കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോഗമിക്കുന്നു
ബെംഗളൂരു: കർണാടകയില്‍ വിജയപുര ജില്ലയിലെ ഇന്ദി താലൂക്കിലെ ലച്ചന ഗ്രാമത്തില്‍ കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു. പ്രദേശത്തെ ശങ്കരപ്പ മുജഗൊണ്ടയുടെയും പൂജ മുജഗൊണ്ടയുടെയും മകനായ സാത്വിക് ആണ് അബദ്ധത്തിൽ കുഴക്കിണറിലേക്ക് വീണത്. 12 മണിക്കൂറോളമായി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഏകദേശം ഇരുപതടി താഴ്ചയിലാണ് കുട്ടി ഉള്ളതെന്നാണ് വിവരം.
വീടിനു സമീപത്തെ വയലിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മൂടിയില്ലാത്ത കുഴല്‍ക്കിണറിലേക്ക് സാഥ്വിക് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വൈകീട്ട് ആറരയോടെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, താലൂക്കിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍, അഗ്നിരക്ഷാസേന, ആംബുലന്‍സ് അടക്കമുള്ളവ സ്ഥലത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെ പുറത്തെടുക്കാനായി എല്ലാവിധത്തിലും ശ്രമങ്ങള്‍ നടന്നുവരുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു.
Rescue operation is underway to save a two-year-old boy who reportedly fell into an open borewell in Karnataka’s Lachyan village.
ANI pic.twitter.com/CI4meNx1yu — The New Indian Express (@NewIndianXpress) April 4, 2024
400 അടി താഴ്ചയിലാണ് കുഴൽക്കിണർ കുഴിച്ചത്. കുഞ്ഞിന് ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ പൈപ്പ് വഴി കുഴല്‍ക്കിണറിലേക്ക് നല്‍കുന്നുണ്ട്. വിവരമറിഞ്ഞ് വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. കുഴല്‍ക്കിണറിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കാലുകള്‍ അനങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. സമീപത്ത് തന്നെ മറ്റൊരു കുഴി കുഴിച്ച് തുരങ്കം നിര്‍മിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. അഞ്ചടിയുള്ള തുരങ്കമാണ് നിര്‍മിക്കുന്നത്. എന്നാല്‍ മണ്ണുകുഴിക്കുമ്പോള്‍ പാറയും കല്ലും പോലുള്ളവ തടയുന്നത് വെല്ലുവിളിയാണ്.
അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തി എത്രയും പെട്ടെന്ന് കുട്ടിയെ പുറത്തെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരികയാണെന്നും വ്യവസായ മന്ത്രി എം.ബി പാട്ടില്‍ പറഞ്ഞു.
The post കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോഗമിക്കുന്നു appeared first on News Bengaluru.
Powered by WPeMatico