ഒരിക്കൽ ഒരിടത്ത്

Post ad banner after image

അധ്യായം എട്ട്

 

വിഷ്ണുവിന്റെ ലീവ് തീരാറായി.
ഫോൺ ചെയ്യാനായി വായന ശാലയിലേക്ക് പോയി, മടങ്ങി വന്ന വിഷ്ണുവിന്റെ മുഖം മ്ലാനമായിരുന്നു. പ്രോജക്റ്റിന്റെ ഒരു പേപ്പർ സബ്മിറ്റ് ചെയ്യാനും, ഒരു ട്രെയിനിംഗിനുമായി വിഷ്ണുവിനെ ആറു മാസത്തേക്ക് അമേരിക്കയിലയക്കാനാണ് തീരുമാനം. ഒരു രഹസ്യ പ്രോജക്റ്റ് ആയതു കൊണ്ട്, ഫാമിലി യെ കൊണ്ടു പോകാൻ കഴിയില്ല.
ഇതിനകം ഓരോ നിശ്വാസത്തിലും അലിഞ്ഞു ചേർന്ന മായയെ ഇവിടെ അടർത്തി മാറ്റി വെച്ച് പോകുന്ന കാര്യം ഓർക്കാനേ വയ്യ വിഷ്ണുവിന്‌. ഡൽഹിയിൽ  എല്ലാ ഏർപ്പാടുകളും ചെയ്തതായിരുന്നു. പക്ഷെ ഇത്ര നല്ല ഒരവസരം കളയുന്നതും വിഢിത്തരമാമാണ്. ക്യാരിയറിന്റെ പ്രശ്നമാണ്. മായ എന്തു പറയുന്നു.?
മായയെന്താ ഒന്നും മിണ്ടാത്തത്? വിഷ്ണു വീണ്ടും ചോദിച്ചു.
മായ വെറുതെ പുഞ്ചിരിച്ചു. പക്ഷെ കൺ കോണിൽ പൊടിയുന്ന കണ്ണുനീർ ശ്രദ്ധിച്ച വിഷ്ണു പെട്ടന്നു പറഞ്ഞു.
ന്നാൽ… ഞാൻ പോണില്ല്യാന്നു വെച്ചാലോ ?.വിഷ്ണുവിന്റെ മനസ്സിൽ സമരം.
പോകണ്ടാന്ന് പറഞ്ഞില്ലല്ലോ..ഞാൻ
എന്നാൽ പിന്നെ, തന്റെ പ്രോജക്റ്റ് കഴിഞ്ഞിട്ട് കുട്ടിയെ കൊണ്ടു പോകാല്ലോ..ഉണ്ണിക്ക്, ന്താ അത് പോരേ.. ഏട്ടൻ ഇടപെട്ടു.
ന്നിട്ട് ..അവടന്ന് പോരാറാവുമ്പോൾ മായക്ക് വേണമെങ്കിൽ അമേരീക്കയൊക്കെ ഒന്നു ചുറ്റിക്കാണാൻ പോവുകയും ആവാം. ന്താ…?

