Follow the News Bengaluru channel on WhatsApp

പ്രേമലുവിലേക്ക് വന്ന വഴികള്‍

സംഭാഷണം: അഖില ഭാര്‍ഗവന്‍ ▪️ ഡോ. കീർത്തി പ്രഭ

മനസ്സിന്റെ ആയാസം തീര്‍ക്കുന്ന, ഉണര്‍വ് നല്‍കുന്ന സിനിമയാണ് പ്രേമലു. തലയിലും മനസ്സിലും ഉരുണ്ടുകൂടിയിരിക്കുന്ന സകലതും കുറച്ചുനേരത്തേക്കെങ്കിലും മറന്ന് ഉള്ളറിഞ്ഞ് ചിരിക്കാം. ചിരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല, ചിരിക്കേണ്ടവര്‍ക്ക് ചിരിക്കാം, ചിരി വരാത്തവര്‍ക്ക് വെറുതെ നോക്കിയിരിക്കാം. എങ്ങനെയായാലും പലരാലും പലതാലും വരിഞ്ഞുമുറുക്കിയിരിക്കുന്ന മനസ്സിനെ കുറച്ചുനേരത്തെക്കെങ്കിലും അയച്ചു വെക്കാന്‍ ഈ സിനിമ ഉണ്ടാക്കുന്ന ആഹ്ദളാദ അന്തരീക്ഷത്തിന് കഴിയുന്നുണ്ട്. എവിടെയും പാളിപ്പോകാതെ പുതിയ തലമുറയെ സൂക്ഷ്മമായി വിലയിരുത്തുകയും കൂടിയാണ് പ്രേമലു. അവരനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ എല്ലാ നിറങ്ങളും നല്‍കി അവതരിപ്പിക്കുകയാണ്. ‘ഇതെന്തു വസ്ത്രം, പെണ്ണ് കുറച്ച് ഒതുങ്ങണം,നില മറന്ന് തുള്ളരുത്, തന്നിഷ്ടം കാണിക്കരുത്’ തുടങ്ങിയ പയ്യാരം പറച്ചിലുകളെ ഒരു നീണ്ട ചൂലുകൊണ്ട് കൂളായി തട്ടിക്കളഞ്ഞ് മനസ്സും ശരീരവും നിയന്ത്രണങ്ങള്‍ ഇല്ലാതെ പറത്തിവിട്ട് ഇഷ്ടമുള്ള ഇടങ്ങളിലേക്കൊക്കെ ഒരു യാത്ര പോയ അനുഭൂതിയാണ് ഉണ്ടായത്. മനസ്സിനെ വല്ലാത്തൊരു സ്വാതന്ത്ര്യം അനുഭവിപ്പിക്കുന്ന സിനിമയാണ് പ്രേമലു. ജീവിതത്തില്‍ പലപ്പോഴും കിട്ടാന്‍ പ്രയാസമുള്ള അങ്ങനെയുള്ള നേരങ്ങള്‍ രണ്ടര മണിക്കൂറില്‍ ആസ്വദിക്കാന്‍ അവസരം ഉണ്ടാക്കിയതിന് ഗിരീഷ് എ ഡി ക്കും കൂട്ടര്‍ക്കും നന്ദി പറയാം.

