ദിനേശ് ഗുണ്ടുറാവുവിനെതിരേ അപകീർത്തി പരാമർശം: ബി.ജെ.പി. നേതാവ് യത്നലിന്റെ പേരിൽ കേസ്
ബെംഗളൂരു : മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ കുടുംബത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി. നേതാവ് ബസനഗൗഡ പാട്ടീൽ യത്നലിനെതിരെ പോലീസ് കേസെടുത്തു. ദിനേശ്ഗുണ്ടുറാവുവിന്റെ ഭാര്യ തബുറാവുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സഞ്ജയ് നഗർ പോലീസ് ആണ് കേസെടുത്തത്. മതവിദ്വേഷത്തിനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.
ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ശിവമോഗയിലെ ബി.ജെ.പി. നേതാവിനെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തതായി ആരോപിച്ച് ദിനേശ് ഗുണ്ടുറാവു എക്സില്‍ പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്നാണ് യത്നൽ അപകീർത്തി പരാമർശം നടത്തിയത്. വിജയപുരയിലെ ബി.ജെ.പി. ഓഫീസിനുമുന്നിൽ മാധ്യമപ്രവർത്തരോട് സംസാരിക്കവേ ആയിരുന്നു വിവാദ പരാമര്‍ശം. മന്ത്രിയുടെ കുടുംബം പാതി പാകിസ്താനാണെന്നും അതുകൊണ്ടാണ് രാജ്യദ്രോഹപരാമർശങ്ങളുണ്ടാകുന്നതെന്നുമായിരുന്നു യത്നലിന്റെ പരാമർശം.
തീർത്തും തരംതാണതും അപകീർത്തികരവുമായ പരാമർശമാണ് ബി.ജെ.പി നേതാവ് നടത്തിയതെന്ന് തബുറാവു പ്രതികരിച്ചു. ഞാൻ ജന്മനാ മുസ്‌ലിം ആയിരിക്കാം. എന്നാൽ, എന്റെ ഇന്ത്യൻ സ്വത്വം ആർക്കും ചോദ്യംചെയ്യാനാകില്ലെന്നും അവർ പറഞ്ഞു.
The post ദിനേശ് ഗുണ്ടുറാവുവിനെതിരേ അപകീർത്തി പരാമർശം: ബി.ജെ.പി. നേതാവ് യത്നലിന്റെ പേരിൽ കേസ് appeared first on News Bengaluru.
Powered by WPeMatico