Home page lead banner

ഒരിക്കൽ ഒരിടത്ത്

Post ad banner after image

അധ്യായം രണ്ട്

അടുക്കളപ്പുറത്തും മച്ചിലുമൊക്കെ മായ നങ്ങേലിയെ അന്വേഷിച്ചു. അമ്മയുടെ കണ്ണൂ വെട്ടിച്ചു നങ്ങേലിയെ പിടികൂടണം. വേളി ഉറപ്പിച്ച ഇല്ലത്തെ കഥകളെ ന്താണെന്ന് അറിയണമല്ലൊ.
അച്ഛന്‍ അല്പ്പം ഭയന്ന മട്ടുണ്ട്.
അമ്മ എത്ര എതിര്‍ത്താലും, തന്റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം അറിഞ്ഞു സാധിച്ചു തരുന്ന അച്ഛന്‍. ദൂരെ കോളേജില്‍ അയച്ച് ഡിഗ്രി എടുക്കാനും അച്ഛനാണു മുന്‍ കൈ എടുത്തത്.
പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ അമ്മ ശഠിച്ചു.
ഇവിടത്തെ കോളേജില്‍ ഉള്ളതൊക്കെ പഠിച്ചില്ലേ?.ഇത്രയൊക്കെ മതി. അത്ര ദൂരെ പോയുള്ള പഠിപ്പൊന്നും വേണ്ടേയ്.
അത്ര ദൂരം ന്നുണ്ട്ച്ചാല്‍ അവടെ ഹോസ്റ്റലില്‍ നിക്കാലോ.
ങ് ഹാ…അപ്പൊ അതൊക്കെയാണു പദ്ധതി. ഹോസ്റ്റലില്‍ നിര്‍ത്തണ പ്രശ്‌നം ല്യാ..
ന്താ..അവടെ കുട്ട്യോളല്ലെ നിന്നു പഠിക്കണേ..?
അതോണ്ടന്യാ നിര്‍ത്തില്ല്യാന്നു പറഞ്ഞതും.

ഈ അമ്മക്കെന്താ…അമ്മയൊക്കെ ഏതു കാലത്താ ജീവിക്കണേന്നു നിശ്ശംണ്ടോ?.
തൊട്ടു കൂടായ്മയൊക്കെ പറഞ്ഞു അങ്ങട് ചെന്നാല്‍ മതി. കളിയാക്കി കൊല്ലും.
അതൊന്ന്വല്ല…ഹോസ്റ്റലില്‍ ഒക്കെ നിന്നു പഠിച്ചാല്‍ കൂട്ടുകൂടി പ്ഠിക്കാത്ത വിക്രിയകളൊന്നൂണ്ടാവില്യാ..
ഈ അമ്മക്കെന്താ…
അമ്മക്കൊന്നൂല്യാ..എല്ലാ അശ്ലീലങ്ങളും പഠിക്കും !
അശ്ലീലോ…?! മായ പൊട്ടിച്ചിരിച്ചു.
ചിറിക്കണ്ടാ…നമ്മുടെ കേശുനായരുടെ മോള്‍ക്കെന്താ പറ്റ്യേ..?
എന്തു പറ്റി….?.മായ ചിരിയടക്കി.
കുന്തം ! വെറുതെ.. ന്നെ ക്കൊണ്ട് വിസ്തരിപ്പിക്കണ്ട.
ആ കുടുംബം നശിച്ചില്ല്യേ. എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയോ ആ കുട്ട്യേ അത്രടം പഠിപ്പിച്ചത്. അവളൊരു കര പറ്റീച്ചാല്‍ കഷ്ടപ്പാടൊക്കെ തീരും ന്ന് നിരീച്ചീരുന്നു. കടോം വെലേം ഒന്നും നോക്കാണ്ടേ…പാവം നായര്..
അതാണു കാര്യം. അച്ഛന്‍ ചിരിച്ചു.

