സുഖനിദ്ര

ചെറുകഥ▪️ദിലീപ് രാധാകൃഷ്ണൻ

🟣
നല്ല തണുപ്പ് അരിച്ചരിച്ച് ശരീരം മൊത്തം ബാധിക്കുന്നു. ഒരു തരം കോച്ചുന്ന കുളിര്. പറഞ്ഞിട്ട് കാര്യമില്ല. എന്റെ ശരീരത്തോടൊട്ടി നല്ല തൂവെള്ള ഐസല്ലേ രൂപം കൊണ്ടിട്ടുള്ളത്. പിന്നെ എങ്ങിനെ?

ഒന്നു പുറത്തേക്കിറങ്ങാം എന്ന് കരുതിയാൽ അനങ്ങാൻ പോലും സാധിക്കുന്നില്ല. കാലിലെ രണ്ടു തള്ളവിരലുകളും കൂട്ടി കെട്ടിയ നിലയിലുമാണ്. അവയുടെ ഒട്ടി ചേർന്നുള്ള നിൽപ് കാണുമ്പോൾ ചിരി വരുന്നു. ഇതിനു മുമ്പൊരിക്കലും ഇങ്ങനെ ഒരുമിച്ച് കണ്ടിട്ടില്ല. നല്ല തമാശ!

ഈ തണുപ്പ് പിന്നേയും സഹിക്കാം. കാരണം നല്ല വെള്ളമുണ്ട് പുതപ്പിച്ചിട്ടുണ്ടല്ലോ. പക്ഷെ ഈ ഫ്രീസറിന്റെ മുരൾച്ച …. എന്തൊരു ബുദ്ധിമുട്ടിക്കലാണ്! ഇനി എത്രനേരം ഇത് സഹിക്കേണ്ടി വരുമാവോ!

അയ്യോ. ഞാൻ പറയാൻ മറന്നു ട്ടോ. ഞാനൊരു ‘ബോഡി’ ആണ്. ഇന്നലെ രാത്രി ആശുപത്രിയിൽ വച്ച് മരണപ്പെടുവോളം ഭാര്യക്ക് ഭർത്താവും മക്കൾക്ക് അച്ഛനും കുടുംബക്കാർക്ക് കേശുവേട്ടനും കേശു മാമയും ആയിരുന്നു. മറ്റു ചിലരാവട്ടെ കേശവൻ എന്നും കേശു എന്നുമൊക്കെയാണ് അഭിസംബോധന ചെയ്തിരുന്നത്.

നാലുദിവസം മുമ്പ് പാടത്ത് കിളച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ചെറിയ നെഞ്ചുവേദന. ഗ്യാസിന്റെ പ്രശ്നമാണെന്ന് കരുതി പണി തുടർന്നു. എന്നാൽ പതിയെ പതിയെ അത് കൂടുതലായപ്പോൾ പണി നിർത്തി വീട്ടിലേക്ക് നടന്നു.

“മാലിന്യേ … ഇത്തിരി വെള്ളം ….”

ഉമ്മറപ്പടിയിൽ പതുക്കെ ഇരുന്നുകൊണ്ട് ഭാര്യയോട് വിളിച്ചുപറഞ്ഞു.

“അല്ലാ.. ഇതെന്തേ പണി നിർത്തി പോന്നത്?”

“അതൊക്കെ പറയാം നീ ഇത്തിരി വെള്ളം എടുക്ക്…”

“വെള്ളം കുടിക്കാനാണോ ഇങ്ങോട്ട് പോന്നത് ? ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ കൊണ്ടുവരുമായിരുന്നല്ലോ ….”

“മാലിനീ … ചർച്ചയൊക്കെ പിന്നെ ആവാം.. ആദ്യം കുറച്ചു വെള്ളം ….”

“ഇതാ കൊണ്ടുവരുന്നു …. ധൃതി പിടിക്കാതെ …. എല്ലാത്തിനും ഞാൻ ഒരുത്തി തന്നെ വേണ്ടേ?”