ഒരുകാലത്ത് മലയാള സിനിമയുടെ തമാശക്കാലം ബോഡി ഷേമിങ്ങും സ്ത്രീവിരുദ്ധതയുമൊക്കെ നിറഞ്ഞതായിരുന്നു. നിറവും രൂപവും ജന്‍ഡറും മനുഷ്യരെ ഇകഴ്ത്താനും പരിഹസിക്കാനുമുള്ള മാനദണ്ഡങ്ങളാക്കി എഴുതപ്പെട്ട പലതമാശകളും നമ്മള്‍ ചിരിച്ച് ആസ്വദിച്ച് വിഴുങ്ങിയതും പലരുടെയും മുന്നില്‍ അവരെ കളിയാക്കാന്‍ ശര്‍ദ്ദിച്ചിട്ടുള്ളവയും ആണ്. പുതിയ മനുഷ്യരുടെ സിനിമകളില്‍ തമാശകള്‍ പോലും അറിഞ്ഞോ അറിയാതെയോ സാമൂഹിക പ്രതിബദ്ധത കാണിക്കുന്നുണ്ട്. സമൂഹത്തോട് പ്രതിബദ്ധരായിരിക്കണം എന്ന് മനപ്പൂര്‍വ്വം തീരുമാനിച്ചു കൊണ്ടുള്ള തമാശ പറച്ചിലുകളും അല്ല അത്. കാലം മാറുന്നു എന്ന് സിനിമയിലൂടെയുള്ള ഒരു അടയാളപ്പെടുത്തലും കൂടിയാണത്. സമൂഹമടിച്ചേല്‍പ്പിക്കുന്ന മര്യാദ, അടക്കം, ഒതുക്കം, സദാചാരം തുടങ്ങിയ ചീഞ്ഞുനാറാന്‍ തുടങ്ങിയ മാലിന്യങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് പ്രേമലുവിലെ പിള്ളേരും വര്‍ത്തമാനങ്ങളും മനസ്സിനും ശരീരത്തിനും യാതൊരു ഭാരവും ഇല്ലാതെ അപ്പൂപ്പന്‍ താടികള്‍ കണക്കെ ഇവിടെയിങ്ങനെ പറന്നു നടക്കണം. എന്തുമാത്രം പരസ്പരബന്ധിതമാണ് ഇന്നത്തെ ലോകം. അവസരങ്ങളും ആഗ്രഹങ്ങളും തേടി എവിടെയും പോകാം. ഇവിടത്തെ പിള്ളേര് നാട് കടക്കാനുള്ള കാരണം ഇവിടെ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് മാത്രമല്ല, സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും അവരെ ഇവിടുന്ന് ഓടിക്കുന്നതില്‍ മേല്‍പ്പറഞ്ഞ മാലിന്യങ്ങള്‍ക്ക് എടുത്താല്‍ പൊങ്ങാത്തത്ര പങ്കുണ്ട്. അത്തരം മാലിന്യങ്ങളെ വകവയ്ക്കാതെ ഏതു സാഹചര്യത്തിലും ആസ്വദിച്ചു കൊണ്ട് ജീവിക്കാന്‍ ഇവിടെ അവര്‍ക്ക് സാധിക്കാഞ്ഞിട്ടുമല്ല, ഇവിടെ അങ്ങനെ ജീവിക്കാന്‍ കുറച്ച് അധികം പ്രയത്‌നിക്കേണ്ടി വരും. തലയില്‍ വീണു കൊണ്ടേയിരിക്കുന്ന മാലിന്യ കൂമ്പാരങ്ങളെ കണ്ടില്ലെന്നു നടിക്കാനും തലയിൽ വീണു കൊണ്ടേയിരിക്കുന്ന മാലിന്യ കൂമ്പാരങ്ങളെയും പയ്യാരം പറച്ചിലുകളെയും തള്ളിനീക്കി മറ്റാര്‍ക്കും ഉപദ്രവം ഇല്ലാത്ത സ്വന്തം ഇഷ്ടങ്ങളിലൂടെ പറന്നു നടക്കാനും ഇവിടെ അവര്‍ കുറച്ചു മെനക്കെടേണ്ടി വരുന്നു. പലരും അത് വയ്യെന്നു വയ്ക്കും, അതിനു മടിച്ച് നാട് വിടും.അങ്ങനെ ചില ഓട്ടപാച്ചിലുകള്‍ നടത്തി കിതയ്ക്കുന്നുണ്ട് പ്രേമലു.

പ്രേമലു എന്ന പേരും കൗതുകം ഉണ്ടാക്കുന്ന ഒന്നാണ്. 1970കളിൽ വി മധുസൂദൻ റാവു സംവിധാനം ചെയ്ത് ജയലളിതയും മനോരമയും ശാരദയും അക്കിനേനി നാഗേശ്വരറാവുവും ഒക്കെ അഭിനയിച്ച പ്രേമലു പെല്ലിലു എന്ന പ്രശസ്തമായ സിനിമയുമുണ്ട് തെലുങ്കിൽ.

സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്ന കഥാപാത്രമായ മമിത ബൈജു അവതരിപ്പിച്ച റീനുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായ കാർത്തികയായി അഭിനയിച്ച ഒരു പെൺകുട്ടിയുണ്ട് പ്രേമലുവില്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ക്കാരിയായ അഖില ഭാര്‍ഗവന്‍ ആണ് ആ നടി.എ ആര്‍ റീല്‍സ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജുണ്ട്. അഖിലയും ഭര്‍ത്താവായ രാഹുലും ചേര്‍ന്ന് ചെയ്യുന്ന ഒരുപാട് നല്ല വീഡിയോകള്‍ അതില്‍ കാണാം. അഭിനയ മോഹം ഉള്ളിലുണ്ടെങ്കിലും ഞങ്ങളെപ്പോലുള്ളവര്‍ക്കൊക്കെ സിനിമ കിട്ടാക്കനിയാണ് എന്ന് വിശ്വസിച്ച് റീല്‍സ് വീഡിയോകളിലൂടെ ആ മോഹത്തെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച് അതിലൂടെ തന്നെ അഖില സിനിമയിലേക്ക് എത്തിപ്പെട്ടു. അത് ഇവിടെയിങ്ങനെ ഒറ്റവാക്കില്‍ പറയുന്നതുപോലെ അത്ര എളുപ്പമല്ല. ബോഡി ഷേയ്മിങ് അടക്കം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് മുന്നോട്ടു നടന്ന് തന്റെ മൂന്നാമത്തെ സിനിമ മലയാള സിനിമയുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചപ്പോള്‍ അഖിലയും അവളുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുകയാണ്. അഖിലയുടെ മോഹങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥനായ രാഹുലും കൂടെയുണ്ട്. ന്യൂസ് ബെംഗളൂരുവിനു വേണ്ടി അഖില നല്‍കിയ അഭിമുഖ സംഭാഷണം ഇനി വായിക്കാം.

ടോക് ടൈം 

🟡

അഖില ഭാര്‍ഗവന്‍ | ഡോ. കീർത്തി പ്രഭ

 

അഖിലയുടെ സിനിമാ മോഹത്തിന്റെ തുടക്കം?

സിനിമാ മോഹം ഉണ്ടായിരുന്നു, പക്ഷെ അതിനെ സീരിയസ് ആയി നോക്കിക്കണ്ടിരുന്നില്ല. നമുക്കൊന്നും എത്തിപ്പെടാന്‍ കഴിയാത്തത്ര ദൂരത്ത് കിടക്കുന്ന ഒരു മേഖലയാണ് സിനിമ എന്ന ധാരണ തന്നെയാണ് അതിന് കാരണം. കുറച്ചുകാലങ്ങള്‍ക്ക് മുമ്പേ മ്യൂസിക്കലി, ഡബ്‌സ്മാഷ് തുടങ്ങിയ ആപ്പുകളിലൂടെ പലരും വീഡിയോകള്‍ ചെയ്യുന്നത് കണ്ടിട്ട് ഒരു കൗതുകത്തിന് ഞാനും റീല്‍സ് ചെയ്തു തുടങ്ങിയതാണ്. ബഡായി ബംഗ്ലാവിലെ ആര്യ ചേച്ചിയുടെ ഒരു വീഡിയോ ചെയ്തത് വൈറല്‍ ആവുകയും ബഡായി ബംഗ്ലാവിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു.ഒരു ക്യാമറയ്ക്ക് മുമ്പില്‍ ആദ്യമായി നില്‍ക്കുന്നത് അന്നാണ്. അത് കണ്ടിട്ട് കുറച്ചു സിനിമകളിലേക്ക് അവസരങ്ങള്‍ വന്നെങ്കിലും പഠിത്തം കഴിഞ്ഞ് നോക്കാം എന്ന് കരുതി. പഠനം കഴിഞ്ഞതോടെ ജോലി ലഭിച്ചു, വിവാഹവും നടന്നു. ഇതിനൊക്കെ ഇടയില്‍ വീഡിയോയും അഭിനയവും ഒക്കെ മറന്ന മട്ടായിരുന്നു. പിന്നീട് എന്റെ ഭര്‍ത്താവിന്റെ താല്‍പര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും കൂടെ എ ആര്‍ റീല്‍സ് എന്നുള്ള ഒരു പേജ് തുടങ്ങുകയും അതിലെ വീഡിയോകള്‍ കണ്ടിട്ട് അനുരാഗ് എന്‍ജിനീയറിങ് വര്‍ക്ക്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് എന്റെ ആദ്യത്തെ സിനിമയായ പൂവനിലേക്ക് അവസരം ലഭിച്ചു.

