Home page lead banner

ഒരിക്കൽ ഒരിടത്ത്

Post ad banner after image

അധ്യായം പതിമൂന്ന്

ഉച്ചയൂണ് കഴിഞ്ഞ് വാര്യത്തെ പറമ്പിലൂടെ ഗോപൻ കളപ്പുരയിലേക്ക് നടന്നു.
കളപ്പുരയിൽ മായയെക്കണ്ട്, ഗോപൻ അമ്പരന്നു. മായയും ഒന്നു ഞെട്ടി.
ഇല്ലം വിട്ട് പുറത്തേക്കൊന്നും ഒറ്റക്ക് വരാത്ത മായയെ നോക്കി ഗോപൻ ചോദിച്ചു.
മായേട് ത്തി എന്താ ഇവടെ?
ആ ഉണ്ണൂലിയെ അന്വേഷിച്ചു വന്നതാണ്‌. അതിനെ അവിടെയെങ്ങും കാണാനില്ല.
പെട്ടന്ന് ഒന്നും പറയാനില്ലാത്തത് പോലെ ഗോപനെത്തന്നെ നോക്കിനിന്ന മായയോട് ഗോപൻ വെറുതെ പറഞ്ഞു.
ഉച്ചക്ക് ഈ കളപ്പുരയിലെ തിണ്ണയുടെ ഏകാന്തതയിൽ വന്നിരിക്കുകപതിവാണ്. കുറെ പുസ്തകങ്ങളും ഉണ്ടാവും കൂട്ടിന്.
ഉച്ചയായതു കൊണ്ട് ആരുടേയും ശല്യവുമുണ്ടാവില്ല. വല്ലതും എഴുതാനും തരാവും.
എഴുത്തോ..വായനയോ..? നോക്കട്ടെ ഏതു ബുക്കാണത്?
ഇതോ? ഇത് സംഗീതത്തെപ്പറ്റിയാണ്.
പുസ്തകങ്ങൾ വേണ്ടതുണ്ട്. എം .ടി, കെ, സുരേന്ദ്രൻ, കമല ദാസ്.. കവിതകൾ വേണമെങ്കിൽ അതും. എല്ലാം പടിപ്പുര മാളികയിൽ താമസിച്ചിരുന്ന നമ്പൂതിരിയുടേതാണ്.
മൂപ്പർ പോയപ്പോൾ എല്ലാം എനിക്ക് തന്നു.
ഓ..ഹ് . ആളെ മായേടത്തിക്ക് അറിയില്ലല്ലോ അല്ലേ.?
കേട്ടിട്ടുണ്ട്.!
മായയുടെ മുഖത്ത് ഒരു ഗൗരവം നിഴലിച്ചത് ഗോപൻ ശ്രദ്ധിച്ചു.
പെട്ടന്ന് കഴിഞ്ഞ ദിവസത്തെ സ്വപ്നത്തെ പറ്റി ഗോപനോട് പറഞ്ഞെങ്കിലോ എന്നു തോന്നി മായയ്ക്. ഒരിക്കലും കണ്ടിട്ട് പോലുമില്ലാത്ത ആര്യ ഏട്ത്തിയെ നേരിൽ കണ്ടതു പോലെയായിരുന്നു.
മായേട്ത്തി എന്താ ആലോചിച്ചത്.
ആര്യേട്ത്തി….?   ഹേയ്….ഒന്നൂല്യാ…!
ഗോപൻ നെടുവീർപ്പിട്ടു.
എപ്പോഴും കീർത്തനങ്ങൾ  മൂളിക്കൊണ്ടിരിക്കുന്ന ആര്യ അന്തർജ്ജനത്തിന്റെ നാദധ്വനികൾ കുറെയൊക്കെ ഞാനും ഏറ്റു പാടുമായിരുന്നു. അപ്പോൾ അന്തർജ്ജനം പറയും.
കണ്ടോ..ടോ..ഉണ്ണീ. ഗോപനു നല്ല വാസനയുണ്ട്.
കോളേജിൽ ..,ന്റെ കൂടെ പഠിച്ച വിദ്വാനാണ്. പടിപ്പുര മാളികയിൽ. അവിടെ പോയി പാട്ടു പഠിച്ചോളൂ. ഞാൻ പറയാം. ഒന്നും കൊടുക്കേം വേണ്ട.
