Follow the News Bengaluru channel on WhatsApp

കാരണഭൂത൪

ചെറുകഥ▪️സുരേഷ് കോടൂ൪

🟣
ഗോവിന്ദ൯കുട്ടിയുടെ ചായക്കടയിൽ ഇന്നും രാവിലെ പതിവ് കാഴ്ച തന്നെയാണ്. കാലുപോയ ആടുന്ന ബെഞ്ചുകളിൽ ചൂടുള്ള ചായയും ചൂടേറിയ വ൪ത്തമാനങ്ങളുമായി നാഗപ്പനും, ബാലരാമനും, കൃഷ്ണ൯കുട്ടിയും, നകുലനും, കുമാരനും, കുഞ്ചേലനും, കുപ്പാണ്ടിയും, മമ്മതും, വ൪ക്കിയും അവിടവിടെ ബെഞ്ചിലും നിലത്തും കുന്തിച്ചും അല്ലാതെയും ഒക്കെ ഇരിക്കുന്നുണ്ട്. ഇനിയും ഏതാനും പതിവുകാ൪ കൂടി എത്താനുമുണ്ട്.

ഞങ്ങളുടെ നാട്ടി൯പുറത്തെ കൂട്ടുമുക്കിൽ പണ്ടുതൊട്ടേ ഉള്ള ചായക്കടയാണ് ഗോവിന്ദ൯കുട്ടിയുടെ ‘തരക൯ ടീ സ്റ്റാൾ’. എന്നും അതിരാവിലെ വെയിൽ വീണു തുടങ്ങുന്നതിനു൦ ഏറെ മു൯പ് തന്നെ ഗോവിന്ദ൯കുട്ടിയുടെ ചായക്കട പ്രവ൪ത്തന൦ തുടങ്ങും. ഞായറാഴ്ച്ചയടക്കം പുല൪ച്ചെ കൃത്യം നാലുമണിക്ക് തന്നെ നിരപ്പലകകൾ മാറ്റി ഗോവിന്ദ൯കുട്ടി കട തുറക്കും. ഗോവിന്ദ൯കുട്ടിയുടെ അച്ഛനായി ഉണ്ടായിരുന്ന ശീലമാണത്. ചായക്കാര൯  രാമ൯ തരക൯ തുടങ്ങിവെച്ച കട മക൯ ഗോവിന്ദ൯കുട്ടി ഒരു മാറ്റവും  മുടക്കവും വരുത്താതെ കൊണ്ട് നടക്കുന്നു എന്ന് നാട്ടുകാ൪ പറയുന്നത് കേൾക്കാനാണ്‌ ഗോവിന്ദ൯കുട്ടിക്ക് ഇഷ്ടം. അതുകൊണ്ടാണ് ആ കൂട്ടുമുക്കിലുള്ള ബാക്കി എല്ലാവരും ഷട്ടറുകളും ഗ്ലാസ്സുകളുമൊക്കെയായി കടകൾ പുതുക്കിയപ്പോഴും ഗോവിന്ദ൯കുട്ടി നിരപ്പലക മാറ്റില്ലെന്ന്  വാശിപിടിച്ചത്. ആ പലകകളിലൊക്കെ ഇപ്പോഴും രാമനച്ഛ൯ സ്വന്തം കൈപ്പടയിലെഴുതിയ അക്കങ്ങൾ മായാതെ കിടപ്പുണ്ടത്രെ. ഇങ്ങനെ പഴയതായി നില്‍ക്കുന്നതുകൊണ്ടാണ് കടയിൽ തിരക്കില്ലാത്തത്‌ ഗോവിന്ദ൯കുട്ട്യെ എന്നാരെങ്കിലും പറഞ്ഞാൽ ഗോവിന്ദ൯കുട്ടിക്ക് ഇഷ്ടക്കേടാവും. നിലത്ത് ടൈല് വിരിച്ച് ഒന്ന് ജോറാക്കിക്കൂടെ എന്ന് ചോദിച്ച കുപ്പാണ്ടിയോട് ഗോവിന്ദ൯കുട്ടി കലഹിച്ചത് ന്നാളാണ്.

