Home page lead banner

ഒരിക്കൽ ഒരിടത്ത്

Post ad banner after image

അധ്യായം പതിനഞ്ച്

ഉണ്ണൂലി വിളിക്കുന്ന ശബ്ദം കേട്ടാണ് മായ ഉറക്കം ഞെട്ടിയത്.
ഇടനാഴിയിലും,നടുമുറ്റത്തു മൊക്കെ നല്ല വെളിച്ചം.!
ഛെ….ഒരു പാട് വൈകി. അലാറം അടിച്ച്വോ..?
അതോ…കേട്ടില്ലാന്ന്..ണ്ടോ.
വരാന്തയിലും ഇടനാഴിയിലും അങ്ങോളമിങ്ങോളം കാൽ പ്പെരുമാറ്റങ്ങൾ. എല്ലാവരും കുളിക്കാനുള്ള തയ്യാറെടുപ്പിലാണു.!
ആരാപ്പോ…ഇത്രയധികം പേർ. പൊട്ടിച്ചിരികളും വളകിലുക്കങ്ങളും.
മായ ഞെട്ടിപ്പിടഞ്ഞെണീറ്റു. എന്തേ…ആരും തന്നെ വിളിക്കാഞ്ഞതാവോ..?
ഇന്നാണോ.. തിരുവാതിര  ?
മായ ധൃതിയിൽ തലയിൽ എണ്ണ തേച്ച്,  എണ്ണ പ്പാത്രവും സോപ്പുമെടുത്ത്…ഇടനാഴിയിലൂടെ ഓടി.
കുളപ്പുരയുടെ പടവിറങ്ങിയപ്പോൾ..അവിടേയും ഉണ്ട് കുറേ പേർ.
മുടി ഉയർത്തിക്കെട്ടിയവർ,…നിതംബം മറയുന്ന മുടി അഴിച്ചിട്ടവർ,…എല്ലാവരും വാ തോരാതെ സംസാരിച്ചു കൊണ്ട് പടവിലൂടെ കുളത്തിലേക്കിറങ്ങുന്നു.
നല്ല നിലാവത്ത്, തിളങ്ങുന്ന വെള്ള വസ്ത്രങ്ങൾ അണിഞ്ഞ അതിസുന്ദരിമാർ.!
മായ, വഴുക്കുന്ന പടവുകളിൽ കരുതലോടെ ചവുട്ടി ..ഇറങ്ങിച്ചെന്നു.

വര/ ബ്രിജി കെ.ടി.