ഇവടന്നും കൊറേ കടം വാങ്ങീരിക്കുണൂ..ല്യ്യേ.
പാപം കിട്ടും ട്ടോ. അതൊന്ന്വല്ല പറഞ്ഞേ. നിയ്ക്ക് പേട്യാ.
അമ്മയുടെ മുഖത്ത് നിഴലിച്ച ഭയം മായ ശ്രദ്ധിച്ചു.
നട്ടെല്ലും മസ്തിഷ്‌ക്കവും തകര്‍ന്ന്, തിരിച്ചറിവ് പോലും നഷ്ടപ്പെട്ട കോമളത്തിന്റെ തുറിച്ച കണ്ണുകള്‍.
മായ ഒന്നും മിണ്ടിയില്ല.

വര : ബ്രിജി. കെ. ടി.

 

കോമളം മിടുക്കിയായിരുന്നു. ഒരു പുരുഷനുമായി ആദ്യമായി അടുത്തിടപഴകാന്‍ കിട്ടുന്ന അവസരം,ചിലപ്പോള്‍ ഒരു നിലയില്ലാക്കയമാണു്.
കൗമാരത്തിലെ പ്രലോഭനങ്ങളുടെ വഴുവഴുപ്പുള്ള പാറപ്പുറത്ത് ചവുട്ടി നില്ക്കാന്‍ കഴിയാതെ, ആഴത്തിലേക്ക് വീണ്, നില കിട്ടാതെ വലയുമ്പോള്‍,കൈപിടിച്ചിറക്കിയവരും ചിലപ്പോള്‍ കൈവിടും.
ഹോസ്റ്റലിലേക്ക് പച്ചക്കറിയും മറ്റും കൊണ്ടു വരുന്ന ലോറിഡ്രൈവറെ ആണവള്‍ അവളുടെ കൃഷ്ണനാക്കിയത്.!
പ്രായത്തിന്റെ അന്ധത.!

പഠിപ്പ് നിര്‍ത്തി, തന്നിഷ്ടത്തിനു ഇറങ്ങിപ്പോയപ്പോള്‍, മാതാപിതാക്കള്‍ നിസ്സഹായരായി. പക്ഷെ ജീവിതം തുടങ്ങുകയാണെന്നു അവള്‍ മനസ്സിലാക്കി. കൃഷ്ണന്‍ ശരിക്കും കൃഷ്ണനായത് കോമളത്തിനു സഹിക്കാന്‍ വയ്യാതായി. ട്യൂഷനും മറ്റും എടുത്ത വീട് പോറ്റാന്‍ പണിപ്പെട്ടു.വീട്ടിലേക്ക് മടങ്ങാനുള്ള ദുരഭിമാനം. ആയിരം നാക്കുള്ള നാട്ടുകാര്‍. അവള്‍ ഒരു കയറില്‍ രക്ഷപ്പെടാന്‍ നോക്കി. നടന്നില്ല. കയര്‍ പൊട്ടി.
അപ്പോഴും നാട്ടുകാര്‍ മാറിനിന്നു കുറ്റപ്പെടുത്തി.
അച്ഛനമ്മമാരുടെ കണ്ണീരു വീഴ്ത്തരുത്. അതൊക്കെ ദൈവം ഒരു മണിച്ചെപ്പില്‍ സൂക്ഷിച്ച് ഒരോ തുള്ളിക്കും പകരം ചോദിക്കും.!.
മായക്കതിശയം തോന്നാറുണ്ട്.
ദൈവം കോമളത്തിന്റെ അച്ഛനുമ്മയുടേയും കണ്ണീരിനു പകരം ചോദിച്ചത് വീണ്ടും അവരുടെ തന്നെ കണ്ണീരല്ലേ
ജഢത്തിനു സമാനമായ തങ്ങളുടെ ഒറ്റ മകള്‍ സുഖം പ്രാപിക്കണേ എന്നു പ്രാര്‍ഥിച്ച് അവര്‍ കാവലിരിക്കുന്നു.ശരിയാവില്ലെന്നു ഉറപ്പുണ്ടെങ്കിലും..!
അതിനിപ്പോ.. ഹോസ്റ്റലിലെ ഡ്രൈവര്‍മാരൊക്കെ പെണ്ണു ങളാണമ്മേ.
കുട്ടീ …തമാശ കളയൂ ട്ടോ.
ന്തിനാ…തര്‍ക്കം ഹോസ്റ്റലില്‍ നിര്‍ത്തണില്ല്യാ. ന്നാ പോരേ. അച്ഛന്‍ ഇടപെട്ടു.
കാലത്ത് ഒരു ബസ്സുണ്ട്. കോളേജ് വരേം. ..അതു കിട്ടീല്യാന്നു വെച്ചാല്‍ ഹൈവേ സ്റ്റോപ്പ് വരെ ഇഷ്ടം പോലെ ബസ്സുണ്ട്. പിന്നെ അവടന്നങ്ങോട്ട് ലൈന്‍ ബസ്സ് വേറെം കിട്ടും.
അഞ്ചാറു മാസം കൂടി കഴിഞ്ഞാ.. ഞാന്‍ പെന്‍ഷണാവല്ലേ ..അപ്പോ ഞാന്‍ പോയി കൂട്ടിക്കോളാം.
അമ്മ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.

