Follow the News Bengaluru channel on WhatsApp

വാലിബനും ലിജോയും നമ്മളും

സിനിമ ▪️ ഡോ. കീർത്തി പ്രഭ

മലൈക്കോട്ടെ വാലിബന്റെ ദൃശ്യമണ്ഡലം ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പ്രതീതിയുണ്ടാക്കുന്നുണ്ട്. പക്ഷേ അത് ഒഴുകുന്നത് നമ്മളെല്ലാം ആഗ്രഹിക്കുന്ന, കണ്ടു ശീലിച്ച ചടുലമായ വേഗത്തിലല്ല. അതീവ സമ്പന്നമായ വിഷ്വലുകള്‍ നിറച്ച് പതിഞ്ഞ താളത്തില്‍ സഞ്ചരിക്കുകയാണ് വാലിബന്‍. വാലിബന്റെ കഥയ്ക്ക് വേഗത്തിലോടുന്ന, ബഹുജനങ്ങളെ ഇളക്കിമറിക്കുന്ന ചടുലത വേണമായിരുന്നു എന്ന വിലാപങ്ങളില്‍ അര്‍ത്ഥമുണ്ടോ എന്നറിയില്ല. നമ്മുടെ ശീലങ്ങളെ തൃപ്തിപ്പെടുത്തുന്ന നമ്മുടെ ഇംഗിതങ്ങള്‍പോലെ എടുക്കുന്ന ഒരു സിനിമ ലിജോയുടെ സിനിമയാവില്ല. ഇക്കണ്ട കാലമത്രയുമുള്ള മലയാള സിനിമാ കാണികളെ ഇതുവരെയില്ലാത്ത രീതിയില്‍ ആസ്വദിപ്പിക്കാന്‍ പുതിയ വഴികള്‍ തേടുന്ന, ഉന്മാദങ്ങളിലൂടെയും വിചിത്രങ്ങളായ ഭാവനകളിലൂടെയും സഞ്ചരിക്കുന്ന ഒരു മനുഷ്യനാണ് ലിജോ ജോസ് പല്ലിശ്ശേരി എന്ന തോന്നലിന് വാലിബന്‍ പിന്നെയും അടിവരയിടുകയാണ്.

അദ്ദേഹം സ്വപ്നം കാണുന്നത് പൊതുകാഴ്ചകള്‍ക്കനുസരിച്ച് മാത്രം മിന്നി മറയുന്ന ഒരു സിനിമാ തിരശ്ശീലയല്ല.ബഹുഭൂരിപക്ഷത്തെയും തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ സമ്മാനിച്ച് ഒരു സുരക്ഷിത വലയത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സംവിധായകനുമല്ല ലിജോ.വേറിട്ട ആസ്വാദന ശീലങ്ങള്‍ പഠിപ്പിച്ചു കൊണ്ട് സിനിമാലോകത്ത് പുതിയ ഏടുകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുകയാണ് അദ്ദേഹം.

അഭിപ്രായവ്യത്യാസങ്ങള്‍ അംഗീകരിക്കപ്പെടണം.ഒരു സിനിമ ഇഷ്ടപ്പെട്ടതിന്റെ പേരിലും ഇഷ്ടപ്പെടാത്തതിനാലും അപമാനിക്കപ്പെടേണ്ടതില്ല. പക്ഷെ വൈരാഗ്യത്തിന്റെ ഭാഷ ഉപയോഗിച്ച് ഒരു സിനിമയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അംഗീകരിക്കുക.ഒരു തരത്തിലും കണക്ട് ചെയ്യാന്‍ പറ്റാത്ത സിനിമ, ഉത്സവപ്പറമ്പില്‍ പോലും ഇറക്കാന്‍ പറ്റാത്ത ഐറ്റം ഇങ്ങനെയൊക്കെയാണ് റിലീസ് ചെയ്തതും അതിനോട് അടുത്ത ദിവസങ്ങളിലുമായി മലൈക്കോട്ടെ വാലിബനെക്കുറിച്ച് കേട്ടത്. സംഘടിതമായ അപവാദ പ്രചരണങ്ങള്‍ക്കിടയില്‍ മുന്‍വിധികളില്ലാതെ തന്നെയാണ് വാലിബനെ കാണാന്‍ തീരുമാനിച്ചത്. അങ്ങനെ കാണാന്‍ തീരുമാനിച്ചതിന് പുറകില്‍ ലിജോ ജോസ് പല്ലിശ്ശേരി എന്ന പേര് തീര്‍ച്ചയായും ഉണ്ട്. സ്‌ക്രീനില്‍ സിനിമ കണ്ടു തുടങ്ങിയപ്പോള്‍ കുട്ടിക്കാലത്ത് വായിച്ച ഏതോ അമര്‍ ചിത്രകഥ വായിക്കുന്ന പ്രതീതിയാണുണ്ടായത്. കേളുമല്ലനും ചിന്നപ്പയ്യനും അയ്യനാറും വാലിബനും മാതംഗിയും ചമതകനും മറ്റെല്ലാ കഥാപാത്രങ്ങളുടെയും രൂപവും ചലനങ്ങളുമൊക്കെ അതിനു പൊലിമ കൂട്ടുക തന്നെ ചെയ്തു. സിനിമ കാണുന്നതിനു മുമ്പ് കേട്ട അഭിപ്രായങ്ങളെല്ലാം പൊയ്, ഇതാണ് നിജം എന്ന് തന്നെ തോന്നി ഓരോ രംഗങ്ങളും കണ്ടുപോകുമ്പോള്‍.