ഗോപനു സന്തോഷമായി.
പാട്ടു പഠിപ്പിക്കുന്നതിനേക്കാൾ അധികം നമ്പൂതിരി ഓരോ വിശേഷങ്ങൾ ഇങ്ങിനെ പറഞ്ഞിരിക്കും.
കൂടുതലും കോളേജ് വിശേഷങ്ങൾ. ഉണ്ണി അന്നു ഹോസ്റ്റലിൽ ആയിരുന്നല്ലോ.
ഒരിക്കൽ ഒരോണ സദ്യയുടെ അന്ന് ഒരു പാട്ടു കച്ചേരി തന്നെയായിരുന്നു നടുമുറ്റത്ത്. തമ്പുരാട്ടിയും വല്യതിരുമേനിയും ചിറ്റയും ഒക്കെയുണ്ടായിരുന്നു.
അകത്ത് വാതിലിനരികിൽ ആര്യേട്ത്തി തംബുരുവുമായി ഇരുന്നു. ഞാനും വിഷ്ണുവേട്ടനും പഴയ ഹാർമോണിയവും തബലയുമൊക്കെയായി കൂടി.
ആര്യ ഏട്ത്തി ശ്രുതിയിട്ട്. നമ്പൂതിരി കീർത്തനം തുടങ്ങി…..യേശുദാസ്സ് പാടണ പോലെ.
വിഷ്ണുവേട്ടൻ  താളമില്ലാതെ തബല കൊട്ടിയപ്പോൾ, കീർത്തനം ഇടയ്ക്ക് മുറിഞ്ഞു.
നമ്പൂതിരി ക്ഷമാപണത്തോടെ പറഞ്ഞു.
ഇപ്പോ…പാടാറില്ല..ഒക്കെ മറക്കേം ചെയ്തു.
അപ്പോൾ…, അതേറ്റു പാടി തുടർന്ന ആര്യേട്ത്തിയുടെ പാട്ടു കേട്ട്  എല്ലാവരും സ്തംഭിച്ചിരുന്നു.
ആ ദിവസം ഇന്നലെ കഴിഞ്ഞതു പോലെയാണു ഗോപന്.
കാണാൻ നല്ല ഭംഗിയുള്ള നമ്പൂതിരിയുടെ വലിയ കണ്ണുകൾ ..പതുക്കെ വാതില്ക്കലേക്ക് പാഞ്ഞു. പുഞ്ചിരിച്ചു കൊണ്ട് രണ്ടു പരും ഒത്തു പാടി.
വല്യ തിരുമേനി ചാരുകസേരയിൽ കിടന്നു താളം പിടിച്ചു.
ഇലയനക്കാതെ നിന്ന വൃക്ഷലതാദികളും മയക്കത്തിന്റെ സുഷുപ്തിയിലായിരുന്ന പക്ഷിമൃഗാദികളും ഒക്കെ ലയിച്ചങ്ങനെ നിന്നു എന്നു വേണമെങ്കിൽ മായേട്ത്തിക്ക് കവിത പറയാം.
പാട്ടു കാരും പരസ്പരം നോക്കി സ്വയം മറന്ന മട്ട്.!
കൗമാരത്തിലെത്തിയ ഞാൻ അതു ശ്രദ്ധിച്ചു.
ഹെന്നിട്ട്…?!
ശ്വാസമടക്കി കേട്ടിരുന്നു..അന്നത്തെ ആ ഉച്ചനേരത്തെ സദസ്സിലെത്തിയ മായ അറിയാതെ ചോദിച്ചു.!
അന്ന്…എത്ര നേരം ആ സദസ്സുണ്ടായി എന്നറിയില്ല. രണ്ടു മൂന്നു കീർത്തനങ്ങൾ പാടി.
പിന്നെ.., പാലു കറക്കാൻ വന്ന വള്ളിയെ ക്കണ്ട പശുക്കൾ അമറിയപ്പോൾ പിന്നെ അതൊരു കൂട്ടച്ചിരിയായി.