അമ്മയ്ക്കായിരുന്നു ഏറെ സന്തോഷം. മായയെ പിരിയാൻ അവർക്കാവില്ല.
കുറച്ചു നാളുകൾ കൂടി കുട്ടിവ്ടെ ണ്ടാവ്വല്ലൊ.
ഊണു കഴിഞ്ഞ് ഏറെ ക്കഴിഞ്ഞിട്ടും മായയെ മുറിയിലേക്ക് കാണാതായപ്പോൾ വിഷ്ണു ഇറങ്ങി വന്നു.
നടുമുറ്റത്തെ തിണ്ണയിൽ  ഒറ്റക്കിരിക്കുന്ന മായയുടെ പുറത്ത് വിഷ്ണു കൈ വെച്ചതും മായ ഞെട്ടി ത്തരിച്ചു.
ഇത്ര പേടിയുള്ളയാൾ എന്തിനാ ഇവിടെ ഒറ്റക്ക് വന്നിരിക്കുന്നത്.
വരൂ ..പാക്ക് ചെയ്യണ്ടേ..
മുറിയിൽ കയറിയ മായ ഒന്നും പറയാതെ പോയി കിടന്നത് വിഷ്ണു ശ്രദ്ധിച്ചു. തുറന്ന പെട്ടി അവിടെ ത്തന്നെ വെച്ച് വിഷ്ണു മായയുടെ അടുത്ത് കിടന്ന് അവളുടെ മുഖം തന്റെ നേരെ തിരിച്ചു. മായ കരയുകയാണു് ഒരു കൊച്ചു കുഞ്ഞിനെയെന്നവണ്ണം വിഷ്ണു മായയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു.
ആറു ഗുണം മുപ്പത് എത്രയാടോ… ങഹ..അതിനു കണക്കറിഞ്ഞിട്ടു വേണ്ടേ. അതു കണ്ടു പിടിക്കുമ്പോഴേക്കും ഞാനിങ്ങു വരില്ലേ?
ഒരിക്കലുമൊരിക്കലും അനുഭവിക്കാത്ത ആവേശത്തള്ളലിൽ നിന്നും,മുക്തി നേടാനാവതെ വിഷ്ണു കുഴങ്ങി.
സുന്ദരമായൊരു സ്വപ്നത്തിന്റെ പാതിക്ക് വെച്ചു വിളിച്ചുണർത്തിയ നിരാശയും, തളർച്ചയുമായി വിഷ്ണു സാധനങ്ങളൊക്കെ എടുത്തു വെച്ചു.
മായയും നിശ്ശബ്ദയായിരുന്നു.
സ്നേഹിക്കലും, സ്നേഹിക്കപ്പെടലും, ഒന്നുചേരലും, വേർപാടും, വെറുക്കലും പൊറുക്കലും..അങ്ങിനെ എണ്ണീയാലൊടുങ്ങാത്ത വികാരങ്ങൾക്ക് അധീനമാണീ മനുഷ്യ ജന്മം.
തോന്നുന്ന വികാരങ്ങൾക്ക് മേലെ ചെലുത്താൻ കഴിയുന്ന സർവ്വധികാരവും, അവയൊക്കെ പ്രകടിപ്പിക്കാനുള്ള സുന്ദരമായ ഭാവങ്ങളും ഭാഷയും…മനുഷ്യനു മാത്രം ലഭിച്ചിട്ടുള്ള അനുഗ്രഹം.!
മനസ്സിലെ ചിന്തകൾ മറച്ചു പിടിച്ച്, മുഖത്ത് മറ്റൊരു ഭാവം വരുത്താനുള്ള വിരുതും മനുഷ്യനു മാത്രം.!
വിഷ്ണു മായയെ നോക്കി. മുടി അലസമായി പുറകിലേക്ക് വലിച്ചു ഉയർത്തി  കെട്ടിയതിനാൽ ഉരുണ്ട നെറ്റി വിളറിയതു പോലെ.
മഷിയെഴുതാത്ത വലിയ കണ്ണുകളുടെ വശ്യത.
മാറത്ത്..,സുരക്ഷിതമായി പറ്റിച്ചേർന്നു കിടക്കുന്ന കൊച്ചു താലി. ഒരു സുന്ദരമായ താളത്തിൽ ഉയർന്നു താഴുന്നത് നോക്കി വിഷ്ണു വിസ്മയിച്ചങ്ങിനെ കിടന്നു.
ആചാരാനുഷ്ഠാനങ്ങളിലൊന്നിലും വലിയ മതിപ്പൊന്നുമില്ലെങ്കിലും, ഈ സ്ത്രീയുടെ മാറത്ത് പുരുഷനായ താൻ ചാർത്തിയ ഈ കൊച്ചു തിളക്കത്തിത്തിന് ഒരു പാട് അർഥങ്ങളുണ്ട്.
സുഖകരമായ ഒരു കീഴടങ്ങലിന്റെ നാന്ദിയായി, സ്വയം ഏറ്റുവാങ്ങുന്ന അവകാശവും,പുരുഷന്റെ ഉത്തരവാദത്തിന്റേയും ഒട്ടൊരു അഹന്തയുടേയും ഒരു തരി പൊന്ന്.
“സ്ത്രീ മലർന്നു കിടന്നു പുരുഷനെ സ്വീകരിച്ചപ്പോൾ പരിണാമം പൂർത്തിയായി” എന്നു ആരോ പറഞ്ഞിട്ടുണ്ട്.

