Home page lead banner

ഒരിക്കൽ ഒരിടത്ത്

Post ad banner after image

 

നോവല്‍ ആരംഭം

ബ്രിജി. കെ ടി
▪️ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. വിവിധ പ്രസാധകർ പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്‌. 2020 ലെ വുമൻ അച്ചിവേഴ്സ്‌ അവാർഡ്‌ അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മുന്‍കുറിപ്പ്
▪️ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരെങ്കിലുമായി സാമ്യമുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രമാണ്.

 

‘ഹൈവെ സ്റ്റോപ്പിന്റെ ‘ പാതയോരത്ത് നാട്ടിയ വഴികാട്ടിയുടെ മഞ്ഞ നിറത്തില്‍ ആരോ ഒട്ടിച്ചു വെച്ച സിനിമാ പോസ്റ്ററിലെ മുറിവേറ്റ ഹൃദയത്തില്‍ നിന്നും പിരിയുന്ന മൂന്നു കറുത്ത കൂരമ്പുകള്‍.
ഇടത്തോട്ട്, വലത്തോട്ട്, പിന്നെ നേരെ. ഇടത്തോട്ട് സര്‍വീസ് റോഡ് തിരിയുന്നത് ചിത്ത രോഗാശുപത്രി. വലത്തോട്ട് മായയുടെ കോളേജ്..,നേരെ നെടുനീളത്തില്‍ ദേശീയ പാത….അനന്തതയിലേക്ക്..!

മായ ചുറ്റും നോക്കി. വഴികാട്ടിയുടെ പുറത്ത് സ്ഥിരമായി വന്നിരിക്കാറുള്ള കാക്കയെ കണ്ടില്ല. വഴികാട്ടിയിലെ സ്ഥലപ്പേരുകളിലൊക്കെ കാക്ക കാഷ്ടം ഒലിച്ചിറങ്ങി, വികൃതമായ അക്ഷരങ്ങള്‍ നിത്യ പരിചയമുള്ളവര്‍ക്ക് മാത്രമേ വായിച്ചെടുക്കാന്‍ കഴിയൂ.
കഷ്ടായിപ്പോയി അച്ഛാ. ആ ഒറ്റക്കാക്കയെ കണ്ടില്ലല്ലോ. ചത്ത്വൊ അശ്രീകരം. അതോ വല്ലോട്ത്തും ബലി കൊത്താന്‍ പോയോ.
അതിനെ എപ്പൊ കണ്ടാലും ആട്ടിയോടിക്കാറല്ലെ പതിവ്. എന്നിട്ടിപ്പോ..?
നമ്പൂതിരി ചിരിച്ചു.
ഇന്നു അവസാന ദിവസായിരുന്നില്യേ..എനി.., റിസല്‍ട്ടൊക്കെ വന്നിട്ടല്ലേ വരൂ ഞാന്‍?
മായക്ക് സങ്കടായി.
കണ്ണെടുത്ത് കണ്ടുകൂടാ അതിനെ. അതിന്റെ തുറന്ന വായും, ചാഞ്ഞും ചരിഞ്ഞുമുള്ള നോട്ടവും .. എന്നാലും നിത്യവും കണ്ട് കണ്ട് അതിന്റെ സാന്നിദ്ധ്യം ജീവിതത്തിന്റെ ഒരു ഭാഗമായി.
ഇവടന്നന്യാ വിഷ്ണുവിന്റെ മേലില്ലത്തേക്കുള്ള ബസ് കിട്ടണതും. അപ്പൊ എപ്പഴും കാണാലോ ഈ കാക്ക ശ്രേഷ്ഠനെ.
മായയുടെ മുഖം ചുവന്നു.
ഒന്നു പോ അച്ഛാ.
ദാ നമ്മുടെ ബസ്സ് വന്നൂട്ടോ.
പടിക്കല്‍ തന്നെ അമ്മ കാവല്‍ ഉണ്ടായിരുന്നു. അമ്മയുടെ നിറഞ്ഞചിരിയും.
മായ മുഖം വീര്‍പ്പിച്ചു.
ന്താ…ത്ര ചിരിക്കാന്‍.? മായക്ക് ദേഷ്യം വന്നു.
വിശക്ക്ണൂ നിക്കേയ്..ഇവടെ വന്നു നിക്കാണ്…..
അവര്‍ പൊട്ടിച്ചിരിച്ചു.
കഴിഞ്ഞൂലോ…ഈ കെട്ടിയൊരുങ്ങലും,പോക്കും. എനി, ന്റെ കുട്ടി …കുറച്ചു അടുക്കളപ്പണീം ..ഒക്കെ അങ്ങട് പഠിക്ക്യാ.
ന്തിനാ?..ദേഹണ്ണത്തിനാ..? തടിച്ചിപ്പെണ്ണിന്റെ അസൂയ..
മായ കൊഞ്ചി അമ്മയുടെ അടുത്തേക്കാഞ്ഞു.

പോ…അങ്ങട് …അസ്സത്ത്,ന്നെ തൊടണ്ടേയ്..കുളിക്കാണ്ടേ..
മായ പുസ്തകം അമ്മയുടെ അടുത്തേക്ക് ഇട്ട് ഓടിപ്പോയി.

