ഐപിഎൽ 2024; പഞ്ചാബിനെ വിറപ്പിച്ച് മുംബൈ ഇന്ത്യൻസ്
ബെംഗളൂരു: ഐപിഎല്ലിന്റെ തകർപ്പൻ പോരാട്ടവീര്യം കാഴ്ചവെച്ച് മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെയാണ് തകർത്തത്. മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരവെ നാലിന് 14 റൺസെന്ന നിലയിൽ തകർന്ന പഞ്ചാബിനായി അശുതോഷ് ശർമ, ശശാങ്ക് സിങ്, ഹർപ്രീത് ബ്രാർ എന്നിവർ പുറത്തെടുത്ത പോരാട്ടവീര്യം മത്സരത്തെ ആവേശകരമാക്കി. എന്നാൽ ലക്ഷ്യത്തിന് ഒമ്പത് റൺസകലെ വീഴാനായിരുന്നു പഞ്ചാബിന്റെ വിധി. 19.1 ഓവറിൽ 183 റൺസിന് പഞ്ചാബ് ബാറ്റുവെച്ച് കീഴടങ്ങി.
തോറ്റെന്നു കരുതിയ മത്സരത്തെ സ്വന്തം കാണികൾക്കു മുന്നിൽ ആവേശകരമാക്കിയ അശുതോഷും ശശാങ്കും തന്നെയാണ് മത്സരത്തിന്റെ താരങ്ങൾ. 28 പന്തുകൾ മാത്രം നേരിട്ട് ഏഴ് സിക്സും രണ്ട് ഫോറുമടക്കം 61 റൺസെടുത്ത അശുതോഷാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. താരം ക്രീസിലുണ്ടായിരുന്നു ഓരോ നിമിഷവും മുംബൈയുടെ നെഞ്ചിൽ തീയായിരുന്നു. ശശാങ്ക് 25 പന്തിൽ നിന്ന് 41 റൺസും സ്വന്തമാക്കി.
193 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബ് തകർച്ചയോടെയാണ് തുടങ്ങിയത്. മൂന്ന് ഓവർ പൂർത്തിയാകും മുമ്പ് പ്രഭ്സിമ്രാൻ സിങ് (0), റൈലി റോസ്സു (1), ക്യാപ്റ്റൻ സാം കറൻ (6), ലിയാം ലിവിങ്സ്റ്റൺ (1) എന്നിവർ ഡഗ്ഔട്ടിൽ തിരിച്ചെത്തുമ്പോൾ പഞ്ചാബ് സ്കോർ ബോർഡിലുള്ളത് വെറും 14 റൺസ് മാത്രം. തുടർന്ന് 13 റൺസെടുത്ത ഹർപ്രീത് സിങ്ങിനെ കൂട്ടുപിടിച്ച് ശശാങ്ക് സിങ് സ്കോർ 49-ൽ എത്തിച്ചു.
മുംബൈക്കായി ബുംറയും കോട്ട്സിയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തിരുന്നു. 53 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 78 റൺസെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മൂന്നാം ഓവറിൽ തന്നെ ഇഷാൻ കിഷനെ (8) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമ – സൂര്യകുമാർ യാദവ് സഖ്യം സ്കോർ മുന്നോട്ടുനയിച്ചു. നിലയുറപ്പിച്ച ശേഷം ഇരുവരും തകർത്തടിച്ചു. 81 റൺസ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ട് ഒടുവിൽ 12-ാം ഓവറിൽ രോഹിത്തിനെ മടക്കി സാം കറനാണ് പൊളിച്ചത്. 25 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 36 റൺസെടുത്തായിരുന്നു ഹിറ്റ്മാന്റെ മടക്കം.
The post ഐപിഎൽ 2024; പഞ്ചാബിനെ വിറപ്പിച്ച് മുംബൈ ഇന്ത്യൻസ് appeared first on News Bengaluru.