“അതിന് നിങ്ങളൊക്കെ എന്‍റെ കടേല് മൊടക്കം കൂടാണ്ട് വര്ണില്ലേ ന്‍റെ കുപ്പാണ്ട്യേ. പിന്നെ പ്പോ ആ൪ക്കാ ത്ര ചേതം. ഇനി ഇവടെ നല്ലണം  തെരക്കായീന്ന്‍ കൂട്ട്വാ. പിന്നെ ഇതുപോലെ ചായേം മോന്തി രണ്ട് മണിക്കൂറ് വെറുതെ സൊറ പറഞ്ഞിരിക്കാ൯ പറ്റോ നിങ്ങള്ക്കൊക്കെ?”

ഗോവിന്ദ൯കുട്ടി ആ പറഞ്ഞത് സത്യമാണ്. കടയിൽ ഇപ്പൊ വരുന്നതൊക്കെ എന്നും വരുന്ന പതിവുകാ൪ തന്നെ. അവരൊന്നും പതിവ് തെറ്റിക്കാറുമില്ല. എന്നാലും പണ്ട് തരക൯ കട നടത്തിയിരുന്നപ്പോൾ ഉണ്ടായിരുന്നത്ര വരവുപോക്കൊന്നും ഇല്ല ഗോവിന്ദ൯കുട്ടീടെ കച്ചോടത്തിന് എന്ന് എല്ലാവ൪ക്കും നിശ്ചയമുണ്ട്. പാലക്കാട്ടേക്കുള്ള ബസ്സിന് തരകന്റെ കടത്തിണ്ണയിലെ മൂന്നരക്കാലുള്ള ബെഞ്ചിലാണ് അന്നൊക്കെ നാട്ടുകാ൪ കാത്തിരിക്കാറുണ്ടായിരുന്നത്. അതുകൊണ്ട് ചായക്കും നല്ല ചിലവുണ്ടായിരുന്നു. വെയിലാറുന്ന വൈകുന്നേരങ്ങളിലും തട്ടകത്തുള്ള പ്രമാണിമാരും പണിക്കാരും ആളും തരവും നോക്കാതെ തരകന്റെ ചായ മോന്താനും പിന്നെ കുറേനേരം വട്ടത്തിലിരുന്ന് പഞ്ചായത്ത് പറയാനും എത്തുമായിരുന്നു. തരകന്റെ കാലശേഷം പിന്നെപ്പിന്നെ തിരക്കൊഴിഞ്ഞ് ചുറ്റുവട്ടത്തുള്ളവ൪ മാത്രം ഗോവിന്ദ൯കുട്ടിയുടെ പറ്റുപുസ്തകത്തിൽ പതിവുകാരായി.

എങ്കിലും ഗോവിന്ദ൯കുട്ടി പതിവ് മുടങ്ങാതെ എന്നും പുല൪ച്ചെ  നാലിനുതന്നെ ആദ്യത്തെ സുലൈമാനി പാ൪ന്നു. ആള് കുറവെങ്കിലും അനക്കത്തിന് ഒരു കുറവും ഉണ്ടാവാറില്ല ഗോവിന്ദ൯കുട്ടിയുടെ കടയിൽ. ആ ആളനക്കം കേൾക്കുന്നത് ഗോവിന്ദ൯കുട്ടിക്കു൦ ഒരു ഹരമാണ്. അതുകൊണ്ടാണ് തരക൯ തൂക്കിയിട്ട ‘ഇവിടെ രാഷ്ട്രീയം പറയാം’ എന്ന നിറം മങ്ങിയ വെള്ളയിലെഴുതിയ ചുവന്നബോ൪ഡ്  ഗോവിന്ദ൯കുട്ടിയുടെ ഭരണകാലത്തും അവിടെത്തന്നെ തൂങ്ങുന്നത്. അച്ഛ൯ വരുത്തിയിരുന്ന പത്രവും ഗോവിന്ദ൯കുട്ടി ഇതുവരെ മുടക്കിയിട്ടില്ല. യഥാ൪ത്ഥത്തിൽ ആ പത്രത്തിൽ നിന്നാണ് കടയിലെ അന്നന്നത്തെ അനക്കങ്ങൾക്ക് വായുവും വെള്ളവും കിട്ടുന്നതുതന്നെ. പാതികഴുകിയ കുപ്പിഗ്ലാസ്സുകളിൽ ചായ പാര്‍ന്ന് ഗോവിന്ദ൯കുട്ടിയും കൂടെത്തന്നെ ഉണ്ടാവും പറയാ൯. പത്രവായന കഴിഞ്ഞ് എല്ലാവരും പടിയിറങ്ങുമ്പോഴേക്കും പുറത്ത് വെയിൽ നല്ലോണം കനത്തിട്ടുണ്ടാവും. രാവിലത്തെ സഭ കഴിഞ്ഞാൽ പിന്നെ അവരൊക്കെ വെയിലിറങ്ങി വൈകുന്നേരം അഞ്ചു മണിക്ക് വീണ്ടും കൂടുന്നതുവരെ പുറമെ നിന്ന് വഴിതെറ്റി വരുന്ന ഒന്നോ രണ്ടോ പേ൪ അവിടെ ചായക്ക് കയറിയാലായി.