അച്ഛന്റെ ശബ്ദം പതിവിലധികം ഉയര്‍ന്ന് കേട്ടപ്പോള്‍ മായ അടുക്കളപ്പുറത്തേക്ക് ഓടിച്ചെന്നു.
മായയെ കണ്ടപ്പോള്‍ അച്ഛന്‍ ശബ്ദം താഴ്ത്തി.
അമ്മയുമുണ്ട്. നങ്ങേലി അടുക്കള മുറ്റത്ത് തൂണു മറഞ്ഞു നില്ക്കുനുണ്ട്…
ഇല്ലത്ത് അകത്തും, പുറത്തും, നിഴല്‍ പോലെ മാറിമറയുന്ന ജോലിക്കാരിയാണു നങ്ങേലി.
എന്നാലും അഛന്റെ നേരെ നില്ക്കില്ല. വല്ലതും നിഷ്‌കര്‍ഷിച്ചു ചോദിച്ചാല്‍ മാത്രം തല താഴ്തി നിന്നുകൊണ്ട് ഉത്തരം പറയും.
അട്യേന്‍ കേട്ടത് പറഞ്ഞൂന്നേ ള്ളൂ.. നി….പിന്നീടറീമ്പോ..
മതി…മതി.. നിര്‍ത്വാ.. വേളിക്കിനി ശ്ശി ഒന്നൂല്യാത്തപ്പഴാ ങനത്തെ ഓരോന്ന് എഴിന്നള്ളിക്കണെ.!
ആരും പിന്നീടൊന്നും മിണ്ടിയില്ല.
അച്ഛന്‍ ആയാസപ്പെട്ട് ഒരു ദീര്‍ഘ നിശ്വാസത്തില്‍,..ആശങ്കയുടെ ഭാരം തൂങ്ങി.
പെട്ടന്നു മായ ഇടപെട്ടു.
എന്താ…നങ്ങേലീ ..ഇവടെ..പ്പൊ ഇത്ര മേളം.? നങ്ങെലീടെ കോലു നാരായണനെ കണ്ടു കിട്ടീന്നാ?
കല്യാണം കഴിഞ്ഞ അന്നു തന്നെ നങ്ങേലിയെ പിരിഞ്ഞു പോയതാണത്രെ ഭര്‍ത്താവ്. താലി ചാര്‍ത്തുമ്പൊ കഷ്ടിച്ചൊരു നോക്കു കണ്ടു. എന്നാലും നങ്ങേലിയുടെ മനസ്സില്‍ കൊത്തിവെച്ച ആ രൂപം,…പേരു പോലും അറിയാത്ത ഭര്‍ത്തവിന്റെ മുഖം ഒരിക്കലും മാഞ്ഞില്ല.
കോലു നരായണന്‍ വന്ന്വോ ന്നാ ചോദിച്ചേ. മായ കളിയാക്കി.
സാധാരണ നങ്ങേലി ശുണ്ഠിയെടുക്കാറാണു പതിവ്.
കോലും വടീം ഒന്ന്വല്ല. സാമൂതിരി രാജാവിന്റെ കുതിരക്കാരുടെ പോലെ നല്ല തണ്ടും ,തടീം…
മായ ചിരിച്ചാല്‍ നല്ല ചീത്തയും പറയാറുണ്ട്.
പക്ഷെ ഇത്തവണ മായയെ വെറുതെ ഒന്നു നോക്കിയിട്ട് നങ്ങേലി പിന്‍ വാങ്ങി.
മായക്ക് ഒന്നും മനസ്സിലായില്ല. എന്തൊ പ്രധാനപ്പെട്ട കാര്യമാണു.
മായ തുള്ളിച്ചാടി അച്ഛന്റെ അടുത്ത് ചെന്നിരുന്നു. വലിച്ചു കെട്ടിയ ഞാണ്‍ ഒന്നയക്കാനായി മായ ശ്രമിച്ചു.
എന്താ തിരുമേനി പ്രശ്‌നം .? വിഷ്ണു എന്നെ വേണ്ടാന്നു പറഞ്ഞോ ?!
അച്ഛന്‍ ചിരിക്കാന്‍ ശ്രമിച്ചു. അമ്മ കയര്‍ത്തു.
പ്പഴും…കുട്ടി ക്ക ളീന്നാ വിചാരം. കുട്ട്യേ.. പ്പൊ, വ് ടെ ആരും…വിളിച്ചില്യാ. മുതിര്‍ന്നോരുണ്ട് ഇവടെ.
പേരു ചൊല്ലി വിളിക്കണ കണ്ടില്ലേ.
മായ അമ്മയെ കൊഞ്ഞനം കുത്തി എഴുന്നേറ്റു പോയി.
നമ്പൂതിരി ഇടനാഴിയിലൂടെ നടന്നകലുന്ന മകളെ നോക്കി. സ്‌നേഹത്തോടെ. ഒട്ടൊരു ആവലാതിയോടും..
തുടച്ചു മിനുക്കിയ വരാന്തകളും ഇടനാഴികളും ഉണ്ണിക്കാലുകളുടെ ചളി പുരളാതെ മിനുക്കിയ പാടെ മരവിച്ചു കിടന്നിരുന്നു. ഏറെ വര്‍ഷങ്ങള്‍.!
അപ്പോഴാണു മായയുടെ വരവ്.
