ഒരിക്കൽ ഒരിടത്ത്

Post ad banner after image

അധ്യായം ഏഴ്‌

 

വിഷ്ണുവും മായയും കൈകോർത്തു പിടിച്ചു നടന്നു. മായ ചുറ്റും നോക്കി.
പ്രകൃതി, ശരിക്കും ഒരു കവിത തന്നെ. അതിനു, ആകാശത്തിന്റെ ക്യാൻവാസിൽ മാന്ത്രിക ബ്രഷ് മുക്കി നിറം കൊടുത്ത് ചിത്രമെഴുതുന്ന ചിത്രകാരൻ ആരാണാവോ ?
വിഷ്ണു ചിരിച്ചു. പേപ്പറും പേനയും എടുത്തില്ലേ?
കളിയാക്ക്വല്ലെ? നിയ്ക്കറിയാം.
രണ്ടു കൊച്ചു മൊട്ടക്കുന്നുകളുടെ ഇടയിൽ പരന്നുകിടക്കുന്ന പാടത്ത്, തഴച്ചു നില്ക്കുന്ന ഞാറിന്റെ അതിശയിപ്പിക്കുന്ന പച്ച നിറം.
പാടത്ത്.. കുഞ്ഞലകളുണ്ടാക്കി, കുണുങ്ങി മറയുന്ന ഇളം കാറ്റ്., മൊട്ടക്കുന്നുകൾ വിരിച്ചു പിടിച്ച പച്ചപ്പട്ട് സാരി ഇളക്കി രസിക്കുന്നത് കണ്ട് നടവരമ്പത്തെ കരിമ്പനകൾ ചപ്രത്തലയാട്ടി നിന്നു.
പാടത്തിനക്കരെയുള്ള കുളത്തിലെ ജലം കാറ്റിനൊപ്പം തുള്ളിക്കളിക്കുന്നു.
പോക്കുവെയിൽ  മിന്നിമറയുന്ന ജലത്തിൽ സ്പടികമണികൾ തുള്ളിയുയരുന്നതോ, അതോ നക്ഷത്രങ്ങൾ പെയ്തിറങ്ങിയതോ.?
കുന്നിന്റെ ചരിവിലാകെ മുക്കുറ്റിപ്പൂക്കളാണ്.,കുളത്തിന്റെ കരയിൽ, വാർദ്ധക്യം ബാധിച്ച് മുതുക് കുനിഞ്ഞ ഒരു അരയാൽ. കാലം കാർന്നു തിന്ന തടിയിൽ അവിടവിടെ ഉണങ്ങി വലിയ പൊത്തുകൾ ഉണ്ടെങ്കിലും, ഇപ്പോഴും ജീവൻ വെടിയാത്ത ചില കൊമ്പുകൾ ആകാശത്തേക്കുയർത്തി ധ്യാനിക്കുന്നു.
വെള്ളത്തിലേക്ക് വേരുകൾ നീട്ടിയിരുന്ന്, നാമം ജപിക്കുന്ന ആൽ എപ്പോൾ വേണമെങ്കിലും നിലം പൊത്തും.!
മുത്തശ്ശൻ ആലിന്റെ അവസാന നിമിഷങ്ങളായി, പഴുത്തിലകൾ ഞെട്ടറ്റ് വീണു കൊണ്ടിരുന്നു.
മായ, എല്ലാം മറന്ന് അവിടെ ഇരുന്നു.

കുട്ടിയായിരുന്ന മായ അമ്മയുടെ കൂടെ അമ്പലത്തിൽ പോകുമ്പോൾ, ഇതു പോലെ അരയാൽ വേരിലിരുന്നു അമ്പലക്കുളത്തിലേക്ക് കറങ്ങി ക്കറങ്ങി വീഴുന്ന പഴുത്തിലകളിൽ ഒരു പുഴുക്കുത്തു പോലുമില്ലാത്ത ഇലയെടുത്തു വെള്ളത്തിലിട്ട്, അതിൽ ഞെട്ടറുത്ത തുമ്പ പ്പൂക്കളുടെ തലയിൽ ഒരു കുഞ്ഞു ഇതൾ തിരുകിയുണ്ടാക്കുന്ന അരയന്നങ്ങൾ വെച്ചു തുഴഞ്ഞുവിടും. ചിലപ്പോളത്.. കുറച്ചു ദൂരം ലക്ഷ്യമില്ലതെ അലയും, ചിലപ്പോൾ  മുങ്ങും.
