Home page lead banner

ഒരിക്കൽ ഒരിടത്ത്

Post ad banner after image

അധ്യായം നാല് 

പെങ്കൊടയുടേയും, വേളിയുടേയും ചടങ്ങുകളൊക്കെ ഏറ്റവും കുറച്ചു വിധിപ്രകാരം ചെയ്താല്‍ മതിയെന്നു വിഷ്ണു ശഠിച്ചിരുന്നു.
നിശ്ചയത്തിനു മായയോട് പറയേം ചെയ്തു.
ഒരു നൂറു കൂട്ടം തമാശകളൊക്കെ ചെയ്യാന്‍ എന്നെ കിട്ടില്ലാ.
കുട്ട്യോള്‍ക്ക് അറിവു കൂടുന്തോറും പഴയ ആചാരങ്ങളൊടൊക്കെ പുഛാ…! വല്യമ്മാമ ക്ക് ദേഷ്യം വന്നു.
അതൊക്കെ ഒരു പണിയുമില്ലാത്ത കാരണവന്മാര് ഇരുന്നു മുറുക്കി, നാട്ടുവര്‍ത്തമാനം പറഞ്ഞു, സദ്യയുണ്ട്, രസായിട്ടങ്ങട് കൂടാനൊക്കെ വെറുതെ ഉണ്ടാക്കിയിട്ട ആചാരങ്ങളല്ലേ. ?
വെറുതെ അസ്സംബന്ധം പറയരുത്. അറിയില്ല്യാച്ചാല്‍ വിദ്വാന്‍ മിണ്ടാണ്ടിരിക്ക്യാ…
ദിവസങ്ങളോളം നീണ്ടു നില്ക്കുന്ന ആചാരങ്ങളും ചെയ്ത് കൂടാന്‍ ഇപ്പഴത്തെ കുട്ടികള്‍ക്ക് എവടെയാ നേരം..?
അമേരിക്കയില്‍ ഡോക്ടറായ കുട്ടിമാമ പറഞ്ഞു.
പമ്പര വിഡ്ഡി..! വല്യമ്മാമ കയര്‍ത്തു.
ഓരോ രോ ആചാരങ്ങള്‍ക്കും, അനുഷ്ടാനങ്ങള്‍ക്കും അതിന്റേതായ മാഹത്മ്യങ്ങളും നിര്‍വ്വചിച്ചിട്ടുണ്ട് ഗ്രന്ഥങ്ങളില്‍.
പരമ പണ്ഡിതന്മാര്‍, ഗണിച്ച്, കുറിച്ചു വെച്ചിട്ടുള്ള നിഷ്‌കര്‍ഷകളൊക്കെ മറികടക്കണതാണു പരിഷ്‌കാരം ..ന്ന്, നിശ്ചയിച്ചിരിക്യാ ചെലോരൊക്കെ…. ബ് ടെ.
അമേരിക്കയില്‍, കൂടെ ജോലി ചെയ്യുന്ന ഈഴവ സമുദായത്തിലെ ഒരു ഡോക്ടറെ വിവാഹം കഴിച്ചിട്ടുള്ള കുട്ടിമാമ പെട്ടന്നു പിന്‍ മാറി.
തളത്തിലേക്ക് കടന്ന കുട്ടിമാമ, മായയെ കണ്ണിറുക്കി കാണിച്ചു .
ഹേയ് ..,വെറുതെ ..എന്ന്.. കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചു ചിരിച്ചു.
എന്നാലും അമ്മായിയെ കൂട്ടാന്മായിരുന്നു. മായ പറഞ്ഞു.
കൂട്ടീട്ട് എന്തിനാ..അവടെ ത്തന്നെ പഠിച്ചു വളര്‍ന്ന കുട്ട്യാണ്.ഇവരുടെ മോന്തയും, മൊകറും കണ്ട് പേടിക്കാന്‍.! ചിറ്റ പെട്ടന്നു പറഞ്ഞു.
ഉണ്ണീ..അരുന്ധതീടെ അസ്ഥിത്തറയില് ….