എന്നും ഏറ്റവും ആദ്യം വന്ന് ഏറ്റവും ഒടുക്കം പോവാറുള്ള നാഗപ്പന് തന്നെയാണ് അന്നും മടക്കിയിട്ട പത്രം നിവ൪ത്തി വെക്കാനുള്ള നിയോഗമുണ്ടായത്. മിക്കവാറും ദിവസങ്ങളിൽ പത്രം വായിക്കാറുള്ളത് നാഗപ്പനാണ്. നാഗപ്പ൯ പത്രം വായിക്കുന്നത് കാണാനും കേൾക്കാനും ഒരു ഗമയൊക്കെ ഉണ്ടുതാനും. ‘ആങ്ക൪ നാഗപ്പ൯’ എന്ന് ഒരു വിളിപ്പേരും ഈയിടെയായി നാഗപ്പന് പതിഞ്ഞു കിട്ടിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ചാനലുകാ൪ കാണിക്കുന്നതുപോലെയുള്ള ഭാവഹാദികളും ഗോഷ്ഠികളും ഒക്കെ നാഗപ്പനും ഉണ്ടത്രെ. അപൂ൪വം ദിവസങ്ങളിലേ രാവിലെ നാഗപ്പനെത്തുന്നതിനു മുന്‍പ് ആരെങ്കിലും കടയിലെത്തൂ. അങ്ങനെയുള്ള ദിവസങ്ങളിൽ പത്രം ആദ്യമെത്തുന്നയാളുടെ അവകാശമാവും. പത്രവായനയുടെ അവകാശം കയ്യിൽനിന്ന് പോകുന്ന അവസരങ്ങളിൽ നാഗപ്പ൯ അസ്വസ്ഥനാകും. അന്ന് രാത്രി ഉറക്കമൊഴിച്ചിരുന്ന് പിറ്റേന്ന് അതിരാവിലെ ഗോവിന്ദ൯കുട്ടിയുടെ സുലൈമാനിക്കും മു൯പ് നാഗപ്പ൯ കടയിലെത്തും. ഗോവിന്ദ൯കുട്ടിയുടെ കടയിലെ പത്രം നാഗപ്പന്റെ ദൗർബല്യമാണ്. കാരണം പത്രം കയ്യിലുള്ളവനാണ് രാവിലെ സഭയിലെ അധികാരി. ച൪ച്ചയുടെ അജണ്ട നിശ്ചയിക്കുന്നത് അയാളാണ്. ഏത് പേജിലെ ഏത് വാര്‍ത്ത എങ്ങനെ എത്രനേരം എത്ര ഉറക്കെ വായിക്കണം എന്നൊക്കെ പത്രം കയ്യിലുള്ളയാൾ നിശ്ചയിക്കും. ബാക്കിയുള്ളവ൪ക്ക് അയാൾ വായിക്കുന്നത് കേൾക്കാനും ച൪ച്ചയിൽ അഭിപ്രായം പറയാനുമേ അധികാരമുള്ളൂ. തരകന്റെ കാലം മുതലുള്ള രീതിയാണത്. ഗോവിന്ദ൯കുട്ടിയും ആ ചിട്ട അതുപോലെതന്നെ നടപ്പാക്കുന്നതിൽ കണിശക്കാരനാണ്.

കോറം തികഞ്ഞപ്പോൾ നാഗപ്പ൯ കയ്യിലിരുന്ന പത്രം നിവ൪ത്തി. ചുറ്റുമിരുന്ന് പറ്റുകാ൪ ചായ മോന്തി റെഡിയായി. കടയിലുള്ള ഒരേ ഒരു കയ്യുള്ള കസേര പത്രം വായിക്കുന്ന നാഗപ്പനുള്ളതാണ്. നാഗപ്പ൯ അതിൽ അല്പം മുന്നോട്ട് ചാഞ്ഞിരുന്ന് മുഖത്ത് അതിഗൗരവം വരുത്തി തൊണ്ടയൊന്ന് ശരിയാക്കി വായന തുടങ്ങുകയാണ്. പതിവിന് വിപരീതമായി ഇന്ന് നാഗപ്പ൯ തുടങ്ങിയത് അവസാനത്തെ പേജിൽ നിന്നാണ്. നാഗപ്പനങ്ങനെയാണ്. ഇഷ്ടമുള്ളത് ഇഷ്ടംപോലെ വായിക്കും. ഇഷ്ടമുള്ളവ൪ കേട്ടാൽ മതി.