ഏട്ത്തീടെ പാട്ടു കേട്ട് ..ദാ..പൈയ്ക്കളൊക്കെ കയറു പൊട്ടിക്കണൂ.വിഷ്ണുവേട്ടൻ  പറഞ്ഞു ചിരിച്ചു.
പോടോ അസംബന്ധം പറയാതെ. ചിരിക്കിടയിലൂടെ അഫൻ നമ്പൂതിരി പറഞ്ഞു.
ഏട്ത്തിയെ അനുഗ്രഹിച്ചു.
ഇത്രയൊക്കെ കയ്യിലുണ്ടായിരുന്നൂന്ന് നിശ്ശംണ്ടാർന്നില്ല്യാ. അസ്സലായി പാടി…ട്ട്വൊ..!
അഫൻ നമ്പൂതിരി ഏട്ത്തിക്ക് ഒരു പവൻ സമ്മാനിച്ചു. ഒരു മോതിരം ഊരി നമ്പൂതിരിക്കും കൊടുത്തു.
നന്ദി പറഞ്ഞ് പോകാനൊരുങ്ങിയ നമ്പൂതിരിയോട് അഫൻ നമ്പൂതിരി പറഞ്ഞു.
വിദ്വാനു ഒരു കാപ്പി കൂടി ആവാം. നല്ല സ്വരം. പാട്ടു പഠിച്ചിട്ടെന്തേ ഈ പണിക്ക് ചേരാൻ.?!
ഇട്ടു മൂടാൻ പ്രാരബ്ധങ്ങളുണ്ട്. അതിനിടയിലെവിടെയോ സംഗീതം നഷ്ടപ്പെട്ടു.
ആര്യേട്ത്തിയുടെ മുഖത്ത് നോക്കിയാണത് പറഞ്ഞത് എന്നു ഗോപനു തോന്നി. ഏട്ത്തി എഴുന്നേറ്റ് അകത്തു പോയി.
ആര്യേട്ത്തി അന്നു മുഴുവൻ ഭയങ്കര സന്തോഷത്തിലായിരുന്നു.
അടുക്കളയിലും കുളക്കടവിലും പിന്നെ വിഷ്ണുവും ഗോപനുമടങ്ങുന്ന സദസ്സിലും മാത്രം പാടാറുള്ള ഏട്ത്തിക്ക് സായൂജ്യം കിട്ടിയ പോലെയായിരുന്നു.
മായ ആലോചിച്ചു.
ഈ ഉണ്ണൂലി പറഞ്ഞതൊക്കെ നുണയായിരിക്കുമോ?. ഗോപന്റെ സംസാരത്തിൽ ഏട്ടനെ പറ്റി മോശമായി ഒന്നും പറഞ്ഞില്ലല്ലോ.
മായേട്ത്തിക്ക് ബോറടിച്ചോ.?
ഹേയ് …പറയൂ..
മായ ഗോപനോടൊപ്പം സഞ്ചരിക്കുകയായിരുന്നു.
ഗോപൻ എങ്ങോ നോക്കി പുഞ്ചിരിച്ചു തുടർന്നു.
പിന്നീടൊരു ദിവസം ഞാൻ നമ്പൂതിരിയോട് വെറുതേ ചോദിച്ചു.
ആര്യേട്ത്തിയെ ഇഷ്ടായിരുന്നു അല്ലേ..?
എടാ വിരു താ…നമ്പൂതിരി കളിയായി അടിക്കാനോങ്ങി.
നീ ആളു..മോശല്ലാ ട്ടോ..ദാ..ഇത്രേള്ളു. എന്തൊക്ക്യാ നിനക്കറിയണ്ടത്!.
അന്തർജ്ജനത്തിന്റെ ഓർമ്മകൾ ഒരു ഉത്സവമായി മനസ്സിൽ സൂക്ഷിക്കുന്ന നമ്പൂതിരിയുടെ കണ്ണുകൾ പ്രകാശിച്ചു.