വയറു കാണാന്‍ വന്നവരുടെയൊക്കെ പ്രവചനങ്ങളൊക്കെ തെറ്റിച്ചു കൊണ്ട് പിറന്ന കുട്ടി പെണ്ണായപ്പോള്‍ ഒരു ചെറിയ നിരാശ ഇല്ലാതിരുന്നില്ല.
മായ ഏറെക്കുറെ ഒരു ആണ്‍കുട്ടിയെപ്പോലെയാണു വളര്‍ന്നത്. ക്രോപ്പ് വെട്ടിയ മുടിയും പിറക്കുന്നതിനു മുമ്പേ വാങ്ങി വെച്ചിരുന്ന നിക്കറും ഷര്‍ട്ടുമൊക്കെയിട്ട ഒരു കുസൃതി.
മുത്തശ്ശനും അഫനും ഒക്കെ ശുണ്ഠിയെടുക്കും.
ന്താ …ദ് വേഷം? മുടി വളര്‍ത്തി ,കാലിലു് പാദസരൊക്കെ ഇട്ട് ഓടി നടക്കണ കുട്ടീടെ ചന്തം ണ്ടോ ടോ ഈ വേഷത്തിനൊക്കെ ?
ഇതിപ്പൊ.. കണ്ടോ..അവള്‍ക്ക് ചേഷ്ടേം ഉണ്ണികളുടെ പോലെത്തന്യാ…നിശ്ശം ണ്ടോ..?
നിക്കറും ഷര്‍ട്ടും കുട്ടിമുണ്ടിലേക്കും ഉടുപ്പിലേക്കും വഴിമാറി.
ആ കൊച്ചടികള്‍ ഇടനാഴിയില്‍ ,നല്ല ചുറുചുറുക്കോടെ താളമുയര്‍ത്തി. കാലിലെ പാദസരങ്ങളും, അരഞ്ഞാണത്തിലെ പൊന്മണികളും തോരാതെ കൊഞ്ചുന്ന നാവും, ഒരിക്കലും അടങ്ങിയിരിക്കാത്ത ഒരു കിലുക്കാം പെട്ടി.
ഭയങ്കര വികൃതിയായ മായയെ എല്ലാവരും മായക്കുട്ടാന്നേ വിളിക്കൂ..
ഉത്സവങ്ങള്‍ക്കും,വിശേഷങ്ങള്‍ക്കും, എല്ലാവരും ഒത്തു കൂടുമ്പോള്‍ രസത്തിന്റെ കേന്ദ്രബിന്ദുവാണു മായക്കുട്ടന്‍.
ഇതാ മുത്തച്ഛന്‍ കളിയാക്ക്ണുണ്ടു ട്ടൊ. പെങ്കുട്ട്യോളു് കാളക്കുട്ടികളുടെ പോലെ മദിച്ചു കളിക്ക്വോന്ന്. !
വലുതാവുമ്പൊ വേളി കഴിക്കുമ്പൊ എന്താ ചെയ്യാന്ന്?
എന്നു വെച്ചാലെന്താ അച്ഛാ. മായ ചിണുങ്ങി.
ചാരുകസേരയില്‍ കിടന്നു മുത്തഛന്‍ പൊട്ടിച്ചിരിച്ചു.
അതേയ്…ന്റെ കാളക്കുട്ടന്‍ വലുതാവുമ്പൊ, ആ മൂക്കു കുത്തി ഒരു മൂക്കയറിട്ട് വേറൊരില്ലത്തേക്ക് കൊണ്ടുപോവും..ന്നാ പറഞ്ഞെ.
മൂക്ക് കുത്ത്യാ കുട്ടനു വേദന്യാവില്ലേ.ഈ മുത്തശ്ശനെ നിയ്ക്ക് ഒട്ടും ഇഷ്ട്ംല്യാലോ.
അമ്മൂ..ങട് പോരൂ.
മുത്തച്ഛന്‍ പിന്നേയും പൊട്ടിച്ചിരിച്ചു.
ന്നെ കൊണ്ടു പോവോ അച്ഛാ..
ഹേയ് അതൊക്കെ അഛന്‍ വെറുതെ പറയ്യല്ലേ.ന്റെ പൊന്നിനെ അഛന്‍ ആര്‍ക്കും കൊടുക്കില്യാ ട്ടൊ.
സമപ്രായക്കാരായ കളിക്കൂട്ടുകാരില്ലാതെ ,മായ എന്നും ഒറ്റക്ക് കളിച്ചു.
ഓണത്തുമ്പികളോടും, ചിത്രശലഭങ്ങളോടും ഒറ്റക്ക് നടന്നു വര്‍ത്തമാനം പറയുന്ന മായക്കുട്ടി ആ വലിയ ഇല്ലത്തും പറമ്പിലും ഒറ്റപ്പെട്ടു.!
വിശേഷദിവസങ്ങളില്‍ മാത്രം നിറഞ്ഞു കവിയുന്ന ഇടനാഴികളും മച്ചും,അറകളും മിക്കവാറും ഒഴിഞ്ഞു കിടക്കും.