അമ്മ ഒരു പിന്‍ വാങ്ങലോടെ ..പതിഞ്ഞ സ്വരത്തില്‍ അന്വേഷിച്ചു
കുട്ടിമാമ ഏട്ത്തിയെ നോക്കി തല കുനിച്ചു.
ചെന്നീരു ന്നു,…പക്ഷെ അനിയന്‍ കുട്ടന്‍ അനുവദിച്ചില്ല.!
കുട്ടിമാമയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.
കുട്ടിമാമയും അനിയേട്ടനും രണ്ടുടലും ഒരു ഉയിരും ആണെന്നാണ് എല്ലാവരും പറയാറ്.
പെട്ടന്നു കുട്ടിമാമ വിഷയം മാറ്റി.

ഞാന്‍ ഡല്‍ഹിയില്‍ ഒരു കോണ്‍ഫറന്‍സിനു വന്നതാണ്.അപ്പൊ എല്ലാവരേയും ഒന്നു കാണാമെന്നു കരുതി. പ്രത്യേകിച്ചു മായക്കുട്ടനെ . കല്യാണമല്ലേ കുട്ടീടെ.
മായ ഭാഗ്യം ചെയ്ത കുട്ട്യാണ് . വിഷ്ണുവിനെ ഞാന്‍ കണ്ടു. മിടുക്കനാണ്. പിന്നെ , പുറം ലോകം കണ്ടതിന്റെ വെളിച്ചം ഉണ്ട് ആ കണ്ണു കളില്‍.
കുട്ടിമാമ വെളി കഴിഞ്ഞല്ലെ പോകൂ.
നോക്കട്ടെ.
വിവാഹത്തിനു കാക്കില്ലാന്നു മായയ്ക്കറിയാം.കുട്ടി മാമ കാരണവന്മാര്‍ ഒത്തു കൂടുന്നിടത്ത് വരില്ല.
എല്ലാവരുടേയും കണ്ണുകളില്‍ വീണ കരടാണു കുട്ടിമാമ. തറവാട്ടിലെ ആദ്യത്തെ കളങ്കം.
കുട്ടിമാമ പോക്കറ്റില്‍ നിന്നും ഒരു ചെറിയ വെല്‍ വെറ്റിന്റെ പെട്ടി എടുത്ത് മായയുടെ കൈ പിടിച്ചു ഉള്ളം കയ്യില്‍ വെച്ചു. ഇതു ഇപ്പൊ തന്നെ ഏല്‍പ്പിക്കട്ടെ. അമ്മായിയുടെ വക.
ചുവന്ന പട്ടിന്‍ കഷ്ണത്തില്‍ പൊതിഞ്ഞ കുതിരപ്പവന്‍. അതില്‍ ഒരിക്കലും കാണാത്ത അമ്മായിയുടെ സ്‌നേഹം തെളിഞ്ഞു.!
ഒരു തരത്തില്‍ പറഞ്ഞാല്‍, എല്ലാവരും എന്തിനാണു ഈ അമ്മായിയെ ഇങ്ങിനെ വെറുക്കുന്നതാവോ?
പക്ഷെ,.. പരോക്ഷമായിട്ടാണെങ്കിലും അരുന്ധതി ഏട് ത്തിയുടെ ദുരന്തത്തിനു ഉത്തരവാദി ഈ അമ്മായിയുടെ  അസ്തിത്വമല്ലെ..?
അമ്മായി എന്ന സ്ഥാനപ്പേര് വെറുതെ സ്വന്തം ഭാര്യക്ക് നല്കി കുട്ടിമാമ ആശ്വസിക്കുന്നതാണ്. കുട്ടിമാമക്കുമില്ല ഒരു സ്ഥാനവുമെന്ന് കാരണവന്മാര്‍ നിശ്ചയിച്ചിട്ടുള്ളതാണ്‌.
എന്നാലും ബന്ധം അങ്ങട് ഇല്ല്യാണ്ടാവ്വൊ. ? അമ്മ പറഞ്ഞു കരഞ്ഞത് മായ ഓര്‍ക്കുന്നു.
അമ്മയുടെ ജീവനാണു ഇളയ ആങ്ങള.!