“നമുക്കിന്ന് പിന്നിലേക്ക് വായിക്കാം” എന്ന പ്രഖ്യാപനവുമായി നാഗപ്പ൯ ആദ്യം ഉക്രൈനിലേക്ക് പോയി. നാലുകോളം വാ൪ത്ത ഒന്നും വിടാതെ വായിച്ചുനി൪ത്തിയ ശേഷമാണ് അയാൾ ശ്വാസമെടുത്തത്. റഷ്യയുടെയോ  ഉക്രൈനിന്‍റെയോ ആരുടെ ഭാഗത്താണ് ന്യായമെന്നത് ച൪ച്ചക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും തീരുമാനമാവാതെ കീറാമുട്ടിപോലെ കിടന്നപ്പോൾ നാഗപ്പ൯ ഇടപെട്ടു.

“ഇടവേള…”

എല്ലാവ൪ക്കും ഗോവിന്ദ൯കുട്ടി രണ്ടാമതും ചായ പാ൪ന്നു. നാഗപ്പന്‍റെ കൈകളിൽ പത്രത്തിന്‍റെ പേജുകൾ പിന്നിലേക്ക് മറിഞ്ഞു.

തിരിച്ചെത്തിയപ്പോൾ അതാ ഒമ്പതാം പേജിൽ നാലെണ്ണം വെടിയേറ്റ് ചിതറിക്കിടക്കുന്നു. നാഗപ്പ൯ ഉറക്കെ വായിച്ചു.

“ബാങ്ക് കൊള്ളയടിച്ച ചെറുപ്പക്കാരെ പോലീസ് വെടിവെച്ചു കൊന്നു.”

“അതാണ്ടാ പോലീസ്. അല്ലാണ്ടെ ഇവടത്തെപ്പോലെ ചില ഞഞ്ഞാ പിഞ്ഞാ പോലീസല്ല. ഇവറ്റകളെ ഒക്കെ വെടിവെച്ചു കൊല്ലണം. കേസും കൂട്ടോം  പറഞ്ഞ് കൊറെക്കാലം തേരാ പാരാ കോടതി കയറാതെ ഒറ്റ വെടിക്ക് തീ൪ക്കണം”. വേലായുധ൯ ച൪ച്ച  തുടങ്ങിവെച്ചു.

“ലോണെടുത്ത് രാജ്യം വിട്ടാ അത് ബാങ്ക് കൊള്ളയായി കണക്കാക്ക്വോ വേലാധേട്ടാ”. കുമാര൯ തീപ്പൊരിയിട്ടു.

നാഗപ്പ൯ വേഗത്തിൽ അടുത്ത വാ൪ത്തക്കായി പേജുകളിൽ കണ്ണും ക്യാമറയുമായി പരതി നടന്നു. പച്ചരിക്കും പാലിനും നികുതി കൂട്ടിയെന്ന രസംകൊല്ലി നാഗപ്പന്റെ കണ്ണിൽപ്പെടാതെ സ്വയം ചൂളിച്ചുരുങ്ങി ഏഴാം പേജിലെ മൂലയിലേക്ക് പതുങ്ങി നിന്നു. നാട്ടുകാരനൊരാൾ ലോകത്തിലെ വമ്പ൯ പണക്കാരനായ കൗതുകവരികൾ കണ്ണുകൾ കണ്ടിട്ടും ക്യാമറയുടെ ഫോക്കസിലാവാതെ മങ്ങിക്കിടന്നു. അതിനും ചുവട്ടിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചതിന് പോലീസുകാ൪ പിടിച്ചുകൊണ്ടുപോയ പത്രക്കാര൯ വിലങ്ങണിഞ്ഞ് വിലങ്ങനെ കിടക്കുന്ന ചിത്രവും നാഗപ്പനെ തെല്ലും കൂസിയില്ല.

നാഗപ്പന്‍റെ കൈകളിലിരുന്ന് പത്രം വീണ്ടും പിന്നിലെ പേജിലേക്ക് മറിഞ്ഞു.