ഒരു പാട് ആഢ്യത്വമുള്ള ഇല്ലത്തെ ആര്യ,… കയറിപ്പറ്റാൻ കഴിയാത്ത ഉത്തുംഗ ശൃംഘത്തിൽ കുടിയിരിക്കുന്ന ദേവിയാണെന്നറിഞ്ഞ്..,ദൂരെ നിന്നും ആരാധിച്ചിരുന്ന ഒരു പാവം പാട്ടുകാരൻ.!
ഓരോരുത്തർക്കും ഓരോ വ്യത്യസ്ത ഭ്രമണ പഥമാണല്ലൊ പതിച്ച് കിട്ടുക..?.
പക്ഷെ വർഷങ്ങൾക്ക് ശേഷം ആ ദേവി ഇതാ…ഇങ്ങിനെ തൊട്ടടുത്തിരുന്ന് തന്നോടൊത്ത് പാടുമെന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയില്ല.
കെട്ടിനിർത്തിയിരുന്ന അണ ..ഒരു ചെറിയ തുരങ്കത്തിലൂടെ ഒഴുകിത്തുടങ്ങിയാൽ അതു പിന്നെ വലിയൊരു ശക്തിയായി അണ തകർക്കുന്ന കുത്തൊഴുക്കാവും.
പക്ഷെ ദേവിക്ക് ഒരു മാറ്റവുമില്ല.
എങ്കിലും പല്ലവിയും അനുപല്ലവിയുമായി പാടുമ്പോൾ..തന്റെ കണ്ണൂകൾ ആരാധനയുടെ തിരികൾ ഒന്നൊന്നായി കത്തിച്ച് ദേവിയുടെ സമക്ഷത്തിങ്കൽ വെയ്ക്കുന്നത് കണ്ട് ആര്യ ഒന്നു പരിഭ്രമിച്ചു എന്നു തോന്നി. പഠിക്കുന്ന കാലത്തും എന്തെങ്കിലും സംസാരിക്കാൻ ചെന്നാൽ…ആ മുഖത്ത് പരിഭ്രമം തന്നെ.! ഒരിക്കൽ ആര്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയോട് മനസ്സു തുറന്നു. ആ കുട്ടിയോട് ആര്യ പറഞ്ഞതിതാതാണ്.
തന്റെ ഇല്ലത്തെ പെണ്ണുങ്ങൾക്ക് ചുറ്റും ഒരു കിടങ്ങു കുഴിച്ചിരുന്നു. വന്യമൃഗങ്ങൾ വന്നു ചാടാതിരിക്കാൻ.
ഒരിക്കൽ ക്ളാസ്സിലിങ്ങനെ ഒരു വലിയ ഗായകൻ നമ്പൂതിരി ഉണ്ട് എന്നു ആര്യ പറഞ്ഞതിനു തന്നെ അച്ഛന്റെ ശകാരം നല്ലോണം കിട്ടി.
മ്ളേഛ്നാണയാളുടെ അച്ഛൻ.. ഭ്രഷ്ട് കല്പ്പിച്ച് പടിക്ക് പുറത്താക്കപ്പെട്ട ഒരു അന്തർജ്ജനത്തെ സ്വീകരിച്ചോനാണയാൾ. ഭ്രഷ്ടുള്ള ആ സ്ത്രീയുടെ മകനാണാ കുട്ടി. അവരൊക്കെയായിട്ട് കൂട്ട് കൂടേ.?
തച്ച് കൊല്ലും ഞാൻ.

വല്യ സംഗീതജ്ഞനായിരുന്നൂലോ. ന്ന്ട്ടെന്താ..ഒക്കെ അന്യം വന്നു. പട്ടിണിയാണ്‌. അവനോടൊക്കെ സംഗീതോം പഠിച്ച് കാലും നീട്ടിയിരിക്കാണ്ടേ വല്ല പണിക്കും പുവ്വാൻ പറയണം. ഏഭ്യൻ.!
പക്ഷെ ഒരു നിമിഷത്തേക്ക് മാത്രം മറ നീക്കി ക്കാണിച്ച ഒരു ദർശനമായി ഇന്നും സൂക്ഷിക്കുന്ന ഒരേട്..ഓട്ടോ ഗ്രാഫിന്റെ ആര്യ എഴുതി തന്നതാണ്.
നോക്കട്ടെ..?