കുട്ടിമാമ അമേരിക്കയില്‍ വിവാഹം കഴിച്ചു വെന്ന് വളരെ വൈകിയാണു നാട്ടില്‍ അറിഞ്ഞത്.
അതു വരെ എന്നും വ്രതം നോറ്റ്, കാത്തിരുന്ന അരുന്ധതി ഏട്ടത്തി, വിവരം അറിഞ്ഞ ദിവസം ഒന്നുമറിയാത്തതു പോലെ നിറുത്താതെ ജോലി ചെയ്തു കൊണ്ടേയിരുന്നു.
വല്യമ്മയും, വല്യച്ഛനും, അനിയേട്ടനും എല്ലാവരേയും കുറ്റപ്പെടുത്തി.
മായയുടെ അമ്മ യാണു ഏറ്റവും വലിയ ശത്രു.
ചിറ്റക്ക് അറിയാമായിരുന്നില്ല്യേ…അനിയേട്ടന്‍ ദേഷ്യം കൊണ്ട് ചുവന്നു.
അറിയിണ്‍ ണ്ടാര്‍ന്നില്ല അനിയന്‍ കുട്ടാ…വിദ്വാന്‍ പറഞ്ഞെങ്കിലല്ലേ അറിയൂ…
ചിറ്റക്കറിയോ…അരുന്ധതി കാണിക്കാത്തതാ പൊറത്തയ്ക്ക്. ഒരക്ഷരം മിണ്ടീട്ട് എത്ര ദിവസായീന്നറിയ്യോ…
ന്താ ചെയ്യാ…ന്റെ ദേവീ..ഉണ്ണീങ്ങനെ കാണിക്കും ന്ന് ആരെങ്കിലും നിരീച്ചോ..?
അഛന്‍ ഒരു ഉപാധി കണ്ടു,.
ആരെയെങ്കിലും ഉടനടികണ്ടു പിടിച്ച്, അവള്‍ടെ പെങ്കൊട അങ്ങട് നടത്വാ.
ഉണ്ണി ചെലപ്പോ ഇങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല്യ.
വല്യഛന്‍ ശബ്ദമുയര്‍ത്തി.
ങ് ഹാ…നമ്പൂരാരു ഇങ്ങനെ നെരന്നു നിക്ക്വല്ലേ ..പിടിച്ചു കൊണ്ടരാന്‍.?
നെണക്കായിരുന്നൂലോ ശിമേലിക്ക് വിട ണന്ന് വല്യ താത്പ്പര്യം ണ്ടായത്. പ്പൊ..എന്തായീ.. വെല്ല്യമ്മ പൊട്ടിത്തെറിച്ചു.
ഏട്ത്തി വെഷമിക്കാണ്ടിരിക്കൂ.. ഒക്കെ ശരിയാവും.!
നീണ്ടു നീണ്ടു പോയ ചര്‍ച്ചകള്‍. മായക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പ്രശ്‌നം അരുന്ധതി ഏട്ടത്തിയും കുട്ടിമാമയും ആണെന്നു മനസ്സിലായി.
കുട്ടിമാമ കോളേജില്‍ പഠിക്കുമ്പോള്‍, അരുന്ധതി ഏട്ത്തി തുണിയലക്കുന്ന പടവിലിരുന്നു വര്‍ത്തമാനം പറയുന്നത് കാണുമ്പോള്‍ മായ കുതിച്ചെത്തും.
അപ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് മായയെ മടക്കി അയക്കാന്‍ നോക്കുന്ന കുട്ടിമാമയെ ഒരു പ്രത്യേക ഭാവത്തോടെ നോക്കി പുഞ്ചിരിച്ച് തലയാട്ടുന്ന ഏട്ത്തിയുടെ അത്രയും സുന്ദരി ആരുംല്യാന്നു തോന്നിയിട്ടുണ്ട്.
കണങ്കാലറ്റം വെള്ളത്തില്‍ നില്ക്കുന്ന അരുന്ധതി ഏട്ത്തി ഇളക്കി വിടുന്ന ഓളങ്ങളില്‍ വെട്ടിത്തിളങ്ങുന്ന പോക്കുവെയില്‍ ആ കവിളത്തും മാറത്തും പ്രതിഫലിക്കുന്നതും നോക്കിയിരിക്കുന്ന കുട്ടിമാമ പറയും.