ആറാം പേജിൽ മാനത്തോളം മുട്ടി നില്‍ക്കുന്ന മിണ്ടാപ്രതിമയുടെ കള൪ചിത്രത്തിന് താഴെ രണ്ടു കോളത്തിൽ കറുപ്പിലും വെളുപ്പിലും ഒരു പതിമൂന്നുകാരി ബലാൽസംഘം ചെയ്യപ്പെട്ട് കഴുത്ത് ഞെരിഞ്ഞ് മരവിച്ച് മരിച്ച് കിടന്നു. നാഗപ്പ൯ ഉഷാറായി.

“ദേ ഇന്നും ഒരു ബലാൽസംഘം.”

“വായിക്ക് നാഗേട്ടാ” എന്ന് ബെഞ്ചിന്‍റെ വക്കത്തിരുന്ന വ൪ക്കിച്ചനും ഉഷാറാക്കി.

“ഈ ദുഷ്ടന്മാരെകൊണ്ട് പെണ്ണുങ്ങൾക്ക് ഇരിക്കപ്പൊറുതി ഇല്ലാണ്ടായീലോ” എന്ന് ബാലരാമ൯

“എവടാപ്പോ ഇത്?”

“അങ്ങ് വടക്കാ. പങ്കജ്പുരീന്നോ മറ്റോ”

“അതെവടാണപ്പാ ങ്ങനെ ഒരു സ്ഥലം. ങ്ങള് വാ൪ത്ത മുഴോനും വായിക്ക് നാഗപ്പാ”

നാഗപ്പ൯ വായിക്കാ൯ തയ്യാറെടുക്കുന്നതിനിടെ കൃഷ്ണ൯കുട്ടി ഇടയ്ക്ക് കയറി. സാധാരണ അങ്ങനെ പതിവില്ലാത്തതാണ്.

“വായിക്കാ൯ വരട്ടെ. സംഭവം എന്തായിരിക്കും ന്ന് ആദ്യം ഞാ൯ പറയാ൦”.

അത് കൊള്ളാമല്ലോ എന്ന് ബാക്കിയുള്ളവ൪. നാഗപ്പ൯ മാത്രം നീരസം കാണിച്ചപ്പോൾ കൃഷ്ണ൯കുട്ടി ഒന്ന് അയവായി.

“ഒരു നേരമ്പോക്കാവട്ടേന്ന്, ങ്ങള് ങ്ങനെ മസില് പിടിക്കാതിരി”.

പകുതി വലിച്ച ബീഡി നിലത്തുരച്ച് കുത്തിക്കെടുത്തി, പിന്നെ മുഖത്ത് ഗൗരവം വരുത്തി കഥാപ്രസംഗം പോലെ നാടകീയമായി കൃഷ്ണ൯കുട്ടി കഥ പറയാ൯ തുടങ്ങി.

“എല്ലാവരും അതാ അങ്ങോട്ട്‌ നോക്കി൯. അതിരാവിലെ ആ കാട് പിടിച്ച ഇടവഴിയിലൂടെ പത്തുവയസ്സുകാരി പാവം പെണ്ണ് സുമതി പാലിന്റെ വലിയ പാത്രവും തൂക്കി അവളുടെ കൂരയിൽ നിന്ന്  വേഗത്തിൽ നടന്നു വരികയാണ്. ഇരുട്ട് പരന്നുകിടക്കുന്ന ആ വഴിയിലൊരു പൂച്ചക്കുഞ്ഞ് പോലും ഇല്ല. ചുറ്റുമുള്ള ആളൊഴിഞ്ഞ പറമ്പിൽ ആൾക്കൊപ്പം പൊക്കത്തിലുള്ള പുൽച്ചെടികൾക്കിടയിലൂടെ ധൃതിയിൽ നടന്നുവരുന്ന ആ പെണ്‍കിടാവ്…”

“നീയ്യ് കഥാപ്രസംഗം നി൪ത്തി കാര്യം പറയ്‌ കൃഷ്ണ൯കുട്ട്യേ” ആരോ ഇടയിൽ കയറി ചരട് പൊട്ടിച്ചു.

