ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
![](https://newsbengaluru.com/wp-content/uploads/2024/04/mea.jpg)
ന്യൂഡല്‍ഹി: ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം യാത്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ ഇരുരാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ആക്രമിച്ച ഇസ്രയേലിന് കനത്ത തിരിച്ചടി നൽകുമെന്ന ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് യുദ്ധഭീതി ഉണ്ടായത്.
ഇസ്രയേലിലുള്ള എംബസി ജീവനക്കാർക്ക് അമേരിക്കയും സുരക്ഷാ മുന്നറിപ്പ് നൽകിയിട്ടുണ്ട്. ജറുസലേമിനും ടെൽ അവീവിനും പുറത്ത് യാത്രചെയ്യരുതെന്ന് അമേരിക്ക ജീവനക്കാരോട് നിർദേശിച്ചു.
അതേസമയം ഇറാനില്‍നിന്നുള്ള ആക്രമണം പ്രതീക്ഷിച്ച് ഇസ്രയേല്‍ സുരക്ഷ ശക്തമാക്കി. സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങള്‍ക്കും നേരെ ഇറാന്റെ തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
The post ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം appeared first on News Bengaluru.
Powered by WPeMatico