ദേ..അമ്മ വിളിക്കുണൂ. മായക്ക് പഠിക്കാനൊന്നൂല്യേ. പക്ഷെ മായ പോവില്ല.
കുട്ടിമാമയുടെ മുറിയിലും ഏട്ത്തിയെ എത്ര തവണ കണ്ടിരിക്ക്ണൂ.
ഒരിക്കല്‍ ഓണത്തിന്റെ അന്നു അറയിലേക്ക് കടന്ന മായ വിളിച്ചു പറഞ്ഞു.
അമ്മേ…ഇതാ കുട്ടിമാമ ഏട്ത്തിയെ..
കുട്ടിമാമ മായയെ ഓടിച്ചിട്ട് പിടിച്ച് വായ പൊത്തിപ്പിടിച്ചു.
ഈ… ക്രിമി…എല്ലായിടത്തും എത്തൂലോ ഭഗവാനേ.
കുട്ടിമാമ അമെരിക്കയിലേക്ക് പോയ ദിവസം ഏട്ത്തി ഒന്നും കഴിച്ചില്ല.
വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടു വന്നാല്‍ ഓടും ഏട്ത്തിയുടെ പടിഞ്ഞാറ്റയിലേക്ക്. മേശ വലിപ്പില്‍ നിറയെ കുട്ടിമാമയുടെ കത്തുകളായിരിക്കും.
മായ വലുതാവുന്നതോടൊപ്പം കുട്ടിമാമയുടെ കത്തുകള്‍ വിരളമായതിനെച്ചൊല്ലി ഏട്ത്തി പരിഭവം പറയുന്നതൊക്കെ മനസ്സിലാവാന്‍ തുടങ്ങി.
പരിഭവങ്ങള്‍ പിന്നീട് കണ്ണീരായി.
അല്ലെങ്കിലും ഈ ആണുങ്ങളൊക്കെ ഇങ്ങിനെയാ.
പുണ്ണു കുത്തി നോവിക്കുന്നവര്‍ ഏട്ത്തിയെ കരയിപ്പിച്ചു കൊണ്ടേയിരുന്നു.
അനങ്ങിയാല്‍ പഴുപ്പും ചോരയും ഒലിക്കുന്ന ഒരു നോവായി, കുട്ടിമാമയുടെ ഓര്‍മ്മകള്‍ പേറുന്ന അരുന്ധതി ഏട്ത്തി, പതുക്കെ വര്‍ത്തമാന കാല ത്തില്‍ നിന്നും ഒരു തിരശ്ശീലയുടെ പിന്നിലേക്ക് മറഞ്ഞു.
ലോകം കാണാത്തേന്റെ ദോഷാ..ദ്. ഒക്കെ മറക്കണം. അഛന്‍ ഗുണ ദോഷിച്ചു.
കുട്ടിയെ വല്ല ടി.ടി.സിക്കൊ മറ്റോ അയച്ചു പഠിപ്പിക്കണം . പുറത്തു പോയി ഒരു ജോലിയൊക്കെ ആവുമ്പോള്‍ എല്ലാം ശരിയാവും. അല്ലാതെ വീടിനകത്തു തന്നെ ഇങ്ങനെ ചടഞ്ഞു കൂടിയിരുന്നാ ലോ.?
ഇതൊക്കെ ഒരു യോഗാന്നങ്ങട് കൂട്ട്വാ..
അവനിപ്പൊ അതാ ഇഷ്ടം ന്ന്വച്ചാ….പിന്നെ എന്താ ചെയ്യാ..പിടിച്ചു കെട്ടിയാല്‍ നില്‌ക്ക്വോ. ഇഷ്ടമുള്ളവര്‍ ഒരുമിക്കട്ടെ. ദൈവഹിതം.
അരുന്ധതി ഏട് ത്തിയുടെ അപ്പോഴത്തെ ഭാവം മായക്ക് മറക്കാന്‍ കഴിയില്ല.
