ഒരിക്കൽ ഒരിടത്ത്

Post ad banner after image

അധ്യായം ഒമ്പത്

 

മായ വേഗം കോണിപ്പടികൾ ഓടിയിറങ്ങി വരാന്തയിലെത്തിയപ്പോഴേക്കും ഗോപൻ പടിപ്പുരക്കലെത്തിക്കഴിഞ്ഞു.
ഗോപനെന്താ.. പുവ്വായോ. ? മായ വിളിച്ചു ചോദിച്ചു.
വിഷ്ണുവേട്ടന്റെ കത്തുകളുണ്ടായിരുന്നു. പോസ്റ്റ് മാൻ  എല്ലാം വായനശ്ശാലയിലാണു കൊണ്ടിട്ടത്. ഇവിടെ ഏൽപ്പിച്ചിട്ടുണ്ട്.

മായ കത്തുകളും കൊണ്ട് മുറിയിലേക്ക് ഓടി.
ദൂരെ പോസ്റ്റ് ഓഫ്ഫിസിൽ പോയി സ്റ്റാമ്പ്, എയർമെയിൽ ഒക്കെ വാങ്ങാനായി ഗോപനെ പറഞ്ഞേല്പ്പിച്ചിട്ടാണു വിഷ്ണു പോയിരിക്കുന്നത്.
മായ ഏട്ത്തിക്ക് എന്തു സഹായം വേണമെങ്കിലും ഈ ഗോപനോട് ചോദിക്കാം.
ഗോപനെ ആദ്യം കണ്ടപ്പോഴേ മായക്ക് വലിയ ഇഷ്ടമായി.
വിഷ്ണുവിനോടത് പറയുകയും ചെയ്തു.
നല്ല ചുറുചുറുക്ക്, ആ കട്ടപ്പുരികവും,വലിയ കറുത്ത കണ്ണുകളും നല്ല ഉയരവും.
മായക്ക് ആരെയാ ഇഷ്ടാവാത്തത്. ?
വിഷ്ണു കളിയാക്കി.
അതല്ല.. അന്ന്.. ഗോപനെ ആദ്യം കണ്ടത്…ഇരുണ്ടു തുടങ്ങിയ പച്ചപ്പാട വരമ്പത്ത് ശുഭ്ര വസ്ത്രത്തിൽ തിളങ്ങിയ രൂപം…
ഓ..കവിത…!വിഷ്ണു ചിരിച്ചു.
ഇഷ്ടായില്യാ അല്ലേ? അപ്പോൾ അസൂയ ഉണ്ട്.
പിന്നെയില്ലാതെ..വിഷ്ണു അവളെ അടക്കം പുണർന്നു.
കവിയല്ലേ…..എല്ലാവരോടും ഇങ്ങിനെ പ്രണയം തോന്നിയാ ലോ..
മായ വിഷ്ണുവീന്റെ കത്തു തുറന്നു. തുറന്ന കത്തുകളിൽ നിറഞ്ഞു നില്ക്കുന്ന സാന്നിദ്ധ്യം. ഒന്നിച്ചുണ്ടായിരുന്ന ദിവസങ്ങളുടെ ജീവൻ തുടിക്കുന്ന നിമിഷങ്ങളുടെ ഓർമ്മകൾ.
ഇട തടവില്ലാതെ വിഷ്ണു സംസാരിക്കുകയാണു്. പുതിയ കാഴ്ചകൾ, പുതിയ അനുഭവങ്ങൾ..
തന്നെ പിരിഞ്ഞതിന്റെ പരിഭവം..,പങ്കുവെച്ച പ്രണയം വിഷ്ണുവിനെ  മറ്റൊരാളാക്കിയ മുഹൂർത്തങ്ങൾ.