മലയാളത്തിന് ഇത് പുതിയ കാഴ്ച തന്നെയാണ്. മുമ്പൊരിക്കലും ഒരു സിനിമയിലും കണ്ടിട്ടില്ലാത്ത കാഴ്ച. പതിവ് സിനിമ ശീലങ്ങളെ കുത്തിനോവിക്കുന്ന, അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവങ്ങളും ആവാഹിച്ച് ഉയര്‍ന്നുവരുന്ന നരസിംഹവും കൂളിംഗ് ഗ്ലാസ് വച്ച് മുണ്ടു പറിച്ച് അടിക്കുന്ന ആട് തോമയും മാത്രമേ തിയേറ്ററുകള്‍ ഇളക്കി മറിക്കാവൂ എന്ന വാശി പിടിക്കലുകളുടെ അടിവേരിളക്കുന്ന കാഴ്ച.

സിനിമയുടെ തുടക്കത്തില്‍ ‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന’ എന്ന് അടിവരയിടുമ്പോള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് തിയേറ്ററുകള്‍ ഇളക്കിമറിച്ച, ഭാവങ്ങളും ചലനങ്ങളും കൊണ്ട് ഈ അവതാരത്തിന് പകരം മറ്റൊരാളില്ലെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്ന, ഈ അടുത്തകാലത്ത് സമര്‍പ്പണമേ ഇല്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചില കഥാപാത്രങ്ങള്‍ ചെയ്തുവച്ച പല മോഹന്‍ലാലുമാരെ ഓര്‍ത്തെടുക്കുകയായിരുന്നു.അയാള്‍ ഒരു മനുഷ്യന്‍ അല്ലെന്നും ഏതോ ഒരു വിശ്വരൂപത്തിന്റെ പല അവതാരങ്ങളായി ഈ സിനിമാലോകത്ത് ഇറങ്ങി നടക്കുന്ന ഒരു രൂപമാണെന്നുമുള്ള ഭ്രമിപ്പിക്കുന്ന തോന്നലുകളായിരുന്നു പിന്നീടങ്ങോട്ട് തിയേറ്ററില്‍ ഇരിക്കുമ്പോള്‍. വാലിബനെ പോലെ ഇത്രയും ആഴത്തില്‍ ഇറങ്ങി മോഹന്‍ലാല്‍ എന്ന നടന്‍ ഒരു കഥാപാത്രം ചെയ്തു കണ്ടിട്ട് കുറച്ചുനാളുകളായി എന്നത് സത്യമാണ്. ഇതിന്റെ കൂടെ തന്നെ എടുത്തു പറയേണ്ട പേരാണ് ഹരീഷ് പേരടി. അയ്യനാരുടെ ശബ്ദവും നടത്തവും നോട്ടവും ഇതുപോലെ ഒരു ഉഗ്രരൂപത്തില്‍ അവതരിപ്പിക്കാന്‍ മറ്റാര്‍ക്ക് സാധിക്കും.ഡാനിഷ് സേട്ടിനെ പോലെ ചതിയും കൗശലങ്ങളും ചിരിയിലും കണ്ണുകളിലും ഒളിപ്പിച്ച് നടക്കുന്ന ചമതകനെ മറ്റാര്‍ക്കും അവിസ്മരണീയമാക്കാന്‍ കഴിയില്ല എന്ന് തോന്നി. പുരാണങ്ങളിലെ ശകുനിമാരെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ സിനിമയില്‍ ഉടനീളം ചമതകന്‍ ഉള്ളില്‍ വിഷവുമായി ഓടി നടന്നു.