അതു വരെ കുട്ടിമാമയെ പറ്റി പലതും കേട്ടിരുന്നെങ്കിലും അഛന്റെ വാക്കുകളില്‍ ഏട്ത്തിയുടെ പ്രതീക്ഷയുടെ അവസാനത്തെ നൂലിഴയും അറ്റുവീണു.
എങ്ങും കേന്ദ്രീകരിക്കാത്ത മിഴികളൊടെ നിന്നിരുന്ന ഏട്ത്തി പിന്നീട് കരഞ്ഞതേയില്ല.
പക്ഷെ ഏട്ത്തിയെ നോക്കി മറ്റുള്ളവര്‍ കരഞ്ഞു.
ഏട്ത്തി തീര്‍ത്തും ചുരുങ്ങി ഒരു ചെറിയ തൊണ്ടിലൊളിച്ചു. ! ആരേയും തിരിച്ചറിയാന്‍ കൂട്ടാക്കിയില്ല. വല്യച്ഛന്റെ തായ് വഴിയിലെ ഒരേയൊരു പെണ്‍ തരി. മോഹങ്ങളും പ്രതീക്ഷകളും എല്ലാം തകര്‍ത്ത് കൊണ്ട് ഒരു നോക്കു കുത്തിയെ പോലെ നിര്‍ജ്ജിവമായി നിലകൊണ്ടു.
എല്ലാവരും കുട്ടിമാമയേയും, ഒരിക്കലും കണ്ടിട്ടില്ലാത്ത അമ്മായിയേയും ശപിച്ചു.
ഇതൊന്നുമറിയാതെ, നക്ഷത്ര ക്കണ്ണു കളില്‍ സ്വപ്നങ്ങളുമായി കുട്ടിമാമയുടെ ജീവിതത്തിലേക്ക് വലതു കാല്‍ വെച്ചു കയറിയ അമ്മായി,…മേലെപ്പാട്ടെ ഇല്ലം കാക്കുന്ന സര്‍പ്പങ്ങളുടെ ശാപത്തിനിരയാവണേ എന്നു വല്യമ്മ ശപിച്ചത് അമ്മായി അറിഞ്ഞില്ല.
കുട്ടിമാമ ഒരിക്കലും വന്നില്ല. പക്ഷെ വിവരങ്ങള്‍ അറിയുന്നുണ്ടായിരുന്നു.
ഏതെങ്കിലും ഒരു ഡോക്ടറെ കണ്ട് ചികിത്സിപ്പിക്കാന്‍ പറഞ്ഞിരുന്നു. പക്ഷെ വല്യമ്മ സമ്മതിച്ചില്ല.
ന്റെ കുട്ടിയെ ഭ്രാന്തന്മാരുടെ ആശുപത്രിയി ലോ..ഞാന്‍ സമ്മതിക്കില്ല. ഞാന്‍ മരിക്കണം.
അപ്പോഴേക്കും ഏതാണ്ട് മരണത്തിലേക്കുള്ള ഇടനാഴിയില്‍ നിരങ്ങിയെത്തിയ അരുന്ധതി ഏട്ത്തി എപ്പോഴും നിരാഹാരം. ഒന്നും കഴിക്കില്ല.
കുട്ടിമാമയുടെ ആയുസ്സിനും, ദീര്‍ഘ സുമംഗലീഭാഗ്യത്തിനും ഒക്കെ അനുഷ്ടിച്ചു പോന്ന വ്രതത്തിന്റെ ഓര്‍മ്മ മാത്രം ഉറഞ്ഞുകൂടിയ ആ കൊച്ചു തല താളം തെറ്റി ചിന്തിക്കുന്നുണ്ടാവണം.
ആരോടും സംസാരിക്കില്ല. എന്നും നിരാഹാരം.
ടൗണിലുള്ള ആശുപത്രിക്ക് ഏട്ത്തിയെ രക്ഷിക്കാനായില്ല.സാവധാനം ജീവിതം മറന്ന ഏട്ത്തിയുടെ അസ്തിത്വം പകലത്തെ ചന്ദ്രനെ പോലെ വിളറി അവസാനിച്ചു.
