ചിന്നസ്വാമിയിൽ ഡി കോക്ക് ഷോ; ആർസിബിക്ക് ലക്ഷ്യം 182
ബെംഗളൂരു: ഐപിഎൽ പതിനേഴാം സീസണിലെ വാശിയേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മികച്ച സ്‌കോർ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ആർസിബി ആദ്യം ലഖ്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർ ക്വിന്റൺ ഡി കൊക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് ലഖ്‌നൗ മികച്ച സ്‌കോർ പടുത്തുയർത്തിയത്.
മികച്ച തുടക്കം കിട്ടിയ ക്യാപ്റ്റൻ കെഎൽ രാഹുലിന് പക്ഷേ നീണ്ട ഇന്നിംഗ്‌സ് കളിയ്ക്കാൻ കഴിഞ്ഞില്ല. ഡി കോക്കും രാഹുലും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയാണ് എൽഎസ്‌ജിയെ മുന്നോട്ട് നയിച്ചത്. പതിനാല് പന്തിൽ 20 റൺസെടുത്ത രാഹുൽ രണ്ട് സിക്‌സർ പറത്തി തുടക്കം ഗംഭീരകമാക്കിയപ്പോൾ മികച്ചൊരു ഇന്നിംഗ്‌സ് തന്നെ ആരാധകർ പ്രതീക്ഷിച്ചു.
എന്നാൽ ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ ബോൾ കൊണ്ട് തിളങ്ങിയപ്പോൾ രാഹുലിന് പവലിയനിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു. നാലോവർ പന്തെറിഞ്ഞ മാക്‌സ്‌വെൽ വെറും 23 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. വൺ ഡൗണായി ഇറങ്ങിയ മലയാളി താരം ദേവദത്ത് പടിക്കൽ ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
ആർസിബിക്ക് വേണ്ടി യാഷ് ദയാൽ, ടോപ്‌ലി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ആറാമതാണ് ലഖ്‌നൗ. ആർസിബി ആവട്ടെ പട്ടികയിൽ മുംബൈക്ക് തൊട്ട് മുകളിൽ ഒൻപതാം സ്ഥാനത്താണ്. അതിനാൽ താനെ രണ്ട് ടീമുകൾക്കും മത്സരം നിർണായകമാണ്.
The post ചിന്നസ്വാമിയിൽ ഡി കോക്ക് ഷോ; ആർസിബിക്ക് ലക്ഷ്യം 182 appeared first on News Bengaluru.
Powered by WPeMatico