അപ്പോഴും തുമ്പപ്പൂക്കൾ  കുഞ്ഞോളങ്ങൾക്ക് മീതെ നീന്തിക്കളിക്കുന്ന അരയന്നങ്ങളായി അവിടവിടെ പൊന്തിവരും.
ഹേയ്…സ്വപ്നജീവി ..സന്ധ്യയാവുന്നു. പോകണ്ടേ..?
വിഷ്ണുവിനു ഇതിലൊന്നും ഒരു താല്പ്പര്യവുമില്ല.
കുന്നിന്റെ മേലെ നിന്നു നോക്കിയാൽ ഇല്ലം കാണാം. കുന്നിറങ്ങിയാൽ ഒരു ക്ഷേത്രമാണ്‌. ഇല്ലത്തിന്റെ മാത്രം ക്ഷേത്രമാണ്‌. ദേവി പ്രതിഷ്ഠ.!പക്ഷെ ഇപ്പോൾ പൂജയൊന്നുമില്ലാതെ ഒരു മുടിഞ്ഞ അമ്പലം.
അങ്ങോട്ടിറങ്ങണ്ടാ ട്ടോ..മായേ. വല്ല പാമ്പും കാണും.
മായ അത് ശ്രദ്ധിച്ചില്ല.
ഇടിഞ്ഞു പൊളിഞ്ഞ മേൽക്കൂര. പക്ഷെ ചുറ്റമ്പലവും ,പടവുകളും ഒക്കെ ഒറ്റക്കല്ലിൽ കൊത്തിയതാണ്. കല്ലു പാളികൾ അടുക്കിയ നട. മതിൽ ക്കെട്ടാണു വിശേഷം. ഒറ്റക്കൽ പ്പാളിയിൽ കൊത്തിയുണ്ടാക്കിയ ദീപങ്ങളെക്കൊണ്ട് നിറഞ്ഞ മതിൽ.
പല സ്ഥലത്തും പൊളിഞ്ഞു തുടങ്ങിയെങ്കിലും എണ്ണ പകരാനുള്ള കൊച്ചു കുഴികളൊക്കെ യഥാ സ്ഥാനത്തുണ്ട്. പൊളിഞ്ഞ കൽ വിളക്കും,ചുറ്റുവിളക്കും.
പൊന്തക്കാടു കൊണ്ട് മൂടിയിട്ടുണ്ടെങ്കിലും അലറുന്ന സിംഹങ്ങൾ കാക്കുന്ന കല്പ്പടവുകൽ ഇറങ്ങിച്ചെല്ലുന്ന കുളത്തിൽ നല്ല  തെളിഞ്ഞ വെള്ളം.
ശില്പ്പ ഭംഗി യുള്ള നരസിംഹങ്ങളുടെ നഷ്ടപ്പെട്ട പ്രതാപമോ ,അതോ ഭംഗം വന്ന അവയവങ്ങളൊ എന്തൊ.. അവയെ ചൊടിപ്പിക്കുന്നതുപോലെ.
ഓരോന്നിന്റേയും ശിൽപ്പ ഭംഗി വേറൊരിടത്തും, കാണാത്തതു തന്നെ.

ഉണ്ണൂലി പറഞ്ഞ കഥ ശരിയായിരിക്കുമോ ?
എന്തു കഥ?
പണ്ട് പണ്ട്..പൂർവ്വികരുടെ കാലത്ത് സർപ്പക്കാവിൽ വിളക്കു കൊളുത്തിയപ്പോൾ, ഒരു സർപ്പം വായിൽ തറച്ച മുള്ളു കാരണം വേദന കൊണ്ട് പുളയുകയായിരുന്നു.സർപ്പത്തിന്റെ വേദനയിൽ കരളലിഞ്ഞ മുത്തശ്ശി പറഞ്ഞു.
മുത്തശ്ശിയോ?..ആരുടെ.
കഥയിൽ ചോദ്യ..ല്ലാ..ട്ടൊ.പണ്ടുകാലത്ത് ഈ കോവിലകത്തെ മുത്തശ്ശി. ..
