ഒരിക്കൽ ഒരിടത്ത്

അധ്യായം മൂന്ന്
മായ അമ്പലമുറ്റത്ത് നിന്ന് തൊഴുതു. കോളേജ് അടച്ചതിനു ശേഷം എന്നുമുള്ള പതിവ്. തൊഴുത് കഴിഞ്ഞ്, അമ്പല പരിസരത്തും മറ്റും ഒരു ചെറിയ നടത്തം.
പിന്നെ ആല്‍ത്തറയില്‍ ഒരല്പ്പ നേരം.
പലപ്പോഴും ഈ ഭൂമിയിലായിരിക്കില്ല. ഒരു ഒളിച്ചോട്ടം. തനിക്ക് മാത്രം സ്വന്തമായ മനസ്സിന്റെ തീരങ്ങളിലേക്ക്.
അകലെ…മാന്ത്രിക ബ്രഷ് കൊണ്ട് വര്‍ണ്ണങ്ങള്‍ ചാലിച്ച് ഞൊടിയിടയില്‍ വിസ്മയം തിര്‍ക്കുന്ന ആകാശം നോക്കിയിരിക്കും.
അസ്തമയ സൂര്യന്റെ അവസാന നിമിഷങ്ങളില്‍, തിളച്ചു മറിയുന്ന ഒരു വ്യഥ ഉള്ളിലടക്കുന്ന ആകാശം. അതു മറയ്ക്കാനായി മാറി മാറി അണിയുന്ന നിറങ്ങള്‍. ഒടുവില്‍ സൂര്യനില്ലാത്ത തിരുമുറ്റത്ത് ഒറ്റപ്പെട്ടു നില്ക്കുന്ന ആകാശം,വര്‍ണ്ണങ്ങള്‍ ചാലിച്ച കിണ്ണം തട്ടിമറിച്ചു. ഒരു സ്തംഭനാവസ്ഥയില്‍ ഗദ്ഗദം മറച്ച് പിടിച്ച സന്ധ്യ ചിതറിയ വര്‍ണങ്ങളെല്ലാം തുടച്ചെടുത്ത് ഇരുളില്‍ പൊതിഞ്ഞു വെച്ചു.
ഇങ്ങിനെ, ഒന്നു രണ്ടു കവിതകള്‍ എഴുതി.അകലങ്ങളിലെ അത്ഭുതത്തെ പറ്റി.
ആരെങ്കിലും ഉണ്ടോ അവിടെ ?ആ മുറ്റത്ത് നിന്നു താഴേക്ക് നോക്കിയാല്‍ എങ്ങിനെയിരിക്കും?!ചിറകുകളുള്ള ഒരു മേഘ ശകലം കടമെടുത്ത് അതിലിരുന്നു …ഇങ്ങിനെ പൊങ്ങിപ്പറന്ന്..അലഞ്ഞ്…
കോളേജ് മഗസിനില്‍ കവിത അച്ചടിച്ചു വന്നപ്പോള്‍,യുവ കവിയായി അംഗീകരിക്കപ്പെട്ട റോഷന്‍ പ്പീറ്ററിന്റെ ഒരു കവിതയും ഉണ്ടായിരുന്നു.
അതിന്റെയും ഇതിവൃത്തം അസ്തമയം തന്നെ.
സന്ധ്യയുടെ കാലിഡോസ്‌കോപ്പില്‍ കൂടി നോക്കിയപ്പോള്‍
വര്‍ണ്ണ മായാജാലങ്ങള്‍ക്ക് നിരം കറുപ്പ്
ദു:ഖം!
വേര്‍പാടിന്റെ ..അതൊ അമര്‍ഷമോ?
ഇടിമുഴക്കത്തോടെ പിളര്‍ന്ന നെഞ്ചില്‍
മിന്നുന്ന നാഡീ വ്യ്യുഹമായ മിന്നല്‍പ്പിണരുകള്‍
ഉരുള്‍ പൊട്ടലിന്റെ കുത്തൊഴുകില്‍
ഉരുണ്ടിറങ്ങുന്ന ഭൂഗര്‍ഭ പാളികള്‍..
സമ്മാനം മായക്കായിരുന്നു.
എല്ലാവരും റോഷനെ കളിയാക്കി ഇടിമുഴക്കം എന്നു പേരുമിട്ടു.
അപ്പോള്‍ മായയുടേതോ…വെറും പൈങ്കിളി.
സൗന്ദര്യം മാത്രമെഴുതുന്നതാണു കവിത എന്നു വെറുതെ ധരിച്ച് വെച്ചിരിക്കുകയാണ്. കുറെ വാക്കുകള്‍, പൊള്ളയായ വികാരങ്ങളും വര്‍ണ്ണനകളും.