ആരും തന്നെ കണ്ട മട്ടില്ല.
മങ്ങിയ വെളിച്ചത്തിൽ അടുത്തു കണ്ട മുഖങ്ങൾ തിരിച്ചറിഞ്ഞു.
ഒരു പടവിൽ കാലും നീട്ടിയിരുന്ന്….എണ്ണ തേയ്ക്കുന്നത് അമ്മമ്മയാണു്. തൊട്ടപ്പുറത്തു തന്നെ മുത്തശ്ശിയുമുണ്ട്. അവർ മായയെ ക്കണ്ട് എന്തോ അടക്കം പറയുന്നു.
അപ്പുറത്ത് നിൽ ക്കുന്നത് അരുന്ധതി ഏട്ത്തി അല്ലേ.?
ആരും ഒന്നും മിണ്ടുന്നില്ല. ഈ മായക്കുട്ടനെ കണ്ട ഭാവമില്ല. മന:പ്പൂർവ്വമാണോ?
താഴത്തെ പടവിൽ ആർച്ച വല്യമ്മയും …പിന്നെ ആർച്ച വല്യമ്മയുടെ  മകൾ സാവിത്രി യേട്ത്തിയും.
പതിനെട്ട് വയസ്സുള്ളപ്പോൾ ടൈഫോയ്ഡ്  വന്ന് മരിച്ചു പോയ ….!?
മുടി മൊട്ടയടിച്ചീർന്നു. ഇതാ,.. ഇപ്പോൾ  പഴയതു പോലെ അരമറഞ്ഞ് കിടക്കുന്ന മുടി.
എന്തു സുന്ദരിയായിരുന്നു സാവിത്രി ഏട്ത്തി. കൈതപ്പൂവിന്റെ നിറം, നല്ല ശരീരവും.
ഭരത നാട്യം കളിച്ചിരുന്നത് അപ്സരസ്സിന്റെ അന്ത്യാ…എന്നാണു പറയാറ്
ആരും കൊതിച്ചു പോകുന്ന ഏട്ത്തിക്ക് ടൈഫോയിഡ് വന്നത് വൈകിയിട്ടാണത്രെ അറിഞ്ഞത്.
മരിക്കുമ്പോഴേക്കും മുടി മൊട്ടയടിച്ചു,എല്ലും തോലുമായി രുന്ന ഏട്ത്തിയെ കണ്ടാൽ സഹിക്കില്യാർന്നു.
മായയെന്ന് വെച്ചാൽ ജീവനായിരുന്നു .എല്ലാ രഹസ്യങ്ങളും വന്നു പറയുന്നത് മായയോടായിരുന്നു.പക്ഷെ ഇപ്പോൾ കണ്ട ഭാവം പോലും നടിക്കുന്നില്ലല്ലോ.!
അതോ കണ്ടില്ല്യാന്ന് ണ്ടോ?.
അപ്പുറത്ത് നില്ക്കുന്നത് നടപ്പു ദീനം വന്ന് മരിച്ച ചിറ്റയല്ലേ ?
മായ അമ്പരന്നു. ഒരു വല്ലാത്ത ഭയം .
മായ സൂക്ഷിച്ചു നോക്കി..ഇവരൊക്കെ മരിച്ചു പോയവരല്ലേ..?
ഉറക്കെയുറക്കെയുള്ള പൊട്ടിച്ചിരികളും, വളകിലുക്കങ്ങളും കേട്ട് മായ തിരിഞ്ഞു നോക്കി.
കുളക്കരയിലെ അരയാൽ തുമ്പത്ത് ഊഞ്ഞാലാടുന്ന ചിലർ.
ഉറക്കെ ചിരിച്ചു കൊണ്ട് കുതിച്ചാടുന്ന അവർ എത്ര ഉയരത്തിലാണീശ്വരാ ആടുന്നത്.
ഊഞ്ഞാൽ പടിയിൽ എഴുന്നേറ്റ് നിന്നു കൊണ്ട് കുതിച്ചാടുന്ന അവർ …ഏറ്റവും ഉയരത്തിലെത്തി ഒരു വട്ടം മറിഞ്ഞ് ആൽ മരത്തിനു മുകളിലൂടെ ആകാശം കയ്യെത്തിച്ചു തൊട്ട്…ആർത്തു ചിരിച്ച്…
ഈശ്വരാ..വീഴൂലോ…! മായ കണ്ണുകളിറുക്കിയടച്ചു.
മായ, ബ്ളൌസ് ഊരി മേൽ ക്കച്ച കെട്ടി ഒന്നു രണ്ട് പടവുകൾ… തണുത്ത വെള്ളിത്തിലേക്കിറങ്ങി.
തനിക്ക് വേഗം മുങ്ങി ക്കയറി പ്പോകണം.
ഒന്നു മുങ്ങി, രണ്ടാമത് മുങ്ങാൻ  കുനിഞ്ഞപ്പോൾ കവിളിൽ തട്ടിയ ഒരു നിശ്വാസം പോലെ …