വര : ബ്രിജി. കെ. ടി.

 

രണ്ടല്ല ,മൂന്നു ബസ്സ് കയറിയാലും നിത്യവും അമ്മയെ കാണാതെ വയ്യ. ഒറ്റക്ക് കിടക്കാനും പേട്യാണ്. വെറുതെ അമ്മയെ ചൊടിപ്പിച്ചൂന്നു മാത്രം.
കോളേജ് വിട്ടു വന്നാല്‍ അമ്മയോട് ഒരു നൂറു കാര്യങ്ങള്‍ ഉണ്ടാവും പറയാന്‍. നങ്ങേലിയും വന്നു നില്ക്കും കേള്‍ക്കാന്‍.
അച്ഛന്‍ കൂട്ടാന്‍ വരുന്ന ദിവസങ്ങളില്‍ കോളെജില്‍ നിന്നും ഹൈവേ സ്റ്റോപ്പ് വരെ നടക്കും.
അവിടെ നാട്ടിയ വഴികാട്ടി കാണിച്ചു അച്ഛന്‍ പറഞ്ഞു.
ഇതു കണ്ടോ..ഈ എടത്തോട്ട് കാണിച്ചിട്ടുള്ള വഴി ,ചിത്ത രോഗാശുപത്രിയിലേക്കുള്ളതാണ്.
ങാ ..എഴുതീട്ട്ണ്ടല്ലോ..
ഇവടക്ക്യാണു അരുന്ധതിയെ കൊണ്ടുവരാന്‍ നോക്കീത്. പക്ഷെ…!
കൊണ്ടു വന്നിരുന്നെങ്കില്‍ അസുഖം മാറീരുന്നു.
എന്തുകൊണ്ടോ ആ വഴികാട്ടിയെ മായ വെറുത്തു. നോക്കുമ്പോഴൊക്കെ ഒരു വൃത്തികെട്ട ബലിക്കാക്ക അതിന്റെ പുറത്ത് ഇരിക്കുന്നുണ്ടാവും. ഒരു ഒറ്റ കാക്ക. അതിന്റെയൊരു നോട്ടം.
കാക്കകളെ മായക്ക് വെറുപ്പാണ്. എപ്പോഴും മരണത്തോട് ബന്ധപ്പെട്ട അതിന്റെ അസ്തിത്വം. പുലകുളിയും ബലിയിടലും,..എല്ലാറ്റിനും ഈ കറുത്ത ദു:ഖം സാക്ഷി.!
അരുന്ധതി ഏടത്തിക്ക് ബലിയിടുന്ന ദിവസം എത്ര ശ്രമിച്ചിട്ടും വരാന്‍ മടിച്ച കാക്കകള്‍ പറന്നു പോയപ്പോള്‍, ഒരൊറ്റ കാക്ക മാത്രം മുരിങ്ങ ക്കൊമ്പില്‍ നിന്നും പാളി നോക്കികൊണ്ടിരുന്നു.
അല്പ്പം പിളര്‍ന്ന വായും,തുറിച്ച കണ്ണുകളും.!
താഴെ വന്നു അന്നം കൊത്താതെ കാറി ശബ്ദമുണ്ടാക്കിയ അത് തന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയത് പോലെയായിരുന്നു. കണ്ണു കൊത്തി പൊട്ടിക്കാനെന്ന പോലെ.
ഈ വഴികാട്ടിയുടെ മേലെ ഇരിക്കാറുള്ളതും അതേ കാക്ക തന്നെയാണോ?
അതേയ്, ചേക്കേറുന്ന കാക്കകളെ ശല്യം ചെയ്യാറില്ലെ ..കുട്ടീ….അതോണ്ടാ.
ശ് , ശ് മായ അതിനെ ആട്ടി പായിക്കാന്‍ നോക്കി.

