകെയിലുള്ള പോള്‍ എന്ന എന്റെ സുഹൃത്ത് വഴി ഐന്‍സ്റ്റെന്‍ എന്ന് പേരുള്ള ഒരു നിര്‍മാതാവിനെ പരിചയപ്പെടുകയും അദ്ദേഹം ഈ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാവുകയും ചെയ്തു. അങ്ങനെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ നിര്‍മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസും ഐന്‍സ്റ്റെന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡും സിമ്മട്രി സിനിമാസും എല്ലാം ചേര്‍ന്ന് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തു. ഈ സിനിമയുടെ യാത്രയില്‍ എത്രത്തോളം നിരാശ ഉണ്ടായിട്ടുണ്ടോ അത്രത്തോളം തന്നെ ആത്മവിശ്വാസവും ഈ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ പേര്‍ ഈ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം ലഭിച്ചിരുന്നു.

ഡോ. കീർത്തി പ്രഭ

എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള നാടക കലാകാരന്മാർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.കൂടാതെ വലിയ സിനിമാ അനുഭവങ്ങളുടെ ഉടമയായ ജഗദീഷേട്ടനും സൂപ്പർ സെബാസ്റ്റ്യനോടൊപ്പം ഒരു മുഴുനീള വേഷം ചെയ്യുന്നുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കാമോ?

കോളേജ് അധ്യാപകനും കഥാകൃത്തും തിരക്കഥാകൃത്തും അതോടൊപ്പം നമ്മൾ ഓർമ്മവച്ച നാൾ മുതൽ കണ്ടു തുടങ്ങിയ സിനിമകളിൽ നമ്മളെ ചിരിപ്പിക്കുകയും സിനിമ എന്ന മാധ്യമത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു കലാകാരനാണ് ജഗദീഷേട്ടൻ. അത്തരത്തിലുള്ള അനേകായിരം കലാകാരന്മാരാണ് നമുക്കൊക്കെ സിനിമയോട് പ്രേമം ഉണ്ടാകാൻ കാരണക്കാരായിട്ടുള്ളത്. ജഗദീഷേട്ടനെപ്പോലെ ലെജന്ററി ആയിട്ടുള്ള ഒരു അഭിനേതാവിന്റെ കൂടെ ഒരു മുഴുനീള വേഷം ചെയ്യാൻ സാധിച്ചു എന്നത് ഭാഗ്യമായി കരുതുന്നു.ലൊക്കേഷനിലെ എല്ലാവർക്കും അദ്ദേഹം ഒരു ഗോഡ്ഫാദറിനെ പോലെ ആയിരുന്നു. സമയനിഷ്ഠ, ഡെഡിക്കേഷൻ, ക്രിയേറ്റിവിറ്റി തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു നടനെ എങ്ങനെയാണ് മുന്നോട്ട് നയിക്കുന്നത് എന്നത് ജഗദീഷേട്ടന്റെ ലൊക്കേഷനിലെ സാന്നിധ്യത്തിലൂടെ നമുക്ക് മനസിലായിട്ടുണ്ട്. ജഗദീഷേട്ടൻ പാട്ടുകൾ പാടാൻ ഇഷ്ടപ്പെടുന്ന കഥയ്ക്കുള്ളിൽ നിന്നുകൊണ്ട് കഥാപാത്രങ്ങളെ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന കൂടെ ജോലി ചെയ്യുന്ന ഒരാളുടെ പോലും കോൺസെൻട്രേഷൻ ഡിസ്റ്റർബ് ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ്. അങ്ങനെയുള്ള ഒരു വലിയ നടന്റെ കൂടെ അഭിനയിക്കാൻ സാധിക്കുക, അദ്ദേഹം നൽകുന്ന അഭിമുഖങ്ങളിളെല്ലാം ഞങ്ങളെപ്പറ്റിയും സംസാരിക്കുക, അദേഹത്തിന്റെ സിനിമാ ജീവിതത്തിൽ എന്നും ഓർമിക്കുന്ന ഒരു കഥാപാത്രമായി ഞങ്ങളുടെ ദിലീപേട്ടൻ മാറുക, ഇതെല്ലാം ഞങ്ങളെ സംബന്ധിച്ച് വളരെ അഭിമാനകരമാണ്. അത്രയധികം പ്രാധാന്യമാണ് ജഗദീഷേട്ടൻ ഞങ്ങളുടെ സിനിമയ്ക്കും ഞങ്ങൾക്കും നൽകിയത്. അതുകൊണ്ടുതന്നെ അതിനൊക്കെ എത്രയോ മടങ്ങ് പ്രധാനമാണ് ഞങ്ങൾക്ക് ജഗദീഷേട്ടനും. പുരുഷപ്രേതത്തിൽ നിന്നും കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് സത്യത്തിൽ ജഗദീഷേട്ടന്റെ സാന്നിധ്യം.

 

🔵


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.