പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് അപകടം; മരിച്ചവരുടെ എണ്ണം രണ്ടായി
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മരിച്ചവരുടെ എണ്ണം രണ്ടായി. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുവാരകുണ്ട് സ്വദേശിനി ദീമ മെഹ്ബ (19) ആണ് മരിച്ചത്. ദീമയുടെ മാതൃസഹോദരിയുടെ മകൾ ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാനയും (19) അപകടത്തിൽ മരിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ ഇബ്രാഹിം ബാദുഷ ചികിത്സയിൽ തുടരുകയാണ്.
കാരാക്കുര്‍ശ്ശി ഗ്രാമപഞ്ചായത്തിലെ അരപ്പാറ സ്വദേശികളാണ് മൂവരും. ചെറുപുഴ പാലത്തിന് സമീപമുള്ള പുതുതായി വാങ്ങിയ തോട്ടത്തിലെത്തിയതാണ് റിസ്വാനയും ബാദുഷയും മെഹ്ബയും. അവിടെനിന്ന് കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ട മൂന്നുപേരെയും നാട്ടുകാരും ട്രോമാകെയര്‍ വാളണ്ടിയര്‍മാരും ചേര്‍ന്നാണ് കരയ്‌ക്കെത്തിച്ചത്. ഉടന്‍തന്നെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിസ്വാന മരിക്കുകയായിരുന്നു.
The post പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് അപകടം; മരിച്ചവരുടെ എണ്ണം രണ്ടായി appeared first on News Bengaluru.
Powered by WPeMatico