വേളി നിശ്ചയിച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു.
കുട്ടീടെ ആ ഒറ്റ കാക്ക ഇരിക്കണ വഴികാട്ടിയില്ല്യേ…അതിന്റെ വടക്ക് വശത്തു ള്ള സര്‍വീസ് റോഡിലൂടെ ഒരു അഞ്ചു കിലോമീറ്റര്‍ പോയാല്‍ വിഷ്ണൂന്റെ മനയായി. ഹൈവേ പോകുന്നതൊക്കെ നെടു നീളത്തില്‍ ,ഇല്ലത്തിന്റെ സ്ഥലം തന്ന്യാത്രെ.
മകളുടെ വിവാഹ കാര്യം പറയുമ്പോള്‍ അച്ഛനു മറ്റാര്‍ക്കും സാധിച്ചെടുക്കാന്‍ പറ്റാത്തതെന്തോ സധിച്ചെടുത്ത അഭിമാനമാണ്.
മായക്ക് നല്ല വിദ്യാഭ്യാസമുള്ള വരന്‍ തന്നെ വേണമെന്ന് ശഠിച്ചതും അച്ഛന്‍ തന്നെ.
അമ്മാത്തെ ഏകാവകാശിയായ മകള്‍ക്ക് ഒരുപാട് ഇല്ലങ്ങളില്‍ നിന്നും ആലോചനകള്‍ വന്നു.
സ്വത്തും പണവുമൊന്ന്വല്ല കാര്യം നല്ല പഠിപ്പുള്ളവരെ യേ നോക്കണ്ടു ..ന്റെ കുട്ടിക്ക്.
ഒടുവില്‍ എല്ലാം ഒത്ത് വന്നൊരു ആലോചന. ജാതകവും വിശേഷം.!
പേരു കേട്ട കോവിലില്ലത്തെ ഉണ്ണി. നിറയെ സ്വത്ത്.നോക്കെത്താ ദൂരം വരെ പരന്നു കിടക്കുന്ന വയലുകളും, തൊടികളും. പൂജ മുടങ്ങിയെങ്കിലും, കാലത്തെ അതിജീവിച്ച കൊത്തുപണികള്‍ ഉള്ള വെണ്ണക്കല്ലുകളും ചുവന്ന പാളിക്കല്ലുകളും കൊണ്ട് തീര്‍ത്ത ഒരു കുടുംബ ക്ഷേത്രം.
മുടങ്ങാതെ കഥകളി അരങ്ങേറാറുള്ള പത്തായപ്പുരയും, പുരയിടവും വായനശാലക്ക് വിട്ടു കൊടുത്തിരിക്കുകയാണത്രെ.
പാരമ്പര്യമായി ഒരു പാട് പണ്ഠിതന്മാര്‍ ഉണ്ടായിരുന്ന ഇല്ലത്തെ ഗ്രന്ഥ ശേഖരം മുഴുവന്‍ വായനശാലക്ക് കൊടുത്തു. പണ്ഡിത സദസ്സുകളും സാഹിത്യ സദസ്സുകളും കവിയരങ്ങും നടന്നിരുന്ന തളത്തിന്റെ ചുവരുകള്‍ മുഴുവന്‍ പൂര്‍വ്വികരായ പണ്ഡിതരുടെ വലിയ ഛായാചിത്രങ്ങളാണ്.
വാഴുന്നോരുള്ള കാലത്ത് ഉത്സവകാലത്ത്, കഥകളി കാണാനും കുളിച്ചു തൊഴാനും എഴുന്നെള്ളാറുണ്ടത്രെ.
ചെമ്പെ സംഗീതോത്സവവും വരെ നടത്താറുള്ള മന ,വലിയ കോവിലകം പോലത്തെ എട്ടുകെട്ടൊ പതിനാറു കെട്ടൊ..എന്തോ ആണ്.
ഏട്ടന്‍ വലിയ സംഗീത കമ്പക്കാരനാണത്രെ.. വലിയ തിരുമേനിയുടെ കാലശേഷം ഒക്കെ നോക്കി നടത്തണത് ഈ വിദ്വാനാ. ഇളയ ആളാണു വിഷ്ണു.
ഡല്‍ഹിയില്‍ സൈന്റിസ്റ്റാണ്. അനിയനായിട്ട് ഒരുപാട് പ്രായ വ്യത്യാസമുള്ളതു കൊണ്ട് മകനെ പ്പോലെയാ വിഷ്ണു. ഏട്ടന്‍ തമ്പുരാന്റെ വേളി മരിച്ചു.
അവര്‍ക്കും ഒന്നും നോക്കാനില്യ. വിദ്യാഭ്യാസമുള്ള കുട്ടി വേണം. വിഷ്ണുവിനത് നിര്‍ബന്ധമാണ്.വിവാഹം കഴിഞ്ഞാല്‍ മായയെ ഡല്‍ ഹിയിലേക്ക് കൊണ്ടു പോവുകയും ചെയ്യും.