സിനിമയിലേക്ക് എത്താനുള്ള സാദ്ധ്യതകള്‍ ഒരുക്കിയതില്‍ നൂറ് ശതമാനം ക്രെഡിറ്റ്‌സ് റീല്‍സ് വീഡിയോസിന് തന്നെയാണോ

അതെ. റീല്‍സിലൂടെ ആണ് ഞങ്ങളുടെ തുടക്കം.ഞാനും ഹസ്ബന്‍ഡും ചേര്‍ന്ന് ആരംഭിച്ച എ ആര്‍ റീല്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ മൂവി റിക്രിയേഷന്‍ സീനുകളും വീഡിയോകളും ചെയ്യാന്‍ തുടങ്ങി. അതിന് വലിയ സ്വീകാര്യത ലഭിക്കുകയും ഞങ്ങളുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടുകയും ചെയ്തു. അത് കണ്ടിട്ടാണ് അനുരാഗ് എന്‍ജിനീയറിങ് വര്‍ക്ക്‌സിന്റെ സംവിധായകനായ കിരണ്‍ ജോസിയും സിനിമറ്റോഗ്രാഫറായ ആദര്‍ശ് സദാനന്ദനും എന്നെ വിളിച്ചത്. അതില്‍ അഭിനയിക്കുമ്പോള്‍ ഇത്ര വലിയ വിജയമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അനുരാഗ് എന്‍ജിനീയറിങ് വര്‍ക്‌സ്‌നെയും അതിലെ എന്റെ കഥാപാത്രത്തെയും സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം.അതിലൂടെയാണ് എന്റെ ആദ്യത്തെ സിനിമയായ പൂവനിലേക്ക് എത്തുന്നത്.

ആദ്യത്തെ വിഷ്വല്‍ മീഡിയ അനുഭവം,ആദ്യത്തെ ഷോര്‍ട്ട് ഫിലിം

അത് അനുരാഗ് എന്‍ജിനീയറിങ് വര്‍ക്ക്‌സ് ആണ്. വളരെ നല്ലൊരു ടീം ആയിരുന്നു അത്. സൂപ്പര്‍ ശരണ്യയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ കിരണ്‍ ജോസി സംവിധാനം ചെയ്യുന്നു, അതില്‍ അഭിനയിച്ച വിനീത് വാസുദേവന്‍ ലീഡ് റോള്‍ ചെയ്യുന്നു, സംവിധായന്‍ ഗിരീഷ് എ ഡി നിര്‍മ്മിക്കുന്നു ഇതൊക്കെ കേട്ടതിന്റെ സന്തോഷവും എക്‌സൈറ്റ്‌മെന്റും ഉണ്ടായിരുന്നു. ഒപ്പം ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുന്നതിന്റെ ടെന്‍ഷനും തോന്നി. അമ്മ വാക്കത്തിയെടുത്ത് പുറകെ ഓടുന്ന സീനായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. സാധാരണ റീല്‍സില്‍ ഒക്കെ ചെയ്യുന്നതുപോലെ വളരെ കൂള്‍ ആയിട്ട് ചെയ്താല്‍ മതി എന്ന് പറഞ്ഞ് കിരണേട്ടന്‍ ആത്മവിശ്വാസം തന്നു. അതിനുശേഷം എല്ലാവരുമായി നല്ല കൂട്ടായി കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള കാര്യങ്ങളൊക്കെ സ്മൂത്ത് ആയി നടന്നു.

 അഭിനയ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഉണ്ടായ ബോഡി ഷെയ്മിങ്ങ് അനുഭവങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

അഭിനയ ജീവിതത്തിലേക്ക് കടന്നതിനു ശേഷവും അതിനുമുമ്പും ബോഡി ഷെയ്മിങ്ങ് ഉണ്ടായിട്ടുണ്ട്. നാട്ടില്‍ നിന്നൊക്കെ റീല്‍സ് വീഡിയോകള്‍ കണ്ടിട്ട് പലരും ‘കോലു പോലെ ഇരിക്കുന്നല്ലോ,എന്താണിത് കോലം’ എന്നൊക്കെ ചോദിച്ചിട്ടുണ്ട്.അത്തരം ചോദ്യങ്ങള്‍ മെസ്സേജുകള്‍ ആയും വരാറുണ്ടായിരുന്നു. ആ ഒരു സമയത്ത് കമന്റ്‌സ് ഒക്കെ വായിക്കുമ്പോള്‍ വിഷമം തോന്നുമായിരുന്നു.പിന്നീട് മെല്ലെ മെല്ലെ അത് ഒഴിവാക്കാന്‍ ശ്രമിച്ചു. മെലിഞ്ഞിരിക്കുന്നു എന്ന കാരണം കൊണ്ട് നൃത്ത വേദികളില്‍ നിന്നുള്ള ചില അവസരങ്ങളൊക്കെ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇന്ന് അതൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് വലിയ ഇന്‍സ്പിരേഷന്‍ ആയിട്ടാണ് തോന്നുന്നത്. ഇപ്പോള്‍ ഞാന്‍ ആരോഗ്യപരമായി ശരീരം കുറച്ചുകൂടി ശ്രദ്ധിക്കുന്നുണ്ട്.