വെറും വയറ്റില്‍ കടും മധുരം തിന്നുന്നതു പോലെ.
ആത്തോലിനെ അമ്മ വിളിക്കണുണ്ട് ട്ടോ.ങട് പോന്ന പ്പിന്നെ സ്വപ്നം കണ്ട് വടെ എവടേങ്കിലും നിക്കണുണ്ടാവും ന്നു ഞാന്‍ പറയേം ചെയ്തു.
മോന്ത്യാവും മ്പളക്കും ചെല്ലാന്‍ പറഞ്ഞു. തൊഴുത്വൊ കുട്ടീ.
ഞാന്‍ തൊഴുതു. നങ്ങേലി തൊഴുതോളൂ.
നങ്ങേലി എന്തോ പിറുപിറുത്ത് കൊണ്ട് വലം വെയ്ക്കുന്നത് കണ്ടു മായ ചിരിച്ചു.
മന്ത്രങ്ങളൊന്നും നിശ്ശംണ്ടാവില്യ. എന്നാലും എല്ലാരും കണിക്കണ കണ്ട്, വെറുതെ ചുണ്ടങ്ക്ക്വാണെയ്.
മായ ആല്‍ത്തറയിലിരുന്നു വിളിച്ചു ചോദിച്ചു.
കോലുനാരായണാ ന്നാണോ നങ്ങേല്യേ ജപിക്കണേ..?
പരിഹസിച്ചോളൂ…പാപം കിട്ടട്ടേ.
മായ അതു കേട്ടില്ല. ആകെ തളിര്‍ത്തു നില്ക്കുന്ന ആല്‍ മരത്തിലാണു ശ്രദ്ധ ചെന്നെത്തിയത്. ഏപ്രിലിലെ അന്തിവെയിലില്‍ പുത്തനായി തളിര്‍ത്ത ഇളം പച്ച തളിരിലകള്‍ നിന്നു കുണുങ്ങി. കാറ്റൊന്നും വീശിയില്ലെങ്കിലും ആലിലകള്‍ മാത്രം ചെറുതായി വിറച്ചു കൊണ്ടിരിക്കും. അനക്കമില്ലാത്ത ചില്ലകളില്‍ ഇലകള്‍ മാത്രം കുണുങ്ങും. ഭൂമി കാഴുത്തിലണിഞ്ഞ ഇളക്കത്താലി. എത്ര കണ്ടാലും മതിവരില്ല.
പുവ്വാം കുട്ട്യേ…സ്വപ്നം കണ്ടത് മതി.
നങ്ങേലിയുടെ കയ്യിലെ ഒരു കുല കൊന്ന പ്പൂക്കള്‍ അപ്പോഴാണു മായ കണ്ടത്.
എവടന്നാ…ദ്…നങ്ങേല്യേ ?
ദാ…ആ കൊന്ന ആദ്യം പൂക്കണതാ..
ആ കുട്ടിക്കൊന്ന മേലാസ്സകലം സ്വര്‍ണ്ണ മാല ചാര്‍ത്തി നില്ക്കുന്നത് തനെന്തേ കാണാതിരുന്നത്.?
ങട് താ.. അദ്.. ന്തിനാ.. പ്പൊ അതു ഒടിച്ചതേയ്.
മായ അരുമയോടെ കൊന്നപ്പൂക്കള്‍ കയ്യിലെടുത്തു. ശരിക്കും സ്വര്‍ണ്ണ മണികള്‍ തന്നെ. ഉണ്ണിക്കണ്ണന്റെ അരഞ്ഞാണം.!
വാശിപിടിച്ച് , കോപിച്ചു.. കണ്ണന്‍ അരഞ്ഞാണം പൊട്ടിച്ചെറിഞ്ഞപ്പോള്‍ ചിതറിയ പൊന്‍ മണികളാനത്രെ കൊന്നപ്പൂക്കളായത്.
ഇങ്ങിനെ ..ഓരോ രോ കഥകളുമായിട്ടാണു ലാംഗ്വേജ് ക്‌ളാസ്സില്‍ പിഷാരടി മാഷ് കയറിവരിക.
സംസ്‌കൃതം ക്‌ളാസ്സ്, എല്ലാവര്‍ക്കും കഥകള്‍ കേട്ട് ഇരുന്നുറങ്ങാനുതാണ്. റോഷന്‍ മാത്രമുണ്ടാവും എന്തെങ്കിലും തര്‍ക്കത്തിന്.
മാഷ് കളിയാക്കും.