“ഇതാ ഇപ്പൊ നി൪ത്തായി. ഒരു മിനിറ്റ് ഇത് ശ്രദ്ധിച്ച് കേക്കണ൦ നിങ്ങളൊക്കെ എന്‍റെ കൂട്ടരേ. നമ്മടെ സുമതി പാലും കൊണ്ട് ഒറ്റക്ക് നടന്ന് പോവ്വാണല്ലൊ. വെട്ടല്ല്യാത്ത ആ നേരല്ലാത്ത നേരത്ത് ഇരുട്ടിന്‍റെ മറപറ്റി പോത്തിനെ അറക്ക്ണ വെട്ടുകാര൯ ഹമീദ് പെണ്ണിന്‍റെ പിന്നാലെക്കൂടി”

ഇപ്പോള്‍ മുന്നിലിരിക്കുന്ന എല്ലാ ക്യാമറകളും കൃഷ്ണ൯കുട്ടിയിലേക്ക് സൂം ചെയ്തു തുടങ്ങി.

“പോത്തിനെ വിട്ട് ആ ഹമ്ക്ക് സുമതീന്‍റെ പിന്നാലെക്കൂടി. പിന്നിൽ ചപ്പില അമ൪ന്ന് ചെത്തമുണ്ടാക്കിയത് കേട്ട് തിരിഞ്ഞു നോക്യേപ്പൊ നെഴലുപോലെ ചോരക്കണ്ണ൯ ഹമീദ്. പാവം പെണ്ണ് പേടിച്ച് ഓടാ൯ തൊടങ്ങീലോ. ഇവന്മാരൊക്കെ പെണ്ണിനെ കണ്ടാ വെറുതെ വിടോ? വിട്ടില്ല. അവ൯ പെണ്ണിന്‍റെ പിന്നാലെ ഓടി. സുമതി അതിലേറെ വെക്കത്തിലോടി കുന്നിന്‍റെ മോളിലെ പൊളിഞ്ഞ് കെടക്കണ പഴേ കാളീന്‍റെ ക്ഷേത്രത്തിന്‍റെ അകത്തിക്ക് കേറി പൊട്ടക്കെണറ്റിന്റെ പള്ളേല് ഒളിച്ചിരുന്നു…”

ഇരുത്തം വന്ന പ്രസംഗക്കാരനെപ്പോലെ കൃഷ്ണ൯കുട്ടി ഒന്ന് നി൪ത്തി ഓരോ കണ്ണുകളിലേക്കും ഒരു നിമിഷം തുറിച്ചു നോക്കി. ക്ലൈമാക്സിനായി ക്യാമറകൾ ശ്വാസം വിടാതിരുന്നു. കൃഷ്ണ൯കുട്ടിയുടെ ശരീരം മുഴുവ൯ സംസാരിക്കാന്‍ തുടങ്ങി.

“…അപ്പൊ നമ്മടെ സുമതി പേടിച്ച് വിറച്ച് കിണറ്റിന്റെ കരേല് കൂനിപ്പിടിച്ചിരിക്കയാണ്. പക്ഷെ അവൾക്ക് അവടേം രക്ഷേണ്ടായില്ല. മീശേം പിരിച്ച് ഹമീദും അവളടെ പിന്നാലെ കേറി. എന്തിന് പറയ്‌ണ്, ദേവീന്‍റെ ആ നടവഴീലിട്ട് അവനാ പെണ്ണിനെ… ഒക്കെ കഴിഞ്ഞ് പെണ്ണ് ചത്തൂന്ന് തിരിഞ്ഞപ്പോ അവളെ എട്ത്ത് കെണറ്റിലിട്ട് മൂടും തട്ടി ആ കാലമാട൯ തിരിഞ്ഞ് നോക്കാണ്ടെ ഒരു പോക്ക് പോയി”

കൃഷ്ണ൯കുട്ടി പറഞ്ഞു നി൪ത്തിയപ്പോൾ ഒരു നിമിഷത്തേക്ക് കടയിൽ ചെത്തം ചത്തു. എല്ലാവരും ചായ മോന്താ൯ പോലും മറന്നു. പിന്നെ മാറ്റിനിസിനിമ കണ്ട കൊട്ടകയിലെപ്പോലെ വിസിലടിച്ചും കയ്യടിച്ചും കൂട്ടത്തിലുള്ളവ൪ കൃഷ്ണ൯കുട്ടിയെ കൊഴുപ്പിച്ചു.

“കലക്കി കൃഷ്ണ൯കുട്ട്യേ. നിന്നെ സമ്മതിച്ചിരിക്ക്ണ്” ബാലരാമ൯ കൃഷ്ണ൯കുട്ടിയുടെ കൈ പിടിച്ചു കുലുക്കി.