ഏതോ ഒരു നാള്‍ ഒരോര്‍മ്മതെറ്റു പോലെ കുട്ടിമാമ കയറിവന്നു. അമ്മ ഒരു പാട് കരഞ്ഞു.കുട്ടിമാമയും.
എല്ലാവരുടെ കണ്ണീരും തളം കെട്ടിയ കയത്തില്‍ കുട്ടിമാമയ്ക്ക് ശ്വാസം മുട്ടി.
സ്വന്തക്കാരെല്ലാവരും അകറ്റി നിര്‍ത്തിയ കുട്ടിമാമക്ക് പഷെ ആരേയും ഉപേക്ഷിക്കാനായില്ല.
പിന്നീട് ..പലരും കൊള്ളി വാക്കുകള്‍ പറയുമെങ്കിലും ഇടക്ക് ഇതു പോലെ വല്ലപ്പഴും വരും.
മായക്കുട്ടന്‍ ഡല്‍ ഹിക്ക് പോയിക്കഴിയുമ്പോള്‍, ജോലിക്ക് ശ്രമിക്കണം ട്ടോ.വെറുതെയിരിക്കരുത്.
”ഐഡില്‍ മൈന്‍ഡ്, ഡെവിള്‍സ് വര്‍ക് ഷോപ് ‘ എന്നു കേട്ടിട്ടില്ലെ?
ഈ നാടിനു പുറത്ത്, മറ്റുള്ള സംസ്‌കാരങ്ങളും, രീതികളുമൊക്കെയായി ഇട പഴകുമ്പോഴാണു് നാം മാനസികമായി വളരുക.
അല്ലെങ്കില്‍, ഇങ്ങിനെ ഓടിയ വട്ടത്തില്‍ തന്നെ കിടന്നു ഓടി യോടി തലചുറ്റും.മുന്നോട്ട് ഒരു പാതയുണ്ടെന്ന് മനസ്സിലാക്കാന്‍ കൂട്ടാക്കുകയുമില്ല.
എന്നാലും കല്യാണം കഴിഞ്ഞിട്ട് പോയാ പ്പോരേ കുട്ടാ..
അമ്മയുടെ കണ്ണു നിറഞ്ഞു.
മായയ്ക്കും വിഷമമായി.
വേളിയുടെ ചടങ്ങുകള്‍ കുറക്കണ മെന്നു പറയുമ്പോഴൊക്കെ, …. ആവാം എന്നു വല്യമ്മാമ പറയുമെങ്കിലും ഓരൊന്നും ഒഴിവാക്കാന്‍ പറ്റാത്തതാണെന്നു പറഞ്ഞ്. നാലു ദിവസം മുമ്പേ തുടങ്ങി.
അഗ്‌നി ഹോമം ഒഴിവാക്കാന്‍ പറ്റില്ല.അയ്‌നിയൂണൊ.
അതു നിങ്ങടെ ഇഷ്ടം. അവരെന്തോ ആയ്‌ക്കോട്ടെ .. വ്‌ടെ അതൊക്കെ വേണം.
എന്നാ പിന്നെ ഇനി എന്താ ബാക്കി.
ഗണപതി നിവേദ്യം, പ്രായശ്ചിത്ത ദാനം,നന്ദീമുഖം പുണ്യാഹം …എല്ലാം നടത്തി.
മായയുടെ അഛന്‍ വിഷ്ണുവിന്റെ കാല്‍ കഴുകാന്‍ കുനിഞ്ഞപ്പോള്‍ വിഷ്ണു സമ്മതിച്ചില്ല.
മായയും, വിഷ്ണുവും, പരമ്പരാഗതമായ വസ്ത്രത്തിനു പകരം സധാരണ മുണ്ടും വേഷ്ടിയും.
ആയിരത്തിരി വെച്ച പാത്രം കൊണ്ട് വധുവിനെ ഉഴിയൂന്നത് ഒക്കെ വേണ്ടെന്നു പറഞ്ഞിരുന്നെങ്കിലും ,ചിറ്റ അതൊക്കെ കരുതിയിരുന്നു.
ഇതൊക്കെ ഒരു രസല്ലേ .