വിഷ്ണു മായയെ പെണ്ണു കാണാന്‍ വന്ന ദിവസം.
വരാന്തയിലെ കസേരയില്‍ ഇരുന്നിരുന്ന വിഷ്ണുവിനെ ജനലില്‍ കൂടി നോക്കി വന്ന നങ്ങേലി പറഞ്ഞു.
ഗന്ധര്‍വ്വന്‍ തന്നെ..ഗന്ധര്‍വ്വന്‍.! ന്റെ ക്ഞ്ഞാത്തലിനു നന്നെ ചേരും.
എവടെ നോക്കട്ടെ .ങട് വരൂ നങ്ങേലീ..ന്റെ കൂടെ.
വരാന്തയോട് ചേര്‍ന്നുള്ള മുറിയില്‍ ഇരുട്ടാണു അവിടെ നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയും. കട്ടിയുള്ള ജനലഴികളില്‍ കൂടി ഗന്ധര്‍വ്വന്റെ ഒരു വശമേ കണ്ടുള്ളു. കസേരയുടെ കൈപ്പിടിയില്‍ വിശ്രമിച്ചിരുന്നു മേലിഞ്ഞു നീണ്ട് വിരലുകളും…
ഉം….മായ ഇരുത്തിമൂളി.
പക്ഷെ അതേയ് ഇത്തിരി കോലുനാരായണനാണു് ട്ടോ നങ്ങേലീ..
മായ പറഞ്ഞതും, ചിരിച്ചതും ഉമ്മറത്ത് കേള്‍ക്കാന്‍ പാകത്തില്‍ ഉച്ചത്തിലായിപ്പോയി.
വിഷ്ണു പെട്ടന്നു ജനാലയ്ക്കലേക്കു തിരിഞ്ഞു നോക്കി.
മായ പെട്ടന്നു മാറിക്കളഞ്ഞെങ്കിലും ഒരു നോക്ക് കണ്ടു.
മുഖത്തൊരു കള്ളച്ചിരിയുമായി വലിയ കണ്ണുകള്‍. കൂര്‍ത്ത നോട്ടം ..,മായയുടെ ഉള്ളിലൊരു മിന്നല്‍ പായിച്ചു.
പിന്നീട് അച്ഛന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ,മുന്‍ വശത്തേക്ക് ചെല്ലാന്‍ മടിയായിരുന്നു.
അഫനും ചിറ്റയുമൊക്കെ കളിയാക്കി.
ഇത് നമ്മുടെ മായ ക്കുട്ടന്‍ തന്നെയാണോ?
ആ നോട്ടവും ,കണ്ണുകളും മറക്കാന്‍ മായക്ക് അശേഷം കഴിയുന്നില്ല.
എന്നിട്ടിപ്പോള്‍ എന്താണാവോ ഇത്രയും വലിയ കഥ .?!