പോടോ…ന്ന്ട്ട് വേണം നാലാളെ കേൾപ്പിച്ച് പാടിക്കൊണ്ട് നടക്കാൻ. വികൃതി…
എന്നിട്ട് കാണിച്ചോ.?
മായ പെട്ടന്നു ചോദിച്ചു. അവളുടെ മനസ്സ് തുടികൊട്ടി.
അപ്പോൾ കാണിച്ചില്ലെങ്കിലും പിന്നീടൊരു ദിവസം കാണിച്ചു.
“ഒരു ഗായകനോട്” എന്നാണ് തുടക്കം.
“…. എന്റെ മനസ്സിന്‌..ചില അലിയുന്ന തുരുത്തുകളുണ്ട്. ഒരു പുല്ലാം കുഴൽ നാദം, ഒരു തംബുരുവിന്റെ ശ്രുതി ഒരു വീണയുടെ തന്ത്രികളിൽ ഉടക്കുന്ന ഒരു തേങ്ങൽ….അങ്ങിനെയങ്ങിനെ എന്തിന്റെയെങ്കിലും വേലിയേറ്റത്തിൽ അലിയുന്ന ഒരു തുരുത്ത്.
ഏഴു കടലും ശാന്തമാക്കുന്ന എട്ടു ദിക്കുകളും അടക്കിവാഴുന്ന ദിഗന്തങ്ങൾ മുഴങ്ങുന്ന ഇടി മിന്നൽ പോലും ശാന്തമാക്കുന്ന സ്വരത്തിന്റെ ഉടമയായ ഗായകാ..ഏഴു സ്വരങ്ങളും മതിയാവാതെ…, ഒരോട ക്കുഴലിൽ ഒളിച്ചും,ഒരു വീണയുടെ കമ്പിയിൽ ത്രസിച്ചും,ഒരു തംബുരുവിൽ മയങ്ങിയും ഒരു മൃദംഗത്തിലുണർന്നും,..നീ .. ഒരു തീർഥമായൊഴുകി…എന്നെ ഇല്ലാതാക്കണേ എന്നു കൊതിച്ചു പോകുന്നു.
എല്ലാം മറക്കാൻ കഴിവേകുന്ന ആ സ്വരം പുറപ്പെടുവിക്കുന്ന കണ്ഠനാളത്തിൽ, ത്രസിക്കുന്ന സിരയിൽ …കാതു ചേർത്തു വെച്ച്…,പ്രകമ്പനം കൊള്ളുന്ന ആ ശബ്ദ വീചികൾ ശ്രവിക്കാൻ ഈയുള്ളവൾ എന്നും കൊതിച്ചിരുന്നു.
അനുഗ്രഹമോ…ശാപമോ ഒക്കെയായ മനസ്സ് ….,നിയന്ത്രിക്കാനുള്ളതാണ്‌ എന്നറിയുന്നു…..!“
ആര്യ.!!”
അസ്സൽ പൈങ്കിളി.! എന്നു ഞാൻ പറഞ്ഞപ്പോൾ നമ്പൂതിരിയുടെ ഈർഷ്യ ഒന്നുകാണേണ്ടതായിരുന്നു.
ഗോപൻ ചിരിച്ചെങ്കിലും,മായ പരിസര ബോധം വീണ്ടെടുക്കാൻ പണിപ്പെട്ടു.
പിന്നെയെന്തോ…കൊണ്ടുപോകാൻ മറന്നതോ..അതോ ഇവിടെ ഉപേക്ഷിച്ച…മനസ്സോ…ഇതാ…,ഈ സംഗീത പുസ്തകത്തിൽ നിന്നുമാണ് കിട്ടിയത്.
എന്തിനോ..ഞാനത് ഇന്നും സൂക്ഷിക്കുന്നു.!
മായേടത്തിയും വലിയ കവിതക്കാരിയാണല്ലോ.
ഹേയ്….ഇപ്പോഴൊന്നും എഴുതാറില്ല. എഴുതിയതൊക്കെ വായിച്ചു വിഷ്ണു കളിയാക്കിയപ്പോൾ ഒക്കെ കീറിക്കളഞ്ഞു.