മുഖം കാണിക്കലും വേണം.
എല്ലാവരും പറഞ്ഞു. ശിവ പാര്‍വ്വതി പോലെ അത്രയും ചേര്‍ച്ച .
വധുവിന്റെ കയ്യിലേക്ക് വെള്ളമൊഴിച്ചു അതിനടിയില്‍ വിഷ്ണുവിനോട് കൈ കാണിക്കാന്‍ പറഞ്ഞപ്പോള്‍ ചിറ്റ പറഞ്ഞു.
മൂപ്പര്‍ക്ക് ക്ഷമ നശിച്ചു ട്ടൊ.
വിഷ്ണു വെറുതെ ചിരിച്ചു മായയെ നോക്കി.
രണ്ടുപേരും കുനിഞ്ഞു പരസ്പരം നെറ്റി മുട്ടിച്ചു നിന്നപ്പോള്‍ വിഷ്ണു വിന്റെ മുഖം അത്രക്കും അടുത്തു കണ്ടു. വിഷ്ണു മായയുടെ താലിയിലേക്കാണു നോക്കിയതെന്നു തോന്നി.

നങ്ങേലിക്ക് നൂറു നാക്കായിരുന്നു.
എനി ആരും ല്യാ ബാക്കി ഈ കരേല് സദ്യ ഉണ്ണാന്‍.
!നങ്ങേലിയുടെ വക.
നാട്ടിലിങ്ങനെ ഒരു സദ്യ ഉണ്ടായിട്ടില്ല. എനി ഉണ്ടാവാന്‍ പോണൂല്യാ..നങ്ങേലിക്ക് പുതിയ മുണ്ടും വേഷ്ടിയും കൂടാതെ പൊന്നിന്റെ ഒരു പതക്കവും കിട്ടിയതിന്റെ സന്തോഷം.
പിന്നെ മായ ഉപയോഗിക്കാത്ത ഒരു കാപ്പും കൊടുത്തു.
ദ്…പൊന്നല്ലേ കുട്ട്യേ…നിക്കൊതൊന്നും വേണ്ടേയ്.
എടുത്തോ നങ്ങേലീ.
കുളി കഴിഞ്ഞപ്പോള്‍ മായ പെട്ടന്നോര്‍ത്തു. തന്റെ വിവാഹം കഴിഞ്ഞിരിക്ക്ണു. അതു ശരിക്കും അങ്ങട് കഴിഞ്ഞല്ലോ എന്ന് ഉള്‍ക്കിടിലത്തോടെ മായ ഓര്‍ത്തപ്പോള്‍ സന്തോഷമാണോ, സങ്കടമാണോ എന്നു നിശ്ചയമില്ലാത്തതു പോലെ.
അന്നും, പിറ്റേന്നും ഗന്ധര്‍വ്വന്റെ മുമ്പില്‍ ഒറ്റക്ക് ചെന്നു പെടാതെ ഒഴിഞ്ഞു മാറി നടന്നു.
മുത്തശ്ശിയും ചിറ്റയുമൊക്കെ കളിയാക്കി.
കോളേജിലൊക്കെ പ്ഠിച്ച കുട്ട്യാത്രെ. ങനേണ്ടൊരു പേടി.?
വിഷ്ണു പറയണ കേട്ടില്ലേ. ലീവ് തീരാറായി. അമ്മാത്തന്നെ കൂട്യാ മതിയോ.
”കുടിവെപ്പിനു ”വിഷ്ണുവിന്റെ ഇല്ലം ഒരുങ്ങി.
എല്ലാം ബഹു കേമമാകണമെന്ന് ഏട്ടന്‍ തിരുമേനി.

വര/ കെ. ടി. ബ്രിജി

അമ്മാത്ത് നിന്നു ള്ള പറിച്ചു നടല്‍ വേദനാജനകമായിരുന്നു. നമ്പൂതിരിപ്പാടിനു അടക്കാന്‍ കഴിയുന്നില്ല.