മായേ…!
മായ …,അരയ്ക്കൊപ്പം വെള്ളത്തിൽ നിന്നു തലയുയർത്തി നോക്കി.ഈ റനിൽ കാറ്റടിച്ചപ്പോൾ.., നല്ല തണുപ്പ്.
കുളത്തിന്റെ മറു കരയിൽ നിന്നും ആരോ നടന്നു വരുന്നു. ഊഞ്ഞാലാട്ടം മതിയാക്കിയോ.
കുളത്തിന്റെ ഒത്ത നടുക്കെത്തിയിട്ടും വെള്ളത്തിന്റെ മേലെ പതിഞ്ഞമരാത്ത നടത്തം. ഒരു അഭ്യാസിയെ പ്പോലെ.
ആര്യ ഏട്ത്തി..?.!
ശരീരത്തൊട്ടിയ നനഞ്ഞ തുണികളുമായി ഒരു വെണ്ണക്കൽ പ്രതിമ പോലെ മനോഹരം.
കുങ്കുമം ഒലിച്ചിറങ്ങിയ നെറ്റിത്തടവും, കണ്മഷി നനഞ്ഞു പടർന്ന വലിയ കണ്ണുകളും…,തുടുത്ത ചുണ്ടുകളിൽ പുഞ്ചിരിയും.!!
അനങ്ങാൻ കഴിയാതെ സ്തംഭിച്ച് നിന്ന മായ, തണുത്ത കാറ്റിൽ വിറയ്ക്കുന്നുണ്ടായിരുന്നു..
ആര്യ ഏട്ത്തി അടുത്തു വന്ന് മായയെ കെട്ടിപ്പിടിച്ചു.
ഏട് ത്തിയുടെ  നനഞ്ഞ വസ്ത്രങ്ങളുടെ തണുപ്പ് ശരിക്കും ശവശരീരത്തിന്റെ ഉറഞ്ഞ തണുപ്പ് പോലെ.
മായയുടെ ശരീരം മരവിച്ചു പോയി.
മായ ഒരുവിധം ഏട്ത്തിയുടെ  പിടി വിടുവിച്ച് വെള്ളത്തിൽ   നിന്നും കയറാൻ നോക്കി.
വാ….ഊഞ്ഞാലിനടുത്തേക്ക് പോകാം.. വരൂ..
മറുകരയിലേക്ക് കൊണ്ടു പോകാനായി, മായയുടെ കൈ പിടിച്ചു കുളത്തിന്റെ ആഴങ്ങളിലേക്കിറങ്ങാൻ തുടങ്ങി യ ഏട്ത്തിയുടെ കൈ കുതറി… പിടിവിടുവിച്ചു.
വഴുക്കുന്ന പടവുകളിൽ തപ്പിത്തടഞ്ഞ്…ഒരു വിധം മായ ഓടിക്കയറി.
പെട്ടന്നു മായക്ക് പരിസര ബോധം ഉണ്ടായതു പോലെ.
മായ ചുറ്റും നോക്കി .നല്ല ഇരുട്ട്.ആരെയും കാണാനില്ല.!
കുളവും പടവുകളും…എല്ലാം ശൂന്യം. ആകാശത്തിന്റെ അതിരുകൾ പോലും തെളിഞ്ഞിട്ടില്ല.!
ഇടയ്ക്കിടെ കണ്ണൂ ചിമ്മുന്ന നക്ഷത്രങ്ങൾ പകച്ചു നോക്കുന്നു.
മായയുടെ ശ്വാസം പോലും നിലച്ച പോലെയായി.
കുഴയുന്ന കാലുകൾ വലിച്ചു വെച്ച് ,..പടവിൽ അഴിച്ചിട്ട തുണികൾ വാരിക്കൂട്ടി എടുത്ത് .., മായ ഓടാൻ ശ്രമിച്ചു.
വായിലെ വെള്ളം വറ്റി.,ചെവിയിൽ അലമുറയിടുന്ന ഹൃദയം നില്ക്കാൻ പോവുകയാണെന്നു തോന്നി.,
നല്ല വെളിച്ചമായിരുന്നു. പക്ഷെ ഇപ്പോൾ, ഇടനാഴിയും, നടുമുറ്റവും എല്ലാം ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് പോലെ.
മായ വരാന്തയിലേക്ക് ഓടിക്കയറിയപ്പോഴേക്കും ആരോ മുഖത്ത് ടോർച്ചടിച്ചു.
മായ ഞെട്ടി വിറച്ചു.
ഏട്ടൻ?!
അമ്പരന്ന ഏട്ടൻ ഒരു നിമിഷത്തേക്ക് ഒന്നും മനസ്സിലാവാതെ നിന്നു..