ശൂന്യതയും, നിശ്ശബ്ദതയും അടക്കം പറഞ്ഞു ഒളിച്ചുകളിക്കുന്നതിനിടയില്‍ ഒറ്റക്ക് സംസാരിച്ചലയുന്ന മായ ചിലപ്പോള്‍ ,സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനിയില്‍ ഞെട്ടിവിറക്കും. വിടാതെ പിന്തുടരുന്ന നിഴലിനെ മായക്ക് പേടിയാണ്.!
ഉച്ചക്ക് അമ്മയ്ക്ക് ഒന്നു മയങ്ങണം. നങ്ങേലിക്കും.
നങ്ങേലി വഴക്ക് പറയും.
ഈ കുഞ്ഞാത്താല് ഒന്നു കെടത്തില്യാലോ ഭഗവാനേ..കുട്ടിക്ക് ഒരിത്തിരി നേരം ഒന്നൊറങ്ങിക്കൂടേ.
പിന്നെ മായക്കുട്ടന്‍ ഒറ്റക്ക് തളത്തിലിരുന്നു കവടി എറിഞ്ഞു കളിക്കും.
ഉച്ചച്ചൂടില്‍ മയങ്ങി നില്ക്കുന്ന നിശ്ശബ്ദത. മേലോട്ടെറിയുന്ന കവടികള്‍ തളത്തിലെ കണ്ണാടി നിലത്ത് വീണു ചിതറുന്നത് കേട്ട് മായ ഞെട്ടി..,കാതോര്‍ത്തു.
എന്തോ അടക്കം പറയുന്ന വൃക്ഷ ങളുടെ ഇടയിലൂടെ ഒളിച്ചെത്തുന്ന കാറ്റ്, തൊടിയിലെ വലിയ മുളം കാട്ടില്‍ ഉടക്കി വലിക്കുമ്പോള്‍ ,നീളമുള്ള ഇല്ലിമുളകള്‍ കൂട്ടിയുരഞ്ഞു ഉണ്ടാവുന്ന ശബ്ദം ഒരു ഭീകരജന്തുവിന്റെ അമര്‍ച്ച പോലെ. മായ ഭയന്നു വിറച്ചു.
അയ്യോ…അതെന്താ..
തെയ്യത്തിന്റെ പ്രേതം ഉച്ചക്കുറങ്ങാത്ത കുട്ടികളെ പിടിക്കാന്‍ വരണതാവ്വോ…നങ്ങേലി പറഞ്ഞതല്ലെ..ശുദ്ധല്യാണ്ടെ ..തെയ്യം കെട്ടീപ്പൊ പന്തത്തീന്നു തീ പടര്‍ന്നു വെന്തു മരിച്ച തെയ്യത്തിന്റെ പ്രേതത്തെ ഈ മുളം കാട്ടിലാണു ബന്ധിച്ച്ത്ന്ന് നങ്ങേലി പറഞ്ഞതാണ്.
കുട്ടി ഉച്ചക്ക് ഉറങ്ങണം ട്ടൊ. എണീറ്റ് നടന്നാല്‍ തെയ്യം വന്നു പിടിച്ചു കൊണ്ട്വ്വോവും.
വെന്തു മരിച്ചാ എങ്ങന്യാ വ രാ?
അതൊക്കെ വരും..ബന്ധിച്ച കെട്ട് പൊട്ടിച്ചങ്ങ്ട് വരും.
ശ് ……അതെ. അത് വെന്തു മരിച്ച തെയ്യത്തിന്റെ അമര്‍ച്ച തന്നെ.
വായില്‍ നിറച്ച എന്തോ ഒരൂട്ടം കയ്യിലിരിക്കണ പന്തത്തിലേക്ക് നീട്ടി തുപ്പി തിയ്യാളിക്കുന്ന തെയ്യത്തിനെ അല്ലെങ്കില്‍ തന്നെ മായക്ക് പേട്യാണ് 
അയ്യോ…. ! കവടികള്‍ അവിടെ എറിഞ്ഞു ഓടിയ മായ കണ്ടു. തന്റെ പിന്നാലെ ആരോ..
പെട്ടന്നു തെക്കിനിയിലെ അറയുടെ ഇരുട്ടില്‍ ആരോ പതുങ്ങിയില്ലേ?
അമ്മേ…
മായ അതിവേഗം ഇടനാഴിയിലൂടെ ഓടി .ഓടിച്ചെന്നു അമ്മയുടെ മേല്‍ ചാടിക്കയറിയതും,ഞെട്ടിയുണര്‍ന്ന അമ്മ ഒറ്റ അടി വെച്ചു കൊടുത്തതും ഒപ്പം കഴിഞ്ഞു.
ദേവീ…. പേടിച്ചു പോയീലോ..
നങ്ങേല്യേ…ആ നങ്ങേലി എവടെ . കെടന്നു കൂര്‍ക്കം വലിക്കാ ണ്ടെ ഈ കുട്ട്യേ അങ്ങട് ഒന്നു കൊണ്ടോവൂ . ഒന്ന് കണ്ണടക്കണം ..നിയ്ക്ക്.
മായക്കുട്ടന്റെ ശല്യം സഹിക്ക വയ്യാതായപ്പോള്‍, അച്ഛന്റെ സ്‌കൂളില്‍ തന്നെ ചേര്‍ത്തു.
ഒന്നു രണ്ട് വയസ്സ് ഇളപ്പമാണു.
ഒന്നാം ക്‌ളാസ്സിലു രണ്ടു തവണ ഇരുത്തിയാല്‍ മതീലോ.