‘മദഭരമിഴിയോരം വസന്തത്തിന്‍ കാലം’

ഈ വരികള്‍ പറയുന്നത് തന്നെയായിരുന്നു വാലിബനും മാതംഗിയും ചേര്‍ന്നിരുന്ന രംഗങ്ങള്‍. മദഭരമായ വസന്തകാലത്തിലേക്കിറങ്ങി നടന്നത് പോലെ.

‘ കാണാന്‍ കൊതിയുള്ളവര്‍ പലരില്ലേ പലയിടത്തും’ എന്ന് മാതംഗി ചോദിക്കുമ്പോള്‍ ‘പല പേരുണ്ട് പലയിടത്തും, പക്ഷേ നിന്നെപ്പോലൊരാള്‍ വേറെയില്ല’ എന്ന വാലിബന്റെ മറുപടിയില്‍ മാതംഗിയുടെ ഉള്ളും മുഖവും ഈ ഭൂലോകത്തെ മറ്റേത് സ്ത്രീയെക്കാളും ശോഭയില്‍ പ്രകാശിക്കുന്നു.
സുചിത്ര നായരും മോഹന്‍ലാലുമുള്ള ആ രംഗമാണ് ഞാന്‍ കണ്ട വാലിബനിലെ ഏറ്റവും മനോഹരമായ ഫ്രെയിം.കുതിര മുത്തപ്പന്റെ വേല നടക്കുമ്പോഴുള്ള മഞ്ഞ നിറമുള്ള ഭക്തിയുടെ കാഴ്ചകള്‍, ചിന്നപ്പയ്യനും ജമന്തിപ്പൂവും ചേര്‍ന്നു നടക്കുന്ന ഇരുട്ടിന്റെയും റാന്തല്‍ വിളക്കുകളുടെയും കുഞ്ഞു വെളിച്ചങ്ങളുടെയും സൂര്യോദയത്തിന്റെയും പ്രണയം നിറഞ്ഞ കാഴ്ചകള്‍,രംഗപട്ടണം രംഗറാണിയുടെ മയിലാട്ടവും ചമതകന്റെ മയില്‍ വേഷവും വാലിബന്റെ മോഹിപ്പിക്കുന്ന നാട്യങ്ങളും ത്രസിപ്പിച്ച കാഴ്ചകള്‍, രക്തവും പൊടിയും പുകയും പാറുന്ന യുദ്ധത്തിന്റെ കാഴ്ചകള്‍ ഇതൊക്കെയും ഒരു പഴയകാല നോവല്‍ വായിക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്ന ചിത്രങ്ങൾ പോലെയാണ് അനുഭവിച്ചത്.

മധു നീലകണ്ഠന് മാത്രം എങ്ങനെയാണ് ക്യാമറയിലൂടെ ഇത്ര മനോഹരമായ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നത്.ഇടവേളക്ക് ശേഷം കഥയുടെ ഒഴുക്കില്‍ സ്വരച്ചേര്‍ച്ചയില്ലാതെയും തുടര്‍ച്ചയില്ലാതെയുമായ പോലെ കുഞ്ഞു പോരായ്മകള്‍ കയറി വന്നതിനെ ഏറ്റവും മനോഹരമായി ഒളിപ്പിച്ചു വച്ചതില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകള്‍ക്ക് വലിയ പങ്കു തന്നെയുണ്ട്.