വിഷ്ണു പതുക്കെ രണ്ടു വിരൽ കൊണ്ട് മായയുടെ കഴുത്തിലെ താലി തൊട്ടു നോക്കി.,പിന്നെ അത് പതുക്കെ കൈവെള്ളയിൽ എടുത്തു. ഈ സ്വത്ത്. ഇത് എന്റെത് മാത്രം.!
മായ കണ്ണുകൾ വിടർത്തി വെറുതെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വിഷ്ണുവിന്റെ ഉ‍ള്ളില്‍ പെട്ടന്നൊരു കുത്തൊഴുക്ക്. ഒരു മുഖവുരയുമില്ലാതെ വിഷ്ണു കരഞ്ഞു. അയാൾ മായയെ അടക്കം പുണർന്നു. വിഷ്ണു വീർപ്പ് മുട്ടി.
ഇന്നലെ വരെ താനറിയാതിരുന്ന ഈ പെൺകുട്ടി, മനുഷ്യ ബന്ധങ്ങളുടെ കാര്യം വിചിത്രം തന്നെ.
മായ യും വിഷ്ണുവിനെ അള്ളിപ്പിടിച്ചു.
ഈ ഒറ്റ ത്തുരുത്തിൽ തന്നെ തനിച്ചാക്കിയിട്ട് വിഷ്ണു ഒരു മാന്ത്രികന്റെ പോലെ, കടലിനു മുകളിലൂടെ  നടന്നുകയറി അകാശത്ത് ഒരു ബിന്ദുവായി ഇല്ലാതാവുന്ന കാഴ്ച .!
ഒക്കെ എടുത്ത് വെച്ചില്ലേ..ഉണ്ണീ.
ഏട്ടനാണ്.
മായയുടെ നെഞ്ചിൽ എന്തോ ഉരുണ്ടു കൂടുകയാണ്. ഏത് നിമിഷവും പെയ്തേക്കാവുന്ന മഴമേഘങ്ങൾ ആകാശത്തും.
എല്ലാം എടുത്ത് മുറിയ്ക്ക് പുറത്തിറങ്ങി. അമ്മ കരയുകയായാണ്. മായ നിയന്ത്രണം വിടുമെന്ന് കണ്ട ഏട്ടൻ പറഞ്ഞു.
അയ്യ്യായീ..ന്താ  പ്പൊ ദ്..വെറും കുറച്ചു മാസങ്ങളല്ലേ വേണ്ടൂ..
ഏട്ടനെ നമസ്കരിച്ച്, അമ്മയോട് യാത്ര പറഞ്ഞ വിഷ്ണു വീണ്ടും തിരിഞ്ഞു നോക്കി.
വെളുത്ത് മെലിഞ്ഞ കൈകൊണ്ട് തൂണു ചുറ്റിപ്പിടിച്ചു എവിടെയോ നഷ്ടപ്പെട്ട് നില്ക്കുന്ന മായയെ കണ്ടപ്പോൾ…,തിരിച്ചോടിച്ചെന്ന് അവളെ കെട്ടിപിടിച്ച് ഞാൻ പോകുന്നില്ലാ എന്നു വിളിച്ചു പറയാൻ കുതിച്ച മനസ്സ് ,പക്ഷെ മുന്നോട്ട് തന്നെ നടന്നു.
പടിപ്പുര കടന്നു കാറിൽ കയറിയ വിഷ്ണു തിരിഞ്ഞു നോക്കിയില്ല.!
🔴