സ്‌കൂളില്‍ ഹെഡ്മാസ്റ്ററായ അച്ഛന്റെ മെക്കട്ട് കേറാന്‍ പോവരുത് ട്ടൊ..കുട്ടി.
ഉച്ചക്ക് ഊണു കഴിക്കുമ്പൊ മാത്രം കാണാം അച്ഛനെ.പക്ഷെ മിക്കവാറും വേറെ ഏതെങ്കിലും മാഷോ, ടിച്ചറോ ഉണ്ടാവും ഉണ്ണാന്‍.
എപ്പോഴും ഇല്ലത്ത് നിന്നു കൊടുത്തയക്കുന്ന ഊണു ഒന്നു രണ്ടാള്‍ക്ക് ഏറെയുണ്ടാവും..
കുട്ടന്റെ തലയിലേറ്റിയ വല്ലിക്കുട്ടയില്‍ നീളത്തില്‍ ചുരുട്ടിയ വാഴയിലയുടെ ഉള്ളില്‍ ഇളം മഞ്ഞ നിറമു കിളുന്തില മായക്കുള്ളതാണു.
ഭരണിയിലെ കാളനും, ഇലക്കീറിലെ വാഴയ്ക്ക മെഴുക്കുപുരട്ടിയും,ഉപ്പിലിട്ടതും,കൂടെ വലിയ പൊള്ളമുള്ള പപ്പടം പാട്ടയിലടച്ചു അതും അമ്മ കൊടുത്തയക്കും.
വേഗം നടക്കുന്ന കുട്ടന്റെ പിന്നാലെ..പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന നങ്ങേലി മായക്ക് ചോറുരുട്ടി,ചെറിയ ഉരുളകളാക്കി ഇലയുടെ തുമ്പത്ത് വെച്ച്, കഥ പറയാനാണു വരുന്നത്.!
ഇഴഞ്ഞിഴഞ്ഞുവരുന്ന പാമ്പ്, കിളിമുട്ട ഓരോന്നോരോന്നായി വിഴുങ്ങുന്നതോടെ മായ്ക്കുട്ടിയുടെ വയറു നിറയും. ,പിന്നെ ചുക്കു വെള്ളവും കുടിപ്പിച്ച് വായ കൊപ്ലിച്ച് തുടച്ച് നങ്ങേലി പറയും.
അട്യേന്‍ പോട്ടെ.
പക്ഷെ മായക്ക് നങ്ങേലിയോട് ഒരു രഹസ്യം പറയാനുണ്ട്. സ്‌കൂളിന്റെ നീണ്ട വരാന്തയില്‍ നിരന്നിരുന്നു ഉപ്പുമാവും,പാലും കഴിക്കുന്ന കുട്ടികളെ ചൂണ്ടി മായ നങ്ങേലിയുടെ ചെവിയില്‍ പറഞ്ഞു.
നിയ്ക്കും അതേ പോലെ കിണ്ണത്തില്‍ അവരു കഴിക്കുന്നത് വേണം.!
ശിവ ..ശിവ..നങ്ങേലി പൊട്ടിച്ചിരിച്ചു.
അയ്യേ..അതൊന്നും ആത്തോലിനു പാടില്യാ.
ന്താ…പാടില്യാണ്ടെ. നിയ്ക്ക് വേണെംങ്കിലോ…മായയുടെ മുഖം വാടി.
അതേയ്..ആ കുശിനിക്കാരി ശാരദേണ്ട്‌ല്ലൊ…ഉപ്പ് മാവ് ണ്ടാക്കുമ്പൊ..മൂക്കു പിഴിഞ്ഞു,…തുമ്മി, അശ്രീകരം…
നങ്ങേലി നൊണ പറയണ്ടാ ട്ടൊ…
നല്ല വാസനയുള്ള ആ ഉപ്പുമാവിന്റെ കൊതി നിരന്നിരുന്നു ഉണ്ണുന്ന കുട്ടികളുടെ കിണ്ണത്തില്‍ തന്നെ കുഴഞ്ഞു കിടന്നു.
കൂടെ കൂട്ടാന്‍ അനുവാദമില്ലാത്ത കൂട്ടുകാരുടെ ഇടയില്‍ മായ എപ്പോഴും ഒറ്റപ്പെട്ടു. കൂട്ടിനു നങ്ങേലി മാത്രം.
എന്നിട്ട് രാത്രിയാവുമ്പൊ ഭയങ്കര പേടിയാണു നിശ്ശംണ്ടൊ മായക്ക്.
പേടില്യാണ്ടിരിക്ക്യോ ? എപ്പോ നോക്യാലും ആ നങ്ങേലീടെ വാലുമ്മലിണ്ടാവും. പ്രേതോം, യക്ഷീം, ഗന്ധര്‍വ്വന്മാരും,…ലോകത്തിലില്ലാത്ത നൊണക്കഥകളൊക്കെ പറഞ്ഞു കൊടുക്കും. ആ ശേഠയെ ക്കൊണ്ടു പൊറുതി മുട്ടി.
രാത്രി അച്ഛനെ കെട്ടിപ്പിടിച്ച് കിടക്കുന്ന മായക്കുട്ടിയെ അച്ഛന്‍ ഉപദേശിക്കും.