അത്യത്ഭുതത്തോടെ നിന്ന ഏട്ടന്റെ ശബ്ദം ഒരു പാട് ഉച്ചത്തിലായിപ്പോയി.
….ഹെന്താ…ദ്…. മായക്കുട്ട്യേ…പാതിരയ്ക്ക്യാ കുളികാൻ പോവ്വാ…ശിവ…ശിവ…!!
ആരോ…ങട് ഓടണ പോലെ തോന്നീട്ടാ…ഞാൻ നോക്കാൻ വന്നത്.!
അപ്പോൾ പെട്ടന്ന്..തളത്തിലെ ക്ളോക്ക് രണ്ട് പ്രാവശ്യം അടിച്ചു.
ആ മണി മുഴക്കം..മായയെ പൂർണ്ണമായും ഭൂമിയിലേക്ക് തള്ളിയിട്ടു.
മേൽ ക്കച്ച മാത്രം കെട്ടിയ മായ കയ്യിലിരുന്ന തുണികൾ കൊണ്ട്  ..,തോളൂ മറച്ചു.
ഏട്ടൻ പെട്ടന്ന് ടോർച്ച് കെടുത്തി.
വേഗം പോയി ഈറനൊക്കെ മാറ്റ്വാ…..
ഏട്ടൻ വിശ്വസിക്കാനാവാതെ തലകുടഞ്ഞ് മച്ചിലേക്ക് പോയി.
വളരെ ദൂരം ഓടിത്തളർന്നതു പോലെ മായയുടെ ശ്വാസം ധ്രുത ഗതിയിലായി. ഒരുവിധം മുറിയിലെത്തി മെത്തയിലേക്ക് മറിഞ്ഞു.
ഈശ്വരാ  ..തനിക്കെന്താണു പറ്റിയത്.?പാതിരയ്ക്ക് ഇറങ്ങിപ്പോയതെങ്ങിനെ..?
തിക്കും തിരക്കും ഒക്കെ കേട്ടതല്ലേ.. ഉണ്ണൂലി വിളിക്കുന്ന ശബ്ദം ശരിക്കും കേട്ടതല്ലേ?
എന്തു വെളിച്ചമായിരുന്നു പുറത്ത്,! എന്നീട്ട്, പക്ഷെ ….മായയ്ക്ക് ഒന്നും മനസ്സിലായില്ല.
മായയ്ക്ക് ഉറക്കം വരാൻ തുടങ്ങി..ഈറൻ മാറ്റാൻ തന്നെ വയ്യ. നനഞ്ഞ മുടി …തലയിണയും നനച്ചു.
മസ്തിഷ്കം വെട്ടിപ്പൊളിക്കുന്ന വേദന. ശരീരം മുഴുവൻ ആരോ ഞെക്കി വേദനിപ്പിക്കുന്നതു പോലെ.
ഓർമ്മയുടെ നീണ്ട …. ഇടനാഴിയിൽ, കുളക്കടവിൽ കണ്ടവരുടെയെല്ലാം മുഖങ്ങൾ അന്വേഷിച്ച് തപ്പിത്തടഞ്ഞ് മായ ഉറക്കത്തിന്റേയും ഉണർവ്വിന്റേയും കയത്തിൽ ഒരു പൊങ്ങു തടിയായി ഒഴുകി നടന്നു.
മരിച്ച് പോയവരാണവർ എന്ന തോന്നൽ പോലും അപ്പോൾ  ഉണ്ടായില്ല. ഈശ്വരാ തനിക്ക് എന്താണു പറ്റിയത്.?
മായക്ക് ഉറക്കം വരുന്നുണ്ടായിരുന്നു.
ചാരിവച്ചിരിക്കുന്ന കതക്, കാറ്റത്ത് പതുക്കെ തുറന്നു.
ആരോ അടുത്തു വന്നിരുന്നതറിഞ്ഞ്…, മായ അല്പ്പം നീങ്ങിക്കിടക്കാൻ ശ്രമിച്ചു.
കുട്ടി …ന്തിനാ ഓടീത്.?
ആര്യ ഏട്ത്തി പതുക്കെ അടുത്തേക്ക് നീങ്ങിയിരുന്നു് …മയയുടെ വയറു തലോടിക്കൊണ്ട് പറഞ്ഞു.
വയറ്റിലുള്ളപ്പോൾ ….ങനെ കൊളത്തിലു്..ഒറ്റയ്ക്ക് കുളിക്കാൻ വരരുത്..ട്വൊ.. അതും .., തിരുവാതിരയ്ക്ക്. സൂക്ഷിക്കണം .ഒക്കെ അസൂയ ക്കാരാ.
ആര്യേട് ത്തി ശബ്ദം താഴ്ത്തി.
ന്റെ…ഗതി…കുട്ടിയ്ക്കുണ്ടാവരുത്….! ല്യാ… ണ്ടാവില്ല്യാ…..ഞാനെപ്പഴും ണ്ടാവും കൂട്ടീടെ കൂടെ. കാവലായി.