സൗന്ദര്യം മാത്രം എഴുതിയെഴുതി…മനം മടുപ്പിക്കുന്ന അതിമധുരം….എന്നാ വിഷ്ണു പറയ്യാ.
പക്ഷെ..അങ്ങട് നോക്കൂ ഗോപൻ..ഈ കത്തി നില്ക്കുന്ന വെയിലിനും സൗന്ദര്യമുണ്ടെന്ന് ഞാൻ പറയും. ദൂരെയുള്ള ആ കുളത്തിലെ വജ്രശേഖരം  കണ്ടോ..!
ചെറിയ കാറ്റിലിളകുന്ന കുഞ്ഞലകൾ വെയിലത്ത് വെട്ടിത്തിളങ്ങു ന്നതിനെ മറ്റെന്തു പറയും. പ്രകൃതിയുടെ സ്വത്വത്തിൽ ഒന്നും ചേർക്കുകയും വേണ്ട.
എന്തെങ്കിലും സത്യസന്ധമായതുണ്ടെങ്കിൽ അതും ഈ പ്രകൃതി മാത്രമല്ലേ?
ഗോപൻ മായയെ നോക്കി.
ശരി.. ഈ ഹിന്ദിക്കാരൊക്കെ ‘ഷായരി“ പറയില്ലേ..അതു പോലെ ഞാൻ ഒരൂട്ടം പറയാം.
ഇതുപോലെ ഒരുച്ച നേരത്ത്,വജ്രശേഖരം നോക്കിയിരുന്ന പ്പോഴായിരിക്കും ഈശ്വരൻ മായയെ…അല്ല..വേണ്ട ..സ്ത്രീയെ  സൃഷ്ടിച്ചത്.!!
ഹോ…അതിത്തിരി കൂടിപ്പോയില്ലേ ഗന്ധർവ്വാ..ആള് വല്യ റൊമന്റിക്കാണല്ലേ. എന്റെ കോളേജിലും ഇതു പോലൊരു കവി ഉണ്ടായിരുന്നു. ഒരു ഇടിമിന്നൽ.! വിദ്വാനും ഇങ്ങിനെ സംസാരിക്കാൻ നല്ല വിരുതാണ്.
ആട്ടെ. ..മാനം കാണിക്കാത്ത മയില്പ്പീലി വല്ലതും ഉണ്ടോ മനസ്സിൽ.
ഗോപൻ പെട്ടന്ന് വല്ലാതായി.
ഇത്രയും സ്വാതന്ത്ര്യമൊന്നും മായേട്ത്തി എടുക്കാറില്ല. പാവം,… ഒന്നു സംസാരിക്കാൻ ആരും ഇല്ലാത്തതു കൊണ്ടാവാം.
തനിക്കും സത്യസന്ധമായ ഒരു അടുപ്പം തോന്നുന്നുണ്ട് എന്ന് ഗോപൻ തിരിച്ചറിഞ്ഞു. പെട്ടന്നു ഒരു ആത്മ സുഹൃത്തിനെ കിട്ടിയതു പോലെ. കൊട്ടിയടച്ച വാതിൽ തുറന്നു അകത്തുവരൂ എന്നു ക്ഷണിക്കാനുള്ള ഒരു അടുപ്പം.
ഗോപൻ സംസാരിച്ചു. ഗോപന്റെ അവസാനമില്ലാത്ത ഇന്റർവ്വ്യൂ കളെ പറ്റി, ഒന്നുമാകാൻ കഴിയാത്തതിനെ പറ്റി, എന്നും സ്വയം നഷ്ടപ്പെട്ട് വിഢിയാകുന്നതിനെ പറ്റി.
അമ്മയുടെ ഭാഷയിൽ..ഒക്കെ ഒരൂട്ടം  യോഗം.!
എന്നും ഈ “യോഗം ”രാത്രിയും തെളിയുന്ന നിഴലായി കൂടെയുണ്ടാവും.
സാധാരണ പ്രമേയമായ പ്രേമ നൈരാശ്യമാണോ?
മായ ചിരിച്ചു. ആ കണ്ണുകൾ കണ്ടപ്പോഴേ ഞാൻ നിരീച്ചു. കള്ളക്കൃഷ്ണനാണെന്ന്
മായയ്ക്ക് നിസ്സാരം.