ഭീരുക്കളൊക്കെ ഒരുപാട് പ്രാവശ്യം മരിക്കും. ധീരനു ഒറ്റ മരണം.
പ്രേതോം, ഗന്ധര്‍വ്വന്മാരുമൊക്കെ വെറും കെട്ടുകഥകളല്ലെ. പണ്ടുമുതല്‌ക്കേ ഓരോരുത്തരുടെ ഭാവനക്കനുസൃതമായി ഉണ്ടായവരാണവരൊക്കെ. കഥ പറയുന്നവരുടേയും,കേള്‍ക്കുന്നവരുടെയും സങ്കല്പ്പങ്ങള്‍ക്കനുസരിച്ചു ജീവിച്ചു പോരുന്നവ.
ഇതൊന്നും ആരും കണ്ടിട്ടു പോലുമില്ല. കാണാത്തതിനെ ക്കുറിച്ചോര്‍ത്ത് ആരെങ്കിലും പേടിക്ക്യോ.
കാണാത്തതൊന്ന്വല്ല.. നങ്ങേലി കണ്ടിട്ടുണ്ടത്രെ…
നങ്ങേലിയെപ്പോലുള്ളവര്‍ക്കെ ഇങ്ങനത്തതൊക്കെ കാണൂ.
ആട്ടെ. മലയാന്‍ കുന്നിലെ പ്രേതത്തെ നേരിട്ട് കാണീച്ചു തന്നതല്ലേ കുട്ടിക്ക്..?
അതൊന്നു മാത്രം ല്ലേ.
അതൊന്നുകൊണ്ടു മാത്രം എല്ലാം കെട്ടുകഥയാണു എന്നു മനസ്സിലാക്കാന്‍ യുക്തി ഉപയോഗിക്കണം. എത്ര നാളാ…ന്റെ കുട്ടി മലയാന്‍ കുന്നിലെ ഭൂതത്തെ പേടിച്ചു ജീവിച്ചത്.
അര്‍ദ്ധരാത്രി മണിയും കിലുക്കി, മലയാന്‍ കുന്നിറങ്ങി വരുന്ന ചുടലഭൂതത്തെ പറ്റി ക്‌ളാസ്സിലെ ലക്ഷ്മികുട്ട്യാ പറഞ്ഞത്.
പണ്ട് പണ്ടാരങ്ങളെ ദഹിപ്പിച്ചിരുന്ന ചുടാലയായിരുന്നു അത്.
പണ്ടാരം ന്ന് ച്ചാ വസൂരി വന്നു മരിക്കണ ശവം. പണ്ടാരങ്ങളെ രാത്രി കാലത്താണു ദഹിപ്പിക്കുക. എല്ലാ വെള്ളിയാഴ്ചയും അര്‍ദ്ധ രാത്രി കുന്നിറങ്ങി വരുന്ന ദീനം വന്ന ചുടല. !
ശരീരം മുഴുവന്‍ ദീനം പൊട്ടിയൊലിച്ച് ,വികൃതമായ പണ്ടാരത്തിന്റെ കണ്ണുകളുടെ സ്ഥാനത്ത് വിങ്ങിവീര്‍ത്ത് ചലം നിറഞ്ഞ രണ്ടു വലിയ ഗോളങ്ങള്‍.
ചുടല ഇറങ്ങുന്നതിനു മുമ്പെ വീശുന്ന കാറ്റിനു ഒരു വല്ലാത്ത വാടയാണു്.
നായ്ക്കളും കുറുക്കനും ഓരിയിടുന്നത് കേള്‍ക്കാന്‍ തുടങ്ങുമ്പോഴേ എല്ലാവരും വീടിന്റെ വിളക്ക് അണയ്ക്കുമത്രെ.
അതെന്തിനാ ?
ലൈറ്റ് കണ്ടാല്‍ അങ്ങോട്ട് കയറും. ഒരിറ്റു വെള്ളത്തിനാ.
ദാഹിച്ചു പൊരിഞ്ഞിട്ടല്ലെ അവരൊക്കെ മരിച്ചത്.
ആരെങ്കിലും കതക് തുറന്നാല്‍ കഴിഞ്ഞു.
വാതിലില്‍ മുട്ടുമ്പോള്‍ ‘നാളെ വാ’ എന്നു പറയണം. നളെക്ക് അവസാനമുണ്ടാവില്ലല്ലൊ. അപ്പോള്‍ അത് മറ്റൊരു വീട്ടിലേക്ക് പോകും.
അതിനു ആരെയെങ്കിലും കൊന്നേ മതിയാവൂന്ന് ണ്ടോ?
അതല്ല. .നമ്മളൊക്കെ സുഖമായി പഥ്യമില്ലാതെ ജീവിക്കുമ്പൊ ആശകളൊന്നും പൂര്‍ത്തിയാകാതെ വെന്തു വെണ്ണീറായവരുടെ ദേഷ്യം. അത്ര തന്നെ.
വെണ്ണീറായാ പിന്നെ എങ്ങ്‌ന്യാ വ രാ.
അതൊക്കെ വരും. ആത്മാവ് മാത്രം ണ്ടാവില്ല്യ.
നിയ്ക്ക് പേട്യാ ലക്ഷ്മി ക്കുട്ടി.