അകത്തും പുറത്തും തുള്ളിച്ചാടി നടന്ന ആ കുസൃതിക്കുട്ടനില്‍ നിന്നും,ഈ വേളിപ്പെണ്ണിലേക്ക് ള്ള വളര്‍ച്ചയ്ക്ക് നിമിഷങ്ങളേ വേണ്ടിവന്നുള്ളു. എന്നുമെന്നും കോളെജില്‍ നിന്നും വരുന്ന മായയെ കാത്തുള്ള നില്പ്പ്. പിന്നീടുള്ള നീണ്ട നടത്തം .ചേക്കേറുന്ന കാക്കകളെ കല്ലെടുത്ത് എറിഞ്ഞു ശല്യം ചെയ്തു അവയുടെ കാറുന്ന പരിഭവത്തെ കൊഞ്ഞനം കുത്തി പൊട്ടിച്ചിരിക്കാറുള്ള ന്റെ കുട്ടി.
മകളെന്നതിലുപരി..ഒരു സുഹൃത്തിനെ യാണു നഷ്ടമാവുന്നത്. അവളുടെ അകാരണമായ പേടി യെ പറ്റി ഓര്‍ത്താലും വിഷമം. നാളെ മുതല്‍ അവള്‍ ഈ വീട്ടിലുണ്ടാവില്ല എന്നതു ഓര്‍ക്കാന്‍ തന്നെ വയ്യ.
മായ അഛനെ അഭിമുഖീകരിക്കാന്‍ തന്നെ വിഷമിച്ചു.അഛനിങ്ങനെ കരയുന്നത് ആദ്യമായാണു കാണുന്നത്.
മായയുടെ മനസ്സ് കീറിമുറിഞ്ഞു.
അമ്മയുടെ മുഖത്ത് നോക്കിയപ്പോള്‍ തന്നെ ഏങ്ങലടിക്കാന്‍ തുടങ്ങി.
നങ്ങേലി അടുക്കളയില്‍ നിന്ന് കരയുകയാണു്.
തൊഴുത്തിലെ പൈക്കള്‍ പോലും ചെവി വട്ടം പിടിച്ചു സ്തംഭിച്ചു നിന്നു.
അവയോടൊക്കെ കുശലം പറയാറുള്ള മായക്കുട്ടന്‍ പോവ്വാണ്.
തളത്തിലും മുറ്റത്തും, അര്‍ഥമില്ലാത്ത വാക്കുകള്‍ അലഞ്ഞു .എല്ലാവര്‍ക്കും ഒരേ പ്രശ്‌നം തന്നെ. മായയുടെ അഛനുമമ്മയേയും ആശ്വസിപ്പിക്കണം. കുട്ടീം കൂടെ പോയാല്‍ ഇല്ലത്ത് ഒച്ചയും അനക്കവുമൊന്നും ഉണ്ടാവില്ല.
ഒടുവില്‍ വല്യമ്മാമ ശകാരിച്ചു.
എന്നാലും, പെങ്കുട്ട്യോളെ ഒരാളെ ഏല്പ്പിക്കതെ പറ്റ്വോ..?
മതി മതി ..രാഹുകാലത്തിനു മുമ്പേ പൊറപ്പെട്വാ. ദ് പ്പൊ ശീമേല്‌ക്കൊന്ന്വല്ലല്ലോ പോവണതേയ്.
വേദനിപ്പിക്കുന്ന ഒരു നിശ്ശബ്ദത ..,അങ്ങുമിങ്ങും വീര്‍ത്തു കെട്ടി.
ആരേം പിരിഞ്ഞിരുന്നിട്ടില്യാ ….കുട്ടീ.വല്യ പേട്യാണേനും.!
അമ്മ വിങ്ങിപ്പൊട്ടി.
അവടെ ചെല്ലുമ്പൊ നോക്കിം കണ്ടും ഒക്കെ പെരുമാറണം ട്ടൊ കുട്ട്യേ. വല്യമ്മാമ മായയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
കുസൃത്യൊന്നും ഒപ്പിക്കരുത് കാളക്കുട്ടന്‍. വല്യമ്മാമ കണ്ണു തുടച്ചു.
ഉം…പുറപ്പെട്വാ.

തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/

 

 

 
Post Box Bottom AD3
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!