മായ ഓർത്തു. തനിക്കിങ്ങനെയൊന്നും എഴുതാനറിയില്ല.
ഒരിക്കൽ കോളേജിൽ വെച്ച് രോഷൻ ചോദിച്ചു.
എഡോ..കവിതക്കാരൊക്കെ റൊമാന്റിക്കാവുമെന്നു പറഞ്ഞിട്ട്. താനിങ്ങനെ ഒരു നനഞ്ഞ പഴം തുണി.
അപ്പോ രോഷൻ റൊമാന്റിക്കാണോ ?
ഒരു ചോദ്യത്തിനു മറു ചോദ്യമാണുത്തരം. മായ തന്നെ.!
ആരു പറഞ്ഞു ഞാൻ റൊമാന്റിക്കല്ലാ എന്ന്. എന്റെ ചുറ്റും കാണുന്ന എല്ലാറ്റിനോടും എനിക്ക് കടുത്ത പ്രേമമാണ്.
അപ്പോ..എന്നോടും .!
എന്തിനാ നമ്പൂതിരിക്കുട്ടി ഇങ്ങനെ സ്വയം വഞ്ചിക്കുന്നത്.  കാപട്യമേ…നിന്റെ..പേരാണ്
വേണ്ട വേണ്ട…സ്ഥിരം ഡയലോഗ്..

കുഞ്ഞാത്തലേ…
പെട്ടന്നു ഉണ്ണുലിയുടെ ശബ്ദം കേട്ട് മായ ഞെട്ടി.
ഉണ്ണൂലി ഓടിക്കിതച്ച് വന്നു.
തമ്പുരാട്ടിക്ക് എന്തോ അസുഖം പോലെ.
ഏട്ടനും,ഡോക്ടറും ധൃതിയിൽ പടിപ്പുര കടന്നു വരുന്നതു കണ്ട് മായ പരിഭ്രമിച്ചു.
എന്താ..ഉണ്ണൂലി നില്ക്കൂ… ചോയ്ക്കട്ടെ.
ഡോക്റ്റർ അമ്മയെ നോക്കി വരാന്തയിലേക്ക് വന്നു.
ഏയ്…ഒന്നും സാരമില്ല. പനിക്ക് മരുന്നു കൊടുത്തിട്ടുണ്ട്. പ്രഷറും കുറച്ചു കൂടുതലാണ്.
ഉണ്ണിയെ വരുത്തണോ?
നോ..നൊ. അതിന്റെയൊന്നും ആവശ്യമില്ല. ചിക്കൻ പോക്സാണ്. ഒരു രണ്ടാഴ്ച. ഞാൻ വീണ്ടും വരാം.
ഡോക്ടറേയും കൊണ്ടു പോകുന്ന ഏട്ടനെ എത്തിച്ചു നോക്കി ഉണ്ണൂലി ശബ്ദം താഴ്ത്തി.
ദീനാത്രെ…പൊന്തണേള്ളു..ശിവ..ശിവ.. ഇക്കാലത്ത് ദീനം വരേ..?
മായ ഭയന്നു.
ഏട്ടൻ.., ആരെയോ വിട്ട്  വൈദ്യനെ വരുത്തി.
ചെല്ലപ്പെട്ടിയിലെ മരുന്നുകളും , ഓലക്കെട്ടും, തളത്തിൽ വെച്ച് വൈദ്യൻ അകത്തേക്ക് തൊഴുത് കയറി.
അമ്മേ..ഭഗവതീ.. മഹാ മായേ..
സാരംല്യാ.. ,ന്നാ സാരംണ്ടേനും.
കൊറച്ചധികം ണ്ടാവും..ദിവസം അത്ര നന്നല്ല. വെള്ളിയാഴ്ച്ചത്തേക്ക് മുഴുവനും പൊന്തും., പിന്നെ ഒരു രണ്ടാഴ്ച. അതു കഴിഞ്ഞാൽ നല്ല ദിവസം നോക്കി കുളിക്കാം.
എല്ലാവരും കൊറച്ച് ശുദ്ധോം, വെടിപ്പും ഒക്കെ ശ്രദ്ധിക്ക്യാ. പഥ്യം നോക്കണം. അടുക്കളയിൽ വറക്കേം പൊരിക്കേം ഒക്കെ നിഷിദ്ധ്യം.
മുകളിലത്തെ നിലയിൽ.., തെക്കേ അറയിൽ തന്നെ കിടന്നോട്ടെ. ശ്രദ്ധ വേണം.
അധികം ഉറങ്ങാൻ അനുവദിക്കണ്ട. ധാരാളം ഇളനീർ സേവിച്ചോട്ടെ.
എന്തു പറഞ്ഞൂന്ന്വച്ചാലും അനുസരിക്യാ..ചോദിക്കണതങ്ങട് കൊടുക്ക്വാ..അതെന്താന്ന്വച്ചാലും.!
വിളിപ്പുറത്ത് ആളുണ്ടാവണം ന്നർഥം. ദീനത്തിനു വിരോധം …ള്ളതാണെന്ന്വച്ചാലും മടിക്കാണ്ടെ കൊടുക്ക്വാ..
ഇപ്പൊണ്ടാവില്ല്യാ…പോകുമ്പഴേ ചോയ്ക്കൂ. പിന്നേം തങ്ങണ്ടി വരരുത്.
വൈദ്യൻ വളരെ ഗൗരവത്തിൽ എല്ലാവരേയും ഒന്ന് കണ്ണോടിച്ചു. മുറുക്കിച്ചുവന്ന ചുണ്ടുകൾ കോട്ടി ..,മായയെ നോക്കി ചിരിച്ചു.
അതു കണ്ട് മായ ഭയന്നു.