അങ്ങിനെയാണു അച്ഛന്‍ വെള്ളിയാഴ്ച ദിവസം കളപ്പുരയില്‍ കിടക്കാമെന്നു വാല്യക്കാരോട് പറഞ്ഞത്.
ഇതിനെയൊന്നു കാണണമല്ലൊ.
അമ്മേ ഇതാ അച്ഛന്‍ എന്താ പറേണേന്നു നോക്കൂ.
വെറുതെ ന്തിനാ കുട്ട്യേ പേടിപ്പിക്കണേ .ഇപ്പറേണേലും വല്ല കഴമ്പൂണ്ടെങ്കിലോ.
ഇതാ പ്പൊ നല്ല തമാശ!
അര്‍ദ്ധരാത്രി കുന്നിറങ്ങി വരുന്ന ഭൂതത്തെ പിടികൂടി.
ചന്തയിലേക്ക് സാധനങ്ങളും കയറ്റി ഞരങ്ങി കുന്നിറങ്ങി വരുന്ന ഒരു കാള വണ്ടി.!
വലിയ വണ്ടിച്ചക്രങ്ങളിലും, കാളകളുടെ കഴുത്തിലും ഒക്കെ തൂക്കിയിട്ടിരിക്കുന്ന മണികളും കിലുക്കി വണ്ടിയുടെ ഭാരം കാരണം നാട്ടുവഴിയിലൂടെ ഞരങ്ങി നീങ്ങുന്ന വണ്ടിയുടെ അടിയില്‍ തൂക്കിയ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍,നീണ്ട നിഴലുകള്‍ കണ്ട് ഭയന്ന ആരോ ഒരാള്‍ വിളിച്ചു പറഞ്ഞു.
ചുടലഭൂതം.
പിന്നീട് ആയിരം നാക്കുകളിലൂടെ വളര്‍ന്നു കെട്ടുകഥ യാഥാര്‍ഥ്യ മായി.
ചന്തയില്‍ നിന്നും തിരിച്ചുപോകുന്ന കേളനെ പിടിച്ചു നിര്‍ത്തിയപ്പോള്‍ കേളന്‍ ഭയന്നു.
വിവരം അറിഞ്ഞ കേളന്‍ അമ്പരന്നു.
അയ്യോ തമ്പ്രാട്ടി ക്കുട്ടി പേടിച്ചൊ.?
ആ പഴംകഥ യോര്‍ത്ത് അച്ഛനോട് ചേര്‍ന്നു കിടന്ന മായ പറഞ്ഞു.
എന്നാലും നിയ്ക്ക് പേട്യാവും ചെലപ്പൊ.
ചെലപ്പഴല്ല. എപ്പഴും.
ഇത്ര വല്യ കുട്ടിയായില്ലെ. എന്നിട്ടും.
ഇടിമിന്നല്‍ പേടി,കോരിച്ചൊരിയുന്ന മഴയെ പേടി.നായ്കളുടെ ഓരിയിടല്‍ പേടി,..പിറുപിറുക്കുന്ന ഉണക്കയിലകളെ ചുറ്റിപ്പറപ്പിക്കുന്ന് കൊച്ചു ചുഴലിക്കാറ്റിനെ പെടി, തെങ്ങും തടത്തിലെ ഇത്തിരി വെള്ളത്തില്‍ പ്രതിഫലിക്കുന്ന ആകാശം കണ്ട് അതിന്റെ ആഴത്തെ പേടി…ഉങ്ങുമര ത്തിനു പുറകില്‍ നിന്നും മുടിയഴിച്ചിട്ട് ചുണ്ണാമ്പ് ചോദിക്കുന്ന യക്ഷിയെ പേടി..ഇരുട്ടിനെ കീറിമുറിക്കുന്ന മിന്നാമിനുങ്ങുകളെ പേടി…അതു പേടി..ഇത് പേടി…
അങ്ങിനെ അച്ഛന്റെ പട്ടിക അവസാനമില്ലാതെ നീളുമ്പോഴേക്കും മായ ഉറങ്ങിപ്പോകും.
ഉറക്കത്തില്‍ ,നങ്ങേലിയുടെ കഥകളിലെ ഭൂതങ്ങളുടെ നടുവില്‍ വിറങ്ങലിച്ചു നില്ക്കുന്ന മായ ദീര്‍ഘമായി നിശ്വസിക്കും.
എല്ലാം ഇന്നലെയായിരുന്നു.
എന്നും സ്‌കൂളില്‍ പോകുന്നതിനു മുമ്പെ പറമ്പ് ഒന്നു ചുറ്റിനടന്നു കാണുന്നത് പതിവാണു നമ്പൂതിരിക്ക്.
മായയെ തോളത്തിരുത്തിയാണു യാത്ര.ആനപ്പുറത്തുള്ള ആ സവാരിയില്‍ ആകാശവും ഭൂമിയും പാതാളവും എല്ലാം വാതോരാതെ ചോദിക്കുന്ന സംശയങ്ങളില്‍ പെടും.
അച്ഛന്റെ തോളത്തിരുന്‍ കയ്യെത്തിച്ചാല്‍ കിട്ടുന്ന പലതും . വാഴക്കുടപ്പനില്‍ ഒളിപ്പിച്ച ഇത്തിരി തേന്‍ അടര്‍ത്തി ചിലപ്പോല്‍ കുനിഞ്ഞു അച്ഛന്റെ വായിലും കൊടുക്കും.