ഇതു കേൾക്കൂ. ന്ന്..ട്ട് മുത്തശ്ശി പറഞ്ഞു.
ഉപദ്രവിക്കില്യാച്ചാൽ ഞാനത് എടുത്തു തരാം.

സർപ്പം വാ പിളർന്ന് കണ്ണടച്ചു.
മുള്ളു പിഴുതെടുത്ത്, ഏതോ പച്ചില പിഴിഞ്ഞു വായിൽ ഒഴിച്ചു കൊടുത്തു. പാമ്പ് ഇഴഞ്ഞു പോയി.
ഒരു രാത്രി  സൂര്യനുദിച്ചതു പോലെയുള്ള ഒരു പ്രകാശം കണ്ട് മുത്തശ്ശി കണ്ണു തുറന്നു.
മുത്തശ്ശി ഞെട്ടിപ്പോയി.
വായിൽ കടിച്ചു പിടിച്ച മാണിക്യക്കല്ലുമായി സർപ്പം.
അന്നു ഗ്രാമം മുഴുവൻ വരൾച്ചയായിരുന്നു. കൃഷി മുടങ്ങി എല്ലാവരും പട്ടിണിയിലായിരുന്നു.
മുത്തശ്ശി പറഞ്ഞു.
നിയ്ക്ക്….ഇതൊന്നും വേണ്ട .നാട്ടിൽ വരൾച്ചയാണ്. മഴയും സമൃദ്ധിയും ഉണ്ടാവണം.
ഉടനെ…, മേഘങ്ങൾ ഇരുണ്ടു. മഴ മറന്ന ആകാശം ഏതോ ശാപത്തിൽ നിന്നും മുക്തമായതു പോലെ  സമൃദ്ധിയായി പെയ്തു.
പത്തായങ്ങൾ നിറഞ്ഞു. ഇല്ലത്തെ അറയൊഴിഞ്ഞില്ലെങ്കിൽ ആ ഗ്രാമത്തിൽ ആരും പട്ടിണി കിടക്കില്ല.
പിന്നീട്..,മുത്തശ്ശിക്ക് ഒരു പാട് വയസ്സായപ്പോൾ.,ദൂരെ അമ്പലങ്ങളിലൊന്നും പോകാൻ വയ്യാതെയായി.
തിരുവാതിരയുടെ അന്ന് മുത്തശ്ശി  സങ്കടപ്പെട്ടു,
നിയ്ക്ക് വയ്യാണ്ടായീലോ ദേവീ..!
സർപ്പം വീണ്ടും പ്രത്യക്ഷമായി.
ഒറ്റ രാത്രികൊണ്ട് ഗന്ധർവ്വന്മാർ വന്ന്, ഈ കുളവും അമ്പലവും പണി തീർത്തു. മുത്തശ്ശിക്ക് കുളിച്ചു തൊഴാൻ.
വിഷ്ണു പൊട്ടിച്ചിരിച്ചു.
തിരുവാതിരക്ക് സാക്ഷാൽ ദേവി തന്നെ കുളത്തിൽ നീരാടുന്നുണ്ടാവുമത്രെ.കൂടെ അപ്സരസ്സുകളും, കന്യകമാരും.!!നേരം വെളുക്കുവോളം.
അതുകൊണ്ടാണു ഇന്നും പൂജയൊന്നുമില്ലെങ്കിലും തിരുവാതിരക്കാലത്ത് അവിടെയൊരു മുളയൂഞ്ഞാൽ ഇടാറുള്ളതും.!
വിഷ്ണു ചിരിനിർത്തി. മായയെ ചേർത്തു പിടിച്ചു.
അല്ലാ..ആരാണീ വിഢിത്തരങ്ങളൊക്കെ മായക്ക് പറഞ്ഞു തരുന്നത്.?! കഷ്ടം.!
അന്ന് ഗന്ധർവ്വ ന്മാർക്കൊക്കെ ഒരുപാട് കൂലിയായിരുന്നിരിക്കും. വിഷ്ണു വീണ്ടും പൊട്ടിച്ചിരിച്ചു.