വിഷ്ണു പോയപ്പോൾ പിന്നെ കൂടുതൽ സമയവും ഉണ്ണൂലി, മായയോടൊത്തുണ്ടാവും.
ചില ബന്ധുക്കൾ ഒക്കെ വരുമെങ്കിലും മായയുടെ സമപ്രായക്കാർ ആരുമുണ്ടാവില്ല.
മായക്ക് ഇനി കൂട്ടിനു ആരെങ്കിലും ഒക്കെ വരണമെങ്കിൽ സ്കൂളും കോളേജും ഒക്കെ അടക്കണം.
ആറു മാസം കഴിയുമ്പൊ ദൽഹിക്ക് പോകണം എന്നു പറഞ്ഞതു കൊണ്ടാണു്. അല്ലെങ്കിൽ വല്ല കോഴ്സിനും ചേരായിരുന്നു. ഏട്ടൻ പറഞ്ഞു.
ഇടക്ക് അമ്മാത്ത് ഒന്നു പോകാമല്ലോ.
മായയുടെ ഒരാവശ്യത്തിനും ഒരു കുറവൂണ്ടാവാൻ പാടില്ല്യാന്നു തമ്പുരാട്ടി പറഞ്ഞിരിക്കുണൂ.
അടുക്കളയിലും,കുളിക്കാൻ കടവിൽ കൂട്ടിരിക്കുമ്പോഴും …ഒക്കെ ഉണ്ണൂലി വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും.
മറ്റൊരു നങ്ങേലി. !
ദുരൂഹത നിറഞ്ഞ ഒരു നൂറു കഥകളുണ്ടാവും പറയാൻ. പഞ്ചതന്ത്ര ക്കഥ കളുടെ മായാ സാഗരത്തിലെന്നപോലെ… ഒരു കഥയിൽ നിന്നും, മറ്റൊരു കഥയിലേക്ക്,  ഇങ്ങിനെ…, മുങ്ങാം കുഴിയിട്ട് നീന്തി നടക്കാൻ മായക്ക് ഒരു പാടിഷ്ടമാണ്.
തീണ്ടാരിയാവുന്ന ദിവസങ്ങളിൽ ,മാറിയിരിക്കുമ്പോഴാണ്. കൂടുതൽ കഥകൾ കേൾക്കാൻ അവസരം കിട്ടുക.
വീട്ടിലിതൊന്നും അങ്ങിനെ..ശീലംല്യാ..അടുക്കളയിൽ കയറില്യാന്നേ ള്ളൂ..
വേണ്ട കുട്ടീ..ഇവടെ ത്തിരി ശുദ്ധോം അശുദ്ധോം ഒക്കെ നോക്കണേയ്. വെറുതെ…ന്തിനാ പിതൃക്കളെ …കോപിപ്പിക്കണെ. സർപ്പക്കാവും .. ണ്ടല്ലോ.
മച്ചിൻ പുറത്ത് മുറിയിൽ മാറിയിരിക്കുന്ന മായ ഉച്ചയൂണു കഴിഞ്ഞ്,..ജനലയ്ക്കലെ ചാരുപടിയിൽ വെറുതെ കിടന്നു.
അപ്പോഴാഴാണ് താഴെ നടുമുറ്റത്ത്, ഒരു കോണിൽ ഏതോ രാജ കവാടത്തിന്റെ ഒരു പാട് കൊത്തുപണികളുള്ള ചില തൂണുകളുടെയോ മറ്റോ  ഭാഗങ്ങൾ ചാരി വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.
ഇതുവരെ ഇതൊന്നും കണ്ടിട്ടില്ലല്ലോ. അല്ലെങ്കിലും ഈ എട്ടു കെട്ടിന്റെ പലസ്ഥലങ്ങളും ഇനിയും കണ്ടു കഴിഞ്ഞിട്ടില്ല. പിന്നെ ഈ നടുമുറ്റത്തേക്ക് ആരും ഇറങ്ങാറുമില്ലല്ലോ.
ഇനി, ഇവിടന്നിറങ്ങുമ്പോൾ ,അടുത്ത് പോയി കാണണം. എന്തൊരു ഭംഗി.
ഉച്ചയുറക്കം പതിവില്ലല്ലോ ..ആത്തോലിനു .?
ങാ…ഉണ്ണൂലി വരൂ .പ്പൊ..നിരീച്ചേള്ളൂ. ഉണ്ണൂലിക്കറിയാത്ത പുരാണങ്ങളൊന്നും .. ല്ല്യാലോ.