വൈകുന്നേരമാണ് നങ്ങേലിയെ പിടികിട്ടിയത്.
കുളത്തിന്റെ പടവില്‍ ഉരുളികളും നിലവിളക്കുകളും മറ്റും തേച്ചു മിനുക്കുന്ന നങ്ങേലി ഗൗരവം പൂണ്ടു.
ന്റെ കുട്ട്യേ…നിയ്‌ക്കൊന്നും അറീല്യാ.. ഇന്നോടൊന്നും ചോയ്ക്കൂം വേണ്ട.
ന്ന്ട്ട് വേണം തമ്പ്രാന്റെ വക കിട്ടാന്‍. ഇപ്പൊത്തന്നെ വേന്റത്ര കിട്ട്യണ്ണു.
നങ്ങേലി പറയൂന്നേയ്.. ആരും അറിയില്യാ..
മായയുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. വിലക്കുന്നത് കേള്‍ക്കാനും കാണാനുമുള്ള ഒരു ഹരം . അരുതാത്തത് ചെയ്യുമ്പോള്‍ ഉള്‍ക്കിടിലത്തോടു കൂടിയ ഗൂഢമായ സംതൃപ്തി.
വേണ്ട., കുഞ്ഞാത്തലിനെ നിയ്കറീല്യേ..അന്നു പൂതപ്പാട്ടിനു പോയിട്ട് ന്താണ്ടായേ?
ഈ നങ്ങേല്യെ ക്കൊണ്ട് തോറ്റു. അന്നു ഞാന്‍ കുട്ട്യാര്‍ന്നില്ല്യേ.
തിര്‍ക്കില്‍ പെട്ടന്നു നങ്ങേലിയുടെ കൈ വിട്ടോടി. മുന്വശത്ത് ചെന്നു നിന്ന് നല്ലോണം കാണാന്‍. പക്ഷെ പിന്നീട് നങ്ങേലിയെ കാണാതെ പേടിച്ചു .വെറുതെ നിന്നു കരഞ്ഞ തന്റെ കഴുത്തിലുണ്ടായിരുന്ന മാല ആരോ അഴിച്ചെടുത്തു.
ഒടുവില്‍ ഓടിക്കിതച്ചെത്തിയ നങ്ങേലി, തന്നെ കണ്ടതും ബോധം കെട്ടതു പോലെ തളര്‍ന്ന് നിലത്തിരുന്നു.
അതു കണ്ട് മായക്ക് ശരിക്കും ചിരി വന്നു.
ചിരിക്കണൂ.. കുറുമ്പ് നല്ലോണം ണ്ട്. എനി ഒന്നിനും കൊണ്ടു വരില്ല കണ്ടോളൂ.
ഉണ്ടായതൊന്നും അമ്മയോട് പറയരുത് ന്ന് ശട്ടം കെട്ടീട്ട് …ചെന്നൂടുമ്പൊ തന്നെ എഴുന്നള്ളിക്കേം ചെയ്തു.
തമ്പ്രാട്ടിയുടെ മുമ്പില്‍ പൊട്ടിക്കരഞ്ഞ നങ്ങേലിയെ ശകാരിച്ചില്ല.
പോയതൊക്കെ പോട്ടെ. ന്റെ കുട്ടിക്കൊന്നും പറ്റീല്യാലോ .ദേവി കാത്തു.
ന്തിനാ കുട്ട്യേ നങ്ങേലീടെ കൈ വിട്ട് ഓടിത്.
അതേയ് ഈ നങ്ങേലീടെ മരം പോലത്തെ കൈ പിടിച്ചു വേദന്യാവ്ണ്ണ്ടാര്‍ന്നു.
അതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