മോളോടൊത്തുള്ള ഓരോ ദിവസവും വാഴക്കുടപ്പനിലെ പത്തായത്തില്‍ നിറച്ചു വെച്ചിരിക്കുന്ന അതിമധുരം പോലെയായിരുന്നു .
മായ വയസ്സറിയിച്ചപ്പോള്‍ സന്തോഷത്തിനു പകരം ഒരു നഷ്ടബോധമായിരുന്നു.
കാലം പോലും കണ്ണു മിഴിച്ചു നോക്കി നില്‌ക്കേ…,ഒരു പ്രഭാതത്തില്‍ പെട്ടന്നു യുവതിയായ മായയെ അച്ഛന്‍ പകച്ചു നോക്കി.
മായക്ക് വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല.
മായ കോളേജില്‍ ചേര്‍ന്നപ്പോഴേക്കും പെന്‍ഷനായതു കൊണ്ട്, കവല വരെ കൂടെ പോകും. ചിലപ്പോള്‍ കോളേജ് വരെയും. വൈകുന്നേരം കവലയില്‍ ചെന്നു നില്ക്കും. മായയെ കൂട്ടാന്‍.
ന്നാലും ങനെ അങ്ങട് സ്‌നെഹിച്ചു കൂടാ. നാളെ വേറെ ഇല്ലത്ത് പോണ്ട കുടിയാണ്.
ചിറ്റ ദേഷ്യപ്പെട്ടു.
അതോണ്ടിപ്പൊ എന്താണ്ടായ്യെ.
എന്താണ്ടായ്യേ ന്നോ. കല്യാണ പ്രായായി ….ന്നാലും അച്ഛന്റേം അമ്മേടേം കൂട്യാ കെടപ്പ്.
എല്ലാവരും പൊട്ടി ച്ചിരിച്ചു.
വിവാഹ നിശ്ചയത്തിനു എല്ലാവരും കൂടിയപ്പോള്‍ സന്തോഷിച്ചിരുന്നുവെങ്കിലും ഇപ്പോള്‍, മായ മറ്റൊരു ഇല്ലത്തേക്ക് പോകുന്നത് ചിന്തിക്കാനേ കഴിയില്ല എന്നൊരു തോന്നല്‍.
നമ്പൂതിരി ദീര്‍ഘമായി നിശ്വസിച്ചു.
എന്താ..ആലോചിക്കണേ.
അന്തര്‍ജനം ചോദിച്ചു.
നിയ്ക്ക് കുട്ടിയെ പിരിയാന്‍ വയ്യാന്നു തോന്ന്വാണു്.
എന്നാലും അവളെ ഒരാളെ ഏല്പ്പിച്ചല്‍ സമാധാനായില്ല്യേ.
അതെ. പക്ഷെ …ഇതിപ്പൊ…., എന്തൊക്കെയാ ആ അശ്രീകരം വിഷ്ണുവിന്റെ ഇല്ലത്തെ പറ്റി പറഞ്ഞത്. അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ വേണ്ടാന്ന ങട് വെയ്ക്കും.
നമ്മളെന്തിനാ..അവളുടെ വാക്ക് കേക്കണേ…അന്വേഷിപ്പിക്കലോ..
ശ് …..ദേ മായ് വരണ്ണ്ട്.
മായ അവരുടെ മുഖത്ത് മാറിമാറി നോക്കി.
ന്താ ച്ഛാ.. കാര്യം.. എന്താ നിങ്ങളൊക്കെ ങനെ രഹസ്യം പറേണതേയ്..?
ഒന്നൂല്യാ..അപ്രത്ത് പോണുണ്ടോ മായേ നീ..
എന്താ നമ്പൂതിരീ കാര്യം? മായ വിട്ടില്ല.
അച്ഛന്‍ പൊട്ടിച്ചിരിച്ചു.
അച്ഛനും മായയും സുഹൃത്തുക്കളെ പ്പോലെയാണു.
അച്ഛന്‍ മായയുടെ തലയില്‍ തലോടി.
ആ ശേഠ വിഷ്ണുവിന്റെ ഇല്ലത്തെ പറ്റി കുറെ കഥകളും കൊണ്ടു വന്നിരിക്ക്ണൂ. വെറുതെ…മനസ്സമാധാനം കളയാന്‍.
ഇതാണോ…പ്പൊ.. ത്ര…വല്യ കാര്യം.നാളെ തന്നെ വിഷ്ണുവിനെ കണ്ട് കാര്യം അന്വ്വേഷിക്കാലോ.
അധികപ്രസംഗി…! അമ്മ ശകാരിച്ചു.
ലാളനത്തിരി..കൂടണ്ണ്ട്. ണീറ്റ് പോ അങ്ങട്.
മായ അമ്മയെ വരിഞ്ഞു മുറുക്കി കവിളില്‍ അമര്‍ത്തി ചുംബിച്ച് ഇറങ്ങി ഓടി.
അമ്മയുടെ പുഞ്ചിരിയില്‍ കണ്ണുനീരിന്റെ നനവ്.
അച്ഛന്‍ പിറുപിറുത്തു.
ന്റെ കാളക്കുട്ടന്‍…

 
Post Box Bottom AD3
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!