മാലിനി പതിവ് പരിഭവം തുടങ്ങി…

വേദന കൂടുതലാകുന്നു. ആകെ വിയർക്കുന്നുമുണ്ട്. വെള്ളം കുടിക്കാൻ അടുക്കള വരെ ചെല്ലാൻ ത്രാണിയുമില്ല….

“ഇങ്ങനെ പോയാൽ പാടത്ത് പണി തീരില്ല.”

വെളള പാത്രം എനിക്ക് നേരെ നീട്ടി മാലിനി തുടർന്നു…

“നാട്ടിലെ എല്ലാവരുടെയും പാടത്ത് പണി തീർന്നു…. ഇവിടുത്തെ ഒന്നുമായിട്ടില്ല…. നിങ്ങൾക്കാണെങ്കിൽ എപ്പോഴും ഓരോ കാരണങ്ങളാണ്…”

മാലിനി ശപിക്കാൻ തുടങ്ങിയോ?

‘നിനക്ക് രണ്ടു മക്കളില്ലേ? പോത്തുപോലെ വളർന്നവർ ? അവരോട് പറയൂ പണി തീർക്കാൻ….’ എന്ന് പറയാതെ പറഞ്ഞ് വെള്ളമിറക്കാൻ ശ്രമിച്ചു.

“നിങ്ങൾക്ക് വയ്യെങ്കിൽ പണിക്കാരെ വിളിച്ച് അത് തീർക്കാ നല്ലത് … ഇനി അതിന് പൈസയില്ല എന്ന് മാത്രം പറയണ്ട….”

പിന്നെയും മാലിനി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. പക്ഷേ മുഴുവൻ കേൾക്കാൻ എനിക്ക് സാധിച്ചില്ല…. അതിനു മുമ്പേ തളർന്നു വീണു.

പിന്നെ കണ്ണു തുറന്നപ്പോൾ ആശുപത്രി കിടക്കയിലാണ്.

അരികിൽ നിന്നിരുന്ന നേഴ്സിനോട് പതിയെ ചോദിച്ചു.

“മാലിനി?”

“ഭാര്യയാണോ?”

“അതെ.”

“വിളിക്കാം.”

മാലിനി വന്നു.

“നിങ്ങൾക്ക് അസുഖം വരാൻ കണ്ട ഒരു സമയം…. പാടത്തെ പണി ഒക്കെ അവതാളത്തിലായി….”

“എവിടെ കുട്ടനും രാജുവും?”

“അവർ ഇവിടെയില്ല എന്ന് നിങ്ങൾക്കറിയാമല്ലോ…. കുട്ടൻ അവന്റെ കൂട്ടുകാർക്കൊപ്പം ഊട്ടി യാത്രയിലാണ്…. ഈ ട്രിപ്പ് പ്ലാൻ ചെയ്തത് അവൻറെ നേതൃത്വത്തിൽ ആണല്ലോ… അവിടെ നിന്നും തിരിയാൻ പറ്റില്ലത്രെ. അവൻറെ ഭാര്യ അന്ന് പോയതല്ലേ അവളുടെ വീട്ടിലേക്ക്?
പിന്നെ രാജുവിന്റെ ഭാര്യയുടെ താഴത്തേതിന്റെ കല്യാണമല്ലേ? അവന് അവിടെ തിരക്കാണ്. അവരുടെ വീട്ടിൽ വേറെ ഒരു ആൺതരി ഇല്ലല്ലോ…. അല്ല… ഇതൊക്കെ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണല്ലോ? പിന്നെ ഇപ്പോൾ എന്തിനാ ഈ ചോദ്യം?”

കണിശക്കാരിയാണ് മാലിനി. മക്കൾക്ക് തിരക്കും … വരട്ടെ പതുക്കെ ….