ഈ കിളിവാതിലിലൂടെ കാണുന്ന ആ തൂണുകളും ശില്പ്പങ്ങളും മറ്റും എന്തിന്റെയാ.. അറി യ്യോ..?
അതൊരു വല്യ കഥ്യാ ആത്തോലേയ്.
അറയ്ക്ക് പുറത്തിരുന്ന് കനത്ത കട്ടിളപ്പടിയിൽ കൈകൾ ഊന്നി അകത്തേക്ക് തലനീട്ടി ഉണ്ണൂലി പറഞ്ഞു.
പണ്ട് ..പണ്ട് .. ഇതൊരു കോവിലകായിരുന്നു. പെരുന്തച്ചന്റെ ശിഷ്യന്മാരായിരുന്നൂത്രെ മരപ്പണി.!
കവാടവും ,തൂണുകളും രാജ വീഥിയുമൊക്കെ എങ്ങുന്നോ വന്ന ശില്പ്പികളും.!
പക്ഷെ എല്ലാം ണ്ടായിട്ടും വാഴുന്നോർക്ക് ദു:ഖം മാത്രം.
വാഴുന്നോര്‌ടെ ഉത്തമ വിശ്വാസിയും,കാര്യസ്ഥനുമായ തിരുമേനിയോട് തിരുമനസ്സ് ഉള്ളു തുറന്നു.
സന്തതികളില്ലാതെ നീറുന്ന മനസ്സുമായി ദേശം ഭരിക്കാൻ കഴിയിണില്ല്യാ.  പ്രശ്നത്തിൽ ഏ തോ ഒരു ശാപം നിലനില്ക്ക്ണുണ്ടാന്നാ കാണണേ. കോവിലകം അന്യം വന്നു പോകും.
എല്ലാം തന്നെ ഏല്പ്പിച്ചു അകത്തമ്മയേയും കൂട്ടി ഒരു തീർഥാടനം.
തിരുമനസ്സേ… കാര്യസ്ഥൻ തിരുമേനി വിങ്ങിപ്പൊട്ടി.
നോം വരുമെടോ…മനസ്സ് ഒന്നു ശാന്തമാവുമ്പോൾ നാം വരും. അപ്പോൾ ഇതെല്ലാം ഏല്പ്പിക്കാൻ ഒരുണ്ണിയേയും തന്നു കടക്ഷിച്ചിട്ടുണ്ടാവും ഭഗവാൻ.
നിധി കാക്കുന്ന ഭൂതത്താനെ പോലെ തിരുമേനി ഈ കോവിലകം കാത്തു. പക്ഷെ ഉണ്ണിയേയും കൊണ്ട് തിരുമനസ്സ് മടങ്ങിയില്ല്യാ.
കാലം കടന്നു പോയി,തിരുമേനിക്കും വയസ്സായി. തിരുമേനിക്കും ഒരുണ്ണി പിറന്നില്ല. സന്താന ഭാഗ്യമില്ലാതെ നീറിയ മനസ്സ് തളർന്നു. സാവധാനം, ഒഴിഞ്ഞു കിടക്കുന്ന സിംഹാസനം കണ്ണു വെച്ച് തായ് വഴിക്കാരും ചാർച്ചക്കാരും ഒക്കെ വന്നു കൂടി.,ആ കൊട്ടാരം കൈയ്യടക്കീന്നന്നെ പറയാം.
ന്നാലും ,അവടന്നങ്ങടും..എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചൂന്നിച്ചാലും പുരുഷന്മാർക്ക് ഒരു തരം ബ്രഹ്മ ചര്യാണു യോഗം.
ന്ന് ..ച്ചാൽ.?
ഒന്നുകിൽ വേളിയുടെ മരണം, അല്ലെങ്കിൽ ഷണ്ഠ ത്വം.!!
വാഴുന്നോര്‌ ടെ മുതുമുത്തശ്ശന്റെ കാലത്തുള്ള ഒരു ശാപാത്രെ  കാരണം.!
അതെങ്ങിന്യാ  .. ഉണ്ണൂല്യേ ഇത്ര തിട്ടം. അന്നു ഉണ്ണൂലീടെ മുതുമുത്തശ്ശ്യാർന്നോ ഇവടെ കാര്യം.?
കള്യാക്കണ്ടാ..ആത്തോലേ.. പഴമക്കാരു പറയണതാ..അട്യേനും പറയണേ.
ഞാൻ തമാശ പരഞ്ഞതല്ലേ..ഉണ്ണൂല്യേ.. നല്ല രസംണ്ട്  കേൾക്കാൻ. പറയൂ.