അഖിലയുടെ കരിയറിന്റെയും സ്വപ്നങ്ങളുടെയും വളര്‍ച്ചയില്‍ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഭര്‍ത്താവ് എന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച്?

തീര്‍ച്ചയായും അദ്ദേഹം എനിക്ക് വളരെ വലിയ സപ്പോര്‍ട്ട് ആണ് തരുന്നത്. രാഹുല്‍ പി പി എന്നാണ് പേര്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറാണ് അദ്ദേഹം.കാസ്റ്റിംഗ് കോളുകള്‍ ഒക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ എന്നോട് പോലും ചോദിക്കാതെ രാഹുല്‍ അതിനൊക്കെ മറുപടികള്‍ അയച്ചിടും. അഭിനയം വളരെ ഇഷ്ടമുള്ള ആളാണ്. റീല്‍സ് വീഡിയോകള്‍ ചെയ്യാന്‍ മുന്‍കൈ എടുക്കുന്നതും പലപ്പോഴും രാഹുല്‍ തന്നെയാണ്. എന്നെ ഓഡിഷന്‍സിന് കൊണ്ടുപോകുന്നതും മറ്റെല്ലാ കാര്യങ്ങള്‍ക്കും ബാക്ക് ബോണ്‍ ആയി കൂടെ നില്‍ക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം.

അഖിലയും ഭർത്താവ് രാഹുലും

 

അഭിനയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം നേടിത്തന്ന സന്ദര്‍ഭങ്ങള്‍?

ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം തോന്നിയത് അനുരാഗ് എന്‍ജിനീയറിങ് വര്‍ക്ക്‌സ് ചെയ്ത സന്ദര്‍ഭത്തില്‍ തന്നെയാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ ഷോര്‍ട്ട് ഫിലിം ഒരുപാട് പേരിലേക്ക് എത്തുകയും പ്രേക്ഷകര്‍ ഇഷ്ടത്തോടെ സ്വീകരിക്കുകയും ചെയ്യുന്നത്. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രമോഷനുകള്‍ ഒന്നും ഇല്ലാതെ ശരിക്കും മൗത്ത് പബ്ലിസിറ്റി വഴിയാണ് അനുരാഗ് എന്‍ജിനീയറിങ് വര്‍ക്ക്‌സ് വൈറല്‍ ആയത്.ആറു മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ ആ ഷോര്‍ട്ട് ഫിലിം ഉണ്ട്. ഇപ്പോഴും പുറത്തേക്കിറങ്ങുമ്പോള്‍ എന്നെ ആള്‍ക്കാര്‍ തിരിച്ചറിയുന്നത് അനുരാഗിലെ നീതു അല്ലേ എന്ന് ചോദിച്ചിട്ടാണ്.

പൂവന്‍,അയല്‍വാശി,പ്രേമലു ഇങ്ങനെ അഖില ഭാഗമായ സിനിമകള്‍ എല്ലാം വളരെ ലൈറ്റ് ഹാര്‍ട്ടഡ് ആയിട്ടുള്ളവയാണ്.അത്തരം സിനിമകള്‍ ആണോ കൂടുതല്‍ അഖിലയെ തേടി വരാറ്. അതോ വരുന്ന സിനിമകളില്‍ നിന്ന് അത്തരം സിനിമകള്‍ തിരഞ്ഞെടുക്കുന്നതാണോ?