ഡിസ്ചാർജ് ആയി വീട്ടിലെത്തിയ ശേഷമാണ് ആ വിവരം അറിഞ്ഞത്…. ആശുപത്രി ബിൽ മക്കൾക്ക് പ്രശ്നമായിയത്രെ.
മക്കൾ തർക്കിച്ചു….

“നീ കൊടുക്ക്….”

“എൻറെ കയ്യിൽ പൈസ ഇല്ല. നീ തന്നെ കൊടുക്ക്….”

“കഴിഞ്ഞ തവണ ഞാനാണല്ലോ കൊടുത്തത്? ഇത്തവണ നീ തന്നെ കൊടുക്കണം….”

അവരുടെ ചർച്ചകൾക്ക് ചൂട് എറിയുമ്പോൾ മാലിനി ഇടപെട്ടു…. നെല്ലും തേങ്ങയും വിറ്റ് കിട്ടിയ പണം കുറച്ച് അവളുടെ കയ്യിൽ ഉണ്ടായിരുന്നു…. അതുകൊണ്ട് ബില്ലടച്ചു….

പണം എടുത്ത് മക്കൾക്ക് കൊടുത്തത് തെറ്റായി പോയി എന്ന് മാലിനി കുറ്റപ്പെടുത്തി….

‘മക്കൾ വന്ന് പണം ചോദിക്കുമ്പോൾ കയ്യിൽ പണം വച്ച് ഇല്ല എന്ന് എങ്ങനെ പറയും? കുട്ടന് കാറ് വാങ്ങിക്കാൻ…. രാജുവിനാകട്ടെ അവൻറെ ഭാര്യ വീട്ടിൽ നിന്നും ഭാഗത്തിൽ കിട്ടിയ സ്വത്തിൽ വീടുപണിയാൻ….’

‘രണ്ടു മക്കൾക്കും ജോലിയുണ്ട്. നല്ല ശമ്പളവും ഉണ്ട്. ഈ കിട്ടുന്ന ശമ്പളമൊക്കെ എന്ത് ചെയ്യുന്നു ആവോ? സമ്പാദിച്ച് കൂട്ടുകയാവും…. സാരമില്ല… അവരുടെ ഭാവി സുരക്ഷിതമാവുമല്ലോ.. രണ്ടുപേരുടെയും മക്കൾ വളർന്നുവരികയാണ്….’

“പാടത്ത് പണിമുടങ്ങി. ഉള്ള പൈസ എടുത്ത് ആശുപത്രിയിലും കൊടുത്തു….. ഇനിയിപ്പോൾ പണി എങ്ങനെ തീർക്കും ആവോ ? ഈശ്വരാ….”
മാലിനിയുടെ രോധനം.

എപ്പോൾ ആണ് ഞാൻ മരിച്ചതെന്ന് കൃത്യമായി അറിയില്ല. രാത്രി മാലിനി തന്ന പൊടിയരി കഞ്ഞി കുടിച്ചു. പിന്നീട് മരുന്ന് കഴിച്ചതും ഓർമ്മയുണ്ട്.

കിടക്കുന്നതിനു മുമ്പ് മക്കൾ എത്തിയിരുന്നു. കുട്ടൻറെ ഊട്ടി യാത്രയും രാജുവിന്റെ ഭാര്യവീട്ടിലെ വിവാഹവും വലിയ ചർച്ചകളായി മുഴങ്ങി കേട്ടു.

ഇടയ്ക്ക് വെച്ച് കുട്ടൻ പറയുന്നത് കേട്ടു….

“രാജു, നമുക്ക് അച്ഛന് വേണ്ടി ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതായിരിക്കും നല്ലത് …. ഇല്ലെങ്കിൽ അച്ഛൻറെ ഇനിയുള്ള ചികിത്സാ ചിലവുകൾ “പണി” തരും….”