അതേയ് …അപ്പോഴേക്കും സീരിയസ്സായോ.
പിന്നെ ഒരു കാര്യം….,മായേട്ത്തി ചുരുങ്ങി മായ ആയീട്ടൊ. അപ്പോ അത്രയ്ക്കും തലക്ക് പിടിച്ച പ്രേമം ആയിരുന്നൂന്നർഥം.
സോറി മായേട്ത്തി.
കൗമാരത്തിൽ തിക്കിത്തിരക്കുന്ന ആവേശത്തിൽ ഒരു പെൺകുട്ടി എന്നെ സ്നേഹിക്കുന്നു എന്ന് പറയിപ്പിക്കാൻ തുനിഞ്ഞതല്ല.
നാടകം..പാട്ട്, ഏതാണ്ട് എല്ലാ പെൺകുട്ടികളും, ഇങ്ങോട്ട് കയറി പരിചയപ്പെടാൻ വരും. അപ്പോഴൊക്കെ ഒഴിഞ്ഞു മാറി നടന്നിരുന്ന ഞാൻ ഒടുവിൽ ചെന്നു വീണത്, സഹതാപത്തിന്റെ വലിയൊരു വാരിക്കുഴിയിലാണ്.
ഡിഗ്രി കഴിഞ്ഞ്, എ.ജി.എസ് ഓഫീസിൽ ജോലിക്ക് ഇന്റർവ്യു കഴിഞ്ഞ് എനിക്ക് തന്നെയായിരിക്കും എന്ന് ഉറപ്പിൽ പുറത്തിറങ്ങിയപ്പോൾ വഴിതടഞ്ഞ ഒരു പെണ്ണിന്റെ നിറഞ്ഞ കണ്ണുകൾ.
ഒരു പാട് പ്രാരബ്ധവും പട്ടിണിയും പറഞ്ഞ് കരഞ്ഞപ്പോൾ ഞാൻ വഴിമാറിക്കൊടുത്തു. എനിക്ക്  ഇനിയും അവസരങ്ങൾ ഉണ്ടല്ലൊ അമ്മേ എന്നു പറയുമ്പോൾ സഹതാപം പ്രണയത്തിനു വഴിമാറി എന്നുമറിഞ്ഞില്ല.
അന്നു അമ്മ കുറെ കരഞ്ഞു
അവളുടെ ദാരിദ്ര്യേ  നീ നോക്കീത്. ഈ അടിച്ചു തളിക്കാരിക്ക് ഒരു ദാരിദ്ര്യോം ഇല്ല. ഇല്ലത്തെ ചോറുണ്ടാണു് നീ കഴിയണത് എന്ന് മറന്ന്വോ.
പിന്നെ ഒരു ദുർനിമിത്തം പോലെ ഒരു ജോലിയും ശരിയായില്ല.അഛന്റെ അസുഖം,.. മരണം ചേച്ചിമാരുടെ വിവാഹം എന്നു വേണ്ട എല്ലാറ്റിനും വല്യതിരുമേനി തന്നെ. ഒരു കണക്കും ചോയ്ക്കില്യ.
പിന്നെ വിഷ്ണു ഏട്ടൻ ഡൽഹിക്ക് പഠിക്കാൻ പോയതോട് കൂടി ആ സഹായവും നിന്നു.
വല്യതിരുമേനി പലപ്രാവശ്യം എന്റേയും ആ പെണ്ണീന്റേയും ബന്ധത്തെ പറ്റി അമ്മയോട് താക്കീത് ചെയ്തു. അപ്പോഴൊക്കെ അദ്ദേഹത്തെ ഞാൻ വെറുത്തിരുന്നു.
പിന്നെ ആര്യേടത്തിയുടെ മുമ്പിൽ വെച്ച് അമ്മ വഴക്ക് പറഞ്ഞു.
ആ പെണ്ണിനു കാവലിരിക്കാണ്ടെ സ്വന്തമായി ഒരു തൊഴിലന്വേഷിക്കാൻ പറ ആത്തോലെ….ഈ നിഷേധിയോട്.
