കർണാടകയിൽ കോൺഗ്രസ് 20 സീറ്റുകൾ നേടുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പില്‍ കർണാടകയിൽ കോൺഗ്രസ് 20 സീറ്റെങ്കിലും സ്വന്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ 20 സീറ്റുകളിലെ വിജയം പാർട്ടി ലക്ഷ്യമിട്ടതാണെന്നും പാർട്ടിയോട് സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഗ്യാരൻ്റി പദ്ധതികൾ നിർത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്യാരൻ്റി പദ്ധതികൾ താൽകാലികമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. വിജയേന്ദ്രയ്ക്ക് കാര്യങ്ങൾ അറിയില്ല, താൽകാലികമെന്നാൽ എന്താണ് അർത്ഥമാക്കുന്നത്? അദ്ദേഹം ഒരു ജോത്സ്യനാണോ? കർണാടകയിൽ ഞങ്ങള്‍ ഇത്തവണ ഭരണം പൂര്‍ത്തിയാക്കുമെന്നും അടുത്ത തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാരണ്ടി പദ്ധതികൾ തുടരുമെന്നും ഇതിനായി 52,000 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 28 ൽ 25 സീറ്റ് ബി.ജെ.പി നേടിയിരുന്നു. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമായിരുന്നു ജയം. ഒരു സീറ്റിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്തിയും മറ്റൊരു സീറ്റിൽ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിച്ച ജെ.ഡി.എസ്. സ്ഥാനാർഥിയുമായിരുന്നു ജയിച്ചത്.
The post കർണാടകയിൽ കോൺഗ്രസ് 20 സീറ്റുകൾ നേടുമെന്ന് സിദ്ധരാമയ്യ appeared first on News Bengaluru.