എഡോ..ഇറച്ചിയും മീനുമൊക്കെ കടിച്ചു പറിക്കുന്ന ഈ രാക്ഷസ്സനു സംസ്‌കൃതം വഴങ്ങുമോഡോ.
സര്‍ അങ്ങിനെ പറയരുത്. ഒരു കട്ടാളനാണു വാത്മീകി ആയത്.!പച്ച മാംസവും മറ്റും തിന്ന് ജീവിച്ചിരുന്ന കാട്ടാളന്‍.
പക്ഷെ സാറിനറിയാം..റോഷന്റെതു പോലെ സ്ഫുടതയോടെ ശ്‌ളോകങ്ങള്‍ ചൊല്ലാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന്.ഏതു സംഗീത വിരോധികളും കേട്ടിരുന്ന് പോകും.
മായക്ക് രോഷനോട് ഒരു പ്രത്യേക ആരാധനായാണു. മായ തുരന്നു സംസാരിക്കുന്നതും രോഷനോട് മാത്രം. മറ്റുള്ള പിള്ളേര്‍ കളിയാക്കും.
നമ്പൂതിരി ക്കുട്ടിക്ക് ഇല്ലത്ത് പെര്‍മിഷനുണ്ടൊ?
എന്തിനു?
പോടോ…നിങ്ങള്‍ക്ക് ഈ ഒറ്റ വിചാരമേയുള്ളു. ഒന്നു സംസാരിക്കാന്‍ പാടില്ല. അപ്പോഴേക്കും നൂലും ചരടുമായി എത്തിക്കോളും. കൂട്ടികെട്ടാന്‍.
പക്ഷെ റോഷന്റെ മയങ്ങിയ കണ്ണുകളില്‍, പലപ്പോഴും പുഷ്പങ്ങള്‍ വെച്ചു നീട്ടുന്നത് കാണായ്കയല്ല. അങ്ങിനെ ഒന്നും വളരാതിരിക്കാന്‍ പണിപ്പെട്ട് ,മനസ്സില്‍ ഒന്നും ബാക്കി വെക്കാതെ യാണു അമ്മയുറ്റെ അടുത്തേക്ക് മടങ്ങുക. ആരും ചേക്കേറാത്ത പൂമരക്കൊമ്പ് . വിഷ്ണുവിനെ കണ്ടതു മുതല്‍ മറ്റൊന്നിനും മനസ്സില്‍ ഇടവുമില്ല.
പക്ഷെ വാര്യരമ്മാവന്‍ അന്വ്വേഷിക്കാന്‍ പോയിട്ട് എന്തായ്യാവോ.അഛനു ഒരു ചെറിയ ഈര്‍ഷ്യയുണ്ട്. വിവാഹം നടക്കാതെ പോകുമോ. ?
പെട്ടന്നു നങ്ങേലി പരിഭ്രമിച്ചോടി.
നങ്ങേലി…നില്ക്കൂ…എന്തിനാ ഓടണെ..?
ദാ..ആരാ വരണെന്ന് …നോക്കൂ.
ഒട്ടും പ്രതീക്ഷിക്കാതെ ..വിഷ്ണുവിനെ കണ്ട് മായയും പരിഭ്രമിച്ചു. അതും ഒറ്റക്കു
നങ്ങേലി വേഗം നടന്നു മറയുന്നത് കണ്ട മായ എന്തു ചെയ്യണമെന്നു അറിയാതെ വേഗം നടക്കാന്‍ തുടങ്ങി.
മായ നില്ക്കൂ…!
വിഷ്ണുവിന്റെ കട്ടിയുള്ള സ്വരം.
ഞാന്‍ മായയുടെ വീട്ടിലേക്ക് തന്നെയാണു വരുന്നത്. ഇതെന്താ… എന്നെ കാണാത്തതു പോലെ..സാക്ഷാല്‍ അന്തര്‍ജ്ജനം സ്‌റ്റൈലില്‍.?
ഏതു നൂറ്റാണ്ടിലാണു മായേ ജീവിക്കുന്നത്?
വാസ്തവത്തില്‍ എനിക്ക് മായയോട് ചിലത് സംസാരിക്കാനുണ്ടായിരുന്നു.
ഒരു ഇന്‍ ട്രൊഡക്ഷന്‍ ആയാല്‍ പിന്നെ വീട്ടില്‍ ചെന്നു അഛനോട് സം സാരിക്കാന്‍ എളുപ്പമുണ്ടല്ലൊ.
വിഷ്ണുവും മായയും ആല്‍ത്തറയില്‍ ഇരുന്നു. മായ, കയ്യിലെ കൊന്നപ്പൂവില്‍ ദൃഷ്റ്റിയുറപ്പിച്ചും,ഇടക്ക് വിഷ്ണുവിനെ പാളി നോക്കിയും വിഷമിച്ചു.