വര/ ബ്രിജി കെ.ടി.


വാതിപ്പടിയിലേക്ക് ചാഞ്ഞ്, എങ്ങോ നോക്കി…അത്ഭുത സിദ്ധിയു രാജകുമാരിയുടെ കഥ പറഞ്ഞു തുടങ്ങിയ ഉണ്ണൂലി, ഏതോ വിശേഷ  സിദ്ധിയുള്ള ഒരു  മന്ത്രവാദിനി യെ പ്പോലെ ,ആ സംഭവങ്ങളുടെ യൊക്കെ ഒരു നേർക്കാഴ്ച്ച  തൽസമയം വിവരിക്കുന്നതു പോലെ സംസാരിച്ചു.!
കോവിലകത്തെ മച്ചിന്റെ കിളിവാതിലിലൂടെ ,രാജകുമാരി എന്നും,കവാടത്തിന്റെ തൂണുകളിൽ അർദ്ധ നഗ്നാംഗനമാരെ കൊത്തുന്ന ശില്പ്പിയെ ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കും.
ഒറ്റക്കച്ച മാത്രമുടുത്ത ശില്പ്പിയുടെ ബലിഷ്ടമായ കൈയ്യിലെ ചുറ്റിക  ഉയർന്നു താഴുമ്പോൾ വെണ്ണക്കല്ലുകൾ പാളിയായി അടർന്നു മലരുന്നു. തൂണുകളിൽ ജീവനെടുക്കുന്ന ശില്പ്പങ്ങളെ സൂക്ഷ്മ മായി പരിശോധിച്ച് അവയവങ്ങളുടെ ഘടന കുറ്റമറ്റതാക്കുന്ന  ആ  കരവിരുത് കണ്ട് രാജകുമാരി വിസ്മയിച്ചു.!
അംഗതടങ്ങൾക്ക് രൂപം നല്കാൻ, കൊത്തിമാറ്റുന്ന കൽ ചീളുകൾ, അരുമയോടെ വകഞ്ഞു മാറ്റുന്ന ശില്പ്പിയുടെ കരങ്ങൾ,…, കല്ലിൽ ജീവനെടുക്കുന്ന അർദ്ധനഗ്നാംഗിനിയായ ദേവിയുടെ സ്ഥാനമേറ്റ രാജകുമാരിയുടെ ശരീരത്തിൽ അരിച്ചു നടന്നു പ്രകമ്പനമുണ്ടാക്കി.

മലർത്തിയിട്ട ശില്പ്പത്തിന്റെ ചുണ്ടുകളിൽ തെന്നുന്ന ഉളി.   അടഞ്ഞ കണ്ണുകൾക്കുള്ളിൽ ഒളിയുന്ന നിർവൃതി.
കുന്തു കാലിൽ ഇരുന്നു അതിസൂക്ഷ്മമായി ചുണ്ടിതളുകൾ കൊത്തുന്ന ശില്പ്പിയുടെ ഭംഗിയുള്ള നീണ്ട  മൂക്കിനറ്റത്ത്  ഒലിച്ചിറങ്ങിയ ഒരു തുള്ളി വിയർപ്പ് അന്തിവെയിലിൽ തിളങ്ങുന്ന മുത്തായി.
ഇറ്റുവീണ വിയർപ്പു മുത്ത് ശില്പ്പത്തിന്റെ വിടർന്ന ചുണ്ടുകളിൽ വീണു ചിതറി. കിളിവാതിലിൽ ചാരിനിന്നിരുന്ന രാജകുമാരി അതിന്റെ ഉപ്പു രസം നുണഞ്ഞു.
ഒടുവിൽ ആളെ അയച്ചു ശില്പ്പിയോട് രഹസ്യമായി മുഖം കാണിക്കാൻ  ആജ്ഞാപിച്ചു.. !
ശില്പ്പി അമ്പരന്നു.!
പക്ഷെ തനിക്ക് പ്രേയസ്സിയുണ്ടെന്നു സധൈര്യം  രാജകുമാരിയെ ബോധിപ്പിച്ചു ശില്പ്പി മടങ്ങി.