ഉണ്ണി നമ്പൂതിരിയുടെ….?
അതെ.
അമേരിക്കേലാ അല്ലേ.
അതിനുത്തരം പറയാനൊന്നും മായയുടെ ശബ്ദം പൊങ്ങിയില്ല.
ഇത്രയൊക്കെ ഗൗരവമുള്ള ദീനം എന്താണെന്ന് മായ അതിശയിച്ചു. ചിക്കൺ പോക്സാണെന്നല്ലേ ഡോക്റ്റർ പറഞ്ഞത്.?
അമ്മാത്ത് ഇങ്ങിനെ വിഷമം പിടിച്ച ദീനം ആർക്കുമുണ്ടായിട്ടില്ല.
മായക്ക് വീട്ടിലേക്ക് പോയാൽ മതിയെന്നായി. പക്ഷെ പാവം അമ്മ..
വിടർന്ന കണ്ണൂകളോടെ, ഭയത്തോടെ മായ അമ്മയെ നോക്കുന്നതു കണ്ട് ഏട്ടൻ പറഞ്ഞു.
മായക്കുട്ടി ഭയപ്പെടണ്ടാ ട്ടൊ. അമ്മയ്ക്കൊന്നൂല്യാ.
ഒരുതരം ചീർത്ത മുഖത്തോടെ കിടക്കുന്ന അമ്മ പറഞ്ഞു.
ത്തിരി… ദൂരെ നിന്നാ മതി കുട്ടി.
മായ ക്കുട്ടിക്ക് ബുദ്ധിമുട്ടാവില്യാന്ന് ച്ചാൽ ..നിയ്കൊരു കാര്യം പറയാനുണ്ട്. ഇവടത്തെ ഒരു പതിവിന്റെ കാര്യാണു്.
മായ ശ്വാസമടക്കി കാത്തു.
ഇവടെ ഒരു പതിവ് ആചാരംണ്ട്. പുലരാനേഴര രാവുള്ളപ്പോൾ എണീറ്റ് ഇല്ലക്കുളത്തിൽ മുങ്ങിവന്ന്, ഈറനോടെ അടുപ്പിൻ തിട്ട് പുതിയ ചാണകം കൊണ്ട് മെഴുകിയിട്ടേ അടുപ്പ് കത്തിക്കാവൂ. ചാണകം ഒന്നു കാട്ട്വേ..വേണ്ടൂ. അത് വാല്യക്കാരത്തികൾ ആവാൻ പാടില്യേനും.
അടുപ്പു കത്തിച്ച് കാപ്പി യുണ്ടാക്കുമ്പോഴേക്കും, പിന്നെ ഉണ്ണൂലി കയറിക്കോളും.
പിന്നെ ..,ന്റെ കുട്ടിക്ക് ജോലീണ്ടാവില്യാ.
നേർത്തെ ,..ണീക്കാൻ കുട്ടിക്ക് ബുദ്ധിമുട്ടാവ്വൊ..?കൊറച്ചീസത്തിക്ക് മതീലോ.
വേണം ങ്കിൽ വാരസ്യാരോട് കിടക്കാൻ വരാൻ പറയാം. കുളിക്കാനിറങ്ങുമ്പോൾ ഒരു കൂട്ടാവ്വേം ചിയ്യും.
ഹേയ് അതൊന്നും സാരംല്യ. മായ പെട്ടന്ന് പറഞ്ഞു.
മായ ഓർത്തു. നേരത്തെ എഴുന്നേല്ക്കാം. പക്ഷെ ചാണകം കൈ കൊണ്ട് തൊടുന്നത് അലോചിക്കാനേ വയ്യ. അത് കാണുന്നതു തന്നെ അറപ്പാണ്.
മായ ഒന്നും മിണ്ടാതെ നില്ക്കുന്നത് കണ്ട് അമ്മ പറഞ്ഞു.
അനുഷ്ടാനങ്ങള് മൊടക്കാണ്ടാന്ന്..ച്ചിട്ടാണേയ്.
അമ്മ വിഷമിക്കണ്ട ഞാൻ ചെയ്തോളാം.!.
മായ ഉറപ്പ് നല്കി.

