നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്
യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിക്കും. ശനിയാഴ്ച കൊച്ചിയില്‍ നിന്നാണ് ഇവര്‍ യെമനിലേക്ക് യാത്ര പുറപ്പെടുക. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്.
ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം.
ഇതിനായുള്ള ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. യെമനിലേക്ക് പോകാന്‍ ഇവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലേക്ക് പോകും.
ശനിയാഴ്ച കൊച്ചിയില്‍ നിന്ന് മുംബൈ വഴിയാണ് ഇരുവരും യാത്ര തിരിക്കുന്നത്. മുംബൈയില്‍ നിന്ന് യെമനിലെ എഡെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യമെത്തുക. അവിടെ നിന്ന് കരമാര്‍ഗം സനയിലേക്ക് പോകും. ഇരുവരും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ സന്ദര്‍ശിച്ചേക്കും.
The post നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക് appeared first on News Bengaluru.