കാർ മേൽപ്പാലത്തിൽനിന്ന് വീണ് മലയാളി ദമ്പതിമാർ മരിച്ചു
ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി കുന്താപുര ദേശീയപാത 66-ല്‍ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂര്‍ സ്വദേശികളായ ദമ്പതിമാർ മരിച്ചു. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂളിനടുത്ത അൽമർവ്വയിൽ തൈപറമ്പത്ത് മുനവ്വർ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ മകൻ സഹലിനെ (19) മണിപ്പാൽ കെ.എം.സി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്ര സാംഗ്ലിയിലെ മീറജിൽ നിന്നും ചെറിയപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കുന്താപുരയ്ക്കും ഉഡുപ്പിയ്ക്കും ഇടയിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് എതിർവശത്ത്, മേൽപ്പാലത്തിലൂടെ പോവുകയായിരുന്ന കാർ സർവീസ് റോഡിനും ഹൈവേയ്ക്കും ഇടയിലുള്ള ഡിവൈഡറിൽ നിയന്ത്രണം വിട്ട് ഇടിക്കുകയും താഴെ സർവീസ് റോഡിലേക്ക് തലകീഴായി വീഴുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സമീറ മരിച്ചു. മുനവ്വർ ബുധനാഴ്ച ഉച്ചയോടെ ആസ്പത്രിയിൽ മരിച്ചു.
മീറജിൽ ബോംബെ സ്റ്റാർ ബേക്കറിയുടമയാണ് മുനവ്വർ. കോയമ്പത്തൂരിൽ വിദ്യാർഥിനിയായ മിനാ ഫാത്തിമ മകളാണ്. പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറവത്ത് ആസ്യയുടെയും മകനാണ് മുനവ്വർ. സഹോദരങ്ങൾ: ടി.പി. നയീം, മനാഫ്, ഷെഫീഖ്, സഫൂറ, ഷാഹിന, ഷഫീന, ഷഹാന, ജസീറ. തലശ്ശേരി സൈദാർപള്ളിയിലെ അബ്ദുള്ളാസിൽ ചെറിയാണ്ടി അബ്ദുള്ളയാണ് സമീറയുടെ പിതാവ്. മാതാവ്: പരേതയായ കൈതാൽ ഹാജറ.
The post കാർ മേൽപ്പാലത്തിൽനിന്ന് വീണ് മലയാളി ദമ്പതിമാർ മരിച്ചു appeared first on News Bengaluru.
Powered by WPeMatico