ഒരു മുഖവുരക്കായി വാക്കുകള്‍ തെടുന്ന വിഷ്ണു പതുക്കെ കൈകല്‍ നീട്ടി മായയുറ്റെ കയ്യിലെ കൊന്നപ്പൂക്കള്‍ ഇറുത്ത് കയ്യില്‍ തെരുപ്പിടിച്ചു നീട്ടിയെറിഞ്ഞു കൊണ്ടിരുന്നു. മായക്കതു ഇഷ്ടമാവുന്നുണ്ടായിരുന്നില്ല.മായ പതുക്കെ.പൂങ്കുല പിന്‍വലിച്ചു.
ഓ…സോറി. വിഷ്ണു ചിരിച്ചു.
വാര്യര്‍ വന്നിരുന്നു. വിഷ്ണു പരയാന്‍ തുറ്റങ്ങി.
മായ വലിയ കണ്ണുകള്‍ വിറ്റര്‍ത്തി വിഷ്ണുവിന്റെ മുഖത്ത് നോക്കാന്‍ ശ്രമിച്ചു.തന്നെ നിര്‍ന്നിമേഷം നോക്കി ക്കൊണ്ടിരിക്കുന്ന ആ കണ്ണുകളെ നേരിട്ടു.
ഞാന്‍ നേരിട്ടു കാര്യങ്ങളിലേക്ക് വരാം.
നീന്തലറിയാത്ത ഏട്ടത്തി കുളത്തില്‍ മുങ്ങി മരിച്ചു എന്നത് ശരിയാണു്. ഞങ്ങളെയെല്ലാം ഒരു പാട് സ്‌നേഹിച്ചിരുന്ന ഏട്ടത്തിക്ക് പക്ഷെ പ്രേതമാവാനൊന്നും കഴിയില്ല. ഏട്ടത്തിയെ അലവറ്റ് സ്‌നേഹിച്ചിരുന്ന അമ്മ ആ ഷോക്കില്‍ നിന്നും കരകയറാന്‍ കുറെ കാലമെടുത്തു. നാട്ടുകാര്‍ കെട്ടിച്ചമച്ച കുറേ കഥകളാണു അമ്മയെ വേട്ടയാടിയത്.
ഏട്ടത്തിയല്ലാതെ എന്റെ അറിവില്‍ വേറെ സ്ത്രീകളൊന്നും മരിച്ചിട്ടില്ല. പിന്നെ ആരും ഇല്ലത്തു നിന്നും ഭയപ്പെട്ട് പോയതൊന്നുമല്ല.ഇപ്പൊഴത്തെ കാലത്ത് കൂട്ടുകുടുംബമായി ജീവിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. ഓരോരുത്തര്‍ക്കും അവരവരുടേതായ തിരക്ക്. മായയുടെ വീട്ടിലും മറ്റാരും ഇല്ലല്ലോ.
മായ ഇത്രയും വിദ്ധ്യാഭ്യാസ മുള്ള കുട്ടിയല്ലേ. ഇത്തരം കെട്ടുകഥകളുടേയും, ദുരൂഹതകളുടേയും ഒക്കെ പുറം തോട് പൊട്ടിച്ചെറിയാന്‍ നമ്മെ പ്പോലുള്ളവരള്ളേ ശ്രമിക്കേണ്ടത്.?
വിഷ്ണു പിന്നേയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. വിഷ്ണുവിന്റെ നെറ്റിയില്‍ പൊടിഞ്ഞു നിന്ന വിയര്‍പ്പ് തുള്ളികള്‍ തിളങ്ങി.
സാമാന്യത്തിലധികം ഉയരമുള്ള ആ രൂപവും ,ആരെയും ഒന്നു കൂടി തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്ന ഗാംഭീര്യമുള്ള മുഖവും …മായ കണ്ണിമക്കാതെ നോക്കിയിരുന്നു.
ദൃഢ മായ താടിയെല്ലുകളുള്ള മുഖം ചുവന്നു. മങ്ങുന്ന അന്തി വെളിച്ചത്തില്‍ വിഷ്ണുവിന്റെ വെളുത്ത വസ്ത്രം ഒന്നു കൂടി തിളങ്ങി.
ശുഭ്രവസ്ത്ര ധാരിയായ ഗന്ധര്‍വ്വന്‍.!
മായക്ക് വിഷ്ണു പറയുന്നതൊന്നും ശ്രദ്ധിക്കാനേ കഴിഞ്ഞില്ല..
⬛
തുടരും……..
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/