വര / ബ്രിജി കെ.ടി


വെള്ളയും കരിമ്പടവും പുതച്ച് അമ്മ ഉറക്കമായപ്പോൾ മായ കോവണി ഇറങ്ങി.
രാത്രി ഏട്ടൻ ഊണു കഴിച്ച് എഴുന്നേറ്റപ്പോൾ ഉണ്ണൂലി പറഞ്ഞു.
ആത്തോലിരുന്നോളൂ…,
പുസ്തകം വായിച്ചിരിക്കാണ്ടേ വേഗം കിടന്നോളൂ ..ട്ടോ..നാളെ നേർത്തെ ണീക്കണ്ടതാ.
മായ അതു കേട്ടതായി തോന്നിയില്ല.
ന്റെ..ജോലിയൊക്കെ കഴിഞ്ഞു ഞാൻ പോവൂംട്ടൊ. ആത്തോല്‌ കേക്കണു ണ്ടോ..
കുളിക്കാൻ തെക്കെപ്പറത്തു കൂടി പോയാൽ മതി കുളപ്പുരേലിക്ക് എളുപ്പാ. മുങ്ങിപ്പോരുമ്പോൾ, ത്തിരി ചാണകം എടുക്കാനും സൗകര്യായി.
ദാ…നോക്കൂ.., ഒരിത്തിരി ചാണകേ വേണ്ടൂ. ഒന്ന് കാട്ടാൻ.
പാടത്ത് കളപ്പുരേലു്….., തിക്കും തെരക്കും കേൾക്കാൻ തൊടങ്ങുമ്പൊ..ശരിക്കും അഞ്ചു മണ്യാ..
വരസ്യാരെ വിളിപ്പിക്കണോ..?
വേണ്ട..വേണ്ട …ഞാൻ എണിറ്റോളാം.
മായ  ഓരോന്നോർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല.
ഇത്ര നാളും അമ്മ ഇങ്ങിനെയൊരു അനുഷ്ടാനം നടത്തുന്നത് അറിഞ്ഞിരുന്നില്ല. എന്നും എത്ര വൈകിയിട്ടാണു താൻ ഉണർന്നു വരാറ്. വിഷ്ണുവും ഒന്നും പറഞ്ഞിരുന്നില്ല.
വിഷ്ണു ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും. ഒടുവിൽ വന്ന കത്തിലുമുണ്ട് ഒരു നൂറു പരിഭവങ്ങൾ. മായ കത്തു എടുത്ത് തുറന്നു.
വലിയ കവിയാണെന്നൊക്കെ പറഞ്ഞിട്ട് എന്തു കാര്യം, മായയുടെ കത്ത് വിരഹം അനുഭവിക്കുന്ന ഒരു ഭാര്യയുടേതല്ല. ലീവ് ലെറ്ററും, അപ്പ്ളിക്കേഷനുമൊക്കെ വായിക്കുന്നത് പോലെയാണ് .അല്ലെങ്കിൽ ആ ഉണ്ണൂലി പറഞ്ഞ എന്തെങ്കിലും പ്രേത കഥ.!
ടെലിഫോൺ കണക്ഷൻ എടുക്കണം. ഏതു പാതിരക്കും വിളിച്ചുണർത്താമല്ലൊ. ഒന്നിച്ചുണ്ടായിരുന്ന ദിന രാത്രങ്ങൾ ഓർക്കുമ്പോൾ ഒരു നിമിഷം ഇവിടെ നില്ക്കാതെ ഓടിവരാൻ തോന്നുന്നു. എന്നെ ഒന്നിനുമൊന്നിനും അനുവദിക്കാത്ത താൻ അവിടെ മറ്റുള്ളവരുടെ കൂടെ…..!
എത്രയെത്ര പേജുകളാണു എഴുതി നിറക്കുന്നത്.