അടക്കം കൊള്ളാൻ വിസമ്മതിക്കുന്ന തന്റെ ആസക്തി ചവുട്ടി മെതിച്ച് കടന്നു പോയ ശില്പ്പിയെ ,അത്ഭുത സിദ്ധികളുള്ള രാജകുമാരി ശപിച്ചു.!
നിനക്ക്…ഒരിക്കലും,നിന്റെ പ്രേയസിയെ സമീപിക്കാൻ കഴിയാതെ വരട്ടെ.!
നീ അവളെ പ്രാപിക്കാൻ തുനിയുമ്പോഴെല്ലാം ,പല്ലും നഖങ്ങളും,നീണ്ടുവരുന്ന ഒരു രക്ഷസ്സായി മാറും നീ..!!
ശില്പ്പി ഞെട്ടിവിറച്ചു. ശില്പ്പിയുടെ ഏകാഗ്രത നഷ്ടപ്പെട്ടു.
കിളിവാതിലിൽ നിന്നും നോക്കുന്ന രാജകുമാരിയുടെ സാന്നിദ്ധ്യം ,ശില്പ്പിയുടെ ബോധമണ്ഡലം ഉലച്ചു. ഉയർന്നു താഴുന്ന ചുറ്റികയും ഉളിയും തമ്മിലുള്ള ബന്ധം അറ്റു.!
ശില്പ്പി വീട്ടിലേക്ക് മടങ്ങാൻ മടിച്ചു.
ശില്പ്പി യെ അന്ത:പ്പുരത്തിൽ വിളിപ്പിച്ചത് ,പല നാവുകൾ ഏറ്റുപാടി. വിവാഹം പറഞ്ഞുവെച്ചിരുന്ന രാജകുമാരൻ ഒഴിഞ്ഞു പോയി.!
രാജകുമാരി  പുരുഷ വർഗ്ഗത്തെ ഒന്നടങ്കം വെറുത്തു. രാജകുമാരിയുടെ ശാപം വിഷസർപ്പത്തെ പോലെ എല്ലാവരേയും ആഞ്ഞുകൊത്തി. അപമാനം ഭയന്നു രാജകുമാരി സർപ്പക്കാവിൽ കയറി….
കഥ മുഴുവനാക്കുന്നതിനു മുമ്പേ ,കടുത്ത ഉച്ച ച്ചൂടിൽ ,മായ മയങ്ങിപ്പോയി. ഉറക്കത്തിന്റെ ചുറ്റുകളിലൂടെ താഴോട്ട്…
ഉണ്ണൂലിയുടെ, പ്രേതക്കാടുകളുടെ ഇടയിൽ, ഗന്ധർവ്വന്മാരുടേയും അപ്സരസ്സുകളുടേയും സൗന്ദര്യം ആസ്വദിച്ച്. ഒടിയന്മാരുടേയും ഭൂതങ്ങളുടേയും വൈരൂപ്യത്തിൽ ഭയന്ന്,കിളിവാതിലിലൂടെ ശില്പ്പിയെ നോക്കി നില്ക്കുന്ന അത്ഭുതസിദ്ധികളുള്ള രാജകുമാരിയെ പ്പോലെ വികാരം കൊണ്ട്, ശില്പ്പിയുടെ മൂക്കിനറ്റത്തെ വിയർപ്പു തുള്ളിയുടെ ഉപ്പുരസം നുകർന്ന്, പ്രേയസ്സിയെ പുണരാനടുത്ത അവന്റെ നീണ്ടുവരുന്ന നഖങ്ങളുടേയും ദംഷ്ട്രങ്ങളുടേയും നൊമ്പരമനുഭവിച്ച്…, സർവ്വാംഗം തളർത്തിയ രതിമൂർച്ചയിലെന്നോണം  തളർന്നു കിടന്നു.!
ഉറക്കത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണ മായ  താഴെ, കൂട്ടം കേട്ട് ഞെട്ടിയുണർന്ന്പ്പോൾ വിയർപ്പിൽ കുളിച്ചിരുന്നു. ശരീരമാസകലം ഒരു വല്ലാത്ത വേദന. മുഖവും മറ്റും വിങ്ങിവീർത്തതു പോലെ.
ഒരു പാട് നേരം ഉറങ്ങിപ്പോയി. സന്ധ്യയാവാറായി എന്നു തോന്നുന്നു. ആരോ സംസാരിക്കുന്ന ശബ്ദം.
മായ ജനാലയിലൂടെ താഴേക്ക് നോക്കി.
ഗോപനാനാണ്. അമ്മയുടെ കയ്യിൽ കത്തുകളേല്പ്പിക്കുന്നു.
വിഷ്ണുവിന്റേതായിരിക്കും..
ഈശ്വരാ…!..വിഷ്ണു ഡൽഹിയിൽ നിന്നും അയച്ച കത്തിനു തന്നെ മറുപടി അയച്ചിട്ടില്യാ.
മായ, വേഗം കോണിപ്പടികൾ ഇറങ്ങി.

 

തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/
Post Box Bottom AD3 S vyasa
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!