ആര്യ  ഏട്ത്തിയുടെ മഷിയെഴുതിയ വലിയ കണ്ണുകളിൽ നോക്കി ക്കിടന്ന മായ പതുക്കെ സ്വയം …അടിവയറ്റിൽ തൊട്ടു നോക്കി…! തനിക്ക് വയറ്റിലുണ്ടോ..?!

മായയ്ക്ക് കടുത്ത പനി.! അബോധാവസ്ഥയിൽ പിച്ചും പേയും പറയുവാൻ തുടങ്ങിയ മായ സന്നി വന്നതു പോലെ കിടു കിടാ വിറച്ചു .
മായയ്ക്ക് ഓർമ്മ വരുമ്പോൾ മുറിനിറയെ ആളുകൾ.
പേടിക്കാനൊന്നൂല്യാന്നാ ഡോക്ടർ പറഞ്ഞത്.
ആരോ പറയുന്നതു കേട്ട് മായ പതുക്കെ കണ്ണു തുറന്നു.
ആദ്യം ഒന്നും മനസ്സിലായില്ല.എല്ലാവ രേയും തുറിച്ചു നോക്കുന്നതു കണ്ട് അമ്മ പൊട്ടിക്കരഞ്ഞപ്പോൾ മായ ഞെട്ടി.
രണ്ട് കൈകളിലും ഇഞ്ചക്ഷന്റെ വേദന.
ഒന്നും ശീലംല്യാത്ത കുട്ട്യാണേയ്.
ഈ വക ആചാരങ്ങളൊക്കെ അങ്ങട് നിർത്ത്വാ..
ഏട്ടൻ തിരുമേനി ദേഷ്യപ്പെട്ടു.
അതു തന്നെ ഓർത്ത് കിടന്നിട്ടാട്ടാണ്. സമയം കൂടി നോക്കാണ്ടെ…പാതിരയ്ക്ക് എണീറ്റ് പോയത്. എന്തെങ്കിലും പറ്റീന്ന് ച്ചാലോ?!…
ഏട്ടൻ പെട്ടന്ന് നിർത്തി.ശബ്ദത്തിനു ഭയത്തിന്റേയും സങ്കടത്തിന്റേയും ചുവ.!
മായ ഏട്ടനെ തുറിച്ചു നോക്കി.
ഹൂം..ഒന്നുമറിയാത്തതു പോലെയുള്ള സംസാരം. ഏട്ടനോടുള്ള വെറുപ്പ്…വീണ്ടും മായയുടെ ഉള്ളിൽ മുള പൊട്ടി. പ്രതികാരവും.!
ഒറ്റ രാത്രി കൊണ്ട്… വീണ്ടും മായ കെട്ടുകഥകളുടെ  എട്ടു കാലിവലയിൽ അകപ്പെട്ടു.
മനസ്സിന്റെ കോണുകളിലുള്ള വലകൾ.!
വലിയ ചോരക്കണ്ണൂകളുള്ള വിഷമുള്ള എട്ടുകാലി  സാവധാനം…തന്റെ വിഷദ്രാവകം കുത്തിവെച്ച് മയക്കി….അന്ധവിശ്വാസങ്ങളുടെ ഒട്ടു നൂലു കൊണ്ട് മായയെ  വരിഞ്ഞു കെട്ടി .
ഇനി മോചനമില്ല.
അടുത്തടുത്തു വരുന്ന എട്ടുകാലി മയയെ അല്പാല്പ്പ മായി കാർന്ന്.., രക്തം ഊറ്റി വെറും പുറം തൊണ്ടാക്കി..അതിൽ വിഷം കുത്തിനിറച്ച് ,…അവളെ ഒരു ഭീകര ജീവിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത് ,….അവൾ പോലും അറിഞ്ഞില്ല.!!

മനസ്സ് എന്ന കൺ കെട്ട് വിദ്യക്കാരന്റെ മാന്ത്രിക വടി നയിക്കുന്ന വഴിയിലൂടെ, അന്ധ വിശ്വാസത്തിന്റെയും ദുരൂഹതകളുടേയും എല്ലാറ്റിലുമുപരി ഭയത്തിന്റേയും കൊടും കാട്ടിൽ മായ തീർത്തും നഷ്ടപ്പെട്ടു.!!

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/
Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!