തളത്തിലെ പഴഞ്ചൻ ക്ളോക്ക് നിശ്ശബ്ദതയ്ക്ക് താളമിട്ടു. ..എത്രയാണു…. പതിനൊന്നോ ..പന്ത്രണ്ടോ?
ഒരേ താളത്തിൽ മെതിയടിയിട്ട കാലം ഒറ്റയടിവെച്ച് നടക്കുന്നു.!
അമർത്തിച്ചവുട്ടി ക്കടന്നു പോകുന്ന സമയം ആരേയും കാത്തു നില്ക്കുന്നില്ല.
നേരത്തെ എഴുന്നേല്ക്കേണ്ടത് ഓർത്ത് മയങ്ങിയും ഉണർന്നും മായ അസ്വസ്ഥയായി. ഏതെങ്കിലും ഒരു ഉത്തരവാദിത്വം ഒറ്റക്ക് ഏൽക്കുന്ന വിഷമം ഉറക്കം കെടുത്തുമെന്ന് മനസ്സിലായി.
രാത്രിയുടെ വിചിത്ര ശബ്ദങ്ങൾ അവളെ ഭയപ്പെടുത്തി. എന്നും എന്തെങ്കിലും വായിച്ചുറങ്ങിപ്പോകാറുള്ള മായ .., രാത്രിയുടെ അവസാനമില്ലാത്ത മിടിപ്പു കണ്ട് ഭയന്നു.
രാത്രിയുടേത് മറ്റേതോ പ്രപഞ്ചമാണെന്ന് തോന്നി. പകൽ കാണുന്നതെല്ലാം അസത്യമാക്കുന്ന രാത്രി. സൂര്യ പ്രകാശത്തിൽ സുന്ദരമായി കാണുന്നതെല്ലാം, കരിവാരി ത്തേച്ച് വികൃതമാക്കുന്നു.
ഏതോ ഒരു നിഗൂഢത മറച്ചു പിടിക്കുന്ന രാത്രിയെ മായ എന്നും വെറുത്തിരുന്നു.!
അമ്മ പറഞ്ഞപ്പോൾ പെട്ടന്നു സമ്മതിച്ചുവെന്നേയുള്ളു. ഇപ്പോഴോർക്കുമ്പോൾ തനിക്കതിനു കഴിയില്ല എന്നു തോന്നി.
എന്തിനു വേണ്ടിയാണ്‌ ഈ അനുഷ്ടാനം എന്നും ചോദിച്ചില്ല. ഉണ്ണൂലി വരുമ്പോൾ ചോദിക്കാം.
മായ തിരിഞ്ഞും ,മറിഞ്ഞും കിടന്നു. താനെത്ര മാത്രം ഒറ്റക്കാണെന്നോർത്ത് മായയ്ക്ക് സങ്കടം വന്നു.
അലാറം അഞ്ചു മണിക്ക് തന്നെയല്ലേ എന്നു ഉറപ്പ് വരുത്തി. ദൂരെ കളത്തിൽ നിന്നും ശബ്ദമൊന്നുമില്ല.
മായ ഉറങ്ങാൻ ശ്രമിച്ചു. ഒന്നു മയങ്ങുമ്പോഴേക്കും,കുളത്തില പടവുകളിൽ വഴുക്കി ഞെട്ടിയുണരും. ഉപബോധമനസ്സിന്റെ ഒരു കളി.!
അമ്മയുടെ മാംസളമായ കൈ കൾ ചുറ്റിപ്പിടിക്കുന്ന സുരക്ഷിതത്വത്തിന്റെ വലയം എത്രയോ അകലെ.!
മായയുടെ കണ്ണു നിറഞ്ഞു.

തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/
Post Box Bottom AD3 S vyasa
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!