വിഎസ്@100; മലയാളത്തിൻ്റെ വിപ്ലവ സൂര്യൻ നൂറിൻ്റെ നിറവിൽ

കേരളത്തിൻ്റെ പ്രിയപ്പെട്ട വിപ്ലവനേതാവ് വിഎസ് അച്യുതാനന്ദൻ ഇന്ന് നൂറിലേക്ക് കടക്കുന്നു. വിഎസ് എന്ന, വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന സമരപോരാട്ട മാതൃകയ്ക്ക് ആദരവോടെ പിറന്നാൾ ആശംസകൾ നേരുകയാണ് ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നുള്ള മലയാളി സമൂഹം. കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പേ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം നാലു തലമുറകളെയാണ് പ്രചോദിതമാക്കിയത്.
ആലപ്പുഴയിൽ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി 1923-ലാണ് അച്യുതാനന്ദന്റെ ജനനം. വളരെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം തനിയ്ക്ക് 11 വയസ് മാത്രമുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കുവാൻ നിർബന്ധിതനായി. അവനവനെ തന്നെ സഹായിക്കേണ്ടതുണ്ടായതുകൊണ്ട് ഒരു തയ്യൽ കടയിൽ അദ്ദേഹത്തിന്റെ സഹോദരനോടൊപ്പം തൊഴിൽ ചെയ്യാനാരംഭിക്കുകയും പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുകയും ചെയ്തു. ട്രെയ്ഡ് യൂണിയനിൽ സജീവാംഗമായിരുന്ന അച്യുതാനന്ദൻ അത് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള വേദിയാക്കുകയും ചെയ്തു.
ബാല്യകാലം മുതലേ ചിട്ടയായ ജീവിതരീതിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ് അച്യുതാനന്ദൻ. അഴിമതിയ്ക്കെതിരെ എന്നും അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. തന്റെ സമർപ്പണത്തിനും ലാളിത്യത്തിനും അദ്ദേഹം അറിയപ്പെടുന്നു. കർഷകർക്കും അവരുടെ ഭൂമിയ്ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ എന്നും മുൻ നിരയിൽ തന്നെ നിന്നിരുന്ന അച്യുതാനന്ദൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും തൽഫലമായി 1946-ൽ ജയിലിൽ പോകുകയും ചെയ്തിട്ടുണ്ട്.
1952ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ഡിവിഷണല്‍ സെക്രട്ടറി, 1956ല്‍ ജില്ലാ സെക്രട്ടറി, 1959ല്‍ ദേശീയ കൗണ്‍സില്‍ അംഗം, അങ്ങനെ വിഎസിലെ കമ്യൂണിസ്റ്റിനൊപ്പം പദവികളും വളര്‍ന്നു. 1964ല്‍ സിപിഐ പിളര്‍ന്ന് സിപിഐഎം രൂപം കൊണ്ടപ്പോള്‍, പുതിയ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായി വിഎസ് മാറി.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യുറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും നിറഞ്ഞു നിന്ന വിഎസിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ ആക്ഷേപങ്ങളും അച്ചടക്കനടപടിയും പല തവണ ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും ഒരുകാലത്തും പാര്‍ട്ടി വിട്ട് പുറത്തുപോകാന്‍ വിഎസ് ആലോചിച്ചില്ല. ഇത് താന്‍ കൂടി ജീവിതം കൊടുത്ത് ഉണ്ടാക്കിടെയുത്ത പാര്‍ട്ടിയാണെന്ന ബോധ്യം വിഎസ്സിനുണ്ടായിരുന്നു പാര്‍ട്ടിയ്ക്കു പുറത്തെ എതിരാളികളെ നേരിടുന്നതിനെക്കാള്‍ കണിശതയോടെ പാര്‍ട്ടിയ്ക്കുള്ളിലും അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ വി എസ് ആയിരുന്നു ഇടതിന്റെ മുഖമായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിഷ്കാര ചെയർമാന്റെ ചുമതലയായിരുന്നു വി എസിന്. പിന്നീടാണ് വി എസിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതും പൂർണവിശ്രമത്തിലേക്ക് കടക്കുന്നതും. 99-ാം വയസില്‍ കോവിഡിനേയും മറികടന്നാണ് വിഎസ് നൂറിന്റെ കരുത്തിലേക്ക് എത്തുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ 100-ാം പിറന്നാളിന് കാര്യമായ ആഘോഷങ്ങളില്ല. ജീവിതസായാഹ്നത്തിൽ തിരുവനന്തപുരം ലോ കോളേജിനടുത്തുള്ള വീട്ടിൽ ഭാര്യ വസുമതിക്കും മകൻ അരുൺകുമാറിനുമൊപ്പമാണ് വിഎസ് താമസിക്കുന്നത്.
പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
വി എസ് എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പമാണ് നിന്നതെന്നും ചൂഷണത്തിനെതിരെ നിലകൊണ്ടുവെന്നും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.
ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.
1940 ൽ 17-ാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വി എസ് പിന്നീട് സി പി ഐ എം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സി പി ഐ (എം) രൂപീകരിച്ച 32 പേരിൽ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയർന്നു.
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയർത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നൽകുന്നതിനും തന്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു. പുന്നപ്ര വയലാർ സമര ഘട്ടത്തിൽ തന്നെ ശ്രദ്ധേയനായിരുന്നു വി എസ് എന്നു നമുക്കറിയാം. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിർത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളിൽ ആ സമരോത്സുകത പടർന്നു.
തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി എസിന് പിറന്നാൾ ആശംസകൾ നേരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.