ഞാൻ കല്യാണം കഴിക്കാൻ പോണ പെണ്ണാണവൾ എന്നു എന്നിലെ പുരുഷൻ പ്രഖ്യാപിച്ചു.അമ്മ പൊട്ടിക്കരഞ്ഞപ്പോൾ ആര്യ ഏട്ത്തി ശബ്ദമുയർത്തി.
ണീറ്റ്….പൊക്കോ ..ന്റെ മുമ്പീന്ന്. എനി എനിക്ക് കാണണ്ട..നിന്നെ .
അന്നു അമ്മ കരഞ്ഞതിനേക്കാൾ സങ്കടം ആര്യേട്ത്തി പിണങ്ങിയപ്പോഴായിരുന്നു. അന്നു തന്നെ അവളെ ക്കണ്ട് വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവൾക്ക് തണുപ്പൻ പ്രതികരണം.
ഗോപന് ഒരു ജോലിയാവാതെ…
എടീ…ഭയങ്കരി…
മായ ..അറിയാതെ പറഞ്ഞു പോയി.
അവിടെ ത്തന്നെ ഒരു തസ്തിക ഒഴിവു വന്നപ്പോൾ വായനശാലയിലെ രാമകൃഷ്ണനു കിട്ടിയെന്നറിഞ്ഞു. അതെപറ്റി അവളോട് ചോദിച്ചപ്പോൾ..അവളുടെ ഭാവ പ്പകർച്ച ഞാൻ വായിച്ചെടുത്തു.
ഒരു കൈവഴി കെട്ടിയടച്ച്, മറു വഴിക്ക് ഒഴുകിയ പുഴയോരത്ത് ഞാൻ നിന്നു.!
എന്നിട്ട്..?
എന്നിട്ട് …അവൾ രാമകൃഷ്ണന്റെ ഭാര്യയായി.
ക്ഷയിച്ചതാണെങ്കിലും വലിയ തറവാട്ടുകാർ എസ്.സി.എസ്ടിക്കാരനെ സ്വീകരിച്ചില്ല. അപ്പോൾ അവന്റെ തനി നിറം അവൾ കണ്ടു. അസഭ്യം മാത്രമേ വായിൽ വരൂ.
അവളുടെ അനിയത്തിയിലും കണ്ണു വെയ്ക്കുന്ന അവനെ അവൾ വെറുക്കുന്നുവെന്നൊക്കെയാണു ഇപ്പോഴത്തെ സങ്കടം.
കഷ്ടം. നാണമില്ലല്ലോ അവൾക്ക്. ഇപ്പോഴും സങ്കടം പറയാൻ.?! തിരിഞ്ഞു നോക്കരുതവളെ. അശ്രീകരം. എനി അവളെ കണ്ണ്ടൂന്ന് അറിഞ്ഞാൽ കണ്ടോളൂ…
മായേട്ത്തി ചൂടാവല്ലേ..
പിന്നല്ലാണ്ടെ..?
നക്സൽ ബാരി !
ആരു ഞാനോ…? മായ പൊട്ടി ച്ചിരിച്ചു.
ഉള്ളു തുറന്നു പൊട്ടിച്ചിരിക്കുന്ന മായയും ഗോപനും ഉണ്ണൂലി വന്നതു ശ്രദ്ധിച്ചില്ല.
ആത്തോലേ..എവട്യൊക്കെ അന്വേഷിച്ചു…
ഉണ്ണൂലി…ഗോപനെ ഒന്നിരുത്തി നോക്കി മുഖം കോട്ടി.

ഇതു നല്ല കഥ.
ഞാൻ ഉണ്ണൂലിയെ തപ്പി നടക്ക്വായിരുന്നു.
മായാവി..
അവടെ വല്യ തിരുമേനീം തമ്പുരാട്ടീം ഒക്കെ ..പരിഭ്രമിച്ചിരിക്ക്ണൂ
ഉവ്വോ…എന്തിനേ..?
ഗോപനപ്പോഴേക്കും പോയ്യോ..
നടക്കൂ ആത്തോലേ… വാരരു കുട്ടി ഏതിലേങ്കിലും പൊക്കോട്ടെ..!!

⬛തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/
Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!