മായക്കെന്താ ഭ്രാന്തുണ്ടോ.?  വാഴുന്നോർ ഇരുന്ന കാലത്ത് മഹാബലിപുരത്തുനിന്നും, മൈസൂർ നിന്നും, കല്ലുകളും ശില്പ്പികളെയുമൊക്കെ വരുത്തി, വർഷങ്ങൾ കൊണ്ട് പണികഴിപ്പിച്ചതായിരിക്കും ഇതൊക്കെ. അല്ലാതെ ഗന്ധർവ്വന്മാർ സ്വർഗ്ഗത്ത് നിന്നും കല്ലിറക്കി പണിതതൊന്നുമല്ല.
വെറുതെ ആ ഉണ്ണൂലിയുടെ കഥകൾക്കൊന്നും സമയം കളയണ്ടാട്ടൊ…!
മായ ചിരിച്ചു. ഞാനും വിശ്വസിച്ചിട്ടൊന്നുമില്ല. പക്ഷെ കേട്ടിരിക്കാൻ നല്ല സുഖം. പഞ്ചതന്ത്ര ക്കഥകൾ പോലെ.
തിരിച്ചു പോരുമ്പോൾ  കുന്നും പാടവും ചുറ്റിവരുന്ന ഒരു ഇടവഴിയിലേക്കിറങ്ങി.
വെട്ടിയിറക്കിയ ചെമ്മൺ പാതയുടെ രണ്ടു വശത്തുമുള്ള ഈട്ടത്ത് നിറയെ പുല്ലാനി ച്ചെടികളും, കാരപ്പഴവും.
ഒരു വശത്ത് നിരയായി പുലയക്കുടികൾ.
എല്ലാവരും ഒഴിഞ്ഞുമാറി നിന്ന് മായയെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഇടവഴി കഴിഞ്ഞു ,ഇല്ലത്തിന്റെ അടുക്കള പ്പുറത്തെ പാടവരമ്പത്തേക്കിറങ്ങിയപ്പോൾ,എതിരേ വന്ന ചെറുപ്പക്കാരൻ വഴിയൊഴിഞ്ഞു മാറിനിന്നു.
വിഷ്ണു പരിചയപ്പെടുത്തി.
ഇതു ഗോപൻ. വാരസ്യാരുടെ മകനാണ്‌. വലിയൊരു ഗായകനും, എഴുത്തുകാരനും,…ഒക്കെയാണ്
ഉവ്വോ.? മായയ്ക്ക് കൗതുകം.
ഇവിടേയും ആ രോഗം തന്നെ..വിഷ്ണു അതു പറഞ്ഞപ്പോൾ മായ പറഞ്ഞു.
പാട്ടില്ല. ചിലത് എഴുതും.
താനെന്താടോ..വിവാഹത്തിനു വരാഞ്ഞത്? അതിന്റെ ഈർഷ്യ…ണ്ട് ട്ടോ..
ഇവടെണ്ടായിരുന്നില്യാ…ഒരു ഇന്റർവ്യൂ വിനു പോയിരുന്നു.
മായയെ നോക്കിയാണതു പറഞ്ഞത്. നല്ല കട്ടിയുള്ള സ്വരം .
അവനെ കടന്നു പോയ മായ തിരിഞ്ഞു നോക്കി. ഗോപൻ അവിടെ ത്തന്നെ നില്ക്കുന്നു.
നല്ല ഉയരവും, ഭംഗിയുള്ള കണ്ണൂകളും. വെളുത്ത ഷർട്ടും മുണ്ടും സന്ധ്യയുടെ മങ്ങിയ ഇരുട്ടിൽ കറുപ്പു കലർന്ന പച്ചപ്പാടത്തിന്റെ പശ്ചാത്തലത്തിൽ എടുത്തു കാണിക്കുന്നു.
കുന്നിൻ ചരുവിലെ അമ്പലം പണിയാൻ  സ്വർഗ്ഗത്ത് നിന്നും ഇറങ്ങി വന്ന ഗന്ധർവ്വന്മാരിൽ പലരും തിരികേ പോയിട്ടില്ലെന്നു തോന്നുന്നു.!

🔴
ഇത്ര ഇരുട്ടണ വരെ എവട്യായിരുന്നു രണ്ടാളും.