‘ശരിയാണ് മക്കളെ…. കൗമാരപ്രായത്തിൽ സ്കൂളിൽ പഠിക്കാൻ പോകാതെ പാടത്തും പറമ്പിലും പണിയെടുത്തു കുടുംബം പോറ്റി…. പ്രായപൂർത്തിയായപ്പോൾ കല്യാണം കഴിച്ചു…. മക്കൾ ഉണ്ടായി…. എന്നെക്കൊണ്ട് കഴിയുന്ന പരമാവധി വിദ്യാഭ്യാസം നിങ്ങൾക്ക് തന്നു…. പിന്നീട് നിങ്ങൾ വിവാഹിതരായി…. ഇതൊക്കെ സംഭവിച്ചത് അച്ഛൻ “പണി”യെടുത്തത് കൊണ്ട് തന്നെയാണ്… അല്ലാതെ പണി കൊടുത്തിട്ടൊന്നും അച്ഛന് ശീലമില്ല….’

രാവിലെ ആയപ്പോഴേക്കും എന്നെ ഇന്നലെ രാത്രി കിടന്ന കട്ടിലിൽ നിന്നും ഈ ഫ്രീസറിലേക്ക് മാറ്റിയിരുന്നു…. നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ടായിരുന്നു…. അപ്പോഴാണ് മനസ്സിലാക്കിയത് ഞാൻ മരിച്ചു എന്ന്….

അത് ശരി! അതാണ് എൻറെ നാലു പുറവും ഇത്ര ആളുകൾ …..

നല്ല തമാശ! എൻറെ ചുറ്റും കൂടിയിരിക്കുന്ന പലരും ഇന്നലെ വരെ കണ്ട ഭാവം നടിക്കാത്തവരായിരുന്നു.

ആരോ മുറുമുറുത്തുകൊണ്ട് മൂക്ക് ചീറ്റി തേങ്ങുന്നുണ്ടല്ലോ…. ആരാ അത്? മാലിനിയാണ്.

“ഒരു ഇൻഷുറൻസ് എടുത്തിരുന്നെങ്കിൽ ഇപ്പോൾ കാര്യത്തിൽ പെടുമായിരുന്നു…”

‘ഓ… അതാണ് അവളുടെ പ്രശ്നം ….’

മക്കൾ എവിടെ ? ഒന്ന് തലതിരിച്ച് നോക്കുവാൻ പോലും എനിക്ക് ആവുന്നില്ല …

അവരുണ്ട് എൻറെ തലയ്ക്കൽ തന്നെ… ഏതോ കാര്യമായ ചർച്ചയിലാണ് രണ്ടുപേരും…. ഒന്നും വ്യക്തമായി കേൾക്കാനാവുന്നില്ല…. ഈ ഫ്രീസറിന്റെ നശിച്ച ഒരു മുരൾച്ച….

“ഞാൻ അന്നേ ഏട്ടനോട് പറഞ്ഞതാണ്. ഭാഗം വെക്കുന്നതിന്റെ കാര്യം അച്ഛനോട് സംസാരിക്കാൻ… അന്ന് ഏട്ടനാണ് പുറം തിരിഞ്ഞു നിന്നത്…”

“എടാ… അതിനു ഞാൻ കരുതിയോ അച്ഛൻ ഇത്ര പെട്ടെന്ന്…..”

“ഭാഗം നടത്തി കിട്ടിയിരുന്നെങ്കിൽ നമുക്ക് വല്ല ഉപകാരത്തിലും പെട്ടേനെ…. ഇതിപ്പോ അച്ഛൻ ഒറ്റ പോക്ക് അങ്ങ് പോയി….”

കുട്ടൻറെ വാക്കുകളിലെ രോഷവും നിരാശയും വ്യക്തമാകുന്നുണ്ട്….

‘മക്കളേ…. അച്ഛനും കരുതിയില്ലല്ലോ ഇത്ര പെട്ടെന്ന് മരിക്കുമെന്ന്….’

ഇതിനിടയിലൂടെ നാട്ടുകാർ ചിലരുടെ അഭിപ്രായ പ്രകടനങ്ങളും കേൾക്കാനാവുന്നുണ്ട് ….

