ജസ്ന ഗർഭിണിയായിരുന്നില്ല, രക്തക്കറയുള്ള വസ്ത്രം കിട്ടിയിട്ടുമില്ല; സിബിഐ കോടതിയിൽ
തിരുവനന്തപുരം: ജസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവ് ജയിംസിന്റെ മൊഴിയിൽ വിശദീകരണവുമായി സിബിഐ. വസ്ത്രം കേരള പോലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്‌ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. വിശദീകരണം ആവശ്യപ്പെട്ട് കോടതി തന്നെയാണ് സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്. സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിരുന്നുവെന്ന് സിബിഐ കോടതിയെ അറിയിച്ചു.
കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്ന് ജസ്‌നയുടെ അച്ഛൻ ജയിംസ് ആരോപിച്ചു. എന്നാൽ, കേസിൽ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് നിപുൽ ശങ്കർ കോടതിയെ അറിയിച്ചു.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്ന ജസ്നയെ രണ്ടായിരത്തിപ്പതിനെട്ട് മാർച്ച് ഇരുപത്തിരണ്ടിനാണ് കാണാതായത്. കൊല്ലമുളയിലെ വീട്ടിൽ നിന്ന് തൊട്ടടുത്ത ജംഗ്ഷൻ വരെ ഓട്ടോറിക്ഷയിൽ പോയ ജസ്ന മുണ്ടക്കയം വരെ ബസിൽ സഞ്ചരിച്ചതായി വ്യക്തമായിട്ടുണ്ട്. മുണ്ടക്കയം ജംഗ്ഷനിലൂടെ നടന്നു പോകുന്ന ജസ്നയുടെ അവ്യക്ത ദൃശ്യം ഒരു കടയുടെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചു.
ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് വിവരശേഖരണ പെട്ടികൾ സ്ഥാപിച്ചും നിരവധിയാളുകളെ ചോദ്യം ചെയ്തും അജ്ഞാത മൃദേഹങ്ങൾ പരിശോധിച്ചും പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷണം കാര്യക്ഷമമായ മുന്നോട്ടു പോകവെയാണ് ജസ്നയുടെ സഹോദരനും കെ.എസ്.യു നേതാവും സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സി.ബി.ഐയ്ക്ക് ജസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കാൻ കഴിഞ്ഞില്ല. ജസ്നയെപ്പറ്റി നിർണായക വിവരങ്ങൾ ലഭിച്ചെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന പോലീസ് ഓഫീസർമാർ മാദ്ധ്യമങ്ങളോടു പറഞ്ഞത് വിലകുറഞ്ഞ പബ്ളിസിറ്റിക്കുവേണ്ടി ആയിരുന്നുവെന്ന് കരുതുന്നവരുണ്ട്.
19ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നാണ് ജസ്നയുടെ അച്ഛൻ പറഞ്ഞത്. ജസ്ന മരിച്ചുവെന്ന് ജെയിംസ് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ, പോലീസോ ക്രൈംബ്രാഞ്ചോ സി.ബി.ഐയോ അങ്ങനെയൊരു വിവരം അന്വേഷണ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയട്ടില്ല. വിശ്വസനീയമായതും ആധികാരികവുമായ വിവരങ്ങൾ ലഭിക്കാതെ മകൾ മരിച്ചുവെന്ന് പറയാൻ അച്ഛന് കഴിയില്ല.
എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതും അച്ഛൻ തന്നെയാണ്. കേസ് അവസാനം അന്വേഷിച്ച സി.ബി.ഐയെ ജെയിംസ് പൂർണമായി തള്ളുന്നില്ല. അവർ കുറേ കാര്യങ്ങൾ അന്വേഷിച്ചുവെന്നും എന്നാൽ, പ്രധാന ചില പോയിന്റുകളിലേക്ക് എത്തിയില്ലെന്നും അദ്ദേഹം കോടതിയിലും മാദ്ധ്യമങ്ങളോടും പറഞ്ഞു. ആ പ്രധാന പോയിന്റുകൾ ഏതെല്ലാമാണെന്ന് ഇനി ജസ്നയുടെ അച്ഛൻ തന്നെയാണ് പറയേണ്ടത്. അതേസമയം, എല്ലാ കാര്യങ്ങളും തങ്ങൾ അന്വേഷിച്ചുവെന്നും ഇനി തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സി.ബി.ഐ കോടതിയിൽ അറിയിച്ചിരിക്കുന്നത്.