വാലിബനെ സുന്ദരമായ അനുഭൂതിയാക്കിയത് പ്രശാന്ത് പിള്ളയുടെ സംഗീതവും കൂടിയാണ്. മദഭരമിഴിയോരവും പുന്നാരക്കാട്ടിലെ പൂവനവും പശ്ചാത്തലങ്ങളില്‍ നിറഞ്ഞ് നിന്ന് കാഴ്ചകളുടെ ഭംഗി ഇരട്ടിയാക്കിയ,ഉദ്വേഗങ്ങള്‍ നിറച്ച സംഗീതവുമെല്ലാം ഈ മുത്തശ്ശിക്കഥയുടെ മധുരത്തിന്റെയും തീവ്രതയുടെയും കൂട്ടിക്കൊടുപ്പുകാര്‍ തന്നെയായിരുന്നു. ഉന്മാദവും പ്രണയവുമുണര്‍ത്തുന്ന പാട്ടിന്റെ വരികളെഴുതി പ്രീതി പിള്ളയും വരുണ്‍ ഗ്രോവറും തിരക്കഥാകൃത്ത് പി എസ് റഫീക്കും സംഗീതത്തിന്റെ ആസ്വാദ്യതയെ വേറൊരു ലോകത്തിലേക്ക് കൊണ്ട് ചെന്നിട്ടു. ഗോകുല്‍ദാസിന്റെ കലാസംവിധാനം പഴയ ലോകത്തിന്റെ ചാരുതയിലേക്ക് മനസിനെ വലിച്ച് കൊണ്ട് പോകുന്നതാണ്. കാന്താരയുടെ സ്റ്റണ്ട് മാസ്റ്ററായ വിക്രം മോര്‍ വാലിബന്റെ ആക്ഷന്‍ രംഗങ്ങളിലൂടെ പുതുമകള്‍ സൃഷ്ടിച്ച് ആ പഴങ്കഥയുടെ ഭംഗിയെ അതുല്യമാക്കി നിലനിര്‍ത്തുന്നുണ്ട്. ഇങ്ങനെയൊരുപാട് സുന്ദരമായ വശങ്ങളില്‍ക്കൂടി നടക്കുമ്പോള്‍ തന്നെ രണ്ടാം പാതിയില്‍ കഥാപാത്രങ്ങള്‍ ഇനിയൊരല്പം കൂടി വിശദമായി വര്‍ണ്ണിക്കപ്പെടേണ്ടിയിരുന്നു,അവര്‍ക്ക് കുറച്ചുകൂടി വ്യക്തതയുള്ള സ്വഭാവരൂപീകരണം ഉണ്ടാകാമായിരുന്നു എന്ന തോന്നലുമുണ്ടായി.

ഡോ കീർത്തി പ്രഭ

ഒട്ടും റിയലിസ്റ്റിക് അല്ലാത്ത നാടകീയത നിറഞ്ഞ സംഭാഷണങ്ങളും രംഗങ്ങളും തന്നെയാണ് വാലിബന്‍. ഒരു അരങ്ങിന്റെ ചിന്തകള്‍ ഉണര്‍ത്തുന്ന അനുഭൂതി. കുട്ടിക്കാലത്ത് വായിച്ചു രസിച്ച കഥകള്‍ ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലം. സങ്കല്പ കഥകളുടെയും പുരാണ കഥകളുടെയും രീതികളും രാജാപാര്‍ട്ട് സ്വഭാവങ്ങളും പല മികച്ച ക്ലാസിക് സിനിമകളുടെ രീതികളുമൊക്കെ അവലംബിച്ചു കൊണ്ടുള്ള,എന്നാല്‍ ഇവയുടെയെല്ലാം സാധാരണ അവതരണ ശൈലികളിലേക്ക് ഇറങ്ങിപ്പോകാതെ പൂര്‍ണ്ണമായും ലിജോ ജോസ് പല്ലിശ്ശേരിയുടെ ഉന്മാദ സ്വപ്നങ്ങളിലൂടെ രൂപപ്പെട്ടിട്ടുള്ള പുതിയ ആസ്വാദന അനുഭവമാണ് വാലിബന്‍. വാലിബന്‍ മലയാള സിനിമാലോകത്തിനു നല്‍കുന്ന ഈ മുത്തം ചിന്നപ്പയ്യനും ജമന്തിപ്പൂവും ശ്രീകുമാര്‍ വാക്കിയിലിന്റെയും അഭയ ഹിരണ്‍മയിയുടെയും ശബ്ദത്തില്‍ പാടി നടക്കുന്നത് പോലെ ‘ മുത്തെടുക്കും പോല്‍ പുറത്തെടുക്കൂ’ എന്ന് പറയാനാണ് തോന്നുന്നത്. മുന്‍വിധികളില്ലാതെ വൈരാഗ്യത്തിന്റെ ഭാഷയിലുള്ള അപവാദ പ്രചരണങ്ങള്‍ക്ക് കാതു കൊടുക്കാതെ കണ്ട് ശീലിച്ച കാഴ്ചകള്‍ക്കപ്പുറം പുതിയൊരു ആസ്വാദനശൈലി രൂപപ്പെടുകയാണെന്ന വിശാലതയോടെ കാണൂ…അതിസാധാരണമായ നിങ്ങളുടെ കൈയ്യും മനസ്സും കൊണ്ട് തന്നെ ഈ മുത്ത് നിങ്ങള്‍ക്ക് പുറത്തെടുക്കാം.

🟥


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.