“നല്ല മനുഷ്യനായിരുന്നു.”

പിന്നേ? സംശയമുണ്ടോ?”

“അസ്സല് പാടത്ത് പണിക്കാരനാണ് ട്ടോ…”

“കൂലിക്ക് കച്ചറ കൂടില്ല …. പിശുക്കൻ ആയിരുന്നെങ്കിലും ആ കാര്യത്തിൽ മാന്യനാ!”

“എന്താ ചെയ്യാ ? സമയമായാൽ പോവല്ലേ പറ്റൂ?”

മരിച്ച ശേഷമാണെങ്കിലും എന്നെ പറ്റി നല്ലത് പറഞ്ഞു കേൾക്കാൻ ഒരു സുഖമൊക്കെയുണ്ട്…. ചിരിയും വരുന്നുണ്ട് ട്ടോ…. പക്ഷേ ചിരിക്കാൻ പറ്റുന്നില്ല…. ചുണ്ടൊക്കെ മരവിച്ചിരിക്കുന്നു…. മാത്രമല്ല താടിയും തലയും കൂട്ടി കെട്ടിയിരിക്കുകയല്ലേ?

ജീവിച്ചിരിക്കുമ്പോൾ ഇതൊന്നുമായിരുന്നില്ല പലരുടെയും എന്നെ കുറിച്ചുള്ള അഭിപ്രായങ്ങൾ….

“മന്ദബുദ്ധി”

‘മാലിനി എന്നെ വിളിച്ചിരുന്ന പേരാ….’

“പ്രസിഡൻറ്!”

ഇത് മക്കളുടെ വക …. ശരിയാണ്…. മാലിനി ആയിരുന്നുവല്ലോ എന്നും കുടുംബത്തിലെ പ്രധാനമന്ത്രി.

നല്ല മനുഷ്യൻ ആയിരുന്നു എന്ന് അഭിപ്രായം പറഞ്ഞില്ലേ ഒരാൾ? അതാരാണെന്ന് അറിയാമോ? തൊട്ട വീട്ടിലെ രാഘവൻ…. ഇടയ്ക്ക് എപ്പോഴോ എൻറെ വേലിയരികിലെ തെങ്ങിൽ നിന്നും ഒരു പട്ട രാഘവന്റെ തൊഴുത്തിന്റെ മുകളിൽ വീണു…. അന്ന് ബഹളത്തിന് വരികയും തന്തയ്ക്ക് വിളിക്കുകയും ചെയ്ത ആളാ ഈ രാഘവൻ….

അല്ലാ…. ഇതാരാ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് ? പള്ളിയേലിലെ ഗോപ്യാരാണ്…. അയാളുടെ മുഖത്ത് ദുഃഖം അണപൊട്ടി ഒഴുകുന്നത് കണ്ടപ്പോൾ ചിരി വരുന്നു…. ഇയാളുടെ കഥ കേൾക്കണോ? പാടത്തെ വെള്ള തർക്കത്തിൽ എന്നെ തല്ലാൻ വന്ന ആളാ! അതും ന്യായം എൻറെ പക്ഷത്തായിട്ട് പോലും.

‘എന്താ ഗോപ്യാരേ.. അന്ന് എനിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാതെ വിട്ടതിൽ മനസ്താപം ഉണ്ടല്ലേ?’

തണുപ്പ് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയല്ലോ ….

‘എന്നെ ഒന്ന് പുറത്തേക്ക് എടുക്കാമോ?’

ആരും എനിക്ക് ചെവി തരുന്നില്ല ….

“ഇനി ആരെങ്കിലും വരാനുണ്ടോ?”

‘അതാരാ ? ഓ… മാലിനിയുടെ ചേട്ടൻ ശേഖരൻ …. പോവാൻ ധൃതി കാണും മൂപ്പർക്ക് …. സ്ഥലത്തെ പ്രധാന കോൺട്രാക്ടർ ആണ്.’