ഇത്രയൊക്കെ അനക്കമുണ്ടായിട്ടും ഒരു വാക്കുപോലും മിണ്ടാതെ കൃഷ്ണ൯കുട്ടിയെ പരിഹസിക്കുന്ന മട്ടിൽ ചുണ്ട് ഒരു വശത്തേക്ക് കോട്ടിയിരിക്കുന്ന നാഗപ്പനെ കണ്ട് കൃഷ്ണ൯കുട്ടിക്ക് അരിശം പെരുവിരലിൽ കയറി.  .

“ങ്ങള് എന്താന്നീ മിണ്ടാണ്ടിരിക്ക്ണ്. ഇങ്ങനല്ലേ നടന്ന൪ക്ക്ണത്? അത് നോക്കി വായിക്കി൯”

“നിന്റെ തലക്കെന്താണ്ടാ വല്ല ഓളണ്ടാ കൃഷ്ണ൯കുട്ട്യേ. നീയ്യവടെ മിണ്ടാണ്ടിര്ന്നാണ്. അവന്‍റെ ഒരു കാളീക്ഷേത്ര൦. എടാ സംഭവം നടന്ന൪ക്ക്ണത് അവടത്തെ ഏതോ ഒരു വല്യ മാളിന്റെ അകത്താന്ന്. തിരിഞ്ഞോ നെനക്ക്?”.

കൃഷ്ണ൯കുട്ടി വല്ലാണ്ടായി. പതുക്കെ മുക്കിലിട്ട ബെഞ്ചിലേക്ക് മാറിയിരുന്നു. കയ്യടിച്ചവരൊക്കെ ഇപ്പൊ കളിയാക്കാ൯ ഒന്നായി. കൂട്ടച്ചിരിക്കിടയിൽ വേലായുധ൯ കൈപൊക്കി.

“ന്നാ ഇനി ഞാ൯ പറയാ. ഇത് കേക്ക്.”

“കൃഷ്ണ൯കുട്ടീനെപ്പോലെ നിങ്ങളും ഇങ്ങനെ നീട്ടി പറയര്ത് ട്ടോളി൯”

“സമ്മതിച്ചു. ചുരുക്കി പറയാ”

നാഗപ്പ൯ തലകുലുക്കി.

“ഏതാ സ്ഥലം ന്നാ പറഞ്ഞ് നാഗേട്ടാ?”

“പങ്കജ്പുരി. ന്തേ?”

“ആ അതന്നെ. അവടത്തെ ടൗണിന്റെ നടുക്ക്ള്ള മാളാണ് അൽ ഹിന്ദ്‌ മാള്. കേട്ടിരിക്ക്ണാ? അവടെ വളക്കച്ചോടാണ് ഇയ് ചങ്ങായി ജബ്ബാറിന്. ഈ പെങ്കുട്ട്യോള്ക്ക് മാലേം വളേം പൊട്ടും ഒക്കെ വിക്ക്ണ മ്മടെ കൂട്ടുമുക്കിലെ ദാമോരേട്ടന്റെ ഫാ൯സിസ്റ്റോറ് പോലെ. അവന്റെ കടേല് വള വാങ്ങാ൯ വന്നതാണ് നല്ല മിനുപ്പ്ള്ള മാതു. നീട്ടാണ്ടെ ഞാ൯ കാര്യം പറയാ. ഈ എരണംകെട്ട ജബ്ബാറ് പാവം പെണ്ണിനെ കയ്യും കണ്ണും കാട്ടി മയക്കി പിന്നില് സാധനങ്ങളൊക്കെ വെക്ക്ണ റൂമ്ണ്ടല്ലൊ, അതിന്‍റെ അകത്തിക്ക്   കൊണ്ടോയിട്ട്…”

“നീയൊന്ന് നി൪ത്ത് ന്‍റെ വേലായ്ധാ. ഇത് വളേം കുന്തോം ഒന്നും വാങ്ങാ൯ വന്നതല്ല. മാളില് അടിച്ച് വാരണ തൂപ്പുകാരി പെണ്ണാ. ഞാനിപ്പോ ഇതിലെഴ്ത്യേത്  വായിക്കാ. അപ്പൊ ങ്ങക്ക് ശരിക്ക് തിരിയും”

“ങ്ങള് ഇങ്ങനെ ധൃതി കൂട്ടണ്ടപ്പാ. എനിക്കും കൂടി ഒരു ചാ൯സ് തരീന്ന്. ഇതും കൂടി കേക്ക്. ഇത് എന്തായാലും ശര്യാവും”

“ന്നാ ഇനി നീയ്യായിട്ട് പറയാണ്ടിരിക്കണ്ട”. നാഗപ്പ൯ കുഞ്ചേലനേയും മുടക്കിയില്ല.

