കിലോ ലിറ്ററിന് എട്ട് രൂപ; അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി
ബെംഗളൂരു: ബെംഗളൂരുവിൽ അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി. ഇത് സംബന്ധിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡിന് (ബിഡബ്യുഎസ്എസ്ബി), ബെംഗളൂരു അപ്പാർട്ട്മെൻ്റ്സ് ഫെഡറേഷൻ (ബിഎഎഫ്) എന്നിവ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
അപ്പാർട്ടമെൻ്റ് കോപ്ലക്സുകളിലെ മലിനജലം അപ്പാർട്ട്മെൻ്റിലെ തന്നെ മാലിന്യ സംസ്കരണ പ്ലാൻ്റ് വഴി ശുദ്ധീകരിച്ചു ബിഡബ്യുഎസ്എസ്ബിക്ക് വിൽപന നടത്താനാണ് ബിഎഎഫിൻ്റെ തീരുമാനം. നിർമാണപ്രവൃത്തികൾക്കാകും വെള്ളം ഉപയോഗിക്കുക. കിലോലിറ്ററിന് എട്ടു രൂപ നിരക്കിലായിരിക്കും ബിഎഎഫ് വെള്ളം വിൽക്കുകയെന്ന് ബിഡബ്യുഎസ്എസ്ബി ചെയർമാൻ രാം പ്രശാന്ത് മനോഹർ അറിയിച്ചു. അതിൽ രണ്ടു രൂപ ബിഡബ്യുഎസ്എസ്ബിയുടെ ഫെസിലിറ്റേഷൻ ചാർജായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ പ്രഥമ ഉദ്ദേശ്യം പണമല്ലെന്ന് ബിഎഎഫ് വൈസ് പ്രസിഡൻ്റ് സതീഷ് മല്യ പറഞ്ഞു.
വെള്ളം പാഴാകുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് പദ്ധതിയിലൂടെ ബിഎഎഫ് ഉദ്ദേശിക്കുന്നത്. പണം പ്രധാനപ്പെട്ടതാണെങ്കിലും അത് ഒരു കാര്യം മാത്രമാണ്. പദ്ധതി വിവിധ മേഖലകൾക്ക് സഹായകമാകുമെന്നും സുസ്ഥിരത ആവശ്യമാണെന്നും ബിഎഎഫ് വൈസ് പ്രസിഡൻ്റ് പറഞ്ഞു. അതേസമയം ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ മാനദണ്ഡങ്ങൾ പ്രകാരം ശുദ്ധീകരിച്ച വെള്ളമാകും ബിഡബ്യുഎസ്എസ്ബി സ്വീകരിക്കുക.
The post കിലോ ലിറ്ററിന് എട്ട് രൂപ; അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി appeared first on News Bengaluru.
Powered by WPeMatico