“ബോഡി എടുക്കാൻ പോവാ..”

രാജു ആരോടോ ഫോണിൽ പറയുന്നു ….

‘അച്ഛൻ ബോഡി ആയി അല്ലേ ? എന്താ കഥ ! എന്തെങ്കിലും ആവട്ടെ …. എന്നെ ഒന്ന് പെട്ടെന്ന് പുറത്തെടുക്ക്!’

ഇത്തവണ എൻറെ വാക്കുകൾ എല്ലാവരും കേട്ടു എന്ന് തോന്നുന്നു. മക്കളും മറ്റു ചിലരും ചേർന്ന് എന്നെ പൊക്കിയെടുത്തു….

ഇതുവരെ കാണാത്ത സ്നേഹം കണ്ണീരായും കരച്ചിലായും പലരിൽ നിന്നും പുറത്തോട്ട് ഒഴുകി….

അധികം താമസിച്ചില്ല… തെക്കേ തൊടിയിൽ എനിക്കായി പ്രത്യേകം തയ്യാറാക്കിയ പുതിയ റൂമിലേക്ക് മാറ്റി കിടത്തി…. പതിയെ ചുറ്റും ഇരുട്ട് പടർന്നു.

എനിക്കിപ്പോൾ ആരെയും കാണാനാകുന്നില്ല…. ആരുടെയും ശബ്ദം കേൾക്കാൻ ആകുന്നില്ല….

ഇനി എൻറെ ഉറക്കം ഒറ്റയ്ക്കാണ്…. ജനലുകളും വാതിലുകളും ഇല്ലാത്ത ഈ ഇരുട്ടുമുറിയിൽ….

മാലിനി ഇല്ല പരിഭവിക്കാൻ….

മക്കളില്ല ഇനി കയർക്കാൻ…..

എന്നാലും ഇരുട്ടിന്… ഈ നിശബ്ദതയ്ക്ക് ഒരു ആത്മാർത്ഥതയുണ്ട് എന്നോട് എന്ന് തോന്നുന്നു…. എന്നെ ഉപേക്ഷിക്കില്ല എന്ന് ഉറപ്പുണ്ട്….

അതിനാൽ ഞാൻ ഒന്നുകൂടി നിവർന്നു കിടക്കട്ടെ…. ഉറങ്ങട്ടെ ഇനി ഞാൻ…..

🟣

ദിലീപ് രാധാകൃഷ്ണൻ▪️ പാലക്കാട് ഒറ്റപ്പാലം സ്വദേശി. കഴിഞ്ഞ 20 വർഷത്തോളമായി ബെംഗളൂരു ജാലഹള്ളിക്കടുത്ത് അബ്ബിഗരെയിലാണ് താമസം. ഇടയ്ക്ക് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

 1. Baabu says

  A story of a man’s life and after life.
  Good one

  1. Dileep Radhakrishnan says

   Thank you for your valuable feedback.
   – Dileep Radhakrishnan

   1. Dileep Radhakrishnan says

    Thank you for your valuable feedback.

    – Dileep Radhakrishnan

 2. Vallapuzha Chandrasekharan says

  കുടുംബന്ധങ്ങളിൽ കാണാതെ പോകുന്ന ചൂഷണങ്ങളുടെ തുറന്നു പറച്ചിൽ . ശവമാകുമ്പോൾ ധൈര്യപൂർവ്വം പ്രതികരിക്കാമല്ലൊ.
  ആശംസകൾ

  1. Dileep Radhakrishnan says

   Thank you for your valuable feedback.

   – Dileep Radhakrishnan

 3. Dileep Radhakrishnan says

  A small attempt to narrate the value of a father in today’s micro family. People praise Mother & she deserves it. But father is someone who pull & push the family & later pushed aside by the family. This may not be in every one’s case, but there are father’s like Keshavan whose value would reduce to zero once family is well settled by his hard work.

 4. Gopalakrishna Pillai says

  Really good……

Leave A Reply

Your email address will not be published.