അമ്മയുടെ വക വിഷ്ണുവിനു ശകാരം.

എല്ലാം കാണണം ന്നു പറഞ്ഞു .ഒരു ചുറ്റൊന്നു കറങ്ങി.
കുട്ട്യേ…ന്തിനാ ഉണ്ണി..അങ്ങട് ക്കെ കൊണ്ടോയതേയ്. അതും പോട്ടെ  ന്ന്ട്ട് ..പുലയക്കുടികളുടെ വഴിക്ക് വ രേയ്…ശിവ..ശിവ.. അതും മോന്തി നേരത്ത്.!
പോയി ..മുങ്ങി വരൂ കുട്ടീ. ഉണ്ണൂലീ ആ കമ്പ്രാന്തലെടുത്തോ. കൊളത്തിലെക്കെറങ്ങ ണോട്ത്തെ ലൈറ്റ് കത്ത് ണില്യാ..ട്ടോ.
നാളെ ആ വാരരുകുട്ട്യേ   ഒന്നു വിളിക്യാ.. .
കുളത്തിന്റെ പടവിൽ ഉണ്ണൂലി വിളക്ക് കാണിച്ചു.
അമ്പലത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഉണ്ണൂലി ഇരുത്തി മൂളി.
അത്തോലു്.. ഒറ്റക്കൊന്നും അങ്ങട് പോണ്ടാ ട്ടൊ.
ഊം…എന്തേ..?
ക്ഷേത്രം പണി തീർന്നപ്പോഴേക്കും  ഒരു കന്യകയെ കണ്ടു മോഹിച്ച ഗന്ധർവ്വൻ അവളെ അന്വ്വേഷിച്ചലഞ്ഞു നേരം വെളുപ്പിച്ചു. മറ്റുള്ളവർ  പോയെങ്കിലും, ഈ കക്ഷി ഭൂമിയിൽ കുടുങ്ങി.അതിനു ശാപമേല്ക്കുകയും ചെയ്തു.
പകുതി മനുഷ്യനും പകുതി സർപ്പവുമായി ഇഴഞ്ഞുനടന്നു.!
ഇപ്പഴൂം…ണ്ട്..അതിന്റെ പരമ്പര. ഒറ്റക്ക് ആരങ്ങട് പോയാലും കേൾക്കാം അതിന്റെ വിളി.
ശബ്ദേ കേൾകൂ..   കാണാൻ പറ്റില്യാ.പക്ഷെ നോക്കാൻ ചെന്നാൽ…ണ്ടല്ലൊ…
അരയ്ക്കൊപ്പം വെള്ളത്തിൽ നിന്നിരുന്ന മായ, പേടിച്ച് ചുറ്റും നോക്കി.
ചുറ്റും നല്ല ഇരുട്ട്. കറുത്തിരുണ്ട ഒരു ചില്ലു പാളി പോലെ അനക്കമറ്റ വെള്ളത്തിൽ ഏതൊക്കെയൊ നിഴലുകൾ പ്രതിഫലിക്കുന്നു.സർപ്പത്തിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള എന്തോ ഒന്നു വെള്ളത്തിലൂടെ വരുന്നുണ്ടോ ..?!
മായ ഒരു വിധം നനച്ചു മുങ്ങി തോർത്താൻ പോലും നില്ക്കാതെ പടവുകൾ ഓടിക്കയറി.
വിളക്കും കൊണ്ട് ഉണ്ണൂലി പുറകേ.
കുട്ട്യേ…നിക്കൂ…
രാത്രി മായക്ക് നല്ല പനി.!
അമ്മക്ക് വേവലാധി.  
ന്തിനാ ഊണ്ണീ കുട്ട്യേ അങ്ങട് ഒക്കെ കൊണ്ടോയത്…? ദേവീ കാത്തോളണേ.!
അത്.., ആ തണുപ്പത്ത് കുളിച്ചിട്ടാവും..വിഷ്ണു മായക്ക് ഗുളിക കൊടുത്തു.
ഉണ്ണൂലി എന്തൊക്കെയോ, പുകച്ചു കൊണ്ടുവന്ന് മായയെ ഉഴിഞ്ഞു. മൂക്കിലും കണ്ണിലുമൊക്കെ പുക കയറിയപ്പോൾ മായ തുമ്മാനും ചുമയ്ക്കാനുമൊക്കെ തുടങ്ങി.
