തീരുമാനം കടുപ്പിച്ച് ഈശ്വരപ്പ; ശിവമോഗയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു
![](https://newsbengaluru.com/wp-content/uploads/2024/04/BFGHYtzS.jpeg)
ബെംഗളൂരു: ശിവമോഗ മണ്ഡലത്തിൽ നിന്ന് വിമതനായി മത്സരിക്കുന്ന മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പ നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നെങ്കിലും പാർട്ടി അഭ്യർഥന മുഖവിലയ്‍ക്കെടുത്ത് ഈശ്വരപ്പ തീരുമാനം പുനപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷ. ഹാവേരി മണ്ഡലത്തിൽ മകൻ കെ.ഇ. കാന്തേഷിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെയായിരുന്നു ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞത്.
ഹാവേരിയിൽ മകന് ടിക്കറ്റ് കിട്ടാതിരിക്കാൻ യെദിയൂരപ്പയും ഇളയ മകനും സംസ്ഥാന ബിജെപി അധ്യക്ഷനുമായ ബി. വൈ. വിജയേന്ദ്രയും ചരട് വലി നടത്തിയെന്നാണ് ഈശ്വരപ്പയുടെ ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖ പരീക്ഷണം നടത്താൻ ഈശ്വരപ്പയെ ബിജെപി മാറ്റി നിർത്തിയിരുന്നു. അന്ന് കലാപക്കൊടി ഉയർത്തിയ അദ്ദേഹത്തെ അനുനയിപ്പിച്ചു പാർട്ടി വിടാതെ പിടിച്ചു നിർത്തുകയായിരുന്നു ബിജെപി ദേശീയ നേതൃത്വം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തായാലും മകൻ കാന്തേഷിനു ടിക്കറ്റ് ഉറപ്പെന്നായിരുന്നു ദേശീയ നേതാക്കൾ നൽകിയ വാഗ്ദാനം. എന്നാൽ സമയമായപ്പോൾ വാഗ്ദാനം പാലിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ശിവമോഗയിലെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയും യെദിയൂരപ്പയുടെ മൂത്ത മകനുമായ ബി. വൈ രാഘവേന്ദ്രയുടെ പ്രചാരണ പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോഴും ഈശ്വരപ്പ തിരിഞ്ഞു നോക്കിയില്ല. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ തഴയുന്നതിലെ നീരസം ഈശ്വരപ്പ പല വേദികളിലും പരസ്യമാക്കി.
ശിവമോഗ മണ്ഡലത്തിൽ നിന്ന് 2019ൽ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഘവേന്ദ്ര ജയിച്ചത്. ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസ് മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ പത്നിയുമായ ഗീത ശിവരാജ് കുമാറിനെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
The post തീരുമാനം കടുപ്പിച്ച് ഈശ്വരപ്പ; ശിവമോഗയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on News Bengaluru.
Powered by WPeMatico