കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 6 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 1373 ആണ്. ഇതില്‍ 294 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1079 പേരുടെ അന്തിമഫലം ലഭിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച ഒരാളും ലക്ഷണങ്ങളോടെയെത്തിയ 5 പേരും മരിച്ചു.
ഇടയ്ക്കിടെ വേനൽ മഴ പെയ്യുന്നതിനാൽ ഡെങ്കിപ്പനി കൂടാതെ കൊതുകുജന്യ രോഗങ്ങളായ ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ രോഗങ്ങളും പടരാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ഡെങ്കിപ്പനി ബാധിച്ചാൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാൻ സാദ്ധ്യതയുള്ളതിനാൽ ആരംഭത്തിൽതന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം.
ഡെങ്കിപ്പനി:-
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതിൽ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാൽ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്നതാണ്.
ലക്ഷണങ്ങൾ:-
ഡെങ്കി വൈറസ് ശരീരത്തിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ
ഡെങ്കിപ്പനി മൂർച്ചിച്ച് കഴിഞ്ഞാൽ പൊതുവെയുള്ള ലക്ഷണങ്ങൾക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി കാണുകയാണെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം. അസഹനീയമായ വയറുവേദന, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോച്ഛ്വാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛർദ്ദി, കറുത്ത നിറത്തിൽ മലം പോകുക, അമിതമായ ദാഹം എന്നിവ.
എങ്ങനെ പ്രതിരോധിക്കാം?
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കുന്നതിന് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളിൽ തന്നെ കിടത്താൻ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാൻ തൊലിപ്പുറത്ത് ക്രീമുകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാൽ രോഗിക്ക് മതിയായ വിശ്രമം നൽകേണ്ടതും കുടിക്കാന്‍ ധാരാളം വെള്ളം നല്‍കേണ്ടതുമാണ്.
രോഗം വന്ന് കഴിഞ്ഞാൽ വിദഗ്ധ ചികിത്സയാണ് പ്രധാനം. ആരും തന്നെ സ്വയം ചികിത്സ ചെയ്യരുത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ യഥാസമയം ചികിത്സ നൽകേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവർക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് ചികിത്സ എന്നിവ നൽകാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-
* കൊതുക് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കലാണ് പ്രധാനമായും ചെയ്യേണ്ടത്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം.
* ഉറവിട നശീകരണം ഉറപ്പുവരുത്തുക. ഡ്രൈ ഡേ (Dry day) ആചരിക്കുക.
* പാഴ് വസ്തുക്കൾ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കുക.
* വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്നു ഉറപ്പുവരുത്തുക.
* ഓവർ ഹെഡ് ടാങ്കുകൾ അടച്ചു സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
* വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുക.
* വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങൾ ചകിരി ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കിയതിന്ന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക.
* വീണ്ടും വെള്ളം നിറയ്ക്കുന്നില്ലെങ്കിൽ പാത്രങ്ങൾ ഉണക്കി കമിഴ്ത്തി സൂക്ഷിക്കുക.
* പാത്തികൾ, സൺഷൈഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.
* ചെടിച്ചട്ടികൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, കൂളറുകളുടെ പിൻവശം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
* രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക, രോഗലക്ഷണം കണ്ടു കഴിഞ്ഞാൽ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ/ആശുപത്രിയിലോ വിവരം അറിയിക്കുക..
* രോഗി കൃത്യമായി വിശ്രമം എടുക്കുക.
* കൊതുക് കടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുക.
* കൊതുകുവല, കൊതുകുനിശീകരണികൾ തുടങ്ങിയവ ഉപയോഗിക്കുക.
* രോഗി നിർബന്ധമായും കൊതുകുവല ഉപയോഗിക്കുക
* കൃഷിയിടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക (കമുകിൻ തോട്ടങ്ങൾ, റബർതോട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്).
The post കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 6 മരണം appeared first on News Bengaluru.
Powered by WPeMatico