പ്രധാനമന്ത്രിയുടെ പേരുപയോഗിച്ച് വോട്ട് പിടിത്തം വേണ്ട; ഈശ്വരപ്പക്കെതിരെ പരാതി
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പേരും ഉപയോഗിച്ചുളള കെ. എസ്. ഈശ്വരപ്പയുടെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കർണാടക ബിജെപി. ശിവമോഗയിൽ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മുൻ മന്ത്രിയും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ .എസ്. ഈശ്വരപ്പ വിമതനായി മത്സരിക്കാനിറങ്ങിയ സാഹചര്യത്തിലാണ് ബിജെപി നീക്കം.
മകൻ കെ.ഇ. കാന്തേഷിനു ഹാവേരി മണ്ഡലത്തിൽ ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നായിരുന്നു ഈശ്വരപ്പ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. പാർട്ടി കർണാടക അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രയ്ക്കും അച്ഛൻ ബി എസ് യെദിയൂരപ്പക്കുമെതിരെ കലാപക്കൊടി ഉയർത്തിയായിരുന്നു ഈശ്വരപ്പയുടെ പ്രഖ്യാപനം.
സംസ്ഥാന നേതൃത്വത്തോട് അമർഷം രേഖപ്പെടുത്തിയ ഈശ്വരപ്പ പക്ഷേ ദേശീയനേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തിയാണ് ശിവമോഗയിൽ പ്രചാരണം നടത്തുന്നത്. യെദിയൂരപ്പയുടെ കുടുംബവാഴ്ച അവസാനിപ്പിക്കാനാണ് ശിവമോഗയിൽ മകൻ ബി.വൈ. രാഘവേന്ദ്രക്കെതിരെയുള്ള സ്ഥാനാർത്ഥിത്വമെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു.
The post പ്രധാനമന്ത്രിയുടെ പേരുപയോഗിച്ച് വോട്ട് പിടിത്തം വേണ്ട; ഈശ്വരപ്പക്കെതിരെ പരാതി appeared first on News Bengaluru.
Powered by WPeMatico