പാനൂര്‍ ബോംബ് സ്‌ഫോടനം: ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കണ്ണൂര്‍ പാനൂരിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന ഊര്‍ജിതമാക്കി പോലീസ്. ബോംബ് നിർമാണത്തിനിടെ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടന്നിരിക്കുന്നത്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബോംബ് നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരാണ് ഒളിവിലുള്ളത്. ഷിജാലിനെ പിടികൂടിയാല്‍ ബോംബ് നിര്‍മിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയാനാകുമെന്ന് പോലീസ് കരുതുന്നു.
കേസില്‍ അറസ്റ്റിലായ സി പി എം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍ എന്നിവരുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇവരെ സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. സ്‌ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
നാദാപുരം, വളയം പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് പോലീസിന്‍റേയും സി.ആർ.പി.എഫിന്‍റേയും നേതൃത്വത്തില്‍ ഇന്നലെ പരിശോധന നടന്നത്. ചെക്യാട് പഞ്ചായത്തിലെ ചെറ്റക്കണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളില്‍ സി.ആർ.പി.എഫും പോലീസും റൂട്ട് മാര്‍ച്ചും നടത്തി.
പാനൂര്‍ കുന്നോത്ത് പറമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന്‍ (31) മരിക്കുകയും വിനീഷിന് ഗുരതരമായി പരുക്കേല്‍ക്കുകയുമായിരുന്നു.
The post പാനൂര്‍ ബോംബ് സ്‌ഫോടനം: ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം appeared first on News Bengaluru.
Powered by WPeMatico