മായ പിന്നേയും ഒരു പടവും കൂടി ഇറങ്ങി ഇരുന്നു പറഞ്ഞു.
നങ്ങേലീ അതൊക്കെ പണ്ടല്ലേ. ഞാന്‍ ആരോടും പറയില്ല്യാ. ന്റെ നങ്ങേല്യല്ലേ..ഉം..?
അതേയ്…നങ്ങേലി ശബ്ദം താഴ്ത്തി.
ആ തിരുമേനീടെ ഇല്ലം എന്തോ ഒരു ശാപൊള്ള ഇല്ലാത്രെ.
ആരേ പറഞ്ഞത്? മായക്ക് ഉല്ക്കണ്ഠ യായി.
അവടെ… പണ്ട് കളമെഴുത്തിനും,പാട്ടിനും ഒക്കെ പോയ പുള്ളുവത്തി.ആ പപ്പടക്കാരി വള്ളീടെ വകേലെ മുത്തശ്ശിയൊ മറ്റോ ആണു്.
ആത്തൊലിന്റെ വേളിയെ പറ്റി പറഞ്ഞപ്പഴാ …ദ് പറഞ്ഞത്.
ആ ഇല്ലത്ത് വരണ പെണ്ണുങ്ങളൊന്നും വാഴില്ല്യാന്ന്.
വല്യ തിരുമേനിയുടെ വേളിയുടേതും ഒരു ദുര്‍മരണാന്നാ പറഞ്ഞെ. അതും വയറ്റിലുള്ളപ്പോ.
ആശകളൊന്നും പൂര്‍ത്തിയാവാത്ത ആത്തോലു്, ഇപ്പഴും അവടെയൊക്കെ അലഞ്ഞു നടക്കും ന്ന്.
ആ ബാധ കാരണം അമ്മത്തമ്പുരാട്ടിക്ക് ഇടക്ക് ഒരു ബുദ്ധി ഭ്രമം പോലെ വരും ത്രെ.!
കളമെഴുത്തും പാട്ടും ഒക്കെ ശ്ശി നടത്തീട്ടും ഇപ്പഴും മു ഴോനങ്ങട് മാറിട്ടില്ല്യാന്നു. വല്യ ഉപദ്രവാത്രെ.
ചാര്‍ച്ചക്കാരും, കുടുംബക്കാരുമൊക്കെ ഓരോന്ന് പറഞ്ഞു പോവ്വ്വാണ്ടേയെ..,ഇല്ലം വിട്ട്.
ഇപ്പെന്താ,…ആ വലിയ കോട്ടപോലെയു ഇല്ലത്ത്,…കുടിയേറിയിരിക്കണ ദുരാത്മാക്കള് നാലു വാതിലു തൊറന്നിട്ടാലും പോവ്വില്ലാന്ന്…!
ന്റെ ആത്തോ ലെങ്ങിന്യാ അവടെ ഒറ്റക്ക്..നങ്ങേലിക്ക് അതു മാത്രേള്ളു. നങ്ങേലി കണ്ണു തുടച്ചു.