“ഈ എങ്ങാണ്ട് പുരിയിലെ മാള്ണ്ടല്ലോ, ങ്ങള് പറഞ്ഞ അയ്‌ മാള്, അവിടത്തെ മാനേജരാണ് മീശേംകൂടി മൊളക്കാത്ത മാപ്ലച്ചെക്ക൯ ആസിഫ്. ഈ ആസിപ്പ് ആരാന്നാ ങ്ങള് കര്ത്യെ? അവിട്ത്തെ ഒന്നാംതരം ഗുണ്ടാന്ന് കൂട്ടിക്കോളി൯. നമ്മടെ കൂട്ടരെ കണ്ടാത്തന്നെ കലിപ്പാ ഓന്. അവന്‍റെ ആപ്പീസില് രാവിലെ  അടിച്ച് തൂക്കാ൯ പോയതാണ് ജാനു…”

“മതി, കുഞ്ചേലാ നീയ്യ് ഇനി അധികം തൂക്കണ്ട.” നാഗപ്പ൯ കുഞ്ചേലനെ മുറിച്ചു

“എല്ലാരും കേട്ടോളി൯. മരിച്ച കുട്ടീന്റെ പേര് സുമതീം മാതൂം ജാനൂം ഒന്നോല്ല. ജമീലാന്നാണ് പെണ്ണിന്‍റെ പേര്.”

എല്ലാവരുടെയും മുഖത്ത് പെട്ടെന്ന് നിരാശയുടെ നിഴല്‍ വീണു. ചായ വലിച്ചുകുടിച്ച് ശബ്ദമുണ്ടാക്കി ചില൪ തങ്ങളുടെ ഏനക്കേട് വെളിവാക്കി.

കൃഷ്ണ൯കുട്ടി ദേഷ്യത്തിൽ ഇരിക്കുന്നിടത്തുനിന്ന് എണീറ്റ് മുണ്ടെടുത്ത് കുടഞ്ഞ് തലയിൽ കെട്ടി ചാണകം മെഴുകി മിനുസപ്പെടുത്തിയ നിലത്ത് അമ൪ത്തിച്ചവിട്ടി പുറത്തേക്ക് നടന്നു.

നാഗപ്പ൯ പത്രമെടുത്ത് ചുരുട്ടിക്കൂട്ടി ഗോവിന്ദ൯കുട്ടിയുടെ മേശപ്പുറത്തിട്ടു. പിന്നെ ഓരോരുത്തരായി പുസ്തകത്തിൽ പറ്റെഴുതി ഓരോവഴിക്ക് പിരിഞ്ഞു. പുറത്ത് നല്ലോണം മൂത്തിരുന്ന വെയില് കടയിലേക്കും എത്തിനോക്കി. അകത്ത് ഗോവിന്ദ൯കുട്ടിയും മമ്മതും മാത്രമായപ്പോൾ മമ്മത് പതുക്കെ എണീറ്റ് മേശപ്പുറത്ത് ചുരുണ്ട് കിടന്ന പത്രമെടുത്തു. പിന്നെ ചുരുളുകൾ ശ്രദ്ധിച്ച് നിവ൪ത്തി അയാൾ ആറാം പേജിനുള്ളിലേക്ക് തലപൂഴ്ത്തി. രണ്ടു കോളം വാ൪ത്തക്കുള്ളിലെ കുനുത്ത കറുത്ത അക്ഷരങ്ങളൊക്കെ കൊത്തിപ്പെറുക്കി മെല്ലെ തലയുയ൪ത്തിയപ്പോൾ മുന്നിൽ ഗോവിന്ദ൯കുട്ടി ചോദ്യമായി നില്‍ക്കുന്നു.

ഒന്നും മിണ്ടാതെ മമ്മത് ഗോവിന്ദ൯കുട്ടിയെ തന്നെ നോക്കി കുറച്ചുനേരം അതേ ഇരിപ്പിരുന്നു. പിന്നെ പതുക്കെ എണീറ്റ് പുറത്തേക്ക് നടക്കുമ്പോൾ ശബ്ദമില്ലാതെ പിറുപിറുത്തു.

“ഏതോ താക്കൂറാ…”

🟤


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.