ഒക്കെ ..പോട്ടെ…അമ്മ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു.
വിഷ്ണുവിന്റെ ചൂട് പറ്റിക്കിടന്ന മായ സുഖമായുറങ്ങി.
പിറ്റേന്ന്,..ഉന്മേഷത്തോടെ മായ തെക്കിനിയിലെക്ക് ചെന്നപ്പോൾ  അമ്മ പറഞ്ഞു.
കുട്ടീ വരൂ…ഹാവൂ ആശ്വാസായി. ആ  ഒടിയൻ പാണനെങ്ങാൻ  ന്റെ കുട്ടിയെ കണ്ട്വോന്നായിരുന്നു ഭയം.
മായക്കൊന്നും മനസ്സിലായില്ല. 
ഉണ്ണൂലി വിസ്തരിച്ചു.
കഞ്ഞാത്തലിനു ഒന്ന്വറീല്യാ..
ഇവട്യൊരു ഒടിയൻ പാണനുണ്ട്. അവന്റെ കുടി എവ്ട്യാന്നൊന്നും ആർക്കുമറിയില്യാ. ഒരൊത്ത പന പോലെ ..ഉരുക്ക് ശരീരം. പരന്നമാറ്…ജട പിടിച്ചു കഴുത്തറ്റം തൂങ്ങി നില്ക്കുന്ന മുടി. തോളത്ത് എപ്പഴും ഒരു വലിയ സഞ്ചിയുണ്ടാവും.
ഇടക്കൊക്കെ വരും പടിക്കപ്പുറം. ഒരു ഒറ്റ മുണ്ട്. വെള്ളം കണ്ടിട്ട്  കൊല്ലങ്ങളായിട്ടുണ്ടാവും. അവനു തോന്നണത് എന്താന്ന് ച്ചാ അങ്ങട് ചോദിക്കും. കൊടുത്തോളണം. ..ല്ലെങ്കിൽ “ഒടി”വെക്കും.
ന്ന്..ച്ചാൽ ? മായക്ക് കൗതുകം.
ഈശ്വരാ…ന്ന് ച്ചാൽ അറ്യില്യേ..?
പാണൻ ഏതു രൂപത്തിൽ വാ രാന്ന റിയില്യാ. ചെലപ്പോ വല്ല നായയോ പൂച്ചയോ, ,കാളയോ ,പാമ്പോ…എന്തു വേണെങ്കിലും ആവാൻ കഴിയുവത്രെ.!
ന്ന്.. ട്ട്..നമ്മളെ ഉപദ്രവിക്ക്യേ..പേടിപ്പിക്ക്യേ..ഒക്കെ ചെയ്യും.
അമ്മ ഉണ്ണൂലിയെ കടുപ്പിച്ചു നോക്കി.
ഉണ്ണൂലീ…അടുക്കളെല് എന്താ ന്ന് ച്ചാൽ നോക്കിക്കോളൂ.
അമ്മ താക്കിത് നല്കി.
ഉണ്ണൂലി പെട്ടന്നു എഴുന്നേറ്റ് പോയി. മായ യ്ക്ക് ആകാംക്ഷ .
ഉണ്ണൂലിയുടെ പുറകെ, പതുക്കെ മായയും അടുക്ക ളയിലേക്ക് ചെന്നു.
എന്തെങ്കിലും സഹായം വേണോ…എന്നു ചോദിച്ചു മായ അടുത്തു കൂടി.
ന്തേ…പറഞ്ഞേ..ഉണ്ണൂലി. ?
ഹേയ്..ഒന്നൂല്യാ… ഉണ്ണൂലി ചുറ്റും നോക്കി.
അതേയ് ..തമ്പുരാട്ടി അറിഞ്ഞാ ദേഷ്യപ്പെട്വേയ്..
ഉണ്ണൂലി പറയൂ.
അല്ലാ…ഈ പറഞ്ഞ പാണനുണ്ടല്ലോ …ഇവടത്തെ വല്യ തിരുമേനിയോട് എന്തൊ ഒരു പക യുണ്ടെന്നാ പറേണേ.