സംസാരിക്കുന്നതോടൊപ്പം ഓട്ടു പാത്രങ്ങളും തേച്ചു കഴുകിക്കൊണ്ടിരുന്ന നങ്ങേലി പിന്നേയും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു.
കഴുകി വെയ്ക്കുന്ന ഓട്ടു പാത്രങ്ങളുടെ തിളക്കം നോക്കിക്കൊണ്ടിരുന്ന മായ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.
ചുറ്റും ഇരുട്ടായിരിക്കുന്നു.
ഇത്രയും സന്ധ്യ യായത് അറിഞ്ഞതേയില്ല.
കുളത്തിന്റെ വക്കത്തെ ആല്മരത്തില്‍ ചേക്കേറിയ ഇരുട്ട് പ്രതിഫലിപ്പിച്ച ജലം ഇരുണ്ട് കറുത്തു. ആല്‍ മരത്തിന്റെ ഇലകള്‍ എന്തോ പിറിപിറുത്തു
മായക്ക് വല്ലാത്ത പേടി തോന്നി. നങ്ങേലിയുടെ വാക്കുകളിലൂടെ പൊന്തി വന്ന ആ വലിയ കോട്ട പോലത്തെ ഇല്ലത്ത് അവസാനിക്കാത്ത ഇടനാഴികളിലൂടെ ഓടിയോടി മായ കിതച്ചു.
മായ പെട്ടന്നു എണീറ്റ് പടവുകള്‍ ഓടിക്കയറി.
കുഞ്ഞാത്തലേ.. നിക്കൂ..
ശിവ..ശിവ…ഇപ്പോ എല്ലാം ചെന്നങ്ങട് എഴുന്നള്ളിക്കും.
ഇന്നു നങ്ങേലിക്കിള്ളത് ഒറച്ചു.
മായ വടക്കിനിയിലേക്കോടി. അമ്മ അവിടെയില്ല. അടുക്കളയിലുണ്ടാവും. പക്ഷെ അങ്ങോട്ട് പോകണമെങ്കില്‍ ഇടനാഴി കടക്കണം.
ഇടനാഴിയില്‍ ലൈറ്റിട്ടിട്ടില്ല.
ഈ ശ്വരാ… മായ വല്ലാതെ പേടിച്ചു ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി.
അര്‍ജ്ജുനാ ഫല്‍ഗുനാ..
മായ മുറ്റത്തേക്കോടി. ഉമ്മറ ക്കോലായില്‍ നിലവിളക്കിന്റെ വിളറിയ നാളം. അതിന്റെ പിന്നില്‍ ചമ്പ്രം പടിഞ്ഞിരുന്നു …ആടുന്നതാരാ ?
അയ്യോ..അതാരാ..അതോ തോന്നിയതോ? അല്ല ആരോ ഉണ്ട്. .. ഒരാളല്ല. ആരൊക്കെയോ..
മായ കണ്ണുകളിറുക്കിയടച്ചു തുറന്നു.
പടിപ്പുരയില്‍ ലൈറ്റുണ്ട്.
ഓടി ക്കിതച്ചു അവിടെ ചെന്നപ്പോള്‍ അച്ഛനും അമ്മയും അവിടെയിരിക്കുന്നു.
ഓടിച്ചെന്നു അവരുടെ നടുവില്‍ തിക്കിത്തിരക്കി ഇരുന്നു.മായ നന്നായി കിതക്കുന്നുണ്ടായിരുനു.
അമ്മ അമ്പരന്നു ….
ന്തിനാ കുട്ടീ…ങനെ ഓടീത്?
മായ കണ്ണടച്ചു അമ്മയുടെ മാറത്തേക്ക് ചാഞ്ഞു. അമ്മ മായയെ കെട്ടി പ്പിടിച്ചു ചിരിച്ചു.
ങനെ ഒരു പേടി ത്തൊണ്ടി. പകലൊക്കെ വല്യ മിടുക്കാണു്.ഇരുണ്ടാല്‍ മതി അമ്മയുടെ മുണ്ടിന്‍ തുമ്പത്ത്.!
അമ്മ ഇറുകെ പുണര്‍ന്നപ്പോള്‍ മായ ഒരു കൊച്ചു കുഞ്ഞായി.
അമ്മ വൈകീട്ടത്തെ മേല്‍ കഴുകല്‍ കഴിഞ്ഞിരിക്കുന്നു.അലക്കിയ മുണ്ടില്‍ നിന്നും പാറ്റക്കായയുടേയും , ഭസ്മത്തിന്റെയും സുഗന്ധം. തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന മാംസളമായ കൈകളുടെ ഊഷ്മളത. ഒരു പാട് സ്‌നേഹം നിറച്ചു വെച്ചിരിക്കുന്ന നെഞ്ചിടം.
പതുപതുത്ത മെത്ത പോലെയുള്ള ഈ വയറില്‍ ചാരിയിരിക്കുമ്പോഴുണ്ടാകുന്ന ഒരു സുരക്ഷിതത്വ ബോധം ലോകത്തൊരിടത്തും തനിക്ക് അനുഭവപ്പെടാന്‍ പോകുന്നില്ല.
മായ പെട്ടന്നുറച്ചു.
നിയ്ക്ക് ഈ വേളി വേണ്ട.!
അമ്മ പെട്ടന്നു പിടിവിടുവിച്ച് മായയുടെ മുഖത്തേക്ക് ഉറ്റു നോക്കി.
ആ….നങ്ങേലി കുട്ട്യേ പേടിപ്പിച്ചിരിക്ക്ണൂ. ആ ശേഠയെ കൊണ്ട് തോറ്റൂലോ..
സത്യാവസ്ഥ നമുക്കറീല്യല്ലോ. അച്ഛന്‍ സമാധാനിപ്പിച്ചു. നെരം ഒന്നു വെളുത്തോട്ടെ. വാര്യരെ വിട്ട് അന്വേഷിപ്പിക്കാം.
അതിനു മറുപടിയായി വിഷ്ണു തന്നെ നേരിട്ടു വന്നു..⬛

തുടരും……..

മുന്‍ അധ്യായം ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/

 
Post Box Bottom AD3
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!