പൂവന്‍ എന്റെ ആദ്യത്തെ സിനിമയാണ്. ഓഡിഷനുകള്‍ക്കൊക്കെ ശേഷമാണ് അതിലേക്ക് സെലക്ട് ആയത്. തെരഞ്ഞെടുപ്പ് എന്നതിന് അതില്‍ പ്രാധാന്യം ഇല്ല. ഒരുപാട് ആഗ്രഹിച്ച് കിട്ടിയ ഇപ്പോഴും വളരെ സ്‌പെഷ്യല്‍ ആയി കാണുന്ന വേഷമാണ് പൂവനിലേത്. ആദ്യത്തെ സിനിമയില്‍ തന്നെ മുഴുനീള ക്യാരക്ടര്‍ റോള്‍ ചെയ്യാന്‍ സാധിച്ചു എന്നത് വലിയ സന്തോഷമാണ്. അയല്‍വാസി ആയാലും പ്രേമലു ആയാലും മികച്ച ഒരു ടീം വര്‍ക്ക് ആയിട്ടാണ് തോന്നിയിട്ടുള്ളത്. അത്തരം ഒരു നല്ല കൂട്ടായ്മയിലേക്ക് എത്തിപ്പെടുക എന്നതിന് ആണ് നിലവില്‍ പ്രാധാന്യം കൊടുക്കുന്നത്.

പ്രേമലു ടീമിനൊപ്പം

 

പ്രേമലുവിന് ലഭിക്കുന്ന ഗംഭീരമായ സ്വീകരണങ്ങളെക്കുറിച്ച്?

മികച്ച രീതിയില്‍ ഉള്ള പ്രതികരണങ്ങളാണ് പ്രേമലുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്നതുകൊണ്ടും ഭാവന സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ ചെയ്യുന്നതുകൊണ്ടും സിനിമ ആളുകളിലേക്ക് എത്തിച്ചേരും എന്നൊരു വിശ്വാസം മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ ഇത്ര വലിയ വിജയമായി ആളുകള്‍ സ്വീകരിക്കും എന്ന് കരുതിയതേയില്ല. ഒട്ടും പ്രതീക്ഷിക്കാതെ സിനിമ വലിയ ഹിറ്റ് ആയതിന്റെ സന്തോഷത്തിലും ആവേശത്തിലും തന്നെയാണ് ഇപ്പോഴും ഞങ്ങളെല്ലാവരും.

ഡോ. കീർത്തി പ്രഭ

അഭിനയം എന്ന പാഷനിലേക്ക് എത്തിച്ചേര്‍ന്ന വഴികളില്‍ നേരിട്ട പ്രതിസന്ധികള്‍ എന്തൊക്കെയാണ്?

ഒരു കാസ്റ്റിംഗ് കോള്‍ കണ്ട്, അതിനു മറുപടി അയച്ച്, അവരുടെ ഭാഗത്തുനിന്ന് തിരിച്ചൊരു പ്രതികരണം ഉണ്ടാവുക എന്ന് പറയുന്നത് തന്നെ വലിയൊരു കാര്യമാണ്. കാസ്റ്റിംഗ് കോളുകള്‍ക്ക് അപ്ലൈ ചെയ്ത് പ്രതികരണങ്ങള്‍ ഇല്ലാതെ പോയ ഒരുപാട് സന്ദര്‍ഭങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ഇതൊക്കെ കഴിഞ്ഞ് ഓഡിഷനില്‍ പങ്കെടുക്കുക, അതുകഴിഞ്ഞ് ഒരു സിനിമയുടെ ഭാഗമാവുക ഇങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ് വലിയൊരു സ്‌ക്രീനില്‍ നമ്മുടെ മുഖം കാണാന്‍ സാധിക്കുന്നത്.

പ്രേമലു എന്ന പേരിനു പുറകില്‍?

ഈ സിനിമയുടെ കഥാപാശ്ചാത്തലം ഹൈദരാബാദാണ്. മലയാളികള്‍ പലപ്പോഴും ഒരു തമാശയ്ക്ക് തെലുങ്ക് സംസാരിക്കുവാന്‍ വേണ്ടി എല്ലാ മലയാള വാക്കുകളുടെയും അവസാനം ‘ലു’ എന്ന് ചേര്‍ത്തുകൊണ്ട്പറയാറുണ്ട്. അങ്ങനെയൊരു പേരിടാന്‍ ഇതും ഒരു കാരണമാണെന്നാണ് എന്റെ അറിവ്.അത് കൂടാതെ തെലുങ്കില്‍ സ്‌നേഹം, പ്രേമം എന്നൊക്കെ അര്‍ത്ഥം വരുന്ന പ്രേമലു എന്നൊരു വാക്കുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംComments are closed.