പറമ്പിൽ നിന്നും ഇല്ലിമുള കട്ട് മുറിച്ചതിനു തിരുമേനി ശകാരിച്ചു. പിന്നെ.., കള്ളും കുടിച്ച് തിരുമേനിയുടെ നേർക്ക് നേരെ വന്നു അസഭ്യം പറഞ്ഞൂത്രെ. വാല്യക്കാരു പിടിച്ച് തച്ചു.!
അപ്പൊ തൊടങ്ങീതാ..ഒടിവെക്കാൻ.!
തിരുമേനി എവടക്കെറങ്ങ്യാലും…ണ്ടാവും ..ന്തെങ്കിലും ഒരു മാരണം. ഒരിക്കൽ പാമ്പ് കടിക്കേം ചെയ്തു. പക്ഷെ വിഷം ണ്ടാർന്നില്ല്യാ. … ന്നാലും അത്താഴം മൊടങ്ങീല്യേ..
സർപ്പക്കാവിലിണ്ട് കെമ കെണ്ടന്മാർ. അവരുട്യൊക്കെ കാവലില്യാണ്ടിരിക്ക്യോ.
മായ വിസ്മയത്തോടെ കേട്ടിരുന്നു.
ന്ന്..ട്ടും കേറിവരും ചെലപ്പോ. അവടെ നിന്ന്വോളാ.ങട് കേറരുത് എന്നു പറഞ്ഞു,തമ്പുരാട്ടി വേഗം എന്തെങ്കിലും കൊടുത്തയക്കും.
മായ പുറത്തേക്ക് നോക്കിയപ്പോൾ..,ഒരിക്കലും കണ്ടിട്ടില്ലാത്ത പാനൻ,ഒരൊത്ത പനയോളം, നീണ്ടു നിവർന്നു നില്ക്കുന്നു. ജടപിടിച്ച ചപ്രത്തലയും, തുറിച്ച കണ്ണുകളുമായി, അടുക്കള മുറ്റത്തേക്ക് വന്ന് കറുത്തിരുണ്ട മുഖം കോട്ടി മാ‍യെ നോക്കി കരപിടിച്ച പല്ലുകൾ ഇളിച്ചു കാണിച്ചു.
അങ്ങിനെ നോക്കിയിരിക്കെ പാണൻ പെട്ടന്നു ഒരു പൂച്ചയായി മാറി ഒറ്റ ചാട്ടത്തിനു അടുക്കളയിലേക്ക് കയറി മായയുടെ കാലിനടിയിൽ പതുങ്ങി.
മായ ഞെട്ടി കാലുകൾ കുടഞ്ഞു,ചാടിയേണീറ്റു.
ഉണ്ണൂലി പൊട്ടിച്ചിരിച്ചു.
ആത്തോല്‌ പേടിച്ചു..ഇത് നമ്മടെ കുറിഞ്ഞ്യ..ല്ലേ
ഹേയ് …പേടിച്ചൊന്നൂല്യാ.. മായ അമളി മറയ്ക്കാൻ പണിപ്പെട്ടു.
പക്ഷെ ഒടിയനെ തിരിച്ചറിയാൻ ഒരു വഴീണ്ട്..ഉണ്ണൂലി എന്തോ ഒരു രഹസ്യം വെളിപ്പെടുത്തുന്നതു പോലെ പറഞ്ഞു.
ഒടിവെയ്ക്കുമ്പൊ..ണ്ടാവണ മൃഗങ്ങൾക്ക് ഏതെങ്കിലും ഒരൂട്ടം ണ്ടാവില്ല്യാ.
ന്ന്..ച്ചാൽ?
ഒരു ചെവിയോ …,കാലോ..അങ്ങിനെ ഏതെങ്കിലും ഒന്ന് ണ്ടാവില്യാത്രെ.!
അതു കേട്ടപ്പോൾ മായക്ക് ചിരിവന്നു.
ഒന്നു പോ..ന്റെ ഉണ്ണൂലി…തൊഴുത്തിലെ പൈയ്ക്കളെ പോയി നോക്കി വരൂ..ഒക്കേറ്റിനും എല്ലാം തെകച്ചിണ്ടോന്ന്.!

 

തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/
Post Box Bottom AD3 S vyasa
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!